ക്യാമറയുടെ രാഷ്‌ട്രീയം

ആര്യ ജിനദേവൻ

ഫോട്ടോഗ്രാഫുകൾ ചിലപ്പോൾ അക്ഷരങ്ങൾക്ക്‌ പറയാനുള്ളതിനേക്കാൾ കൂടുതൽ വേഗത്തിലും തോതിലും നമ്മളോട്‌ സംവദിക്കാറുണ്ട്‌. ചിലപ്പോഴെല്ലാം അവ ചരിത്രപരമായ വീണ്ടെടുക്കലുകളായി നിലകൊള്ളാറുമുണ്ട്‌. തീർച്ചയായും മനുഷ്യന്റെ ലോകത്തെ, കാഴ്‌ചയെ കൂടുതൽ വിശാലമാക്കിയ മഹത്തായ സൃഷ്ടിതന്നെയായിരുന്നു ക്യാമറകൾ. ഭൂമിയിലെ കാഴ്‌ചകളെ അതിന്റെ തനിമയോടെ ഒപ്പിയെടുക്കാൻ ഫോട്ടോഗ്രാഫിക്ക്‌ കഴിഞ്ഞിട്ടുമുണ്ട്‌. 19‐ാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തരമായ അഞ്ച്‌ പുതിയ വ്യവസായങ്ങളിലൊന്നായിട്ടാണ്‌ ഫോട്ടോഗ്രാഫിയെ കാറൽ മാർക്‌സ്‌ തന്റെ പ്രസിദ്ധ കൃതിയായ മൂലധനത്തിൽ വിശേഷിപ്പിക്കുന്നത്‌. നേരിനുമേൽ അനവധി മൂടുപടങ്ങൾകൊണ്ട്‌ കോട്ടകെട്ടിയ, നുണയും കാപട്യവും ആയുധമാക്കിയ മുതലാളിത്തത്തിന്റെ കാലത്ത്‌, പ്രത്യേകിച്ചും ഇരപിടിയൻ മുതലാളിത്തത്തിന്റെ കാലത്ത്‌, ഫോട്ടോഗ്രാഫി ചെറുത്തുനിൽപിന്റെ ആയുധമായി മാറി. സത്യത്തിന്റെ, അടിച്ചമർത്തപ്പെടുന്ന മനുഷ്യന്റെ വ്യഥകളുടെ സാക്ഷ്യപത്രങ്ങളായി ഫോട്ടോഗ്രാഫുകൾ വർത്തിച്ചു. ചരിത്രത്തിന്റെയും യാഥാർഥ്യത്തിന്റെയും വീണ്ടെടുപ്പുകളായി, ശേഷിപ്പുകളായി അവ മാറി. അതുകൊണ്ടുതന്നെ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ ഭൂരിപക്ഷം വരുന്ന സാധാരണ ജനതയുടെ ദുരിതത്തെയും നേരനുഭവങ്ങളെയും പകർത്തുമ്പോൾ, ചൂഷകവർഗത്തിന്റെ അടിച്ചമർത്തലിന്റെ സാക്ഷ്യങ്ങളാകുമ്പോൾ, ഫോട്ടോഗ്രാഫിയുടെ രാഷ്‌ട്രീയം സൗന്ദര്യാത്മകതയ്‌ക്കുമപ്പുറം വിമോചനപരമായ ഉൾക്കാഴ്‌ചയുള്ളതായി മാറുന്നു.

അത്തരത്തിലുള്ള അനേകം ചിത്രങ്ങളുടെ കാഴ്‌ചാനുഭവമാണ്‌ അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ വിജൂ കൃഷ്‌ണൻ തന്റെ ക്യാമറയിലൂടെ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം നമുക്ക്‌ നൽകുന്നത്‌.

2026 ജനുവരി 16‐22 തീയതികളിൽ തിരുവനന്തപുരത്ത്‌ പാളയത്തെ കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സ്‌ ഹാളിൽ Of Land, Lives and Lores എന്ന പേരിലാണ്‌ ഈ പ്രദർശനം നടന്നത്‌. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുത്തിരുന്നു.

വളരെ ചടുലമായി, ആഴത്തിൽ തന്റെ ചുറ്റുപാടുകളെ നിരീക്ഷിക്കുന്ന, കൺമുന്നിലുള്ള എന്തിന്റെയും ഉള്ളറിയാൻ ശ്രമിക്കുന്ന തികഞ്ഞ ഒരു കലാകാരനായി സഖാവ്‌ വിജൂ കൃഷ്‌ണൻ തന്റെ ക്യാറയിൽ ഒപ്പിയെടുത്ത അനേകം ചിത്രങ്ങളാണ്‌ പ്രദർശിപ്പിക്കപ്പെട്ടത്‌.

നോവുപേറുന്ന, അരികുകളിലേക്ക്‌ വലിച്ചെറിയപ്പെടുന്ന ജനതയ്‌ക്ക്‌ പ്രതീക്ഷ നൽകുന്ന ചെറുത്തുനിൽപിന്റെ രാഷ്‌ട്രീയം നെേഞ്ചേറ്റി താൻ നടന്ന വഴികളിലുടനീളം കണ്ട കാഴ്‌ചകളാണ്‌ അദ്ദേഹം പകർത്തിയിരിക്കുന്നത്‌. ആരും ഒന്നും അവിടെ ഒഴിവാക്കപ്പെടുന്നില്ല എന്നുള്ളതാണ്‌ ഏറ്റവും കൗതുകമുണർത്തുന്നത്‌.
ഭരണകൂടത്തിന്റെ നിഷ്‌ഠൂരമായ ബുൾഡോസറുകളാൽ കുടിയൊഴിപ്പിക്കപ്പെടുന്നവർ… ജീവനും ജീവിതവും സ്‌തംഭിച്ച്‌ നിസ്സഹായരായി വിതുമ്പുന്നവർ, കർഷകർ, ആദിവാസികൾ, തൊഴിലാളികൾ, കൈപ്പണിക്കാർ അങ്ങനെ എല്ലാവരും അദ്ദേഹത്തിന്റെ മനസ്സിലെന്നപോലെതന്നെ ക്യാമറിയിലും പതിയുന്നു. ആസാമിലെ ദറാങ്ങിൽ ഭരണകൂടത്തിന്റെ അടിച്ചമർത്തലിനിരയാക്കപ്പെട്ട ഒരു ബാലന്റെ മുഖമാണ്‌ അതിൽ ഏറ്റവും കൂടുതൽ ഹൃദയഭേദകമായ ഒന്ന്‌. പോർട്രെയിറ്റ്‌ മോഡിൽ പകർത്തിയ ചിത്രത്തിലെ ആ കുരുന്നു ബാലന്റെ മുഖത്ത്‌ ഈ സമൂഹത്തോടാകെയുള്ള വെറുപ്പും പ്രതിഷേധവും ഒപ്പം നിസ്സഹായതയും നിറഞ്ഞുനിൽക്കുന്നത്‌ നമുക്ക്‌ ഹൃദയംകൊണ്ട്‌ കാണാനാവും… തന്റെ നോട്ടംകൊണ്ട്‌ അവനുയർത്തുന്ന ചോദ്യശരങ്ങൾ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിൽ നോവുണർത്തുന്നതാണ്‌. സമാനമായി. ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെടലിന്റെ പരകോടിയിലെത്തി നിസ്സഹായരായിത്തീരുന്ന മനുഷ്യരുടെ വിങ്ങലുകൾ ഒട്ടുംതന്നെ ചോർച്ചയില്ലാതെ പകർത്തപ്പെട്ട ചിത്രങ്ങളായിരുന്നു തമിഴ്‌നാട്ടിലെ മസനഗുഡിയിൽ ആന ഇടനാഴി തീർക്കുന്നതിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി സ്‌ത്രീയുടെ ചിത്രം, ദറാങ്ങിൽ ഇരയാക്കപ്പെട്ട മനുഷ്യർ ഒന്നിച്ചിരിക്കുന്ന ചിത്രം, ഒഡീഷയിലെ ഫൈലിൻ ചുഴലിക്കാറ്റിൽ ഇരയാക്കപ്പെട്ട സ്‌ത്രീയുടെ ചിത്രം എന്നിവയെല്ലാം. ഓരോ ചിത്രവും ഒന്നിനൊന്ന്‌ മെച്ചം. ലോകത്തെവിടെയും പാർശ്വവൽക്കരിക്കപ്പെടുന്ന, കുടിയിറപ്പെടുന്ന മനുഷ്യരുടെ അവസ്ഥകൾ ഒന്നാണെന്നു കാണിക്കുന്ന മികച്ച ഫോട്ടോഗ്രാഫുകൾ നാളെയുടെ കാലത്ത്‌ ഇന്നിന്റെ ഓർമപ്പെടുത്തലുകളായി അവ മാറും.

വയനാട്ടിലെ ഭൂസമരകാലത്ത്‌ ജയിലിലടയ്‌ക്കപ്പെട്ട എഐകെഎസ്‌ പ്രവർത്തകയും ആദിവാസി നേതാവുമായിരുന്ന സഖാവ്‌ ലീലയുടെ ഫോട്ടോയ്‌ക്ക്‌ തീവ്രമായ ജീവിതത്തിന്റെ നേരനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്നത്ര തീക്ഷ്‌ണതയുണ്ടായിരുന്നു. കർണാടകയിൽ ഭൂസമരത്തിൽ പങ്കെടുക്കുന്ന വനംഭൂമിയിൽ പുനം കൃഷിചെയ്യുന്ന ഭൂരഹിത കർഷകയുടെ പണിയെടുത്ത്‌ തഴപ്പിച്ച മനുഷ്യനെ വിവരണാതീതമായവിധം ഉത്‌കർഷയോടുകൂടി പകർത്തിയ ചിത്രം നമ്മുടെ മനസ്സിൽ ഇടംപിടിക്കുന്ന മറ്റൊന്നാണ്‌.

സമരോജ്വലമായ തന്റെ ജീവിതയാത്രയിൽ ഭൂമിയിലുടനീളമുള്ള തന്റെ ഓർമകളെ നിറഞ്ഞ കാഴ്‌ചാനുഭവമായി സ. വിജൂ കൃഷ്‌ണൻ നമുക്ക്‌ കൈമാറുന്നു. തന്റെ യാത്രയിലുടനീളം മനസ്സിനു മുറിവേൽപ്പിക്കുന്ന യാഥാർഥ്യങ്ങളെ പകർത്തിയ സഖാവ്‌ സൗന്ദര്യാത്മകത നിറഞ്ഞ, മനസ്സുകുളിർപ്പിക്കുന്ന കാഴ്‌ചാനുഭവങ്ങളെയും തന്റെ ക്യാമറക്കണ്ണുകളിൽ ചേത്തുവെയ്‌ക്കാൻ മറന്നില്ല. നെതർലാൻഡ്‌സിലെ വൂർബർഗിൽ ബ്രീഡുചെയ്‌ത ഒരു പ്രത്യേകതരം അലങ്കാര പ്രാവാണ്‌ വൂർബർഗ്‌ ഷീൽഡ്‌ ക്രോപ്പർ. ക്ലോസപ്പ്‌ പോർട്രെയിറ്റിൽ എടുത്ത തൂവലുകൾ എഴുന്നുനിൽക്കുന്ന ഷീൽഡ്‌ ക്രോപ്പറിന്റെ ചിത്രം അവിസ്‌മരണീയമാണ്‌. കേരളത്തിൽ കണ്ണൂർ ജില്ലയിൽനിന്ന്‌ പകർത്തിയ ഈ ചിത്രം ലോകത്തെ ഏറ്റവും വലിയ 10 ഐലാൻഡ്‌ ടോപ്പ്‌ മൊബൈൽ ഫോട്ടോഗ്രാഫർമാർക്കുള്ള വെങ്കല സർട്ടിഫിക്കറ്റിന്‌ അർഹമായതാണ്‌.

ഉത്തരാഖണ്ഡിലെ കർണപ്രയാഗിൽ നടക്കുന്ന തെരുവുനാടകം കണ്ടുനിൽക്കുന്ന കാണികളുടെ ഫോട്ടോഗ്രാഫ്‌ അത്‌ കാണുന്ന നമ്മളിലും ഒരു ചെറുപുഞ്ചിരി വിടർത്തുന്നതാണ്‌. നിറപുഞ്ചിരിയോടെ നാടകം ആസ്വദിച്ചിരിക്കുന്ന പെണ്ണുങ്ങളുടെ ഒരു നീണ്ട നിര കാവ്യാത്മകമായ ദൃശ്യവിസ്‌മയമായാണ്‌ എനിക്ക്‌ അനുഭവപ്പെട്ടത്‌. അതുപോലെ തന്നെ പാരീസിലെ ലൂവ്രേ പിരമിഡിന്റെ രാത്രിയിലും അസ്‌തമയത്തിലുമായി പകർത്തിയ ചിത്രങ്ങൾ, ജപ്പാനിലെ ക്യോട്ടോയിലെ ബുദ്ധിസ്റ്റ്‌ ക്ഷേത്രത്തിന്റെ മനോഹരമായ ചിത്രം, ഇലപൊഴിഞ്ഞ മരച്ചില്ലകൾക്കിടയിൽ വാനിലുയർന്ന്‌ നിൽക്കുന്ന ഹിരോഷിമയിലെ പീസ്‌ മെമ്മോറിയൽ അഥവാ ആറ്റംബോംബ്‌ സ്‌മാരകം എന്നിവയെല്ലാം കാഴ്‌ചയിൽ കൗതുകമുണർത്തുന്നതും ചരിത്രപരമായ ഓർമപ്പെടുത്തലുകളാകുന്നതുമായ മൂല്യവത്തായ ഫോട്ടോഗ്രാഫുകളാണ്‌.

വിപ്ലവ‐രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തന്റെ സഞ്ചാരപാതയിലുടനീളം കാണുന്നതും മനസ്സിനെ തൊട്ടെടുക്കുന്നതുമായ കാഴ്‌ചകളെ, മനുഷ്യരെ, കലകളെ, കണ്ണീരിനെ, സൗന്ദര്യാത്മക സൃഷ്ടികളെ എല്ലാ അതിന്റെ തനിമയോടും പൂർണ്ണതയോടുംകൂടി ക്യാമറയിൽ പകർത്തുകയാണ്‌ സഖാവ്‌ വിജൂ കൃഷ്‌ണൻ. മുതലാളിത്ത വ്യവസ്ഥിതിയുടെ കൊടുംക്രൂരതകൾക്കിരയാക്കപ്പെട്ട്‌ ആരാലും ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിന്റെ അരികുകളിലേക്ക്‌ തള്ളപ്പെടുന്നവരെ തന്റെ ക്യാമറയിലൂടെ അദ്ദേഹം സമൂഹമനസ്സിലേക്ക്‌ സന്നിവേശിപ്പിക്കുന്നു. അബലരായ സാധാരണജനതയുടെ ദുരിതവും ചെറുത്തുനിൽപും ഇത്തരത്തിൽ മുഖ്യ‌ധാരയിലെത്തിക്കുന്നതുവഴി അദ്ദേഹം ഫോട്ടോഗ്രാഫിയെ രാഷ്‌ട്രീയപ്രവർത്തനമാക്കി മാറ്റുന്നു; വിപ്ലവകരമായ മുന്നേറ്റത്തിനുള്ള ഉപാധികളിലൊന്നാക്കുന്നു. 1920കളിൽ മെക്‌സിക്കോയിൽ ഫോട്ടോഗ്രാഫിയിൽ തുടക്കംകുറിച്ച്‌ ഫോട്ടോ ജേർണലിസത്തിലും വിപ്ലവപ്രവർത്തനത്തിലും വ്യാപൃതയായ, റെഡ്‌ എയ്‌ഡ്‌ അജിറ്റേഷനുള്ള ആയുധമാണ്‌ ഫോട്ടോകൾ എന്നെഴുതിയ ടിന മൊഡോത്തി എന്ന വിപ്ലവ വനിത പറഞ്ഞതുപോലെ, ‘‘മുതലാളിത്തത്തിന്റെ കടുത്ത യാഥാർഥ്യത്തിന്റെ വസ്‌തുനിഷ്‌ഠമായ പുനരുത്‌പാദനത്തെ ഫോട്ടോഗ്രാഫി സാധ്യമാക്കുന്നു’’. ആ വാക്കുകളെ ഓർമിപ്പിക്കുന്നതായിരുന്നു Of Land, Lives and Lores എന്ന പേരിൽ നടന്ന ഈ പ്രദർശനവും. തീർച്ചയായും ആ ഫോട്ടോകളും വിജൂ കൃഷ്‌ണന്റെ ക്യാമറയിൽ ഇനി പകർത്തപ്പെടുന്ന ചിത്രങ്ങളും ഭാവിയിൽ മനുഷ്യരാശിയുടെ അസന്ദിഗ്‌ധമായ പോരാട്ടത്തിന്റെ ചില വീണ്ടെടുപ്പുകളായി ഭൂമിയിൽ ശേഷിക്കുമെന്നുറപ്പാണ്‌. l

Hot this week

വിധർമ്മികൾ

മുസ്ലിങ്ങൾക്കെതിരായി നടത്തുന്നതുപോലെ തന്നെ ക്രിസ്ത്യാനികൾക്ക് എതിരായും ഹിന്ദുത്വ ദേശീയവാദികൾ വിദ്വേഷ പ്രചാരണങ്ങൾ...

നവകേരളനിർമിതി പൂർത്തീകരിക്കാൻ  അറുപതിന പരിപാടിയുമായി പ്രകടനപത്രിക 

നവകേരള നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള ജനവിധിക്കു വേണ്ടി 60 ഇന പരിപാടികളുമായി ഇടതുപക്ഷ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 22

മാർക്‌സിനൊപ്പം ഹെഗലിലേക്കെത്തിയ ലെനിൻ ‘‘വൈരുദ്ധ്യവാദത്തെ മാർക്‌സിസ്റ്റ്‌ സിദ്ധാന്തത്തിൽ യഥാസ്ഥാനത്ത്‌, അതായത്‌ കേന്ദ്രസ്ഥാനത്തുതന്നെ പുനഃപ്രതിഷ്‌ഠിച്ച,...

ഉരുളുന്ന ബുൾഡോസർ

മുസ്ലിംവിരുദ്ധ വിദ്വേഷപ്രസംഗങ്ങൾക്ക് പേരുകേട്ടയാളാണ് മുമ്പ് കോൺഗ്രസും ഇപ്പോൾ ബിജെപിയുമായ അസമിലെ മുഖ്യമന്ത്രി...

സുനീത്‌ ചോപ്ര

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, എഴുത്തുകാരൻ, കലാനിരൂപകൻ, പ്രഭാഷകൻ, ബഹുഭാഷാ പണ്ഡിതൻ...

Topics

വിധർമ്മികൾ

മുസ്ലിങ്ങൾക്കെതിരായി നടത്തുന്നതുപോലെ തന്നെ ക്രിസ്ത്യാനികൾക്ക് എതിരായും ഹിന്ദുത്വ ദേശീയവാദികൾ വിദ്വേഷ പ്രചാരണങ്ങൾ...

നവകേരളനിർമിതി പൂർത്തീകരിക്കാൻ  അറുപതിന പരിപാടിയുമായി പ്രകടനപത്രിക 

നവകേരള നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള ജനവിധിക്കു വേണ്ടി 60 ഇന പരിപാടികളുമായി ഇടതുപക്ഷ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 22

മാർക്‌സിനൊപ്പം ഹെഗലിലേക്കെത്തിയ ലെനിൻ ‘‘വൈരുദ്ധ്യവാദത്തെ മാർക്‌സിസ്റ്റ്‌ സിദ്ധാന്തത്തിൽ യഥാസ്ഥാനത്ത്‌, അതായത്‌ കേന്ദ്രസ്ഥാനത്തുതന്നെ പുനഃപ്രതിഷ്‌ഠിച്ച,...

ഉരുളുന്ന ബുൾഡോസർ

മുസ്ലിംവിരുദ്ധ വിദ്വേഷപ്രസംഗങ്ങൾക്ക് പേരുകേട്ടയാളാണ് മുമ്പ് കോൺഗ്രസും ഇപ്പോൾ ബിജെപിയുമായ അസമിലെ മുഖ്യമന്ത്രി...

സുനീത്‌ ചോപ്ര

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, എഴുത്തുകാരൻ, കലാനിരൂപകൻ, പ്രഭാഷകൻ, ബഹുഭാഷാ പണ്ഡിതൻ...

ചരിത്രത്തിലിടംപിടിച്ച ലോകകപ്പ് കിരീടനേട്ടം

ചരിത്രപരമായനേട്ടങ്ങൾ ആവർത്തിച്ചും നിലവിലുള്ള റെക്കോർഡുകൾ തിരുത്തിക്കുറിച്ചുമാണ് 2026-ലെ ട്വന്റി-20 ലോകകപ്പ്കിരീടം ഇന്ത്യ...

പിണറായി വിജയൻ : മുഖം, അഭിമുഖം

മനീഷ് നാരായണനും പിണറായി വിജയനും ''മുഖ്യമന്ത്രി എന്താ ചെയ്യുന്നത്. അമ്പതുമിനിറ്റ് സംസാരിക്കും പത്ത്...

ഹൈക്കോടതി ഇടപെടുന്നു

2024ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, അല്ലെങ്കിൽ അനാവശ്യമായി കടന്നുകയറിയവർ...
spot_img

Related Articles

Popular Categories

spot_imgspot_img