എട്ടാം വട്ടം ഉറൂഗ്വെ വട്ടം, ഏഴാം വട്ടം ടോക്യോ വട്ടം, ആറാം വട്ടം കെന്നഡി വട്ടം! ഗാട്ടിന്റെ ചർച്ചാ റൗണ്ടിന്റെ പേരുകളാണ്.
എട്ടാം വട്ടത്തോടെ നിന്നു ഗാട്ട്. പിന്നെ അത് WTO ആയി. അതിന്റെ ഒന്നാം വട്ടം ദോഹാ റൗണ്ട്! പിന്നെ തട്ടീം മുട്ടീം നിന്നു! പുതിയൊരു വട്ടത്തിന് പറ്റിയ മട്ടല്ല. പൊട്ടിച്ച് ദൂരെക്കളയാൻ കൊട്ടയും കോരിയുമായി ട്രംപ്!
‘തങ്ങളുടെ ഉത്തരവാദിത്ത പൂർണമായ മുതലാളിത്തത്തെ തങ്ങൾക്കെതിരായി ഉപയോഗിച്ച് മത്സര നേട്ടമുണ്ടാക്കുന്നവരോട് മത്സരിക്കാൻ ആഗോള വ്യാപാര സംവിധാനം തങ്ങളെ നിർബന്ധിക്കുകയാണ്’ എന്ന് USTR. ന്ന് ച്ചാ അമേരിക്കൻ വ്യാപാര പ്രതിനിധി! (പ്രയോഗം ശ്രദ്ധിക്കുക: ഉത്തരവാദിത്തപൂർണമായ മുതലാളിത്തം!
അതിനെന്ത് ഉത്തരവാദിത്തമാണെന്നോ !) ദോഹാ റൗണ്ട് കഴിഞ്ഞിട്ട് വർഷം കുറച്ചായി. പുതിയ റൗണ്ടിനെക്കുറിച്ച് ആലോചിക്കാനേ ആവുന്നില്ല. അതിനിടയ്‌ക്കാണ് ട്രംപിന്റെ ചുങ്ക യുദ്ധം! ഏപ്രിൽ മാസത്തിൽ മൂപ്പരത് പ്രഖ്യാപിച്ചു. ഇനിയിപ്പൊ ദോഹാ റൗണ്ടിന് ശേഷം ട്രംപ് റൗണ്ടാണ് എന്ന് അമേരിക്കൻ വ്യാപാര പ്രതിനിധി ന്യൂയോർക്ക് ടൈംസിൽ ലേഖനമെഴുതിയിട്ട് മാസം രണ്ടാവാൻ പോവുന്നു. ട്രംപ് റൗണ്ട് എന്നാൽ ലോകത്തെ മൂപ്പർ വട്ടംചുറ്റിക്കും എന്നു തന്നെ മലയാളം.
ഇതൊക്കെക്കേട്ടിട്ടും നമ്മടെ ഒക്കച്ചങ്ങായി മിണ്ടുന്നില്ലല്ലോ ന്റീശോയേ!
1944ൽ ന്യൂ ഹാംഷെയറിലെ ഒരു റിസോർട്ടിൽ, ബ്രെട്ടൻവുഡ്സിലാണ് യുദ്ധാനന്തര പുനരുദ്ധാനത്തിനായി ലോക വാണിജ്യസംഘടനയ്‌ക്കടക്കം രൂപംനൽകാനുള്ള രാജ്യാന്തര യോഗം ചേർന്നതെങ്കിൽ, 2025 ജൂലൈ അവസാനം തന്റെ ഉടമസ്ഥതയിലുള്ള ടേൺബറി റിസോർട്ടിൽ വെച്ചാണ് പുതിയ വാണിജ്യക്രമത്തെക്കുറിച്ചാലോചിക്കാൻ യൂറോപ്യൻ യൂണിയൻ തലൈവി ഉർസൂല വോൺ ഡെർ ലേയെനുമായി ട്രംപ് ചർച്ച നടത്തിയത് എന്ന കാര്യവും യു എസ് ടി ആർ ഓർമ്മിപ്പിക്കുന്നുണ്ട്. മൊട്ടുസൂചിയുടെ അറ്റത്ത് എത്ര മാലാഖമാർക്ക് നൃത്തം ചവിട്ടാനാവുമെന്ന് തർക്കിക്കാനുള്ള നേരമല്ല ഇതെന്നും മൂപ്പർ കവിത ചമയ്ക്കുന്നുണ്ട്. എന്നു വെച്ചാൽ തർക്കം വേണ്ട, ഗാട്ടിലും ഡബ്ലിയുടിഒ യിലും വേണ്ടിയിരുന്ന ചർച്ച വേണ്ട, സമവായം വേണ്ട!
ലോക വാണിജ്യ ക്രമം എങ്ങനെ വേണം എന്ന് ട്രംപ് തീരുമാനിക്കും, അയാളുടെ ഹോട്ടലിൽ പോയി ഇ യു തലൈവി അയാൾ പറഞ്ഞേടത്ത് ഒപ്പിട്ടു കൊടുക്കും. അതിൽ ചേരാത്തവരെല്ലാം ശത്രുപക്ഷം എന്ന് തങ്ങൾ കൽപ്പിക്കും എന്നു തന്നെ.
പക്ഷേ ട്രംപ് ഇപ്പറയുന്ന വമ്പത്തമൊന്നും വമ്പ് കൊണ്ടല്ലെന്നും, അത് ചെയ്തില്ലെങ്കിൽ തല്ല് പാർസലായി വരുമെന്നുമറിയുന്ന നാടൻ മാടമ്പി മസിലുരുട്ടി ഗ്വാഗ്വാ വിളിക്കുന്നതുപോലെ ഗത്യന്തരമില്ലാതെ നടത്തുന്നതാണെന്നുമുള്ള കാര്യം അമേരിക്കൻ വ്യാപാര പ്രതിനിധിയുടെ ലേഖനം പറയാതെ പറയുന്നുണ്ട്.
‘ആഗോള മാനുഫാക്ചറിങ് ചൈന, വിയറ്റ്നാം, മെക്സിക്കോ തുടങ്ങിയ പ്രദേശങ്ങളിലേക്ക് മാറിപ്പോയ’ കാര്യം എടുത്തുപറഞ്ഞു കൊണ്ട് അതിന്റെ കാരണങ്ങൾ കണ്ടെത്തുന്നത് വായിക്കാൻ രസമാണ്. വഴങ്ങൽ സാധ്യത ഏറെയുള്ള തൊഴിലാളികളെ ചൂഷണം ചെയ്യാനാവുന്നതും (ചൂഷണമേയില്ലാത്ത നാടാണല്ലോ അമേരിക്ക! ) കനത്ത സർക്കാർ സഹായത്തിന്റെ ആനുകൂല്യം ലഭിക്കുന്നതും കാരണം ലോകചരിത്രത്തിൽ ഇന്നേവരെയില്ലാത്ത വ്യാപാരക്കമ്മിയിലേക്ക് അമേരിക്ക വഴുതി വീഴുകയാണത്രെ! അവനവന്റെ അടുക്കള നന്നാവാത്തത് ആരാന്റെ പറമ്പിലെ പച്ചക്കറി കിളയ്ക്കാനാവാത്തതാണ് എന്നു തന്നെ ന്യായം. ഉൽപാദന മേഖലയിൽ നിന്ന് മൂലധനമാകെ ഫൈനാൻസ് മേഖലയിലേക്ക് കുത്തിയൊഴുകിയതും മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ വാങ്ങൽ കഴിവ് ഇടിഞ്ഞതു കാരണം കമ്പോളം സങ്കോചിച്ചതുമാണ് അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയത് എന്നതാണ് സത്യം. കമ്പോളം സങ്കോചിക്കുന്നത് തടയാനാണ് മുമ്പൊരു പ്രസിഡണ്ട് അമേരിക്കയെ രക്ഷിക്കാനായി. ‘വാങ്ങാനൊരുങ്ങൂ’ മക്കളേ (Buy for America) എന്നലറി വിളിച്ച് കരഞ്ഞത്. വാങ്ങാൻ കാശ് വേണ്ടേ എന്ന് തിരിച്ചു ചോദിച്ചപ്പോഴാണ് കൈയിൽ കാശില്ലെങ്കിലേന്താ, ക്രെഡിറ്റ് കാർഡ് തരാമല്ലോ എന്ന് മൊഴിഞ്ഞതും അത് നടത്തിയതും. എന്നിട്ടും പോണില്ല, തട്ടീട്ടും പോണില്ല ചോണനുറുമ്പ് എന്നു പറഞ്ഞതു പോലെ, അതുകൊണ്ടും ഫലമില്ല എന്ന് വന്നപ്പോഴാണ് എല്ലാവരോടും വീട് വാങ്ങിക്കാൻ അഭ്യർത്ഥന വന്നത്. ഭവന വിലകൾ കുത്തനെ കയറുമ്പോൾ വായ്പ കൊടുക്കാൻ ബാങ്കുകൾ തിക്കിക്കയറി. കൊടുത്ത വായ്പ മറിച്ചു വിറ്റും അതു വെച്ച് ഊഹക്കച്ചവടം നടത്തിയും വായ്പാ കച്ചവടം പൊടിപൊടിക്കുമ്പോഴാണ് പെട്ടെന്ന് ചീട്ടു കൊട്ടാരം തകരും പോലെ എല്ലാം അട്ടിമറിഞ്ഞത്. വായ്പാ തിരിച്ചടവ് മുടങ്ങാൻ തുടങ്ങിയാൽ, ചതുപ്പ് നിലത്ത് പൊയ്ക്കാലിൽ കെട്ടി നിർത്തിയ കെട്ടിടങ്ങൾ പൊളിയുക സ്വാഭാവികം. കുമിളകൾ പൊട്ടിത്തകർന്നപ്പോൾ ലക്ഷക്കണക്കിനാളുകൾ കുത്തുപാളയെടുത്തുവെന്ന് മാത്രമല്ല, ഡസൻ കണക്കിന് ബാങ്കുകൾ പടപടേന്ന് തകർന്നു വീഴുകയും ചെയ്തു. പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് മുതലക്കൂപ്പ് കുത്തിക്കൊണ്ടല്ലാതെ നിലനിൽക്കാനാവാത്ത മുതലാളിത്ത വ്യവസ്ഥയെ രക്ഷപ്പെടുത്താനുള്ള തൽക്കാല ചൊട്ടു കൗശലങ്ങൾ ഒന്നും തന്നെ ഫലിക്കില്ല എന്നതാണ് വസ്തുത.
ഏതുനിമിഷവും തകർന്നടിയാവുന്ന സമ്പദ് വ്യവസ്ഥയെ രക്ഷിച്ചുനിർത്താനുള്ള പാഴ്‌വേലയുടെ ശ്രമത്തിലാണ് ട്രംപ് അറുപിന്തിരിപ്പൻ ജനാധിപത്യവിരുദ്ധതയും മനുഷ്യത്വവിരുദ്ധതയും പ്രകടിപ്പിച്ചുകൊണ്ട് അക്രമോത്സുക മുതലാളിത്തത്തിന്റെ യഥാർത്ഥ മുഖം പ്രകടിപ്പിക്കുന്നത്. ജനാധിപത്യത്തിന്റെ മുഖംമൂടികളെല്ലാം അഴിച്ചുവെച്ച് അമേരിക്ക സ്വാർത്ഥലാഭത്തിൽ മാത്രം കണ്ണുവെച്ച് ഭൂഖണ്ഡാന്തരങ്ങളിലാകെ വെട്ടിപ്പിടുത്തത്തിനുള്ള പടയോട്ടം നടത്താൻ ഒരു ഭാഗത്ത് യുദ്ധവെറിയും മറുഭാഗത്ത് താരിഫ് യുദ്ധവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. എന്നിട്ടും പോണില്ല ചോണനുറുമ്പ് എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് Buy for America എന്ന പഴയ മുദ്രാവാക്യം തിരുത്തിക്കുറിച്ച് Pray for America എന്ന് ട്രംപ് ആഹ്വാനം ചെയ്തത്. ഇനി ദൈവത്തിന് മാത്രമേ തങ്ങളെ രക്ഷിക്കാനാവൂ, അതുകൊണ്ട് എല്ലാ അമേരിക്കക്കാരും മുട്ടുകുത്തി പ്രാർത്ഥിക്കാൻ തുടങ്ങിക്കൊള്ളൂ എന്ന്!
എന്നുവെച്ചാൽ വ്യവസ്ഥാ പ്രതിസന്ധി അത്രക്കേറെയാണ് എന്നുതന്നെ. തൽക്കാലം ദൈവത്തിൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്ന അത്യന്തം ഭീരുവായ ഒരു ഭരണാധികാരി അതിഭീകരമായ പ്രതിസന്ധിയിൽ നിന്ന് അമേരിക്കയെ മാത്രം രക്ഷിച്ചെടുക്കാനൊരുങ്ങുന്നു എന്ന മട്ടിൽ തന്റെ സ്വന്തക്കാരായ ശതകോടീശ്വരന്മാരുടെ ലാഭത്തിൽ മാത്രം കണ്ണുവെച്ച് നടത്തുന്ന അക്രമോത്സുക നീക്കമാണ് പുതിയ താരിഫ് യുദ്ധം. അതിനാകട്ടെ ഒരു രാജ്യത്തെ മാത്രമായോ, അതിലെ ശതകോടീശ്വരന്മാരെ മാത്രമായോ സംരക്ഷിക്കാനാവില്ല എന്നതുകൊണ്ടു കൂടിയാണ് ഇനി ദൈവത്തിങ്കലഭയം, പ്രേ ഫോർ അമേരിക്ക എന്ന് ട്രംപ് മൊഴിയുന്നത്. ട്രംപിന്റെ ശക്തിയല്ല, ദൗർബല്യമാണ് തെളിഞ്ഞുവരുന്നത്. l