അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം, പാർട്ടി അസം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച അചിന്ത്യ ഭട്ടാചാര്യ ഏറെ ശ്രദ്ധേയനായിരുന്നു. മികച്ച ട്രേഡ് യൂണിയൻ നേതാവായിരുന്ന അദ്ദേഹം സമർഥനായ സംഘാടകനായിരുന്നു. അസമിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം.
അവിഭക്ത ബംഗാളിലെ സിൽഹട്ട് ജില്ലയിൽ ഡാക്കാദക്ഷിൺ എന്ന സ്ഥലത്ത് 1914ൽ അചിന്ത്യ ഭട്ടാചാര്യ ജനിച്ചു. കുട്ടിക്കാലത്തുതന്നെ ദേശീയപ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും ആകൃഷ്‌ടനായി. വിദ്യാർഥിയായിരിക്കെ തന്നെ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. ഉപ്പു സത്യാഗ്രഹത്തിലും വിദേശവസ്‌ത്ര ബഹിഷ്‌കരണത്തിലും സജീവമായി പ്രവർത്തിച്ചു. വിദേശവസ്‌ത്രങ്ങൾ വിൽക്കുന്ന കടകൾക്കു മുന്പിൽ കൗമാരക്കാരനായിരുന്ന അചിന്ത്യ ഉൾപ്പെടെയുള്ള കോൺഗ്രസ് ഭടന്മാർ സത്യാഗ്രഹം അനുഷ്‌ഠിച്ചു. വിദേശവസ്‌ത്രങ്ങൾ ബഹിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരവധി പ്രസംഗങ്ങൾ അദ്ദേഹം നടത്തി. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി വളരെ വേഗം അറിയപ്പെട്ട അദ്ദേഹം ഇരുപത്തിയാറാം വയസ്സിൽ കോൺഗ്രസിന്റെ കച്ചാർ ജില്ലാ സെക്രട്ടറിയായി.
കോൺഗ്രസിനകത്തെ ഇടതുപക്ഷ ചിന്താഗതിക്കാർക്കൊപ്പമാണ് അചിന്ത്യ ആദ്യംമുതലേ നിലകൊണ്ടത്. യുഗാന്തർ എന്ന വിപ്ലവ പാർട്ടിയിൽ താമസിയാതെ അദ്ദേഹം ചേർന്നു. അതീവ രഹസ്യമാഘയി പ്രവർത്തിച്ച ഈ വിപ്ലവ പാർട്ടി ഒരു സബ് അർബൻ ഫിറ്റ്‌നസ് ക്ലബിന്റെ വേഷത്തിലാണ് പ്രവർത്തിച്ചത്. എന്നാൽ താമസിയാതെ പല പ്രവർത്തകരും പൊലീസിന്റെ പിടിയിലായി. ക്രൂരമായ മർദനങ്ങൾക്കാണ് അവർ ഇരയാക്കപ്പെട്ടത്. യുഗാന്തർ അംഗങ്ങളിൽ ചിലരെ തൂക്കിലേറ്റി; ചിലരെ ആൻഡമാനിലെ സെല്ലുലാർ ജയിലിലേക്ക് അയച്ച് പീഡിപ്പിച്ചു.
ബ്രിട്ടീഷ് സർക്കാരിനെതിരെ ആയുധമെടുത്ത് പോരാടണം എന്നതായിരുന്നു യുഗാന്തർ പാർട്ടിയുടെ കാഴ്‌ചപ്പാട്. അതിനായി വിദേശരാജ്യങ്ങളിൽ പോയി ചില പ്രവർത്തകർ പരിശീലനം നേടി. വടക്കേ അമേരിക്കയുടെ പശ്ചിമതീരത്തുള്ള ഹിന്ദുക്കളും സിഖുകാരുമായ കുടിയേറ്റക്കാർക്കിടയിൽ നല്ല സ്വാധീനം നേടാർ യുഗാന്തറിന് സാധിച്ചു.
യുഗാന്തറിന്റെ പ്രവർത്തകരുടെ സാഹസിക പ്രവർത്തനങ്ങളും സമർപ്പണ മനോഭാവവും യുവാവായ അചിന്ത്യയെ ശരിക്കും സ്വാധീനിച്ചു. അദ്ദേഹം യുഗാന്തറിന്റെ സജീവ പ്രവർത്തകനായി മാറി. കൽക്കത്തയിലെ ഗ്രിൻലെ ബാങ്കിൽ നിന്ന് യുഗാന്തറിന്റെ പ്രവർത്തകർ ആയുധം വാങ്ങാനും മറ്റുമായി കവർച്ച നടത്തിയതായി ആരോപണമുയർന്നു. 22,000 രൂപ കവർന്നു എന്നതായിരുന്നു ആരോപണം. ഈ തുക അന്ന് ഭീമമായ സംഖ്യയാണ്. ബാങ്ക് കവർച്ചയിൽ അചിന്ത്യയുമുണ്ടെന്ന് ആരോപിച്ച് പൊലീസ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തു. എന്നാൽ പൊലീസിന് ആ കേസ് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ കേസ് തള്ളിപ്പോയി. എങ്കിലും വിചാരണത്തടവുകാരനായി മാസങ്ങളോളം അചിന്ത്യക്ക് ജയിലിൽ കഴിയേണ്ടിവന്നു.
പിന്നീട് സിൻഹട്ടിൽ നടന്ന ഒരു കവർച്ചക്കേസിലും അചിന്ത്യയെ പൊലീസ് പ്രതിചേർത്തു. അന്ന് അദ്ദേഹം കോളേജ് വിദ്യാർഥിയായിരുന്നുവെന്ന് ഓർക്കുക. കേസ് കോടതിയിൽ തെളിയിക്കുന്നതിൽ പൊലീസ് ദയനീയമായി പരാജയപ്പെട്ടു. പക്ഷേ, അചിന്ത്യയെ വിചാരണത്തടവുകാരനായി കുറേക്കാലം ജയിലഴിക്കുള്ളിലടയ്‌ക്കാൻ പൊലീസിന് കഴിഞ്ഞു. സർക്കാരിന്റെ ഗൂഢാലോചനയ്‌ക്ക് അത്രയും ചെയ്യാൻ കഴിഞ്ഞു. എങ്കിലും അചിന്ത്യയിലെ പോരാട്ടവീറിന് തെല്ലും പരിക്കേൽപ്പിക്കാൻ സർക്കാരിനോ പൊലീസിനോ കഴിഞ്ഞില്ല.
1930കളുടെ മധ്യത്തോടെ സിൻഹട്ടിലെ കമ്യൂണിസ്റ്റുകാരുടെ ഒരു ഗ്രൂപ്പ് കൽക്കത്തയിൽ രൂപീകരിക്കപ്പെട്ടു. അഖിലേന്ത്യാ കിസാൻസഭയുടെ പ്രൊവിൻഷ്യൽ കമ്മിറ്റിയും ഏതാണ്ട് ഒരേ സമയത്തുതന്നെയാണ് രൂപീകരിക്കപ്പെട്ടത്. കിസാൻസഭയുടെ സജീവ പ്രവർത്തകനായി അചിന്ത്യ മാറി. അന്നു നിലനിന്ന ജന്മിത്തത്തിന്റെ ചൂഷണങ്ങൾക്കും അടിച്ചമർത്തലിനുമെതിരെ കുടിയാന്മാരും പങ്കുപാട്ടക്കാരും ശക്തിയായി പ്രതികരിച്ചു. അവരുടെ അവകാശങ്ങളുയർത്തി കിസാൻസഭയുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങൾ നടന്നു. ആ പ്രക്ഷോഭ പരന്പരകളുടെ മുൻനിരയിൽ അചിന്ത്യയുണ്ടായിരുന്നു. ബിരേഷ് മിശ്രയും പ്രാണേശ്വർ മിശ്രയുമായിരുന്നു മറ്റു രണ്ടു നേതാക്കൾ.
1940ൽ കിസാൻസഭയുടെ ആദ്യ ജില്ലാ സമ്മേളനം നടന്നു. കച്ചാർ ജില്ലയിലെ പ്രവർത്തകർ സിൽച്ചാറിലാണ് സമ്മേളിച്ചത്. അതിൽ പ്രതിനിധിയായി അചിന്ത്യ പങ്കെടുത്തു. കർഷകരുടെ സവിശേഷമായ പ്രശ്‌നങ്ങൾ സമഗ്രമായി അചിന്ത്യ മനസ്സിലാക്കി. അവരുടെ അവകാശങ്ങൾക്കു വേണ്ടി ആയുഷ്‌കാലം മുഴുവൻ പോരാടുമെന്ന് അദ്ദേഹം തീരുമാനിച്ചു.
കിസാൻസഭയുടെ അസാം സംസ്ഥാന സെക്രട്ടറിയായി ദീർഘകാലം അചിന്ത്യ പ്രവർത്തിച്ചു, പിന്നീട് പ്രസിഡന്റായും. അന്തരിക്കുമ്പോൾ അദ്ദേഹം സംസ്ഥാന പ്രസിഡന്റായിരുന്നു. കർഷകരുടെ നിരവധി പ്രക്ഷോഭങ്ങൾക്കാണ് പല കാലങ്ങളിലായി അദ്ദേഹം നേതൃത്വം നൽകിയത്.
1939ൽ അചിന്ത്യ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ട്രേഡ് യൂണിയൻ രംഗത്ത് അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. തോട്ടംതൊളിലാളികളുടെ അവസ്ഥ അന്ന് വളരെ പരിതാപകരമായിരുന്നു. വളരെ തുച്ഛമായ കൂലിയായിരുന്നു അവർക്ക് ലഭിച്ചിരുന്നത്. അതിനെതിരെ തോട്ടംതൊഴിലാളികളെ ബോധവത്‌കരിക്കാനും നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനും അചിന്ത്യക്ക് കഴിഞ്ഞു.
1939 സെപ്‌തംബർ ഒന്നിന് രണ്ടാംലോക യുദ്ധം ആരംഭിച്ചുവല്ലോ. ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപിച്ച ഒന്നാണ് യുദ്ധം എന്നതായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ കാഴ്‌ചപ്പാട്. അതുകൊണ്ടുതന്നെ യുദ്ധത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തുവാനാണ് പാർട്ടി പ്രവർത്തകർ ശ്രമിച്ചത്. അചിന്ത്യയും യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അതോടെ പൊലീസിന്റെ വേട്ടയാടൽ കൂടുതൽ ശക്തമാക്കി. എങ്കിലും പൊലീസിന്റെ കണ്ണുവെട്ടിച്ചുകൊണ്ട് നിരവധി പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
1941 ജൂൺ മാസമായതോടെ ഹിറ്റ്‌ലർ സോവിയറ്റ് യൂണിയനെതിരെ ആക്രമണമാരംഭിച്ചു. അതോടെ യുദ്ധത്തിന്റെ സ്വഭാവത്തിൽ മാറ്റം വന്നതായി കമ്യൂണിസ്റ്റ് പാർട്ടി നിരീക്ഷിച്ചു. ഫാസിസത്തെ എന്തു വിലകൊടുത്തും എതിർത്ത് തോൽപ്പിക്കേണ്ടത് അനിവാര്യമായി വന്നു. ജനകീയ പിന്തുണയോടെ തന്നെ ഫാസിസത്തെ ചെറുത്തു തോൽപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കമ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്‌തു. താമസിയാതെ കോൺഗ്രസിന്റെ സിൽഹട്ട് ജില്ലാ കമ്മിറ്റി യോഗം കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടിന് പിന്തുണ നൽകി.
എന്നാൽ ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ ഉടനെ ജില്ലാ സമ്മേളനം വിളിക്കണമെന്ന് ശഠിച്ചു. ജില്ലാ സമ്മേളനത്തിൽ ഭൂരിപക്ഷവും കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടിനോട് യോജിച്ചില്ല.
1943ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ് ബോംബെയിൽ ചേർന്നു. അസമിൽനിന്ന് 20 പ്രതിനിധികൾ അതിൽ പങ്കെടുത്തു. അചിന്ത്യ അന്ന് ജയിലിലായിരുന്നതിനാൽ അദ്ദേഹത്തിന് ആദ്യ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ സാധിച്ചില്ല. പിന്നീട് 14‐ാം പാർട്ടി കോൺഗ്രസ് വരെയുള്ള എല്ലാ കോൺഗ്രസുകളിലും പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
രണ്ടാംലോക യുദ്ധത്തിന്റെ കെടുതികൾ ഇന്ത്യയൊട്ടാകെ അതിരൂക്ഷമായി ബാധിച്ചു. 1943 ആയപ്പോഴേക്കും സുർമാവാലി മേഖലയിൽ ഭക്ഷ്യക്ഷാമം അതിരൂക്ഷമായി. രോഗവും പകർച്ചവ്യാധികളും നാട്ടിലാകെ പടർന്നു. ഭക്ഷ്യക്ഷാമം വർധിച്ചതോടെ കച്ചവടക്കാർ സാധനങ്ങൾ പൂഴ്‌ത്തിവെക്കാൻ തുടങ്ങി. അത് അവശ്യസാധനങ്ങളുടെ വില മൂന്നും നാലും മടങ്ങ് വർധിക്കാനിടയാക്കി. അതിനെതിരെ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് കാര്യമായ ഒരു പ്രതിഷേധവുമുണ്ടായില്ല.
പൂഴ്‌ത്തിവെയ്‌പ്പിനും കൊള്ളലാഭം അടിക്കുന്നതിനുമെതിരെ കമ്യൂണിസ്റ്റ് പാർട്ടി ശക്തമായി രംഗത്തുവന്നു. കൊള്ളലാഭക്കൊയ്‌ത്തുകാർക്കെതിരെ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. അവശ്യസാധനങ്ങൾ ശരിയായ വിലയ്‌ക്ക് നൽകിയില്ലെങ്കിൽ അവ പിടിച്ചെടുത്ത് പട്ടിണിക്കാർക്ക് വിതരണം ചെയ്യുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി. ക്ഷാമബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് അചിന്ത്യ മുൻനിരയിൽനിന്ന് പ്രവർത്തിച്ചു. കോളറപോലെയുള്ള പകർച്ചവ്യാധി ബാധിച്ച പ്രദേശങ്ങളിൽ മരുന്നും ഭക്ഷ്യവിഭവങ്ങളും എത്തിക്കുന്നതിന് അചിന്ത്യയുൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാർ അഹോരാത്രം പ്രവർത്തിച്ചു.
1948 ഫെബ്രുവരിയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം കോൺഗ്രസ് കൽക്കത്തയിൽ ചേർന്നു. അചിന്ത്യ അതിൽ പ്രതിനിധിയായിരുന്നു. ആ സമ്മേളനം അംഗീകരിച്ച തീസിസിനെ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയെ സർക്കാർ നിരോധിച്ചു. അതോടെ ഗവൺമെന്റും പൊലീസും കമ്യൂണിസ്റ്റ് വേട്ട ശക്തിപ്പെടുത്തി; കമ്യൂണിസ്റ്റുകാർ ഒളിവിൽ പോയി. അചിന്ത്യയും ഒളിവിലിരുന്ന് പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സുർമാവാലിയിൽ മാത്രമല്ല അസമിന്റെ ഇതരഭാഗങ്ങളിലും പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹം കഠിനാധ്വാനം ചെയ്‌തു.
1940കളുടെ അവസാനം അദ്ദേഹം സച്ചാർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാനത്തെ തന്നെ പ്രമുഖ നേതാക്കളിലൊരാളായി അദേദഹം മാറി. 1958ൽ അമൃത്‌സറിൽ ചേർന്ന പാർട്ടി കോൺഗ്രസിൽ ദേശീയ കൗൺസിലിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിക്കുള്ളിലെ റിവിഷനിസത്തിനെതിരെ അതിശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 1961ലെ വിജയവാഡ കോൺഗ്രസിലും അദ്ദേഹം ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1962ൽ ‘ചൈനാ ചാരത്വം’ ആരോപിച്ച് നിരവധി കമ്യൂണിസ്റ്റ് നേതാക്കളെ ജയിലിലടച്ചു. അചിന്ത്യയെയും പൊലീസ് പിടികൂടി. അദ്ദേഹത്തെ ഒറീസയിലെ സൊനാന്പൂർ ജയിലിലാണ് അടച്ചത്. 1964 ഏപ്രിലിൽ സിപിഐയുടെ ദേശീയ കൗൺസിലിൽനിന്ന് 32 പേർ ഇറങ്ങിപ്പോക്ക് നടത്തി. ജയിലിലായിരുന്നതിനാൽ അചിന്ത്യക്ക് ആ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
ഏഴാം പാർട്ടി കോൺഗ്രസിലാണല്ലോ സിപിഐ എം രൂപീകരണ പ്രഖ്യാപനം നടന്നത്. സിപിഐ എമ്മിന്റെ ആദ്യ കേന്ദ്രക്കമ്മിറ്റിയിൽ അംഗമായി അചിന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ള എല്ലാ പാർട്ടി കോൺഗ്രസുകളും അദ്ദേഹത്തെ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു; മരണംവരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.
പ്രമുഖ ട്രേഡ് യുണിയൻ നേതാവുകൂടിയായ അചിന്ത്യ സിഐടിയുവിന്റെ സ്ഥാപക നേതാവു കൂടിയാണ്. 1970 മുതൽ 1942 വരെ അദ്ദേഹം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
അണികളെ ആശയപരമായി ആയുധമണിയിക്കുന്നതിൽ സവിശേഷമായ ശ്രദ്ധ നൽകിയ നേതാവാണ് അചിന്ത്യ. പാർട്ടി ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും കാലാകാലങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അണികളെയും ബഹുജനങ്ങളെയും ബോധവത്‌കരിക്കുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.
പാർട്ടി മുഖപത്രമായ ഗണശക്തിയുടെ പത്രാധിപരായിരുന്നു അദ്ദേഹം. അസം പ്രക്ഷോഭകാലത്ത് അതിൽനിന്ന് വർഗീയ മുതലെടുപ്പു നടത്താൻ ആർഎസ്‌എസ് കിണഞ്ഞ് ശ്രമിച്ചു. എന്നാൽ അവരുടെ ശ്രമങ്ങളെ തുറന്നുകാട്ടിക്കൊണ്ട് ‘ആർഎസ്‌എസും അതിന്റെ രാഷ്‌ട്രീയവും’ എന്ന ലഘുലേഖ അദ്ദേഹം പ്രസിദ്ധീകരിച്ചു. വർഗീയപ്രചരണങ്ങൾക്ക് കനത്ത ആഘാതമേൽപ്പിക്കുന്നതായിരുന്നു ആ ലഘുലേഖ.
സ്വതന്ത്ര അസം വാദത്തിനെതിരെ അതിശക്തമായ ആശയപ്രചരണമാണ് അദ്ദേഹം നടത്തിയത്. അസം പ്രശ്‌നം ജനാധിപത്യപരമായി പരിഹരിക്കുന്നതിന് വസ്‌തുനിഷ്‌ഠമായ നിർദേശങ്ങൾ അദ്ദേഹം സർക്കാരിനും പൊതുസമൂഹത്തിനും മുന്പിൽ വച്ചു.
1993 ആഗസ്‌ത് 28ന് അചിന്ത്യ ഭട്ടാചാര്യ അന്തരിച്ചു. l