ഇക്കണോമിക് നോട്ട്‌ബുക്ക്‐ 86
ഉപഭോഗ തീവ്രതയേറിയ, കമ്പോളാധിഷ്ഠിതമായ, നാഗരിക ജീവിത ശൈലിയുടെ വ്യാപനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക തകർച്ചകളോട് പല രീതിയിലുള്ള പ്രതികരണങ്ങളാണ് ചരിത്രത്തിലുടനീളം ഉയർന്നുവന്നിട്ടുള്ളത്. ഹരിതകാന്തി നിറഞ്ഞ, വൃക്ഷനിബിഡമായ പ്രദേശങ്ങളിൽ അത് മരങ്ങളോടും പുഴയോടുമുള്ള സ്നേഹമായി ഒരുകൂട്ടം പരിസ്ഥിതി സ്നേഹികൾ പ്രകടിപ്പിച്ചു. വൻകിട ഊർജോല്പാദന കേന്ദ്രങ്ങളും കൂറ്റൻ വ്യവസായങ്ങളുമടങ്ങുന്ന പരിസ്ഥിതി മലിനീകരണത്തിടയാക്കുന്ന ഉല്പാദനക്രമങ്ങളോടുമുള്ള എതിർപ്പായിരുന്നു മറ്റൊരു കൂട്ടർക്ക് പരിസ്ഥിതി സ്നേഹം. ആ സ്ഥാനത്ത്, മാനുഷികാധ്വാനത്തിന് ഊന്നൽ കൊടുക്കുന്ന ചെറുകിട ഉല്പാദനവും ലളിതവും മിതവുമായ ഉപഭോഗ രീതികളിൽ മുഴുകി ജീവിതം നയിച്ചിരുന്ന പരമ്പരാഗത ഗ്രാമീണ ജീവിതശൈലിയെ ഉയർത്തിക്കാട്ടുന്ന ഒന്നായിരുന്നു ഗാന്ധിയെപ്പോലുള്ളവരുടെ പാരിസ്ഥിതിക വാദം. വ്യാവസായിക യുഗത്തിലേക്കുള്ള സാമൂഹിക പരിണാമത്തെ വിമർശന വിധേയമാകാത്ത രാഷ്ട്രീയ പദ്ധതികൾ 1970കളിലെയും 1980കളിലെയും മുഖ്യധാരാ പരിസ്‌ഥിതിവാദികൾ അംഗീകരിച്ചിരുന്നില്ല. Far from the madding crowd എന്നതായിരുന്നു റൊമാന്റിക് പരിസ്ഥിതിവാദികളുടെ പൊതുവെയുള്ള പ്രധാന പ്രമേയം. മാനവിക ജീവിതത്തിന്റെ പരിണാമത്തെ ലളിതമായ ഉല്പാദനരീതികളിൽ തളച്ചിട്ടുകൊണ്ട്, ‘നാട്ടിൻപുറം നന്മകളാൽ സമൃദ്ധം’ എന്ന് വിശ്വസിച്ചു ജീവിക്കുകയാണ് പാരിസ്ഥിതിക തകർച്ചകളിൽ നിന്നുമുള്ള വിടുതലിന് ഏക പോംവഴിയെന്ന് അവർ വിശ്വസിച്ചുപോന്നു. ലാഭം കൂടുതൽ ലാഭം എന്ന ഏക ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട മുതലാളിത്ത ഉല്പാദനക്രമത്തിന്റെ സൃഷ്ടിയാണ് പ്രകൃതിയുടെ മേൽ നടത്തുന്ന അമിതചൂഷണത്തിന്റെ അടിസ്ഥാന കാരണം എന്ന വസ്തുത ഇതിനിടയിൽ വിസ്മരിക്കപ്പെട്ടു. ശാസ്ത്രീയമായ വിശകലനത്തെക്കാൾ കാല്പനികമായ ചിന്തകൾ അവിടെ ഇടംപിടിച്ചു. മനുഷ്യകേന്ദ്രിതം, പരിസ്ഥിതി കേന്ദ്രിതം എന്ന ദ്വന്ദം (Anthropocentric vs Ecocentric) പ്രതിഷ്ഠിക്കപ്പെട്ടു. പ്രകൃതിയെയും അതിൽ പണിയെടുക്കുന്ന മനുഷ്യരെയും നിരന്തര ചൂഷണവിധേയമാക്കുന്ന മുതലാളിത്തത്തെ വിമർശനവിധേയമാക്കുന്ന മാർക്സിയൻ പദ്ധതികളെയും Anthropocentric എന്ന കാറ്റഗറിയിൽ പെടുത്തി അതിന്റെ പാരിസ്ഥിതിക രാഷ്ട്രീയ സാധ്യതകളെ അവഗണിച്ചു, പരിസ്ഥിതി വിരുദ്ധ പ്രത്യയശാസ്ത്രങ്ങളുടെ കൂട്ടത്തിൽ തന്നെ സ്ഥാപിച്ചു.
എല്ലാം വെട്ടിപ്പിടിക്കാനും കീഴടക്കാനുമുള്ള പ്രവണതയുള്ള മനുഷ്യനെ സൃഷ്ടിച്ചത് ലാഭേച്ഛയെ മാത്രം കേന്ദ്രമാക്കിയ മൂലധന ഉല്പാദന സമ്പ്രദായമാണെന്നും വ്യക്ത്യധിഷ്ഠിതമായ ചിന്താധാരകൾക്കു പകരം സാമൂഹികമായ കാഴ്ചപ്പാടുകളിലൂന്നിയ മനുഷ്യനെ പ്രതിഷ്ഠിക്കുക മാത്രമാണ് പ്രകൃതിയും മനുഷ്യനുമായുള്ള സന്തുലിതാവസ്ഥ നിലനിർത്താനുള്ള പോംവഴിയെന്ന തിരിച്ചറിവിൽനിന്നുമാണ് മാർക്സിയൻ പരിസ്ഥിതിവാദം (Marxian Ecology) രൂപപ്പെടുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുധ്യങ്ങളെക്കുറിച്ചുള്ള ഉത്തമബോധ്യം ആദ്യകാല മാർക്സിസ്റ്റ് ചിന്തകർ തന്നെ വച്ചുപുലർത്തിയിരുന്നുവെന്ന് അവരുടെ കൃതികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
“പ്രകൃതിയുടെ മേൽ മനുഷ്യൻ നേടുന്ന വിജയത്തെക്കുറിച്ച് നമുക്ക് അമിതമായി അഹങ്കരിക്കാതിരിക്കാം. പ്രകൃതിക്കുമേൽ നാം നേടുന്ന ഓരോ വിജയവും നമ്മളോടുതന്നെ പ്രതികാരം ചെയ്യുന്നുണ്ട്. ഓരോ വിജയവും ആദ്യ സ്ഥാനത്ത് നമ്മൾ കണക്കുകൂട്ടിയിട്ടുള്ള അനന്തരഫലങ്ങൾ ഉണ്ടാക്കുന്നു എന്നത് ശരിയാണ്. എന്നാൽ തുടർന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളിൽ അത് തികച്ചും വ്യത്യസ്തമായ, മുൻകൂട്ടിക്കാണാൻ കഴിയാത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ഇത് ആദ്യം നാം നേടിയ വിജയത്തെ പലപ്പോഴും റദ്ദാക്കുന്നു. മെസൊപ്പൊട്ടേമിയ, ഗ്രീസ്, ഏഷ്യാ മൈനർ എന്നിവിടങ്ങളിലും അതേ പോലെ മറ്റു പലയിടങ്ങളിലും കൃഷി ചെയ്യാൻ പറ്റിയ ഭൂമി നേടുന്നതിനുവേണ്ടി കാടുകൾ നശിപ്പിച്ച ആളുകൾ, ഈ രാജ്യങ്ങളുടെ ഇന്നത്തെ ദുരന്തപൂർണമായ അവസ്ഥക്ക് അവരാണ് കാരണക്കാർ എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. കാരണം കാടുകൾക്കൊപ്പം ഈർപ്പത്തിന്റെ സംഭരണകേന്ദ്രങ്ങളും ജലസംഭരണികളും കൂടിയാണ് അവർ നീക്കം ചെയ്തത്. ആൽപ്സിലെ ഇറ്റലിക്കാർ, പർവതങ്ങളുടെ തെക്കേ ചരിവുകളിലെ പൈൻ കാടുകൾ ഉപയോഗിച്ചു തീർത്തപ്പോൾ, വടക്കേ ചരിവുകളിൽ ശ്രദ്ധാപൂർവ്വം പരിപാലിച്ചിരുന്ന കാടുകൾ ഇല്ലാതാക്കിയപ്പോൾ, തങ്ങളുടെ പ്രദേശത്തെ പാൽ വ്യവസായത്തിന്റെ അടിത്തറയാണ് തങ്ങൾ ഇല്ലാതാക്കുന്നതെന്ന് അവർ അറിഞ്ഞില്ല; അതുപോലെ തങ്ങളുടെ മലഞ്ചെരിവുകളിലെ നീരുറവകൾ വർഷത്തിൽ കൂടുതൽ സമയവും വരണ്ടുപോകുന്നതിനും, മഴക്കാലത്ത് ഈ നീരുറവകൾ സമതലങ്ങളിലേക്ക് കൂടുതൽ ശക്തിയോടെ വെള്ളപ്പൊക്കമായി പതിക്കുന്നതിനും ഇത് കാരണമാകുന്നു എന്നും അവർക്ക് ഒട്ടും അറിവുണ്ടായിരുന്നില്ല. യൂറോപ്പിൽ ഉരുളക്കിഴങ്ങ് കൃഷി വ്യാപകമാക്കിയവർ അത് ക്ഷയരോഗം കൂടി വ്യാപിപ്പിക്കുകയാണെന്ന് അറിഞ്ഞില്ല. അതിനാൽ, ഓരോ ചുവടിലും നമ്മൾ പ്രകൃതിക്കുമേൽ നേടുന്ന വിജയത്തെ, ഒരു വിദേശ ജനതയുടെ മേൽ വിജയം നേടുന്ന ഒരു ഭരണാധികാരിയെപ്പോലെയോ, പ്രകൃതിക്ക് പുറത്ത് നിൽക്കുന്ന ഒരാളെപ്പോലെയോ അല്ല ഭരിക്കുന്നത് എന്ന് ഓർമ്മിപ്പിക്കുന്നു. മറിച്ച്, മാംസവും രക്തവും തലച്ചോറുമുള്ള നമ്മൾ പ്രകൃതിയുടെ ഭാഗമാണ്, അതിന്റെ മധ്യത്തിലാണ് നമ്മുടെ നിലനിൽപ്പ്. പ്രകൃതിയുടെ നിയമങ്ങൾ അറിയാനും ശരിയായി പ്രയോഗിക്കാനും മറ്റ് എല്ലാ ജീവികളെക്കാളും നമുക്ക് കഴിവുണ്ട് എന്നതാണ് നമ്മുടെ മെച്ചം” (ഫ്രെഡറിക് എംഗൽസ്, പ്രകൃതിയുടെ വൈരുധ്യാത്മകത, – 1883).
പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച്, വികസനവും പാരിസ്ഥിതിക പ്രതിസന്ധിയും തമ്മിലുള്ള വൈരുധ്യങ്ങളെക്കുറിച്ച്, മാർക്സിസ്റ്റ് സാമൂഹികവീക്ഷണം വച്ചുപുലർത്തിയിരുന്നവർ ഒന്നര നൂറ്റാണ്ടുകൾക്ക് മുൻപേ തന്നെ എത്രകണ്ട് ജാഗരൂകരായിരുന്നു എന്നതിനെ കൃത്യമായി സൂചിപ്പിക്കുന്നുണ്ട് എംഗൽസിന്റെ ഈ വരികൾ.
പാരിസ്ഥിതിക പ്രതിസന്ധി കേവലം കാല്പനികമായ ഒന്നു മാത്രമല്ല എന്നും മനുഷ്യകുലത്തിന്റെ തന്നെ നിലനില്പിനെ ചോദ്യം ചെയ്യാൻ തക്ക ഭീഷണിയുയർത്തുന്ന ഒന്നായി മാറിയിരിക്കുന്നുവെന്നുമുള്ള ധാരണ ഇന്ന് പരക്കെ ശക്തമാണ്. ആഗോള താപനത്തിലെ വർധന, സമുദ്രജനിരപ്പിലെ ഉയർച്ച, അതിതീവ്രമായ മഴയും വെള്ളപ്പൊക്കവും വരൾച്ചയും തുടങ്ങിയ പ്രതിഭാസങ്ങൾ കാലാവസ്ഥാവ്യതിയാനമെന്ന ഭീഷണി ഒരു യാഥാർഥ്യമാക്കി മാറ്റിയിരിക്കുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിൽ നിന്നുമുള്ള ഗ്രീൻ ഹൗസ് വാതകങ്ങളുടെ അമിതമായ പുറന്തള്ളൽ ഇതിന്റെ പ്രധാന കാരണമായി കരുതപ്പെടുന്നു. ജൈവവൈവിധ്യത്തിലെ ശോഷണമാണ് മറ്റൊരു ഭീഷണി. നിരവധി ജീവിവർഗങ്ങൾ ഇതിനകം തന്നെ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. മനുഷ്യൻ നടത്തുന്ന കടന്നുകയറ്റങ്ങൾ മൂലമുള്ള ആവാസ വ്യവസ്ഥകളുടെ ശോഷണം മൂലം പല ജീവിവർഗങ്ങളും വംശനാശഭീഷണിയെ നേരിടുകയാണ്. അന്തരീക്ഷ വായുവിന്റേയും ജലസ്രോതസുകളുടെയും മണ്ണിന്റെയും അതിഗുരുതരമായ മലിനീകരണമാണ് മറ്റൊന്ന്. ഇത്തരം പ്രശ്നങ്ങളാണ് പാരിസ്ഥിതിക പ്രതിസന്ധി ആസന്നമാക്കിയിരിക്കുന്നത്.
പാരിസ്ഥിതിക പ്രശ്നങ്ങളുടെ സാമൂഹിക കാരണങ്ങളിലേക്കാണ് മാർക്സിസ്റ്റ് ഇക്കോളജി വിരൽചൂണ്ടുന്നത്. പ്രത്യക്ഷീഭവിക്കുന്ന പ്രശ്നങ്ങളുടെ രൂപങ്ങളിലൊതുങ്ങാതെ അന്തർലീനമായി നിലകൊള്ളുന്ന ഘടനാപരമായ കാരണങ്ങളാണ് മാർക്സിസ്റ്റ് ഇക്കോളജി പരിഗണനയ്‌ക്കെടുക്കുന്നത്. ലാഭേച്ഛയാൽ നയിക്കപ്പെടാതെ, മനുഷ്യന്റെ ആവശ്യകതയിലും തുല്യതയിലും ഊന്നുന്ന ഉല്പാദനസമ്പ്രദായവും കൊണ്ടു മാത്രമേ പാരിസ്ഥിതിക ദുരന്തങ്ങൾക്ക് അറുതിവരുത്താനാവൂ എന്ന നിലപാടാണ് മാർക്സിസ്റ്റ് ഇക്കോളജി മുന്നോട്ടുവെയ്ക്കുന്നത്. മാർക്സ് നടത്തിയ മുതലാളിത്ത വിമർശനത്തിൽ അടങ്ങിയിരിക്കുന്ന പാരിസ്ഥിതിക ഘടകങ്ങളെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇന്ന് സജീവമാണ്.
മണ്ണിന്റെ ഫലഭൂയിഷ്ഠത നശിപ്പിക്കുന്ന വ്യാവസായികാടിസ്ഥാനത്തിലുള്ള ബ്രിട്ടീഷ് കൃഷി സമ്പ്രദായങ്ങൾക്കെതിരെ ജർമൻ രസതന്ത്ര ശാസ്ത്രജ്ഞനായ ലീബിഗ് 1850കളിൽ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. 1845ൽ ജൂലിയസ് റോബർട്ട് വോൺ മേയർ, ജീവിവർഗങ്ങളുടെ മെറ്റബോളിസത്തെ ഡൈനാമിക്സിന്റെ വ്യവസ്ഥകളുടെ രീതികളിലൂടെ മനസിലാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. സചേതനവും അചേതനവുമായ വസ്തുക്കൾ തമ്മിലുള്ള ബന്ധത്തെ വരച്ചുകാട്ടുന്ന പാരിസ്ഥിതിക സിസ്റ്റം സിദ്ധാന്തത്തിന് ഇത് തുടക്കംകുറിച്ചു. ഇതിനെ പിന്തുടർന്നാണ് സോഷ്യൽ മെറ്റബോളിസം എന്ന ആശയത്തെ മാർക്സ് രൂപപ്പെടുത്തുന്നത്. അധ്വാനപ്രക്രിയയിലൂടെ മനുഷ്യൻ അവനും പ്രകൃതിയുമായുള്ള മെറ്റബോളിസത്തിലേർപ്പെടുന്നു എന്നതായിരുന്നു മാർക്സ് മുന്നോട്ടു വെച്ച ആശയം. പ്രകൃതിയുടെ സർവലൗകികമായ മെറ്റാബോളിസത്തിന്റെ ഭാഗമാണ് മനുഷ്യന്റെ അധ്വാനം എന്ന പ്രക്രിയ എന്നതായിരുന്നു മാർക്സിന്റെ പാരിസ്ഥിതിക കാഴ്ചപ്പാടിന്റെ കേന്ദ്രമായി വർത്തിച്ചിരുന്ന സിദ്ധാന്തം. ഇതിനെ അടിസ്ഥാനമാക്കിയാണ് metabolic rift എന്ന് ഇന്നറിയപ്പെടുന്ന പാരിസ്ഥിതിക വിമർശനസിദ്ധാന്തത്തെ മാർക്സ് വികസിപ്പിച്ചെടുത്തത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ മെറ്റബോളിക് ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ശരിയാംവിധം നിർവചിക്കുന്ന ഈ സിദ്ധാന്തം കേവലം അർത്ഥശാസ്ത്രത്തിന്റെ തലത്തിലേതിനേക്കാളുപരിയായി പാരിസ്ഥിതിക പ്രശ്നങ്ങളെ വിശകലനം ചെയ്യാൻ സഹായകമാകുന്നു. l
(തുടരും)