ഫാസിസവും നവഫാസിസവും‐ 19

കെ എ വേണുഗോപാലൻ

അനുബന്ധം: രജനി പാം ദത്ത്‌ പറഞ്ഞതെന്ത്‌?

ഫാസിസത്തിന്റെ രണ്ടാം തരംഗ കാലത്ത് അതായത് ലോക മുതലാളിത്ത പ്രതിസന്ധിക്ക് ശേഷം ഉയർന്നുവന്ന സർവ്വദേശീയ ഫാസിസ്റ്റ് സർവ്വാധിപത്യത്തിന്റെ സങ്കേതങ്ങളിലും അതിന്റെ മുന്നേറ്റത്തിലും വലിയ വികാസമാണ് സംഭവിച്ചത്. പൂർത്തീകരിക്കപ്പെട്ട ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിനും ജനാധിപത്യ വ്യവസ്ഥയ്ക്കും ഇടയിൽ നിരവധിയായ ഇടക്കാലഘട്ടങ്ങൾ രൂപപ്പെട്ടുവരുന്നു എന്ന് രജനി പാംദത്ത് തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ പ്രക്രിയ മൂലം ജനാധിപത്യവും ഫാസിസവും തമ്മിലുള്ള അതിർവരമ്പുകൾ ഏറെ ദുർബലമാക്കപ്പെട്ടു. ഇത് ഏറെക്കുറെ എല്ലാ സാമ്രാജ്യത്വ രാജ്യങ്ങ ളിലും വ്യത്യസ്തമായ അളവുകളിൽ പ്രതിഫലിപ്പിക്കപ്പെട്ടു.

2. ഫാസിസത്തിന്റെ ഒന്നാം തരംഗത്തിൽ നിന്ന് വ്യത്യസ്തമായി രണ്ടാം തരംഗത്തിൽ പ്രകടമായ ഒരു സവിശേഷതയായിരുന്നു മേൽപ്പറഞ്ഞത്. ഒന്നാം തരംഗം ഏതാനും ചില രാജ്യങ്ങളെ മാത്രമേ കാര്യമായി ബാധിച്ചിരുന്നുള്ളു. എന്നാൽ രണ്ടാം തരംഗകാലത്ത് ഫാസിസ്റ്റ് പ്രവണതകൾ എല്ലാ സാമ്രാജ്യത്വ രാജ്യങ്ങളെയും ഒരുപോലെയല്ലെങ്കിലും ഏറിയും കുറഞ്ഞുമൊക്കെ ബാധിച്ചിരുന്നു. തൊഴിലാളിവർഗ്ഗം കൂടുതൽ സംഘടിതവും ശക്തവും ആയിരുന്ന രാജ്യങ്ങളിലാണ് അതിന്റെ തീവ്രത വർദ്ധിതമായിരുന്നത്. എന്നാൽ തൊഴിലാളി വർഗ്ഗത്തിൽ നിന്നും ഉയർന്നുവന്ന പ്രതിരോധം ഇതിന്റെ വ്യാപനത്തിൽ വ്യത്യസ്ത തലങ്ങളും തട്ടുകളുമൊക്കെസൃഷ്ടിച്ചു. ഫാസിസ്റ്റ് സ്വേച്ഛാധിപത്യം സ്ഥാപിക്കപ്പെട്ട രാജ്യങ്ങളിൽ അത് അധികാരം പൂർണമായി സമാഹരിക്കുകയും തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന് നേരെ ആഞ്ഞടിക്കുകയും ചെയ്തു. മറുവശത്താകട്ടെ ഫാസിസം അതിന്റെ സംസ്ഥാപനത്തിന് തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരുന്ന രാജ്യങ്ങളിൽ ജനാധിപത്യത്തെ ഫാസിസത്തിലേക്ക് എത്തിക്കുന്ന പ്രക്രിയ ഏറെ സങ്കീർണ്ണമായിരുന്നു. അവർക്ക് ജനാധിപത്യ വ്യവസ്ഥയിൽ നിന്നുതന്നെ അതിനെ ഫാസിസ്റ്റ് ആക്കി മാറ്റിത്തീർക്കേണ്ടതുണ്ടായിരുന്നു. ഒപ്പം തൊഴിലാളി വർഗ്ഗത്തിന്റെ എതിർപ്പിനെ നേരിടേണ്ടതുമുണ്ടായിരുന്നു. ഇവിടെയാണ് ഫാസിസ്റ്റുവൽക്കരണം എന്ന പുതിയ പ്രതിഭാസം രൂപപ്പെട്ടത് എന്നാണ് രജനി പാംദത്ത് പറഞ്ഞിരിക്കുന്നത്. ഇതിന് ഭാഗികവും ഒപ്പം പൂർണ്ണ ഫാസിസത്തിലേക്ക് എത്തുന്നതിനുമുള്ള നിരവധി തയ്യാറെടുപ്പ് ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ടായിരുന്നു. അതാവട്ടെ വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്തങ്ങളായ രൂപഭാവങ്ങളിലാണ് നടന്നിരുന്നത്. ഇത് ഇന്റർനാഷനലിന്റെ ആറാം കോൺഗ്രസ് കാലത്തുതന്നെ പ്രകടമായിരുന്നു. ഇതുതന്നെയാണ് ഇന്ത്യയിലെയും അവസ്ഥ എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ് പറഞ്ഞത്.

സൈദ്ധാന്തികമായി ഫാസിസ്റ്റുവൽക്കരണത്തെക്കുറിച്ച്, ഫാസിസ്റ്റ് പ്രവണതകളെ കുറിച്ച്, അർദ്ധ ഫാസിസത്തെക്കുറിച്ച് ഒക്കെ വിശദീകരിക്കുക മാത്രമല്ല ചരിത്രത്തിൽ നിന്ന് അതിന്റെ ഉദാഹരണങ്ങൾ എടുത്തു കാണിക്കാനും രജനി പാംദത്ത് തയ്യാറാവുന്നുണ്ട്. ഇറ്റലിയിൽ മുസോളിനിയുടെ ഫാസിസ്റ്റ് സ്വേച്ഛാധിപത്യം സ്ഥാപിക്കപ്പെടുന്നതിനു മുമ്പ് ഭരിച്ചിരുന്ന ജിയോവനി ജിയോലിറ്റിയുടെ ഭരണകാലഘട്ടം ഫാസിസത്തിലേക്കുള്ള ഒരു ഇടക്കാല പ്രക്രിയയായിരുന്നു. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ കാര്യമായ കോട്ടമൊന്നും കൂടാതെ നിലനിർത്തി ക്കൊണ്ട് ഭരണകൂടത്തിന്റെ പിന്തുണ പൂർണമായും ഫാസിസ്റ്റ് ശക്തികൾക്ക് നൽകുകയും അവർ ഗറില്ല യുദ്ധമുറയിലൂടെ തൊഴിലാളിവർഗ്ഗ സംഘടനകളെയും അവരുടെ സ്വത്തുക്കളെയും കടന്നാക്രമിക്കുകയുമായിരുന്നു അന്ന് ചെയ്തിരുന്നത്.

ജർമ്മനിയിൽ ഹിറ്റ്ലർ ഫാസിസം സ്ഥാപിക്കുന്നതിന് മുമ്പും ഇത്തരത്തിലുള്ള പ്രവണതകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബ്രൂണിംഗ് ചാൻസലർ ആയിരിക്കുന്ന കാലത്താണ് ഇതുണ്ടായത്. പത്രസ്വാതന്ത്ര്യം നിരോധിക്കുകയും സാധാരണ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒക്കെ വർദ്ധിപ്പിക്കുന്ന നയങ്ങൾ നടപ്പിലാക്കുകയും ആണ് അദ്ദേഹം ചെയ്തത്. സോഷ്യൽ ഡെമോക്രാറ്റുകൾ ഫാസിസത്തിനേക്കാൾ “കുറഞ്ഞ വിപത്ത്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബ്രൂണിംഗിന്റെ നയങ്ങളെ പിന്തുണക്കാൻ തയ്യാറായിരുന്നു. പാർലമെന്റിന്റെ പിന്തുണ അദ്ദേഹത്തിന്റെ സാമ്പത്തികനയങ്ങൾക്ക് ലഭിക്കാത്തതിനാൽ പാർലമെന്റിന് മേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഈ നയങ്ങൾ നടപ്പിലാക്കാൻ ചാൻസലർ തയ്യാറായി. എല്ലാതലത്തിലും ബൂർഷ്വാ സർവ്വാധിപത്യം നടപ്പിലാക്കുന്ന നടപടിയാണ് ബ്രൂണിംഗിന്റെ കാലത്ത് ഉണ്ടായത്.

ഓസ്ട്രിയൻ ഭരണാധികാരിയായ ഡോൾഫസും ബ്രൂണിംഗിന്റെ നടപടികളെ പിന്തുടർന്ന ഒരാളായിരുന്നു. അമേരിക്ക ഭരിച്ച റൂസ്വെൽട്ടും അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ സ്വേച്ഛാധിപത്യം നടപ്പിലാക്കിയ ഭരണാധികാരിയായിരുന്നു. ഫ്രാൻസിലും സ്പെയിനിലും ഒക്കെ ഫാസിസ്റ്റ് വൽക്കരണത്തിന്റേതായ സവിശേഷ മാതൃകകൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇതൊക്കെ കാണിക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്കും ഫാസിസത്തിനുമിടയിൽ നിരവധി ഇടത്തട്ടുകൾ ഉണ്ടെന്ന് തന്നെയാണ്.

തുടർന്ന് രജനി പാംദത്ത് ചർച്ച ചെയ്യുന്നത് ബൂർഷ്വാസിയുടെ തീവ്രതരമായ സ്വേച്ഛാധിപത്യത്തെ എപ്പോഴാണ് നമുക്ക് ഫാസിസം എന്ന് വിളിക്കാനാവുക എന്ന കാര്യമാണ്. പഴയ പാർലമെന്ററി ജനാധിപത്യ രൂപങ്ങൾക്ക് മേൽ പുതിയ അടിയന്തരാവസ്ഥ രൂപങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പടിപടിയായി അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങൾ ഫാസിസമാവുമോ എന്ന ചോദ്യം അദ്ദേഹം ഉയർത്തുന്നുണ്ട്. ഇവ തമ്മിൽ വേർതിരിക്കാവുന്ന ചൈനീസ് മതിലുകൾ ഒന്നുമില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറയുന്നത് ഇതൊരു വൈരുദ്ധ്യാത്മക പ്രക്രിയ ആണെന്നും അല്ലാതെ അതിനെ കാണുന്നത് വെറും പാണ്ഡിത്യ പ്രകടനപരത മാത്രമാണെന്നുമാണ്. എന്നാൽ ഇവ തമ്മിൽ ഒരു വ്യത്യാസമുണ്ടെന്നും അതിന് വ്യക്തത വരുത്തേണ്ടതുണ്ടെന്നും തുടർന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതിന് ആവശ്യമായ ഉത്തരം ആറാം കോൺഗ്രസ് ഫാസിസത്തിന് നൽകിയ നിർവചനത്തിലുണ്ട്. ആറാം കോൺഗ്രസ് അംഗീകരിച്ച സാർവ്വദേശീയ പരിപാടിയിൽ ഇപ്രകാരം പറയുന്നുണ്ട്. “ഫാസിസത്തിന്റെ മുഖ്യമായ ലക്ഷ്യം വിപ്ലവ തൊഴിലാളി മുന്നണിപ്പടയെ അതായത് കമ്മ്യൂണിസ്റ്റ് വിഭാഗങ്ങളെയും നേതൃത്വം നൽകുന്ന തൊഴിലാളി ഘടകങ്ങളെയും നശിപ്പിക്കുക എന്നതാണ്’. ഇതാണ് പൂർത്തീകരിക്കപ്പെട്ട ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ നിർണായകമായ സവിശേഷതയെന്ന് രജനി പാംദത്ത് വ്യക്തമാക്കുന്നു. ജർമ്മനിയിലും ഇറ്റലിയിലുമൊക്കെ ഇത് പ്രായോഗികമാക്കപ്പെട്ടതാണ്. ഇടക്കാലഘട്ടങ്ങളിൽ ബ്രൂണിംഗിന്റേതു പോലുള്ള ഭരണകാലത്ത് ഔപചാരികമായ ചില അടിച്ചമർത്തലുകളും വിപ്ലവ സംഘടനകൾക്കെതിരായ നശീകരണ യുദ്ധങ്ങളും നടന്നിട്ടുണ്ട്.

ഇങ്ങനെ പരിവർത്തന പ്രക്രിയയുടെ പ്രാഥമിക ഘട്ടങ്ങളിൽ കമ്യൂണിസ്റ്റുകാരുടെ പ്രചാരണ പ്രവർത്തനങ്ങളിൽ പലപ്പോഴും ഫാസിസ്റ്റ് സ്വേച്ഛാധിപത്യമെന്ന് യാതൊരു നിയന്ത്രണവുമില്ലാതെ പലതവണ ആരോപിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇത് പൂർത്തീകരിക്കപ്പെട്ട ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ തീവ്രത കുറച്ചു കാണിക്കാൻ പലപ്പോഴും കാരണമായിട്ടുണ്ട്. ഇത് തിരുത്താൻ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി തന്നെ തയ്യാറായ അനുഭവവും നമ്മുടെ മുമ്പിലുണ്ട്. ജർമ്മനിയിലെ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി 1930 ഡിസംബർ 2ന് അവരുടെ മുഖപത്രമായ റോത്തെ ഫാഹ്നയിൽ ഇങ്ങനെ എഴുതി “അർധ ഫാസിസ്റ്റ് ആയ ബ്രൂണിങ് ഗവൺമെന്റ് ജർമ്മനിയിൽ ഫാസിസ്റ്റ് ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിർണായകമായ ഒരു തീരുമാനം എടുത്തിരിക്കുന്നു. ഫാസിസ്റ്റ് ആധിപത്യം എന്നത് ഇനിയൊരു ഭീഷണിയല്ല അതൊരു വസ്തുതയാണ്. നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ഒരു ഫാസിസ്റ്റ് റിപ്പബ്ലിക്കിലാണ്. ബ്രൂണിങ്ങിന്റെ കാബിനറ്റ് ഇപ്പോൾ ഒരു ഫാസിസ്റ്റ് സ്വേഛാധിപത്യമായി മാറിയിരിക്കുന്നു.

ഇതാണ് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി തിരുത്തിയത്. “ഡിസംബർ 2, 3 തീയതികളിലെ റോത്തെ ഫാഹ്നയിൽ ജർമ്മനിയിൽ ഇപ്പോൾ ഒരു ഫാസിസ്റ്റ് ഏകാധിപത്യമാണ് നിലനിൽക്കുന്നത് എന്ന് വിലയിരുത്തിയത് രാഷ്ട്രീയമായി തെറ്റാണ്. സോഷ്യൽ ഡെമോക്രസിയുടെയും പരിഷ്കരണവാദികളായ ട്രേഡ് യൂണിയനുകളുടെയും പിന്തുണയോടെ പുറത്തിറക്കപ്പെട്ട അധ്വാനിക്കുന്ന ജനങ്ങൾക്കെതിരായ ചില അടിയന്തര ഉത്തരവുകൾ ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ സ്ഥാപനമല്ല മറിച്ച് അതിലേക്കുള്ള നിർണായകമായ ഒരു കാൽവെപ്പ് മാത്രമാണ്. തൊഴിലാളിവർഗത്തിന്റെ പ്രതിരോധത്തിന്റെ ശക്തിയെയാണ് അത് ആശ്രയിച്ചിരിക്കുന്നത്.

ജർമ്മനിയിൽ പിന്നീടുണ്ടായ സംഭവവികാസങ്ങൾ ഈ വിശകലനത്തിന്റെ ശരിമ ബോധ്യപ്പെടുത്തുന്നതായിരുന്നു. പന്ത്രണ്ടാം പ്ലീനത്തിൽ സഖാവ് കുസിനെൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ഹിറ്റ്ലറെ അധികാരത്തിൽ കൊണ്ടുവരുന്നതിന് വഴികാട്ടിയായി പ്രവർത്തിച്ച ഫ്രാൻസ് വൺ പേപ്പന്റെ ഏകാധിപത്യ പ്രവർത്തനത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരുന്നു. “ഇപ്പോഴത്തെ ജർമനിയിലെ ഭരണം പൂർണവും പൂർത്തീകരിക്കപ്പെട്ടതുമായ ഫാസിസ്റ്റ് സ്വേച്ഛാധിപത്യം ആണെന്ന് പറയാതിരിക്കുന്നത് തെറ്റായിരിക്കും. ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ അന്തിമമായ രൂപീകരണം സംബന്ധിച്ച പ്രശ്നം ജർമനിയിൽ ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല. നിർണായകമായ പോരാട്ടങ്ങളിൽ ഇതുവരെ അവസാനിച്ചിട്ടുമില്ല’ അതേസമയം പേപ്പന്റെയും ലൈക്കറുടെയും ഗവൺമെന്റുകൾ യാതൊരു വൈമനസ്യവും കൂടാതെ വ്യാപകമായി പരാമർശിക്കപ്പെട്ടത് ഫാസിസ്റ്റ് സ്വേച്ഛാധിപത്യം എന്നായിരുന്നു.

കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി ബ്രൂണിംഗിന്റെ ഏകാധിപത്യത്തെ ഫാസിസ്റ്റ് സ്വേച്ഛാധിപത്യമായി വിശേഷിപ്പിക്കുന്ന കാര്യത്തിൽ നടത്തിയ നേരത്തെ പറഞ്ഞ തിരുത്തൽ ഉദ്ധരിച്ചുകൊണ്ട് ഹിറ്റ്ലറുടെ തുറന്ന ഫാസിസ്റ്റ് സ്വേഛാധിപത്യവും പേപ്പന്റെ സ്വേച്ഛാധിപത്യവും തമ്മിലുള്ള വ്യത്യാസം തുറന്നു കാണിക്കുകയുണ്ടായി. ഇത്തരം തർക്കങ്ങൾ ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പലവട്ടം സംഭവിച്ചിട്ടുണ്ട്. ഫാസിസത്തിലെ തന്നെ വിവിധ ഘട്ടങ്ങളെ പൊതുവായി ഫാസിസ്റ്റ് സ്വേച്ഛാധിപത്യം എന്ന് അയവേറിയ വിധത്തിൽ വിശേഷിപ്പിക്കുന്നത് നിർണായകമായ ഒരു വിഷയത്തിനെകുറിച്ചുള്ള വീക്ഷണത്തിൽ ദൗർബല്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഫാസിസ്റ്റ് സ്വേഛാധിപത്യം എന്നും പൂർത്തീകരിക്കപ്പെട്ട ഫാസിസ്റ്റ് സ്വേച്ഛാധിപത്യം എന്നും വിശേഷിപ്പിക്കുന്നതിൽ അടിസ്ഥാനപരമായി വൈരുദ്ധ്യം ഒന്നുമില്ല. വികസിച്ചുകൊ ണ്ടിരിക്കുന്ന ഒരു ഫാസിസ്റ്റ് സ്വേഛാധിപത്യത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലാണ് ഈ ഭരണകൂടങ്ങൾ എന്ന് മാത്രമേ അതുകൊണ്ട് അർത്ഥമാക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ ഈ പരിണാമഘട്ടങ്ങളെ അർദ്ധ ഫാസിസം, പ്രീ ഫാസിസം, മുഖം മൂടിയണിഞ്ഞ ഫാസിസം എന്നൊക്കെ പറയുന്നതാണ് നല്ലത് എന്നാണ് രജനി പാംദത്തിന്റെ അഭിപ്രായം. അല്ലെങ്കിൽ ഉണ്ടാകുന്ന അപകടം അന്തിമവും നിർണായകവുമായ ഘട്ടത്തിൽ നടത്തേണ്ട നിർണായക പോരാട്ടത്തിന്റെ മുന തേഞ്ഞു പോകും എന്നതാണ്.

ചുരുക്കിപ്പറഞ്ഞാൽ രണ്ട് അപകടങ്ങളാണ് ഫാസിസത്തെ ശരിയായി വിലയിരുത്തിയില്ലെങ്കിൽ സംഭവിക്കുക. ജനാധിപത്യത്തിൽനിന്ന് ഫാസിസത്തിലേക്കുള്ള പരിവർത്തനത്തെയും അധികാരത്തിൽ വന്ന ഫാസിസ്റ്റ് സ്വേഛാധിപത്യത്തെയും വേർതിരിച്ചു കാണാതെ ഫാസിസമാണ് അധികാരത്തിൽ എന്ന് തുടർച്ചയായി ആവർത്തിച്ചുറപ്പിക്കുകയും ഒപ്പം തൊഴിലാളി വർഗ്ഗത്തിനെ ശക്തമായ പോരാട്ടങ്ങൾക്ക് പ്രാപ്തമാക്കാതിരിക്കുകയും ചെയ്താൽ തുറന്ന ഫാസിസം അധികാരത്തിൽ വരുന്ന നിർണായക സന്ദർഭത്തിൽ തൊഴിലാളിവർഗ്ഗത്തിന്റെ ജാഗ്രത നഷ്ടപ്പെടുന്ന അപകടം സംഭവിക്കും. മറ്റൊരു അപകടമാണ് സോഷ്യൽ ഡെമോക്രാറ്റുകൾ അവരുടെ പ്രചാരണത്തിന്റെ ഭാഗമായി നിരന്തരമായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ഭീഷണിയും അതിന്റെ ഭാഗമായി വളരെ പെട്ടെന്ന് ജനാധിപത്യത്തെ തകർക്കുന്ന അധികാരം പിടിച്ചെടുക്കൽ എന്ന സങ്കൽപ്പനവും. ഇത് ജനാധിപത്യവ്യവസ്ഥയ്ക്ക് അകത്തുനിന്നുകൊണ്ടുതന്നെ ഫാസിസത്തിലേക്കുള്ള വളർച്ച കാണാതെ പോകുന്നു എന്ന അപകടത്തിനിടയാക്കുന്നു. അതിന്റെ ഭാഗമായി ഫാസിസ്റ്റ് ഭീഷണിക്കെതിരായ എല്ലാ പ്രധാനപ്പെട്ട സമരങ്ങളും ദുർബലപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. അന്തിമമായി ഫാസിസം സ്ഥാപിക്കപ്പെട്ടാലും ഇല്ലെങ്കിലും പ്രവണതകൾക്കെതിരായ സമകാലിക പോരാട്ടം നിർണായകമാണ് എന്ന കാര്യം മറക്കരുത്. ഈ രണ്ട് അപകടങ്ങളും നവ ഫാസിസ്റ്റ് കാലഘട്ടത്തിലും രൂപാന്തരം പ്രാപിച്ച വിധത്തിൽ ഉയർന്നുവരും എന്ന കാര്യം മറക്കരുത്. പൂർണ്ണമായ ശാന്തതയോടെ, യാതൊരു അതിശയോക്തിയും കൂടാതെ, പരിശോധിച്ചാൽ പല രാജ്യങ്ങളിലും ഇന്നത്തെ പരിവർത്തനാത്മക ഭരണകൂടങ്ങളിൽ ജനാധിപത്യ വ്യവസ്ഥ നിലനിർത്തിക്കൊണ്ടുതന്നെ ഫാസിസ്റ്റ് പ്രവണതകൾ വളർന്നുകൊണ്ടിരിക്കുന്നതായി നമുക്ക് കാണാനാവും. അത് തുറന്ന ഫാസിസ്റ്റ് ആധിപത്യത്തിലേക്ക് എങ്ങനെയാണ് വിവിധ രാജ്യങ്ങളിൽ പടിപടിയായി മാറിയതെന്ന് ജനങ്ങളെ പഠിപ്പിച്ചുകൊടുക്കാൻ നമുക്ക് കഴിയണം. അങ്ങനെ മാത്രമേ തുറന്ന ഫാസിസ്റ്റ് സ്വേഛാധിപത്യത്തിലേക്ക് മാറുന്നതിനെ ചെറുക്കുന്നതിന് ആവശ്യമായ വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കഴിയൂ.

ഇത്തരം അയവേറിയ വിശേഷണങ്ങളുടെ രണ്ട് ഉദാഹരണങ്ങൾ രജനി പാംദത്ത് വിശദീകരിക്കുന്നുണ്ട് ബ്രിട്ടനിലെ ദേശീയ ഗവൺമെന്റ് എന്നറിയപ്പെട്ടിരുന്ന വിൻസ്റ്റൻ ചർച്ചിലിന്റെ ഗവൺമെന്റിന്റേയും അമേരിക്കയിലെ റൂസ്‌വെൽട്ട്‌ ഗവൺമെന്റിന്റെയും ഉദാഹരണങ്ങളാണ് അദ്ദേഹം ചർച്ചാവിധേയമാക്കുന്നത്. ബ്രിട്ടനിലെ വിൻസ്റ്റന്റ് ചർച്ചിലിന്റെ ഗവൺമെന്റ് ഒരു ഐക്യമുന്നണി ഗവൺമെന്റ് ആയിരുന്നു. എന്നാൽ അത് ഫാസിസത്തിലേക്കുള്ള പാതയിൽ ബ്രിട്ടന്റെ ഒരു നിർണായക ചൂടുവയ്പ്പായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വെറുതെ അഭിപ്രായം രേഖപ്പെടുത്തുക മാത്രമല്ല അതിന് ആവശ്യമായ ന്യായങ്ങളും അദ്ദേഹം നിരത്തിയിട്ടുണ്ട്.

1. ഈ ദേശീയ ഗവൺമെന്റ് രൂപീകരിക്കപ്പെടുന്നത് രണ്ടാം ലേബർ ഗവൺമെന്റിന്റെ പാപ്പരത്തവും തകർച്ചയും മൂലമാണ്. അത് തൊഴിലാളികളിൽ വലിയൊരു വിഭാഗത്തിനെ നിരാശരാക്കുകയും ലേബർ പാർട്ടിയുടെ വോട്ടിൽ രണ്ട് ദശലക്ഷത്തോളം വോട്ടുകളുടെ കുറവുവരുത്തുകയും ചെയ്തു. ഈ അവസരം മുതലെടുത്താണ് ബൂർഷ്വാ പാർട്ടികൾ പുതിയ ദേശീയമുന്നണി രൂപീകരിക്കുകയും ദേശീയ ലേബർ പക്ഷം എന്ന ഒരു പക്ഷം ഉണ്ടാക്കുകയും അതിന്റെ പേരിൽ ഭൂരിപക്ഷം നേടുകയും ചെയ്തത്.

2. ദേശീയ മുന്നണി ഗവൺമെന്റിന്റെ കീഴിൽ മുതലാളിത്ത സ്വേച്ഛാധിപത്യത്തിന്റെ ശാക്തീകരണം നടത്തിയതും പാർലമെന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചതും എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ഗവൺമെന്റിന്റെ ഭരണാധികാരം വർദ്ധിപ്പിച്ചതും ഒക്കെ ഈ ഗവൺമെന്റി ന്റെ പ്രത്യേകത കളായിരുന്നു.

3. അവരുടെ സാമ്പത്തികനയങ്ങൾ പല കാര്യങ്ങളിലും ഹിറ്റ്ലറുടെ സാമ്പത്തിക നയങ്ങളുടെ അനുകരണങ്ങളായിരുന്നു. വളരെ ഉയർന്ന താരിഫ് നിരക്കുകൾ, ക്വാട്ടലൈസൻസ്, ഭരണകൂടത്തിന്റെ സബ്സിഡികളും നിയന്ത്രണങ്ങളും, നിർബന്ധിത പുനഃസംഘാടനം, ഉൽപാദന നിയന്ത്രണം, വിലവർധന മുതലായവയൊക്കെ യുദ്ധലക്ഷ്യത്തോടുകൂടി ഭരണകൂടത്തിന്റെയും സാമ്രാജ്യത്വ ശക്തികളുടെയും സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി ഉപയോഗപ്പെടുത്തി. വൻതോതിൽ ആയുധങ്ങളും വാങ്ങിക്കൂട്ടി.

4. തൊഴിലാളി വർഗ്ഗത്തിനെതിരായ അടിച്ചമർത്തൽ ശക്തിപ്പെടുത്തി. രാജ്യദ്രോഹ കുറ്റവും അതുപോലുള്ള കടുത്ത നിയമനടപടികളും ഒക്കെ തൊഴിലാളികൾക്കെതിരായി വ്യാപകമായി ഉപയോഗിച്ചു. പോലീസിന്റെ സൈനികവൽക്കരണം ശക്തിപ്പെടുത്തി. പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചു. വൻതോതിൽ അറസ്റ്റുകൾ നടന്നു. തൊഴിൽരഹിത യുവാക്കൾക്കുള്ള പരിശീലന ക്യാമ്പുകൾ ആരംഭിച്ചു.

5. പുതിയതായി രൂപീകരിക്കപ്പെട്ട ഫാസിസ്റ്റ് സംഘടനകൾക്ക് സംരക്ഷണം നൽകുകയും പോലീസിലൂടെയും കോടതികളിലൂടെയും അവരെ സഹായിക്കുകയും ചെയ്തു.

അമേരിക്കയിൽ ആവട്ടെ റൂസ്‌വെൽട്ടിന്റെ ഭരണകാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അതിലൂടെ കൂടുതൽ മൂർച്ചയേറിയ തരത്തിൽ സ്വേച്ഛാധിപത്യപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. അധികാരങ്ങൾ പലതും പ്രസിഡന്റിൽ കേന്ദ്രീകരിച്ചു. വ്യവസായങ്ങൾ സംബന്ധിച്ച നിയമത്തിൽ മാറ്റം വരുത്തുകയും വൻകിട കുത്തക മുതലാളിത്തത്തിന് നേട്ടമുണ്ടാക്കി കൊടുക്കുകയും ചെയ്തു. തൊഴിലാളികൾക്കെതിരായി ആക്രമണങ്ങൾ സംഘടിപ്പിക്കുകയും വൻതോതിൽ വ്യാജ പ്രചാരണങ്ങൾ നടത്തുകയും ചെയ്തു. പേരിന് ബൂർഷ്വാ ജനാധിപത്യ രാഷ്ട്രമായി നിലകൊണ്ടിട്ടും ഫാസിസ്റ്റ് രൂപത്തിലുള്ള അധികാരപ്രയോഗമാണ് അന്ന് ഈ രണ്ടു രാജ്യങ്ങളിലും നടത്തിയിരുന്നത് എന്നാണ് രജനി പാംദത്ത് അഭിപ്രായപ്പെടുന്നത്.

1934 ഫെബ്രുവരി 6ന് ഫ്രാൻസിലെ ദുർബലമായ “ഇടതുപക്ഷ ഗവൺമെന്റ് ഫാസിസ്റ്റ് അതിക്രമങ്ങൾക്കു മുമ്പിൽ കീഴടങ്ങുകയും പാർലമെന്റിൽ ഭൂരിപക്ഷമുണ്ടായിട്ടും രാജി സമർപ്പിക്കുകയും ചെയ്തു. പാർലമെന്ററി വ്യവസ്ഥയ്ക്ക് മേൽ ഫാസിസത്തിനുണ്ടായ മേധാവിത്വമാണിത് തെളിയിച്ചത്. ഇതേ പാർലമെന്റേതര മാർഗ്ഗം ഉപയോഗിച്ച് തന്നെ അവരുടെ നേതൃത്വത്തിൽ നാഷണൽ കോൺസെൻട്രേഷൻ ഗവൺമെന്റ് രൂപീകരിക്കുന്നതിന് ശ്രമം നടന്നു. എന്നാൽ തൊഴിലാളിവർഗത്തിന്റെ സംഘടിതമായ എതിർപ്പുമൂലം അവർക്ക് അധികം മുന്നോട്ടുപോകാനായില്ല. ആ ഗവൺമെന്റിനും രാജിവയ്ക്കേണ്ടതായി വന്നു. തുടർന്ന് ഫ്ളാന്റിന്റെ നേതൃത്വത്തിൽ ഇടക്കാല മന്ത്രിസഭ രൂപീകരിച്ചു. ഈ മന്ത്രിസഭയ്ക്ക് കീഴിൽ ഫാസിസ്റ്റ് സംഘടനകളുടെ സംഘാടനവും ആയുധവൽക്കരണവും ത്വരിതഗതിയിൽ നടന്നു.

ബെൽജിയത്തിൽ അടിയന്തിരാധികാരങ്ങളുടെ പേരിൽ പാർലമെന്റിനെ മറികടക്കുകയും ബ്രൂണിംഗിന്റെതുപോലെ ഉത്തരവുകളിലൂടെ ഭരണം നടത്തുകയും ചെയ്തു. അതേസമയം ലേബർ പാർട്ടിയുടെ നേതാക്കൾ ഈ ഗവൺമെന്റിലെ മന്ത്രിമാരുമായി നേരിട്ട് സഖ്യത്തിൽ ഏർപ്പെടുകയും ഭരണത്തിന്റെ പിന്തുണക്കാരായി മാറുകയും ചെയ്തു. സാമ്പത്തിക രംഗത്തും പാർലമെന്ററി രംഗത്തും തൊഴിലാളിവർഗ്ഗത്തിനെതിരായി അതിശക്തമായ ആക്രമണമാണ് ഇവർ നടത്തിയത്. കമ്യൂണിസ്റ്റുകാരായിരുന്നു അവരുടെ മുഖ്യ ശത്രുക്കൾ. 1935 ഫെബ്രുവരി 24ന് ബ്രസീൽ തൊഴിലാളിവർഗ്ഗത്തിന്റെ വൻ പ്രകടനത്തെ തടഞ്ഞു.

ചെക്കോസ്ലോവാക്യയിൽ പരസ്യമായി ഒരു ഐക്യമുന്നണി ഗവൺമെന്റ് രൂപീകരിക്കപ്പെടുകയും സോഷ്യൽ ഡെമോക്രാറ്റുകൾ അതിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തു. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഈ നടപടി എന്നാണ് അവർ പ്രചരിപ്പിച്ചത്. ഇത് തൊഴിലാളി വർഗ്ഗത്തിനെതിരായ ഭരണവർഗ നടപടികളെ ശക്തിപ്പെടുത്തുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

കനഡയിലെ ബെന്നറ്റ് ഗവൺമെന്റ്”പഴയകാല മുതലാളിത്തം” പാപ്പരായതായി പ്രചരിപ്പിച്ചുകൊണ്ട് ന്യൂഡീൽ പദ്ധതി നടപ്പിലാക്കാൻ പോകുന്നതായി പ്രഖ്യാപിച്ചു. ഇതിനെ സോഷ്യൽ ഡെമോക്രാറ്റുകൾ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. വരുമാനത്തിന്റെ പുനർവിതരണം തുടങ്ങി സാമൂഹ്യമായി ജനപിന്തുണ പിടിച്ചു പറ്റാവുന്ന വൻ വാചകമടിയാണ് ഇതിന്റെ ഭാഗമായി ഭരണവർഗ്ഗം നടത്തിയത്. മറുഭാഗത്ത് തൊഴിലാളിവർഗ്ഗ പോരാട്ടങ്ങളെ കടന്നാക്രമിക്കുകയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തെ നിയമംമൂലം നിരോധിക്കുകയും ചെയ്തു.

സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഹോളണ്ട്, ആസ്ട്രേലിയ, മുതലായ രാജ്യങ്ങളിൽ നിന്നുള്ള ഫാസിസ്റ്റുവൽക്കരണത്തിന്റെ മറ്റ് അനുഭവങ്ങളും ഉണ്ട്. ഇതെല്ലാം കാണിക്കുന്നത് ഫാസിസ്റ്റുവൽക്കരണം എന്നത് ഏകതാനമായ സ്വഭാവമുള്ള ഒന്നല്ല എന്നാണ്. അതിന് നിരവധി വ്യത്യസ്തങ്ങളായ രൂപങ്ങളും ഭാവങ്ങളുമുണ്ട്. ഓരോ രാജ്യത്തിന്റെയും മൂർത്തമായ പരിതഃസ്ഥിതി വച്ചുകൊണ്ടുള്ള മൂർത്തമായ വിശകലനമാണ് ശരിയായ ധാരണയിൽ കൊണ്ടെത്തിക്കുക. ഫാസിസത്തിന്റെ പരിവർത്തനാത്മകരൂപങ്ങളെക്കുറിച്ച് അത്തരത്തിലുള്ള മൊത്തമായ പരിശോധന നടത്തുന്നതിലൂടെ മാത്രമേ നമുക്ക് നേരെ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് തൊഴിലാളിവർഗത്തെ ബോധ്യപ്പെടുത്താനും അവരെ ഫാസിസ്റ്റുവൽക്കരണത്തിനെതിരായ പോരാട്ടത്തിൽ അണിനിരത്താനും കഴിയും.

അതിൽ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഫാസിസ്റ്റുവൽക്കരണം നേർരേഖയിലൂടെ സഞ്ചരിക്കുന്ന ഒന്നല്ല എന്നതാണ്. അങ്ങനെയെങ്കിൽ അതിന്റെ വിവിധ തലങ്ങളെക്കുറിച്ച് ഏകീകൃതമായ ഒരു ധാരണയുണ്ടാക്കാൻ കഴിയുമായിരുന്നു. ഓരോ ഘട്ടത്തിലുമുള്ള ഈ പ്രക്രിയ തൊഴിലാളിവർഗത്തിന്റെ പ്രതിരോധത്തിന്റെ അടിസ്ഥാനത്തിൽ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കും. അതായത് നിരവധിയായ വളവു തിരിവുകളിലൂടെ ആയിരിക്കും ഫാസിസ്റ്റുവൽക്കരണത്തിന്റെ മുന്നോട്ടുള്ള പ്രയാണം. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഫ്രാൻസ്. 1934ൽ ഫാസിസ്റ്റുകൾ അധികാരം പിടിക്കുന്നതിനും ഫാസിസ്റ്റു സ്വേച്ഛാധിപത്യം നടപ്പിലാക്കുന്നതിനും ആസൂത്രിതമായ ഒരു നീക്കം നടത്തിയതാണ്. എന്നാൽ തൊഴിലാളിവർഗത്തിന്റെ നേതൃത്വത്തിൽ നടന്ന ശക്തമായ പോരാട്ടമാണ് അതിനെ തടഞ്ഞത്. മന്ദഗതിയിലൂടെ നീങ്ങാനും കൂടുതൽ സങ്കീർണ്ണമായ പാതകളിലൂടെ സഞ്ചരിക്കുവാനും അവർ നിർബന്ധിതമാകുന്ന സ്ഥിതിയുണ്ടായി.

ഇതൊക്കെ ഇന്ത്യയിലെ നവഫാസിസ്റ്റുവൽക്കരണത്തിനും ബാധകമാണ് എന്ന ബോധ്യം കമ്മ്യൂണിസ്റ്റുകാർക്ക് ഉണ്ടായിരിക്കണം. l

Hot this week

ഒരു വീട്ടമ്മ കണ്ട ചൈന

ഖയാൽ ചൈനീസ്‌ ജീവിതവും ചരിത്രവും ഓർമകളും ഫർസാന ഡിസി ബുക്‌സ്‌ വില:...

സ്‌ത്രീ‐ പരിവർത്തനത്തിന്റെ സഞ്ചാരവഴികൾ

‘ചിത്രകലയിലെ താൽപര്യവും കലാനുഭവവുമാണ്‌ എല്ലാ ജീവിതസാഹചര്യങ്ങളിലും വിഷമഘട്ടങ്ങളിലും എന്നെ മുന്നോട്ടു നയിക്കാൻ...

അചിന്ത്യ ഭട്ടാചാര്യ

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം, സിപിഐ എം കേന്ദ്രകമ്മിറ്റി...

ഫാസിസവും നവഫാസിസവും‐ 18

അനുബന്ധം ഫാസിസം എന്ന് പറയുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരുന്നത് ഹിറ്റ്ലറേയും...

ഓണം മിത്തും സമീപനവും

മനുഷ്യന്റെ സാമൂഹ്യജീവിതക്രമത്തിൽ ഉണ്ടായ പരിണാമങ്ങൾക്കനുസരിച്ച് ആഘോഷങ്ങൾക്ക് നിയതമായ രൂപവും ഭാവവും ഉണ്ടായി...

Topics

ഒരു വീട്ടമ്മ കണ്ട ചൈന

ഖയാൽ ചൈനീസ്‌ ജീവിതവും ചരിത്രവും ഓർമകളും ഫർസാന ഡിസി ബുക്‌സ്‌ വില:...

സ്‌ത്രീ‐ പരിവർത്തനത്തിന്റെ സഞ്ചാരവഴികൾ

‘ചിത്രകലയിലെ താൽപര്യവും കലാനുഭവവുമാണ്‌ എല്ലാ ജീവിതസാഹചര്യങ്ങളിലും വിഷമഘട്ടങ്ങളിലും എന്നെ മുന്നോട്ടു നയിക്കാൻ...

അചിന്ത്യ ഭട്ടാചാര്യ

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം, സിപിഐ എം കേന്ദ്രകമ്മിറ്റി...

ഫാസിസവും നവഫാസിസവും‐ 18

അനുബന്ധം ഫാസിസം എന്ന് പറയുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരുന്നത് ഹിറ്റ്ലറേയും...

ഓണം മിത്തും സമീപനവും

മനുഷ്യന്റെ സാമൂഹ്യജീവിതക്രമത്തിൽ ഉണ്ടായ പരിണാമങ്ങൾക്കനുസരിച്ച് ആഘോഷങ്ങൾക്ക് നിയതമായ രൂപവും ഭാവവും ഉണ്ടായി...

വയനാട് ടു അഹമ്മദാബാദ് – റീൽ പോലെ കറങ്ങിയ സൈക്കിൾ

കേരള രാജ്യാന്തര ഡോക്യുമെൻ്ററി - ഹ്രസ്വചിത്രമേളയിൽ ശ്രദ്ധേയമായി മാറിയ 'എ ബ്രീഫ്...

അതിനാൽ പൊരുതുക, പൊരുതിക്കൊണ്ടേയിരിക്കുക

ലോകത്തെ ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത്...

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...
spot_img

Related Articles

Popular Categories

spot_imgspot_img