ഖയാൽ
ചൈനീസ് ജീവിതവും ചരിത്രവും ഓർമകളും
ഫർസാന ഡിസി ബുക്‌സ്
വില: 199/‐
വീട്ടമ്മ ചൈന കാണുക, അതിനെക്കുറിച്ച് എഴുതുക എന്നറിയുമ്പോൾ തന്നെ എന്തോ ഒരസ്വാഭാവികത തോന്നുന്നില്ലേ‐ അതും ബാംബൂ കർട്ടനിൽ (മുളകൊണ്ടുള്ള കർട്ടൻ) മറഞ്ഞിരിക്കുന്ന ചൈന. ഒട്ടേറെപ്പേർ ഇന്ത്യയിൽനിന്ന് (കേരളത്തിൽനിന്നടക്കം) ചൈനയിലെത്തി പലവിധ ബിസിനസുകൾ ചെയ്യുന്നുണ്ടെങ്കിലും, ഇന്ത്യക്കാരായ അനേകം വിദ്യാർഥികൾ ചൈനയിൽ പഠിക്കുന്നുണ്ടെങ്കിലും അതൊന്നും നമ്മുടെ പൊതുചർച്ചകളിൽ അധികം ഇടംനേടാറില്ല. അത്തരമൊരു പശ്ചാത്തലത്തിലാണ് ഫർസാനയുടെ ‘ഖയാൽ’ എന്ന കൃതി പ്രസക്തമാകുന്നത്.
ഖയാൽ എന്ന ഉറുദു വാക്കിന്റെ അർഥം ‘ഭാവന’ എന്നാണ്. എന്നാൽ ഈ പുസ്‌തകത്തിൽ ഭാവന അശേഷമില്ലെന്നും പച്ചയായ യാഥാർഥ്യം മാത്രമാണ് ഇതിലുള്ളതെന്നും ഫർസാനയുടെ സത്യവാങ്‌മൂലത്തോടെയാണ് തുടങ്ങുന്നത്. വായിച്ച് അവസാനിപ്പിക്കുമ്പോൾ നമുക്കും ഇക്കാര്യം ബോധ്യപ്പെടും. ഖയാൽ ഒരു രാഷ്‌ട്രീയ ഗ്രന്ഥമല്ല. രാഷ്‌ട്രീയരംഗവുമായി കാര്യമായ ബന്ധമൊന്നുമില്ലാത്ത മലപ്പുറംകാരിയായ ഒരു വീട്ടമ്മയുടെ ദീർഘകാലത്തെ ചൈനീസ് ജീവിതത്തിനിടയിൽ നേരിട്ട് കാണുകയും ബന്ധപ്പെടുകയും ചെയ്‌ത ജീവിതാനുഭവങ്ങളാണ് ഈ കൃതിയുടെ പരിസരം.
2009ലാണ് ഫർസാന ചൈനയിലെത്തിയത്. അവിടെ ബിസിനസ് ചെയ്യുന്ന തന്റെ ജീവിതപങ്കാളി അലിയോടൊപ്പം കഴിയാനാണ് രണ്ടു വയസ്സുള്ള മകനോടൊപ്പം ഫർസാന ഗ്വോങ്‌ദോങ് പ്രവിശ്യയിലെ ഫോഷാൻ നഗരത്തിൽ എത്തിയത്. ചൈനയെക്കുറിച്ചുള്ള അവരുടെ ചിന്ത ഈ വാക്കുകളിൽ കാണാം: ‘‘ചോളത്തിന്റെ ലയമുള്ള ശീതളമായ കാറ്റിന്റെ പേരാണ് എനിക്ക് ചൈന’’. (പേജ് 21)
ചൈനക്കാരുടെ ഭക്ഷണശീലത്തെക്കുറിച്ച് ഫർസാനയുടെ നിരീക്ഷണം രസകരമാണ്: ‘‘എവിയെയെങ്കിലും വെച്ച് ചൈനീസ് സുഹൃത്തുക്കളെ അപ്രതീക്ഷിതമായി കണ്ടുമുട്ടേണ്ടിവരുമ്പോൾ അഭിമുഖീകരിക്കേണ്ടിവരുമ്പോൾ ആദ്യ ചോദ്യം, ‘‘താങ്കൾ ഭക്ഷണം കഴിച്ചോ?’’ എന്ന ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കുശലമാണ്. ചിട്ടയോടുകൂടിയ ആഹാരരീതിയുള്ള, കഴിക്കാനും കഴിപ്പിക്കാനും ഇഷ്ടമുള്ളവരാണ് ഇവർ. ഏഴിനും ഏഴരയ്‌ക്കും ഇടയിലായി പ്രഭാതഭക്ഷണം നിർബന്ധമാണ്. കൃത്യം പന്ത്രണ്ട് മണിയോടെ ഉച്ചഭക്ഷണത്തിനും ആറരയോടുകൂടി രാത്രിഭക്ഷണത്തിനും മുമ്പിൽ ഇരുന്നിരിക്കും. ഇതിനിടയ്‌ക്ക് മൂന്നുമണി നേരത്ത് ചോളം പുഴുങ്ങിയതോ മധുരക്കിഴങ്ങ് വേവിച്ചതോ ധാരാളമായി കഴിക്കും… ആഹാരസാധനങ്ങൾ വീണ്ടും ചൂടാക്കി കഴിക്കാറോ ഭക്ഷണശാലകളിൽ കുറേയേറെ വിഭവങ്ങൾ ഒന്നിച്ചുണ്ടാക്കി വയ്‌ക്കാറോ പതിവില്ല.’’ (പേജ് 28)
രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധി അവരുടെ ഭക്ഷണശീലത്തെ എങ്ങനെ മാറ്റിയെന്ന നിരീക്ഷണം നോക്കൂ. ‘‘സമ്പന്നരാജ്യമായി മാറിയതോടൊപ്പം പ്ലേറ്റ് നിറയെ ചോറുകഴിക്കുന്ന രീതിയാണ് അവർ ആദ്യം ഉപേക്ഷിച്ചത്. ഒരു ചെറിയ പാത്രത്തിൽ മാത്രമാണ് ഇന്ന് ചോറ് ഭക്ഷിക്കാറുള്ളത്. വലിയ പ്ലേറ്റുകളിൽ നിരത്തുക, ഇറച്ചിയും മീനും പച്ചക്കറികളുമാണ്. കഴിക്കാൻ ഉപയോഗിക്കുന്ന ചോപ്പ് സ്റ്റിക്കിനുമുണ്ടൊരു കഥ പറയാൻ! പക്ഷികളുടെ കൊക്ക് എന്ന ആശയമാണത്രേ ഇതിനു പിറകിൽ! (പേജ് 29)
മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്നവരുമാണ് ചൈനക്കാർ എന്നും ഫർസാന പറയുന്നു: ‘‘മിക്ക ഭഷണത്തിനുമീതെയും (ചൈനക്കാർ) പോർക്കിന്റെ നുറുക്കുകൾ വിതറിയിടും. മുസ്ലിമായതിനാൽ പോർക്കിന്റെ അംശമോ ഓയിലോ ഭക്ഷണത്തിൽ കലരാതെ സൂക്ഷിക്കൽ എന്റെ ബാധ്യതയായിരുന്നു. ഈ കാര്യം ശ്രദ്ധയിൽപെടുത്തുമ്പോൾ ഭക്ഷണശാലകളിലെ മാനേജർമാർ ഇന്നേവരെ ഒട്ടും അസഹിഷ്‌ണുത കാണിച്ചിട്ടില്ല. മറ്റു ടേബിളിൽ നിന്നുള്ള പോർക്ക് മണം അസ്വസ്ഥതയുണ്ടാക്കുന്നുവെങ്കിൽ മാറിയിരിക്കാം എന്നുവരെ പറഞ്ഞവരുണ്ട്’’… മതങ്ങളെക്കുറിച്ച് ഏറെയൊന്നും അറിഞ്ഞിട്ടല്ലായിരുന്നു ആ ചോദ്യം; ഏവരും തുല്യരായ ഈ ലോകത്ത് സഹജീവികളെ പരിഗണിക്കുന്നവരാണ് ഏറ്റവും മഹത്തരമെന്ന തിരിച്ചറിവുള്ളതുകൊണ്ടു മാത്രമാണ്’’. (പേജ് 29). ഫോഷാനിലെ വാസത്തിനിടയിൽ അയൽവാസിയായി കിട്ടിയ, ഉറ്റ സുഹൃത്തും സന്തതസഹചാരിയുമായ ജെസീക്ക അവർക്ക് ഏറെ ഇഷ്ടപ്പെട്ട പോർക്ക് വിഭവങ്ങൾ തനിക്കാപ്പമുള്ള ഫർസാനയ്‌ക്ക് അലോസരമുണ്ടാക്കിയേക്കുമെന്ന ചിന്തയാൽ നിരസിച്ചിരുന്നതായും സൂചിപ്പിക്കുന്നുണ്ട്. ‘‘ദൈവമെന്തെന്നറിയാത്ത ഒരുവൾക്ക് ദൈവവിശ്വാസിയായ മറ്റൊരുവളോടുള്ള അങ്ങേയറ്റത്തെ ബഹുമാനം!’’ (പേജ് 30).
ഇന്നത്തെ ചൈനീസ് സമൂഹം സ്‌ത്രീക്ക് നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും ഗ്രന്ഥകാരി എഴുതുന്നുണ്ട്. ‘‘മിക്ക അവസരങ്ങളിലും വീട്ടുടമയെന്ന് പറഞ്ഞ് പ്രത്യക്ഷപ്പെടുക സ്‌ത്രീകളാണ്. അടുക്കളയുടെയെന്നല്ല വീടിന്റെ തന്നെ പൂർണാധികാരം ഭാര്യയ്‌ക്കാണ് എന്ന ചിന്താഗതി നന്നായിട്ടുണ്ട് ചൈനക്കാരിൽ’’ (പേജ് 45). പേൾ എസ് ബക്കിന്റെ ‘‘നല്ല ഭൂമി’’ (Good Earth) എന്ന നോവലിൽ, കുട്ടിക്കാലത്തുതന്നെ കാൽപ്പാദങ്ങൾ വരിഞ്ഞുമുറുക്കി ദുർബലമാക്കി അടിമകളാക്കപ്പെട്ടിരുന്ന പെൺജീവിതത്തിൽ അത്ഭുതകരമായ മാറ്റം വിമോചനാനന്തര ചൈനയിലെ മറ്റൊരു വൻമതിലാണെന്ന് ആരും സമ്മതിച്ചുപോകും. പേൾ എസ് ബക്ക് ജീവിച്ച വീടും പരിസരവും കാണാനുള്ള മോഹം പേറുന്നതായി ഒരിടത്ത് ഫർസാന കുറിച്ചിടുന്നുണ്ട്.
മാനേജരെന്നോ തൊഴിലാളിയെന്നോ വ്യത്യാസമില്ലാതെ സമഭാവനയോടെ കഴിയുന്ന ചൈനീസ് നഗരദൃശ്യങ്ങളും ഗ്രന്ഥകാരി നമുക്കു മുന്നിൽ തുറന്നിടുന്നുണ്ട്: ‘‘കേരളത്തിലെ ഏതെങ്കിലും ഭക്ഷണശാലകളിൽ പണിയെടുക്കുന്ന കുശിനിക്കാരനോ വിളന്പുകാരനോ ഇടപാടുകാർക്ക് ഇരിക്കാനുള്ള കസേരയിലിരുന്ന് മേശമേൽ നിരത്തിവെച്ച ആഹാരമെടുത്ത് കഴിക്കുന്നത് ഊഹിക്കാൻ നിങ്ങൾക്കാകുമോ? എനിക്കാവില്ല. ഇത്തരം വൈകിയ നേരങ്ങളിൽ അവിടേക്ക് (ചൈനയിലെ റസ്‌റ്റോറന്റുകളിൽ) എത്തുമ്പോൾ കാണുന്ന കാഴ്‌ച പത്തോ പന്ത്രണ്ടോ പേരടങ്ങിയ ജോലിക്കാർ ഒന്നിച്ചിരുന്ന് വർത്തമാനവും പറഞ്ഞ്, ടിവിയും കണ്ട് ഭക്ഷണം കഴിക്കുന്ന രംഗമാണ്. അതേ; ഇടപാടുകാർക്കായി തീരുമാനിക്കപ്പെട്ട അതേ ഇടത്തുതന്നെ! മേശ നിറയെ വിവിധ വിഭവങ്ങൾ. ഒരു കാസറോൾ നിറയെ ചൂടു ചോറ്. ചില ദിവസങ്ങളിൽ അവരോട് വല്ലതും സംസാരിച്ചുകൊണ്ട് പെൺ മുതലാളിയും അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നതു കാണാം.’’ (പേജ് 61). ഇത് പതിനൊന്ന് വർഷത്തിനു മുൻപത്തെ കാഴ്‌ചയാണെന്ന് പറയുന്ന ഗ്രന്ഥകാരി ഇപ്പോൾ ഇതിലുമേറെ സൗഹൃദപരമായിട്ടുണ്ടെന്നും തറപ്പിച്ച് പറയുന്നു. ഭക്ഷണത്തിന്റെയോ വസ്‌ത്രത്തിന്റെയോ പേരുപറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കുന്ന ഏർപ്പാട് ചൈനയിൽ നടക്കില്ലെന്നും തുടർന്ന് അവർ പറയുന്നു.
മറ്റൊരു ദൃശ്യം. സ്‌കൂളുകളിൽ കുട്ടികളെ ഓരോ ദിവസവും സ്വീകരിച്ചാനയിക്കുന്നതിനെക്കുറിച്ച് സരസമായി ഇങ്ങനെ വിവരിക്കുന്നു: ‘‘സ്‌കൂൾ ഗേറ്റിൽ നേഴ്‌സും പ്രധാന അധ്യാപികയും ഉണ്ടാകും. ആദ്യംതന്നെ നേഴ്‌സ്, വരിക്കുനിൽക്കുന്ന കുട്ടികളുടെ ശരീരതാപം പരിശോധിക്കും. നഖങ്ങൾ നീണ്ടിട്ടുണ്ടോയെന്ന് സൂക്ഷിച്ച് നോക്കും. ടോർച്ചടിച്ച് പല്ലുകൾ ശ്രദ്ധിക്കും. പ്രധാന അധ്യാപികയ്‌ക്ക് ഓരോ കുട്ടിയുടെയും പേര് മനഃപാഠമാണ് എന്നത് എന്നെ അതിശയപ്പെടുത്തിരുന്നു. ഓരോരുത്തരോടും വിശേഷങ്ങൾ ചോദിച്ച്, ഒരു കെട്ടിപ്പിടിത്തം കൂടി സമ്മാനിച്ചേ അധ്യാപിക ഗേറ്റിനകത്തേക്ക് കയറ്റിവീടൂ’’ (പേജ് 68).
ചൈനയിൽ കള്ളന്മാരുണ്ടോയെന്ന ചോദ്യത്തിന് അതേയെന്നാണ് ഫർസാന പറയുന്നത്. ഇതുമായി ബന്ധപ്പെട്ട സ്വന്തം അനുഭവം സവിസ്‌തരം ‘‘മിടുക്കരായ തസ്‌കരന്മാർ വാഴുന്നിടം’’ എന്ന അധ്യായം പ്രതിപാദിക്കുന്നുണ്ട്. ചൈനയിലെ വൃദ്ധജനങ്ങളുടെ അവസ്ഥയെക്കുറിച്ച് പറയുന്നത് നോക്കൂ. ‘‘വൃദ്ധന്മാർ ഇത്രയേറെ ആസ്വദിച്ച് ജീവിക്കുന്ന ഇടം ചൈനയല്ലാതെ മറ്റൊന്നുണ്ടോയെന്ന് വിദേശ സുഹൃത്തുക്കളുമായി എക്കാലത്തും ഞാൻ ചർച്ച ചെയ്യാറുണ്ട്… ഈ വൃദ്ധക്കൂട്ടങ്ങളെ നോക്കിനിൽക്കുന്നതുതന്നെ എനിക്ക് വല്ലാത്തൊരു പോസിറ്റിവിറ്റിയാണ്’’ (പേജ് 90). സ്റ്റീരിയോയിൽ ഉച്ചത്തിൽ കേൾക്കുന്ന സംഗീതത്തിനൊപ്പം (അത് ചൈനീസോ പാശ്ചാത്യമോ ആകാം) ചുവടുവെച്ച് നൃത്തം ചെയ്‌ത് തിമിർത്താടുന്ന എഴുപതുവയസ്സിനു മേൽപ്രായമുള്ള ആണും പെണ്ണുമായ വൃദ്ധരെക്കുറിച്ചാണ്, തങ്ങളുടെ പേരക്കുട്ടികളോടൊപ്പം പാർക്കുകളിലെത്തി കളിക്കുന്ന, ജീവിതം ആസ്വദിച്ചു കഴിയുന്ന വൃദ്ധരെക്കുറിച്ചാണ് ഈ വാക്കുകൾ.
മറ്റൊരു വിശേഷം നോക്കൂ: ‘‘ഇന്ത്യയിലെ പോലെയല്ല, ചൈനയിൽ കല്യാണത്തിനു മുന്പ് ചെറുക്കന് സ്വന്തമായി ഒരു വീടു വേണമെന്നത് നിർബന്ധമാണ്’’ (പേജ് 97). സ്‌ത്രീധനമല്ല, പുരുഷധനമാണ് വേണ്ടതെന്നും രേഖപ്പെടുത്തുന്നു. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങളെ ചൈനയിലെ ഗവൺമെന്റ് എങ്ങനെയാണ് നേരിട്ടതെന്നു കൂടി നോക്കാം: ‘‘ലോകം ഭയന്നപോലെ വെടിവെപ്പോ അക്രമങ്ങളോ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പതിയെ ജനഹിതം നടപ്പിലാക്കപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളിൽനിന്ന് ചൈന തീർത്തും മുക്തമായി’’ (പേജ് 104).
ചൈനയിലെ ട്രെയിൻ യാത്രയെക്കുറിച്ചും ട്രെയിനുകളിലെ സുഖസൗകര്യങ്ങളെക്കുറിച്ചും ആദരവോടെയാണ് ഫർസാന രേഖപ്പെടുത്തുന്നത്. ചൈനീസ് പുതുവത്സരാഘോഷത്തെക്കുറിച്ചും ചിങ്‌മിങ് ഉത്സവത്തെക്കുറിച്ചുമുള്ള വിശേഷങ്ങളും ഗ്രന്ഥകാരി വായനക്കാരുമായി പങ്കുവയ്‌ക്കുന്നു. തൊഴിലാളികളുടെ സന്തോഷം നിറഞ്ഞ ജീവിതത്തെയും ഒഴിവുസമയവുമായി ബന്ധപ്പെട്ട കൃത്യനിഷ്‌ഠയെയും കുറിച്ച് വിവരിക്കുന്നു. ചൈനയിൽവെച്ച് നടന്ന ഏഷ്യൻ ഗെയിംസിന്റെ വിശേഷങ്ങളും നമുക്കീ കൃതിയിൽ വായിക്കാം.
ചൈനയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് റമദാൻ നോന്പുകാലത്തിന്റെ പശ്ചാത്തലത്തിൽ ഫർസാന ഇങ്ങനെ പറയുന്നു: ‘‘ഇതെഴുതുമ്പോൾ ഈ നഗരത്തിലെ എന്റെ പതിമൂന്നാമത്തെ നോന്പുകാലമാണ്. ചൈനയിൽ മുസ്ലിങ്ങളുണ്ടാവുമോ? പള്ളികളുണ്ടാവുമോ? തലയിൽ തട്ടമിടാനാവുമോ? ഇത്യാദി ചോദ്യങ്ങളുമായാണ് 2009ൽ ചൈനയിലേക്ക് വിമാനം കയറിയത്. പക്ഷേ, സംശയങ്ങളെയെല്ലാം പാടെ തകിടംമറിക്കുന്ന അനുഭവങ്ങളാണ് എനിക്കായി ഈ രാജ്യം അന്നും ഇന്നും കാത്തുവച്ചിട്ടുള്ളത്’’ (പേജ് 133).
മനോഹരമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ശൈലിയിലാണ് ഇതിന്റെ രചന. ഇതൊരു യാത്രാവിവരണമോ ചരിത്രകഥനമോ രാഷ്‌ട്രീയ രചനയോ അല്ല. വീട്ടമ്മയെന്ന നിലയിൽ ഒരു ദശകത്തിലേറെയായി ചൈനയിൽ ജീവിക്കുന്ന തന്റെ നേർക്കാഴ്‌ചകൾ ലളിതമായും, സരസമായും, വായനക്കാരോട് പറയുകയാണ് ഫർസാന തന്റെ കൃതിയിൽ. ‘ഗൃഹലക്ഷ്‌മി’ മാസികയിൽ തുടർച്ചയായി, ഒരു പരന്പരയായി എഴുതിയതാണ് ഡിസി ബുക്‌സ് പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. l