ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 18

ജി വിജയകുമാർ

‘‘1905ലെ സെപ്‌തംബർ‐ഒക്ടോബർ കാലത്തെ രണ്ട്‌ പ്രവണതകൾക്കിടയിൽ പ്രയോഗവുമായി ബന്ധപ്പെട്ടുയർന്നുവന്ന പ്രധാനപ്പെട്ട അഭിപ്രായഭിന്നതകൾ ഇങ്ങനെയായിരുന്നു; ബുളിജിൻ ഡൂമ (Bullygin Duma) ബഹിഷ്‌കരിക്കണമെന്ന നിലപാട്‌ ബോൾഷെവിക്കുകൾ സ്വീകരിച്ചപ്പോൾ അതിൽ പങ്കെടുക്കണമെന്ന നിലപാടിലായിരുന്നു മെൻഷെവിക്കുകൾ. 1906 വസന്തത്തിൽ (മാർച്ച്‌‐ഏപ്രിൽ കാലത്ത്‌) ഇതേ കാര്യം തന്നെയാണ്‌ വിറ്റേ (Witte) ഡൂമയുമായി ബന്ധപ്പെട്ടും സംഭവിച്ചത്‌. ഒന്നാമത്തെ ഡൂമ: ഡൂമ മന്ത്രിസഭ (കേഡറ്റുകളുടെ മന്ത്രിസഭ) എന്ന മുദ്രാവാക്യത്തിനൊപ്പമായിരുന്നു മെൻഷെവിക്കുകൾ; ശരിക്കും ജനകീയസമരങ്ങൾ സംഘടിപ്പിക്കുന്നതിനും മറ്റുമുള്ള ഇടതുപക്ഷ (സോഷ്യൽ ഡെമോക്രാറ്റിക്കുകളും ട്രൂഡൊവിക്കുകയും ഉൾപ്പെടുന്ന) എക്‌സിക്യുട്ടീവ്‌ കമ്മിറ്റി എന്ന മുദ്രാവാക്യത്തിനായിട്ടായിരുന്നു ബോൾഷെവിക്കുകൾ നിലയുറപ്പിച്ചത്‌. സ്‌റ്റോക്‌ഹോം കോൺഗ്രസിൽ (1906) മെൻഷെവിക്കുകൾ മേൽക്കൈ നേടി; ലണ്ടൻ കോൺഗ്രസിൽ (1907) ബോൾഷെവിക്കുകളും. 1908‐09ൽ വെപെര്യോദ്‌ ഗ്രൂപ്പ്‌ (തത്വശാസ്‌ത്ര കാര്യങ്ങളിൽ മാകിസവും (Machism) രാഷ്‌ട്രീയവിഷയത്തിൽ ഒട്‌സോവിസം‐ Otzovism‐ അഥവാ മൂന്നാം ഡൂമ ബഹിഷ്‌കരണവാദവും‐ ബോഗ്‌ദനോവ്‌, അലക്‌സിൻസ്‌കി, ലൂണാചാർസ്‌കി തുടങ്ങിയവർ) ബോൾഷെവിക്കുകളുമായി തെറ്റിപ്പിരിഞ്ഞു. 1909‐1911ൽ അവർക്കെതിരായും ലിക്യുഡേറ്റർമാർക്കും (നിയമവിരുദ്ധ പാർട്ടിയുടെ ആവശ്യകതയെ നിഷേധിച്ച മെൻഷെവിക്കുകൾ) ലിക്വിഡേഷനിസത്തിനെതിരെ ഉറച്ചുനിന്ന്‌ യുദ്ധപ്രഖ്യാപനം നടത്തിയ പോരാട്ടത്തിൽ ബോൾഷെവിസം പാർട്ടി അനുകൂല മെൻഷെവിക്കുകളുമായി (പ്ലെഖാനോവും കൂട്ടരും) കൂടുതൽ അടുത്തുവന്നു’’ ‐ലെനിൻ: On Bolshevism (1913)
Collected Works, Vol 18 Page 486

1905ലെ വിപ്ലവത്തിന്‌ തിരിച്ചടിയേറ്റതിനെത്തുടർന്ന്‌ ബുദ്ധിജീവികളിൽ പലരും പ്രതിവിപ്ലവവാഴ്‌ചയുടെ വാഴ്‌ത്തുപാട്ടുകാരായി മാറി. മുൻ ഇടതുപക്ഷ ബുദ്ധിജീവികൾ, ‘‘നിയമവിധേയ’’ മാർക്‌സിസ്റ്റുകൾ എന്നിങ്ങനെ ഒരുവിഭാഗം വേഖിസ്റ്റുകൾ (Vekshists) എന്ന പേരിൽ ഈ കാലത്ത്‌ നിലവിൽവന്നതുതന്നെ ഈ പ്രവണതയുടെ പ്രതിഫലനമാണ്‌. അഭ്യസ്‌തവിദ്യരായ ആളുകൾ വിപ്ലവമെന്ന മുങ്ങുന്ന കപ്പലിൽനിന്ന്‌ കൂട്ടത്തോടെ ഒഴിഞ്ഞുപോകാൻ തുടങ്ങിയെന്നാണ്‌ ഈ പ്രവണതയെക്കുറിച്ച്‌ തമാസ്‌ ക്രൗസ്‌ Reconstructing Lenin എന്ന കൃതിയിൽ വിശേഷിപ്പിക്കുന്നത്‌. അവരിൽ ഏറെപ്പേരും രാഷ്‌ട്രീയം തന്നെ ഉപേക്ഷിച്ച്‌ പുതിയ പല മേച്ചിൽപ്പുറങ്ങളും തേടുകയും ചെയ്‌തു. പ്രതിവിപ്ലവം മുന്നോട്ടുവെച്ച അവസരങ്ങൾ ഉപയോഗിക്കാൻ പറ്റിയ പുത്തൻ ദർശനങ്ങളാണ്‌ അവർ അവതരിപ്പിച്ചത്‌. മാക്കിസം (Machism), അനുഭവൈക വിമർശനം (empirio ‐ Criticism) തുടങ്ങിയ ചിന്താധാരകൾ ഇതിന്റെ പ്രതിഫലനങ്ങളാണ്‌. മാർക്‌സിസത്തെയും ആശയവാദത്തെയും കൂട്ടിക്കുഴച്ചുള്ള സിദ്ധാന്തങ്ങൾ അവതരിപ്പിക്കൽ, ദൈവത്തിൽ അഭയംതേടൽ, പുതിയ ദൈവങ്ങളെ സൃഷ്ടിക്കൽ എന്നിവയെല്ലാം ഈ കാലഘട്ടത്തിന്റെ സവിശേഷതയായി തമാസ്‌ ക്രൗസ്‌ ചൂണ്ടിക്കാട്ടുന്നു.

സോഷ്യൽ ഡെമോക്രാറ്റുകൾക്കിടയിൽ തന്നെ, ബോൾഷെിക്കുകാരിൽ പോലും പുതിയകാലത്തെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്നതു സംബന്ധിച്ച്‌ വലിയ ചേരിതിരിവുകളുണ്ടായി. ഒളിവിലുള്ള പാർട്ടിപ്രവർത്തനം പാടെ ഉപേക്ഷിക്കണമെന്നും ‘രാഷ്‌ട്രീയേതരമായ’ സാംസ്‌കാരികപ്രവർത്തനത്തിൽ ഏർപ്പെട്ടാൽ മതിയെന്നും കരുതുന്ന ലിക്വിഡേറ്റർമാർ (ഒളിവിൽ പ്രവർത്തിക്കുന്ന പാർട്ടിയെ പിരിച്ചുവിടണമെന്ന്‌ വാദിക്കുന്നതിനാലാണ്‌ ഇവർ ലിക്വിഡേറ്റർമാർ എന്നറിയപ്പെടുന്നത്‌) ഏറ്റവും തീവ്രമായ വലതുപക്ഷ ചിന്താഗതിക്കാരാണ്‌. മറ്റൊരു വലതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകൾ മാത്തോവിന്റെയും കൂട്ടരുടെയും ഗ്രൂപ്പാണ്‌. ഇതും അവസരവാദപരമായ ഒരു പ്രവണതയാണ്‌; ഇവർ നിയമവിധേയവും നിയമവിരുദ്ധവുമായ പ്രവർത്തനത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും അവർ ശ്രദ്ധചെലുത്തുന്നത്‌ പ്രധാനമായും നിയമവിധേയ പ്രവർത്തനത്തിലാണ്‌. ഇനിയൊരു കൂട്ടർ മധ്യവർത്തികളായ പ്ലെഖാനോവിസ്റ്റുകളാണ്‌. ബോൾഷെവിക്കുകളുമായി ഒന്നിച്ചു പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്ന ഇവർ നിയമവിധേയവും നിയമവിരുദ്ധവുമായ പ്രവർത്തനത്തെ അംഗീകരിക്കുന്നെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിലാണ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. നാലാമതൊരു കൂട്ടർ മെൻഷെവിക്ക്‌ അനുരഞ്ജനവാദികളാണ്‌, ട്രോട്‌സ്‌കിയും കൂട്ടരുമാണ്‌ ഈ വിഭാഗം. ബൊൾഷെവിക്കുകൾക്കിടയിലും ചേരിതിരിവുണ്ടായി ഈ ഘട്ടത്തിൽ. അതിൽ ഒരു വിഭാഗം ബോൾഷെവിക്‌ അനുരഞ്ജനവാദികൾ എന്നറിയപ്പെടുന്നു. ഒളിവുപ്രവർത്തനം ആവശ്യമാണെന്നു കരുതുന്ന എല്ലാ സോഷ്യൽ ഡെമോക്രാറ്റിക്‌ വിഭാഗങ്ങളുടെയും ഐക്യം വേണമെന്ന്‌ അഭിപ്രായപ്പെടുന്നവരാണ്‌ ഇക്കൂട്ടർ. വെപ്പെര്യോദിസ്റ്റുകൾ എന്നറിയപ്പെടുന്ന വെപ്പര്യോദ്‌ എന്ന ബോൾഷെവിക്‌ പത്രത്തിന്റെ പ്രവർത്തകരെ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ബോഗ്‌ദനോവും കൂട്ടരുമാണ്‌ വേറൊരു കൂട്ടർ. ഒളിവിലുള്ള പ്രവർത്തനം മതിയെന്നും ഡൂമയിലേക്കുള്ള മത്സരത്തിൽ പങ്കെടുക്കേണ്ടെന്നും വാദിച്ചവരായിരുന്നു ഇവർ. ഇനിയുള്ളത്‌ ലെനിനും അനുയായികളുമുൾപ്പെടുന്ന വിഭാഗമാണ്‌.

1905‐07 കാലത്തെ ഒന്നാം റഷ്യൻ വിപ്ലവം അടിച്ചമർത്തപ്പെട്ടതിനെ തുടർന്നുള്ള പ്രതിവിപ്ലവ വാഴ്‌ചക്കാലത്ത്‌ സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനത്തിൽ ഇരുവംകൊണ്ട ചേരിതിരിവുകളെ സംബന്ധിച്ച്‌ പ്രസ്ഥാനത്തിൽ നുഴഞ്ഞുകയറിയ ഒരു പൊലീസ്‌ ചാരൻ 1911ൽ തയ്യാറാക്കിയ ഒരു കുറിപ്പിനെ ആധാരമാക്കിയാണ് ലെനിന്റെ ജീവചരിത്രകാരരിൽ ഒരാളായ ലാർസ്‌ ടി ലി ഇങ്ങനെ പട്ടികപ്പെടുത്തിയത്‌. ഈ കാലഘട്ടത്തിൽ ലെനിൻ നടത്തിയ ആശയസമരത്തിലുടനീളം ഈ വിവിധ ചേരികൾക്കെതിരായ ലെനിനിസ്റ്റ്‌ നിലപാടുകൾ പ്രതിഫലിക്കുന്നണ്ട്‌.

ലെനിന്റെ നിലപാടുകൾ കൃത്യമായി പിൻപറ്റി സാറിസ്റ്റ്‌ പൊലീസിന്‌ റിപ്പോർട്ട്‌ ചെയ്‌തുകൊണ്ടിരുന്ന പൊലീസ്‌ ചാരനെക്കുറിച്ചു കൂടി ഇവിടെ പരാമർശിക്കേണ്ടത്‌ അനിവാര്യമാണ്‌. 1905നുശേഷം ട്രേഡ്‌ യൂണിയൻ പ്രവർത്തനത്തിലൂടെ ഉയർന്നുവന്ന ഒരു നേതാവാണ്‌ റൊമാൻ മലിനോവ്‌സ്‌കി. വളരെ ചെറിയ കുട്ടിയായിരിക്കവെതന്നെ അച്ഛനമ്മമാർ നഷ്ടപ്പെട്ട മലിനോവ്‌സ്‌കി ചെറുപ്പത്തിൽ മോഷണക്കേസിൽ പ്രതിയായി മൂന്നുവർഷം ജയിൽവാസം അനുഭവിച്ചിരുന്നു. ജയിൽമോചിതനായ ശേഷം ആൾമാറാട്ടത്തിലൂടെ റഷ്യൻ പട്ടാളത്തിൽ ചേർന്നു. പട്ടാളത്തിലായിരിക്കെ രഹസ്യപൊലീസിനുവേണ്ടി മറ്റു പട്ടാളക്കാരെയും സൈനിക ഉദ്യോഗസ്ഥരെയും നിരീക്ഷിച്ച്‌ റിപ്പോർട്ട്‌ നൽകിയിരുന്നു. റഷ്യയും ജപ്പാനും തമ്മിലുള്ള യുദ്ധം അവസാനിച്ചതോടെ സൈന്യത്തിൽനിന്നു പിരിഞ്ഞ മലിനോവ്‌സ്‌കി സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിലെ ഒരു ലെയ്‌ത്തിൽ ടർണറായി ജോലിയിൽ പ്രവേശിക്കവെയാണ്‌ ട്രേഡ്‌ യൂണിയൻ പ്രവർത്തനത്തിൽ ഏർപ്പെടുന്നത്‌. തുടക്കത്തിൽ മെൻഷെവിക്‌ ചായ്‌വുണ്ടായിരുന്ന മലിനോവ്‌സ്‌കി ബോൾഷെവിക്‌ പക്ഷത്തേക്ക്‌ ചേർന്നു. പട്ടാളത്തിലായിരിക്കെ ഉണ്ടായിരുന്ന റഷ്യൻ രഹസ്യപൊലീസ്‌ (ഒഖ്‌റാന) ബന്ധം ഈ ഘട്ടത്തിൽ കൂടുതൽ ശക്തമായി. ട്രേഡ്‌ യൂണിയൻ പ്രവർത്തകനെന്ന നിലയിൽ പലവട്ടം അറസ്റ്റിലായെങ്കിലും ഒഖ്‌റാനയിലെ ഉദ്യോഗസ്ഥർ അയാൾ ശിക്ഷിക്കപ്പെടാതെ പുറത്തിറങ്ങാൻ അപ്പോഴപ്പോൾ ഇടപെട്ടുകൊണ്ടിരുന്നു. സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയിലെ വിവിധ വിഭാഗങ്ങൾ യോജിക്കാതിരിക്കുകയെന്ന ദൗത്യമാണ്‌ അയാൾക്ക്‌ നിറവേറ്റേണ്ടിയിരുന്നത്‌. അതുകൊണ്ടാണ്‌ അയാൾ 1912ൽ ബോൾഷെവിക്‌ വിഭാഗത്തിനൊപ്പം ചേർന്നത്‌. 1912 ജനുവരിയിൽ പ്രാഗിലെത്തി ലെനിനെ സന്ദർശിക്കുകയും ലെനിന്‌ അയാളിൽ മതിപ്പും വിശ്വാസവും ഉണ്ടാകുന്ന സ്ഥിതിയിലെത്തുകയും ചെയ്‌തു. രഹസ്യപൊലീസ്‌ സംവിധാനത്തിൽ അയാളുടെ പ്രാധാന്യം അറിയാൻ അയാൾക്ക്‌ ശന്പളമായി ലഭിച്ചത്‌ പ്രതിവർഷം 8000 റൂബിളായിരുന്നുവെന്ന കാര്യംമാത്രം ശ്രദ്ധിച്ചാൽ മതി. അന്നത്തെ പൊലീസ്‌ മേധാവിക്ക്‌ ലഭിച്ചിരുന്നതിനേക്കാൾ 1000 റൂബിൾ അധികം. ഇയാൾ പോർട്ട്‌മോയ്‌ (തുന്നൽക്കാരൻ) എന്നാണ്‌ ഒഖ്‌റാന വൃത്തങ്ങളിൽ അറിയപ്പെട്ടത്‌. സെർജി ഓർജോനി കിഡ്‌സെ, ജോസഫ്‌ സ്റ്റാലിൻ, യാക്കോവ്‌ സ്വെർഡിലോവ്‌ തുടങ്ങിയ ബോൾഷെവിക്‌ നേതാക്കൾ ജയിലിലടക്കപ്പെട്ടതിനു പിന്നിൽ മലിനോവ്‌സ്‌കിയെന്ന ഒറ്റുകാരനായിരുന്നു. ഇതിനിടയിൽ ഇയാൾ ബോൾഷെവിക്‌ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

മെൻഷെവിക്‌ പാർട്ടി നേതാവ്‌ ജൂലിയസ്‌ മാർത്തോവ്‌ 1913 ജനുവരിയിൽ ഇയാളെ പൊലീസ്‌ ചാരനാണെന്ന്‌ വിശേഷിപ്പിച്ചു. എന്നാൽ ലെനിൻ അത്‌ ചെവിക്കൊണ്ടില്ല. മാത്രമല്ല, മാർത്തോവിന്റെ സഹോദരിയെയും മറ്റും മലിനോവ്‌സ്‌കിയെ ചാരനെന്ന്‌ വിശേഷിപ്പിച്ചതിന്റെ പേരിൽ സ്റ്റാലിൻ ശകാരിക്കുകയുമുണ്ടായി. എന്നാൽ ബോൾഷെവിക്‌ പാർട്ടിയുടെ ഫണ്ട്‌ സമാഹരണ പരിപാടിയിൽ പങ്കെടുക്കവെ സ്റ്റാലിൻ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌ മലിനോവ്‌സ്‌കിയിൽ സംശയം ജനിക്കാൻ ഇടയാക്കി; കാരണം ആ പരിപാടിയിലേക്ക്‌ ഇയാൾ സ്റ്റാലിനെ നിർബന്ധിച്ച്‌ അയയ്‌ക്കുകയാണുണ്ടായത്‌; മാത്രമല്ല, മലിനോവ്‌സ്‌കിയുമായി സംസാരിച്ചു നിൽക്കവെയാണ്‌ സ്റ്റാലിൻ അറസ്റ്റുചെയ്യപ്പെട്ടത്‌. 1913 ജൂലൈയിൽ ജയിലിൽനിന്ന്‌ രക്ഷപ്പെടാൻ സ്വെർദ്‌ലോവും സ്റ്റാലിനും കൂടി തയ്യാറാക്കിയ ഒരു പരിപാടിയെക്കുറിച്ച്‌ പൊലീസിന്‌ മുന്നറിയിപ്പ്‌ നൽകി ഇയാൾ അത്‌ അട്ടിമറിക്കുകയും ചെയ്‌തു. സൈബീരിയയിലേക്കോ വിദേശത്തേക്കോ നാടുകടത്തപ്പെടാത്ത അന്നത്തെ ഒരേയൊരു ബോൾഷെവിക്‌ നേതാവ്‌ ഇയാൾ മാത്രമായിരുന്നു. ഇതെല്ലാം സ്റ്റാലിൻ ഉൾപ്പെടെയുള്ള ബോൾഷെവിക്‌ നേതാക്കളിലും ഇയാളെപ്പറ്റി സംശയം ജനിക്കാൻ ഇടയാക്കി. 1914 മെയ്‌ മാസത്തിൽ ഒന്നാംലോക യുദ്ധം ആരംഭിച്ച സമയത്ത്‌ റഷ്യൻ ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരം ഇയാൾ ഡൂമയിൽനിന്ന്‌ രാജിവെയ്‌ക്കുകയും വിദേശത്തേക്ക്‌ പോകുകയുമുണ്ടായി. ലെനിനൊപ്പം കാർക്കോവിൽ കഴിയാനാണ്‌ അയാൾ പോയത്‌. അവിടെവെച്ച്‌ ബുഖാറിൻ 1916ൽ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. ഇയാൾ ഒറ്റുകൊടുത്തതുമൂലമാണെന്ന്‌ പറഞ്ഞപ്പോഴും ലെനിൻ മലിനോവ്‌സ്‌കിയെ തള്ളിപ്പറയാൻ തയ്യാറായില്ല. ഒടുവിൽ വിപ്ലവാനന്തരം 1918ൽ ഇയാൾ പെട്രോഗ്രാഡ്‌ സോവിയറ്റിൽ അംഗമാകാൻ ശ്രമിച്ചപ്പോൾ ഗ്രിഗറി സീനോവീവും ഇയാൾ ചാരനാണെന്ന്‌ തിരിച്ചറിയുകയും പഴയ റഷ്യൻ രഹസ്യപൊലീസ്‌ രേഖകൾ കണ്ടെത്തി ലെനിനെ ബോധ്യപ്പെടുത്തുകയും ചെയ്‌തശേഷമാണ്‌ മലിനോവ്‌സ്‌കിയെ ലെനിൻ ഒഴിവാക്കുകയും വധശിക്ഷ നൽകുകയും ചെയ്‌തത്‌. അതേവരെയും ലെനിൻ ഇയാളെ കുറ്റപ്പെടുത്തിയവർക്കൊന്നും ചെവികൊടുക്കാൻ തയ്യാറായില്ല. തൊഴിലാളിവർഗത്തിൽനിന്നും ഉയർന്നുവന്ന തൊഴിലാളികളുമായി ജൈവബന്ധമുള്ള ഒരു നേതാവായാണ്‌ അതേവരെ ലെനിൻ മലിനോവ്‌സ്‌കിയെ കണ്ടത്‌. ഇയാൾ ഒറ്റുകാരനായിരുന്നെന്ന സത്യം ലെനിനെ ശരിക്കും ഞെട്ടിക്കുകയാണുണ്ടായത്‌. മലിനോവ്‌സ്‌കി സംഭവം വലിയൊരു പാഠമാണ്‌ ലെനിനു മാത്രമല്ല, ബോൾഷെവിക്കുകൾക്കാകെ നൽകിയത്‌.

1907നുശേഷമുള്ള പ്രതിവിപ്ലവകാലത്ത്‌ സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനത്തിൽ പൊതുവിലുണ്ടായ ചേരിതിരുവുകൾ പോലെതന്നെ ബോൾഷെവിക്കുകൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങളും ചേരിതിരിവും രൂക്ഷമായതിന്റെ കൃത്യമായ രൂപരേഖ മലിനോവ്‌സ്‌കി പൊലീസിനു കൈമാറിയ കുറിപ്പിൽനിന്നാണല്ലോ അയാളെക്കുറിച്ചുള്ള വിവരണത്തിലേക്ക്‌ തിരിഞ്ഞത്‌.

സോഷ്യൽ ഡെമോക്രാറ്റുകാർക്കിടയിൽ പൊതുവിലുണ്ടായ ശൈഥില്യത്തിനൊപ്പം ബോൾഷെവിക്‌ വിഭാഗത്തിലുണ്ടായ വെല്ലുവിളി ഇടതുപക്ഷത്തുനിന്നാണ്‌ ഉയർന്നത്‌. സാറിസ്റ്റ്‌ ഡൂമയിലേക്കുള്ള മത്സരത്തിലും ഡൂമയിൽ പങ്കെടുക്കണമോയെന്നതും സംബന്ധിച്ചായിരുന്നു രൂക്ഷമായി ഉയർന്നുവന്ന അഭിപ്രായഭിന്നത. നിയമവിധേയ പ്രവർത്തനത്തിനു ലഭിച്ച അവസരം പ്രയോജനപ്പെടുത്തിയാൽ മതിയെന്നാണ്‌ മെൻഷെവിക്കുകൾ ഉൾപ്പെടെ വലതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകൾ നിലപാടെടുത്തത്‌; എന്നാൽ ബോൾഷെവിക്‌ പ്രസ്ഥാനത്തിനുള്ളിലെ ഇടതുവിഭാഗം വിപ്ലവപരമായ അന്തിമ ലഷ്യത്തിനുവേണ്ടിയുള്ള നിയമവിരുദ്ധ പ്രവർത്തനത്തിൽ മാത്രം ഏർപ്പെട്ടാൽ മതിയെന്ന തീവ്ര നിലപാടുകാരായിരുന്നു. ബോഗ്‌ദനോവ്‌, ലൂണാചാർസ്‌കി, ബസാറോവ്‌, മാക്സിം ഗോർക്കി തുടങ്ങിയവരായിരുന്നു ഈ വിഭാഗത്തിലെ പ്രധാനപ്പെട്ടവർ. തമാസ്‌ ക്രൗസ്‌ ഇവരുടെ ചിന്താഗതിയെക്കുറിച്ച്‌ എഴുതുന്നതിങ്ങനെ: ‘‘അന്തിമലക്ഷ്യത്തിലേക്കൂന്നിയുള്ള പൂർണമായ വ്യക്തിഗത സമർപ്പണം നിലനിൽക്കുന്ന യാഥാർഥ്യത്തിൽനിന്നുള്ള പിന്തിരിഞ്ഞുപോക്കായി മാറുന്നു; അത്‌ സങ്കൽപ്പാതീതമായ (Transendment) ദാർശനിക പരീക്ഷണത്തിന്‌ വഴിയൊരുക്കുകയും ചെയ്യുന്നു. ഈ മാനസികാവസ്ഥ പ്രവാസിരോഗമെന്ന്‌ വിളിക്കപ്പെടുന്ന അവസ്ഥയിലേക്ക്‌ മാറുന്നതിനും വഴിയൊരുക്കുന്നു; ഒറ്റപ്പെടലിന്റേതായ സാഹചര്യത്തിൽ ഭിന്നിപ്പിനും സ്വയം ന്യായീകരണത്തിനും ഉൾപ്പോരുകൾക്കുമിടയാക്കുകയും ചെയ്യുന്നു. പെട്ടെന്ന്‌ ഉയർന്നുവന്ന ചെറിയൊരു വിപ്ലവാന്തരീക്ഷം കെട്ടടങ്ങുന്നതോടെയുണ്ടാകുന്ന ഇത്തരം പ്രതികരണങ്ങൾ വിപ്ലവകാരികൾക്കിടയിൽ പുതിയതോ അപൂർവമോ അല്ല’’.

(Reconstructing Lenin. Page 126)

എന്നാൽ ലെനിനാകട്ടെ കൺമുന്നിലുള്ള രാഷ്‌ട്രീയ യാഥാർഥ്യങ്ങളുടെ അടിസ്ഥാനത്തിൽ പുനർവിചിന്തനം നടത്താൻ തയ്യാറാവുകയാണുണ്ടായത്‌. പാർലമെന്ററി സമരങ്ങളുമായി ബന്ധപ്പെട്ട പുതിയ സാഹചര്യങ്ങളിലേക്ക്‌ വഴിമാറുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചിന്തയാകെ. പുതിയൊരു വിപ്ലവമുന്നേറ്റം ഉയർന്നുവരുന്നതുവരെ പാർലമെന്ററി സമരങ്ങളിൽ ശ്രദ്ധയൂന്നണമെന്നതാണ്‌ ലെനിൻ അക്കാലത്ത്‌ മുന്നോട്ടുവെച്ച ആശയം. ഡൂമയിലെ സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രതിനിധികളെ അതിനുള്ളിൽ വിപ്ലവതന്ത്രങ്ങളും അടവുകളും പ്രചരിപ്പിക്കാൻ പ്രാപ്‌തിയുള്ളവരാക്കുക, അങ്ങനെ മറ്റൊരു വിപ്ലവ വേലിയേറ്റം ഉണ്ടാകുന്നതുവരെ പാർലമന്ററി വേദിയെ അതിനായി ഉപയോഗിക്കുകയെന്ന ദൗത്യത്തിൽ ഏർപ്പെടുകയായിരുന്നു ലെനിൻ. എന്നാൽ ബോൾഷെവിക്‌ വിഭാഗത്തിലെ അന്നത്തെ മറ്റൊരു പ്രമുഖ നേതാവായ ബോഗ്‌ദനോവും അനുയായികളും പാർലമെന്ററി രാഷ്‌ട്രീയത്തെയും വിപ്ലവരാഷ്‌ട്രീയത്തെയും വെള്ളം കടക്കാത്ത അറകളാക്കി നിർത്തണമെന്ന വാദക്കാരായിരുന്നു. ഉടൻ സോഷ്യലിസ്റ്റ്‌ വിപ്ലവം നടത്തുകയെന്നതിനപ്പുറം മറ്റൊരു അജൻഡയും അവരുടെ ചിന്തയിലേ ഉണ്ടായിരുന്നില്ല. നിലവിലുള്ള രാഷ്‌ട്രീയ‐ചരിത്രപശ്ചാത്തലത്തിൽ ഭാവിയിൽ സൃഷ്ടിക്കേണ്ട ‘‘ശുദ്ധ’’ സോഷ്യലിസത്തിന്റെ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നതിനപ്പുറം അവർക്ക്‌ മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നു. സോഷ്യലിസത്തെ സംബന്ധിച്ച പ്രതിച്ഛായയിൽ പ്രായോഗിക രാഷ്‌ട്രീയത്തിന്റെ (Real politik) കറപുരളാനെന്നല്ല, അതിന്റെ നിഴൽ വീഴുന്നതിനെപോലും ബോഗ്‌ദനോവും കൂട്ടരും ശക്തമായി എതിർത്തു. അവരെ സംബന്ധിച്ചിടത്തോളം, പ്രതിവിപ്ലവത്തിന്റേതായ ഇപ്പോഴത്തെ ഘട്ടത്തിൽ ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകളിൽ മാത്രം ശ്രദ്ധയൂന്നി പ്രസ്ഥാനത്തിന്റെ ‘‘പരിശുദ്ധി’’ കാത്തുസൂക്ഷിക്കുകയാണ്‌ ശരിയായ നിലപാട്‌.

ബോൾഷെവിക്‌ വിഭാഗത്തിനിടയിൽ രണ്ട്‌ വ്യത്യസ്‌ത സമീപനങ്ങൾ 1905ലെ ഒന്നാം വിപ്ലവത്തിനു മുന്പുതന്നെ ഉയർന്നുവന്നിരുന്നു. ലെനിനിസ്റ്റുകളെന്നും ബോഗ്‌ദനോവിന്റെ നേതൃത്വത്തിൽ വെപെര്യോദ്‌ ഗ്രൂപ്പെന്നുമായിരുന്നു ഈ ചേരിതിരിവ്‌ പ്രത്യക്ഷപ്പെട്ടത്‌. ബോൾഷെവിക്‌ വിഭാഗങ്ങളിൽ വെപെര്യോദ്‌ ഗ്രൂപ്പിന്‌ (1904 ആഗസ്‌തിൽ ഈ വിഭാഗക്കാരായ 22 ബോൾഷെവിക്കുകളുടെ ഒരു പ്രത്യേക യോഗം ചേർന്നിരുന്നു. അതുകൊണ്ട്‌ ഇവർ 22 ബോൾഷെവിക്കുകൾ എന്നും അറിയപ്പെടുന്നു) നിർണായകമായ സ്വാധീനമൊന്നും ഉണ്ടായിരുന്നില്ല. ആ നിലയിൽ 1904 മുതൽ തന്നെ ബോൾഷെവിക്കുകൾക്കിടയിൽ ഒരു ചേരിതിരിവ്‌ നിലവിൽ വന്നിരുന്നു. രാഷ്‌ട്രീയ പ്രശ്‌നങ്ങളോടുള്ള വ്യത്യസ്‌ത സമീപനമായിരുന്നു ഈ ചേരിതിരിവിന്റെ അടിസ്ഥാനം. 1905ലെ വിപ്ലവത്തിന്‌ തിരിച്ചടി നേരിടുകയും പ്രതിവിപ്ലവം ആധിപത്യം സ്ഥാപിക്കുകയും ചെയ്‌തതോടെ ഈ ചേരിതിരിവ്‌ രൂക്ഷമാവുകയാണുണ്ടായത്‌. ബൂർഷ്വാ പാർലമെന്ററി രാഷ്‌ട്രീയത്തിൽ പങ്കെടുക്കുന്നതിനെ ബോഗ്‌ദനോവും കൂട്ടരും എതിർക്കുകയും അപലപിക്കുകയും ചെയ്‌തപ്പോൾ രാഷ്‌ട്രീയാധികാരം നേടാനുള്ള പോരാട്ടത്തെ ലെനിൻ പാർട്ടിയുടെ മുഖ്യ കടമയായി കണ്ടു.

സോഷ്യലിസ്റ്റ്‌ ഭാവിയെക്കുറിച്ചുള്ള ആശയങ്ങൾക്ക്‌ രൂപം നൽകുന്നതിലല്ല ലെനിൻ വ്യാപൃതനായത്‌. മറിച്ച്‌, വിപ്ലവാനന്തരകാലത്ത്‌ രൂപംകൊള്ളേണ്ട സംഭവവികാസമായാണ്‌ അദ്ദേഹം അതിനെക്കുറിച്ച്‌ ചിന്തിച്ചത്‌. സാറിസത്തെ കടപുഴക്കിയെറിയുന്നതിന്‌ ശേഷിയുള്ള വിപ്ലവത്തിനുവേണ്ട സംഘടനാപരവും രാഷ്‌ട്രീയവും ബൗദ്ധികവുമായ മണ്ണൊരുക്കുന്നതിലായിരുന്നു ലെനിൻ തന്റെ ശ്രദ്ധയാകെ കേന്ദ്രീകരിച്ചത്‌. സമീപനത്തിലെ ഈ വ്യത്യാസമാണ്‌ അടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും അസംഖ്യം അഭിപ്രായഭിന്നതകൾ ഉയർന്നുവരുന്നതിനിടയാക്കിയത്‌.

1906 ഏപ്രിൽ മാസത്തിൽ സ്‌റ്റോക്‌ഹോമിൽ ചേർന്ന ഏകീകരണ കോൺഗ്രസിൽ 16 ബോൾഷെവിക്‌ പ്രതിനിധികൾ ഡൂമയിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നതിനനുകൂലമായി വോട്ടുചെയ്‌തു. എന്നാൽ 1905 ഡിസംബറിൽ ഫിൻലാൻഡിലെ ടാമർഫോഴ്‌സിൽ ചേർന്ന സമ്മേളനത്തിൽ ലെനിനിസ്റ്റുകളായ ബോൾഷെവിക്കുകളും ഡൂമയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനെതിരെ വോട്ടുചെയ്‌തിരുന്നു. ലണ്ടൻ പാർട്ടി കോൺഗ്രസിലും (5‐ാം പാർട്ടി കോൺഗ്രസ്‌) ബൂർഷ്വാ പാർലമെന്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതു സംബന്ധിച്ച തർക്കം തുടർന്നു. എന്നാൽ 1907 ജൂണിൽ രണ്ടാം ഡൂമ പിരിച്ചുവിടുകയും ഡൂമയിലെ 16 സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രതിനിധികളെ അറസ്റ്റ്‌ ചെയ്യുകയും തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ നിയമപരമായ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്‌തതോടെ ഈ സംഘർഷം രൂക്ഷമായി. 1907 ആഗസ്‌തിൽ ഫിൻലാൻഡിലെ കൊട്‌ക്ക (Kotka) യിൽ ചേർന്ന ആർഎസ്‌ഡിഎൽപി അഖില റഷ്യൻ പാർട്ടി കോൺഗ്രസിൽ ഡൂമയിലെ പങ്കാളിത്തം സംബന്ധിച്ച്‌ അതേവരെ ഒരേ നിലപാട്‌ സ്വീകരിച്ചിരുന്ന ലെനിനും ബോഗ്‌ദനോവും തികച്ചും വ്യത്യസ്‌തമായ നിലപാട്‌ സ്വീകരിച്ചു. വിപ്ലവമുന്നേറ്റത്തിന്റേതായ സാഹചര്യത്തിൽ ബഹിഷ്‌കരണം അനുയോജ്യമായ അടവായിരുന്നെങ്കിലും വിപ്ലവസാഹചര്യത്തിന്‌ തിരിച്ചടിയേൽക്കുമ്പോൾ നേരത്തെ സ്വീകരിച്ചിരുന്നതിൽനിന്ന്‌ വ്യത്യസ്‌തമായ രാഷ്‌ട്രീയമാണ്‌ പിന്തുടരേണ്ടത്‌ എന്ന നിലപാടാണ്‌ ലെനിൻ സ്വീകരിച്ചത്‌. എന്നാൽ ബോഗ്‌ദനോവാകട്ടെ അത്തരമൊരു നിലപാട്‌ മാറ്റത്തോട്‌ വിയോജിച്ചു. പ്ലെഖാനോവിനെയും അക്‌സൽറോഡിനെയും പോലെ ലെനിനും ‘‘വർഗസഹകരണ’’ നയത്തിന്‌ കീഴടങ്ങുകയാണ്‌ എന്നതായിരുന്നു ബോഗ്‌ദനോവ്‌ പ്രതികരിച്ചത്‌.

1909ൽ പാർലമെന്ററി രാഷ്‌ട്രീയത്തെയും വിപ്ലവ പ്രചാരണത്തെയും സമന്വയിപ്പിക്കുന്ന ഒരു മുന്നേറ്റത്തിന്‌, അതിനനുകൂലമായ എല്ലാ സോഷ്യൽ ഡെമോക്രാറ്റിക്‌ ധാരകളെയും കൂട്ടിയോജിപ്പിക്കാനുള്ള ലെനിന്റെ നീക്കത്തിന്‌ ഇടതുപക്ഷത്തുനിന്നും വലതുപക്ഷത്തുനിന്നും ഒരേപോലെ തടസ്സപ്പെടുത്തലുകളുണ്ടായി. ഈ ഘട്ടത്തിൽ ലെനിൻ പ്ലെഖാനോവുമായി സഹകരിച്ച്‌ മുന്നോട്ടുനീങ്ങാൻ തയ്യാറായി. വലതുപക്ഷത്തുനിന്ന്‌ വെല്ലുവിളി ഉയർത്തിയത്‌ ലിക്വിഡേറ്റർമാരായിരുന്നെങ്കിൽ ഇടതുപക്ഷത്തുനിന്ന്‌ തടസ്സം സൃഷ്ടിച്ചത്‌ ഒട്‌സൊവിസ്റ്റുകളായിരുന്നു. ഒട്‌സൊവിസ്റ്റുകളാകട്ടെ (Otzovists) പാർലമെന്ററി തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നതിനെ മാത്രമല്ല, ട്രേഡ്‌ യൂണിയനുകളിലും നിയമവിധേയമായ സംഘടനകളിലുമെല്ലാം പങ്കെടുക്കുന്നതിനെതിരായിരുന്നു. ലെനിനുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്നതിന്‌ പ്ലെഖാനോവ്‌ 1908 ഡിസംബറിൽ മെൻഷെവിക്‌ മുഖപത്രമായ ഗോളോസ്‌ സൊത്‌സിയാൽ ഡെമോക്രാറ്റ (Golos Sotsial Demokrata)യുടെ പത്രാധിപസമിതിയിൽനിന്നും രാജിവെച്ചു. എന്നാൽ പ്ലെഖാനോവുമായി ലെനിൻ സഹകരിച്ചതിനെ ‘‘വഞ്ചന’’യെന്നാണ്‌ ബോഗ്‌ദനോവ്‌ വിശേഷിപ്പിച്ചത്‌.

ലെനിനനുകൂലമായി ബലാബലത്തിൽ മാറ്റമുണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചത്‌ നിശ്ചയമായും ബോൾഷെവിക്‌ മുഖപത്രമായ പ്രോളിത്താറി (Proletary) ആയിരുന്നു. ലെനിനായിരുന്നു അതിന്റെ പത്രാധിപർ. പ്രൊളിത്താറിയുടെ നിയന്ത്രണം കൈക്കലാക്കാനായി ബോഗ്‌ദനോവും കൂട്ടരും നീക്കംനടത്തുകയും ചെയ്‌തിരുന്നു. ഈ വിഭാഗവുമായി അകന്നതിനെത്തുടർന്ന്‌ പ്രൊളിത്താറിയുടെ നടത്തിപ്പിൽ ലെനിന്‌ കടുത്ത സാന്പത്തിക ബുദ്ധിമുട്ട്‌ നേരിടുകയുണ്ടായി. ഇതെല്ലാം തരണംചെയ്യുന്നതിന്‌ ലിയോണിദ്‌ ക്രാസിനും ജോസഫ്‌ സ്റ്റാലിനും ഉൾപ്പെടെയുള്ള നേതാക്കൾ ലെനിന്‌ ശക്തമായ പിന്തുണയാണ്‌ നൽകിയത്‌.

1907 അവസാനം ലെനിൻ പ്രൊളിത്താറിയുടെ നിയന്ത്രണം ഡൂമ വിഭാഗത്തെ ഏൽപിക്കുകയും ബോഗ്‌ദനോവിനെതിരായ പോര്‌ മുറുകുകയും ചെയ്യുമ്പോഴെല്ലാം അദ്ദേഹത്തിന്റെ പ്രത്യയശാസ്‌ത്രവും രാഷ്‌ട്രീയവുമായ നിലപാടുകൾ വളരെ വ്യക്തമായിരുന്നു. എന്നിട്ടും കൃത്യമായ ഒരു രാഷ്‌ട്രീയ വേറിട്ടുപോകലിന്‌ സമയമായി എന്നു ലെനിൻ ചിന്തിച്ചില്ല. മാത്രമല്ല, ദാർശനികസംവാദത്തിന്‌ രാഷ്‌ട്രീയചർച്ച കഴിഞ്ഞുള്ള ഇടം മാത്രമേ അദ്ദേഹം നൽകിയുള്ളൂ. ദാർശനിക ചർച്ചകളിൽ നിഷ്‌പക്ഷത പാലിക്കാൻ പ്രൊളിത്താറി തീരുമാനിച്ചു‐ എന്നാൽ 1908 ഏപ്രിൽ ആയപ്പോൾ രണ്ടു സമീപനങ്ങളും തമ്മിൽ പൊരുത്തപ്പെട്ടുപോകാൻ കഴിയില്ലെന്ന്‌ വ്യക്തമായി. ഓരോ പക്ഷത്തുള്ളവരും സ്വന്തം നിലപാടിന്‌ ന്യായീകരണം നൽകാൻ പരിശ്രമിച്ചു. കാറൽ മാർക്‌സിനെ സംബന്ധിച്ച കൃതിയിൽ ഉൾപ്പെടുത്തിയ മാർക്‌സിസവും റിവിഷനിസവും എന്ന ലേഖനത്തിൽ ലെനിൻ അനുഭാവാധിഷ്‌ഠിത അദ്വൈതവാദത്തെ (empirio‐monism) നിശിതമായി വിമർശിച്ചു. ഇതോടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ സംവാദം രൂക്ഷമാവുകയും ബോഗ്‌ദനോവ്‌ പ്രൊളിത്താറി പത്രാധിപസമിതിയിൽനിന്നും രാജിവെക്കുകയും ചെയ്‌തു. അതേസമയം ലെനിനും സഖാക്കളും 1909 ജൂണിൽതന്നെ ബോഗ്‌ദനോവിനെ പ്രൊളിത്താറി പത്രാധിപസമിതിയിൽനിന്നും പുറത്താക്കാൻ തീരുമാനിച്ചിരുന്നു. ബോഗ്‌ദനോവിന്റെ നേതൃത്വത്തിൽ ഇടതു തീവ്രവാദികൾ 1909 ഡിസംബറിൽ ഇറ്റാലിയൻ തീരത്തെ കാപ്രി (Capri)‌ ദ്വീപിൽനിന്ന്‌ ഇടക്കാലത്ത്‌ മുടങ്ങിപ്പോയ വെപെര്യോദിന്റെ പ്രസിദ്ധീകരണം പുനരാരംഭിച്ചു. തങ്ങളാണ്‌ ശരിയായ ബോൾഷെവിക്‌ നിലപാടിന്റെ പിന്തുടർച്ചക്കാർ എന്ന മട്ടായിരുന്നു ഈ ഇടതുതീവ്രവാദികൾക്ക്‌.

ഡൂമയിൽ നിലവിലുള്ള സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രതിനിധികൾ ഉടൻതന്നെ രാജിവെച്ച്‌ പുറത്തുപോകണമെന്ന അതിതീവ്ര നിലപാടുകാരും ഈ വെപെര്യോദിസ്റ്റകൾക്കിടയിലുണ്ടായിരുന്നു. ഈ തീവ്രവാദ നിലപാടുകാരെല്ലാം തന്നെ സാറിസ്റ്റ്‌ വാഴ്‌ചയെ തകർത്ത്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്‌ സ്ഥാപിക്കണമെന്ന വാദമാണ്‌ പിന്തുടർന്നത്‌. അതുകൊണ്ടുതന്നെ സാറിസത്തിനു പകരം ബൂർഷ്വാ ജനാധിപത്യ റിപ്പബ്ലിക്‌ എന്ന ലെനിൻ മുന്നോട്ടുവെച്ച ആശയത്തിന്റെ കടുത്ത എതിരാളികളായിരുന്നു ഇവർ. അതായത്‌, എല്ലാ വിഭാഗം വെപെര്യോദിസ്റ്റുകളുടെയും ലെനിനോടുള്ള വിയോജിപ്പ്‌ ബൂർഷ്വാ പാർലമെന്റിൽ പങ്കെടുക്കുന്ന കാര്യത്തിൽ മാത്രമായിരുന്നില്ല, അതിനപ്പുറം ലെനിൻ മുന്നോട്ടുവെച്ച ‘ബൂർഷ്വാ ജനാധിപത്യ റിപ്പബ്ലിക്‌ സ്ഥാപിക്കുക, അതിനായി സാറിസത്തിനെതിരായ എല്ലാ ശക്തികളെയും തൊഴിലാളിവർഗ നേതൃത്വത്തിൽ യോജിപ്പിക്കുക’ എന്ന ആശയത്തോടുതന്നെയുള്ള വിയോജിപ്പായിരുന്നു.

ഈ തീവ്ര നിലപാടുകാരിൽ ഒരാളായ ജ്യോർജി സോളമനോട്‌ (Georgy Solomon) ലെനിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്‌: ‘‘പ്രതിവിപ്ലവത്തിന്റെ വേലിയേറ്റം നമ്മുടെ തലയ്‌ക്കുമേൽ അലയടിച്ചുയരുകയും സജീവമായി നിൽക്കുന്ന എല്ലാത്തിനെയും വിഴുങ്ങാൻ വാപൊളിച്ച്‌ അടുക്കുകയും ചെയ്യുമ്പോൾ പുരോഗമനപരമായ കാഴ്‌ചപ്പാടിനെ പ്രതിനിധീകരിക്കുന്ന എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച്‌ കൊണ്ടുവന്ന്‌, ചുണകെട്ട്‌ പിൻവാങ്ങാൻ നിൽക്കുന്നവരോട്‌ ‘നിങ്ങൾ ഉറച്ചുനിൽക്കുക’ എന്ന്‌ ഉറക്കെ വിളിച്ചുപറയുകയാണ്‌ വേണ്ടത്‌. അൽപബുദ്ധികളല്ലാത്ത എല്ലാവരും ഈ കടമ ഏറ്റെടുക്കുമെന്ന്‌ വ്യക്തമാണ്‌’’. പിന്നെയും സോളമൻ സോഷ്യൽ ഡെമോക്രാറ്റുകൾ ഉടൻ പിന്തിരിപ്പൻ ഡൂമയിൽനിന്ന്‌ രാജിവെച്ച്‌ ഇറങ്ങിപ്പോരണമെന്ന്‌ വാദിച്ചുകൊണ്ടിരുന്നപ്പോൾ രോഷാകുലനായ ലെനിൻ ഇങ്ങനെ പ്രതികരിച്ചു: ‘‘എന്താണ്‌ നീങ്ങളീ പറയുന്നത്‌? നമ്മുടെ പ്രതിനിധികളൊന്നുമില്ലാതെ ഡൂമ പ്രവർത്തിക്കാൻ നാം തയ്യാറാകുന്നതാണ്‌ നല്ലതെന്ന അഭിപ്രായമാണല്ലേ താങ്കളുടേത്‌? കൊള്ളാം, രാഷ്‌ട്രീയമായ ദീർഘവീക്ഷണമില്ലാത്ത പൊട്ടന്മാർക്കും ബുദ്ധിശൂന്യരായ മണ്ടന്മാർക്കും അറുപിന്തിരിപ്പന്മാർക്കും മാത്രമേ ഇത്തരത്തിൽ ചിന്തിക്കാനാകൂ.’’ ഇങ്ങനെ രൂക്ഷമായി പ്രതികരിച്ചെങ്കിലും സോളമന്‌ കൈകൊടുത്ത്‌ ആലിംഗനം ചെയ്‌തശേഷമാണ്‌ ലെനിൻ അയാളോട്‌ വിടപറഞ്ഞത്‌ എന്നാണ്‌ സോവിയറ്റ്‌ യൂണിയന്റെ നിലപാടുകളോടുള്ള വിയോജിപ്പിനെത്തുടർന്ന്‌ പ്രവാസിയായി പാരീസിൽ കഴിഞ്ഞ കാലത്ത്‌ സോളമൻ എഴുതിയ ഓർമക്കുറിപ്പിൽ രേഖപ്പെടുത്തിയത്‌ (1930ൽ പ്രസിദ്ധീകരിച്ച ജ്യോർജി സോളമന്റെ ഓർമക്കുറിപ്പുകൾ ലാർസ്‌ ടി ലിയുടെ ലെനിൻ എന്ന ജീവചരിത്രത്തിൽ‐ പേജ്‌ 109‐110ൽ ഉദ്ധരിച്ചിട്ടുണ്ട്‌).

ഇത്രയേറെ രൂക്ഷമായിരുന്നു റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ ലേബർ പാർട്ടിയിലെ ബോൾഷെവിക്‌ വിഭാഗത്തിനുള്ളിലെ അഭിപ്രായഭിന്നതകൾ. ഒരു പാർട്ടിയായി തുടരണമോ രണ്ടായി പിരിയണമോയെന്ന നിലയിലേക്ക്‌ അത്‌ വളർന്നു. l
(തുടരും)

Hot this week

സിറൈ: അവകാശങ്ങളുടെ ഓർമപെടുത്തൽ

രാജ്യത്തെ ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാരിൽ 93ശതാനം പേർക്കും അവർക്ക്‌ സ‍ൗജന്യ...

കോമ്രേഡ്സ് ആൻഡ് കംബാക്സ്‌: ഇടതുപക്ഷത്തെപ്പറ്റി ഒരു വികല ചരിത്ര‐വർത്തമാന പുസ്‌തകം

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളെയും ചരിത്രത്തെയും വികലമായി ചിത്രീകരിക്കുന്ന പുസ്തകമാണ് സൈറാ ഷാ...

വർഗസമരവും മാധ്യമങ്ങളും‐ 22

കാർപെറ്റ് ബോംബിങ്ങ് 2014ലെ ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് മോദി തന്റെ രാഷ്ട്രീയപ്രചാരണത്തിന്...

കേരളം  ചലനങ്ങൾ സൃഷ്ടിക്കുന്നു :അനാമിക ഹക്സർ 

(പ്രശസ്ത നാടകപ്രവർത്തകയും, പതിനാറാമത്  അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങളിലൊരാളുമായ അനാമിക ഹക്സർ  ഇറ്റ്...

മാനവികതയുടെ വേദപുസ്തകം

പ്രാചീനമായ ഒരു കാലത്ത് ഗ്രീക്ക് തെരുവീഥികളിലൂടെ നട്ടുച്ചയ്ക്ക് റാന്തലും കത്തിച്ച് നടന്നു...

Topics

സിറൈ: അവകാശങ്ങളുടെ ഓർമപെടുത്തൽ

രാജ്യത്തെ ജയിലുകളിൽ കഴിയുന്ന വിചാരണ തടവുകാരിൽ 93ശതാനം പേർക്കും അവർക്ക്‌ സ‍ൗജന്യ...

കോമ്രേഡ്സ് ആൻഡ് കംബാക്സ്‌: ഇടതുപക്ഷത്തെപ്പറ്റി ഒരു വികല ചരിത്ര‐വർത്തമാന പുസ്‌തകം

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളെയും ചരിത്രത്തെയും വികലമായി ചിത്രീകരിക്കുന്ന പുസ്തകമാണ് സൈറാ ഷാ...

വർഗസമരവും മാധ്യമങ്ങളും‐ 22

കാർപെറ്റ് ബോംബിങ്ങ് 2014ലെ ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് മോദി തന്റെ രാഷ്ട്രീയപ്രചാരണത്തിന്...

കേരളം  ചലനങ്ങൾ സൃഷ്ടിക്കുന്നു :അനാമിക ഹക്സർ 

(പ്രശസ്ത നാടകപ്രവർത്തകയും, പതിനാറാമത്  അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങളിലൊരാളുമായ അനാമിക ഹക്സർ  ഇറ്റ്...

മാനവികതയുടെ വേദപുസ്തകം

പ്രാചീനമായ ഒരു കാലത്ത് ഗ്രീക്ക് തെരുവീഥികളിലൂടെ നട്ടുച്ചയ്ക്ക് റാന്തലും കത്തിച്ച് നടന്നു...

വർഗസമരവും മാധ്യമങ്ങളും‐ 21

‘സാമൂഹ്യമാധ്യമ രാഷ്ട്രീയ പ്രവർത്തകൻ’ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലേക്ക് കടക്കുമ്പോൾ ഇന്റർനെറ്റ് വ്യാപനം,...

ശ്യാമൾ ചക്രവർത്തി

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, ട്രേഡ്‌ യൂണിയൻ നേതാവ്‌, ഭരണാധികാരി എന്നീ...

കണ്ണേറ്

തെയ്യവും തിറയും മലബാറിൽ മാത്രമായി അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ആയിരുന്നെങ്കിൽ കണ്ണേറ് എന്ന...
spot_img

Related Articles

Popular Categories

spot_imgspot_img