അനുബന്ധം
ഫാസിസം എന്ന് പറയുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരുന്നത് ഹിറ്റ്ലറേയും മുസ്സോളിനിയെയുമാണ്. ഫാസിസത്തിന്റെ നിർവചനം പറയുമ്പോൾ നാം ആശ്രയിക്കാറുള്ളത് ദിമിത്രോവിനെയും കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പതിമൂന്നാം പ്ലീനത്തെയുമാണ്. ഇത് ഫാസിസത്തിന്റെ ചരിത്രത്തിലെ നിർണായകമായ ഒരു ഘട്ടത്തെ പ്രതിനിധീകരിക്കുന്നു എന്നത് ശരിയാണ്. എന്നാൽ മുസോളിനിയും ഹിറ്റ്ലറുമൊക്കെ ഫാസിസ്റ്റ് ഭരണാധികാരികളായി വന്നതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട്. ഫാസിസത്തിന്റെ ഈ അവസാനത്തെ നിർവചനവും അതിനുമുമ്പ് കമ്മ്യൂണിസ്റ്റ് ഇൻറർനാഷണൽ തന്നെ നടത്തിയ മറ്റു നിർവചനങ്ങളുമുണ്ട്. അതായത് ദിമിത്രോവിലേക്കും പതിമൂന്നാം പ്ലീനത്തിലേക്കും എത്തുന്നതിന് മുമ്പ് ഉയർന്നുവന്ന ഫാസിസ്റ്റ് പ്രവണതകളെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ വ്യത്യസ്തങ്ങളായ നിർവചനങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന കാര്യം ഫാസിസത്തെക്കുറിച്ചുള്ള ദിമിതാവിന്റെ നിർവചനം അന്തിമമല്ലെന്നും മൂർത്തമായ സ്ഥിതിഗതികളെ മൂർത്തമായി വിലയിരുത്തിക്കൊണ്ട് ലോകത്തിലെ വ്യത്യസ്തങ്ങളായ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഫാസിസത്തിന്റെ ആധുനിക രൂപങ്ങളെക്കുറിച്ച് വിലയിരുത്താൻ അവകാശമുണ്ട് എന്നുമാണ്. ഇക്കാര്യത്തിൽ വരട്ടു തത്വവാദപരമായ സമീപനം സ്വീകരിക്കേണ്ടതില്ല.
ഫാസിയോ ഡി കൊമ്പാറ്റിമെന്റോ അല്ലെങ്കിൽ ഇറ്റാലിയൻ പോരാളികളുടെ സംഘടന രൂപീകരിക്കപ്പെട്ടത് 1919-ലാണ്. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം 1919 മാർച്ചിൽ മിലാനിൽ വച്ചാണ് ഈ സംഘടനയുടെ രൂപീകരണം നടക്കുന്നത്. പ്രാരംഭഘട്ടത്തിൽ മുസോളിനിയാണ് അതിന്റെ മുഴുവൻസമയ നേതാവായി പ്രവർത്തിച്ചത്. 1921ലെ തെരഞ്ഞെടുപ്പിലാണ് അവർക്ക് ഇറ്റാലിയൻ പാർലമെന്റിൽ അംഗത്വം കിട്ടുന്നത്. തുടർന്ന് ആ വർഷം നാഷണൽ ഫാസിസ്റ്റ് പാർട്ടി എന്ന് ആ പാർട്ടിയുടെ പുനർനാമകരണം നടത്തി. അങ്ങനെയാണ് ആദ്യത്തെ ഫാസിസ്റ്റ് പാർട്ടി രൂപം പ്രാപിക്കുന്നത്.
1919ൽ ഫാസിസ്റ്റ് പാർട്ടിയുടെ പ്രാഥമിക രൂപം സംഘടിപ്പിക്കപ്പെട്ടതോടെയാണ് ഫാസിസത്തിന്റെ ഒന്നാം തരംഗം രൂപപ്പെടുന്നതെങ്കിൽ 1922ൽ മുസോളിനി അധികാരമേറ്റതയോടെയാണ് അത് കൂടുതൽ ശക്തമാകുന്നത്. ഈ രണ്ടു തരംഗങ്ങളുടെയും പശ്ചാത്തലം വ്യത്യസ്തമായിരുന്നു. ഈ കാലയളവിൽ ഫാസിസം നിർണായകമായ വളർച്ച നേടി. 1928ൽ നടന്ന കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ആറാം കോൺഗ്രസ് ഇതിൽ ഒന്നാം തരംഗത്തിന്റെ അനുഭവ പശ്ചാത്തലത്തിലാണ് ഫാസിസത്തെ വിലയിരുത്തിയത്. എന്നാൽ പിന്നീട് 1928 മുതൽ 1935 വരെയുള്ള അനുഭവങ്ങളുടെയും കൂടുതൽ ശക്തമായ ഫാസിസ്റ്റ് തരംഗത്തിന്റെയും അനുഭവം കണക്കിലെടുത്തുകൊണ്ടാണ് പിന്നീടുള്ള വിലയിരുത്തൽ നടത്തുന്നത്.
1922 മുതൽ 1935 വരെയുള്ള യുദ്ധാനന്തര മുതലാളിത്ത വികസന കാലത്ത് ഫാസിസം അതിന്റെ സ്വഭാവത്തിലും പ്രാധാന്യത്തിലും കൂടുതൽ വ്യാപകവും ആഴമേറിയതുമായ വികാസം നേടിയിരുന്നു. ഒന്നാം ലോകയുദ്ധാനന്തരം ബൂർഷ്വാ ജനാധിപത്യം മുതലാളിത്ത വ്യവസ്ഥയുടെ രക്ഷകനായാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ 1917- 21ന് ശേഷം ആ സ്ഥാനത്തേക്ക് ഫാസിസം കയറിവരുന്ന കാഴ്ചയാണ് നമുക്ക് കാണാനായത്. എന്നാൽ വികസ്വരമായി കൊണ്ടിരിക്കുന്ന രാജ്യങ്ങളിലായിരുന്നു തുടക്കത്തിൽ അതിന് കൂടുതൽ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞത്.
സ്ഥിതിഗതികളിൽ പിന്നീട് വീണ്ടും മാറ്റം വന്നു. പഴയ ക്ലാസിക് ബൂർഷ്വാ ജനാധിപത്യം അതേപടി ഒരു രാജ്യത്തും നിലവിലില്ലാത്ത അവസ്ഥ വന്നു. അതിനുമേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെട്ടു. ഫാസിസ്റ്റ് വൽക്കരണത്തിന്റെ പുറംതോടുകളായി ജനാധിപത്യം നിലനിൽക്കുക എന്ന അവസ്ഥ വന്നു. ഫാസിസം ഒരു സാർവദേശീയ പ്രവണതയായി പുതിയ കുത്തക മുതലാളിത്ത സാമ്രാജ്യത്വ രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഓരോ രാജ്യങ്ങളെയും ഒറ്റയ്ക്ക് എടുത്ത് പരിശോധിക്കുമ്പോൾ വ്യത്യസ്തതകൾ ഉണ്ടെങ്കിലും ഫാസിസ്റ്റുവൽക്കരണത്തിന്റേതായ ഒരു പൊതുധാര ഈ രാജ്യങ്ങളിൽ പടിപടിയായി രൂപപ്പെട്ടുവന്നു. ഫാസിസ്റ്റ് ഭരണത്തിന് കീഴിലുള്ള രാജ്യങ്ങളിൽ മാത്രമല്ല ബൂർഷ്വാ ജനാധിപത്യ രാജ്യങ്ങളിലും ഈ പ്രവണത വളരാൻ ആരംഭിച്ചു. ലോകമാകെ സംഭവിച്ച മുതലാളിത്ത പ്രതിസന്ധിയുടെയും മുതലാളിത്ത അസ്ഥിരതയുടെയും തകർച്ചയുടെയും ഭാഗമായാണ് ഈ പ്രവണത പ്രത്യക്ഷപ്പെട്ടത്.
കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇതിനെ വ്യത്യസ്തമായാണ് വിലയിരുത്തിയത്. ഫാസിസത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പതിമൂന്നാമത്തെ പ്ലീനം കൂടുതൽ ശരിയായ നിർവചനത്തിലേക്ക് എത്തുന്നതിനു മുമ്പ് വ്യത്യസ്തങ്ങളായ മൂന്ന് നിഗമനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.
1. 1921 മുതൽ ആറാം കോൺഗ്രസ് വരെയുള്ള കാലഘട്ടത്തിലെ ഫാസിസ്റ്റ് തരംഗത്തിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക വിശകലനം നടത്തിയത്.
2. ആറാം കോൺഗ്രസ് അംഗീകരിച്ച തീസിസ് ആൻഡ് പ്രോഗ്രാം എന്ന രേഖയിലാണ് മറ്റൊരു നിർവചനം വരുന്നത്.
3. 1929 മുതൽ 1932 വരെയുള്ള കാലഘട്ടങ്ങളിൽ നടന്ന 10 മുതൽ 12 വരെയുള്ള പ്ലീനങ്ങളിൽ അംഗീകരിച്ച രേഖയിലെ നിർവചനമാണ് മറ്റൊന്ന്.
4. 1933ലെ പതിമൂന്നാം പ്ളീനം ഹിറ്റ്ലറുടെ ഏകാധിപത്യം വന്നതിന്നു ശേഷമുള്ള കാര്യങ്ങൾ അടക്കം വിലയിരുത്തിക്കൊണ്ട് എത്തിച്ചേർന്ന നിഗമനമാണ് അവസാനത്തേത്.
മേൽപ്പറഞ്ഞ രേഖകളിൽ ആദ്യത്തേതിൽ ഫാസിസം തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്മേൽ ഉണ്ടാക്കുന്ന പ്രാഥമികമായ പ്രത്യാഘാതങ്ങൾ എന്ത് എന്നാണ് പരിശോധിക്കുന്നത്. ഭരണകൂട ബാഹ്യമായി പ്രവർത്തിക്കുന്നതും എന്നാൽ ഭരണകൂടത്താൽ സംരക്ഷിക്കപ്പെടുന്നതും ആയ ഒരു പ്രസ്ഥാനം എന്ന നിലയിലാണ് അന്ന് ഫാസിസത്തെ വിലയിരുത്തിയത്. 1922ൽ നടന്ന നാലാം കോൺഗ്രസ് ഫാസിസം ഇറ്റലിയിൽ അധികാരത്തിൽ വന്നതിന്റെ പ്രത്യാഘാതങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. അഡ്രസ്സ് ടു ഇറ്റാലിയൻ വർക്കേഴ്സ് എന്ന രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പരിഷ്കരണവാദികൾക്ക് ഫാസിസം ഉയർന്നു വരുന്നതിലുള്ള പങ്കിനെക്കുറിച്ചാണ് അതിൽ വിശദമാക്കപ്പെട്ടത്. അതോടൊപ്പം തന്നെ ഈ ഇറ്റാലിയൻ അനുഭവം എല്ലാ രാജ്യങ്ങൾക്കും ബാധകമാണ് എന്ന കാര്യവും നാലാം കോൺഗ്രസ് രേഖ വ്യക്തമാക്കിയിരുന്നു. ഇറ്റാലിയൻ ഫാസിസത്തിന്റെ സവിശേഷതകളാണ് അതിൽ വിശദീകരിച്ചിരുന്നത്. ഇറ്റാലിയൻ ഫാസിസത്തിനെ ആ രേഖയിൽ ക്ലാസിക്കൽ ഫാസിസം എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രതിവിപ്ലവ ശക്തിയായ ഒരു മിലിറ്റന്റ് സംഘടനയാ ണ് ഫാസിസ്റ്റുകൾ എന്നും അവർ ജനപ്രിയമായ വായാടിത്തം കൊണ്ട് ബഹുജനങ്ങളെയും കർഷകരെയും താഴെത്തട്ടിലുള്ള ബൂർഷ്വാസിയെയും തൊഴിലാളികളിൽ ഒരു വിഭാഗത്തെയും ഫാസിസ്റ്റ് അനുയായികളാക്കി മാറ്റുന്നു എന്നും ആ രേഖ വ്യക്തമാക്കിയിട്ടുണ്ട്. ചെക്കോസ്ളോവാക്കിയയിലും ഹംഗറിയിലും വാൾക്കം രാജ്യങ്ങളിലും പോളണ്ടിലും ജർമ്മനിയിലും ആസ്ട്രിയയിലും അമേരിക്കയിലും നോർവേ പോലുള്ള രാജ്യങ്ങളിലും അടക്കം അവർക്ക് സ്വാധീനം നേടാനായിട്ടുണ്ടെന്നും നാലാം കോൺഗ്രസിന്റെ തീസിസ് ഓൺ ടാറ്റിക്സ് എന്ന രേഖ വ്യക്തമാക്കി. ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ അന്നത്തെ വികസിത രാജ്യങ്ങളായ ഫ്രാൻസിലും ഇംഗ്ലണ്ടിലും പോലും ഫാസിസത്തിന് സ്വാധീനം നേടാനാവും എന്നും ആ രേഖ ചൂണ്ടിക്കാണിച്ചിരുന്നു.
ഇറ്റലിയിൽ ഫാസിസം അധികാരത്തിലേറി ഏതാനും ആഴ്ചകൾക്കകം തന്നെ കമ്മ്യൂണിസ്റ്റ് ഇന്റ്ർനാഷണൽ അവരുടെ കാഴ്ചപ്പാട് വ്യക്തമാക്കു ന്നുണ്ട്.
1. കുറച്ചുകാലത്തേക്ക് എങ്കിലും ഇറ്റാലിയൻ ഫാസിസത്തിന് അധികാരത്തിൽ തുടരാൻ ആവും.
2. ഇറ്റാലിയൻ ഫാസിസം അതിന്റെ ക്ലാസിക്കൽ രൂപത്തിലുള്ളതാണെന്ന് തെളിയിക്കാൻ പോവുകയാണ്.
3. ഫാസിസത്തിന്റെ ഭീഷണി എല്ലാ സാമ്രാജ്യത്വ രാജ്യങ്ങൾക്കും ഒരേപോലെ ബാധകമാണ്. അതിൽ നിന്ന് ഏറ്റവും പുരോഗമിച്ചതും ജനാധിപത്യപരമായി പ്രവർത്തിക്കുന്നതുമായ രാജ്യങ്ങൾക്കടക്കം ഒഴിഞ്ഞുനിൽക്കാനാവില്ല.
എന്നാൽ പരിഷ്കരണവാദികൾ ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണം അതിവേഗം തകരുമെന്നും അത് കൃത്യമായും ഒരു ഇറ്റാലിയൻ പ്രതിഭാസം മാത്രമാണെന്നും വികസിത ജനാധിപത്യ വ്യാവസായിക രാജ്യങ്ങളിൽ അതിന് യാതൊരു നിലനിൽപ്പും ഉണ്ടാവുകയില്ല എന്ന നിലപാടാണ് സ്വീകരിച്ചത്.
ഒന്നാം ഫാസിസ്റ്റ് തരംഗത്തിന്റെ കാലത്ത്, അതായത് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ആറാം കോൺഗ്രസ് വരെ ഫാസിസത്തിന്റെ സ്വഭാവസവിശേഷതകൾ ആയി വിലയിരുത്തിയത് താഴെപ്പറയുന്ന കാര്യങ്ങളായിരുന്നു.
1. മുതലാളിത്ത വ്യവസ്ഥയുടെയും ഒപ്പം പഴയ ഭരണകൂട രൂപങ്ങളുടെയും ജീർണ്ണതയിൽ നിന്ന് രൂപപ്പെട്ട ഒരു പ്രതിഭാസമാണ് ഫാസിസം.
2. പെറ്റി ബൂർഷ്വാസി, ചെറുകിട കർഷക വർഗ്ഗം, ബുദ്ധിജീവികൾ, സ്വന്തം വർഗ്ഗ നിലവാരത്തിൽ നിന്ന് തരംതാഴ്ത്തപ്പെട്ടവർ, തൊഴിലാളിവർഗ്ഗത്തിൽ തന്നെ ഏറ്റവും പിന്നണിയിൽ നിൽക്കുന്നവർ എന്നീ ജനവിഭാഗങ്ങൾക്കിടയിൽ ഉണ്ടായ ദാരിദ്ര്യവൽക്കരണവും നിരാശാബോധവും അത് പരിഹരിക്കുന്നതിൽ പരിഷ്കരണവാദത്തിനും പാർലമെന്ററി വ്യവസ്ഥയ്ക്കുമുണ്ടായ പരാജയവുമാണ് ഫാസിസത്തിന്റെ സാമൂഹ്യ അടിത്തറയായി പ്രവർത്തിച്ചത്.
3. പഴയകാല ഭരണകൂട ഉദ്യോഗസ്ഥ സംവിധാനത്തിനും സൈനിക ശക്തികൾക്കും ബൂർഷ്വാ സർവാധിപത്യം നിലനിർത്തുന്നതിൽ ഉണ്ടായ വീഴ്ച, പുതിയ ഭരണകൂടേതര സംഘടനകൾ, അർദ്ധ നിയമാധിഷ്ഠിത സംഘടനകൾ എന്നിവ രൂപീകരിച്ചുകൊണ്ട് തൊഴിലാളിവർഗ്ഗത്തിനെതിരായി നടത്തുന്ന വിനാശകാരികളായ ആക്രമണങ്ങൾ.
4. ബൂർഷ്വാ ജനാധിപത്യ രൂപങ്ങളെ നശിപ്പിക്കൽ.
5. സാമൂഹികമായ കലഹപ്രേരണയുടെ ഒരു സംയുക്തമെന്ന നിലയിലുള്ള ഫാസിസത്തിന്റെ വ്യത്യസ്തമായ സ്വഭാവം ഉപയോഗപ്പെടുത്തിക്കൊണ്ട് ഉണ്ടാക്കുന്ന പ്രത്യേകമായ ബഹുജനാടിത്തറ, പ്രതിവിപ്ലവ കരമായ ഭീകരവാദം.
6. ഫാസിസത്തിന്റെ വികാസത്തിൽ പരിഷ്കരണ വാദത്തിന്റെ ഉത്തരവാദിത്വം (നാലാം കോൺഗ്രസ് നിയോഗിച്ച ഇറ്റാലിയൻ കമ്മീഷന്റെ പ്രമേയത്തിൽ ഫാസിസത്തിന്റെ യഥാർത്ഥ മുൻഗാമിയായി പ്രവർത്തിച്ചത് പരിഷ്കരണ വാദമാണ് എന്ന് പറഞ്ഞിട്ടുണ്ട്.)
7. എല്ലാ സാമ്രാജ്യത്വ രാജ്യങ്ങൾക്കും ഫാസിസത്തിന്റെ ഭീഷണി ഒരേ പോലെ ബാധകമാണ്. 1924ൽ നടന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ അഞ്ചാം കോൺഗ്രസ് സോഷ്യൽ ഡെമോക്രാറ്റുകളും ഫാസിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു പരാമർശം നടത്തിയിരുന്നു. സോഷ്യൽ ഡെമോക്രസിയുടെയും ഫാസിസത്തിന്റെയും സമാന്തര സ്വഭാവത്തെക്കുറിച്ചായിരുന്നു ആ പരാമർശം. “തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വലതുപക്ഷമായി പ്രവർത്തിക്കുന്ന സോഷ്യൽ ഡെമോക്രാറ്റുകൾ ബൂർഷ്വാസിയുടെ “ഇടതു’പക്ഷമായി കൂടുതൽ പരിവർത്തനത്തിന് വിധേയമായി കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് ഇന്ന് നടക്കുന്നത്. ചില സ്ഥലങ്ങളിൽ അത് ഫാസിസത്തിന്റെ ഒരു പക്ഷമായി മാറുന്നുമുണ്ട്. അതുകൊണ്ടാണ് സോഷ്യൽ ഡെമോക്രസിക്ക് മേൽ ഫാസിസത്തിന്റെ വിജയം എന്നു പറയുന്നത് ചരിത്രപരമായി തെറ്റാണെന്ന് പറയുന്നതിനു ള്ള കാരണം. ഫാസിസവും സോഷ്യൽ ഡെമോക്രസിയും (അതിന്റെ നേതാക്കന്മാരെ സംബന്ധിച്ചിടത്തോളമെങ്കിലും) ആധുനിക മുതലാളിത്തത്തിന്റെ ഇടംകൈയും വലംകൈയുമായി മാറിയിരിക്കുന്നു.’ എന്ന് വിലയിരുത്തിയത്. 1924ൽ സ്റ്റാലിൻ എഴുതിയ ലേഖനത്തിന്റെ കാഴ്ചപ്പാട് ഉൾക്കൊണ്ടുകൊണ്ടാണ് സോഷ്യൽ ഡെമോക്രസിയുടെ പുതിയ വികാസമായി സോഷ്യൽ ഫാസിസത്തെ വിലയിരുത്തിയത്.
1928ൽ നടന്ന കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ആറാം കോൺഗ്രസ് അതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിശകലനം നടത്തി. ഇന്റർനാഷണൽ പ്രോഗ്രാമിന്റെയും തീസിസുകളുടെയും ഉള്ളടക്കം പരിശോധിക്കുകയും ഫാസിസത്തിന്റെയും അതിന്റെ സ്വഭാവസവിശേഷതകളെയുംകുറിച്ചുള്ള നിർവചനം കാലോചിതമാക്കുകയും ചെയ്തു. “വൻകിട മൂലധന ശക്തികളുടെ ഭീകരവാദപരമായ സ്വേച്ഛാധിപത്യമാണ് ഫാസിസം എന്നാണ് ആറാം കോൺഗ്രസ് വിലയിരുത്തിയത്. അതുവരെ നിലവിലുണ്ടായിരുന്ന നിർവചനത്തിൽ ഏകീകൃതമായതോ ഉറച്ചതോ ആയ അടിസ്ഥാനം ഇല്ലാത്തതും കൃത്യമായ പരിപാടിയോ ആശയ സംഹിതയോ ഇല്ലാത്തതുമായ ഒന്നായാണ് ഫാസിസം വിലയിരുത്തപ്പെട്ടിരുന്നത്.
ആറാം കോൺഗ്രസിന്റെ നിർവചനത്തിൽ കൂട്ടിച്ചേർക്കപ്പെട്ട പുതിയ സവിശേഷതകൾ താഴെ ചേർക്കുന്നു.
1. ഒരു പുതിയ രീതിയിലുള്ള ഭരണകൂടം സംഘടിപ്പിക്കുന്നതിനുള്ള ഫാസിസത്തിന്റെ ശ്രമം; മുതലാളിത്ത സമൂഹത്തിലെ എല്ലാ ഭരണവർഗങ്ങളുടെ ഇടയിലും സംഘടനാപരവും രാഷ്ട്രീയവുമായ ഐക്യം രൂപപ്പെടു ത്തുന്നതിനുള്ള ശ്രമം.
2. ഫാസിസ്റ്റ് ഏകാധിപത്യം ഇല്ലാത്ത രാജ്യങ്ങളിൽ പോലും ബൂർഷ്വാസിയാൽ ഫാസിസ്റ്റ് രീതികൾ വർദ്ധിതമായി നടപ്പിലാക്കുന്ന അവസ്ഥ. ബ്രിട്ടനിലെ ട്രേഡ് യൂണിയൻ നിയമവും ഫ്രാൻസിലെ സൈനിക നിയമവും ഒക്കെയാണ് ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്ക പ്പെട്ടത്.
3. സോഷ്യൽ ഡെമോക്രസിയും ഫാസിസവും തമ്മിൽ സിദ്ധാന്തത്തിലും പ്രയോഗത്തിലും വർദ്ധിച്ചുവരുന്ന സമാന സ്വഭാവം. സോഷ്യൽ ഡെമോക്രസിയുടെ ഔദ്യോഗിക പ്രത്യയശാസ്ത്രമായ വർഗ്ഗസഹകരണത്തിനകത്ത് ഫാസിസത്തിന്റെതായ നിരവധി അംശങ്ങളുണ്ട്.
നിരവധി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളുടെയും പരിഷ്കരണവാദികളായ ട്രേഡ് യൂണിയൻ ബ്യൂറോക്രസിയുടെയും പ്രവർത്തനങ്ങളിൽ വിപ്ലവപ്രസ്ഥാനത്തിന് എതിരായ പോരാട്ടത്തിൽ അവർ പ്രാരംഭദശയിലുള്ള ഫാസിസ്റ്റ് രീതികൾ പ്രയോഗിച്ചുവരുന്നതായി കാണാനാവും എന്ന് സാർവദേശീയ സ്ഥിതിഗതികൾ വിശദീകരിക്കുന്ന രേഖയിൽ ഇന്റർനാഷണൽ വ്യക്തമാക്കി.
രാഷ്ട്രീയ സ്ഥിതിഗതികളിൽ വരുന്ന മാറ്റത്തിനനുസരിച്ച് ബൂർഷ്വാസി ഒരു ഭാഗത്ത് ഫാസിസ്റ്റ് രീതികളെയോ അല്ലെങ്കിൽ സോഷ്യൽ ഡെമോക്രസിയുമായി സഖ്യം ഉണ്ടാക്കുന്ന രീതിയേയോ അഭയം പ്രാപിക്കുന്നു. മുതലാളിത്തത്തിന് നിർണായകമാകുന്ന സ്ഥിതിഗതികളിൽ സോഷ്യൽ ഡെമോക്രസി തന്നെ ചില സമയത്ത് ഫാസിസത്തിന്റെ പങ്കാണ് നിർവഹിച്ചുവരുന്നത് എന്നും ഇന്റർനാഷണൽ വ്യക്തമാക്കുന്നുണ്ട്.
ആറാം കോൺഗ്രസിന് ശേഷമുള്ള കാലത്ത് പൊതുവിൽ ആറാം കോൺഗ്രസ് നയങ്ങൾ പിന്തുടരുകയാണ് ഇന്റർനാഷണൽ ചെയ്തത്. 1929ൽ ലോക സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുകയും അതിന്റെ ഭാഗമായി ഫാസിസത്തിന്റെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയും ചെയ്തു. ഈ രണ്ടാം തരംഗത്തിൽ ഫാസിസത്തിന്റെ അടിസ്ഥാന പരമായ സവിശേഷതകൾ വൻതോതിൽ പ്രകടമായി എന്ന് മാത്രമല്ല ഗുണപരമായി തന്നെ ഫാസിസത്തിന്റെ ഘടനയിൽ മാറ്റം വരുത്തുന്ന പുതിയ സവിശേഷതകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു എന്ന് ആറാം കോൺഗ്രസ് വിലയിരുത്തിയിരുന്നു. ഈ സവിശേഷതകളെയൊക്കെ 1929 മുതൽ 1932 വരെ നടന്ന പത്തും പതിനൊന്നും പന്ത്രണ്ടും പ്ലീനങ്ങൾ വിലയിരുത്തുന്നുണ്ട്.
അതിൽ അവർ വിശദമായി ചർച്ചചെയ്ത ഒരു കാര്യം ഫാസിസ്റ്റുവൽക്കരണ പ്രക്രിയയാണ്; ഒപ്പം ബൂർഷ്വാ ജനാധിപത്യവും ഫാസിസവും തമ്മിലുള്ള ബന്ധവുമാണ്. വിവിധ രാജ്യങ്ങളിൽ പലരീതികളിലായി വർദ്ധിച്ചുവരുന്ന ഫാസിസ്റ്റ് പ്രവണതകൾ, അവയുടെ വേഗത, ഭരണകൂട ബാഹ്യമായ രൂപങ്ങൾ എന്നിവയൊക്കെ വിശദമായ പഠനത്തിന് വിധേയമായി. ബൂർഷ്വാ ജനാധിപത്യവും ഫാസിസവും നേർവിപരീതങ്ങളാണ് എന്ന സോഷ്യൽ ഡെമോക്രാറ്റിക് ധാരണ തിരുത്തി എഴുതപ്പെട്ടു. ബൂർഷ്വാ ജനാധിപത്യത്തിൽ നിന്ന് ഫാസിസത്തിലേക്ക് വളരാനാവും എന്നതിന്റെ തെളിവായിരുന്നു ഹിറ്റ്ലറുടെ വളർച്ച.
രണ്ടാമത്തെ പ്രശ്നം സോഷ്യൽ ഫാസിസത്തിന്റേതായിരുന്നു. സോഷ്യൽ ഡെമോക്രാറ്റുകൾ ഫാസിസത്തിന്റെ നേർ എതിരാളിക ളാണെന്നായിരുന്നു അന്നത്തെ തൊഴിലാളിവർഗ്ഗത്തിന്റെ ധാരണ. എന്നാൽ അവരുടെതായ രീതിയിൽ ഫാസിസത്തിന്റെ വളർച്ചയ്ക്കും ഭരണകൂടത്തിന്റെ ഫാസിസ്റ്റുവൽക്കരണത്തിനും ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയായിരുന്നു യഥാർത്ഥത്തിൽ സോഷ്യൽ ഡെമോക്രാറ്റുകൾ ചെയ്തു വന്നിരുന്നത്. സോഷ്യൽ ഫാസിസം എന്ന സങ്കൽപ്പനം വികസിപ്പിക്കുന്നത് 1929ൽ നടന്ന പത്താം പ്ലീനമാണ്. എന്തായാലും സോഷ്യൽ ഡെമോക്രസിക്കെതിരായ ശരിയായ നിലപാട് സ്വീകരിക്കാൻ ഇത് തൊഴിലാളി വർഗത്തിനെ സഹായിച്ചു.
1933ൽ ഹിറ്റ്ലർ ജർമ്മനിയിൽ അധികാരത്തിലേറിയതോടെ സർവ്വ ദേശീയമായി തന്നെ ഫാസിസം ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു. ലോക ചരിത്രത്തിൽ ആദ്യമായി തൊഴിലാളിവർഗ പ്രതിരോധത്തെ ദുർബലമാക്കിക്കൊണ്ട് വ്യാവസായികവും ജനാധിപരവുമായ ഒരു രാജ്യ ഫാസിസ്റ്റുവത്കരണം വിജയിപ്പിക്കുന്നതിൽ സോഷ്യൽ ഡെമോക്രാറ്റുകൾ വിജയം നേടി. അവിടങ്ങളിൽ പഴയതും ജീർണ്ണവുമായ ജനാധിപത്യ വ്യവസ്ഥയുടെ അംശങ്ങളൊക്കെ തുടച്ചുനീക്കപ്പെട്ടു. തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനെ കായികമായ ആക്രമണത്തിലൂടെ തുടച്ചുനീക്കുന്നതിന് ആവശ്യമായ നടപടികൾ ആരംഭിച്ചു. ഇത് പല രാജ്യങ്ങളിലും ഫാസിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പുതിയ ഊർജ്ജം പകർന്നു നൽകി. മറുഭാഗത്ത് തൊഴിലാളിവർഗ പ്രസ്ഥാനം ശക്തമായ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങൾക്ക് രൂപം നൽകുകയും ചെയ്തു.
ഇതിനെ തുടർന്നാണ് 1933 അവസാനത്തിൽ മൂന്നാം പ്ലീനം ചേരുന്നത്. ദിനം നിലവിലുള്ള സ്ഥിതിഗതികൾ വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ഫാസിസത്തിന് പുതിയ നിർവചനം നൽകുകയും ചെയ്തു. അതാണ് ഇപ്പോൾ നമ്മൾ ഫാസിസത്തിനും ഉപയോഗിച്ചുവരുന്ന നിർവചനം. “ഫൈനാൻസ് മൂലധനക്കാരിൽ വച്ച് ഏറ്റവും പിന്തിരിപ്പനും അങ്ങേയറ്റത്തെ സങ്കുചിത ദേശീയവാദികളും കടുത്ത സാമ്രാജ്യത്വ വാദികളുമായ ശക്തികളുടെ പരസ്യവും ഭീകരവുമായ സ്വച്ഛാധിപത്യമാണ് അധികാരത്തിലേറിയ ഫാസിസം’.
ഫാസിസത്തെ സംബന്ധിച്ച കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പതിമൂന്നാം പ്ലീനത്തിന്റെ ഈ നിർവചനം ഭീകരവാദ ഫാസിസത്തിനെതിരായ ഏറ്റവും മൂർച്ചയേറിയ ആയുധമായി മാറി.
ഫാസിസത്തിന്റെ ഈ നിർവചനം സംബന്ധിച്ച് പ്രശസ്ത കമ്മ്യൂണിസ്റ്റുകാരനും ബ്രിട്ടനിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായി രുന്ന ഇന്ത്യൻ വംശജനായ രജനി പാംദത്ത് എഴുതിയ ഫാസിസത്തിന്റെ ചില പ്രശ്നങ്ങൾ (some problems of fascism) എന്ന ലേഖനത്തിൽ ചില വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ഇന്റർനാഷണൽ എന്ന പുസ്തകത്തിൽ അത് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. “ഇപ്പോൾ നിലനിൽക്കുന്ന നിർവചനം ഫാസിസത്തെ ധനമൂലധന ശക്തികളുടെ ഒരു പിന്തിരിപ്പൻ ഭീകരവാദ സ്വേച്ഛാധിപത്യമാണ് എന്നതിൽ ഊന്നൽ നൽകുമ്പോൾ തന്നെ പ്രതിവിപ്ലവ സഛാധിധിപത്യത്തിൽ നിന്നും വൈറ്റ് ഗാർഡ് ഏകാധിപത്യത്തിൽ നിന്നും പൊതുവായി വേർതിരിക്കുന്നത് എന്ത് എന്നതിന് കൃത്യമായ വ്യക്തത വരുത്തുന്നില്ല’ എന്ന വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. ആ വ്യത്യാസം എന്ത് എന്ന് കൃത്യമായി വ്യക്തമാക്കാനാവുന്നില്ലെങ്കിൽ ഫാസിസം എന്ന പദപ്രയോഗത്തെ നമ്മുടെ മാധ്യമങ്ങൾ വളരെ അയവേറിയ വിധത്തിൽ വിശദീകരിക്കുന്നതിന് ഇടയാക്കും എന്നാണ് അദ്ദേഹം പറയുന്നത്. ലോകത്തിലുള്ള എല്ലാ പിന്തിരിപ്പൻ പ്രതിഭാസങ്ങളെയും ഫാസിസം എന്ന് വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥ വരും. ഇന്നത്തെ കാലത്ത് മുതലാളിത്ത ത്തിന്റെയും മുതലാളിത്ത വ്യവസ്ഥയുടെയും പ്രതിഭാസങ്ങളെയും പ്രവർത്തനങ്ങളെയും എല്ലാം ഫാസിസമായി വ്യാഖ്യാനിക്കുന്ന അവസ്ഥ വരും എന്ന മുന്നറിയിപ്പാണ് അദ്ദേഹം ആ ലേഖനത്തിൽ നൽകിയിട്ടുള്ളത്. ഫാസിസത്തെ മറ്റു ജനാധിപത്യ ഭരണങ്ങളിൽ നിന്ന് വ്യത്യസ്ത മാക്കുന്നത് പിന്തിരിപ്പത്തത്തിന്റെ കാര്യത്തിലെ അതിന്റെ ഉയർന്ന നിലവാരമോ, ഭീകരവാദമോ, സങ്കുചിത ദേശീയ വാദമോ ഒന്നുമല്ല മറിച്ച് ഈ ഭീകരവാദത്തെ നിലനിർത്തിക്കൊണ്ടുപോകുന്ന സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ രീതിയാണെന്നാണ് രജനി പാംദത്ത് അഭിപ്രായപ്പെടുന്നത്. മുതലാളിത്തത്തിന്റെ പൊതു പ്രതിസന്ധി മുതലെടുത്തുകൊണ്ട് ഒരു പിന്തിരിപ്പൻ ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ജനപ്രിയ വായാടിത്ത പ്രവർത്തനത്തിന്റെ പ്രത്യേക സംവിധാനമാണത് എന്നും അദ്ദേഹം പറയുന്നു. മുതലാളിത്ത പ്രതിസന്ധിയുടെ കാലത്തുണ്ടാകുന്ന വിവിധ ജനവിഭാഗങ്ങളുടെയും മറ്റും ദാരിദ്ര്യവും മോഹഭംഗങ്ങളും പരിഷ്കരണവാദത്തോടുള്ള നിരാശയും ഒക്കെയാണ് ഇക്കൂട്ടർ മുതലെടുക്കുന്നത്. ജനാധിപത്യ രൂപങ്ങൾ തകർന്നാലും ധനമൂലധന പ്രഭുക്കൾക്ക് അതിനു മുന്നിലുള്ള ജനാധിപത്യ പൂർവ്വരൂപങ്ങളിലേക്ക് തിരിച്ചുപോകാനാവില്ല. അതിനുപകരം അവർ ബഹുജന വഞ്ചനയുടെ സങ്കീർണ രൂപങ്ങളും വർദ്ധിതമായ ഭീകരവാദവും ഒക്കെ സ്വന്തം ഭരണാധികാരം നിലനിർത്തുന്നതിനായി ഉപയോഗപ്പെടുത്താൻ ആരംഭിക്കും. പ്രതിവിപ്ലവ ശക്തികളുടേതായ ഇതര രൂപങ്ങളിലുള്ള സ്വേഛാധിപത്യരൂപങ്ങളിൽ നിന്ന് ഫാസിസത്തെ വ്യത്യസ്തമാക്കുന്നത് ഈ സവിശേഷമായ സ്വഭാവമാണ് എന്നാണ് രജനി പാംദത്ത് പറയുന്നത്.
പതിമൂന്നാമത് പ്ലീനം രേഖകൾ ഈ സ്വഭാവം പൂർണമായും തിരിച്ചറിയുന്നുണ്ട് ഫാസിസത്തെ നിർവചിച്ചതിനുശേഷം രേഖ കടക്കുന്നത് ബഹുജനാടിത്തറ എന്ന ഈ വിഷയത്തിലേക്കാണ്. ഇത് യഥാർത്ഥത്തിൽ ഒരു ഉപവിഷയമായി കാണേണ്ട കാര്യമല്ല എന്നും പാംദത്ത് അഭിപ്രായപ്പെടുന്നു. ഫാസിസത്തിനെതിരായ ശരിയായ പോരാട്ടം നടത്തണമെങ്കിൽ നിർവചനത്തിൽ തന്നെ ഇക്കാര്യം നേരിട്ട് കൊണ്ടുവരേണ്ടതുണ്ട് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. കാരണം സോഷ്യൽ ഡെമോക്രാറ്റിക് സങ്കൽപ്പനമനുസരിച്ച് ഫാസിസം എന്നത് ഭീകരവാദം മാത്രമാണ്; ബുർഷ്വാ ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും തകർച്ച മാത്രമാണ് അത് എന്ന് അവർ തൊഴിലാളിവർഗ്ഗത്തിനെ തെറ്റിദ്ധരിപ്പിക്കുന്നു.
കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പരിപാടിയിൽ ഫാസിസത്തെ നിർവചിച്ചിട്ടുള്ളത് വിശദീകരിക്കുകയാണ് പിന്നീട് അദ്ദേഹം ചെയ്യുന്നത്. “ഫാസിസ്റ്റ് വ്യവസ്ഥ എന്നത് “ദേശീയമായ ഒരാശയത്താൽ പ്രത്യശാപര മായി മറയ്ക്കപ്പെട്ടിട്ടുള്ള നേരിട്ടുള്ള ഒരു സേച്ഛാധിപത്യവ്യവസ്ഥയാണ്. ഒരു പ്രത്യേക രീതിയിലുള്ള ജനപ്രിയ വായാടിത്ത പ്രവർത്തനത്തെ ആശ്രയിക്കുന്ന ഒരു വ്യവസ്ഥയാണ് അത്. ജനപ്രിയ വായാടിത്ത പ്രവർത്തനം, അഴിമതി, സജീവമായ വെള്ള ഭീകരവാദം, എന്നിവയോടൊപ്പം വിദേശ രാഷ്ട്രീയ മേഖലയിലുള്ള തീവ്രമായ സാമ്രാജ്യത്ത് കടന്നാക്രമണം എന്നിവയൊക്കെയാണ് ഫാസിസത്തിന്റെ സവിശേഷമായ പ്രത്യേകതകൾ’ (ഇന്റർനാഷണലിന്റെ പരിപാടി).
ഫാസിസത്തിന്റെ ഈ സ്വഭാവത്തിൽ നിന്ന് ഉയർന്നുവരുന്നതാണ് ഫാസിസത്തിലെ വൈരുദ്ധ്യങ്ങൾ. അതാണ് ഫാസിസത്തിനെതിരായി വിജയകരമായി പോരാടുന്നതിനുള്ള സ്ഥിതിവിശേഷം ഒരുക്കുന്നത്. ഫാസിസ്റ്റ് വൽക്കരണം, ഫാസിസ്റ്റ് പ്രവണതകൾ,അർധ ഫാസിസം എന്നിവയൊന്നും പുതിയ പ്രവണതകളോ സങ്കൽപ്പനങ്ങളോ അല്ല. ജനാധിപത്യം എന്നതിന് നിർവപരീതമാണ് ഫാസിസം എന്നും അതിനിടയിൽ മറ്റൊരു അവസ്ഥയും ഇല്ലെന്നുമൊക്കെ കരുതുന്നവരുണ്ട്. മുതലാളിത്തം കഴിഞ്ഞാൽ സോഷ്യലിസം ആണെന്നും അതിനിടയിൽ ഇടക്കാല വ്യവസ്ഥകൾ ഒന്നുമില്ലെന്നും പറയുന്നതുപോലെയാണിത്. ജനകീയ ജനാധിപത്യവും പുത്തൻ ജനാധിപത്യവും ദേശീയ ജനാധിപത്യവും ഒക്കെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരുടെ തന്നെ ഇടക്കാല മുദ്രാവാക്യങ്ങൾ ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. എന്നിട്ടും സിപിഐഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിലെ ഫാസിസ്റ്റ് പ്രവണതകൾ എന്ന സങ്കൽപ്പനത്തെ വിമർശിക്കുന്നതിന് അത്തരത്തിലുള്ള ചില പ്രയോഗങ്ങൾ ചിലരിൽ നിന്ന് ഉയർന്നു വരികയുണ്ടായി. l