സിപിഐഎമ്മിന്‍റെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ സഖാവ് സീതാറാം യെച്ചൂരിയായിരുന്നു പാര്‍ട്ടി സെക്രട്ടറി. അന്ന് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ “രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥിതി:ബിജെപി” എന്ന ഉപ തലവാചകത്തിന് കീഴില്‍ ഇപ്രകാരമാണ് പറഞ്ഞിട്ടുള്ളത്. ‘പാര്‍ട്ടി പരിപാടി പറയുന്നതുപോലെ ‘ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ വര്‍ഗീയ പരിപാടിയോടു കൂടിയ പിന്തിരിപ്പന്‍ പാര്‍ട്ടിയാണ് ഭാരതീയ ജനതാ പാര്‍ട്ടി. മറ്റു മതങ്ങളോടുള്ള വെറുപ്പും അസഹിഷ്ണുതയും തീവ്രദേശീയതയുടെതായ സങ്കുചിതവാദവുമാണ് അതിന്‍റെ പിന്തിരിപ്പന്‍ ഉള്ളടക്കത്തിന്‍റെ അടിസ്ഥാനം. ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ സ്വയംസേവക സംഘം മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും മേധാവിത്വം വഹിക്കുകയും ചെയ്യുന്നതിനാല്‍ ബിജെപി ഒരു സാധാരണ ബൂര്‍ഷ്വാപാര്‍ട്ടി അല്ല. ബിജെപി അധികാരത്തിലിരിക്കുമ്പോള്‍, ഭരണകൂട അധികാരത്തിന്‍റെ ഉപകരണങ്ങളിലും ഭരണകൂടസംവിധാനത്തിലും ആര്‍എസ്എസിന് ഇടപെടാന്‍ അവസരം കിട്ടുന്നു ‘ബിജെപിയെ പ്രവര്‍ത്തിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസ് ആണ്.’ അതായത് പാര്‍ട്ടിപരിപാടിയില്‍ ബിജെപിയെ കുറിച്ച് പറഞ്ഞിട്ടുള്ളത് ഓര്‍മിപ്പിക്കുകയും അതുകൊണ്ടുതന്നെ അവരില്‍ നിന്ന് ഫാസിസ്റ്റ് സ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട് എന്ന് ജനത്തെയാകെ ബോധ്യപ്പെടുത്തുകയുമാണ് അന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ചെയ്തത്.
ഇരുപത്തിമൂന്നാം പാര്‍ട്ടികോണ്‍ഗ്രസില്‍ അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിലാകട്ടെ ‘കൂടുതല്‍ സീറ്റും കൂടുതല്‍ വോട്ടുവിഹിതവും നേടി ഗവണ്‍മെന്‍റ് വീണ്ടും അധികാരത്തില്‍ വന്നതോടെ ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസിന്‍റെ ഹിന്ദുത്വ അജണ്ട കൂടുതല്‍ അക്രമാത്മകമായി നടപ്പിലാക്കാന്‍ തുടങ്ങി.’ എന്നും ‘വര്‍ഗീയവും ഫാസിസ്റ്റ് സ്വഭാവമുള്ളതുമായ ആര്‍എസ്എസ് നയിക്കുന്ന കൂട്ടുകെട്ട് ഉയര്‍ന്നു വരികയും കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയും ചെയ്യുന്നതോടെ മതനിരപേക്ഷ അടിത്തറക്കുള്ള വെല്ലുവിളി ഭീഷണിയായി മാറുന്നു.’ എന്നുമാണ് പറഞ്ഞിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ 22ഉം 23ഉം പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ഉയര്‍ന്നുവരുന്ന ഫാസിസ്റ്റ് പ്രവണതകളെ കുറിച്ചാണ് സിപിഐഎം വ്യക്തമാക്കിയത്.
യെച്ചൂരി നല്ല വായനക്കാരനായിരുന്നതു കൊണ്ട് അന്ന് ഫാസിസത്തെ ശരിയായി വിലയിരുത്തി; ഇപ്പോള്‍ യച്ചൂരിയില്ലാത്തതു കൊണ്ട് സി പി ഐ എം ഫാസിസത്തോട് മൃദുസമീപനം സ്വീകരിക്കുന്നു; അവരുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണം.
കരട് രാഷ്ട്രീയപ്രമേയത്തില്‍ നവഫാസിസം എന്ന് പ്രയോഗിച്ചത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വെള്ളം ചേര്‍ക്കുന്നതിന് വേണ്ടിയാണെന്നാണ് കോണ്‍ഗ്രസ്സിന്‍റെ ആരോപണം. ഫാസിസത്തിന് തന്നെ ഒട്ടനവധി നിര്‍വചനങ്ങളുണ്ട്. അതില്‍ കമ്യൂണിസ്റ്റുകാര്‍ അംഗീകരിക്കുന്നത് കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റേയും ദിമിത്രോവിന്‍റെയും ഒക്കെ നിര്‍വചനത്തെയാണ്. ‘ഫൈനാന്‍സ് മൂലധനക്കാരില്‍ വെച്ച് ഏറ്റവും പിന്തിരിപ്പനും അങ്ങേയറ്റത്തെ സങ്കുചിത ദേശീയത്വവാദികളും കടുത്ത സാമ്രാജ്യത്വവാദികളുമായ ശക്തികളുടെ പരസ്യവും ഭീകരവുമായ സ്വേഛാധിപത്യമാണ് അധികാരത്തിലേറിയ ഫാസിസം’ എന്നതാണ് ആ നിര്‍വചനം. ഇതില്‍ ഫൈനാന്‍സ് മൂലധനശക്തികള്‍ക്ക് അതായത് ധനമൂലധന ശക്തികള്‍ക്കാണ് പ്രാധാന്യം. ധനമൂലധനം രൂപപ്പെടുന്നത് മാര്‍ക്സിന് ശേഷമുള്ള കാലത്താണ്. സാമ്രാജ്യത്വം മുതലാളിത്തത്തിന്‍റെ പരമോന്നത ഘട്ടം എന്ന പുസ്തകത്തില്‍ ലെനിന്‍ ധനമൂലധന ശക്തികളുടെ വളര്‍ച്ച എങ്ങനെയാണ് സാമാജ്യാധിപത്യ മായി മാറുന്നതെന്ന് വിശദീകരിക്കുന്നുണ്ട്.
‘സാമ്രാജ്യത്വത്തെ കഴിയുന്നത്ര ചുരുക്കി നിര്‍വചിക്കണമെന്നുണ്ടെ ങ്കില്‍, മുതലാളിത്തത്തിന്‍റെ കുത്തകദശയാണ് സാമ്രാജ്യത്വമെന്ന് പറയേണ്ടിവരും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ നിര്‍വചനത്തില്‍ അടങ്ങിയിരിക്കും, കാരണം, ഒരുവശത്ത് കുറച്ച് പടുകൂറ്റന്‍ കുത്തക ബാങ്കുകളുടെ ബാങ്ക് മൂലധനവും വ്യാവസായിക കുത്തക കൂട്ടുകെട്ടുകളുടെ മൂലധനവും ലയിച്ചു ചേര്‍ന്നതാണ് ധനമൂലനം. മറുവശത്ത് യാതൊരു മുതലാളിത്തശക്തിയും പിടിച്ചടക്കാത്ത പ്രദേശങ്ങളിലേക്ക് നിര്‍ബാധം വ്യാപിച്ചിരുന്ന കോളനി നയത്തില്‍ നിന്ന് മുഴുവനും പങ്കിട്ടു കഴിഞ്ഞ ലോകത്തിലെ പ്രദേശങ്ങളെ കുത്തകയാക്കി കൈവശം വയ്ക്കുക എന്ന കോളനിനയത്തിലേക്കുള്ള പരിവര്‍ത്തനമാണ് ലോകം പങ്കിടല്‍’ എന്നാണ് ലെനിന്‍ പറഞ്ഞത്.
എന്നാല്‍ ഇതുകൊണ്ട് സാമ്രാജ്യത്വത്തിന്‍റെ എല്ലാ ഭാവങ്ങളും പ്രകടമാക്കാന്‍ ആവില്ല എന്നതുകൊണ്ട് ഒരു പൂര്‍ണ്ണ നിര്‍വചനം തന്നെ ലെനിന്‍ പിന്നീട് നല്‍കുന്നുണ്ട്.
1: സാമ്പത്തിക ജീവിതത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്ന കുത്തക സൃഷ്ടിക്കത്തക്ക വിധം ഉയര്‍ന്ന ഘട്ടത്തിലേക്ക് ഉത്പാദന ത്തിന്‍റെയും മൂലധനത്തിന്‍റെയും കേന്ദ്രീകരണം വളര്‍ന്നിരിക്കുന്നു.
2: ബാങ്ക് മൂലധനവും വ്യാവസായിക മൂലധനവും തമ്മില്‍ ലയിച്ചു ചേരുകയും ഈ ധന മൂലധനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു ധനമൂലധനസാമ്രാജ്യത്വം സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
3: ചരക്കുകളുടെ കയറ്റുമതിയില്‍ നിന്നും വ്യത്യസ്തമായി മൂലധനത്തിന്‍റെ കയറ്റുമതി അസാമാന്യമായ പ്രാധാന്യമാര്‍ജിക്കുന്നു.
4: സാര്‍വദേശീയ കുത്തകമുതലാളിത്തക്കൂട്ടുകെട്ടുകള്‍ രൂപപ്പെടുകയും ലോകം അവ പങ്കിട്ടെടുക്കുകയും ചെയ്യുന്നു.
5: ഏറ്റവും വലിയ മുതലാളിത്ത ശക്തികള്‍ ലോകത്തെ ആകെ പങ്കിട്ടെടുക്കുന്ന പ്രക്രിയ പൂര്‍ത്തിയായിരിക്കുന്നു. കുത്തകളുടെയും ഫിനാന്‍സ് മൂലധനത്തിന്‍റെയും മേധാവിത്വം സ്ഥാപിക്കപ്പെടുകയും മൂലധനത്തിന്‍റെ കയറ്റുമതി പ്രകടമായ പ്രാധാന്യമര്‍ജിക്കുകയും സാര്‍വദേശീയ ട്രസ്റ്റുകള്‍ ലോകം പങ്കിട്ടെടുക്കാന്‍ തുടങ്ങുകയും ലോകത്തിലുള്ള ഭൂപ്രദേശങ്ങള്‍ മുഴുവനും ഏറ്റവും വലിയ മുതലാളിത്ത ശക്തികള്‍ക്കിടയില്‍ വീതിക്കപ്പെട്ടിരിക്കുന്നത് പൂര്‍ത്തിയാവുകയും ചെയ്തിട്ടുള്ള വികാസദശയിലെത്തിയ മുതലാളിത്തമാണ് സാമ്രാജ്യത്വം.
ലെനിന്‍ സാമ്രാജ്യത്വത്തെ നിര്‍വചിക്കുന്നത് ബ്രിട്ടന്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി തുടരുന്ന കാലത്തായിരുന്നു. ലോകത്തിലെ നല്ലൊരു പങ്ക് രാജ്യങ്ങളും ബ്രിട്ടന്‍റെ കോളനികളായിരുന്നു. ഏറ്റവും വലിയ മുതലാളിത്ത ശക്തികള്‍ ലോകത്തെയാകെ പങ്കിട്ടെടുക്കുന്ന പ്രക്രിയ പൂര്‍ത്തിയായിരിക്കുന്നു എന്ന ലെനിന്‍റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ശരിയായ ഒരു കാലഘട്ടമായിരുന്നു അത്. എന്നാല്‍ സാമ്രാജ്യത്വം എന്നാല്‍ ഈ കോളനി ആധിപത്യം മാത്രമായി ചുരുക്കി കാണുകയല്ല ലെനിന്‍ ചെയ്തത്. പൂര്‍ണ്ണ സ്വതന്ത്രങ്ങളെന്നവകാശപ്പെടുന്ന പരമാധികാര രാഷ്ട്രങ്ങളെ അടക്കം സാമ്രാജ്യത്വത്തിന് കീഴില്‍ കൊണ്ടുവരുന്നതിന് സാമ്രാജ്യത്വത്തിന് കഴിയുമെന്ന് ലെനിന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുത്തന്‍ കൊളോണിയലിസമെന്നും ആഗോളവല്‍ക്കരണം എന്നും ഒക്കെ രണ്ടാം ലോകയുദ്ധാന്തരം പ്രത്യക്ഷപ്പെട്ട സാമ്രാജ്യത്വരൂപങ്ങളെയും ലെനിന്‍ വിശകലനം ചെയ്യുന്നുണ്ട്.
‘ലോകത്തെ സാമ്പത്തികമായി പങ്കിട്ടെടുക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ മുതലാളിമാരുടെ കൂട്ടുകെട്ടുകള്‍ തമ്മില്‍ ചില ബന്ധങ്ങള്‍ വളര്‍ന്നു വരുന്നുണ്ടെന്നും, അതേസമയത്ത് അതിനു സമാന്തരമായും അതിനോട് അനുബന്ധിച്ചും ലോകത്തെ ഭൂവിഭാഗപരമായി പങ്കിട്ടെടുക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ തമ്മില്‍ ചില ബന്ധങ്ങള്‍ വളര്‍ന്നു വരുന്നുണ്ടെന്നും മുതലാളിത്തത്തിന്‍റെ ഏറ്റവും പുതിയ ഘട്ടം നമുക്ക് കാണിച്ചു തരുന്നു’ എന്നാണ് ലെനിന്‍ എഴുതിയത്. കൊളോണിയല്‍ -കൊളോണിയലേതര ബന്ധങ്ങളെ വിശദീകരിച്ചുകൊണ്ട് പരമാധികാര രാജ്യങ്ങളില്‍ സാമ്രാജ്യത്വം ചെലുത്തുന്ന അധീശത്വത്തെയാണ് ലെനിന്‍ വിശദീകരിച്ചത്. ഏറ്റവും പൂര്‍ണ്ണമായ സ്വാതന്ത്ര്യം അനുഭവിക്കുന്ന രാജ്യങ്ങളെപ്പോലും അധീനമാക്കാന്‍ മൂലധനത്തിന് കഴിവുണ്ട്. അത് അവയെ യഥാര്‍ത്ഥത്തില്‍ അധീനമാക്കാറുമുണ്ട്. എല്ലാ സാമ്പത്തിക ബന്ധങ്ങളിലും എല്ലാ സാര്‍വദേശീയ ബന്ധങ്ങളിലും അത് അത്ര വലിയ ഒരു ശക്തിയാണ്. അത്ര നിര്‍ണായകമായ ശക്തിയാണെന്ന് തന്നെ പറയാം. ഇത് ഒന്നുകൂടെ വിശദമാക്കിക്കൊണ്ട് ‘ കോളനി ഉടമകള്‍ എന്നും കോളനികള്‍ എന്നുമുള്ള രണ്ട് മുഖ്യ രാഷ്ട്രസമൂഹങ്ങളില്‍ മാത്രമല്ല ,രാഷ്ട്രീയമായി ഔപചാരിക സ്വാതന്ത്ര്യം ഉണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ധനതന്ത്രപരവും നയതന്ത്രപരവുമായ ആശ്രിതത്വത്തിന്‍റെ വലയില്‍ കുടുങ്ങിക്കിടക്കുന്ന നാനാരൂപത്തിലുള്ള ആശ്രിതത്വ രാജ്യങ്ങളും ഈ കാലഘട്ടത്തിന്‍റെ സവിശേഷതയാണ്’ എന്ന് ലെനിന്‍ പറഞ്ഞുവച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന ദശകങ്ങള്‍ വരെ പണമൂലധനത്തിന്‍റെ കൈകാര്യകര്‍ത്താക്കളായിരുന്ന ബാങ്കുകള്‍ക്കും മറ്റും പ്രധാനമായും രണ്ട് കടമകളാണ് നിര്‍വഹിക്കാനുണ്ടായിരുന്നത്. വ്യവസായ വാണിജ്യരംഗങ്ങളുടെ സുഗമചലനങ്ങള്‍ക്കിണങ്ങും വിധം ഹസ്വകാല വായ്പകള്‍ നല്‍കുക; സര്‍ക്കാരിനും വലിയ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ദീര്‍ഘകാല വായ്പകള്‍ നല്‍കുക എന്നിവയായിരുന്നു പണമൂലധന ത്തിന്‍റെ മുഖ്യകടമയെങ്കില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയായപ്പോള്‍ മൂലധനസഞ്ചയം വ്യവസായ മൂലധനത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. അത് വ്യവസായ വിപ്ലവത്തിന്‍റെ കാലഘട്ടമാ യിരുന്നു. വ്യവസായ മുതലാളിമാരോടൊപ്പം പങ്കാളികളായും മുഖ്യപങ്കാളികളായുമൊക്കെ പണമുതലാളിമാര്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. വന്‍ സാമ്പത്തിക നേട്ടമാണ് ഇതില്‍ നിന്നും ഇരുകൂട്ടര്‍ക്കും ലഭിച്ചത്. വ്യാപാര ബാങ്കര്‍മാര്‍, ഓഹരിദല്ലാളന്മാര്‍, ബോണ്ട് കച്ചവടക്കാര്‍ തുടങ്ങിയവര്‍ ഈ കാലയളവില്‍ രംഗത്ത് വരികയും ഊഹക്കച്ചവടം നടത്തി ധനകാര്യരംഗത്ത് നിന്ന് വന്ന ഘട്ടങ്ങള്‍ കൊയ്തെടുക്കുകയും ചെയ്തു. വ്യവസായ മുതലാളിത്തത്തില്‍ നിന്ന് ഉയിര്‍ കൊണ്ടതെങ്കിലും താരതമ്യേന സ്വതന്ത്രമായ ഒരു ധനകാര്യ ലോകം വളര്‍ന്നു വരാന്‍ തുടങ്ങിയത് ഇക്കാലത്താണ്. എന്നാല്‍ ഈ ധനകാര്യ മൂലധനത്തിന് വ്യവസായ മൂലധനത്തിന് മറികടക്കാന്‍ ആയിരുന്നില്ല. തുടക്കത്തില്‍ വ്യവസായ മൂലധനത്തിന് തന്നെയായിരുന്നു മേധാവിത്വം.
മൂലധന സഞ്ചയം വന്‍തോതില്‍ നടന്നുകൊണ്ടിരുന്ന ഈ കാലത്ത് തന്നെ നിര്‍ണായകമായ മറ്റൊരു മാറ്റം കൂടെ സംഭവിച്ചു. ആഭ്യന്തര യുദ്ധകാലം മുതല്‍ മൊത്തവിലകള്‍ കുറഞ്ഞു വരികയായിരുന്നു. എന്നാല്‍ അത് പത്തൊമ്പതാം നൂറ്റാണ്ടിന് മധ്യത്തില്‍ ഉയരാനുള്ള പ്രവണത കാണിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് വന്‍ വിലക്കയറ്റം ഉണ്ടായി. വിപണികള്‍ക്ക് കൊള്ളാന്‍ ആവുന്നത് എത്രയെന്ന് കണക്കാക്കി അതിനനുസരിച്ച് വില നിശ്ചയിക്കാനും മൂലധന നിക്ഷേപത്തില്‍ കുറവ് വരുത്താനും പുതിയതായി വന്ന കുത്തുക കൂട്ടുകെട്ടുകള്‍ തയ്യാറായി എന്നതായിരുന്നു ഇതിന് കാരണം.
ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ ദീര്‍ഘകാലം മാന്ദ്യത്തോട് അടുത്ത ഒരു സ്ഥിതിവിശേഷത്തിലൂടെയാണ് ലോക സാമ്പത്തിക രംഗം മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. എന്നാല്‍ രൂക്ഷമായ പ്രതിസന്ധി ഉണ്ടാവാതിരുന്നത് ഒന്നാം ലോകയുദ്ധം നടന്നതിനാലാണ്. അതിനെ തുടര്‍ന്ന് ഒരു കുതിച്ചുചാട്ടം ഉണ്ടായി. ഒന്നാം ലോകമഹായുദ്ധം മുതലാളിത്തത്തിന് നേട്ടമുണ്ടാക്കി കൊടുത്തു.
ഈ കാലഘട്ടത്തെ വിലയിരുത്തി കൊണ്ടാണ് സാമ്രാജ്യത്വ ശക്തികള്‍ തമ്മിലുള്ള വൈരുദ്ധ്യം ശക്തിപ്പെടുന്നതിനെ കുറിച്ച് ലെനിന്‍ വിശദീകരിച്ചത്.
ഓട്ടോമൊബൈല്‍ രംഗത്ത് ഉണ്ടായ വിപ്ലവകരമായ മുന്നേറ്റവും അതിന്‍റെ അനന്തരഫലങ്ങളുമായിരുന്നു ഈ കുതിച്ചുചാട്ടത്തിന് കാരണം. എന്നാല്‍ 19-ാം നൂറ്റാണ്ടിന്‍റെ അന്ത്യം മുതല്‍ പ്രകടമായി കൊണ്ടിരുന്ന ഉത്പാദന മാന്ദ്യം പുറത്തുവരാന്‍ അവസരം കാത്തി രിക്കുകയായിരുന്നു. ഇതാണ് 1929 ലെ ധന പ്രതിസന്ധിയും തുടര്‍ന്ന് മുപ്പതുകളിലെ മഹാമാന്ദ്യവുമായി പ്രകടമായത്. മഹാമാന്ദ്യം മുതലാളിത്ത ചരിത്രത്തിലെ ഒരു പുതിയ കാര്യമായിരുന്നു. ഏതാണ്ട് ഒരു ദശക കാലത്തേക്ക് യാതൊരു വളര്‍ച്ചയും ഉണ്ടായില്ല. മൂലധന സഞ്ചയവും നടന്നില്ല. അക്കാലത്ത് ഒരു നിര്‍ണായക മുതലാളിത്തശക്തിയായി വളര്‍ന്നുകഴിഞ്ഞിരുന്ന അമേരിക്കയില്‍ 1933ല്‍ മൊത്തം തൊഴില്‍ സേനയുടെ 25% പേര്‍ തൊഴില്‍രഹിതരാകുന്ന സ്ഥിതിയുണ്ടായി. 1937 ആയിട്ടും തൊഴിലില്ലായ്‌മ 14 ശതമാനത്തില്‍ നിന്ന് കുറഞ്ഞില്ല. മാന്ദ്യത്തിനകത്തു തന്നെ തളര്‍ച്ച പ്രകടമായി. 1938ല്‍ തൊഴിലില്ലായ്മ 19 ശതമാനമായി വര്‍ദ്ധിച്ചു. സമൂഹം മൊത്തം തന്നെ പ്രതിസന്ധിയിലാഴ്ത്തപ്പെടുക എന്ന സ്ഥിതിയുണ്ടായി. റൂസ് വെല്‍ട്ടിന്‍റെ ന്യൂഡീല്‍ പദ്ധതിക്ക് ജനങ്ങളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാനാ യെങ്കിലും ജനപിന്തുണ നഷ്ടപ്പെട്ട് മുതലാളിത്തത്തിന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായത്.
ഈ സ്ഥിതിക്ക് അന്ത്യം ഉണ്ടാക്കിയത് രണ്ടാം ലോക യുദ്ധമാണ്. ജോണ്‍ ഗെന്നത്ത് ഗാല്‍ബ്രെത്ത് പറഞ്ഞതുപോലെ മഹാമാന്ദ്യം അവസാനിക്കുകയല്ല മറിച്ച് അത് യുദ്ധസമ്പദ് വ്യവസ്ഥയില്‍ ഉള്‍ച്ചേര്‍ക്കപ്പെടുകയാണുണ്ടായത്. ഒന്നാം ലോകയുദ്ധാനന്തര കാലത്താണ് ഫാസിസത്തിന്‍റെ ഒന്നാം തരംഗം ഉണ്ടായതെങ്കില്‍ മഹാമാന്ദ്യ കാലത്താണ് ഫാസിസത്തിന്‍റെ രണ്ടാം തരംഗം ഉണ്ടായത്. ഒന്നാം യുദ്ധകാലം ഒരു സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുതലാളിത്തത്തെ രക്ഷിക്കുകയാണ് ചെയ്തത്. അതിന്‍റെ അനന്തര ഫലങ്ങളില്‍ ഒന്നായിരുന്നു ഫാസിസത്തിന്‍റെ ഒന്നാം തരംഗം. അതുപോലെ മഹാമാന്ദ്യത്തിന്‍റെ അനന്തരഫലങ്ങളില്‍ ഒന്നായിരുന്നു ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ഫാസിസത്തിന്‍റെ രണ്ടാം തരംഗം.
കോണ്‍ഗ്രസുകാരോ സ്വത്വവാദ രാഷ്ട്രീയക്കാരോ ഫാസിസത്തെ കാണുന്നത് ഇങ്ങനെയല്ല. സ്വാഭാവികമായി ഉണ്ടായ ഒരു സ്വേച്ഛാധിപത്യ പ്രവണത മാത്രമാണ് അവര്‍ക്ക് ഫാസിസം. പിണറായി വിജയനെപ്പോലും ഫാസിസ്റ്റ് എന്ന് വിളിക്കാന്‍ മടിയില്ലാത്തവരാണവര്‍ .എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ ഫാസിസത്തെ കാണുന്നത് അങ്ങനെയല്ല. മനുഷ്യന്‍റെ സാമൂഹ്യ ജീവിതത്തെ ആത്യന്തികമായി നിര്‍ണയിക്കുന്ന സാമ്പത്തികാടിത്തറയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ രംഗത്ത് വരുന്ന മാറ്റങ്ങളെ വിലയിരുത്തുന്നവരാണ് അവര്‍. ധനമൂലധനശക്തികളുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ എങ്ങനെയാണ് നവലിബറല്‍ സാമ്പത്തിക നയങ്ങളിലേക്ക് നയിച്ചതെ ന്നും ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ക്ലാസിക്കല്‍ ഫാസിസത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് അത് വരുത്തിയതെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ നവ ഫാസിസ്റ്റ് നയങ്ങള്‍ എങ്ങനെയാണ് രൂപപ്പെട്ടതെന്നും ശാസ്ത്രീയമായി വിലയിരുത്തിക്കൊണ്ട് മാത്രമെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മുന്നോട്ടുപോകാനാവൂ. l
(തുടരും)