എല്ലാ മലയാളിയും ഏതെങ്കിലുമൊരു തരത്തിൽ ഇഷ്ടപ്പെടുന്ന ഒരു മോഹൻലാലുണ്ട്. ഒരു കഥാപാത്രം, ഒരു രംഗം,ഒരു നിമിഷം -ഇങ്ങനെയൊരു മോഹൻലാൽ കഥാപാത്രം ഇഷ്ടപ്പെടാത്ത മലയാളി തീരെ കുറവായിരിക്കും. മലയാളത്തിന്റെ മോഹൻലാലായി അയാൾ മാറിയത് ഈ ഇഷ്ടത്തിന്റെ തണലിലാണ്. മോഹൻലാൽ എന്ന നടൻ താരമെന്ന ലേബലിലേക്ക് വഴിമാറിയിട്ട് കാലമേറെയായി. എന്നാലും ഏതെങ്കിലുമൊരു സിനിമയിൽ പഴയ നടനാകുമെന്ന് മലയാളി ആഗ്രഹിച്ചിരുന്നു. സൂപ്പർ സ്റ്റാർഡത്തിന്റെ ഭാരമില്ലാത്ത ഒരു മോഹൻലാൽ. ആ കാത്തിരിപ്പിലേക്കാണ് തരുൺ മൂർത്തി ‘തുടരും’ സിനിമയിലെ ഷൺമുഖത്തിനെ സാധ്യമാക്കിയത്. മോഹൻലാലിന്റെ നല്ല സിനിമകൾ വരുമ്പോൾ അത് ആഘോഷിക്കുകയും മോശം സിനിമകളിറങ്ങുമ്പോൾ നിശബ്ദമായിരിക്കുന്ന മോഹൻലാൽ ഫാൻസുണ്ട്. അങ്ങനെയുള്ള ലാലേട്ടന്റെ ആരാധകരായ സ്ലീപ്പർ സെൽസിന് വേണ്ടിയുള്ള ചിത്രമാണ് ‘തുടരും’ എന്നാണ് തരുൺ മൂർത്തി റിലീസിന് മുന്നോടിയായി പറഞ്ഞത്. മലയാളി കാണാൻ ആഗ്രഹിക്കുന്ന മോഹൻലാൽ എങ്ങനെയാണ് എന്ന കൃത്യമായ ധാരണയുടെ പുറത്തുള്ള കഥാപാത്ര സൃഷ്ടിയും സിനിമാ ഡിസൈനുമാണ് ‘തുടരും’.

നടൻ മേഹാൻലാൽ എന്ന സാധ്യതയെ കൃത്യമായി ഉൾച്ചേർത്ത ചിത്രമാണ് തുടരും. മലയാളി മനസിൽ ഉറച്ചുകിടക്കുന്ന മോഹൻലാലിനോടുള്ള ഇഷ്ടം എന്ന ഫാക്ട് മീറ്റർ തരുൺ വളരെ കൃത്യമായി ഉപയോഗിച്ചിട്ടുണ്ട്. മോഹൻലാൽ എന്ന താരത്തിന്റെ വളർച്ചയിൽ പിന്നിലേക്കുപോയ നടനുണ്ട്. കഥാപത്രം കടന്നുപോകുന്ന സംഘർഷങ്ങളെല്ലാം നായകന്റെ വീറിന് മുന്നിൽ മാഞ്ഞുപോയിരുന്നു. അതിന്റെയെല്ലാം മടങ്ങിവരവ് കൂടിയാണ് തുടരും. മലയാളത്തിന്റെ മോഹൻലാൽ എന്ന ഇഷ്ടത്തണലിലേക്ക് താരഭാരമില്ലാതെ അയാൾ വീണ്ടമെത്തി എന്നതാണ് തുടരും സിനിമയുടെ ഏറ്റവും വലിയ നേട്ടം. കഴിഞ്ഞ കുറേ നാളുകളായി വന്നുകൊണ്ടിരിക്കുന്ന മോഹൻലാൽ സിനിമകളിൽ ഒരകാലത്തേറെ ഇഷ്ടപ്പെട്ടിരുന്ന, കൊതിപ്പിച്ചിരുന്ന മോഹൻലാൽ എന്ന നടനെയല്ല, താരത്തെ മാത്രമായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്. അതിന് പകരം മലയാളി ഇഷ്ടപ്പെടുന്ന ആഗ്രഹിക്കുന്നൊരു മോഹൻലാൽ എന്ന നടനെ തിരിച്ചുവിളിച്ചു എന്നതാണ് ‘തുടരും’ സിനിമയുടെ പ്രത്യേകത. ആ വിളിയിൽ മോഹൻലാൽ പിന്നിട്ട കാലത്തിന്റെ ഓർമകൾക്കപ്പുറം പുതിയ കാലത്തിനായി കാത്തുവച്ച പകർന്നാട്ടത്തിന്റെ കെട്ടഴിച്ചു.
എമ്പുരാൻ പോലെയുള്ള ചിത്രങ്ങൾ ബോക്‌സോഫീസിന്റെ സാധ്യതകൾ പുനർനിർണയിക്കുമ്പോഴും മലയാളി പൂർണമായും കാണാനാഗ്രഹിച്ച മോഹൻലാൽ അതല്ല എന്ന ചർച്ചയും അതിനൊപ്പം ഉയർന്നിരുന്നു. അതിനുള്ള ഏറ്റവും വലിയ സാക്ഷ്യമായി എമ്പുരാനിലെ മുണ്ടുടുത്ത് മോഹൻലാൽ കഥാപാത്രം വരുന്ന രംഗത്തിന് കിട്ടിയ കൈയ്യടി. മലയാളിക്ക് മോഹൻലാൽ എന്നും സ്വന്തം വീട്ടിലെ ഒരംഗമാണ്. അയാളുടെ കുസൃതി, സന്തോഷം, വിഷമം, നഷ്ടബോധം, നേട്ടങ്ങൾ അതെല്ലാം മലയാളിയുടേതുകൂടിയാക്കി മാറ്റുന്ന ഒരു മോഹൻലാൽ മാന്ത്രികതയിലാണ് മലയാളി അഭിരമിച്ചിരുന്നത്. അതിമാനുഷികനായി നിലകൊള്ളുന്ന മോഹൻലാലിനേക്കാളും ‘ലാലേട്ടന്’ സ്വീകാര്യത കിട്ടുന്നതിന്റെ മൂലധനം ആ ഇഷ്ടമാണ്. ആ സാധ്യതയിലേക്ക് മോഹൻലാലിനെ കൊണ്ടുവരാൻ നന്നായി കഴിയുന്ന സിനിമാ രീതിയാണ് തരുണിന്റേത്. വൈകാരികമായ സന്ദർഭങ്ങളെ കോർത്തെടുത്ത് തരുൺ മൂർത്തി പ്രേക്ഷകനെ കൊണ്ടുപോകുന്ന ഉള്ളുലയ്‌ക്കുന്ന യാത്രയുണ്ട്. ഓപ്പറേഷൻ ജാവയിലും സൗദി വെള്ളക്കയിലും കണ്ട ആ യാത്രയിലേക്ക് ഇത്തവണ മോഹൻലാലിനെയും കൂട്ടുകയാണ്. വൈകാരികമായ കഥാസന്ദർഭങ്ങളെ മോഹൻലാൽ പ്രസന്റ് ചെയ്യുന്നത് കാണാൻ ഒരു അഴകുണ്ട്. ആ കണ്ണുകളിൽ തെളിയുന്ന നൈരാശ്യവും നിസ്സംഗതയുമെല്ലാം നമ്മുടേത് കൂടിയാക്കാൻ മോഹൻലാലിന് നിസാരമായി കഴിയും. ആ മോഹൻലാൽ–- പ്രേക്ഷക ഹൃദയവായ്‌പിന്റെ തിരയടാളമാണ് അക്ഷരാർഥത്തിൽ തുടരും.
നടൻ എന്ന സാധ്യതയിൽ ഊന്നുമ്പോഴും മോഹൻലാൽ എന്ന ബ്രാൻഡ് സൃഷ്ടിക്കുന്ന ആളാരവത്തിലേക്കും സിനിമ നീങ്ങുന്നുണ്ട്. ടൈറ്റിലിൽ തുടങ്ങി ഈ ബ്രില്ല്യൻസ് സിനിമയിലുടനീളമുണ്ട്. എന്നാൽ സിനിമയുടെ കഥയുടെ രസച്ചരടിനെ മുറിക്കാതെ കൃത്യമായി സന്നിവേശിപ്പിക്കുന്നുമുണ്ട് ചിത്രം. ‘When the elephants walk, the forests walks with them’ എന്ന് എഴുതിയാണ് സിനിമ തുടങ്ങുന്നത്. മോഹൻലാൽ എന്ന പേരിനൊപ്പം ഒറ്റക്കൊമ്പൻ നിൽക്കുന്ന ഫ്രെയിം. സിനിമയുടെ അവസാനം ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്ന ‘മോഹൻലാൽ തുടരും’ എന്ന കാർഡ്. ഇതുകൂടാതെ മോഹൻലാലിന്റെ ഐകോണിക്കായ കഥാപാത്രങ്ങൾ, രംഗങ്ങൾ എന്നിവയുടെ ചേർത്തുവെപ്പ് ഇങ്ങനെ വിന്റേജ് എന്ന് വിളിക്കപ്പെടുന്ന കഥാപാത്ര ആഘോഷങ്ങൾ കൂടിയാണ് തുടരും. അതേസമയം പഴയ മോഹൻലാലിനെ പുനർസൃഷ്ടിക്കുക എന്ന അബദ്ധ വ്യായാമത്തിന് തരുൺ മുതിർന്നിട്ടില്ല എന്നതും എടുത്തുപറയേണ്ടതാണ്.
‘വിന്റേജ് എന്നതിനെ വളരെയേറെ ഭയപ്പെടുന്നുണ്ട്. കാരണം, നമുക്ക് വിന്റേജ് ക്രിയേറ്റ് ചെയ്യാൻ കഴിയില്ല. വിന്റേജ് എന്നത് ഓർമകൾ മാത്രമാണ്. നമ്മളതിനെ നല്ല ഭംഗിയുള്ള ഓർമകളായി മാത്രം കണ്ടാൽ മതി. നമ്മുടെ പഴയ കാലം ഒന്നും നമുക്ക് തിരിച്ചുവരുന്ന കാലമല്ല. പഴയ കാലം നമ്മൾ പുനർനിർമിക്കാൻ നോക്കിയാലും അതിങ്ങനെ ഏച്ചുകെട്ടിയിരിക്കും. ലാലേട്ടനെ സംവിധാനം ചെയ്യുന്ന സമയത്ത് പഴയ സിനിമകളുടെ ഫ്ലേവറുകൾ കുത്തിക്കേറ്റുക എന്നുള്ളതിനേക്കാളുപരിയായി പഴയ സിനിമകളിൽ അദ്ദേഹം ഏതുതരം ഇമോഷനിലൂടെ കടന്നുപോയപ്പോഴാണ് പ്രേക്ഷകർ അദ്ദേഹത്തെ ഇഷ്ടപ്പെട്ടത് എന്ന് മനസിലാക്കാൻ ഒരു പഠനം നടത്തി. അത് തിരക്കഥയിലേക്ക് കൊണ്ടുവന്നു. ഇന്ന് നടൻ എന്ന നിലയിൽ അദ്ദേഹത്തിന് എന്ത് ചെയ്യാൻ പറ്റും അത് ഈ സിനിമയിൽ ചെയ്യുന്നുണ്ട്. അത് കാണുമ്പോൾ ചിലപ്പോൾ പണ്ടത്തെ സിനിമയിൽ ലാലേട്ടൻ ചെയ്‌തത് പോലെ തോന്നിയേക്കാം. പക്ഷേ അതൊന്നും പഴയ സിനിമയിലെ പോലെ വേണം എന്നുപറഞ്ഞ് ചെയ്യിപ്പിച്ചതല്ല.’ എന്നാണ് തരുൺ പറഞ്ഞത്. വിന്റേജ് എന്നതിനെ ഭയത്തോടെയാണ് കാണുന്നതെന്ന് തരുൺ പറഞ്ഞത് തിരിച്ചറിവിന്റെ പുറത്തുകൂടിയാണ് എന്ന് സിനിമ തെളിയിക്കുന്നുണ്ട്. ഈ തിരിച്ചറിവാണ് പലരും പരിശ്രമിച്ച് പാളിപോയ സാധ്യതയെ കൃത്യമായ മീറ്ററിൽ സന്നിവേശിപ്പിക്കാൻ തരുണിനെ പ്രാപ്‌തമാക്കിയത്.
കുറേ വർഷങ്ങൾക്ക് മുൻപ് കെ ആർ സുനിൽ എഴുതിയ കഥ, അതിലേക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് തരുൺ സിനിമ ഒരുക്കിയത്. സിനിമയുടെ കഥാവഴിയിൽ വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും അതിനെ അവതരിപ്പിച്ച രീതിയാണ് തുടരും മികച്ച സിനിമയാക്കുന്നത്. മോഹൻലാൽ എന്ന നടനൊപ്പം ആവശ്യമുള്ള ചേരുവകളെല്ലാം കൃത്യമായി ഉൾച്ചേർക്കുന്ന ദൗത്യം മറ്റു അഭിനേതാക്കളും അണിയറ പ്രവർത്തകരും വളരെ സൂക്ഷ്‌മതയോടെ നിർവഹിച്ചു. പാട്ടുകൾ, സംഗീതം എന്നിവ ആവശ്യമുള്ളത് മാത്രം ഉപയോഗിക്കുകയും മറ്റുള്ളവ മാറ്റുകയും ചെയ്‌തു. റിലീസിന് ശേഷം എത്തിയ ‘കൊണ്ടാട്ടം’ പാട്ട് സിനിമയിൽ ഉൾപ്പെടുത്താതെയിരുന്നതുപോലും, സിനിമയുടെ സ്വഭാവത്തിനോട് നീതി പുലർത്തുന്ന ഇടപെടലുകളുടെ കൂടി വിജയമാണ് തുടരും.

ശോഭനയടക്കം മറ്റു അഭിനേതാക്കൾക്ക് കാര്യമായ സംഭാവന ചെയ്യാനുള്ള സാധ്യത സിനിമയിൽ ഇല്ല. എന്നാൽ പൊലീസ് ഉദ്യോഗസ്ഥൻ ജോർജ് ആയി എത്തിയ പ്രകാശ് വർമയുടെ പ്രകടനം സിനിമയെ ഒരു തലം കൂടി ഉയർത്തുന്നുണ്ട്. നായകനെ കരുത്തനാക്കുന്നത് പ്രതിനായകനാണെന്ന പറച്ചിലിന് ജോർജിലൂടെ ‘തുടരും’ അടിവരയിടുന്നുണ്ട്.
താരവഴിയിൽ ആരാധകർക്ക് പോലും നഷ്ടമായിപ്പോയ ഈയൊരു മോഹൻലാലിനെ തരുൺ തിരിച്ചുകൊണ്ടുവന്നു. തിയറ്റർ സ്‌ക്രീനും പ്രേക്ഷകനും തമ്മിൽ അകലം സൃഷ്ടിച്ചുനിർത്തിയിരുന്ന പടങ്ങളുടെ വലിയ കാലത്തിൽ നിന്നുള്ള ഷിഫ്‌റ്റ്. ഷൺമുഖം ചിരിക്കുമ്പോൾ ഒപ്പം ചിരിക്കാനും, കരയുമ്പോൾ പ്രേക്ഷകന്റെ കൂടി കണ്ണുനിറയാനും ‘പണ്ടത്തെ മോഹൻലാൽ’ എന്നതിൽ നിന്ന് എന്നും ഇതാണ് മോഹൻലാൽ എന്ന് പറയാൻ കഴിയുന്ന സാഹചര്യം ‘തുടരും’ സൃഷ്ടിച്ചു. മലയാളത്തിന്റെ മോഹൻലാൽ തുടരും എന്ന് സിനിമ കണ്ട പ്രക്ഷേകരുടെ പ്രഖ്യാപനം അഭിനേതാവ് എന്ന നിലയിൽ മോഹൻലാലും അദ്ദേഹത്തെ വച്ച് സിനിമ ചെയ്യുന്നവർക്കും വലിയ ആലോചനകൾക്ക് വഴിതുറക്കുന്നതാണ്. l