ചരിത്രപ്രസിദ്ധമായ പുന്നപ്ര‐വയലാര്‍ സമരത്തിന്റെ ഭാഗമായ മാരാരിക്കുളം രക്തസാക്ഷി കളെയും ആ സമരത്തിനു നേതൃത്വം നല്‍കിയ സഖാവ് മുഹമ്മ അയ്യപ്പനെയും സ്മരിക്കുന്ന ദിനമാണ് ഒക്ടോബര്‍ 26.
മുഹമ്മയുടെ തെക്കു ഭാഗത്തായി അമ്പലപ്പുഴ താലൂക്കില്‍ മണ്ണഞ്ചേരി പഞ്ചായത്തിന്റെ ഭാഗമായ പൊന്നാട് പ്രദേശത്തുള്ള ‘നരിയ’ എന്ന കര്‍ഷക തൊഴിലാളി കുടുംബത്തിലാണ് എന്‍ കെ അയ്യപ്പന്‍ ജനിച്ചത്. 12‐ാം വയസ്സില്‍ മുഹമ്മയിലെ ‘വില്യം ഗുഡേക്കര്‍ കമ്പനിയില്‍ തന്റെ രണ്ടു ജ്യേഷ്ഠ സഹോദരരോടൊപ്പം കയര്‍ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചു. അന്ന് മുഹമ്മയിലെയും സമീപ പ്രദേശങ്ങളിലെയും എണ്ണൂറോളം തൊഴിലാളികള്‍ ആ കയര്‍ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നു. മുഹമ്മ പ്രദേശത്തെ ജനങ്ങളുടെ സാമ്പത്തികാവസ്ഥയെ ഗണ്യമായി സ്വാധീനിച്ചിരുന്ന ഒരു സ്ഥാപനമായിരുന്നു അത്. ആ കമ്പനിയുടെ ഹെഡ് ഓഫീസ് ആലപ്പുഴയിലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ കമ്പനിയുടെ മുഹമ്മ ബ്രാഞ്ചിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ അതിന്റെ ഉടമകള്‍ തീരുമാനിച്ചപ്പോള്‍ ആ സ്ഥാപനം അവിടത്തെ തൊഴിലാളികള്‍ ഏറ്റെടുക്കുകയുണ്ടായി. ‘ലേബറേഴ്സ് കയര്‍ മാറ്റ്സ് & മാറ്റിംഗ്സ് സഹകരണ സംഘം, മുഹമ്മ രജി: നമ്പര്‍ 711’ എന്ന പേരില്‍ ഇന്നും ആ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു എന്ന വസ്തുത സാന്ദര്‍ഭികമായി ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ.
തൊഴിലാളികള്‍ക്ക് ഒന്നിക്കാനും കൂട്ടായി ചിന്തിക്കാനും മുഹമ്മയില്‍ അയ്യപ്പനും സഹപ്രവര്‍ത്തകരും കൂടി വില്യം ഗുഡേക്കര്‍ കമ്പനിക്കു സമീപം 1933ല്‍ ഒരു വായനശാല സ്ഥാപിച്ചു. ഇതാണ് മുഹമ്മയിലെ ആദ്യത്തെ വായനശാല ‘തൊഴിലാളി വായനശാല’. സ: സുശീലാ ഗോപാലന്റെ അമ്മാവനായ സ: സി. കെ. കരുണാകര പണിക്കരെ ആ വായനശാലയുടെ പ്രസിഡന്റാക്കുന്നതിന് മുന്‍കൈ എടുത്തതും അയ്യപ്പന്‍ തന്നെ. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഈ വായന ശാലയോടനുബന്ധിച്ച്, നിശാ പാഠശാലയും ആരംഭിച്ചു. അവിടെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ പഠിക്കാന്‍ സൗകര്യമൊരുക്കി. ആ സൗകര്യം അയ്യപ്പനും പ്രയോജനപ്പെടുത്തി. വെറും രണ്ടാം ക്ലാസ്സു വരെ മാത്രം സ്കൂള്‍ വിദ്യാഭ്യാസം നേടിയിരുന്ന അയ്യപ്പന്‍ കഠിന പ്രയത്നം ചെയ്ത് മൂന്നു ഭാഷകളില്‍ എഴുതാനും വായിക്കാനും കഴിയുന്ന ഒരു നേതാവായി വളര്‍ന്നു. 1936ല്‍ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്റെ ഒരു ബ്രാഞ്ച് മുഹമ്മയില്‍ സ്ഥാപിതമായി. ഇതിന്റെ ആസ്ഥാനവും വായനാശാലാ കെട്ടിടത്തില്‍ തന്നെയായിരുന്നു. 1938ലെ ട്രേഡ് യൂണിയന്‍ ആക്ട് പാസ്സായപ്പോള്‍ അതിനു കീഴില്‍ ‘മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍’ 2–ാം നമ്പരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. യൂണിയന്‍ പ്രവര്‍ത്തകരായിരുന്ന എന്‍. കെ. അയ്യപ്പനും പി. കെ. നാരായണനും അടക്കമുള്ള ചില തൊഴിലാളികള്‍ക്കെതിരേ വില്യം ഗുഡേക്കര്‍ കമ്പനി മാനേജ്മെന്റ് നടപടി സ്വീകരിച്ചതിനെതിരെ ആയിരുന്നു യൂണിയന്റെ ആദ്യത്തെ സമരം. ആ സമരം വിജയിച്ചതോടെ യൂണിയന്റെ പ്രവര്‍ത്തനം വ്യാപിക്കുകയും ശക്തിപ്പെടുകയുമായിരുന്നു. കൃത്യമായ വേല സമയവും കൂലി വ്യവസ്ഥയും ഇല്ലാതിരുന്ന അക്കാലത്ത് മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ ആവിര്‍ഭാവം തൊഴിലാളികള്‍ക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കി. എന്‍. കെ. അയ്യപ്പന്‍ കയര്‍ ഫാക്ടറിയില്‍ പണിയെടുത്തുകൊണ്ട് ആദ്യമാദ്യം ഭാഗികമായി മുഹമ്മ യൂണിയന്റെ പ്രവര്‍ത്തന ങ്ങള്‍ നടത്തി. 1938ലെ പൊതുപണിമുടക്ക് വിജയിപ്പിക്കുന്നതില്‍ അയ്യപ്പന്‍ സുപ്രധാനമായ ഒരു പങ്കാണ് നിര്‍വഹിച്ചത്. അതെ തുടര്‍ന്ന് അയ്യപ്പന്‍ മുഴുവന്‍ സമയ യൂണിയന്‍ പ്രവര്‍ത്തകനായി. യൂണിയന്റെ സംഘടനാ സെക്രട്ടറി, ഖജാന്‍ജി, സബ് ഓഫീസ് സെക്രട്ടറി എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി.
പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തന മണ്ഡലത്തിലേക്കും എന്‍. കെ. അയ്യപ്പന്‍ പ്രവേശിക്കുകയുണ്ടായി. യൂണിയന്‍ പ്രവര്‍ത്തനത്തോടൊപ്പം മുഹമ്മയിലെ പ്രാദേശിക കോണ്‍ഗ്രസ് കമ്മറ്റി യുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ക്രമേണ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് ഗ്രൂപ്പിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഹമ്മയില്‍ രൂപംകൊണ്ട ആദ്യ പാര്‍ട്ടി സെല്ലിന്റെ സെക്രട്ടറി സ്ഥാനവും അയ്യപ്പനു ലഭിക്കുകയുണ്ടായി. 1946ലെ പുന്നപ്ര‐വയലാര്‍‐മാരാരിക്കുളം സമരവുമായി ബന്ധപ്പെട്ട ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറായിരുന്ന അദ്ദേഹം സംഘടന, വോളണ്ടിയേഴ്സ്, ക്യാമ്പുകള്‍, സമരതന്ത്രം എന്നിവയുടെ ചുമതലയും വഹിക്കുകയുണ്ടായി. സമരത്തില്‍ മാരാരിക്കുളത്തെ നേതൃത്വ ചുമതല അയ്യപ്പനായിരുന്നു. മാരാരിക്കുളം വെടിവെയ്പിനു ശേഷം സമീപ ക്യാമ്പുകളില്‍ ഉണ്ടായിരുന്ന സഖാക്കളെ തല്‍ക്കാലം മാറ്റി നിര്‍ത്താനുള്ള നിര്‍ദ്ദേശം യഥാസമയം നല്‍കിയതുകൊണ്ട് പട്ടാളത്തിന് മുഹമ്മയില്‍ വലിയ പരാക്രമം കാണിക്കാനായില്ല. എന്നാല്‍ സ: അയ്യപ്പന്‍ മുഹമ്മയില്‍ തന്നെ തുടരുകയാണുണ്ടായത്. മുഹമ്മയിലെ ചാരമംഗലം പ്രദേശത്തു വെച്ച് അദ്ദേഹം പോലീസിന്റെ പിടിയിലായി. വഴിനീളെ ക്രൂര മര്‍ദ്ദനത്തിനു ശേഷമാണ് സ: അയ്യപ്പനെ ചേര്‍ത്തയില്‍ എത്തിച്ചത്.
കേസ് പിന്‍വലിച്ചതിന്റെ ഭാഗമായി സഖാവ് അയ്യപ്പന്‍ ജയില്‍ മോചിതനായെങ്കിലും1948þല്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെടുകയുമാണുണ്ടായത്. 1950ലെ പുന്നപ്ര‐വയലാര്‍ രക്തസാക്ഷി ദിനത്തില്‍ ജയില്‍ കെട്ടിടത്തിനു മുകളില്‍ ചെങ്കൊടി ഉയര്‍ത്തുന്നതിനും അയ്യപ്പന്‍ മുന്‍കൈയെടുത്തു. ഇതില്‍ പ്രകോപിതരായ പോലീസ് ഉദ്യോഗസ്ഥര്‍ ജയിലറയ്ക്കുള്ളില്‍ ഭീകര മര്‍ദ്ദന മുറകളാണ് നടത്തിയത്. പോലീസിനെ ചെറുക്കാന്‍ മുന്‍നിരയില്‍ നിന്ന അയ്യപ്പന്‍ ആ ഘട്ടത്തില്‍ മൃഗീയ മര്‍ദ്ദനമേറ്റ് പിടഞ്ഞുവീണ് രക്തസാക്ഷിയാവുകയായിരുന്നു. അപ്പോള്‍ സഹതടവുകാരനായി ജയിലിലുണ്ടായിരുന്ന മുഹമ്മയിലെ സഖാവ് കെ വി തങ്കപ്പന്റെ മടിയില്‍ കിടന്ന് ചോരവാര്‍ന്നാണ് അയ്യപ്പന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞത്.
ഒരു ജീവിതകാലം മുഴുവന്‍ തൊഴിലാളികള്‍ക്കു വേണ്ടി പോരാടിയ, കൊടിയ യാതനകള്‍ അനുഭവിച്ച് രക്തസാക്ഷിത്വം വരിച്ച സഖാവ് അയ്യപ്പന്റെ പ്രാധാന്യം ഇന്നത്തെ തലമുറയ്ക്ക് വേണ്ട രീതിയില്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും നമുക്കു കരുതിവെക്കാനായിട്ടില്ല. എങ്കിലും അദ്ദേഹം കൂടി മുന്‍കൈയെടുത്ത് രൂപം കൊടുത്ത മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ പുതിയ ഓഫീസിനോടനുബന്ധമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വായനശാല സ: മുഹമ്മ അയ്യപ്പന്റെ പേരിലുള്ളതാണ്. അതുപോലെ അദ്ദേഹം പിറന്ന വീടിനു സമീപം പൊന്നാട് പ്രദേശത്തെ പൊതുജനങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ‘മുഹമ്മ അയ്യപ്പന്‍ സ്മാരക വായനശാല & ഗ്രന്ഥശാല’യും അദ്ദേഹത്തിന്റെ സ്മാരകമായി തലയുയര്‍ത്തി നില്‍ക്കുന്നു എന്നതില്‍ നമുക്കഭിമാനിക്കാം.
രാജവാഴ്ചയും ദിവാന്‍ ഭരണവും അവസാനിപ്പിക്കുന്നതിനും പ്രായപൂര്‍ത്തി വോട്ടവകാശവും ഉത്തരവാദിത്വ ഭരണവും നേടുന്നതിനും വേണ്ടിയുള്ള സമരത്തിലാണല്ലോ സഖാവ് അയ്യപ്പന്‍ രക്തസാക്ഷിയായത്. സഖാവിന്റെ അനുസ്മരണം ഇന്നത്തെ ഇന്ത്യാ ഗവണ്‍മെന്റ് തുടര്‍ന്നു വരുന്ന ന്യൂനപക്ഷ ആക്രമണത്തിനും ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായി യോജിക്കാവുന്ന ഏവരുമായി ചേര്‍ന്ന് പോരാടാന്‍ നമുക്ക് പ്രചോദനമാകട്ടെ. സഖാവ് മുഹമ്മ അയ്യപ്പന് ആദരാഞ്ജലികള്‍! l