മൗനം എന്ന രാഷ്‌ട്രഭാഷ

മിനി പ്രസാദ്‌

പരനോടുള്ള കരുതലും പരസ്‌പരവിശ്വാസവും സ്‌നേഹവും നിറഞ്ഞുനിന്ന ഒരു ദേശമായിരുന്നതിനാലാണ്‌ ലോകത്തിലെ ഏറ്റവും വലിയ മതനിരപേക്ഷ ജനാധിപത്യരാഷ്‌ട്രം എന്ന പേര്‌ ഇന്ത്യക്ക്‌ കൈവന്നത്‌. ആ പേര്‌ അതിന്റെ എല്ലാ അന്തസ്സോടും നിലനിർത്താൻ നമ്മുടെ ഭരണാധികാരികൾ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്‌തിരുന്നു. അതേ രാജ്യമാണ്‌ ഒരു മതത്തിന്റെ പരീക്ഷണശാലയായി ഇന്ന്‌ മാറ്റിക്കൊണ്ടിരിക്കുന്നത്‌. അന്ധവിശ്വാസങ്ങളിലൂടെ പുരാണകഥകളിലൂടെ അതിനോട്‌ ചേർത്ത്‌ വളർത്തിയെടുക്കുന്ന ആരാധനാസമ്പ്രദായങ്ങളിലൂടെ ഒരു ജനതയെ ഭരണകൂടം മാറ്റിമറിക്കുന്നു. ചിന്തകളെ വശീകരിക്കുന്നു. പ്രജ്ഞകളിലേക്ക്‌ അപരമതവിദ്വേഷം കടത്തിവിടാൻ ഈ രാജ്യം മുഴുവൻ അപഹരിച്ചുകൊണ്ടുപോയവരാണ്‌ എന്ന വിദ്വേഷം കുത്തിച്ചെലുത്തിക്കൊണ്ട്‌ ഉപദ്രവിച്ച്‌ ഓടിക്കാൻ ഭരണകൂടം തന്നെ ആഹ്വാനം ചെയ്യുകയും അതിന്‌ സകല ഒത്താശകളും ചെയ്യുകയും ചെയ്യുന്നു. അങ്ങനെ കലാപങ്ങളും ചുട്ടുകൊല്ലലും നടത്തുവാൻ അവർക്ക്‌ മടിയില്ലാതെ വരുന്നു.

ഐസക് ഈപ്പൻ

അക്രമകാരികൾ രക്ഷപ്പെടുകയും ഇരകൾ കുറ്റവാളികളാവുകയും ചെയ്യുന്ന സമകാല ഇന്ത്യൻ അവസ്ഥയിൽ പ്രതിരോധ അടിച്ചമർത്തപ്പെടുമ്പോഴും എഴുത്തുകാരും കലാകാരരും പ്രതിഷേധിച്ചുകൊണ്ടേയിരിക്കും. കാരണം വർത്തമാനകാല സാഹചര്യങ്ങളോട്‌ കലഹിച്ചുകൊണ്ടു മാത്രമേ കലാകാരന്‌ നിലനിൽക്കാനാവൂ. അത്തരം പ്രതിഷേധമാണ്‌ ഐസക്‌ ഈപ്പൻ തന്റെ കഥകളിലൂടെ നടത്തുന്നത്‌. പുതിയ കഥാസമാഹാരമായ ‘സെർട്ടോ ഏലിയോസി’ലൂടെയും അദ്ദേഹം സമകാല ഇന്ത്യൻ അവസ്ഥയുടെ ഇരുണ്ട മുഖം അനാവരണം ചെയ്യുന്നു.

ഡോ.മിനിപ്രസാദ്

സമീപകാലത്ത്‌ അദ്ദേഹം എഴുതിയ പത്തു കഥകളുടെ സമാഹാരമാണ്‌ സെർട്ടോ ഏലിയോസ്‌. മതഫാസിസം വളർത്തുന്ന അപരജീവിത വിദ്വേഷങ്ങളും ഉന്മൂല മനോഭാവവും ഈ കഥകളിൽ അനാവരണം ചെയ്യപ്പെടുന്നു. എന്തിനെന്നറിയാത്ത ഒരു ഭയം മതവിശ്വാസത്തിന്റെയും നാമത്തിന്റെയും പേരിൽപോലും മനുഷ്യരെ ഒറ്റപ്പെടുത്തുന്ന നിഷ്‌ഠൂര മനോഭാവത്തിന്റെ ക്രൂരമുഖമാണ്‌ അവതരിപ്പിക്കപ്പെട്ടത്‌. ഹമീദ്‌ ഹുസൈൻ എന്ന ഒരു മനുഷ്യൻ തന്റെ ജീവിതം മാറിമറിഞ്ഞുപോയ കാലത്തെപ്പറ്റി ഓർമപ്പെടുത്തുകയാണ്‌ ആഴം എന്ന കഥയിൽ. ബാല്യകാലത്തെപ്പറ്റിയും സ്‌കൂൾ ജീവിതത്തെപ്പറ്റിയും ഗോപാൽ, കിഷോർ, സുവിദ എന്നിങ്ങനെയുള്ള സുഹൃത്തുക്കളെപ്പറ്റിയും ഓർത്തെടുക്കുന്നു. ‘‘മാതൃഭാഷ കഴിഞ്ഞാൽ ഞാൻ പഠിച്ച ഒരൊറ്റ ഭാഷയേയുള്ളൂ അതിന്റെ പേര്‌ സ്‌നേഹമെന്നായിരുന്നു. സത്യമായിട്ടും അവരൊക്കെ ഏത്‌ ജാതിയിൽ അല്ലെങ്കിൽ മതത്തിൽപ്പെട്ടവരാണെന്ന്‌ അന്നും ഇന്നും എനിക്കറിയില്ല’’. അങ്ങനെ ചെറിയ സമ്മാനങ്ങൾ പരസ്‌പരം പങ്കുവെച്ച്‌ കഴിഞ്ഞുപോയ ആ കാലത്തെ ‘സമത്വസുന്ദരകാലം’ എന്നാണ്‌ അയാൾ വിശേഷിപ്പിക്കുന്നത്‌. അതേസമയത്ത്‌ ഉള്ളിലൊരു ചോദ്യം ഉയർന്നുവരുന്നുമുണ്ട്‌. ആരാണ്‌ മനുഷ്യരിലൊക്കെ വിഷം നിറച്ചുവെക്കുന്നത്‌? എന്നു ചോദിക്കുന്നത്‌ അയാൾക്ക്‌ ജീവിതം നൽകിയ അനുഭവങ്ങളിൽനിന്നാണ്‌. ഉത്സവങ്ങളിൽ വളയും ആഭരണങ്ങളും വിറ്റുനടന്ന അയാളുടെ ബാപ്പ കൊലചെയ്യപ്പെടുന്നത്‌ മതത്തിന്റെ പേരിലാണ്‌. ബിരുദവിദ്യാർഥിയായിരുന്ന ഹമീദ്‌ ആ കച്ചവടം ഏറ്റെടുത്തപ്പോൾ അയാൾക്ക്‌ വ്യക്തമായി വന്ന ഒരു പേടിയുണ്ട്‌. കുട്ടിക്കാലത്തോ കൗമാരത്തിലോ അത്തരമൊരു പേടി തന്നിലേക്ക്‌ വന്നുനിറഞ്ഞിട്ടില്ലെന്ന്‌ അയാൾ ഓർക്കുന്നു. ചുറ്റുമുള്ള മനുഷ്യരെ, അവരുടെ നോട്ടങ്ങളെയൊക്കെ ഭയപ്പെടാൻ തുടങ്ങുന്നൊരു അവസ്ഥയായിരുന്നു അത്‌. അതിന്റെ ബാക്കി ‘‘ആരോ എപ്പോഴും നമ്മളെ പിന്തുടരുന്നതുപോലെ. ജീവിതംപോലെ നെഞ്ചിലേറ്റിയ ഈ പട്ടണത്തിൽ ഞാൻ അന്യനാവുന്നതുപോലെ. ഞാൻ ജനിച്ചുവളർന്ന അഭിമാനത്തോടെ പറഞ്ഞുനടന്ന ഒരു രാഷ്‌ട്രം മുഴുവനായും അന്യമാവുന്നതുപോലെ ഓരോ ഇടങ്ങളിൽനിന്നും നമ്മളെ ആരൊക്കെയോ ചേർന്ന്‌ തൂത്തെറിയുന്നതുപോലെ…’’ എന്ന്‌ ഹമീദ്‌ വെളിപ്പെടുത്തുന്നു. മതവിശ്വാസത്തിന്റെയും പേരിന്റെയും അടിസ്ഥാനത്തിൽ അന്യനാവുന്ന ഇന്ത്യൻ അവസ്ഥ ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നു. ആൾക്കൂട്ടങ്ങളെ ഭയമാവുന്നു. വളയും ചാന്തുമൊക്കെ വിൽക്കുന്നത്‌ ഹമീദ്‌ അവസാനിപ്പിക്കുന്നതും ഭയംകൊണ്ടാണ്‌. തന്നെ ആരെങ്കിലും തിരിച്ചറിഞ്ഞേക്കുമോ എന്ന ഭയമാണ്‌ മുഖ്യം. അവസാനം അവർ താമസിച്ചിരുന്ന ഗലിയെ കലാപം വിഴുങ്ങുകയും ഹമീദ്‌ അവിടംവിട്ട്‌ ഓടിപ്പോവുകയും ചെയ്യുന്നു. സ്വന്തം നിലനിൽപ്പിനായി അവിടെ അയാൾക്ക്‌ രാമദാസ്‌ എന്ന പേര്‌ സ്വീകരിക്കേണ്ടിവരുന്നു. കോളേജ്‌ അധ്യാപകനായിത്തീർന്ന പഴയ സ്‌നേഹിതൻ പറഞ്ഞ ഒരു വാക്യം ഓർമയിൽ തികട്ടിനിൽപ്പുണ്ട്‌. ഒരു പേരിൽ എന്തിരിക്കുന്നുവെന്ന്‌ പണ്ട്‌ ഷേക്‌സ്‌പിയർ പറഞ്ഞിട്ടുണ്ട്‌ എന്നത്‌. പക്ഷേ ഈ രാജ്യത്ത്‌ ഇപ്പോഴായിരുന്നു ജനിച്ചിരുന്നതെങ്കിൽ ഒരു പേരാണ്‌ എല്ലാമെന്ന്‌ തിരുത്തിയേനെ എന്നു പറയുമ്പോൾ സ്വന്തമായിരുന്ന ഒരു പേരിന്റെ ഭാരം അയാളെ എത്ര വീർപ്പുമുട്ടിച്ചിരുന്നു എന്നുകൂടി മനസ്സിലാക്കണം.

മണിപ്പൂരിൽ സംഭവിച്ച അതിക്രൂരമായ കടന്നാക്രമണങ്ങൾ ഇന്ത്യയുടെ ചരിത്രത്തിലെയും സംസ്‌കാരത്തിലെയും ഉണങ്ങാത്ത മുറിവാണ്‌. അവിടെ സമാധാനപരമായി ജീവിച്ച ഒരു ജനസമുഹത്തെ അവിടെനിന്ന്‌ ഒഴിവാക്കാനായി ബോധപൂർവം സൃഷ്ടിച്ചെടുത്ത കലാപങ്ങളായിരുന്നുവെന്ന്‌ ഇന്ന്‌ വ്യക്തമാണ്‌. ആ കലാപത്തെ ആ പ്രദേശത്തെ രണ്ട്‌ ഗോത്രങ്ങൾ തമ്മിലുള്ള കലാപമാക്കി അവതരിപ്പിക്കുന്നതിൽ ഭരണകൂടം വിജയിച്ചു. കാരണം ആ വിഭാഗങ്ങൾ രണ്ട്‌ മതവിഭാഗത്തിൽപെട്ടവരായിരുന്നു. സെർട്ടോ ഏലിയോസ്‌ എന്ന മണിപ്പൂരുകാരനായ ടാക്‌സി ഡ്രൈവറുടെ ദുരന്തങ്ങൾ അവതരിപ്പിക്കുന്നതിലുടെ ഒരു ഭരണകൂടം വിചാരണ ചെയ്യപ്പെടുന്നു. ഹിമാചൽപ്രദേശിലെ കുളുവിലും മണാലിയിലും ടൂറിസ്റ്റ്‌ ടാക്‌സി ഓടിക്കാൻ സെർട്ടോ മണിപ്പൂരിൽനിന്ന്‌ എത്തിയത്‌ ജീവിതം ജീവിച്ച്‌ തീർക്കാനായിരുന്നു. മണിപ്പൂരിലുള്ള കുടുംബത്തിന്‌ സുഖമായി കഴിയാനുള്ള വകയ്‌ക്കപ്പുറം വലിയ സ്വപ്‌നങ്ങളൊന്നും അയാൾ സൂക്ഷിച്ചിരുന്നുമില്ല. മണിപ്പൂരിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും എന്തോ കലാപസാധ്യതയുണ്ടെന്നും ഭാര്യ വിളിച്ചുപറഞ്ഞപ്പോഴൊക്കെ അയാൾ സമാധാനിപ്പിച്ചത്‌ നമ്മുടെ ചുറ്റുമുള്ളവർക്ക്‌ നമ്മോട്‌ അങ്ങനെയൊന്നും ചെയ്യാൻ കഴിയില്ലെന്ന വാക്കുകളിലൂടെയായിരുന്നു. സെർട്ടോ ഏലിയാസ്‌ എന്ന മനുഷ്യന്റെ ജീവിതത്തെ താങ്ങിനിർത്തിയ വിശ്വാസമായിരുന്നു അത്‌. പക്ഷേ അയാളുടെ വിശ്വാസത്തിന്‌ കടുത്ത ആഘാതമേൽപിച്ചുകൊണ്ട്‌ ആ കലാപം ആളിപ്പടർന്നു. ആറുവയസ്സുകാരിയായ അമേലിയ എന്ന മകളെ കലാപകാരികൾ തീയിലെറിഞ്ഞു കൊല്ലുന്നതോടെ അയാൾ മനസ്സിലാക്കുന്ന പാഠം ലോകത്തിലെ ഏറ്റവും വലിയ നുണയുടെ പേരാണ്‌ മതം എന്നതാണ്‌. തന്റെ യാത്രക്കാരായ കഥാഖ്യാതാവിനോടും പത്നിയോടും കലാപത്തിന്റെ ദുരന്താനുഭവങ്ങൾ പങ്കിടുമ്പോൾ ലോകത്തിന്റെ ഒരു നന്മയുമറിയാതെ വളരുന്നവരാണോ കലാപകാരികൾ എന്ന്‌ ചോദിക്കുന്നുണ്ട്‌. ദൈവത്തിന്റെ പേരുപറഞ്ഞ്‌ ആർക്കെങ്കിലും ക്രൂരത ചെയ്യാനാവുമോ എന്ന ചോദ്യവും ഇതേ നൊന്പരത്തിൽനിന്ന്‌ ഉയരുകയും ഉത്തരമില്ലാതെ അവസാനിക്കുകയും ചെയ്യുന്നതാണ്‌. ആ നൊന്പരങ്ങൾ ഏറ്റുവാങ്ങി നിൽക്കുന്ന യാത്രക്കാരൻ സെർട്ടോയുടെ നൊന്പരത്തിന്‌ താനും കാരണക്കാരനാണെന്ന്‌ സ്വയം തിരിച്ചറിയുന്നു. ആ കുറ്റബോധം സ്വയം ഏറ്റെടുത്തുകൊണ്ടാണ്‌ അയാളെ തന്നോട്‌ ചേർത്തുപിടിക്കുന്നത്‌. മണിപ്പൂരിലെ ഏതോ അഭയാർഥി ക്യാന്പിൽ ജീവിക്കുന്ന അയാളുടെ ഭാര്യയെയും മകനെയും കാണാൻ പോവണമെന്ന ആഗ്രഹത്തിലേക്ക്‌ എത്തുന്നതും ഇതേ ചേർന്നുനിൽപ്പിന്റെ ഭാഗമാണ്‌. എപ്പോഴും ഭയന്ന്‌ ജീവിക്കാൻ തൊട്ടടുത്തുള്ളവരെപ്പോലും അവിശ്വസനീയതയോടെ നോക്കാനും പഠിപ്പിക്കുന്നത്‌ സ്വന്തം അനുഭവപാഠങ്ങൾ തന്നെയാണ്‌. അവിടെയാണ്‌ ഇരയാക്കപ്പെട്ടവന്റെ വേദനകളെ ഏറ്റുവാങ്ങാൻ നാം ശീലിക്കേണ്ടത്‌. കാരണം ഇത്തരം അനുഭവങ്ങൾ ഹിന്ദു ഇതര മതക്കാരാണ്‌ നിങ്ങളെങ്കിൽ നിങ്ങളുടേതുമാവാൻ അധികകാലമോ നേരമോ ആവശ്യമില്ല.

യാതൊരു കാരണവുമില്ലാതെ നമ്മുടെ നാട്ടിൽനിന്ന്‌ ചെറുപ്പക്കാർ അപ്രത്യക്ഷമാവുകയും അജ്ഞാതശവങ്ങളായി കണ്ടെത്തുകയും ചെയ്യുന്ന ഒരു കാലഘട്ടവും ഭയത്തോടെ ഓർത്തെടുക്കുന്ന ‘മൂന്ന്‌ സ്‌നേഹിതന്മാരും കലാപബാധിതമായ ഒരു നഗരവും’ എന്ന കഥയും കെട്ടകാലത്തിന്റെ കഥ തന്നെയാണ്‌. സാന്പത്തികബാധ്യതകളിൽ വീർപ്പുമുട്ടി ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം വർധിക്കുന്നു എന്നതിന്റെ അർഥമെന്താണ്‌? ആഗോളവിപണിയുടെയും മൂലധന ആക്രാന്തങ്ങളുടെയും ഇടയിൽ സാമാന്യമനുഷ്യർ പരാജയപ്പെട്ടുപോവുന്നു എന്നല്ലേ. ആ അതിശക്തമായ ഒഴുക്കിൽ പിടിച്ചുനിൽക്കാനാവാതെ അവർ അന്പരന്ന്‌ ഭയന്നുപോകുമ്പോൾ ആരും നിയമമോ ഭരണസംവിധാനങ്ങളോ ഒന്നുമൊന്നും അവർക്ക്‌ സഹായഹസ്‌തങ്ങളോ താങ്ങുകളോ ആവുന്നില്ല. ഒരുകാലത്ത്‌ സഹായഹസ്‌തം നീട്ടിക്കൊടുത്ത്‌ സാന്പത്തികസഹായവും നൽകി അവരെ പ്രലോഭിപ്പിച്ചിരുന്ന വാണിജ്യസഹായ സ്ഥാപനങ്ങളും കൈയൊഴിയുമ്പോൾ ‘ആത്മഹത്യാ മുനന്പി’ ലെത്തുകയല്ലാതെ എന്തുവഴി? ‘നായയും ആഗോളവത്‌കരണവും’ എന്ന കഥയെയും ഇതിനോട്‌ ചേർത്തുവായിക്കണം. അനുസരിക്കാൻ മാത്രം ശീലിപ്പിച്ച്‌ ഒരു കുറ്റിയിൽ കെട്ടിയിട്ട്‌ ‘‘വളർത്തുന്ന’’ യജമാനൻമാർ നമ്മുടെ ബഹുരാഷ്‌ട്ര കുത്തകകൾ തന്നെയാണ്‌. സഹജമായ എല്ലാ വാസനകളും മറന്നുപോയ നായ ഈ സാമൂഹ്യവ്യവസ്ഥിതിയിൽ ജീവിക്കുന്ന മനുഷ്യർ തന്നെയാണ്‌. ഇതേ ആഗോളവത്‌കരണം മനുഷ്യരുടെ സഹജാവസ്ഥകൾക്കൊപ്പം നമ്മുടെ വിത്തിനങ്ങളും പരന്പരാഗത കൃഷിരീതികളും അപഹരിച്ചുകൊണ്ടുപോയി. പുതിയതരം വിത്തുകളുടെയും ഉൽപന്നങ്ങളുടെയും ഭാരം പേറുന്ന കർഷകരുടെ കഥയാണ്‌ ‘പരിണാമസിദ്ധാന്തം’. ആരോ എവിടെയോ ഇരുന്ന്‌ ആജ്ഞാപിക്കുന്നതിനൊപ്പം ജീവിക്കാൻ ശീലിച്ച മനുഷ്യരാണ്‌ അവിടെ കഥാപാത്രങ്ങൾ. ഇങ്ങനെ ഉൽപാദിപ്പിക്കുന്ന വിഭവങ്ങൾ കഴിച്ചുകൊണ്ട്‌ ശാരീരികാനുപാതം തെറ്റിപ്പോയ മനുഷ്യരുടെ സമൂഹമാണ്‌ ആ കഥയിൽ പ്രത്യക്ഷപ്പെടുന്നത്‌. ഭക്ഷണമായി അതേ ഇനി കിട്ടുകയുള്ളൂ എന്നതിനാൽതന്നെ അതേ അനുപാതരഹിത ശാരീരികാവസ്ഥയിലേക്ക്‌ ആരും എപ്പോഴും എത്തിച്ചേരാമെന്നു കൂടി അവതരിപ്പിച്ചുകൊണ്ട്‌ ഈ കഥ അവസാനിക്കുമ്പോൾ വായനക്കാരൻ അനുഭവിക്കുന്നത്‌ അശാന്തി മുറ്റിയ ഭയംതന്നെയാണ്‌. ഒരു ഭരണകൂടത്തിന്‌ അതിന്റെ പൗരരോട്‌ യാതൊരു കടപ്പാടുമില്ലാത്ത അവസ്ഥയിൽ നാം വെറും പ്രജകളായി മാറുന്നു എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്‌.

ഓരോ എഴുത്തുകാരനും തനിക്ക്‌ പറയാനുള്ള ചിലതു പറയാനും പങ്കുവെയ്‌ക്കാനുമുള്ള ഒരു വിശാലമായ വേദിയെന്ന തലത്തിലാണ്‌ സ്വന്തം രചനകൾ അവതരിപ്പിക്കുന്നത്‌. ഈ സമാഹാരത്തിലെ എല്ലാ കഥകളിലും മനുഷ്യരില്ലാതെ മതങ്ങൾ മാത്രമായി മാറിയ ഇന്ത്യ എന്ന രാജ്യത്തെക്കുറിച്ചുള്ള ഉത്‌കണ്‌ഠകൾ പങ്കുവെക്കുന്നുണ്ട്‌. ഓരോ രാജ്യത്തിനും നാടിനും അതിന്റേതായ ഈടുവെയ്‌പ്പുകളുണ്ടാവും. ഈ ചരിത്രത്തെ തങ്ങൾക്കാവശ്യമുള്ളതുപോലെ മാറ്റിമറിക്കുന്നത്‌ നാം കണ്ടുകൊണ്ടിരിക്കുകയുമാണ്‌. ഒരു ചരിത്രകാരനെത്തന്നെ കഥാപാത്രമാക്കിക്കൊണ്ടു രചിച്ച ‘ശവഘോഷയാത്ര’ എന്ന കഥയിൽ ഈ മാറ്റിമറിക്കലിന്റെ ഉത്‌കണ്‌ഠ പങ്കുവെയ്‌ക്കപ്പെടുന്നുണ്ട്‌. ഉള്ളതിനെ ഇല്ലാതെയാക്കാനും ഇല്ലാത്തതിനെ ഉണ്ടാക്കാനും നിഘണ്ടുവിൽ പരതേണ്ടിവരുന്ന ഗതികേട്‌ എന്നാണ്‌ ഈ ദുരവസ്ഥയെ ചരിത്രകാരനിലൂടെ പരിചയപ്പെടുത്തുന്നത്‌. ദേശീയത, സംസ്‌കാരം, പൈതൃകം എന്നിവയൊക്കെ പുതിയ അർഥതലങ്ങളിലേക്ക്‌ വരുന്ന വാക്കുകളുമായി മാറുന്നു. 2018ൽ പുതിയ ചരിത്രനിർമിതിക്കായി ഒരു സ്ഥാപനം തന്നെ ഉയർന്നുവന്നതോടെ നാം ഭയന്നുപോവുന്നതും ഭൂരിപക്ഷം മനുഷ്യരും മൗനത്തിലേക്ക്‌ പിൻവാങ്ങുന്നതും ഇവയൊക്കെ വിശകലനം ചെയ്യേണ്ട മാധ്യമങ്ങൾ ഭരണകൂട അനുകൂല വാർത്താവതാരകരായി മാറുന്ന ദുഃസ്ഥിതികളും ഈ കഥകളിലുണ്ട്‌. മൗനം രാഷ്‌ട്രഭാഷയാവുന്ന ഒരു കാലത്തിന്റെ കഥകളാണിവ. അതുകൊണ്ടുതന്നെ അവയെ രാഷ്‌ട്രീയമായിത്തന്നെ വായിച്ചെടുക്കണം. സൂക്ഷ്‌മമായി എന്നുകൂടി ചേർക്കട്ടെ… l

Hot this week

മൈക്കിൾ ജാക്‌സനും അനേകായിരം ‘മൈക്കിൾ ജാക്‌സന്മാ’ർക്കും

ഒരു തലമുറയിലേക്ക്‌ മൈക്കിൾ ജാക്‌സനും അതിലൂടെ ബ്രേക്ക്‌ ഡാൻസും കൊണ്ടുവന്ന ആവേശം...

ദ്വീപിന്റെ സൗന്ദര്യത്തിൽനിന്ന്‌ സർറിയലിസത്തിലേക്ക്‌

അതീന്ദ്രീയ യാഥാർഥ്യവാദം റിയലിസത്തിനും അപ്പുറം എന്നൊക്കെ അർഥമാക്കുന്ന സർറിയലിസം, ദാദായിസത്തിനുശേഷം ശക്തിയായി...

നിർവാഹകയുടെ ചരിത്രാഖ്യാനം

‘തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന്...

എൻ പ്രസാദറാവു

ആന്ധ്രയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ എൻ പ്രസാദറാവു. കമ്യൂണിസ്റ്റ്‌ പാർട്ടിയും കിസാൻസഭയും...

ഫാസിസം പ്രതിസന്ധി ഇല്ലാതാക്കിയോ?

ഫാസിസവും നവഫാസിസവും 8 "ഭാഗ്യവശാൽ ഇറ്റാലിയൻ ജനത ഒരു ദിവസം നിരവധി തവണ ഭക്ഷണം കഴിച്ചു ശീലിച്ചിട്ടില്ല. അവരുടെ ജീവിത നിലവാരം വളരെ താഴെയാണ്.അവർ ദൗർലഭ്യവും കഷ്ടപ്പാടും അനുഭവിക്കുന്നു" (മുസോളിനി 1930 ഡിസംബർ 18ന് നടത്തിയ പ്രസംഗം)തന്റെ ഭരണകാലത്തും ഇറ്റാലിയൻ ജനത കഷ്ടപ്പെട്ടാണ് ജീവിച്ചു വന്നിരുന്നത് എന്ന് മുസോളിനി തന്നെ സമ്മതിക്കുന്ന പ്രസംഗമാണിത്. സ്ഥിരം ഉയർത്തുന്ന വൈകാരികമായ സങ്കുചിത ദേശീയവാദവും ആത്മീയ...

Topics

മൈക്കിൾ ജാക്‌സനും അനേകായിരം ‘മൈക്കിൾ ജാക്‌സന്മാ’ർക്കും

ഒരു തലമുറയിലേക്ക്‌ മൈക്കിൾ ജാക്‌സനും അതിലൂടെ ബ്രേക്ക്‌ ഡാൻസും കൊണ്ടുവന്ന ആവേശം...

ദ്വീപിന്റെ സൗന്ദര്യത്തിൽനിന്ന്‌ സർറിയലിസത്തിലേക്ക്‌

അതീന്ദ്രീയ യാഥാർഥ്യവാദം റിയലിസത്തിനും അപ്പുറം എന്നൊക്കെ അർഥമാക്കുന്ന സർറിയലിസം, ദാദായിസത്തിനുശേഷം ശക്തിയായി...

നിർവാഹകയുടെ ചരിത്രാഖ്യാനം

‘തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന്...

എൻ പ്രസാദറാവു

ആന്ധ്രയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ എൻ പ്രസാദറാവു. കമ്യൂണിസ്റ്റ്‌ പാർട്ടിയും കിസാൻസഭയും...

ഫാസിസം പ്രതിസന്ധി ഇല്ലാതാക്കിയോ?

ഫാസിസവും നവഫാസിസവും 8 "ഭാഗ്യവശാൽ ഇറ്റാലിയൻ ജനത ഒരു ദിവസം നിരവധി തവണ ഭക്ഷണം കഴിച്ചു ശീലിച്ചിട്ടില്ല. അവരുടെ ജീവിത നിലവാരം വളരെ താഴെയാണ്.അവർ ദൗർലഭ്യവും കഷ്ടപ്പാടും അനുഭവിക്കുന്നു" (മുസോളിനി 1930 ഡിസംബർ 18ന് നടത്തിയ പ്രസംഗം)തന്റെ ഭരണകാലത്തും ഇറ്റാലിയൻ ജനത കഷ്ടപ്പെട്ടാണ് ജീവിച്ചു വന്നിരുന്നത് എന്ന് മുസോളിനി തന്നെ സമ്മതിക്കുന്ന പ്രസംഗമാണിത്. സ്ഥിരം ഉയർത്തുന്ന വൈകാരികമായ സങ്കുചിത ദേശീയവാദവും ആത്മീയ...

സ്പോർട്സ് ജിനോമിക്സ് കായിക പ്രതിഭാനിർണ്ണയത്തിൽ നിർണായകമാകുമ്പോൾ

പുരാതനകാലം മുതൽ മനുഷ്യൻ വിവിധ കായിക പ്രവർത്തനങ്ങളിലും കളികളിലും ആരോഗ്യ പരിപാലനത്തിന്റെ...

നെഹ്‌റൂവിയൻ ആശയങ്ങളും നിയോഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടവും

ഇന്ന് ജവഹർലാൽ നെഹ്‌റുവിന്റെ 61-‐ാം ചരമവാർഷികദിനമാണ്. 1964 മെയ് 27-നാണ് ആ...

അനുഭവൈക വാദം (എംപെരിസിസം)

മനുഷ്യൻ അറിവുകൾ ആർജിക്കുന്നത് എങ്ങിനെയാണ് ? തനിക്കു ചുറ്റുമുള്ള വസ്തുക്കളെക്കുറിച്ചുള്ള ധാരണ...
spot_img

Related Articles

Popular Categories

spot_imgspot_img