അതിഥി വേഷങ്ങൾ എന്ന കൺകെട്ട്‌

കെ എ നിധിൻ നാഥ്‌

സിനിമയുടെ വികാസത്തിൽ ഏറ്റവും മികച്ച മുഹൂർത്തങ്ങൾ സൃഷ്ടിച്ചവയാണ്‌ അതിഥി വേഷങ്ങൾ. തിയറ്ററിൽ സസ്‌പെൻസായി നിലനിർത്തുന്ന ഇ‍ൗ വേഷം പലപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കുന്നതും ആവേശംകൊള്ളിക്കുന്നതുമായിരുന്നു. തിരക്കഥയിൽ നിർണായകമായ രംഗങ്ങളിൽ എത്തി, സിനിമയ്‌ക്ക്‌ വഴിത്തിരിവ്‌ സൃഷ്ടിക്കുന്ന വേഷങ്ങൾക്കായി ഇറക്കുന്ന അതിഥി വേഷങ്ങൾ നായകനെ സഹായിക്കാനോ രക്ഷിക്കാനോ ആണ്‌ പൊതുവിൽ ഉപയോഗിക്കുന്നത്‌. എന്നാൽ മാറിയ മലയാള സിനിമയിൽ വിപണിയിൽ നിന്ന്‌ കൂടുതൽ കളക്ഷൻ നേടാനുള്ള ഉപാധിയായി മാത്രം അതിഥിവേഷം മാറിക്കഴിഞ്ഞിട്ടുണ്ട്‌. പലപ്പോഴും കഥയ്‌ക്ക്‌ ആവശ്യമില്ലെങ്കിലും മുടക്കുമുതൽ തിരിച്ചുപിടിക്കാനുള്ള ഗിമ്മിക്ക്‌ മാത്രമായി ഇതുമാറുകയും ചെയ്യുന്നുണ്ട്‌. മിക്ക ഘട്ടത്തിലും പ്രചാരണ തന്ത്രമായിപോലും അതിഥിവേഷം മാറുന്ന കാഴ്‌ചയാണ്‌ മലയാള സിനിമയിലുണ്ടാകുന്നത്‌.

സമീപകാലത്ത്‌ മലയാളത്തിന്റെ രണ്ട്‌ സൂപ്പർ താരങ്ങളും ഇത്തരത്തിൽ സിനിമകളുടെ ഭാഗമാകുകയും ചെയ്‌തു. മോഹൻലാൽ അതിഥിവേഷത്തിൽ, മമ്മൂട്ടി അതിഥിവേഷത്തിൽ എന്ന പറച്ചലിനപ്പുറം ഇ‍ൗ റോളുകൾക്ക്‌ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്ന യാഥാർഥ്യം തിയറ്റർ വിട്ടിറങ്ങിയ പ്രേക്ഷകരും തിരിച്ചറിഞ്ഞു. സിനിമാ വ്യവസായത്തിന്റെ ഇ‍ൗ കബളിപ്പിക്കൽ വരുംകാലത്ത്‌ സിനിമയെത്തന്നെ ബാധിക്കുന്ന ഒന്നായി മാറുന്ന തരത്തിലാണ്‌ പോകുന്നത്‌.

ചത്താ പച്ചയിലെ മമ്മൂട്ടിയുടെ വാൾട്ടർ എന്ന കഥാപാത്രത്തിന്റെ ആവശ്യകതയെക്കുറിച്ചാണ്‌ കഥാന്ത്യം വലിയ ചർച്ചകളുണ്ടായത്‌. കോസ്‌റ്റ്യും ഗുസ്‌തി സംഘത്തിന്റെ തലവനായ വാൾട്ടറിനെക്കുറിച്ച്‌ സിനിമയിലുടനീളം വലിയ കാഴ്‌ച വാക്കുകളിലൂടെ സൃഷ്ടിക്കുന്നുണ്ട്‌. അതിനൊത്ത ആദ്യഅവതരണവും ഉണ്ട്‌. എന്നാൽ, പിന്നീട്‌ സംഭാഷണം മുതൽ ആക്ഷൻ വരെയുള്ള രംഗങ്ങളിൽ ആ വാക്‌നിർമിതിയോട്‌ നീതിപുലർത്താൻ കഴിയുന്നില്ല. റോഷൻ മാത്യു, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രമായ ഗുസ്‌തി ആസ്‌പദമായ ചിത്രത്തിൽ മമ്മൂട്ടിയും എന്ന പ്രചാരണത്തിനു മാത്രമാണ്‌ ഇത്‌ ഉപകരിച്ചത്‌. ബാബു ആന്റണിയെപ്പോലെ ഒരാൾ മതിയായിരുന്നു വാൾട്ടറായി എന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ വലിയതോത്തിൽ ഉയർന്നതും അതിനാലാണ്‌. അതേസമയം സിനിമയിൽ മമ്മൂട്ടിയുടെ സാന്നിധ്യമുണ്ടെന്ന്‌ നേരത്തെതന്നെ സൂചനകൾ നൽകിയാണ്‌ ചത്താ പച്ചയുടെ പ്രചരണം നടത്തിയത്‌.

മലയാള സിനിമയുടെ പുരോഗമനപരമായ മാറ്റത്തിനൊപ്പം പ്രേക്ഷകർ നിഷ്‌കരുണം തള്ളിക്കളഞ്ഞവരിൽ ഒരാളാണ്‌ ദിലീപ്‌. ഓരോ തവണയും തിരിച്ചുവരവുകളുണ്ടാകുമെന്ന്‌ ആരാധകർ പ്രഖ്യാപിക്കും. എന്നാൽ മാറിയ മലയാള സിനിമയ്‌ക്കൊപ്പം മാറാതെ നിൽക്കുന്ന ദിലീപ്‌ സിനിമകൾ പരാജയപ്പെടും. ഇതിനു ഒരു അറുത്തിവരുത്താനായാണ്‌ മോഹൻലാലിനെ ഭാഗമാക്കി സിനിമ ഒരുക്കിയത്‌. ഭ. ഭ. ബയിൽ മോഹൻലാലിന്റെ അതിഥി വേഷമായിരുന്നു കൂടുതൽ പ്രചാരണം നൽകിയത്‌. അതിന്റെ നേട്ടം ആദ്യ ദിന കളക്ഷനിലുണ്ടായി. പക്ഷേ പിന്നീട്‌ വിമർശനങ്ങളും പരിഹാസവുമായി മാറി. ബോക്‌സോഫീസിൽ കാര്യമായ ചലനങ്ങളും ഉണ്ടായില്ല. ചിത്രം ഒടിടിയിൽ എത്തിയശേഷം വലിയ ട്രോളുകളും സിനിമയെക്കുറിച്ചുണ്ടായി. ഗില്ലി ബാബു എന്ന മോഹൻലാൽ കഥാപാത്രത്തെ മോഹൻലാൽ ആരാധകർ വരെ തള്ളിപ്പറയുന്ന സ്ഥിതിയുമുണ്ടായി. മോഹൻലാലിന്റെയും വിജയ്‌ അടക്കമുള്ള താരങ്ങളുടെ നോസ്റ്റാൾജിക്‌ രംഗങ്ങളുടെയും സംഭാഷണങ്ങുടെയും പുനർനിർമാണമാണ്‌ സിനിമയിലൂടെ ശ്രമിച്ചത്‌. എന്നാൽ അതിഥിവേഷം പ്രേക്ഷകന്‌ സമ്മാനിക്കാറുള്ള ആകാംഷയും പുതുമയും ലഭിക്കാത്തതാണ്‌ ഗില്ലി ബാബുവും ഭ. ഭ. ബയും തിരിച്ചടി നേരിടാൻ കാരണം.

വലിയൊരു സസ്‌പെൻസുണ്ട്‌ എന്ന്‌ പ്രചരിപ്പിച്ചാണ്‌ അബ്രഹാം ഓസ്ലർ എന്ന ജയറാം ചിത്രം എത്തിയത്‌. മലയാള സിനിമയിൽ ത്രില്ലറുടെ വ്യാപനമുണ്ടായ കോവിഡാനന്തര കാലത്താണ്‌ അതേ ജോണറിൽ ചിത്രം എത്തിയത്‌. ഊഹത്തിന്‌ വിടാതെ പ്രേക്ഷകരെ പിടിച്ചിരുത്തുക എന്ന ശ്രമകരമായ ദ‍ൗത്യത്തിലേക്കാണ്‌ അണിയറ പ്രവർത്തകർ സസ്‌പെൻസ്‌ കഥാപാത്രം എന്നത്‌ പ്രചാരണ ആയുധമാക്കി പ്രീ റിലീസ്‌ പബ്ലിസിറ്റി കൊഴുപ്പിച്ചത്‌. ജയറാം അഭിമുഖത്തിൽ പറഞ്ഞപോലെ പ്രേക്ഷകർ എല്ലാം കണ്ടെത്തും അവരിൽ നിന്ന്‌ ഒന്നും ഒളിച്ചുവെക്കാനാകില്ല. പിന്നെ ആ കഥാപാത്രം എപ്പോൾ എങ്ങനെ വരുമെന്നതാണ്‌ വൗ ഫാക്ടർ നിർമിക്കാൻ കഴിയുന്ന മൊമെന്റ്‌. ഇ‍ൗയൊരു ചിന്തയിലാണ്‌ ഓസ്ലർ ഒരുക്കിയത്‌. എബ്രഹാം ഓസ്ലറിൽ മമ്മൂട്ടിയുടെ കഥാപാത്രം അത്ര സസ്‌പെൻസ്‌ ഒന്നുമായിരുന്നില്ല, എവിടെ എപ്പോൾ എന്നതും ഊഹത്തിനുള്ളിലാണ്‌. അതിനാൽ തന്നെ ആദ്യ ഷോ കഴിഞ്ഞ ഉടൻ ആ പോസ്റ്റർ ഔദ്യോഗികമായി പുറത്തുവന്നത്‌ ‘ഇന്ത്യാവിൻ മാപെരിയ നടികൻ’ എന്ന തലവാചകത്തോടെയാണ്‌ പോസ്റ്റർ എത്തിയത്‌. മമ്മൂട്ടി സ്‌റ്റയിലും സ്വാഗുമെല്ലാം ചേർത്താണ്‌ അലക്‌സാണ്ടർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്‌. 45 മിനിറ്റോളം ദൈർഘ്യവും കഥാപാത്രത്തിനുണ്ടായി. പക്ഷേ സ്ഥിരമായി കാണുന്ന മമ്മൂട്ടിയൻ ആഖ്യാനമായിരുന്നു സിനിമയിലും ഉണ്ടായിരുന്നത്‌. പുതിയതായി ഒന്നും ചേർക്കാതെ കാതടപ്പിക്കുന്ന ബിജിഎം ഇട്ട്‌ അവതരിപ്പിക്കുക കൺകെട്ടാണ്‌ സംവിധായകൻ മിഥുൻ മാനുവൽ തോമസ്‌ നടപ്പാക്കിയത്‌. മമ്മൂട്ടി ആദ്യമായി സ്‌ക്രീനിൽ എത്തിയ നിമിഷത്തിലെ ഫാൻഡം കൈയ്യടിക്കപ്പുറം ഒന്നുമുണ്ടായില്ല. സിനിമ എന്ന നിലയിൽ ടോറ്റാലിറ്റിയിൽ ഗുണമുണ്ടാകാൻ അലക്‌സാണ്ടറായി മമ്മൂട്ടിയെ കൊണ്ടുവന്നതിൽ ഉണ്ടായുമില്ല.

ഇങ്ങനെ പാളിപ്പോയ ഒരുപാട്‌ അതിഥി കഥാപാത്രങ്ങൾക്കിടയിൽ സിനിമയെ ആകെ മൊത്തം അടുത്ത തലത്തിലേക്ക്‌ ഉയർത്തിയവയും ഉണ്ട്‌. അതിൽ സമീപകാലത്തുണ്ടായത്‌ ലോക: ചാപ്‌റ്റർ വൺ: ചന്ദ്രയിലാണ്‌. മൂത്തോൻ എന്ന കഥാപാത്രത്തിന്റെ ശബ്ദം മാത്രമാണ്‌ സിനിമയിലുള്ളത്‌. പക്ഷെ ആ അതിഥി ശബ്ദം തിയറ്ററിൽ തീർത്ത കന്പക്കെട്ട്‌ വലുതായിരുന്നു. വരാനിരിക്കുന്ന ഭാഗങ്ങളുടെ സാധ്യത കൂടി സംവിധായകൻ ഡൊമിനിക്‌ അരുണിന്‌ ഉയർത്താനായി. വെറും ഒറ്റവാക്ക് ഡയലോഗിലൂടെയാണ് പ്രേക്ഷകർ മമ്മൂട്ടിയെ തിരിച്ചറിയുന്നതും ആവേശത്തിര തീർത്ത്‌ ആഘോഷിച്ചതും.

മലയാളത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട അതിഥി വേഷം നരസിംഹത്തിലെ മമ്മൂട്ടിയുടെ നന്ദഗോപാൽ മാരാരാണ്‌. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിന്റെ സാധ്യതകളെ മാത്രം മുൻനിർത്തി ഒരുക്കിയ ചിത്രത്തിൽ അയാളുടെ രക്ഷകനായി എത്തുന്ന ആൾ എന്ന സാധ്യതയെയാണ്‌ മമ്മൂട്ടിയിലൂടെ ഉപയോഗിച്ചത്‌. ചത്താപച്ചയിലും ഇ‍ൗ സാധ്യതയുണ്ടായിരുന്നു. എന്നാൽ നരസിംഹത്തിൽ കൃത്യമായി ഉപയോഗിച്ച പോലെ ചത്താപച്ചയിൽ കഴിഞ്ഞില്ല. ‘മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ അതിനായക വേഷമാണ് നരസിംഹത്തിലെ പൂവള്ളി ഇന്ദുചൂഡൻ. ആ കഥാപാത്രം വലിയൊരു പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ അയാളെ സഹായിക്കാൻ എത്തുന്ന കഥാപാത്രമാണ് അഡ്വക്കറ്റ് നന്ദഗോപാൽ മാരാർ. ഇത്തരം സന്ദർഭങ്ങളിൽ കാസ്റ്റിങ് വളരെ പ്രധാനമാണെന്നു സംവിധായകർ പറയുന്നു. താരങ്ങളുടെ ഇമേജ് തന്നെയാണ് പ്രധാന ഘടകം. മോഹൻലാലിനെ സഹായിക്കാൻ ഒരു താരം എത്തുന്നെങ്കിൽ, അതു ലാലിനൊപ്പമോ അതിലുപരിയോ ഇമേജുള്ള നടനായിരിക്കണം. അങ്ങനെ ആര് എന്ന ചോദ്യത്തിനു ഒറ്റ ഉത്തരമേയുള്ളൂ; മമ്മൂട്ടി. ’ എന്നാണ്‌ അഡ്വ. നന്ദഗോപാൽ മാരാരായി മമ്മൂട്ടിയെ അവതരിപ്പിച്ചതിനെക്കുറിച്ച്‌ സംവിധായകൻ ഷാജി കൈലാസ്‌ പറഞ്ഞിട്ടുള്ളത്‌.

ഇതുപോലെ മോഹൻലാലിന്റെ സർപ്രൈസ്‌ വരവിൽ പുതുമയും ആവശ്യകതയും കൃത്യമായി സമ്മേളിച്ച ചിത്രമായിരുന്നു സമ്മർ ഇൻ ബത്‌ലഹേം. മോഹൻലാലിന്റെ നിരഞ്ജൻ ചിത്രീകരണത്തിനിടയിൽ പിറന്ന കഥാപാത്രമാണ്‌. സുരേഷ് ഗോപി, ജയറാം എന്നീ മുൻനിര നായകന്മാർ മത്സരിച്ചഭിനയിക്കുന്ന സിനിമയിൽ അവർക്കു മീതെ നിൽക്കുന്ന ഈ കഥാപാത്രത്തെ ആരെ ഏൽപിക്കും എന്ന സിബി മലയിലും രഞ്ജിത്തും ചേർന്നുള്ള ചർച്ച മോഹൽലാലിൽ എത്തുകയായിരുന്നു.

നിവിൻ പോളി നായകനായ ‘കായംകുളം കൊച്ചുണ്ണി’ യിലെ മോഹൻലാലിന്റെ ഇത്തിക്കരപ്പക്കി ആ സിനിമയുടെ ആശ്വാസമായിരുന്നു. മോഹൻലാൽ നായകനായ നമ്പർ 20 മദ്രാസ് മെയിലിൽ മമ്മൂട്ടി മമ്മൂട്ടിയായി എത്തി. മമ്മൂട്ടി നായകനായ മനു അങ്കിളിൽ മോഹൻലാൽ മോഹൻലാലായും വന്നു. ഇങ്ങനെ രസകരമായ അതിഥി വേഷങ്ങൾ നിറഞ്ഞ മലയാള സിനിമയുടെ ചരിത്രത്തിലേക്കാണ്‌ സമീപകാലത്ത്‌ വിപണി മാത്രം ലക്ഷ്യം വച്ചും സിനിമയുടെ വിജയ ഫോർമുലയായും അതിഥി വേഷങ്ങളെ ഗിമ്മുകളായി നിർമിക്കുന്നത്‌. l

Hot this week

പ്രകൃതിയിലെ വിസ്മയങ്ങൾ- ഗരുഡശലഭം

The southern birdwing എന്നും Sahyadri birdwing എന്നും അറിയപ്പെടുന്ന ഗരുഡശലഭം...

അരാഷ്‌ട്രീയതയുടെ ‘നോബഡി’

നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ...

കുടിയേറ്റ വിരുദ്ധതയുടെ അപാരതയിൽ

അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ ജന്മാവകാശ പൗരത്വം ലഭിക്കുന്നത് നിർത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ്...

അടിയന്തരാവസ്ഥയുടെ ആവർത്തനങ്ങൾ

ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമായ 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥക്കാലത്ത്...

അപൂർണ സ്വപ്നത്തിൻ പ്രതിധ്വനികൾ

എൺപതുകളുടെ തുടക്കത്തിൽത്തന്നെ കേരളത്തിലെ ചിത്രകല നേരിടാനിരിക്കുന്ന വിപത്തുകളെ കുറിച്ചുള്ള സൂചനകൾ നമ്മുടെ...

Topics

പ്രകൃതിയിലെ വിസ്മയങ്ങൾ- ഗരുഡശലഭം

The southern birdwing എന്നും Sahyadri birdwing എന്നും അറിയപ്പെടുന്ന ഗരുഡശലഭം...

അരാഷ്‌ട്രീയതയുടെ ‘നോബഡി’

നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ...

കുടിയേറ്റ വിരുദ്ധതയുടെ അപാരതയിൽ

അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ ജന്മാവകാശ പൗരത്വം ലഭിക്കുന്നത് നിർത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ്...

അടിയന്തരാവസ്ഥയുടെ ആവർത്തനങ്ങൾ

ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമായ 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥക്കാലത്ത്...

അപൂർണ സ്വപ്നത്തിൻ പ്രതിധ്വനികൾ

എൺപതുകളുടെ തുടക്കത്തിൽത്തന്നെ കേരളത്തിലെ ചിത്രകല നേരിടാനിരിക്കുന്ന വിപത്തുകളെ കുറിച്ചുള്ള സൂചനകൾ നമ്മുടെ...

ഇന്ത്യ മാറുമ്പോൾ ഹിറ്റ്ലർമാർ ആത്മഹത്യയിലേക്ക്

ഇൻഡ്യൻ തൊഴിലാളി വർഗവും കർഷകരും യുവജനതയും കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി- കർഷക...

മഞ്ഞണിക്കൊമ്പിൽ നിന്നും പറന്നകന്ന വാനമ്പാടി

കനത്ത വിഷാദം തളം കെട്ടി നിൽക്കുന്ന ഒരു രാത്രിയെ കുറിച്ചോർക്കുക. ആ...

CJP സമരം, ചലോ സൻസദ്: നിരീക്ഷണങ്ങൾ, പ്രതീക്ഷകൾ

കഴിഞ്ഞ മാസം, അതായത് ജൂൺ 20നാണ് കോക്ക്റോച്ച് ജനതാ പാർട്ടിയുടെ സമരം...
spot_img

Related Articles

Popular Categories

spot_imgspot_img