ലെനിൻ സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 19

ജി വിജയകുമാർ

ബോഗ്‌ദനോവിനും കൂട്ടർക്കുമെതിരായ ആശയസമരം

‘‘ഇല്ലിച്ചിനെ ഗോർക്കി, കാപ്രിയിലേക്ക്‌ ക്ഷണിച്ചു (അക്കാലത്ത്‌ അവിടെയാണ്‌ ബോഗ്‌ദനോവും ബസറോവും മറ്റും താമസിച്ചിരുന്നത്‌); ഒരു പൊതുധാരണയിലെത്തുന്നതിനുവേണ്ടിയായിരുന്നു അത്‌, എന്നാൽ ഇല്ലിച്ചിന്‌ അവിടേക്ക്‌ പോകാൻ താൽപര്യമുണ്ടായിരുന്നില്ല. ഒരു ധാരണയും ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹത്തിന്‌ തോന്നിയിരുന്നു. 1908 ഏപ്രിൽ 16ന്‌ ഗോർക്കിക്കെഴുതിയ കത്തിൽ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി! ‘ഞാൻ വരുന്നത്‌ പ്രയോജനരഹിതവും വിനാശകരവുമാണ്‌. ശാസ്‌ത്രീയ സോഷ്യലിസത്തെയും മതത്തെയും കൂട്ടിക്കുഴച്ച്‌ പ്രചരിപ്പിക്കുന്ന ആളുകളുമായി ഞാനൊരു ബന്ധവുമുണ്ടാക്കില്ല; എനിക്കതിന്‌ കഴിയില്ല… എനിക്ക്‌ അത്തരക്കാരോട്‌ വാദിക്കേണ്ട ഒരു കാര്യവുമില്ല; ഒരു കാര്യവുമില്ലാതെ ആരുമായും വഴക്കിടാനും ഞാനില്ല’.

‘‘എന്നിരുന്നാലും അത്യാവശ്യമായി വന്നേ പറ്റൂവെന്ന ഗോർക്കിയുടെ അഭ്യർഥന മാനിച്ച്‌, ഇല്ലിച്ചിന്‌ മെയ്‌ മാസത്തിൽ കാപ്രിയിലേക്ക്‌ പോകേണ്ടതായി വന്നു; പക്ഷേ അദ്ദേഹം അവിടെ രണ്ടു മൂന്നു ദിവസം മാത്രമേ ചെലവഴിച്ചുള്ളൂ. ഈ സന്ദർശനംകൊണ്ട്‌ ബോഗ്‌ദനോവിന്റെ ദാർശനിക കാഴ്‌ച്ചപ്പാടുമായി അദ്ദേഹം സന്ധിചെയ്യുന്ന സ്ഥിതിയുണ്ടായില്ല. പിന്നീടൊരിക്കൽ ഇല്ലിച്ച്‌ താൻ എന്താണ്‌ ബോഗ്‌ദനോവിനോടും ബസറോവിനോടും പറഞ്ഞതെന്ന്‌ പരാമർശിക്കുന്നുണ്ട്‌: ‘രണ്ടോ മൂന്നോ വർഷത്തേക്ക്‌ നമ്മൾ പിരിഞ്ഞിരിക്കേണ്ടതായി വരുമെന്ന്‌ ഞാൻ ഭയക്കുന്നു.’ ഗോർക്കിയുടെ ഭാര്യ മറിയ ഫ്യോദൊറോവ്‌ന തമാശരൂപേണ അദ്ദേഹത്തോട്‌ സമാധാനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു’’
‐ (ക്രൂപ്‌സ്‌കായ: ലെനിനെക്കുറിച്ചുള്ള സ്‌മരണകൾ)

സോഷ്യൽ ഡെമോക്രാറ്റുകാർക്കിടയിലെ അഭിപ്രായഭിന്നതകൾ ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരുന്നു. ഒരേ പാർട്ടിയിൽ ഇരുവിഭാഗങ്ങൾക്കും തുടരാനാകുമോ അതോ രണ്ടായി പിരിയണമോ എന്ന്‌ ചിന്തിക്കുന്ന ഘട്ടംവരെ അതെത്തി. അതായത്‌, സോഷ്യൽ ഡെമോക്രാറ്റുകാർക്കിടയിലെ അടവുപരവും സംഘടനാപരവുമായ ഭിന്നാഭിപ്രായങ്ങൾ അത്രത്തോളം ഗൗരവമുള്ളതാണോയെന്ന ചിന്തയിലേക്കുതന്നെ അതെത്തി. റഷ്യയിൽ കഴിഞ്ഞിരുന്ന മുൻനിര പ്രവർത്തകരിൽ പലരും ഒപ്പം സാധാരണ പാർട്ടി അംഗങ്ങളും രണ്ടായി പിരിയേണ്ടതിന്റെ ആവശ്യമുണ്ടോയെന്ന ആശങ്കയിലായിരുന്നു. പക്ഷേ, ഉയർന്നുവരുന്ന അഭിപ്രായഭിന്നതകൾക്ക്‌ ആത്യന്തികമായ പരിഹാരം കാണാതെ എങ്ങനെയെങ്കിലും പൊരുത്തപ്പെടുത്തിക്കൊണ്ടുപോകുന്നതിന്റെ ഫലമായി മാറിമാറി ഏതെങ്കിലുമൊരു വിഭാഗം നിയന്ത്രണം പിടിക്കുന്നതിനപ്പുറം വ്യക്തമായ ദിശ നിർണയിക്കാനാവാത്ത സ്ഥിതിയിൽ തുടരുകയായിരുന്നു പാർട്ടി.

ഇക്കാര്യത്തിലെ ലെനിന്റെ നിലപാടിനെക്കുറിച്ച്‌ കമനേവിന്റെ Two Parties (രണ്ടു പാർട്ടികൾ‐ 1911) എന്ന കൃതിയിൽ സൂചിപ്പിക്കുന്നുണ്ട്‌. ‘ഫലത്തിൽ സോഷ്യൽ ഡെമോക്രാറ്റുകാർ രണ്ടു പാർട്ടികളായിതന്നെയാണ്‌ നിൽക്കുന്നത്‌; യഥാർഥത്തിലും അത്‌ രണ്ടായി പിരിയാത്തിടത്തോളം ഫലപ്രദമായ പ്രവർത്തനം അസാധ്യമാണ്‌’. മെൻഷെവിക്‌ ലിക്വിഡേറ്റർമാരെ പുറത്താക്കി പാർട്ടിയെ ശുദ്ധീകരിക്കണമെന്നതുപോലെതന്നെ ബോൾഷെവിക്കുകൾക്കിടയിലെ ‘തിരിച്ചുവിളിക്കൽവാദികളെ’യും (ബോഗ്‌ദനോവും കൂട്ടരും) പാർട്ടിയിൽനിന്ന്‌ ഒഴിവാക്കേണ്ടതാണെന്ന ഉത്തമബോധ്യം ലെനിനുണ്ടായിരുന്നു. സോഷ്യൽ ഡെമോക്രാറ്റുകാർക്കിടയിലെ ഭിന്നാഭിപ്രായങ്ങളുടെ അടിസ്ഥാനകാരണം അടവുപരമോ സംഘടനാപരമോ അല്ലായെന്ന ഉറച്ച ബോധ്യം ലെനിനുണ്ടായിരുന്നു.

ക്രൂപ്‌സ്‌കായയുടെ ഓർമക്കുറിപ്പുകളിൽ സൂചിപ്പിക്കുന്നതുപോലെ അഭിപ്രായഭിന്നതകളുടെ മൂലകാരണം ദാർശനികമാണ്‌, ദാർശനികമായ വ്യത്യസ്‌ത നിലപാടുകളാണ്‌. 1908 നവംബർ 25ന്‌ ഗോർക്കിക്കെഴുതിയ കത്തിൽ ലെനിൻ ഇങ്ങനെ വ്യക്തമാക്കുന്നു.:

‘‘ഭൗതികവാദമോ മാക്കിസമോ (Machism) എന്ന പ്രശ്‌നത്തിന്മേലുള്ള തർക്കത്തിനു പരിഹാരം കാണുന്നതിനുപകരം തൊഴിലാളികളുടെ പാർട്ടിയിൽ വിപ്ലവ സോഷ്യൽ ഡെമോക്രസിയുടെ പ്രയോഗത്തെ തടസ്സപ്പെടുത്തുന്നത്‌ എന്റെ അഭിപ്രായത്തിൽ മാപ്പർഹിക്കാത്ത മണ്ടത്തരമാണ്‌. തത്വശാസ്‌ത്രത്തെ സംബന്ധിച്ച നിലപാടിനായി നാം പൊരുതണം; പാർട്ടിക്കുള്ളിലെ ഒരു പക്ഷമെന്ന നിലയിൽ പ്രോളിത്താറിയും ബോൾഷെവിക്കുകളും ചെയ്യുന്ന രീതിയിലായിരിക്കണം ആ പോരാട്ടം; അങ്ങനെയായാൽ അത്‌ പാർട്ടിയെ ദോഷകരമായി ബാധിക്കില്ല.’’ (ലെനിൻ, ഗോർക്കിക്കെഴുതിയ കത്ത്‌, 1908 നവംബർ 25, Collected Works Vol 13 Page 434)

ഗോർക്കിക്കുള്ള കത്തിൽ താൻ പറഞ്ഞത്‌ അത്ര ശരിയല്ലെന്ന്‌, അത്‌ തിരുത്തപ്പെടേണ്ടതുണ്ടെന്ന്‌ നിരന്തരം നടത്തിയ വായനയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിൽ പിന്നീട്‌ ലെനിന്‌ ബോധ്യമായി. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം സ്വയം തിരുത്തുകയും സ്വതസിദ്ധമായ ശൈലിയിൽ വ്യക്തതയോടെ തന്റെ ദാർശനിക സിദ്ധാന്തം ഇങ്ങനെ അവതരിപ്പിക്കുകയുമുണ്ടായി. ജർമൻ ദാർശനികനായ ഇമ്മാനുവൽ കാന്റുമായി മാർക്‌സിനെ കൂട്ടിക്കെട്ടാനാവില്ല; മാർക്‌സിന്റെ സങ്കൽപ്പനങ്ങൾക്ക്‌ കാന്റിന്റെ അജ്ഞേയവാദവുമായി (agnosticism)വുമായി വിദൂരബന്ധം പോലുമില്ല.

ആ കാലത്ത്‌ പാർട്ടിക്കുള്ളിലെ അടവുപരമായ വിഷയങ്ങളിലെ ചേരിപ്പോരുകൾക്ക്‌ ദാർശനികമായ വാദഗതികൾ മേമ്പൊടിയായി പ്രയോഗിച്ചിരുന്നു. ദാർശനിക നിലപാട്‌ ഇത്തരത്തിൽ അവതരിപ്പിച്ചുകൊണ്ട്‌ തന്റെ പക്ഷത്തിന്റെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ കാഴ്‌ചപ്പാടുകൾ ശക്തിപ്പെടുത്താമെന്ന ധാരണയായിരുന്നു ലെനിന്‌. ‘‘ബൂർഷ്വാ ഭൗതികവാദ’’ത്തെ ചെറുത്തുനിൽക്കാനായി ലെനിൻ ദാർശനിക സംവാദങ്ങളോടുള്ള തന്റെ എതിർപ്പ്‌ കൈവെടിയാൻ തയ്യാറായി. അനുഭവൈക വിമർശനം സംബന്ധിച്ച തന്റെ കൃതിയിൽ (Materialism and Emperio Criticism: Critical Remarks on a Reactionary Philosophy) ലെനിൻ മാർക്‌സിസ്റ്റ്‌ ദാർശനിക പാരന്പര്യത്തിലേക്ക്‌ കടന്നുചെന്ന്‌ ആഴത്തിൽ പരിശോധിക്കുന്നതിനു പകരം പ്ലെഖാനോവിന്റെ ദാർശനിക വീക്ഷണത്തിൽ ഒതുങ്ങിനിൽക്കുകയായിരുന്നു. പ്ലെഖാനോവിന്റെ ഭൗതികവാദ കാഴ്‌ചപ്പാട്‌ അദ്വൈതവാദപരമായ പ്രതിഫലന സിദ്ധാന്തത്തിന്റെ ചട്ടക്കൂടിൽ പ്രതിഷ്‌ഠിക്കപ്പെട്ടതുമാണ്‌. ദാർശനിക സംവാദങ്ങളെ രാഷ്‌ട്രീയപ്രശ്‌നങ്ങളുമായി ചേർത്ത്‌ പരിശോധിച്ചതിന്റെ ഫലമായാണ്‌ ലെനിൻ പ്ലെഖാനോവിന്റെ കാഴ്‌ചപ്പാടിൽ ഒതുങ്ങിനിന്നത്‌.

എന്നിരുന്നാലും പരിമിതികൾ ഏറെയുണ്ടെങ്കിലും ഈ കൃതിയുടെ ദാർശനികമായ വിവക്ഷകളെക്കുറിച്ച്‌ പിൽക്കാലത്ത്‌ ഒട്ടേറെ ചർച്ചകൾ നടന്നിട്ടുണ്ട്‌. അതിൽ ഏറെ പ്രാധാന്യമുള്ളത്‌ ഇറ്റാലിയൻ കമ്യൂണിസ്റ്റ്‌ നേതാവായ അന്റോണിയോ ഗ്രാംഷിയുടെ വ്യാഖ്യാനമാണ്‌. ഗ്രാംഷി ജയിൽ നോട്ട്‌ബുക്കിൽ എഴുതിയത്‌ ഇങ്ങനെയാണ്‌: ‘‘പ്രയോഗത്തിന്റെ തത്വശാസ്‌ത്രത്തെ സംബന്ധിച്ചിടത്തോളം (Philosophy of Praxis എന്നാണ്‌ ഗ്രാംഷി ജയിൽക്കുറിപ്പുകളിൽ മാർക്‌സിസത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്‌) ‘പദാർഥം’ എന്ന വാക്ക്‌ മനസ്സിലാക്കപ്പെടേണ്ടത്‌ പ്രകൃതിശാസ്‌ത്രത്തിൽ ആ വാക്കിന്‌ നൽകപ്പെട്ടിട്ടുള്ള അർഥത്തിലോ ഭൗതികവാദപരമായ പലവിധ അതീന്ദ്രിയ ശാസ്‌ത്രങ്ങളിൽ (metaphysics) നമുക്ക്‌ കാണാനാവുന്ന അർഥത്തിലോ അല്ല… അതുകൊണ്ട്‌ പദാർഥം (Matter) എന്നത്‌ ആ നിലയിൽ നമ്മുടെ വിഷയമല്ല, മറിച്ച്‌ സാമൂഹ്യമായും ചരിത്രപരമായും ഉൽപാദനത്തിനായി അതിനെ എങ്ങനെയാണ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌ എന്നതാണ്‌; പ്രകൃതിശാസ്‌ത്രത്തെ അനുയോജ്യമായ വിധത്തിൽ ചരിത്രപരമായ സംവർഗമായാണ്‌ കാണേണ്ടത്‌; അതായത്‌ ഒരു മാനുഷികബന്ധമായാണ്‌ അതിനെ കാണേണ്ടത്‌’’ (Antonio Gramsci, Selections from the Prison Notebooks, Page 465‐466)

ലെനിന്റെ Materialism and Empirio Criticism: Critical Remarks on A Reactionary Philosophy എന്ന കൃതി പ്രസിദ്ധീകരിച്ചത്‌ 1909 ഏപ്രിൽ 29നും മെയ്‌ 4നും ഇടയ്‌ക്ക്‌ മോസ്‌കോയിലെ സ്വെനൊ (Zveno) എന്ന പ്രസിദ്ധീകരണശാലയാണ്‌. ഇതിനെ ദാർശനിക ഗ്രന്ഥമായും രാഷ്‌ട്രീയ സംവാദത്തിലെ ഇടപെടലായും വേർതിരിച്ചു കാണാനാവില്ല. ലെനിനും ബോഗ്‌ദനോവും തമ്മിലുള്ള തർക്കമാണ്‌ ഈ ഗ്രന്ഥത്തിലുടനീളം നിഴൽവിരിച്ചു നിൽക്കുന്നത്‌. ലെനിൻ ഒരിക്കലുമൊരു ദാർശനിക ഗ്രന്ഥം രചിച്ചിട്ടില്ലായെന്നതാണ്‌ യാഥാർഥ്യം; ഈ ഗ്രന്ഥത്തെ ദാർശനിക മാനങ്ങളുള്ളത്‌ എന്ന്‌ ലെനിൻ അവകാശപ്പെട്ടിട്ടുമില്ല; മാത്രമല്ല, അങ്ങനെയൊരു ഗ്രന്ഥം എഴുതുന്നതിനെക്കുറിച്ച്‌ അദ്ദേഹം ചിന്തിച്ചിരുന്നതുമില്ലയെന്നാണ്‌ തമാസ്‌ ക്രൗസ്‌ അടക്കമുള്ള ലെനിന്റെ ജീവചരിത്രകാരൻ എഴുതുന്നത്‌. പ്രത്യയശാസ്‌ത്രപരമായ സംവാദത്തിന്റെ ചട്ടക്കൂടിനുള്ളിൽനിന്ന്‌ രചിച്ച ഈ ഗ്രന്ഥം ശ്രദ്ധയൂന്നുന്നത്‌ മാർക്‌സിസ്റ്റ്‌ തത്വചിന്തയുടെ സ്വഭാവത്തിലും അതിന്റെ ദൗത്യങ്ങളിലുമാണ്‌. 1909 മാർച്ച്‌ 9ന്‌ (അതായത്‌ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിന്‌ ഒരുമാസം മുന്പ്‌) സഹോദരി അന്നയ്‌ക്കെഴുതിയ കത്തിൽ തന്റെ രാഷ്‌ട്രീയലക്ഷ്യത്തെക്കുറിച്ച്‌ ലെനിൻ തുറന്നെഴുതുന്നുണ്ട്‌. ലെനിനെയും അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ലൈൻ അംഗീകരിക്കുന്ന ബോൾഷെവിക്കുകളെയും വെല്ലുവിളിച്ചുകൊണ്ട്‌ ബോഗ്‌ദനോവിന്റെ നേതൃത്വത്തിൽ തീവ്ര ഇടതുപക്ഷവിഭാഗം ഒരു പാർട്ടി സ്‌കൂൾ സംഘടിപ്പിച്ചു. ആ പാർട്ടി സ്‌കൂൾ യഥാർഥത്തിൽ ഒരു ബദൽ പാർട്ടി ഹെഡ്‌ക്വാർട്ടേഴ്‌സായാണ്‌ സങ്കൽപ്പിക്കപ്പെട്ടത്‌. ഇത്‌ ക്രമേണ ബോഗ്‌ദനോവിനെയും കൂട്ടരെയും ബോൾഷെവിക്‌ പാർട്ടിയിൽ നിന്ന്‌ പുറത്താക്കുന്നതിലാണ്‌ കലാശിച്ചത്‌.

ബോൾഷെവിക്‌ പാർട്ടിയിലെ ഈ ഇടതുവിഭാഗം തങ്ങളുടെ പ്രത്യയശാസ്‌ത്രത്തെ തൊഴിലാളിവർഗ സംസ്‌കാരം, തൊഴിലാളിവർഗ സയൻസ്‌, തൊഴിലാളിവർഗ കല എന്നിങ്ങനെയാണ്‌ വിശേഷിപ്പിച്ചത്‌. മുഖ്യമായും സൗന്ദര്യശാസ്‌ത്ര ചിന്തകളിൽ അഭിരമിച്ചിരുന്ന ലൂണാചാർസ്‌കിയാണ്‌ ബോഗ്‌ദനോവിനു പുറമേ ഈ വിഭാഗത്തിന്റെ സൈദ്ധാന്തിക സങ്കൽപ്പനങ്ങൾ അവതരിപ്പിച്ചത്‌. ‘‘ദൈവത്തെ സൃഷ്ടിക്കൽ’’ എന്ന സങ്കൽപ്പനത്തിലൂടെ ലൂണാചാർസ്‌കി പുതിയൊരു ദാർശനികപദ്ധതിക്ക്‌ തുടക്കമിടുകയാണുണ്ടായത്‌. 1907ൽ അദ്ദേഹം ‘‘ശാസ്‌ത്രീയ സോഷ്യലിസ’’ത്തെ സംബന്ധിച്ച്‌ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി; അതിൽ ‘‘മതത്തിന്റെ പുതിയ, കൂടുതൽ ഉയർന്ന രൂപ’’മായിട്ടാണ്‌ ശാസ്‌ത്രീയ സോഷ്യലിസത്തെ അവതരിപ്പിക്കുന്നത്‌. നന്മയിലും സന്തോഷത്തിലും വിശ്വാസമർപ്പിക്കുന്ന തൊഴിലാളികളെ പഠിപ്പിക്കുന്നതിന്‌ ‘‘മതപരമായ നിരീശ്വരവാദ’’ത്തെ ഉപയോഗിക്കുകയെന്നതായിരുന്നു ലൂണാചാർസ്‌കിയുടെ ലക്ഷ്യം. ലെനിനെ ഇവർ സങ്കുചിതവാദിയെന്നും ‘‘പ്രായോഗിക രാഷ്‌ട്രീയ’’ത്തിനപ്പുറം ഒന്നും കാണാൻ കഴിയാത്തയാളെന്നും ആക്ഷേപിക്കുകയായിരുന്നു. മറിച്ച്‌ 1905ൽ എഴുതിയ ‘‘സോഷ്യലിസവും മതവും’’ എന്ന ലേഖനത്തിൽ ലെനിൻ തൊഴിലാളിവർഗവും മതവും തമ്മിലുള്ള ബന്ധത്തെ അപനിർമിച്ചു. ഈ ലേഖനത്തിൽ മതത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച്‌ പൊതുവിലും അതിന്റെ സാമൂഹ്യദൗത്യത്തെക്കുറിച്ചും മതവിശ്വാസികൾക്കിടയിൽ പ്രവർത്തിക്കേണ്ടതെങ്ങനെയെന്നും ലെനിൻ വിശദമായി പരിശോധിച്ചു. ക്രിസ്‌ത്യൻ മതവിശ്വാസത്തിൽ അടിയുറച്ചുനിൽക്കുകയും അതേസമയംതന്നെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളുമായി സഹകരിക്കുകയും ചെയ്യുന്ന പുരോഹിതരുമായടക്കം ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്യണമെന്ന്‌ അദ്ദേഹം വാദിച്ചു.

ലെനിനെ സംബന്ധിച്ചിടത്തോളം, മതത്തെയും ഭരണകൂടത്തെയും വേറിട്ട്‌ നിർത്തുക എന്നതിനർഥം ഭരണകൂടം മതത്തിന്‌ ഒരുവിധത്തിലുള്ള പിന്തുണയും നൽകാതെ വേറിട്ടുനിൽക്കുകയെന്നാണ്‌; മാത്രമല്ല, പൗരരുടെ മതത്തിന്റെ, മതപരമായ താൽപര്യത്തിന്റെ പിന്നാലെ ഭരണകൂടം പോകരുതെന്നുമാണ്‌. മതത്തെ സംബന്ധിച്ച ലെനിന്റെ കൃത്യമായ നിലപാട്‌ വെളിപ്പെടുത്തുന്നതാണ്, പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ നിരീശ്വരവാദപരമായ യാതൊരു പ്രഖ്യാപനവും നടത്തുന്നില്ലയെന്നത്‌. സോഷ്യലിസവും മതവും എന്ന ലഘുലേഖയിൽ ലെനിൻ കൃത്യമായി മതവുമായുള്ള വൈരുദ്ധ്യാത്മക ബന്ധത്തെ ഇങ്ങനെ അടയാളപ്പെടുത്തുന്നു:

‘‘ഭൂമിയിൽ സ്വർഗം പണിയുന്നതിനുള്ള മർദിതവർഗത്തിന്റെ യഥാർഥത്തിലുള്ള വിപ്ലവപോരാട്ടത്തിലെ ഐക്യം, ദേവലോകത്തിലെ സ്വർഗത്തെ സംബന്ധിച്ചുള്ള തൊഴിലാളിവർഗത്തിന്റെ അഭിപ്രായ ഐക്യത്തെക്കാൾ ഏറെ പ്രാധാന്യമുള്ള കാര്യമാണ്‌. ആ കാരണത്താലാണ്‌ നമ്മുടെ പരിപാടിയിൽ നിരീശ്വരവാദത്തെ നാം ഉൾപ്പെടുത്താതിരുന്നത്‌; നിരീശ്വരവാദം പാർട്ടിയുടെ പരിപാടിയിൽ ഉൾപ്പെടുത്താൻ പാടുള്ളതുമല്ല; അതുകൊണ്ടുതന്നെയാണ്‌ തങ്ങളുടെ പഴയ മുൻവിധികളുടെ അവശിഷ്ടങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ തൊഴിലാളികൾ നമ്മുടെ പാർട്ടിയുമായി സഹകരിക്കുന്നതിനെ നാം വിലക്കാതിരിക്കുന്നത്‌; അങ്ങനെ വിലക്കാനും പാടില്ല’’… (Socialism and Religion, Lenin, Collected Works. Vol 10, Page 87)

എന്നാൽ ലൂണാചാർസ്‌കിയും മാക്‌സിം ഗോർക്കിയും മറ്റും ‘‘ദൈവത്തെ സൃഷ്ടിക്കുന്ന’തിനെതിരായ സംവാദം തുടർന്നു. 1913ൽ ഗോർക്കിക്കെഴുതിയ ഒരു കത്തിൽ ലെനിൻ ഗോർക്കിയെയും ‘‘ദൈവനിർമിതി’’ക്കു ശ്രമിക്കുന്നവരെയും ശകാരിക്കുന്നുണ്ട്‌; അവർ നടത്തുന്നത്‌ ഏറ്റവും ശക്തവും ഒപ്പം ഏറ്റവുമധികം വിനാശകരവുമായ ശത്രുവർഗ പ്രത്യയശാസ്‌ത്രത്തെ സോഷ്യൽ ഡെമോക്രസിയിലേക്ക്‌ ഒളിച്ചുകടത്താനുള്ള നീക്കമാണ്‌ എന്ന നിലപാടാണ്‌ ലെനിൻ മുന്നോട്ടുവെച്ചത്‌. ഈ ശത്രുവർഗ പ്രത്യയശാസ്‌ത്രം മതവും ദൈവസങ്കൽപ്പവുമല്ലാതെ മറ്റൊന്നുമല്ല. ഇവയെയാണ്‌ ബൂർഷ്വാ ജനാധിപത്യ രാജ്യങ്ങളിൽപോലും ജനങ്ങളെ അജ്ഞതയിലും അന്ധകാരത്തിലും ആണ്ടുകഴിയാൻ ഭരണവർഗം ഫലപ്രദമായ ഉപകരണങ്ങളായി ഉപയോഗിക്കുന്നത്‌ എന്നും ലെനിൻ വ്യക്തമാക്കിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ ലൂണാചാർസ്‌കിയുടെയും കൂട്ടരുടെയും ‘‘ദൈവനിർമിതി’’ സംബന്ധിച്ച പ്രത്യയശാസ്‌ത്ര നിലപാടിനെ ലെനിൻ ആവർത്തിച്ച്‌ വിമർശിച്ചുകൊണ്ടിരുന്നത്‌.

മതത്തെ സംബന്ധിച്ച തന്റേതായ സങ്കൽപ്പനത്തെ കൂടുതൽ വ്യക്തതയോടെ അവതരിപ്പിച്ചുകൊണ്ട്‌ 1913 നവംബറിൽ ഗോർക്കിക്ക്‌ ലെനിൻ വീണ്ടും കത്തെഴുതുന്നുണ്ട്‌. ഗോർക്കിയുടെ ദൈവസങ്കൽപ്പത്തെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു ലെനിൻ. ‘‘സമൂഹത്തെ വ്യക്തിയോട്‌ ചേർത്തുനിർത്താനും മൃഗീയമായ വ്യക്തിവാദത്തെ കടിഞ്ഞാണിട്ടു നിർത്താനും പറ്റിയവിധത്തിൽ സാമൂഹിക വികാരങ്ങളെ ഉണർത്താനും സംഘടിപ്പിക്കാനും ഗോത്രവും രാഷ്‌ട്രവും മനുഷ്യനും രൂപംനൽകിയിട്ടുള്ള ആശയങ്ങളുടെ സങ്കീർണതയാണ്‌ ദൈവം’’ എന്നത്രെ മാക്‌സിം ഗോർക്കിയുടെ ദൈവസങ്കൽപ്പം. ഗോർക്കിയുടെ ഈ നിലപാടിനെ ലെനിൻ ഉപമിച്ചിരിക്കുന്നത്‌ ഏറ്റവും മോശപ്പെട്ട രൂപത്തിലുള്ള ക്രിസ്‌ത്യൻ സോഷ്യലിസത്തോടാണ്‌. ഗോർക്കിയുടെ ഉദ്ദേശ്യം എത്രമാത്രം നല്ലതായാലും ‘‘പുരോഹിതരുടെ കളിപ്പീരുപണികൾ’’ ആവർത്തിക്കുന്നിടത്തോളം അദ്ദേഹം ജീർണിക്കുകയാണെന്നും ലെനിൻ വ്യക്തമാക്കി.

വിശ്വാസത്തെയും ദൈവത്തെയുമെല്ലാം വ്യക്തിജീവിതവുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നത്‌ കുറ്റകൃത്യമായിട്ടാണ്‌ ലെനിൻ വിശേഷിപ്പിക്കുന്നത്‌. ദൈവമെന്ന ആശയം വ്യക്തിയെ സമൂഹത്തോട്‌ ചേർത്തുനിർത്തുന്നതല്ലെന്നും മറിച്ച്‌, അത്‌, ‘‘മർദകരുടെ ദൈവീകപ്രകൃതത്തിൽ വിശ്വാസമർപ്പിച്ച മർദിതവർഗങ്ങൾ ആ വിശ്വാസത്തിന്റെ കെട്ടുപാടുകളിൽപ്പെടുകയാണുണ്ടായത്‌’’ എന്നുമാണ്‌ ലെനിന്റെ വാദം. ഗോർക്കിക്കെഴുതിയ കത്തുകളിലാണ്‌ അദ്ദേഹം ഈ ആശയങ്ങൾ അവതരിപ്പിച്ചത്‌.

പ്രത്യയശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ അഭിപ്രായഭിന്നതകൾ നിരവധിയുണ്ടായിട്ടും സാറിസ്റ്റ്‌ ഭരണത്തിനെതിരെ സായുധകലാപത്തിനുള്ള സാധ്യതയിൽ ലെനിനും ബോഗ്‌ദനോവും ഒരേപോലെ വിശ്വസിച്ചു. ശുദ്ധ സോഷ്യലിസ്റ്റ്‌ ബോധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സായുധകലാപത്തെ തൊഴിലാളിവർഗം നെഞ്ചേറ്റുന്നത്‌ എന്നാണ്‌ ബോഗ്‌ദനോവിന്റെ നിലപാട്‌. എന്നാൽ ലെനിനാകട്ടെ, സോഷ്യലിസത്തിനായുള്ള പോരാട്ടമെന്നതിനെക്കാൾ തൊഴിലാളിവർഗത്തിന്റെ ആസന്നമാകുന്ന സായുധപോരാട്ടത്തെ കണ്ടത്‌, മുതലാളിത്തവിരുദ്ധവും സ്വേച്ഛാധിപത്യവിരുദ്ധവുമായ ആശയങ്ങളുടെ പ്രചോദനത്താൽ ജനാധിപത്യത്തിനുവേണ്ടി നടത്തപ്പെടുന്നത്‌ എന്ന നിലയിലാണ്‌. തൊഴിലാളിവർഗ സംസ്‌കാരത്തെ കേന്ദ്രീകരിച്ചുള്ള ശുദ്ധ സോഷ്യലിസ്റ്റ്‌ കാഴ്‌ചപ്പാടിനാണ്‌ ബോഗ്‌ദനോവ്‌ ഊന്നൽ നൽകിയത്‌; അതേസമയം ലെനിൻ തനതായ തൊഴിലാളിവർഗ സംസ്‌കാരത്തിന്റെ സാധ്യതയെത്തന്നെ നിരാകരിക്കുകയാണുണ്ടായത്‌. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ബൂർഷ്വാ സംസ്‌കാരത്തിന്റെ ശരിയായ നേട്ടങ്ങളെയാകെ സ്വായത്തമാക്കുകയാണ്‌ തൊഴിലാളിവർഗത്തിന്റെ പ്രാഥമികമായ കടമ. മാനവരാശി ചരിത്രപരമായി ആർജിച്ച സർവനേട്ടങ്ങളിലും‐ കലയിലും സാഹിത്യത്തിലും ശാസ്‌ത്രത്തിലുമെല്ലാം ഉൾപ്പെടെ‐ അധ്വാനത്തിന്റെ അടയാളം പതിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അവയുടെയെല്ലാം യഥാർഥ അവകാശി അധ്വാനിക്കുന്ന ജനതയാണെന്നുമുള്ള മാർക്‌സിസ്റ്റ്‌ നിലപാടാണ്‌ 1917ലെ വിപ്ലവാനന്തരവും സംസ്‌കാരത്തെ സംബന്ധിച്ച എല്ലാ ചർച്ചകളിലും ലെനിൻ ഉയർത്തിപ്പിടിച്ചത്‌. വർഗസമൂഹത്തിെന്റെ ഉന്മൂലനം എന്ന ആത്യന്തികലക്ഷ്യത്തിലെത്തുന്ന കാലമാകുമ്പോഴേക്കും തൊഴിലാളിവർഗം ആധികാരികമായ വർഗസംസ്‌കാരം വികസിപ്പിച്ചിരിക്കുമെന്നും അപ്പോൾ ഒരു വർഗമെന്ന നിലയിൽ അത്‌ നിലനിൽക്കുന്നുപോലുമുണ്ടാവില്ലായെന്നുമുള്ള ആശയമാണ്‌ വിപ്ലവാനന്തരം ‘‘തൊഴിലാളിവർഗ സംസ്‌കാരവാദി’’കളോട്‌ ലെനിൻ പറഞ്ഞത്‌. ബോഗ്‌ദനോവിന്റെ രാഷ്‌ട്രീയവിരുദ്ധമായ വാദഗതികളെ ലെനിൻ പാടെ തള്ളിക്കളഞ്ഞു എന്നാണ്‌ ജീവചരിത്രകാരനായ തമാസ്‌ ക്രൗസ്‌ ചൂണ്ടിക്കാാണിക്കുന്നത്‌.

വിപ്ലവ മുദ്രാവാക്യങ്ങളെ ലെനിൻ ഒരു ‘രാഷ്‌ട്രീയക്കാരൻ’ എന്ന നിലയിൽ ഡൂമയിലേക്കുളള തിരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി ഉപയോഗിക്കുന്നുവെന്ന പരാതിയും വെപര്യോദിന്റെ ജനീവ സർക്കിളിലെ തന്റെ അനുയായികൾക്ക്‌ 1912 ജൂൺ 23ന്‌ എഴുതിയ കത്തിൽ ബോഗ്‌ദനോവ്‌ ഉന്നയിക്കുന്നുണ്ട്‌. ‘‘ലെനിൻ പ്രതിഭാസം’’എന്ന്‌ ഇതിനെ ആക്ഷേപിക്കുന്ന ബോഗ്‌ദനോവ്‌ പക്ഷേ ആശ്വാസംകൊള്ളുന്നത്, ഈ വിപ്ലവ മുദ്രാവാക്യങ്ങളെയൊന്നും ഡൂമയിലേക്കുള്ള ‘ലെനിന്റെ സ്ഥാനാർഥികൾ സ്വന്തം കീശയിൽ നിന്ന്‌ പുറത്തെടുക്കുന്നില്ലെ’ന്ന്‌ പരിഹസിച്ചാണ്‌. ഇക്കാലത്ത്‌ തങ്ങളാണ്‌ ‘യഥാർഥ ഇടതുപക്ഷം’ എന്ന്‌ മേനിപറഞ്ഞ്‌ വലതുപക്ഷസേവ നടത്തുന്നവരെയാണ്‌ അന്നത്തെ ബോഗ്‌ദനോവുമാർ നമ്മെ ഓർമിപ്പിക്കുന്നത്‌. ‘‘രാഷ്‌ട്രീയം’’ എന്ന വാക്കിനെതന്നെ വെറുപ്പോടെ കണ്ട ബോഗ്‌ദനോവ്‌ തിരഞ്ഞെടുപ്പ്‌ ക്യാന്പയിൻ മെൻഷെവിക്കുകളെ പോലെയാണ്‌ ‘ലെനിൻ പക്ഷ’ക്കാരും ഇടപെടുന്നതെന്നും രണ്ടുകൂട്ടരും തമ്മിൽ ഒരു വ്യത്യാസവും കാണാനാവില്ലെന്നും പറഞ്ഞ്‌ സ്വയം സംതൃപ്‌തി അടയുന്നുമുണ്ട്‌‐ ‘വൃത്തികെട്ട രാഷ്‌ട്രീയ’ത്തിൽനിന്ന്‌ പിന്തിരിയുകയെന്നും സദാ വിപ്ലവമന്ത്രം ഉരുവിടുകയെന്നുമുള്ള ബോഗ്‌ദനോവിന്റെ ലൈനിനോട്‌ ക്രമേണ സ്വന്തം അനുയായികൾതന്നെ അകലുകയാണുണ്ടായത്‌. കൺമുന്നിലുള്ള യഥാർഥ ദൈനംദിന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാനുള്ള പ്രായോഗിക നടപടികളിലേക്ക്‌ തിരിയാൻ നിർബന്ധിതരായ അവർ ലെനിനിസ്റ്റുകളുമായി ഒത്തുചേർന്നു പ്രവർത്തിക്കുന്ന നിലവന്നു.

ഇതേസമയംതന്നെ മെൻഷെവിക്കുകൾക്കെതിരായ പോരാട്ടവും ലെനിൻ തുടർന്നു. 1912ൽ ഡൂമയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തൊഴിലാളി വോട്ടർമാർ പെട്രോഗ്രാഡിൽ 6 ബോൾഷെവിക്കുകാരെ തിരഞ്ഞെടുത്തപ്പോൾ ഒരു മെൻഷെവിക്കിനെപോലും തിരഞ്ഞെടുത്തില്ലയെന്നത്‌ മാർത്തോവിനെയും കൂട്ടരെയും ആശങ്കയിലാഴ്‌ത്തി. പെട്രോഗ്രാഡിലെ മെറ്റൽ വർക്കേഴ്‌സ്‌ യൂണിയനിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിലും ബോൾഷെവിക്ക്‌ വിഭാഗത്തിന്‌ തുടർച്ചയായ വിജയം കരസ്ഥമാക്കാനായതും മെൻഷെവിക്കുകൾക്ക്‌ തിരിച്ചടിയായി. ബോൾഷെവിക്കുകൾക്കുണ്ടായ തുടർച്ചയായ നേട്ടങ്ങളുടെ കാരണം എന്തെന്ന അന്വേഷണം കേവലം സംഘടനാപ്രവർത്തനത്തിലെ ബോൾഷെവിക്കുകളുടെ മികവിലും മെൻഷെവിക്കുകളുടെ പോരായ്‌മയിലും മാത്രമല്ല അന്വേഷിക്കേണ്ടത്‌. മറിച്ച്‌, തൊഴിലാളികളുടെ ദൈനംദിനാവശ്യങ്ങളെയും ഹ്രസ്വകാലാവശ്യങ്ങളെയും തൊഴിലാളിവർഗ സർവാധിപത്യത്തിനായുള്ള പോരാട്ടവുമായി ബന്ധിപ്പിക്കാൻ ബോൾഷെവിക്കുകൾ ശ്രമിച്ചതിന്‌ തൊഴിലാളികളിൽനിന്നു ലഭിച്ച പിന്തുണയുടെ അനന്തരഫലമാണത്‌. മാത്രമല്ല, ബോൾഷെവിക്‌ വിഭാഗം ബഹുജനങ്ങൾക്കിടയിലെ നിയമവിധേയ പ്രവർത്തനത്തെയും ഒളിവിൽ പ്രവർത്തിക്കുന്ന നിയമവിരുദ്ധ സംഘടനയുടെ പ്രവർത്തനത്തെയും സംയോജിപ്പിച്ചാണ്‌ മുന്നോട്ടുനീങ്ങിയത്‌. ഇതിനു തൊഴിലാളികളിൽനിന്ന്‌ അംഗീകാരവും നേടാനായി.

അടിസ്ഥാനപരമായും തത്വചിന്തയുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളാണ്‌ രാഷ്‌ട്രീയവും സംഘടനാപരവുമായി ബോഗ്‌ദനോവും കൂട്ടരുമായുള്ള ലെനിന്റെ അഭിപ്രായവ്യത്യാസങ്ങൾക്കിടയാക്കിയത്‌. എന്നാൽ ആ ഘട്ടത്തിൽ, പ്രത്യേകിച്ച്‌ Materialism and Empirio Criticism എന്ന കൃതി എഴുതിയ ഘട്ടത്തിൽ, ലെനിൻ സ്വീകരിച്ച നിലപാടുകളിൽ പ്ലെഖാനോവിന്റെ സ്വാധീനം വലിയതോതിലുണ്ടായിരുന്നു. അതിലെ പ്രശ്‌നം പ്ലെഖാനോവ്‌ ഭൗതികവാദത്തെ സമീപിച്ചത്‌ വൈരുദ്ധ്യാത്മകമായിട്ടായിരുന്നില്ല, മറിച്ച്‌ അദ്വൈതവാദപരമായിട്ടായിരുന്നു (monism). അതിന്റെ സ്വാധീനം ലെനിന്റെ കൃതിയിൽ ഏറെക്കുറെ നിഴലിച്ചിരുന്നു. എങ്കിലും അക്കാരണത്താൽ മാത്രം ലെനിന്റെ Materialism and Empirio Criticism എന്ന കൃതിയുടെ പ്രാധാന്യം ഇല്ലാതാകുന്നില്ല.

1914ൽ ഒന്നാംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണ്‌ അതൊരനിവാര്യതയായി മാറിയത്‌. സൈബീരിയൻ പ്രവാസ ജീവിതകാലത്തുതന്നെ ലെനിൻ തത്വശാസ്‌ത്രപഠനം തുടങ്ങിയതാണ്‌. പിൽക്കാലത്ത്‌ സംഘടനാപ്രവർത്തനത്തിന്റെ തിരക്കിൽ കഴിയുമ്പോഴെല്ലാം അതിലേക്ക്‌ തിരിഞ്ഞിരുന്നെങ്കിലും പൂർണമായി അതിൽ മുഴുകാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. ഒന്നാം റഷ്യൻ വിപ്ലവത്തിന്‌ തിരിച്ചടിയേറ്റതിനെ തുടർന്നുള്ള കാലത്ത്‌ തത്വശാസ്‌ത്രപഠനത്തിന്‌ അദ്ദേഹം കൂടുതൽ സമയം കണ്ടെത്താൻ ശ്രമിക്കുകയുണ്ടായി. പക്ഷേ, അത്‌ തത്വചിന്തയിൽ കൂടുതൽ പ്രാവീണ്യമുണ്ടായിരുന്ന, ജർമൻ ചിന്തകനായ ഏണസ്റ്റ്‌ മാകിനെ പിന്തുടർന്നിരുന്ന ബോഗ്‌ദനോവിനെ നേരിടുന്നതിൽ കേന്ദ്രീകരിച്ചായിരുന്നു. ആ പരിമിതിയും Materialism and Empirio Criticism എന്ന കൃതിയിൽ പ്രതിഫലിച്ചിരുന്നു. ഹെഗലിയൻ ഡയലക്ടിക്‌സിനെക്കുറിച്ച്‌ ആഴത്തിലുള്ള പഠനം വേണ്ടതുണ്ടെന്ന്‌ അദ്ദേഹത്തിന്‌ അപ്പോഴും ബോധ്യമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം ഈ പഠനത്തിലേർപ്പെട്ടത്‌ അതുസംബന്ധിച്ച ഗ്രന്ഥരചനയ്‌ക്കെന്നതിലുപരി പ്രായോഗിക പ്രവർത്തനത്തിനുള്ള വഴികാട്ടിയായിട്ടായിരുന്നു. ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ രണ്ടാം ഇന്റർനാഷണലിന്റെ നേതാക്കൾ, പ്രത്യേകിച്ച്‌ ലെനിന്റെ ആദ്യകാല വിപ്ലവജീവിതത്തിൽ വഴികാട്ടിയായി അദ്ദേഹം കണക്കാക്കിയ ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയും അതിന്റെ പ്രമുഖ നേതാവായ കാറൽ കൗട്‌സ്‌കിയും മുൻ നിലപാടുകളെല്ലാം ഉപേക്ഷിച്ച്‌ സങ്കുചിത ബൂർഷ്വാ ദേശീയവാദത്തിന്റെ ചെളിക്കുണ്ടിൽ വീണത്‌ എന്തുകൊണ്ടെന്ന അന്വേഷണത്തിനായാണ്‌ ലെനിൻ വൈരുദ്ധ്യവാദത്തെ (Dialetics) കുറിച്ച്‌ ആഴത്തിൽ പഠിക്കാൻ തീരുമാനിച്ചത്‌.

അതിലേക്ക്‌ കടക്കുംമുന്പ്‌ രണ്ടാം പ്രവാസകാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനത്തെയും ജീവിതത്തെയും സംബന്ധിച്ചും ബന്ധങ്ങളെക്കുറിച്ചുംകൂടി പരിശോധിക്കേണ്ടതുണ്ട്‌. l

(തുടരും)

Hot this week

അതിഥി വേഷങ്ങൾ എന്ന കൺകെട്ട്‌

സിനിമയുടെ വികാസത്തിൽ ഏറ്റവും മികച്ച മുഹൂർത്തങ്ങൾ സൃഷ്ടിച്ചവയാണ്‌ അതിഥി വേഷങ്ങൾ. തിയറ്ററിൽ...

പലതരം ജിഹാദുകൾ

ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 2025ൽ 97...

വിദ്വേഷപ്രസംഗത്തിന്റെ വർഗരാഷ്‌ട്രീയം

ഇപ്പോഴത്തെ ആസാം മുഖ്യമന്ത്രിയായ ഹിമന്ദ ബിശ്വ ശർമ്മ കോൺഗ്രസ് പ്രവർത്തകനായാണ് തെരഞ്ഞെടുപ്പു...

വിപഞ്ചികയുടെ അമ്മക്ക് പറയാനുള്ളത് 

സാർവ്വദേശീയ വനിതാദിനത്തിൽ സ്ത്രീപദവിയെ കുറിച്ച് ഒരു തുറന്ന  ചർച്ച ആവാമെന്നാണ് തോന്നുന്നത്...

സ്ത്രീപക്ഷനവകേരളം :സാദ്ധ്യതകൾ വെല്ലുവിളികൾ 

'സ്ത്രീപക്ഷ നവകേരളം' എന്ന ധീരമായ മുദ്രാവാക്യം മുന്നോട്ടു വച്ചു കൊണ്ട് ചരിത്രം...

Topics

അതിഥി വേഷങ്ങൾ എന്ന കൺകെട്ട്‌

സിനിമയുടെ വികാസത്തിൽ ഏറ്റവും മികച്ച മുഹൂർത്തങ്ങൾ സൃഷ്ടിച്ചവയാണ്‌ അതിഥി വേഷങ്ങൾ. തിയറ്ററിൽ...

പലതരം ജിഹാദുകൾ

ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 2025ൽ 97...

വിദ്വേഷപ്രസംഗത്തിന്റെ വർഗരാഷ്‌ട്രീയം

ഇപ്പോഴത്തെ ആസാം മുഖ്യമന്ത്രിയായ ഹിമന്ദ ബിശ്വ ശർമ്മ കോൺഗ്രസ് പ്രവർത്തകനായാണ് തെരഞ്ഞെടുപ്പു...

വിപഞ്ചികയുടെ അമ്മക്ക് പറയാനുള്ളത് 

സാർവ്വദേശീയ വനിതാദിനത്തിൽ സ്ത്രീപദവിയെ കുറിച്ച് ഒരു തുറന്ന  ചർച്ച ആവാമെന്നാണ് തോന്നുന്നത്...

സ്ത്രീപക്ഷനവകേരളം :സാദ്ധ്യതകൾ വെല്ലുവിളികൾ 

'സ്ത്രീപക്ഷ നവകേരളം' എന്ന ധീരമായ മുദ്രാവാക്യം മുന്നോട്ടു വച്ചു കൊണ്ട് ചരിത്രം...

കനൽ വഴികളിലെ നിഴൽ ജീവിതങ്ങൾ

 ഒരു ശലഭമായിരുന്നു വില്ലൻ. സംഭവം നടന്നത് അമേരിക്കയിലെ ഹാർവാർഡിലാണ്. അധികകാലമായില്ല, 1947-ൽ....

ഇറ്റ് ഫോക്ക്: വർത്തമാന ലോകാവസ്ഥയിലേക്ക് തുറക്കുന്ന ജാലകം

ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവെൽ, ഭരത് മുരളി പ്രസിഡൻ്റായിരിക്കുമ്പോൾ സംഗീത നാടക അക്കാദമിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img