ഇക്കണോമിക് നോട്ട്‌ബുക്ക്
മനുഷ്യശരീരത്തിനുമേൽ ഭരണകൂടം നടത്തുന്ന പരോക്ഷമായ അധികാരപ്രയോഗങ്ങളെക്കുറിച്ച് സമീപകാലത്ത് ഏറെ സിദ്ധാന്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ജൈവരാഷ്ട്രീയം (Biopolitics) എന്നറിയപ്പെടുന്ന ഈ സിദ്ധാന്തങ്ങൾ സൂക്ഷ്മതലത്തിൽ പൗരസമ്മതം സൃഷ്ടിക്കുന്ന പ്രക്രിയകളെ വിശദീകരിക്കുന്നവയാണ്. അവ പലപ്പോഴും പരോക്ഷമായി പ്രവർത്തിക്കുന്നവയുമാണ്. അധികാരപ്രയോഗം നടത്തപ്പെടുന്നവരുടെ ശരീരത്തിനുമേൽ മാത്രമല്ല അതിനു പൊതുസമ്മതി നൽകുന്നവരുടെ മേലും ഇത് പരോക്ഷമായി പ്രവർത്തിക്കുന്നുണ്ട്. ചേരികൾ വളരെ മോശപ്പെട്ട ഇടങ്ങളായും അവിടെ വസിക്കുന്നവർ അകറ്റിനിർത്തപ്പെടേണ്ടവരായും മധ്യവർഗമനസുകളിൽ ഇടംപിടിക്കുന്നത് അങ്ങനെയാണ്. ചേരിനിർമ്മാർജ്ജനവും നിർബന്ധിത വന്ധ്യംകരണവുമെല്ലാം ഇത്തരത്തിൽ ആഴത്തിൽ വിലയിരുത്തപ്പെടേണ്ടവയാണ്.
ആധുനികവൽക്കരണത്തെക്കുറിച്ചുള്ള ഇന്ത്യൻ സമ്പന്ന-സവർണ്ണ ബോധ്യങ്ങളുടെ ഉത്തമ നിദാനങ്ങളായിരുന്നു സഞ്ജയ്ഗാന്ധിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയിൽ അരങ്ങേറിയ ദില്ലി നഗരത്തിലെ ചേരിനിർമാർജ്ജന പദ്ധതിയും ഉത്തരേന്ത്യയിൽ വ്യാപകമായി നടപ്പിലാക്കപ്പെട്ട നിർബന്ധിത വന്ധ്യംകരണവും. മനുഷ്യർ പുഴുക്കളെപ്പോലെ കഴിയാൻ വിധിക്കപ്പെട്ട ചേരികൾ രൂപപ്പെടുന്നതെങ്ങിനെ എന്ന ചോദ്യത്തെ വിസ്മരിച്ചു കൊണ്ട്, അത് പരിഹരിക്കാനാവശ്യമായ ഘടനാപരമായ ശ്രമങ്ങൾക്ക് തുനിയാതെ, ഒരു വലിയ കരിമ്പടം കൊണ്ട് ദരിദ്ര ജീവിതങ്ങളെയാകെ മൂടുകയോ, സമ്പന്നരുടെയും ഉന്നത മധ്യവർഗ്ഗത്തിന്റെയും സഞ്ചാരപഥങ്ങളിൽ നിന്നും കൺവെട്ടത്തുനിന്നും പാവങ്ങളുടെ ആവാസകേന്ദ്രങ്ങളെ പറിച്ചെറിയുകയോ ചെയ്യുന്ന ഒന്നാണ് ചേരിനിർമാർജനം. തൊഴിൽ കേന്ദ്രങ്ങളായി നഗരങ്ങൾ ഉയർന്നുവന്ന കാലത്ത് ലോകത്തെവിടെയും അരങ്ങേറിയ പ്രതിഭാസമായിരുന്നു ഇവ. കേവലം സഞ്ജയ്ഗാന്ധിയുടെ ഭ്രാന്തൻ ചിന്തയിൽ രൂപപ്പെട്ട ഒന്ന് മാത്രമായിരുന്നില്ല തുർക്ക്മാൻ ഗേറ്റ് സംഭവം എന്ന പേരിൽ അറിയപ്പെടുന്ന അടിയന്തരാവസ്ഥക്കാലത്തെ ദില്ലിയിലെ ചേരിനിർമ്മാർജ്ജന പദ്ധതി. നഗരത്തെ മോഡി പിടിപ്പിക്കാൻ എന്ന പേരിൽ ഇന്ത്യൻ ഭരണവർഗം സമാന ശ്രമങ്ങൾ ഇതിനു മുൻപും നടത്തിയിരുന്നു.
തുർക്ക്മാൻ ഗേറ്റ് സംഭവം എന്ന പേരിൽ അറിയപ്പെടുന്ന ബുൾഡോസർ പ്രയോഗത്തെ മനസിലാക്കുന്നതിന് ദില്ലി നഗരത്തിന്റെ രൂപരേഖയുടെ ചരിത്രം കൂടി അറിയേണ്ടതുണ്ട്. 17‐ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഷാജഹാനാണ് യമുനാ തീരത്തെ ചുവപ്പുകോട്ടയും അതിനനുബന്ധമായി നീണ്ടുകിടക്കുന്ന മതിലുകളും പണി തീർക്കുന്നത്. ഇന്ത്യയിലെ മുഗൾ സാമ്രാജ്യത്തിന്റെ സമ്പന്നതയും സംസ്കാരവും നിഴലിക്കുന്നവയാണ് ചുവപ്പുകോട്ടയും അതിനടുത്തു സ്ഥിതി ചെയുന്ന ജമാ മസ്ജിതും. പഴയകാലത്ത് ഷാജഹാൻബാദ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ചുറ്റും ഏതാണ്ട് 6 കിലോമീറ്റർ നീളുന്ന കൂറ്റൻ മതിലുകൾ കാണാം. ഹവേലികൾ എന്നറിയപ്പെടുന്ന ഇവിടുത്തെ പാർപ്പിടസമുച്ചയങ്ങളിൽ ജനങ്ങൾ തിങ്ങിഞെരുങ്ങി പാർക്കുന്നു. പിന്നീട് മൂന്ന് നൂറ്റാണ്ടുകൾക്കു ശേഷം കൊളോണിയൽ ഇന്ത്യയുടെ കേന്ദ്രമായി ന്യൂഡൽഹി ഡിസൈൻ ചെയ്യപ്പെട്ടു. ഉയർന്ന അധികാരാവൃത്തങ്ങളിൽ പെട്ട ഉദ്യോഗസ്ഥരും ഇന്ത്യ ഭരിക്കുന്ന സർക്കാരുകളുടെ ഓഫീസുകളും മാത്രം മുഖ്യമായുള്ള പ്രദേശം. സമാന്തരമായി ഷാജഹാൻബാദ് ദരിദ്രർ തിങ്ങിപ്പാർക്കുന്ന ഹവേലികൾ നിറഞ്ഞ, കേവലം ഭൂതകാലസ്മരണകൾ മാത്രം ഓളംവെട്ടുന്ന ഒന്നായി മാറി. അവിടെ റിക്ഷ ഓടിക്കുന്നവരും തെരുവുകച്ചവടക്കാരും നിറഞ്ഞു. ജനസംഖ്യയാകട്ടെ പല മടങ്ങുകളിലേക്ക് വർദ്ധിച്ചു. എങ്ങനെയെങ്കിലും ജീവിതത്തെ ഉന്തിത്തള്ളി മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്നവരുടെ ഇടങ്ങളായി, ആധുനികരായ ഉയർന്ന മധ്യവർഗ മനസ്സുകൾക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത പ്രദേശങ്ങളായി അവ പരിണമിച്ചു. ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വേണം സഞ്ജയ്ഗാന്ധിയുടെ ദില്ലിയുടെ സൗന്ദര്യവൽക്കരണ നടപടികളെയും അതിനനുബന്ധമായി നടപ്പാക്കിയ നിർബന്ധിത വന്ധ്യംകരണ പദ്ധതിയെയും കാണാൻ.
അടിയന്തരാവസ്ഥ അരങ്ങേറിയ 1975 കാലഘട്ടത്തിൽ പൊതുവെ കടുത്ത ദാരിദ്ര്യവും പാർപ്പിട ക്ഷാമവും നേരിട്ടുകൊണ്ടിരുന്ന രാജ്യമായിരുന്നു ഇന്ത്യ. (ഇന്നും ആഗോള ദാരിദ്ര്യത്തിന്റെ കേന്ദ്രസ്ഥാനത്ത് ഇന്ത്യ തുടരുകയാണ്). കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും സ്വാതന്ത്ര്യാനന്തര ഭാരതത്തിന് രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ജനത്തെയും ഇല്ലായ്മയുടെ ദുരിതങ്ങളിൽനിന്നും കൈപിടിച്ചുയർത്തുവാൻ കഴിഞ്ഞിരുന്നില്ല. ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാനാവാശ്യമായ ദീർഘകാലപദ്ധതികൾ വിഭാവനം ചെയ്യാനോ അവയ്ക്ക് മുൻഗണന നൽകി നടപ്പിലാക്കുവാനോ ഇന്ത്യൻ ഭരണകൂടത്തിന്റെ വർഗ്ഗതാല്പര്യങ്ങൾ അനുവദിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനാവശ്യമായ പൊടിക്കൈകൾ ഇറക്കുക എന്നതിനപ്പുറം പുരോഗമനപരമായ രാഷ്ട്രീയത്തിന്റെ ഉത്പതിഷ്ണുത്വം ലവലേശം പോലും അവരെ തീണ്ടിയിരുന്നുമില്ല. പാവപ്പെട്ടവന്റെ ശരീരത്തെയും നാല് കമ്പുകളിൽ കെട്ടി ഉയർത്തപ്പെട്ട അവന്റെ കൂരയുടെയും അപ്പുറത്തേക്ക് അവരുടെ കണ്ണുകൾ സഞ്ചരിച്ചിരുന്നില്ല. ദരിദ്രനായ ഇന്ത്യക്കാരനെ വന്ധ്യംകരിച്ചാൽ, അവന്റെ കൂരകളെ നഗരകേന്ദ്രത്തിനു പുറത്തേക്ക് പറിച്ചെറിഞ്ഞാൽ ആ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് സ്വാഭാവികമായും അവർ കരുതി. കത്തിയും ബുൾഡോസറുമാണ് ഇതിന്റെ ഉപകാരങ്ങളായി അവർ കണ്ടെത്തിയത്.
ഇന്ത്യയിലെ സമ്പന്ന സവർണ്ണ വർഗത്തിന്, അവരുടെ കണ്ണുകളിൽ വന്നുപെടുന്ന മാലിന്യവസ്തുക്കൾ മാത്രമായിരുന്നു ചേരികളും അവിടത്തെ ജീവിതവും. തങ്ങളുടെ കൺവെട്ടത്തുനിന്നും അവയെ എങ്ങിനെയും മാറ്റുക എന്നതിനപ്പുറത്തേക്ക് മറ്റൊരു ലക്ഷ്യവും അവർക്കുണ്ടായിരുന്നില്ല. ഫോർഡും റോക്ക്ഫെല്ലറും പോലുള്ള അന്താരാഷ്ട്ര ഏജൻസികൾ ഇതിനാവശ്യമായ മാർഗനിർദേശങ്ങൾ അവർക്ക് നൽകുകയും ചെയ്തു പോന്നിരുന്നു. അടിയന്തരാവസ്ഥകാലത്ത് ലഭിച്ച ചോദ്യംചെയ്യപ്പെടാനാവാത്ത അമിതാധികാരങ്ങൾ ഈ പ്രക്രിയയുടെ ആവിഷ്‌കാരം സുഗമമാക്കി ചേരികളിലെ പാവങ്ങളുടെ ശരീരങ്ങൾക്കുമേൽ കടന്നുകയറാനും തങ്ങളുടെ ജൈവരാഷ്ട്രീയ പദ്ധതികൾക്ക് ഇരകളായി അവരെ മാറ്റാനുമുള്ള സമ്പൂർണ അധികാരം ഭരണകൂടത്തിന് കൈവന്നു.
അടിയന്തരാവസ്ഥയ്ക്ക് മുൻപേതന്നെ ജനസംഖ്യാനിയന്ത്രണത്തിന്റെയും ചേരിനിർമ്മാർജ്ജനത്തിന്റെയും പേരിൽ ഭരണകൂടം പൗരന്മാരുടെ ശരീരത്തിന്റെയും ആവാസ കേന്ദ്രങ്ങളുടെയും മേൽ നടത്തുന്ന കടന്നുകയറ്റങ്ങൾ വ്യാപകമായി ഇന്ത്യയിൽ അരങ്ങേറിയിരുന്നു. ഇതിനെ സാമാന്യനിയമമാക്കി മാറ്റുകയാണ് സഞ്ജയ്ഗാന്ധി ചെയ്തത്. ഭരണഘടന പൗരന് നൽകുന്ന മൗലിക അധികാരങ്ങൾ റദ്ദാക്കപ്പെടുകയും ഭരണകൂട കയ്യേറ്റങ്ങൾക്ക് നിയമസാധുത നൽകുകയും ചെയ്തു എന്നതായിരുന്നല്ലോ അടിയന്തരാവസ്ഥയുടെ മൗലിക സവിശേഷത. ബലപ്രയോഗം, സമ്മർദതന്ത്രം, പ്രലോഭനങ്ങൾ ഇങ്ങിനെ പല രൂപത്തിലാണ് ഇവ അരങ്ങേറിയത്. മുകളിൽ നിന്നും നിശ്ചയിക്കപ്പെട്ട വന്ധ്യംകരണത്തിന്റെ ക്വോട്ടകൾ പൂർത്തീകരിക്കാൻ കേന്ദ്ര ഏജൻസികളും സംസ്ഥാന ഭരണകൂടങ്ങളും പൊലീസുമെല്ലാം ഇറങ്ങിത്തിരിക്കുകയും വയലുകളിൽ പണിയെടുത്തുകൊണ്ടിരുന്നവരെപ്പോലും പിടിച്ചുകൊണ്ടുപോയി നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്നതും രാജ്യം കണ്ടു. ഭരണകൂടത്തിന്റെ ജൈവ രാഷ്ട്രീയ തന്ത്രങ്ങൾക്ക് ഇരയായവർ ഏറ്റവും താഴെത്തട്ടിലെ ജനവിഭാങ്ങളായിരുന്നു. ആരും ഒരു പരിഗണയും നൽകാത്ത അവരുടെ ശരീരങ്ങളുടെ മേലാണ് ഭരണകൂടം അതിന്റെ ജൈവ രാഷ്ട്രീയ പദ്ധതികൾ നടപ്പിലാക്കിയത്. ഇതിനായി മെഡിക്കൽ ജീവനക്കാരുടെ മാത്രമല്ല, സർക്കാർ ഉദ്യോഗസ്ഥരുടെയും സ്കൂൾ അധ്യാപകരുടെയും നിരയെത്തന്നെ രംഗത്തിറക്കി. ആവശ്യമുള്ളയിടത്തൊക്കെ പൊലീസിനെയും. ഒരുപക്ഷേ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പിൽ വടക്കേ ഇന്ത്യയിൽ ദരിദ്ര ജനവിഭാഗങ്ങൾ കോൺഗ്രസ് ഭരണകൂടത്തിനെതിരെ വിധിയെഴുതിയതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് പാവപ്പെട്ട മനുഷ്യരുടെ ശരീരങ്ങൾക്കു മേൽ നടന്ന ഈ കയ്യേറ്റങ്ങളായിരുന്നു.
റുക്‌സാന സുൽത്താനയുടെയും മറ്റും നേതൃത്വത്തിലുള്ള അനൗദ്യോഗിക ഭരണകൂട ഏജന്റുകളും ജഗ്‌മോഹന്റെയും മറ്റും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും നഗരം മോടിപിടിപ്പിക്കുന്നതിന്റെ പേരിൽ നടത്തിയ അതിക്രമങ്ങളും നിർബന്ധിത വന്ധ്യംകരണ യജ്ഞങ്ങളും അങ്ങിനെ ഇന്ത്യൻ ജൈവരാഷ്ട്രീയത്തിന്റെ ഏറ്റവും കറുത്ത അധ്യായങ്ങളായി. ദില്ലി നഗരത്തിൽ നൂറ്റാണ്ടുകളായി പാർത്തിരുന്നവർ ഇവരെ സംബന്ധിച്ചിടത്തോളം യാതൊരു പൗരാവകാശങ്ങളുമില്ലാത്ത വെറുക്കപ്പെട്ട ശരീരങ്ങൾ മാത്രമായിരുന്നു. ഇവരുടെ ജീവിതാവസ്ഥ എങ്ങിനെ ഈ തലത്തിലേക്ക് തകർന്നു എന്നതും എന്ത് മാർഗത്തിലൂടെ അവരെ ഇതിൽ നിന്നും രക്ഷിക്കാം എന്നതുമൊന്നും ഈ സവർണ സമ്പന്ന മൂല്യങ്ങൾ മാത്രം പേറുന്ന ഈ അധികാരവൃന്ദത്തിന്റെ ലക്ഷ്യമായിരുന്നില്ല. അവയെ എങ്ങനെ മറച്ചുപിടിക്കാമെന്നത് മാത്രമായിരുന്നു അവർ ലക്ഷ്യംവെച്ചത്. ഒരർത്ഥത്തിൽ കോൺഗ്രസ് ഭരണകൂടത്തിന്റെ വർഗസ്വഭാവമാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്. l