കനൽ വഴികളിലെ നിഴൽ ജീവിതങ്ങൾ

ഡോ സിന്ധു പ്രഭാകരൻ

 രു ശലഭമായിരുന്നു വില്ലൻ. സംഭവം നടന്നത് അമേരിക്കയിലെ ഹാർവാർഡിലാണ്. അധികകാലമായില്ല, 1947-ൽ. മാർക്ക് – II കമ്പ്യൂട്ടറിനുള്ളിൽ കടന്ന ഒരു ശലഭം അതിന്റെ പ്രവർത്തനമാകെ താറുമാറാക്കി. ഗ്രേസ് ഹോപ്പറും സംഘവുമാണ് ആ ശലഭത്തിനെ നീക്കംചെയ്ത് കമ്പ്യൂട്ടറിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കിയത്. ‘First actual case of bug being found’ എന്ന് ലോഗ് ബുക്കിൽ അവർ എഴുതുകയും നീക്കംചെയ്ത ശലഭത്തിനെ അതിലൊട്ടിച്ചു വയ്ക്കുകയും ചെയ്തു. അമേരിക്കയിലെ സ്മിത്ത്സോണിയൻ നാഷണൽ മ്യൂസിയത്തിൽ ഇന്നും ആ നിശാശലഭത്തെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. വിമാന എൻജിനുകളുമായും എൻജിനീയറിങ്ങുമായും ബന്ധപ്പെട്ട് ഡീബഗ്ഗിങ് എന്ന വാക്ക് അതിനുമുമ്പും പ്രയോഗത്തിലുണ്ടായിരുന്നു. എങ്കിലും ഈ സംഭവത്തിനു ശേഷമാണ് കമ്പ്യൂട്ടറുകളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഡീബഗ്ഗിങ് എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങിയത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കൻ നാവികസേനയിലെ ആദ്യകാല കമ്പ്യൂട്ടറുകൾ പ്രവർത്തിപ്പിക്കുന്ന വെറുമൊരു ഉദ്യോഗസ്ഥ മാത്രമായിരുന്നു ഗ്രേസ് ഹോപ്പർ. അതുവരെ കമ്പ്യൂട്ടറുകളെ നിയന്ത്രിച്ചിരുന്നത് സങ്കീർണമായ ഗണിതശാസ്ത്ര കോഡുകളായിരുന്നു. പകരം ഇംഗ്ലീഷ് വാക്കുകളെ അതിന് മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ കമ്പ്യൂട്ടർ കംപൈലർ വികസിപ്പിച്ചതും COBOL എന്ന പ്രോഗ്രാമിങ് ലാംഗ്വേജിന് അടിത്തറ പാകിയതും ഗ്രേസ് ഹോപ്പറാണ്. കമ്പ്യൂട്ടറിന്റെ രംഗത്ത് ഇത്രയും വലിയ സംഭാവന നൽകിയെങ്കിലും അർഹിക്കുന്ന സ്ഥാനം ചരിത്രത്തിൽ അവർക്ക് ലഭിച്ചില്ല. പുരുഷാധിപത്യസമൂഹത്തിന് ഇങ്ങനെയേ പ്രവർത്തിക്കാനാകൂ. അതിനടിയിൽപ്പെട്ട് അമർന്നുപോയ ഒട്ടേറെ ജീവിതങ്ങളുണ്ട്. അവരും കൂടി ചേർന്നാണ് മാനവചരിത്രം സൃഷ്ടിച്ചത്. ഹിസ് സ്റ്റോറിയായല്ല ഹെർ സ്റ്റോറി കൂടിയായി ചരിത്രത്തെ മാറ്റിയെഴുതേണ്ടതുണ്ട്. അത്തരത്തിൽ മാനവരാശിയുടെ പുരോഗതിക്ക് തന്നെ കാരണഭൂതരായ, എന്നാൽ യവനികയ്ക്ക് പിന്നിൽ മാത്രം നിൽക്കേണ്ടിവന്ന പ്രഗൽഭമതികളെ വരച്ചു കാണിക്കുന്ന വേറിട്ടൊരു പുസ്തകമാണ് നിഴൽ ജീവിതങ്ങൾ. തേവര സേക്രട്ട് ഹാർട്ട് കോളേജിലെ ഇംഗ്ലീഷ് അധ്യാപകനും തലശ്ശേരി അതിരൂപതയിലെ വൈദികനുമായ ജോസഫ് കുമ്പുക്കലാണ് ഈ പുസ്തകത്തിൻറെ രചയിതാവ്.

ജോസഫ് കുമ്പുക്കൽ

ലിംഗ സമത്വത്തെ എതിർക്കുന്നവരുടെ പ്രധാന വാദം ഈ കാലത്തിനിടയിൽ എത്ര വനിതകൾ ശാസ്ത്രജ്ഞരായിട്ടുണ്ട് എന്നാണ്. പെണ്ണുങ്ങൾക്ക് അടുക്കളശാസ്ത്രം മാത്രമേ വശമുള്ളൂ എന്ന ന്യായീകരണവും ഒപ്പമുണ്ടാകും. ബുദ്ധിയില്ലെന്നധിക്ഷേപിച്ച്, വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളാകെ നിഷേധിച്ച്, അവളെ പിന്നാമ്പുറങ്ങളിൽ കെട്ടിയിടാനാണല്ലോ ആണധികാരസമൂഹത്തിന് താല്പര്യം. ഇന്ത്യയിൽ മാത്രമല്ല യൂറോപ്പിലാകമാനവും പല  ശാസ്ത്ര സ്ഥാപനങ്ങളും  സ്ത്രീകൾക്കായി തുറന്നു നൽകിയിട്ട് ഒരു നൂറ്റാണ്ടിനിപ്പുറമേ ആയിട്ടുള്ളൂ. കമല സോഹോണിയെ പോലുള്ളവർക്ക് പ്രവേശനം നിഷേധിച്ചത് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണെങ്കിൽ മേരി ആന്നിംഗിന് അംഗത്വം നിഷേധിച്ചത് ലണ്ടൻ ജിയോളജിക്കൽ സൊസൈറ്റിയാണ്.  കണക്കുകൂട്ടുന്നതിനും ജീവനക്കാരായും മാത്രമാണ് ലബോറട്ടറികളിൽ ഈ കാലങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിച്ചിരുന്നത്. എന്നിട്ടും ഇന്ന് നാം കൊട്ടിഘോഷിക്കുന്ന പല സുപ്രധാന നേട്ടങ്ങളുടെയും പിന്നാമ്പുറത്ത് ഈ സ്ത്രീകളുണ്ടായിരുന്നു  എന്നതാണ് സത്യം. അവസരങ്ങൾ എത്ര നിഷേധിച്ചാലും കണ്ടെത്തലുകൾ എത്ര കുഴിച്ചു മൂടിയാലും ഒരുനാൾ അവയൊക്കെ മറനീക്കി പുറത്തുവരുക തന്നെ ചെയ്യും.

‘E=mc2’ എന്ന സമവാക്യത്തിലേക്ക് ആൽബർട്ട്  ഐൻസ്റ്റീനെ  നയിച്ച ചിന്തകളുടെ ഉടമയായ എമിലി ഡു ചാറ്റ് ലെറ്റും മരപ്പണിപ്പുരയിലിരുന്ന് ആറ്റത്തിനുള്ളിലെ ശക്തിയുടെ രഹസ്യം വിശകലനം ചെയ്ത ലിസ് മെയ്റ്റ്നറും കമ്പ്യൂട്ടറിന് ഭാഷ രൂപപ്പെടുത്തിയ അഡാ ലവ് ലേസും പുരുഷാധിപത്യത്തിൻറെ ചവിട്ടടികളിൽപ്പെട്ടു ഞെരിഞ്ഞുപോയവരാണ്. ‘അവൾ മഹാനായ ഒരു പുരുഷനാണ്, അവളുടെ ഏക തെറ്റ് ഒരു സ്ത്രീയായി ജനിച്ചു എന്നതാണ്’ എന്ന് എമിലി ഡു ചാറ്റ് ലെറ്റിനെക്കുറിച്ച് പറഞ്ഞത് മറ്റാരുമല്ല, അവളുടെ കാമുകനും ലോകം പുകഴ്ത്തിയ ശാസ്ത്രജ്ഞനുമായ വോൾട്ടയർ ആണ്. അതുപോലെ നോബൽ സമ്മാനം ഓട്ടോഹാന് ലഭിച്ചപ്പോൾ ലിസ് മെയ്റ്റ്നർ ഒരു സഹായി മാത്രമായി. അഡ ലവ് ലേസിന്റെ കാര്യവും വ്യത്യസ്തമല്ല. കമ്പ്യൂട്ടറിനൊപ്പം ചാൾസ് ബാബേജിന്റെ പേര് ചേർത്തു വായിക്കപ്പെടുമ്പോൾ അത് പ്രവർത്തിപ്പിക്കാൻ ഭാഷ രൂപപ്പെടുത്തിയ അഡയുടേത് വിസ്മൃതയിൽ മറഞ്ഞുപോയ പേരാണ്. 1962-ൽ ജെയിംസ് വാട്സണ് നോബൽ സമ്മാനം ലഭിച്ചത് ഡി എൻ എയുടെ ഘടന കണ്ടെത്തിയതിനാണ്. എന്നാൽ വർഷങ്ങളോളം നോബൽ സമ്മാനം കൈക്കുമ്പിളിൽ സൂക്ഷിച്ച ശേഷമാണ് റോസലിൻഡ് ഫ്രാങ്ക്ളിൻ പകർത്തിയ ‘ഫോട്ടോ 51’ എന്ന ഡിഎൻഎയുടെ ചിത്രം അവരറിയാതെ നോക്കിയതാണ് തന്റെ കണ്ടുപിടുത്തത്തിന്റെ രഹസ്യം എന്നയാൾ ലോകത്തോട് പറഞ്ഞത്. മറ്റുള്ളവർക്ക് വെളിച്ചം നൽകാനായി സ്വയം ഉരുകിത്തീരുന്ന മെഴുകുതിരി പോലെ വരും തലമുറയുടെ അറിവിനായി പ്രവർത്തിക്കുകയായിരുന്നു ഈ വനിതകൾ.

ഇനി ബഹിരാകാശത്തിന്റെ കാര്യമെടുക്കാം. ‘ആ പെൺകുട്ടി എൻറെ കണക്കുകൾ ശരിയാണെന്ന് പറഞ്ഞാൽ മാത്രമേ ഞാൻ ഈ യാത്രയ്ക്ക് തയ്യാറാവൂ’ എന്ന് ബഹിരാകാശ സഞ്ചാരിയായ ജോൺ ഗ്ലെൻ 1962-ൽ പറഞ്ഞത് കാതറീൻ ജോൺസണെ പറ്റിയാണ്. യന്ത്രങ്ങൾ നൽകുന്ന ഉറപ്പിനേക്കാൾ ജോൺ ഗ്ലെൺ വിശ്വസിച്ചത് കാതറിന്റെ കഴിവിനെയായിരുന്നു. ബഹിരാകാശ പേടകത്തിന് ചന്ദ്രനിലേക്കുള്ള കൃത്യമായ പാതയും അവിടെ നിന്ന് തിരികെ ഭൂമിയിലേക്ക് വരാനുള്ള അതിസങ്കീർണമായ വഴികളും കണക്ക് കൂട്ടിയത് കാതറിൻ ജോൺസനായിരുന്നു. എന്നാൽ  ഓരോ ദിവസവും ഓഫീസിൽ നിന്നും അകലെ, കറുത്ത വർഗ്ഗക്കാർക്കായി മാത്രം നിശ്ചയിച്ച ശൗചാലയത്തിലേക്ക് മഴയത്തും വെയിലത്തും അവൾക്ക് ഓടേണ്ടിവന്നത് ചന്ദ്രനിലേക്ക് പോകുന്നതിനേക്കാൾ ദുർഘടമായിരുന്നു. കറുത്ത വർഗ്ഗക്കാരിയായ സ്ത്രീയായതുകൊണ്ട് അവരുണ്ടാക്കിയ നേട്ടങ്ങളുടെ ക്രെഡിറ്റ് നാസ നൽകിയത് വെള്ളക്കാരായ പുരുഷന്മാർക്ക് മാത്രമായിരുന്നു.

ശാസ്ത്രരംഗത്ത് മാത്രമല്ല ഇത്തരം തമസ്കരണങ്ങൾ ഉണ്ടായിട്ടുള്ളത്. സംഗീതലോകത്ത് ഫാനി മെൻഡൽസണും ചിത്രലോകത്ത് മാർഗരറ്റ് കീനും സാഹിത്യലോകത്ത് സോഫിയ ടോൾസ്റ്റോയും സെൽഡ ഫിറ്റ്സ് ജെറാൾഡുമൊക്കെ ഇത്തരത്തിൽ പുറന്തള്ളപ്പെട്ടു പോയവരാണ്. അവരിൽ നിന്നും ലഭിക്കേണ്ടിയിരുന്ന എത്രയെത്ര നേട്ടങ്ങളാവും പുരുഷാധിപത്യ പ്രവണത മൂലം മാനവരാശിക്ക് നഷ്ടമായത്? ഇത്തരത്തിൽ പിന്തള്ളപ്പെട്ടു പോയവരിൽ ഒട്ടേറെ ഇന്ത്യക്കാരുമുണ്ട്. കസ്തൂർബാ ഗാന്ധിയും അന്നാ മാണിയും സാവിത്രി ഭായ് ഫൂലെയും രാജേശ്വരി ചാറ്റർജിയും പി കെ റോസിയും തുടങ്ങി അനവധി നിരവധി പേർ. അവരുടെ മുന്നിൽ കൊട്ടിയടക്കപ്പെട്ടിരുന്ന അവകാശങ്ങളുടെ വാതിലുകൾ തുറന്നു കൊടുത്തിരുന്നെങ്കിൽ മനുഷ്യകുലം ഇതിനകം എത്രയോ മുന്നേറിയിരുന്നേനെ.

ഡോ സിന്ധു പ്രഭാകരൻ

കണ്ടുപിടിത്തങ്ങളുടെ കുത്തക അക്കാദമിക സമൂഹത്തിന് മാത്രമാണെന്ന ചിന്ത ഇരുപതാം നൂറ്റാണ്ടിൽ പോലും രൂഢമൂലമാണ്. മെച്ചപ്പെട്ട വിളവിനായി കർഷകർ പ്രയോഗിക്കുന്ന തന്ത്രങ്ങൾ മിക്കവാറും അവരുടെ പ്രായോഗിക ജീവിതത്തിൽ നിന്നും കണ്ടെത്തുന്നതായിരിക്കും. അതിന് വിദ്യാഭ്യാസത്തിൻറെയല്ല, മറിച്ച് അനുഭവങ്ങളുടെ പിൻബലമാണുണ്ടാവുക. അതുപോലെ തന്നെ ഒരു ലബോറട്ടറി ജീവനക്കാരി കൊറോണ വൈറസിനെ കണ്ടെത്തിയപ്പോഴും അത് അംഗീകരിക്കാൻ ശാസ്ത്രലോകം തയ്യാറായില്ല. 1964-ൽ ജൂൺ അൽമേഡ കണ്ടെത്തിയ വൈറസിനെക്കുറിച്ച് കൂടുതൽ പഠനം അന്ന് നടത്തിയിരുന്നുവെങ്കിൽ ഒരുപക്ഷേ 2019-20 കാലഘട്ടത്തിൽ ലോകം കൊറോണയ്ക്ക് മുന്നിൽ വിറങ്ങലിച്ചു നിൽക്കില്ലായിരുന്നു. അനുഭവജ്ഞാനവും കഠിനാധ്വാനവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ ആർക്കും എന്തും എത്തിപ്പിടിക്കാനാവും. പക്ഷേ അത് അംഗീകരിക്കാൻ കഴിയാത്തത് ആണഹന്തയ്ക്കു മാത്രമാണ്. മനുഷ്യകുലം ഒന്നാകെയാണ് അതിന് വില കൊടുക്കേണ്ടി വന്നത്.

ചരിത്രത്തിലെ ഓരോ മഹാനായ പുരുഷൻ്റേയും പിന്നിൽ തമസ്കരിക്കപ്പെട്ട, അംഗീകരിക്കപ്പെടാത്ത ഒരു മഹാപ്രതിഭയുടെ വിലാപമുണ്ട്, അത് മിക്കപ്പോഴും ഒരു സ്ത്രീയായിരിക്കും. അങ്ങനെയുള്ള ചിലരെയെങ്കിലും പിൽക്കാലം കണ്ടെത്തുകയുണ്ടായിട്ടുണ്ട്. ജീവിച്ചിരുന്ന കാലത്ത് ആരാലും അംഗീകരിക്കപ്പെടാതെ പോയ ഇത്തരത്തിലുള്ള  50 സ്ത്രീ രത്നങ്ങളെ അങ്ങേയറ്റം ശ്രദ്ധയോടെയും പ്രാധാന്യത്തോടെയും അവതരിപ്പിക്കുകയാണ് ആത്മ ബുക്ക്സ് പ്രസിദ്ധീകരിച്ച ‘നിഴൽ ജീവിതങ്ങളിൽ’. ചരിത്രത്തെ ഹെർ സ്റ്റോറിയായി കൂടി ചിത്രീകരിക്കാൻ, ചാരംമൂടിയ മാണിക്യങ്ങളെ കണ്ടെത്താൻ ഒരുപക്ഷേ ഈ പുസ്തകം ഒരു വഴികാട്ടിയായേക്കാം.

Hot this week

ഇറ്റ് ഫോക്ക്: വർത്തമാന ലോകാവസ്ഥയിലേക്ക് തുറക്കുന്ന ജാലകം

ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവെൽ, ഭരത് മുരളി പ്രസിഡൻ്റായിരിക്കുമ്പോൾ സംഗീത നാടക അക്കാദമിയുടെ...

പോരാടേണ്ട അവസ്ഥയുണ്ടെങ്കിൽ പോരാടി തന്നെ മുന്നോട്ടു പോണം

  സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടിയുടെ അഭിനയ സ്വപ്നങ്ങളുടെ തുടക്കം എവിടെ...

എൻ വരദരാജൻ

തമിഴ്‌നാട്ടിലെ മാത്രമല്ല കേരളത്തിലെയും കമ്യൂണിസ്റ്റുകാർക്കിടയിൽ ഏറെ പ്രിയപ്പെട്ട നേതാവാണ്‌ എൻ വരദരാജൻ....

പലതരം ജിഹാദുകൾ

ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 2025ൽ 97...

Topics

ഇറ്റ് ഫോക്ക്: വർത്തമാന ലോകാവസ്ഥയിലേക്ക് തുറക്കുന്ന ജാലകം

ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവെൽ, ഭരത് മുരളി പ്രസിഡൻ്റായിരിക്കുമ്പോൾ സംഗീത നാടക അക്കാദമിയുടെ...

പോരാടേണ്ട അവസ്ഥയുണ്ടെങ്കിൽ പോരാടി തന്നെ മുന്നോട്ടു പോണം

  സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച നടിയുടെ അഭിനയ സ്വപ്നങ്ങളുടെ തുടക്കം എവിടെ...

എൻ വരദരാജൻ

തമിഴ്‌നാട്ടിലെ മാത്രമല്ല കേരളത്തിലെയും കമ്യൂണിസ്റ്റുകാർക്കിടയിൽ ഏറെ പ്രിയപ്പെട്ട നേതാവാണ്‌ എൻ വരദരാജൻ....

പലതരം ജിഹാദുകൾ

ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 2025ൽ 97...

ഭരണകൂട വിലക്കുകളെ മറികടക്കുന്ന ലോക സിനിമ

ലോകപ്രശസ്തനായ ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി എഴുതി സംവിധാനം ചെയ്ത ‘It...

കേരളത്തിന്റെ സർവതലസ്പർശിയായ വികസനം ലക്ഷ്യം

തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു വലിയ ചരിത്രധാരയുടെ ഭാഗമായാണ് ഇന്ന് നാം ഇവിടെ...

പി രാമചന്ദ്രൻ

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ തമിഴ്‌നാട്ടിൽ വേരോട്ടമുണ്ടാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാക്കളിലൊരാളാണ്‌ പി രാമചന്ദ്രൻ....
spot_img

Related Articles

Popular Categories

spot_imgspot_img