മലയാളത്തിന്റെ സൂപ്പർ യൂണിവേഴ്‌സ്‌

കെ എ നിധിൻ നാഥ്‌

കോവിഡാനന്തരം പ്രേക്ഷകർക്ക് വന്ന വലിയ മാറ്റമുണ്ട്. അവർ ലോകത്തിലെ എല്ലാ സിനിമകളോടും പരിചിതരാണ്. അതിനാൽത്തന്നെ നമ്മൾ ശരാശരിയായ പ്രകടനം കൊണ്ടോ സിനിമകൾ കൊണ്ടോ അവരുടെ അടുത്തു ചെന്നാൽ അവരത് സ്വീകരിക്കുകയില്ല. മീഡിയോക്കറായ പെർഫോമൻസുകളും ചിത്രങ്ങളും തള്ളിക്കളയാൻ അവർക്ക് അവരുടേതായ കാരണങ്ങളുണ്ട്. അത്രയും മികച്ച ചിത്രങ്ങൾ അവർ പരിചയപ്പെട്ടു കഴിഞ്ഞു. ത്രില്ലർ സിനിമകൾ ചെയ്യുന്ന സമയത്തൊക്കെ ആളുകൾ ലോക സിനിമകളിലെ ത്രില്ലർ സിനിമകളുമായാണ് നമ്മുടെ സിനിമയെ താരതമ്യപ്പെടുത്തുക. ഇതുവലിയ വെല്ലുവിളിയാണ്. ‘സർക്കീട്ട്’ എന്ന ചിത്രം ഇറങ്ങിയപ്പോൾ അതിനെക്കുറിച്ച് എഴുതിയ കുറിപ്പുകളിൽ നിരവധി ഇറാനിയൻ സിനിമകളുടെ റഫറൻസ് കാണാം. ആളുകൾ ഇത്രയധികം ഇറാനിയൻ സിനിമകൾ കാണുന്നുണ്ട് എന്ന ബോധ്യമാണ് നമുക്കപ്പോൾ വേണ്ടത്. നമ്മുടെ ചുറ്റുപാടുകളിലേക്ക് അഭിനേതാക്കൾ ഇറങ്ങിയെങ്കിൽ മാത്രമേ, തിയറ്ററുകളിൽ പോയി സിനിമകൾ കണ്ടെങ്കിൽ മാത്രമേ അഭിനേതാവ് എന്ന നിലയ്ക്ക് നമുക്ക് പുരോഗതിയുണ്ടാവൂ എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്’ എന്ന്‌ പറഞ്ഞാണ്‌ ആസിഫ്‌ അലി ദേശാഭിമാനി ഓണപതിപ്പിനായി ജിതിൻ കെ സിക്ക്‌ നൽകിയ ദീർഘ സംസാരം അവസാനിപ്പിക്കുന്നത്‌. മാറിയ മലയാളി പ്രേക്ഷക സമൂഹത്തെക്കുറിച്ചുള്ള ഇ‍ൗ കാഴ്‌ചപ്പാടു കൂടിയാണ്‌ മലയാള സിനിമയുടെ ഘടനയിലും ആഖ്യാനത്തിലും വലിയ മുന്നേറ്റത്തിന്‌ വഴിവെച്ചത്‌. ആസിഫ്‌ അലി ചിന്തിച്ച പോലെ പല സിനിമാക്കാരും ചിന്തിച്ച്‌ തുടങ്ങി. പല ഭാഷകളിൽ സിനിമ കാണുന്ന പ്രേക്ഷകനെ തൃപ്‌തിപ്പെടുത്താൻ പാൻ ഇന്ത്യനും ‘ഹോളിവുഡ്‌’ മേക്കിങ്‌ ഗിമ്മിക്കും പോരാ എന്ന തിരിച്ചറിവും ഇതിലൂടെ ഉടലെടുത്തിട്ടുണ്ട്‌. ഇ‍ൗ ചിന്താധാര മുൻനിർത്തി നടത്തിയ സത്യസന്ധമായ ഇടപെടലാണ്‌ ‘ലോക: ചാപ്‌റ്റർ വൺ: ചന്ദ്ര’.

സൂപ്പർ ഹീറോകൾക്ക്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ഹോളിവുഡിൽ പിറക്കുന്ന ഇത്തരം ചിത്രങ്ങൾ വലിയ ബജറ്റിന്റെ പിൻബലത്തിൽ ദൃശ്യ വിസ്‌മയമായാണ്‌ പലപ്പോഴും പിറക്കുന്നത്‌. ആദ്യ കാലങ്ങളിൽ സീരിയലുകളിലായിരുന്നു സൂപ്പർ ഹീറോ യൂണിവേഴ്‌സ്‌. കാർട്ടൂൺ കോമിക്കുകളിലും ഇവർ നിറഞ്ഞു. പിന്നീട്‌ വർഷങ്ങൾ ഒരുപാട്‌ കഴിഞ്ഞശേഷമാണ്‌ സിനിമയിലേക്ക്‌ എത്തുന്നത്‌. പൊതുവിൽ അംഗീകരിക്കപ്പെട്ട സൂപ്പർ ഹീറോ യൂണിവേഴ്‌സ്‌ ശക്തമാകുന്നത്‌ മാർവലിലൂടെയാണ്‌. മാർവൽ സിനിമാറ്റിക്ക്‌ യൂണിവേഴ്‌സിനൊപ്പം ‘ഡിസി എക്‌സ്റ്റൻഡ്‌ യൂണിവേഴ്‌സും’ പിറന്നു. എന്നാൽ ഡിസി ഒരുക്കിയ സൂപ്പർ മാനാണ്‌ ആദ്യ സൂപ്പർ ഹീറോ സിനിമ. മാർവൽ കാർട്ടൂൺ കഥാപാത്രമായ സൂപ്പർ മാനിൽ നിന്ന്‌ പ്രചോദനം ഉൾക്കൊണ്ട്‌ ജപ്പാനീസ്‌ സൂപ്പർ മാൻ എത്തി. അതിന്‌ പിന്നീട്‌ ക്രോസ്‌ ഓവറുമുണ്ടായി. ഹോളിവുഡും അവരുടെ ലോകവുമാണ്‌ ഇ‍ൗ സിനിമകളുടെയെല്ലാം സ്വഭാവം. മലയാളിക്ക്‌ പരിചിതമല്ലാത്ത ഭൂമികയായിട്ടു പോലും മലയാളി പ്രേക്ഷകർക്കടക്കം ഇതിലെ കാഴ്‌ചയിലെ പുതുമ ആകർഷ ഘടകമായി. കഥാപാത്രങ്ങൾ തനിയെയും ഒരുമിച്ചും വരുന്ന കാഴ്‌ചകൾ പുതിയ അനുഭൂതിയുമായി.

മലയാളത്തിൽ ഇത്തരമൊരു സാധ്യത എന്നതിൽ ഉ‍ൗന്നിയാണ്‌ ഡൊമിനിക്ക്‌ അരുൺ ‘ലോക’ ഒരുക്കിയത്‌. അഞ്ച്‌ ചാപ്‌റ്ററുകളുടെ തിരക്കഥ പൂർത്തിയാക്കിയശേഷമാണ്‌ ആദ്യ സിനിമ പ്രേക്ഷകരിലേക്ക്‌ എത്തിച്ചത്‌. ഇത്തരം സിനിമകൾ തുടർന്നുപോരുന്ന നടപ്പു രീതി തന്നെയാണ്‌ ഇവിടെയും പിന്തുടരുന്നത്‌. എന്നാൽ സിനിമയുടെ ഭൂമികയെ നമ്മുടേതാക്കി മാറ്റുന്നതിലാണ്‌ ‘ലോക’ മികച്ചതാകുന്നത്‌. മലയാളിക്ക്‌ പരിചിതമായ ഐതിഹ്യത്തെ, കഥകളെ സൂപ്പർ ഹീറോ ഭൂമികയിലേക്ക്‌ പറിച്ചുനടുകയാണ്‌ സിനിമ.

ബംഗളൂരു നഗരത്തിലെത്തുന്ന ചന്ദ്ര (കല്ല്യാണി പ്രിയദർശൻ) തന്റെ ഫ്ലാറ്റിന്‌ എതിർ വശത്ത്‌ താമസിക്കുന്ന സണ്ണിയെ (നസ്ലിൻ കെ ഗഫൂർ) പരിചയപ്പെടുന്നു. തുടർന്ന്‌ നടക്കുന്ന സംഭവ വികാസങ്ങളായാണ്‌ ചിത്രം വളരുന്നത്‌. ഒരു സാധാരണ അർബൻ ലോകമെന്ന കഥാഘടനയിലേക്ക്‌ മലയാളിയ്‌ക്ക്‌ പരിചിതമായ ഐതിഹ്യങ്ങളെ വിളക്കിച്ചേർക്കുകയാണ്‌ ചെയ്‌തത്‌. നീലി, ഐതിഹ്യമാല, കുട്ടിച്ചാത്തൻ, മാടൻ, കടമറ്റത്ത്‌ കത്തനാർ തുടങ്ങിയവരിലാണ്‌ സിനിമയുടെ കഥാപരിസരം. സൂപ്പർ ഹീറോ എന്ന്‌ കേൾക്കുമ്പോൾ സ്ഥിരം വരുന്ന ആൺമുഖത്തിനെ മാറ്റി സ്‌ത്രീയെ കൊണ്ടുവന്നുവെന്നതാണ്‌ സിനിമയുടെ വാർപ്പ്‌ മാതൃകയെ പൊളിച്ച മറ്റൊരു ഇടപെടൽ. കല്ല്യാണിയുടെ ചന്ദ്രയാണ്‌ സിനിമയുടെ അടിത്തറ. ഇതിൽ കേന്ദ്രീകരിച്ചാണ്‌ വരാനിരിക്കുന്ന നാലു സിനിമകളിലെയും ലോകവും നിർമിക്കുന്നത്‌. കേരള നാടോടിക്കഥകളിലെ ജനപ്രിയ കഥയിലേക്ക്‌ ചന്ദ്രയെ പ്രതിഷ്ഠിച്ചു എന്നതാണ് സിനിമയെ അടുത്ത തലത്തിലേക്ക്‌ ഉയർത്തുന്നത്‌. ഇതിലൂടെ നമ്മുടെ മനസ്സിലുള്ള കഥാപാത്രത്തെ പുനർനിർമിക്കുകയും പുതിയ സങ്കൽപം സൃഷ്ടിച്ച്‌ വാർപ്പ് മാതൃകകളെ തകർക്കുകയും ചെയ്യുന്നുണ്ട്‌. ‘മൂത്തോൻ’ എന്ന പ്രധാനിയായി മമ്മൂട്ടി എത്തുന്ന യൂണിവേഴ്‌സാണ്‌ കല്ല്യാണിയെ മുൻനിർത്തി ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസ് സൃഷ്ടിച്ചത്‌.

ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി എന്നിവരുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്‌. പൊലീസ്‌ ഉദ്യോഗസ്ഥനായി എത്തുന്ന സാൻഡി മാസ്റ്ററുടെ പ്രകടനമാണ്‌ കല്ല്യാണി കഴിഞ്ഞാൽ ഏറ്റവും മികച്ചത്‌. വളരെ എളുപ്പത്തിലും രസകരമായും കല്ല്യാണിയുടെ ചന്ദ്ര ഭൂതകാലത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്‌. വാക്കിലും നോക്കിലുമെല്ലാം ബംഗളൂരു നഗരത്തിൽ ജീവിക്കുന്ന, വിദേശത്ത്‌ ജീവിച്ച്‌ പരിചിതമായ ചന്ദ്രയായും അതേസമയം മലയാളിയുടെ ഐതിഹ്യത്തിൽ നിറയുന്ന നീലിയായും നിലകൊള്ളുന്നുണ്ട്‌. നമ്മുടെ യക്ഷി സങ്കൽപങ്ങളെ പുനരാവിഷ്‌കരിക്കുകയും കേട്ടുകഥകളിൽ നിന്ന്‌ പ്രകടന മികവിന്റെ കൂടി പിൻബലത്തിൽ പ്രേക്ഷകന്‌ വിടുതൽ നേടിക്കൊടുക്കുകയും ചെയ്യുന്നുണ്ട്‌. ആക്ഷനും സ്വാഗും എല്ലാ ചേർത്ത്‌ നടത്തുന്ന കല്ല്യാണി ഷോയാണ്‌ സിനിമ. നസ്ലിലിനായി നിർമിച്ചതെന്ന്‌ ഉറപ്പിക്കുന്ന വേഷമാണ്‌ സണ്ണി. അതേസമയം ഒപ്പം അഭിനയിക്കുന്നവർക്കൊപ്പം വളരെ വേഗത്തിൽ ഒന്നുചേരുന്ന മികവ്‌ ഇവിടെയും ഉറപ്പിക്കുന്നുണ്ട്‌. ചന്ദു സലീം കുമാറിനൊപ്പമുള്ള ക‍ൗണ്ടറുകളും കല്ല്യാണിയ്‌ക്കൊപ്പമുള്ള രംഗങ്ങളും ഇത്‌ അടയാളപ്പെടുത്തുന്നുണ്ട്‌. രണ്ട്‌ തരത്തിലുള്ള കഥാപാത്രങ്ങളോടും ആ തലത്തിൽ വളരെ വേഗത്തിൽ മാറിമറിഞ്ഞ്‌ നടത്തുന്ന പെരുമാറ്റം ഇതിന്റെ അടയാളമാണ്‌. കല്ല്യാണി എന്ന പെർഫോമറും അഭിനേതാവും ഒരുപോലെ തെളിയുന്നുണ്ട്‌ ചന്ദ്രയിൽ.

സാങ്കേതികവിദ്യയുടെ വളർച്ചയിൽ ഉടലെടുത്ത സാധ്യതകളെ കൃത്യമായി ഉപയോഗിക്കുകയും, അതേസമയം ബിഗ്‌ ബജറ്റ്‌ എന്ന ബാധ്യത സൃഷ്ടിക്കാതെയുമാണ്‌ ലോക ഡിസൈൻ ചെയ്‌തിട്ടുള്ളത്‌. സാങ്കേതിക സാധ്യതകളിലൂന്നിനിൽക്കുമ്പോഴും സിനിമ ആവശ്യപ്പെടുന്ന സ്വഭാവികതയെക്കൂടി ഉൾച്ചേർക്കുന്നുണ്ട്‌ ചിത്രം. കഥയിലേക്ക്‌ അതിന്റെ പരിസരങ്ങളിലേക്ക്‌ പ്രേക്ഷകനെ കൊണ്ടു പോകുന്ന ആദ്യ പകുതിയും പിന്നീട്‌ വരാനിരിക്കുന്ന ലോകത്തിന്റെ കാഴ്‌ചാശകലമായി വളരുന്ന രണ്ടാം പകുതിയുമായാണ്‌ ‘ലോക’യെ ഒരുക്കിയിട്ടുള്ളത്‌. അടുത്ത ഭാഗങ്ങളിലേക്ക്‌ കാഴ്‌ചക്കാരെ ക്ഷണിക്കുന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുക കൂടി സിനിമ ചെയ്യുന്നുണ്ട്‌. ഇതിനായി അവതരിപ്പിക്കുന്ന അതിഥി വേഷങ്ങൾ ഒരു രംഗത്തിലും ഒന്നിലധികം സീനുകളിലും ശബ്ദമായുമെല്ലാം കടന്നുവരുന്നുണ്ട്‌.

സിനിമയുടെ തിരക്കഥയ്‌ക്കനുയോജ്യമായി എന്നാൽ ദൃശ്യ– ശബ്ദ ആസ്വാദനം എന്ന സാധ്യതയെ പരമാവധി ഉപയോഗപ്പെടുത്തിയാണ്‌ ലോക ഒരുക്കിയിട്ടുള്ളത്‌. പ്രൊഡക്ഷൻ ഡിസൈൻ, വിഷ്വൽ ഇഫക്റ്റുകൾ, സംഗീതം, ഛായാഗ്രഹണം എന്നിവയിലും സിനിമ സമ്പന്നമാണ്‌. ഛായാഗ്രാഹകൻ (നിമിഷ് രവി), എഡിറ്റർ (ചമൻ ചാക്കോ), സംഗീതസംവിധായകൻ (ജേക്ക്സ് ബിജോയ്), സൗണ്ട് ഡിസൈനർ (ഡോൺ വിൻസെന്റ്‌), സൗണ്ട് മിക്സർ (എംആർ രാജാകൃഷ്ണൻ) എന്നിവർ വലിയ പ്രശംസ അർഹിക്കുന്നുണ്ട്‌. ബംഗ്ലാന്റെ പ്രൊഡക്ഷൻ ഡിസൈനാണ്‌ സിനിമയുടെ ഇ‍ൗടുവെപ്പ്‌. ഇ‍വയുടെ അതിസന്പന്നതയിൽ സിനിമയുടെ നട്ടെല്ലായ തിരക്കഥയുടെ ആത്മാവ്‌ നഷ്ടമാകാതെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്‌. സംവിധായകൻ അരുൺ ഡൊമനിക്ക്‌ തിരക്കഥ എഴുതിയ ചിത്രത്തിന്‌ നടി ശാന്തി ബാലചന്ദ്രനാണ്‌ അധിക തിരക്കഥ ഒരുക്കിയത്‌. ആക്ഷൻ കൊറിയോഗ്രാഫർ യാനിക് ബെൻ അതിശയിപ്പിക്കുന്നുണ്ട്‌. ചന്ദ്രയുടെ ഫ്ലാഷ്ബാക്ക് കാണിക്കുന്ന കുട്ടിക്കാലത്തെ രംഗങ്ങൾ പ്രേക്ഷകനെ അടിമുടി ത്രസിപ്പിക്കുന്നുണ്ട്‌.

ഐതിഹ്യങ്ങൾ കേന്ദ്രീകരിച്ച്‌ വരുന്ന ചിത്രങ്ങളിൽ പൊതുവിൽ കടന്നുവരുന്ന ഹിന്ദുത്വ ആശയ പ്രചരണമുണ്ട്‌. ലോകയുടെ കഥാപരിസരത്തിന്‌ ഇതിനുള്ള സാധ്യത വേണ്ടുവോളമുണ്ടെങ്കിലും അതിനെ അപ്പാടെ മാറ്റിനിർത്തിയാണ്‌ സിനിമ ഒരുക്കിയിട്ടുള്ളത്‌ എന്നത്‌ പ്രധാനമാണ്‌. തീവ്രഹിന്ദുത്വ എല്ലായിടത്തേക്കും തങ്ങളെ പ്രതിഷ്ഠിക്കുന്ന, മറ്റുള്ളവരെ അദൃശ്യവൽക്കരിക്കുന്ന കാലത്ത്‌ അതിനോട്‌ അകലം പാലിക്കുക‍ എന്നത്‌ കൃത്യമായ രാഷ്‌ട്രീയം കൂടിയാണ്‌. സിനിമാറ്റിക്ക്‌ ‘ഭംഗി’ക്കായി എന്ന പേരിൽ ഹിന്ദുത്വ ആശയങ്ങളെ ഒളിച്ചുകടത്തുന്ന കാന്താരകൾക്കും ആർആർആറുകൾക്കുമിടയിൽ മലയാള സിനിമ ഇ‍ൗ നിലപാടിന്റെ പേരിൽ കൂടി തലയുയർത്തി നിൽക്കും. l

Hot this week

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

Topics

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

സ്‌ത്രീകൾ മാത്രം കെട്ടിയാടുന്ന തെയ്യം

മലബാറിലെ നാറൂറോളം കാവുകളിലായി നൂറിൽപരം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്. ഇതിൽ ഒരു...

ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ- 2

‘‘ലെനിൻ തന്നെ വിപ്ലവം. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും മരിച്ചതും വിപ്ലവത്തിനുവേണ്ടിയായിരുന്നു.’’ ലൂയി...

ആർ ഉമാനാഥ്‌

അത്യുത്തര കേരളത്തിൽ ജനിച്ച്‌ കോഴിക്കോട്ട്‌ രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച്‌ തമിഴകത്തെ തലമുതിർന്ന കമ്യൂണിസ്റ്റ്‌...
spot_img

Related Articles

Popular Categories

spot_imgspot_img