സമർ മുഖർജി: ട്രേഡ്‌ യൂണിയനിസ്റ്റും പാർലമെന്റേറിയനും

ഗിരീഷ്‌ ചേനപ്പാടി

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം, പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവ്‌, സിഐടിയു ജനറൽ സെക്രട്ടറി, കൺട്രോൾ കമീഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച സമർ മുഖർജി ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവായിരുന്നു. ഉജ്വല സംഘാടകനും പ്രക്ഷോഭകാരിയും മരണംവരെ ലളിതമായ ജീവിതത്തിനുടമയുമായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റെന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നും മാതൃകാ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. സമർദാ എന്ന്‌ പൊതുവിൽ അറിയപ്പെട്ട അദ്ദേഹം സാധാരണക്കാരുടെ ഹൃദയവികാരങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ച സമർഥനായ നേതാവായിരുന്നു.

ബ്രിട്ടീഷ്‌ കന്പനിയിലെ ജീവനക്കാരനായിരുന്ന സചിന്ദ്രലാൽ മുഖർജിയുടെയും ഗൊലാബ്‌ സുന്ദരിദേവിയുടെയും മകനായി ഹൗറ ജില്ലയിലെ പുരാസ്‌ ഗ്രാമത്തിൽ 1912 നവംബർ 7നാണ്‌ സമർ മുഖർജി ജനിച്ചത്‌. സ്‌കൂൾ പഠനകാലത്തുതന്നെ സ്വാതന്ത്ര്യസമരത്തിൽ സമർ ആകൃഷ്‌ടനായി. വിദേശവസ്‌ത്ര ബഹിഷ്‌കരണത്തിലും മദ്യഷാപ്പ്‌ പിക്കറ്റിങ്ങിലും സജീവമായി പങ്കെടുത്തു. സഹപാഠികൾ ഉൾപ്പെടെയുള്ളവരെ സംഘടിപ്പിക്കുന്നതിലും പ്രക്ഷോഭങ്ങളിൽ അണിനിരത്തുന്നതിലും അസാധാരണമായ മികവാണ്‌ അദ്ദേഹം പുലർത്തിയത്‌. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾമുതലാരംഭിച്ച രാഷ്‌ട്രീയതാൽപര്യമാണ്‌ സമർദായുടെ എന്നത്തെയും ഊർജം.

1929ൽ സമർ മുഖർജിയുൾപ്പെടെയുള്ള വിദ്യാർഥിനേതാക്കൾ ‘ഛത്രസമിതി’ എന്ന പേരിൽ വിദ്യാർഥിസംഘടന രൂപീകരിച്ചു. നിയമലംഘനപ്രസ്ഥാനത്തെയും ഉപ്പുസത്യാഗ്രഹത്തെയും പിന്തുണച്ച്‌ സ്‌കൂളിൽ സമരം നടത്തിതിന്റെ പേരിൽ സ്‌കൂളിൽനിന്ന്‌ സമറിനെ പുറത്താക്കി. എന്നാൽ അതിന്റെ പേരിൽ അടങ്ങിയിരിക്കാൻ സമർ തയ്യാറല്ലായിരുന്നു. തുടർന്നും അദ്ദേഹം പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. അതേത്തുടർന്ന്‌ അദ്ദേഹത്തെ ആറുദിവസം ജയിലിലടച്ചു.

കോൺഗ്രസിൽ സജീവമായ അദ്ദേഹം നിരവധി കോൺഗ്രസ്‌ നേതാക്കളുമായി പരിചയപ്പെട്ടു. അങ്ങനെ പരിചയപ്പെട്ട കോൺഗ്രസ്‌ നേതാക്കളിലൊരാളായിരുന്നു ബിപിൻ ബിഹാരി ഗാംഗുലി. അദ്ദേഹം സമറിന്റെ അഭ്യുദയകാംക്ഷിയും വഴികാട്ടിയുമായിരുന്നുു. മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പൂർത്തീകരിക്കാൻ അദ്ദേഹം ഉപദേശിച്ചു. സ്‌കൂൾ പ്രനേശം ലഭിക്കാൻ ഗാംഗുലി സഹായിക്കുകയും ചെയ്‌തു. പഠനത്തിൽ സമർഥനായിരുന്ന സമർ മെട്രിക്കുലേഷൻ നല്ല മാർക്കോടുകൂടി പാസായി. തുടർന്ന്‌ ബിഎയും പാസായി.

ഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം സമർ നിയമബിരുദമെടുക്കാൻ തീരുമാനിച്ചു. ലോ കോളേജിൽ അനായാസം പ്രവേശനവും ലഭിച്ചു. അപ്പോഴേക്കും കോൺഗ്രസിന്റെ ടൗൺ കമ്മിറ്റി സെക്രട്ടറിയും നാട്ടിലെ അറിയപ്പെടുന്നെ പൊതുപ്രവർത്തകനുമായി അദ്ദേഹം മാറിയിരുന്നു. അതുകൊണ്ടുതന്നെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ തിരക്ക്‌ വർധിച്ചുവന്നു. നിയമപഠനം പൂർത്തിയാക്കാൻ അദ്ദേഹത്തിന്‌ സാധിച്ചില്ല.

ബിനയ്‌ റോയിയുമായുള്ള അടുപ്പം സമറിനെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തോട്‌ അടുപ്പിച്ചു. അടിച്ചമർത്തപ്പെടുകയും ദുരിതം സഹിക്കുകയും ചെയ്യുന്നവരാണ്‌ തൊഴിലാളികൾ എന്ന തിരിച്ചറിവ്‌ തൊഴിലാളിവർഗത്തിനുവേണ്ടി പ്രവർത്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1936ൽ ഹൗറയിലെ ചണമിൽ തൊഴിലാളികളെ സംഘടിപ്പിക്കുവാൻ അദ്ദേഹം മുന്നിട്ടിറങ്ങി.

1938ൽ സ്റ്റുഡന്റ്‌സ്‌ ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലയളവിൽ നിരവധി വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക്‌ അദ്ദേഹം നേതൃത്വം നൽകി.

1940ൽ സമർ മുഖർജി കമ്യൂണിസ്റ്റ്‌ പാർട്ടി അംഗമായി. ചണമിൽ തൊഴിലാളികളുടെ പണിമുടക്ക്‌ നയിച്ചതിന്‌ സമർ അറസ്റ്റ്‌ ചെയ്യപ്പെട്ടു. പതിനാല്‌ മാസത്തെ ജയിൽശിക്ഷയാണ്‌ കോടതി അദ്ദേഹത്തിന്‌ നൽകിയത്‌. കുറച്ചുകാലം ഹൗറ സബ്‌ ജയിലിലും തുടർന്ന്‌ ഡംഡം സെൻട്രൽ ജയിലിലുമാണ്‌ അദ്ദേഹത്തെ പാർപ്പിച്ചത്‌. ഡംഡം സെൻട്രൽ ജയിലിൽ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പിന്റെ കൺവീനറായി അദ്ദേഹമാണ്‌ പ്രവർത്തിച്ചത്‌. മാർക്‌സിസം‐ലെനിനിസത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ അദ്ദേഹം പരിചയപ്പെട്ടത്‌ ഈ സമയത്താണ്‌. ജയിൽ അങ്ങനെ സമറിനും പാഠശാലയായി മാറുകയായിരുന്നു.

രണ്ടാംലോകയുദ്ധത്തെ തുടർന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയെ ബ്രിട്ടീഷ്‌ സർക്കാർ നിരോധിച്ച സമയമായിരുന്നു അത്‌. കമ്യൂണിസ്റ്റുകാരെ തിരഞ്ഞുപിടിച്ച്‌ വേട്ടയാടുന്ന രീതിയായിരുന്നു പൊലീസിന്റേത്‌. അതിനാൽ പാർട്ടി നേതാക്കളും പ്രവർത്തകരും ഒളിവിലാണ്‌ പ്രവർത്തിച്ചത്‌. ജയിൽമോചിതനായ സമറിന്‌ അറസ്റ്റ്‌ വാറണ്ട്‌ വന്നു. അതേത്തുടർന്ന്‌ അദ്ദേഹം ഒളിവിൽപോയി. ഒളിവിലിരുന്നും ട്രേഡ്‌ യൂണിയനുകളും പാർട്ടിയും സംഘടിപ്പിക്കുന്നതിനാണ്‌ അദ്ദേഹം കഠിനമായി അധ്വാനിച്ചത്‌.

1942ൽ കമ്യൂണിസ്റ്റ്‌ പാർട്ടിക്കുമേലുള്ള നിരോധനം പിൻവലിക്കപ്പെട്ടു. അതോടെ പരസ്യമായ പാർട്ടി പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. 1943ൽ പാർട്ടിയുടെ ഹൗറ ജില്ലാ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ബംഗാൾ ക്ഷാമകാലത്ത്‌ ജനങ്ങൾ പട്ടിണികൊണ്ടും രോഗങ്ങൾകൊണ്ടും വലഞ്ഞു. പാർട്ടിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമായി നടത്തി. കർഷകരിൽനിന്ന്‌ ഭക്ഷ്യധാന്യങ്ങൾ പാർട്ടി പ്രവർത്തകർ സമാഹരിച്ചു. അവ പട്ടിണിയിൽ കഴിയുന്നവർക്ക്‌ വിതരണംചെയ്യാൻ സമർ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാർ മുന്നിട്ടു പ്രവർത്തിച്ചു.

1946ൽ തന്നെ ഇന്ത്യ വിഭജനം ഉറപ്പായിരുന്നു. അതേത്തുടർന്ന്‌ വർഗീയലഹളകൾ വ്യാപകമായി. വർഗീയലഹളയ്‌ക്കെതിരെ ശക്തമായ നിലപാടാണ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി സ്വീകരിച്ചത്‌. ഇരകളാക്കപ്പെടുന്നവർക്ക്‌ പരമാവധി ആശ്വാസം നൽകുന്നതിനായി സമർ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും മുന്നിട്ടു പ്രവർത്തിച്ചു. അതുമൂലം ഇരുവിഭാഗം വർഗീയവാദികളിൽനിന്നും സമറിന്‌ ആക്രമണങ്ങൾ നേരിടേണ്ടിവന്നു.

ഇന്ത്യ വിഭജനത്തെത്തുടർന്ന്‌ കിഴക്കൻ ബംഗാളിൽനിന്ന്‌ കൽക്കത്തയിലേക്കും പിസരപ്രദേശങ്ങളിലേക്കും ജനങ്ങൾ ഒഴുകിയെത്തി. അവർക്ക്‌ സഹായം നൽകാൻ സർക്കാർ സന്നദ്ധമായില്ല. അഭയാർഥികളെ ആട്ടിയോടിക്കാനാണ്‌ സർക്കാർ സംവിധാനങ്ങൾ തയ്യാറായത്‌. അഭയാർഥികളായി എത്തിയവരെ പരമാവധി സഹായിക്കാനാണ്‌ കമ്യൂണിസ്റ്റുകാർ രംഗത്തിറങ്ങിയത്‌. അഭയാർഥികൾക്ക്‌ വാസസഥലവും ജീവിതമാർഗവുമൊരുക്കാൻ പാർട്ടി മുൻകൈയെടുത്തു. അതിന്റെ മുൻനിരയിൽ സമർ മുഖർജിയുണ്ടായിരുന്നു.

1948ൽ കൽക്കത്തയിൽ ചേർന്ന കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ രണ്ടാം കോൺഗ്രസിൽ സമർ മുഖർജി പ്രതിനിധിയായിരുന്നു. കൽക്കത്ത തീസിസിന്റെ പേരിൽ കോൺഗ്രസ്‌ സർക്കാർ കമ്യൂണിസ്റ്റ്‌ പാർട്ടിയെ നിരോധിച്ചു. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും തിരഞ്ഞുപിടിച്ച്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സമർ മുഖർജിയും അറസ്റ്റ്‌ ചെയ്യപ്പെട്ടു. മൂന്നുമാസം തടവിൽ പാർപ്പിച്ചതിനുശേഷം അദ്ദേഹത്തെ വിട്ടയച്ചു. തുടർന്ന്‌ ഒളിവിലാണ്‌ അദ്ദേഹം പാർട്ടി പ്രവർത്തനം നടത്തിയത്‌.

1957ൽ അദ്ദേഹം കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷം തന്നെ സംസ്ഥാന നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

1962ൽ ‘ചൈനാ ചാരത്ത്വം’ ആരോപിച്ച്‌ സർക്കാർ കമ്യൂണിസ്റ്റുകാരെ വേട്ടയാടാൻ തുടങ്ങി. ഈ പശ്ചാത്തലത്തിൽ അദ്ദേഹം ഒളിവിലുള്ള പ്രവർത്തനം ആരംഭിച്ചു. പാർട്ടിയുടെ ഏഴാം കോൺഗ്രസ്‌ 1964ൽ കൽക്കത്തയിലാണല്ലോ ചേർന്നത്‌. അതിനു മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനത്തിൽ സമർ സംസ്ഥാന സെക്രട്ടറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി കോൺഗ്രസിന്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്യുന്ന വേളയിൽ പൊലീസ്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. സിപിഐ എം രൂപീകരിക്കപ്പെട്ട സമ്മേളനമായിരുന്നല്ലോ അത്‌.

എട്ടാം പാർട്ടി കോൺഗ്രസ്‌ 1968 ഡിസംബർ 23 മുതൽ 29 വരെ കൊച്ചിയിലാണ്‌ നടന്നത്‌. ആ സമ്മേളനത്തിലാണ്‌ സമർ മുഖർജി കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്‌. 1978ൽ പൊളിറ്റ്‌ ബ്യൂറോ അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1971ൽ ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട സമർ മുഖർജിയായിരുന്നു സഭയിലെ സിപിഐ എമ്മിന്റെ ഡെപ്യൂട്ടി ലീഡർ. അന്ന്‌ എ കെ ജിയായിരുന്നു പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവ്‌. പാർലമെന്ററി പ്രവർത്തനരംഗത്തെ തന്റെ വഴികാട്ടിയായിരുന്നു എ കെ ജിയെന്ന്‌ സമർ വ്യക്തമാക്കിയിട്ടുണ്ട്‌. എ കെ ജിയുടെ മരണത്തിനുശേഷം പാർലമെന്ററി പാർട്ടി നേതാവായി പ്രവർത്തച്ചത്‌ സമർ മുഖർജിയായിരുന്നു. 1984 വരെ അദ്ദേഹം ലോക്‌സഭാംഗമായിരുന്നു.

1986 മുതൽ 1998 വരെ രാജ്യസഭാംഗമായി അദ്ദേഹം പ്രവർത്തിച്ചു. സിപിഐ എമ്മിന്റെ രാജ്യസഭയിലെ നേതാവ്‌ അദ്ദേഹമായിരുന്നു.

ട്രേഡ്‌ യൂണിയൻ രംഗത്ത്‌ പതിറ്റാണ്ടുകൾ പ്രവർത്തിച്ച അദ്ദേഹം സിഐടിയു രൂപീകരിക്കപ്പെട്ട കാലം മുതൽ അതിന്റെ പ്രമുഖ നേതാക്കളിലൊരാളായിരുന്നു. ആദ്യം സംസ്ഥാന ട്രഷററും 1983‐91 കാലയളവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു.

1992 മുതൽ 2002 വരെ അദ്ദേഹം സിപിഐ എം കേന്ദ്ര കൺട്രോൾ കമീഷൻ അംഗമായിരുന്നു. സൗമ്യമായ ഭാഷയും സമഭാവനയോടെയുള്ള പെരുമാറ്റവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. അടിച്ചമർത്തപ്പെടുന്നവരോടും ചൂഷണം ചെയ്യപ്പെടുന്നവരോടുമുള്ള കരുതലായിരുന്നു അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പ്രതിബദ്ധതയുടെ അടിസ്ഥാനം.

എട്ട്‌ പതിറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം ലാളിത്യവിശുദ്ധിയുടെയും എളിമയുടെയും ഉദാത്ത മാതൃകയായിരുന്നു. നിയമസഭാംഗം, ലോക്‌സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ മൂന്നു പതിറ്റാണ്ടുകാലം പാർലമെന്ററി രംഗത്ത്‌ അദ്ദേഹം പ്രവർത്തിച്ചു. ആ കാലയളവിലും പാർട്ടി കമ്യൂണിലാണ്‌ അദ്ദേഹം താമസിച്ചത്‌. കൊൽക്കത്തയിലെ ദിൽക്കുഷ റോഡിലെ പഴയ ഒരു കെട്ടിടത്തിലായിരുന്നു പാർട്ടി കമ്യൂൺ പ്രവർത്തിച്ചത്‌. സൗകര്യങ്ങൾ വളരെ കുറവായിരുന്നു ഇവിടെയെങ്കിലും ജീവിതാവസാനംവരെ അദ്ദേഹം ഇവിടെയാണ്‌ താമസിച്ചത്‌. ജനപ്രതിനിധി എന്ന നിലയ്‌ക്ക്‌ തമിക്കു ലഭിച്ച ശന്പളവും മറ്റാനുകൂല്യങ്ങളും പാർട്ടിക്ക്‌ നൽകിയിട്ട്‌, പാർട്ടി നൽകിയ അലവൻസുകൊണ്ടാണ്‌ അദ്ദേഹം ജീവിച്ചത്‌.

പാർട്ടി നേതാവ്‌, ട്രേഡ്‌ യൂണിയൻ നേതാവ്‌, ജനപ്രതിനിധി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കമ്യൂണിസ്റ്റുകാർക്ക്‌ മാത്രമല്ല പൊതുപ്രവർത്തകർക്കാകെ മാതൃകയായിരുന്നു.

2013 ജൂലൈ 18ന്‌ സമർ മുഖർജി അന്ത്യശ്വാസം വലിച്ചു.

മരണശേഷം സമർ ദായുടെ ആഗ്രഹപ്രകാരം മൃതദേഹം ഗവൺമെന്റ്‌ മെഡിക്കൽ കോളേജിന്‌ വിട്ടുനൽകുകയായിരുന്നു. l

Hot this week

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

Topics

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ...

കെ രമണി: തമിഴ്‌നാട്ടിലെ സമരനായകൻ

തമിഴ്‌നാട്ടിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെയും ട്രേഡ്‌ യൂണിയനുകളുടെയും അനിഷേധ്യ നേതാവായിരുന്നു കെ രമണി....

സിൽവിയ പ്ലാത്ത്‌‐ ഒരു ചുവന്നവാൽനക്ഷത്രം

  മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ  ചെയ്‌ത സിൽവിയ പ്ലാത്ത്‌ തന്റെ ‘ലേഡീലസാറസ്‌’...

കാവിസംസ്കാരത്തിനെതിരായ ചങ്ങമ്പുഴ കവിതകളെക്കുറിച്ച്‌

വിപ്ലവപാതയിലെ ആദ്യപഥികർ‐ 77 വിപ്ലവത്തിന്റെ പാട്ടുകാരൻ‐ 2 പുരോഗമന സാഹിത്യസംഘടനയുടെ കോട്ടയത്തുനടന്ന സമ്മേളനത്തിൽ (1945‐ൽ...

അയാന്‍ ഹിര്‍സി അലി; ധൈര്യത്തിന്റെ മറുവാക്ക്

അഭിപ്രായ സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും കേള്‍വികേട്ട ഡച്ച് ജനതയുടെ മന:സാക്ഷിക്കുമേല്‍ പതിച്ച വലിയൊരു...

ഇന്ത്യയിൽ 65 ൽ ഒരു കുട്ടിക്ക് ഓട്ടിസം

എന്താണ് ഓട്ടിസം? യാഥാർത്ഥ്യലോകത്തുനിന്ന് പിൻവാങ്ങി ആന്തരികമായ സ്വപ്‌നലോകത്ത് വിഹരിക്കുന്ന അവസ്ഥയെന്നാണ് ഓട്ടിസം...

ഫാസിസവും നവഫാസിസവും 3

  ഫാസിസത്തെ കുറിച്ച് പഠിക്കാനാരംഭിക്കുമ്പോൾ നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഒരു സങ്കല്പനമാണ് മധ്യവർഗം അല്ലെങ്കിൽ...
spot_img

Related Articles

Popular Categories

spot_imgspot_img