തകരുന്ന അമേരിക്കൻ അധീശാധിപത്യവും വളരുന്ന ചൈനയും ഇന്ത്യ‐ചൈന ബന്ധങ്ങളിലെ മഞ്ഞുരുകലും

കെ ടി കുഞ്ഞിക്കണ്ണൻ

മോദിയുടെ ചൈന സന്ദർശനവും ബഹുധ്രുവലോകത്തിനായി ഒന്നിച്ചുനിൽക്കുമെന്ന പ്രഖ്യാപനവും ഇന്ത്യയിലും അന്താരാഷ്ട്ര സമൂഹത്തിലും വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. ബഹുധ്രുവലോകത്തിന്റെ സൃഷ്ടിക്ക് അനിവാര്യസഹകരണം ആവശ്യമാണെന്ന നിലപാടിലേക്ക് ഇന്ത്യ എത്തിച്ചേർന്നിരിക്കുന്നു. സിപിഐ (എം) ജനറൽസെക്രട്ടറി എം എ ബേബി ഒരു പ്രസ്താവനയിൽ സൂചിപ്പിച്ചതുപോലെ ഇത് ഇന്ത്യ-ാചൈന ബന്ധത്തിലെ ഒരു വഴിത്തിരിവാണ്. ഗ്ലോബൽ സൗത്തിലെ നിർണ്ണായക അംഗങ്ങളെന്ന നിലയ്ക്ക് ബഹുസ്വരത ഉയർത്തിപ്പിടിച്ചും ബഹുധ്രുവലോകക്രമത്തെ മുന്നോട്ടുനയിക്കേണ്ട ചരിത്രപരമായ ദൗത്യമാണ് ഇരുരാജ്യങ്ങൾക്കുമുള്ളത്. മോദി-യും ഷിജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയും ചർച്ചയും ഇരുരാഷ്ട്രങ്ങൾക്കുമിടയിലെ അതിർത്തി തർക്കങ്ങളെച്ചൊല്ലിയുള്ള അസ്വാരസ്യം അവസാനിപ്പിച്ച് ഉഭയകക്ഷി ബന്ധങ്ങളിലൂടെ മുന്നോട്ടുപോകാനുള്ള ധാരണയാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. ഇത് രണ്ട് അയൽപക്ക രാജ്യങ്ങൾ തമ്മിലുണ്ടാവേണ്ട സഹകരണാത്മകമായ നിലപാടുകൾക്ക് വഴിയൊരുക്കുമെന്ന പ്രത്യാശയാണ് ഇടതുപക്ഷവും പൊതുവെ മതനിരപേക്ഷ ജനാധിപത്യ ദേശീയതയ്ക്കുവേണ്ടി നിലകൊള്ളുന്ന ശക്തികളും പങ്കുവെക്കുന്നത്. അതിർത്തിക്കകത്ത് 280 കോടി ജനങ്ങളുടെ താൽപര്യം മുൻനിർത്തി സഹകരിക്കാനും വികസനപങ്കാളികളായി പ്രവർത്തിക്കാനുമുള്ള ധാരണ മനുഷ്യരാശിയുടെയാകെ സമാധാനത്തിനും പുരോഗതിക്കും സഹായകരമാകുന്നതാണ്.

ചരിത്രപരമായി തന്നെ ഇന്ത്യയും ചൈനയും ഏഷ്യയിലെ നവ സ്വതന്ത്ര രാജ്യങ്ങളെന്ന നിലയിൽ സൗഹാർദ്ദപൂർണവും സഹകരണാത്മകവുമായ നിലപാട് സ്വീകരിച്ചിരുന്ന രാഷ്ട്രങ്ങളാണ്. 1947-ൽ സ്വാതന്ത്ര്യം പ്രാപിച്ച ഇന്ത്യയും 1948-ൽ കോളനി ഫ്യൂഡൽ അധികാരം അവസാനിപ്പിച്ച് ജനകീയ റിപ്പബ്ലിക്കായി മാറിയ ചൈനയും ഏഷ്യയിലെ വൻശക്തി മേധാവിത്വ നീക്കങ്ങൾക്കെതിരായി ശക്തമായ നിലപാടുകൾ സ്വീകരിച്ച രാജ്യങ്ങളായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിപ്രശ്‌നങ്ങൾ പരസ്പരം ചർച്ചയിലൂടെ പരിഹരിക്കുകയെന്ന നിലപാടായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിനും ചൈനയുടെ അന്നത്തെ പ്രധാനമന്ത്രി ഷൂ എൻലായിക്കും ഉണ്ടായിരുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ചൈനയുമായുള്ള അതിർത്തി മക്‌മഹോൻ രേഖയാണെന്ന് നെഹ്‌റു വ്യക്തമാക്കി. എന്നാൽ ചൈന മക്‌മഹോൻ രേഖയെ അംഗീകരിക്കുന്നില്ലെന്നും അത് ബ്രിട്ടീഷ് കൊളോണിയൽ ഉദ്യോഗസ്ഥനായ മക്‌മഹോന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ അതിർത്തിയാണെന്നും അത് തങ്ങൾക്ക് ബാധകമല്ലെന്നുമായിരുന്നു ഷൂ എൻലായി വ്യക്തമാക്കിയത്.

അപ്പോൾതന്നെ, അതിർത്തിയെ സംബന്ധിച്ച തർക്കങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടും ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ എടുക്കുകയും ചെയ്തു. ബ്രിട്ടന്റെ കോളനിയായിരുന്ന ഇന്ത്യയും പല സാമ്രാജ്യത്വരാജ്യങ്ങളുടെയും കോളനിയായിരുന്ന ചൈനയും അതിർത്തി ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് ചരിത്രപരമായി തന്നെ മനസ്സിലാക്കേണ്ടതാണ്. ബ്രിട്ടീഷ് സർവ്വേയറായ മക്‌മഹോൻ ഹിമാലയത്തിലെ മഞ്ഞുഗർത്തങ്ങളിൽ വരച്ചുവെച്ച അതിർത്തി രേഖ ബ്രിട്ടീഷ് ഭരണത്തിന് കീഴിലല്ലായിരുന്ന ചൈനയ്ക്ക് സ്വീകാര്യമായില്ല. സ്വതന്ത്ര രാജ്യങ്ങളെന്ന നിലയ്ക്ക് അതിർത്തി പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള നീക്കങ്ങൾ ഇന്ത്യയും ചൈനയും ശ്രമകരമായി നടത്തുകയും ചെയ്തു. എന്നാൽ ശീതയുദ്ധകാലത്തെ ഏഷ്യാപസഫിക്കിലെ അമേരിക്കൻ താൽപര്യങ്ങൾക്കെതിരെ ഇന്ത്യയും ചൈനയുമെല്ലാം ഐക്യത്തോടെ പ്രവർത്തിക്കുന്നുവെന്നത് അമേരിക്കയെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്ന കാര്യമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യയെയും ചൈനയെയും ശത്രുക്കളാക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾ സി.ഐ.എയും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റും നടത്തുന്നത്. പുതുതായി സ്വാതന്ത്ര്യം പ്രാപിച്ച രാജ്യങ്ങൾ ചേർന്ന് വൻശക്തി മേധാവിത്വത്തിനെതിരായി രൂപപ്പെടുത്തിയ ചേരിചേരാ പ്രസ്ഥാനത്തിന്റെ ശക്തിസ്വരൂപങ്ങളായിരുന്ന ഇന്ത്യയെയും ചൈനയെയും തമ്മിലടിപ്പിക്കാനുള്ള നീക്കങ്ങളാണ് സി.ഐ.എ നടത്തിയത്.

ഫിലിപ്പൈൻസിലെ മനില കേന്ദ്രമായി ഏഷ്യൻ നാറ്റോ രൂപീകരിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ അതിശക്തമായി പ്രതിരോധിച്ചതും പരാജയപ്പെടുത്തിയതും ഇന്ത്യയും ചൈനയും ചേർന്നായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യ-‐ചൈന അതിർത്തി പ്രശ്‌നം ഉയർത്തി സമാധാനപരമായ ചർച്ചകളുടെ സാധ്യതയെ തള്ളിക്കളഞ്ഞുകൊണ്ട് 1960-കളിൽ ഇരുരാജ്യങ്ങളെയും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നെഹ്‌റുവിന്റെയും വി കെ കൃഷ്ണമേനോന്റെയും നിലപാടുകളെപ്പോലും നിരാകരിക്കുന്ന തരത്തിലാണ് ജനസംഘവും സ്വതന്ത്രാ പാർട്ടിയും കോൺഗ്രസിലെ ഒരു വിഭാഗം എംപിമാരും ചർച്ചകൾ ഉയർത്തിക്കൊണ്ടുവന്നത്. സമാധാനപരമായ സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും നിലപാടുകളിൽ നിന്നുകൊണ്ട്‌ അയൽരാജ്യങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട കമ്യൂണിസ്റ്റുകാരെ ചൈനചാരന്മാരാക്കി ജയിലിലടയ്ക്കുന്ന അവസ്ഥയാണുണ്ടായത്.

ആർ.എസ്.എസിന്റെ കമ്യൂണിസ്റ്റ്‌വിരോധത്തിന്റെയും ചൈനാവിരോധത്തിന്റെയും പ്രത്യയശാസ്ത്രം അമേരിക്കൻ ബൗദ്ധിക കേന്ദ്രങ്ങളുടെ പിന്തുണയോടെ ഇന്ത്യയിൽ പ്രചരിപ്പിക്കപ്പെടുകയാണുണ്ടായത്. ഗാന്ധി വധത്തെ തുടർന്ന് നിരോധിക്കപ്പെട്ട ആർ.എസ്.എസിന്റെ നിരോധനം നീക്കിത്തന്നാൽ തങ്ങൾ ചൈനയും കമ്യൂണിസ്റ്റുകാരും ഉയർത്തുന്ന ഭീഷണിക്കെതിരെ നെഹ്‌റു സർക്കാരിനെ പിന്തുണയ്ക്കാമെന്ന നിലപാടാണ് ഗോൾവാൾക്കർ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കിയത്. സാർവദേശീയതലത്തിൽ അമേരിക്കയുടെ ലോകാധിപത്യത്തിനനുസൃതമായ വലതുപക്ഷവൽക്കരണത്തിന്റെ അജൻഡയിലാണ് ഇന്ത്യയിലും ആർ.എസ്.എസും കോൺഗ്രസിലെ ഒരു വിഭാഗവും അടങ്ങുന്ന തീവ്രവലതുപക്ഷം ചൈനാ വിരുദ്ധതയുടേതായ ഉന്മാദം വളർത്തിയെടുത്തത്.

ഇന്ന് അമേരിക്കയുടെ ആഗോള അധീശാധിപത്യം ദുർബലമാവുകയും അവരുടെ ഏകധ്രുവ ലോകക്രമത്തെ വെല്ലുവിളിക്കുന്ന രീതിയിൽ റഷ്യയും ചൈനയും മുൻകൈയെടുത്തുകൊണ്ട് ലോകം ബഹുധ്രുവാത്മകതയിലേക്ക് നീങ്ങുകയുമാണ്. അമേരിക്കയുടെ ലോകാധിപത്യത്തെയും ട്രംപിന്റെ വെല്ലുവിളികളെയും നേരിടാനുള്ള ഉത്തരവാദിത്വമാണ് ഇന്ന് സ്വതന്ത്രരാജ്യങ്ങൾക്ക് ഏറ്റെടുക്കാനുള്ളത്. രണ്ടാംലോക യുദ്ധത്തിനുശേഷമുള്ള അമേരിക്കയുടെ രാഷ്ട്രീയ സാമ്പത്തിക സൈനിക സാങ്കേതികരംഗത്തുള്ള അധീശത്വം തകർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ പൊതുകടം അതിന്റെ ജി.ഡി.പിയുടെ 122% ആയി അടുത്ത 10 വർഷത്തിനകം ഉയർന്നിരിക്കുമെന്നാണ് സ്വതന്ത്ര അമേരിക്കയുടെ ആരാധകരും വക്താക്കളുമായ സാമ്പത്തികശാസ്ത്രജ്ഞർപോലും ആശങ്കപ്പെടുന്നത്. യുദ്ധവ്യവസായവും യുദ്ധോപകരണങ്ങളുടെ വിൽപനയുമാണ് അമേരിക്കയുടെ പ്രധാന വരുമാനമാർഗം തന്നെ. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ബജറ്റ് അമേരിക്കയുടേതാണ്. എന്നാൽ അതിനേക്കാളും വലിയ തുക പൊതുകടത്തിനുള്ള പലിശയായി നൽകേണ്ട ഗതികേടിലാണ് അമേരിക്കൻ സമ്പദ്ഘടന. സോവിയറ്റ് യൂണിയന്റെ പതനത്തോടെ അമേരിക്ക സ്വയം അലങ്കരിച്ച ഏകധ്രുവ നായകപദവി ചൈനയുടെ അഭൂതപൂർവ്വവും സമാധാനപരവുമായ വളർച്ചയോടെ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. പലസാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ ചിന്തകരും ചൂണ്ടിക്കാട്ടുന്നത് മുതലാളിത്തത്തിലെ സമീപകാല സംഭവവികാസങ്ങളുടെയും 21-‐ാം നൂറ്റാണ്ടിൽ ചൈനക്കുണ്ടായ ഉയർച്ചയുടെയും പശ്ചാത്തലത്തിൽ അമേരിക്ക ഒരു സാമ്പത്തികശക്തിയെന്ന നിലയ്ക്ക് പതനഗതിയിലാണെന്നാണ്.

19‐-ാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ ബ്രിട്ടന്റെ അവസ്ഥയ്ക്കു സമാനമാണ് അമേരിക്കൻ സാമ്രാജ്യത്വവ്യവസ്ഥ. എന്നാൽ ചൈന 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ അമേരിക്കയുമായി താരതമ്യം ചെയ്യാവുന്ന അവസ്ഥയിലാണ് എത്തിനിൽക്കുന്നത്. അമേരിക്കൻ സമ്പദ്ഘടനയുടെ അപരിഹാര്യമായ പ്രതിസന്ധിയും വ്യാപാരരംഗത്ത് ചൈന ഉയർത്തുന്ന ഭീഷണിയുമാണ് ട്രംപിന്റെ താരിഫ് യുദ്ധത്തിലൂടെയും അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കെതിരായ കടന്നാക്രമണങ്ങളിലൂടെയും പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഇന്നിപ്പോൾ ചൈനയ്‌ക്കെതിരായി ആരംഭിച്ച താരിഫ് യുദ്ധം ലോകരാജ്യങ്ങൾക്കെതിരായ താരിഫ് യുദ്ധമായി മാറിയിരിക്കുന്നു. അമേരിക്കയുടെ സമ്പദ്ഘടന ദുർബലപ്പെട്ടിട്ടും അവർ ലോകം മുഴുവൻ അവരുടെ അധീശത്വം അടിച്ചേൽപ്പിക്കാൻ നിഷ്ഠുരമായ മാർഗങ്ങളിലൂടെ ശ്രമിക്കുകയാണ്. എന്നാൽ അമേരിക്കയുടെ സൈനികശക്തിയുടെ പരിമിതിയും ദുർബലാവസ്ഥയും ഉക്രൈനിലും പശ്ചിമേഷ്യയിലും നടത്തിയ ഇടപെടലുകളിലൂടെത്തന്നെ വെളിവാക്കപ്പെട്ടിരിക്കുകയാണ്.

റഷ്യയും ചൈനയും ഉണ്ടാക്കിയ ശക്തമായ സഖ്യവും പല വികസ്വര രാഷ്ട്രങ്ങളും ചൈന, റഷ്യ കൂട്ടുകെട്ടിന് പിറകിലാണ് അണിനിരന്നത്. ഈയൊരു പശ്ചാത്തലത്തിൽവേണം ട്രംപിന്റെ താരിഫ് യുദ്ധത്തിനെതിരെ ശക്തമായ നിലപാടെടുക്കാൻ ഇന്ത്യൻ സർക്കാർ നിർബന്ധിതമായിരിക്കുന്നതെന്ന് മനസ്സിലാക്കേണ്ടത്. അമേരിക്കൻ സാമ്രാജ്യത്വം നേരിടുന്ന തകർച്ചയുടെയും ഡോളറിന് അന്താരാഷ്ട്ര വിപണിയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധിപത്യത്തിന്റെയും സാഹചര്യമാണ് കാസിനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ഇന്ത്യൻ രൂപയിലും റഷ്യൻ രൂപയിലും ചൈനീസ് യുവാനിലും വിനിമയം നടത്താനുള്ള പ്രഖ്യാപനമുണ്ടായത്. കാസിൻ ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡന്റ്‌ ലുല ഡിസിൽവയും റഷ്യൻ പ്രസിഡന്റ്‌ പുടിനുമാണ് ഡോളറിനുപകരം പ്രാദേശിക കറൻസി വിനിമയം വേണമെന്ന നിർദ്ദേശം കൊണ്ടുവന്നത്. ഇതെല്ലാം ഏകധ്രുവ ലോകപദവിയിൽ നിന്നും അമേരിക്കയുടെ ഇറക്കത്തിന്റെയും ഒരു സാമ്പത്തികശക്തിയെന്ന നിലയിലുള്ള അമേരിക്കയുടെ പതനത്തിന്റെയും വേഗത കൂട്ടുന്ന നീക്കങ്ങളായിരുന്നു.

റഷ്യയുടെയും ചൈനയുടെയും നിലപാടുകളിൽ പരിഭ്രാന്തനായിക്കൊണ്ടാണ് അന്താരാഷ്ട്ര വിപണിയിൽ ഡോളറിന്റെ അധീശത്വം ചോദ്യംചെയ്യുന്ന രാജ്യങ്ങൾക്കു മേൽ 100% നികുതി ചുമത്തുമെന്ന ഭീഷണി ട്രംപ് മുഴക്കിയത്. പുതിയ കറൻസികൾ ഇറക്കരുതെന്നും ഡോളറിനുപകരം മറ്റ് കറൻസികളെ പിന്തുണയ്ക്കരുതെന്നും അങ്ങനെ ചെയ്യുന്ന രാജ്യങ്ങളുടെ ഉൽപന്നങ്ങൾ അമേരിക്കൻ വിപണിയിൽ വിൽക്കാൻ അനുവദിക്കില്ലെന്നുമാണ് ട്രംപിന്റെ ഭീഷണി. റഷ്യയും ചൈനയും ഉയർത്തുന്ന ഭീഷണികളെ നിയന്ത്രിക്കാനും ഇല്ലാതാക്കാനും നാറ്റോയെയും ജി-7 നെയും ഉപയോഗിക്കുകയാണ് അമേരിക്ക. പക്ഷെ അമേരിക്കൻ സാമ്രാജ്യത്വം അതിന്റെ തന്നെ ആഭ്യന്തര വൈരുദ്ധ്യങ്ങളുടെ ചുഴിയിൽപ്പെട്ട് പരിഹരിക്കാനാവാത്ത പ്രതിസന്ധിയിലാണ്. യുദ്ധോന്മുഖമായ സമ്പദ്ഘടനയും രാഷ്ട്രവുമെന്ന നിലയിൽ അതിന്റെ സൈനിക ചെലവുകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2023-ലെ ആഗോള സൈനിക ചെലവുകൾ തുടർച്ചയായ 9‐ാം വർഷവും വർദ്ധിച്ച് 2.44 ലക്ഷം കോടി ഡോളറിലെത്തിയിരിക്കുന്നുവെന്നാണ് പോൾക്രൂഗ്മാൻ നിരീക്ഷിക്കുന്നത്. രാജ്യരക്ഷയ്ക്കുവേണ്ടി ഏറ്റവും അധികം ചെലവാക്കുന്ന രാഷ്ട്രമായി അമേരിക്ക മാറിയിരിക്കുന്നു. നാറ്റോ ശക്തികളോടൊപ്പം ഈ ചെലവുകൾ ആഗോള സൈനിക ചെലവുകളുടെ 50%ൽ അധികമാണ്.

ഈയൊരു സാഹചര്യമാണ് അമേരിക്കയ്ക്ക് അനുകൂലമായ വ്യാപാരക്കരാറുകൾ അടിച്ചേൽപ്പിക്കുന്നതും ചുങ്കത്തെ ആയുധമാക്കിക്കൊണ്ട് ലോകരാജ്യങ്ങളെ വിരട്ടുന്നതുമായ ട്രംപിസത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം അമേരിക്കയുടെ അധീശാധിപത്യത്തെ വെല്ലുവിളിക്കാൻ കഴിയുന്ന രീതിയിൽ ചൈന വളർന്നുവരുന്നു. ധ്രുതഗതിയിലാണ് ചൈനയുടെ സമ്പദ്ഘടനയും ശാസ്ത്രസാങ്കേതികരംഗവും വളരുന്നത്. മാത്രവുമല്ല ചൈനയുടെ അന്താരാഷ്ട്രസ്വാധീനവും സൈനികമായ കരുത്തും അമേരിക്കയെ ഭയപ്പെടുത്തിക്കൊണ്ടുമിരിക്കുന്നു. അമേരിക്കൻ അനുകൂലികളായ സാമ്പത്തികശാസ്ത്രജ്ഞർ തന്നെ പറയുന്നത് കഴിഞ്ഞ 200-ലേറെ വർഷത്തെ ചരിത്രത്തിനിടയിൽ അമേരിക്കയ്ക്ക് നേരിടേണ്ടിവന്നിട്ടുള്ള ആദ്യത്തെ സൈനിക സാമ്പത്തിക വെല്ലുവിളിയാണ് ചൈനയെന്നാണ്. ഉന്നതനിലവാരമുള്ള അമേരിക്കൻ വ്യവസായങ്ങളുമായി കടുത്ത മത്സരത്തിലുള്ള ചൈനീസ് വ്യവസായങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അമേരിക്കൻ അനുകൂലികളായ പല സാമ്പത്തികശാസ്ത്രജ്ഞരും ആശങ്കപ്പെടുന്നത് വ്യാവസായിക വൻശക്തിയാകാതെ അമേരിക്കയ്ക്ക് സൈനിക വൻശക്തിയായി നിലനിൽക്കാനാവില്ലെന്നാണ്. അവരിൽ പലരും സമീപഭാവിയിൽ തന്നെ ചൈന ആഗോളശക്തിയായി മാറുമെന്ന ‘അപകടസാധ്യത’യ്ക്കു മുന്നിലാണ് അമേരിക്ക എത്തിനിൽക്കുന്നത്. ഈയൊരു തലത്തിലാണ് സ്വതന്ത്ര വ്യാപാര സാമ്പത്തികനയത്തിൽ നിന്ന് അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള സംരക്ഷണവാദത്തിന്റെ വക്താക്കളായി ഇവരിൽ പലരും മാറിക്കൊണ്ടിരിക്കുന്നത്. ചൈനയെ തന്ത്രപ്രധാനമായ എതിരാളിയായിട്ടാണ് അമേരിക്ക കാണുന്നത്.

ഇത്തരത്തിലുള്ള എല്ലാ ആക്രമണങ്ങളെയും അതിജീവിച്ചുകൊണ്ട് ചൈന ആഗോള സമ്പദ്ഘടനയിലെ ഏറ്റവും വലിയ വളർച്ചാ എഞ്ചിനായി മാറിയിരിക്കുകയാണ്. 2024 ലെ ആദ്യത്തെ മൂന്ന് ത്രൈമാസികങ്ങളിൽ ചൈനയുടെ ജി.ഡി.പി വളർച്ച 4.8 ശതമാനമായിരുന്നു. അതിന്റെ വാർഷിക വളർച്ചാ നിരക്ക് 5 ശതമാനത്തിലേക്ക് നീങ്ങുകയാണ്. അതിന്റെ ജി.ഡി.പി 2023 ൽ 126 കോടി യുവാൻ കടന്നു. 5.2 ശതമാനം വർദ്ധനവ്. ആഗോള വിദേശനാണയ വിനിമയത്തിൽ ചൈനയുടെ പങ്ക് 20 വർഷം മുമ്പ് ഒരു ശതമാനത്തിൽ താഴെയായിരുന്നത് ഇപ്പോൾ 7 ശതമാനത്തിലധികമാണ്. വിശ്വാസയോഗ്യമായ സാമ്പത്തികശക്തിയായി ചൈന മാറുന്നുവെന്നതിന്റെ സൂചനയാണിത്. ചൈന ഭരണകൂട ഉടമസ്ഥതയിലുള്ള മേഖലകൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. ഭരണകൂട മൂലധനവും ഭരണകൂട ഉടമസ്ഥതയിലുള്ള സംരംഭങ്ങളും കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനിച്ചിരിക്കുന്നു. ഭണകൂട മൂലധനവും ഭരണകൂട ഉടമസ്ഥതയിലുള്ള സംരംഭങ്ങളും കൂടുതൽ ശക്തിപ്പെടുന്നുവെന്നും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നുവെന്നും വൻതോതിൽ വളരുന്നുവെന്നും ഉറപ്പാക്കാനും ചൈന തീരുമാനിച്ചിരിക്കുന്നുവെന്നാണ് ബീജിംങ്‌ റിവ്യൂ ഉൾപ്പെടെ തുടർച്ചയായി റിപ്പോർട്ടു ചെയ്യുന്നത്. സമ്പദ്ഘടനയ്ക്ക് കൂടുതൽ ഉത്തേജനം നൽകാൻ ഏതാണ്ട് 9,000 കോടി ഡോളർ ചൈന പ്രഖ്യാപിച്ചിരിക്കുകയാണ്.

ചൈനയുടെ ബെൽറ്റ് & റോഡ് ഇൻഷ്യേറ്റീവിൽ (ബി.ആർ.ഐ) 150ലേറെ രാഷ്ട്രങ്ങളും 30 ലധികം അന്താരാഷ്ട്ര സംഘടനകളും ചേർന്നു കഴിഞ്ഞു. തുല്യവും പരസ്പര നേട്ടങ്ങൾ ഉണ്ടാക്കാവുന്നതുമായ അന്താരാഷ്ട്ര സഹകരണത്തിനുള്ള പ്രധാന വേദിയായി ബി.ആർ.ഐ യെ ഇന്ന് കണക്കാക്കുന്നുണ്ട്. അന്താരാഷ്ട്രബന്ധങ്ങളെ സംബന്ധിച്ച ചൈനയുടെ സമീപനത്തിലും കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. പല സംഭവ വികാസങ്ങളിലും സംഘർഷങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിലും ചൈന സജീവമായി ഇടപെടുന്നുണ്ട്. ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒരു പദ്ധതി അവതരിപ്പിക്കുക, ഇറാനും സൗദിഅറേബ്യയും തമ്മിലുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സഹായിക്കുക ഇസ്രയേലിനെതിരെ പോരാടുന്ന പലസ്തീൻ സംഘടനകളെയും ഗ്രൂപ്പുകളേയും വിഭാഗങ്ങളേയും ഒന്നിച്ചുകൊണ്ടുവരിക തുടങ്ങിയവ ഇത്തരം ഇടപെടലുകളിൽപ്പെടുന്നു. ഈയൊരു പശ്ചാത്തലത്തിൽവേണം ഇന്ത്യയുടെ, ചൈന ബന്ധത്തിലെ മഞ്ഞുരുകലിനെയും ആഗോളതലത്തിൽ വളർന്നുവരുന്ന അമേരിക്കൻ അധീശാധിപത്യത്തിനെതിരായ ബഹുധ്രുവാത്മകതയെയും വിശകലനവിധേയമാക്കേണ്ടത്. l

Hot this week

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

Topics

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

സ്‌ത്രീകൾ മാത്രം കെട്ടിയാടുന്ന തെയ്യം

മലബാറിലെ നാറൂറോളം കാവുകളിലായി നൂറിൽപരം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്. ഇതിൽ ഒരു...

ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ- 2

‘‘ലെനിൻ തന്നെ വിപ്ലവം. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും മരിച്ചതും വിപ്ലവത്തിനുവേണ്ടിയായിരുന്നു.’’ ലൂയി...

ആർ ഉമാനാഥ്‌

അത്യുത്തര കേരളത്തിൽ ജനിച്ച്‌ കോഴിക്കോട്ട്‌ രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച്‌ തമിഴകത്തെ തലമുതിർന്ന കമ്യൂണിസ്റ്റ്‌...
spot_img

Related Articles

Popular Categories

spot_imgspot_img