കേരളത്തിലെ സാഹിത്യോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായ ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ് ചിന്ത പബ്ലിഷേഴ്സ്. ലിബറേറ്റ് എന്ന പേരിൽ 10 ദിവസം നീണ്ടു നിന്ന ഫെസ്റ്റിവൽ. കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം, ടെക്നോളജിയും കൂടി ചേർന്ന്, പുതിയൊരു അനുഭവം ലിബറേറ്റ് സമ്മാനിച്ചു. നവഫാസിസ്റ്റ് പ്രവണതകളിലേക്ക് ചുറ്റുപാടുകൾ മാറുമ്പോൾ അതിനെതിരെ വിജ്ഞാനത്തെ മുൻനിർത്തി സംഘടിക്കുക എന്നത് തീർത്തും വിപ്ലവകരമാണ്. കേവലം സാഹിത്യ ചർച്ചകൾ മാത്രമായല്ല ലിബറേറ്റ് സമൂഹത്തിലേക്ക് ഇറങ്ങിയത്. 10 ദിവസം കൃത്യമായ രാഷ്ട്രീയബോധ്യം ഉണ്ടാക്കിയെടുക്കുകയും, ടെക്നോളജിയുടെ ബ്രഹ്ത്തായ വാതിൽ തുറന്നു കാട്ടുകയും, അതിനോടൊപ്പം കലാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ധ്രുതഗതിയിൽ വളരുന്ന സാങ്കേതിക വിദ്യകളിലേക്കുള്ള അന്വേഷണം കൂടിയായിരുന്നു ലിബറേറ്റ് എന്നത് മറ്റൊരു സവിശേഷതയാണ്. “വിജ്ഞാനത്തിന് വേണ്ടി ചെയുന്ന നിക്ഷേപങ്ങൾക്കാണ് ഏറ്റവും നല്ല പലിശ ലഭിക്കുന്നത് “ എന്ന് ബെഞ്ചമിൻ ഫ്രാങ്ക്ലിൻ പറഞ്ഞതോർക്കുന്നു. ഒരു മനുഷ്യനെ നവീകരിക്കുവാനുള്ള അവശ്യഘടകം അറിവാണെന്നുള്ള ഉൾക്കാഴ്ച്ച നമുക്കാവശ്യമാണ്.

ലിബറേറ്റിലെ സവിശേഷതകൾ
അന്താരാഷ്ട്ര പുസ്തകോത്സവം
വായന വളരുന്നു, വായന കുറയുന്നു എന്ന രണ്ടു വാദങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ സർവ്വവ്യാപിയായതോടു കൂടി ദിവസത്തിന്റെ ഭൂരിഭാഗവും സോഷ്യൽ മീഡിയകൾ കാർന്നെടുക്കുന്നു എന്നതിൽ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. ഒരു പരിധിവരെ ഇതു ശരിയാണ്. വേഗത്തിൽ ലഭിക്കുന്ന “ഡോപ്പമെയിൻ കിക്ക് “ സോഷ്യൽ മീഡിയകളിലെ റീലുകൾ നൽകുന്നുണ്ട്. എന്നാൽ പുസ്തകങ്ങൾ വായനക്കാരെ കണ്ടെത്തുക തന്നെ ചെയ്യും എന്നതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു ലിബറേറ്റ് അന്താരാഷ്ട്ര പുസ്തകോത്സവം. പത്തിലേറെ സ്റ്റാളുകളിലായി സംഘടിപ്പിച്ച പുസ്തകോത്സവത്തിനു കുട്ടികളടക്കം വന്നുചേർന്നു. പ്രത്യേക എഡിഷനുകളും, ടെക്നോളജി ബുക്കുകളും, ഫിക്ഷനും, നോൺ ഫിക്ഷനും, കുട്ടികൾക്കായുള്ള പുസ്തങ്ങളും ചേർന്നായിരുന്നു സ്റ്റാളുകൾ ഉണ്ടായിരുന്നത്. വായന മനുഷ്യരിലേക്ക് പടരുന്നു, ഒപ്പം മനുഷ്യർ വായനയിലേക്ക് വളരുന്നു.
വിജ്ഞാനത്തിലേക്കുള്ള അന്വേഷണം
ആഗസ്റ്റ് 25, രാവിലെ 10.30നു എം.വി ഗോവിന്ദൻ മാഷിന്റെ ഉദ്ഘാടനത്തിലൂടെ ഫെസ്റ്റിവൽ ആരംഭിച്ചു. തുടർന്ന് 10 ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ സംസാരിച്ചത് നാല്പതോളം പ്രമുഖരാണ്. സാങ്കേതിക വിദ്യ, സ്ത്രീ ജീവിതം, മുതലാളിത്തം, മാറുന്ന തൊഴിലിടം, സിനിമ, എ.ഐ, സാമൂഹിക ജീവിതം, കാലാവസ്ഥ, നവഭൗതിക മാറ്റം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ചയ്‌ക്കെടുത്തു എന്നത് ശ്രദ്ധേയമാണ്. ഇവ ഒറ്റയാൾ പ്രസംഗങ്ങൾ മാത്രമായിരുന്നില്ല, ചോദ്യങ്ങൾക്കും, സംശയങ്ങൾക്കും, ഉത്തരങ്ങൾക്കുമുള്ളൊരു വേദികൂടിയായിരുന്നു.
വർഗീയതയ്ക്കൊരു അവബോധം
ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ കാണപ്പെടുന്ന വർഗീയ വാദത്തിന്റെ വേരുകൾ ആധുനിക കാലത്തിൻ്റെ സൃഷ്ടിയല്ല. ഇന്ത്യയുടെ ഭൂതകാലത്തെ കുറിച്ചുള്ള ആധുനിക കാലത്തെ മിഥ്യാബോധങ്ങളുടെ ഫലമാണ് വർഗീയത. ഭൂതകാല ചരിത്രമെന്ന് കരുതപ്പെടുന്ന എല്ലാത്തിനെയും ബ്രാഹ്മണവൽക്കരിച്ചു, കൂടാതെ വരേണ്യ പാറ്റേണുകളിൽ ഉൾപ്പെടാത്ത എല്ലാത്തിനെയും റദ്ദു ചെയ്തു. ജാതിയെന്ന ഘടകം രൂപപ്പെട്ടത് നിരവധി ഘടകങ്ങൾ മൂലമാണ്. വർഗീയവാദികൾ സാമൂഹിക പരിസരത്തിന്റെ ബഹുസ്വരതകൾ ഇല്ലതാക്കുന്നു. വർഗീയത എന്നത് എല്ലാ മനുഷ്യരിലും പല വിധത്തിൽ നിലനിൽക്കുന്നുണ്ട്. ഭൂതകാലത്തിന്റെ അവശിഷ്ടങ്ങൾ മൂലം വർഗീയതയക്ക് നിരവധി അടരുകളുണ്ടെന്ന് ഉറപ്പിച്ചു പറയാം. ഭൂതകാലത്തെ മഹത്വവൽക്കരിച്ചുകൊണ്ട് വൈവിധ്യപൂർണമായ ഇന്ത്യയെ വരേണ്യവത്ക്കരിച്ചു. ആധുനിക കാലത്തിലേക്ക് കടന്നപ്പോൾ ഓരോ മനുഷ്യരിലും വർഗീയത അബോധാത്മകമായി ഉടലെടുത്തു. പാരമ്പര്യബോധവും, മതമൗലികവാദവും മനുഷ്യരുടെ ബോധതലങ്ങളിൽ പ്രവർത്തിക്കുമ്പോൾ അവനവന്റെ മതാത്മകതയെ മാത്രം ഉയർത്തിപിടിക്കുവാൻ മനുഷ്യർ ശ്രമിച്ചു. വർഗീയവാദം എന്നതൊരു പൊളിറ്റിക്കൽ അജണ്ട മാത്രമല്ല, അത് ചരിത്രത്തിന്റെ അടിവേരുകളിൽ ഉറഞ്ഞുക്കിടക്കുന്ന ബോധ്യം കൂടിയാണ്. എഴുതപ്പെട്ട ചരിത്രത്തിന്റെ പിൻബലത്തിൽ പൊളിറ്റിക്കൽ അജണ്ടയെ ആകാവുന്ന ബലത്തിൽ സമൂഹത്തിലേക്ക് കടത്തിവിടുകയാണ് ആർ എസ് എസ് ചെയുന്നത്. മനുഷ്യജീവിതം ഒരൊറ്റ സ്വതബോധത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല, അത് പങ്കുവയ്ക്കലിന്റെ രാഷ്ട്രീയം കൂടി പറഞ്ഞു വയ്ക്കുന്നുന്നുണ്ട്. ഇന്ത്യയുടെ ഭൂതകാല കുളിരിൽ കൈയും കാലുമിട്ടടിച്ചു സംസ്ക്കാരമെന്ന പൊതുബോധത്തിൽ ഉറച്ചു നിൽക്കുന്ന മനുഷ്യർ മനസ്സിലാക്കേണ്ട കാതലായ ഒരറിവ് ഇതാണ്.
സ്ത്രീ ജീവിതത്തിന്റെ പരിസരങ്ങൾ
പാട്രിയാർക്കൽ ആയൊരു സമൂഹത്തിൽ ഒരു സ്ത്രീക്ക് ചുവടുറപ്പിച്ചു നിൽക്കണമെങ്കിൽ നിരന്തരം സമരം ചെയ്യുക തന്നെ വേണം. ഓരോ ദിവസവും സമരത്തിൽ ഏർപ്പെടുക എന്നതിൽ കവിഞ്ഞു സ്ത്രീകൾക്ക് ചെറുത്തു നിൽക്കുവാൻ മറ്റൊരു വഴിയുമില്ല. ചർച്ചകൾ സംഘടിപ്പിക്കുക, സ്ത്രീകളെ കുറിച്ചു സ്ത്രീകൾ തന്നെ സംസാരിക്കുക എന്നിവ നിലനിൽപ്പിന്റെ രാഷ്ട്രീയം വിളിച്ചോതുന്ന സാംസ്‌കാരിക പ്രവർത്തനം കൂടിയാണ്. ഇനിയും ജെൻ്റർ റോളുകൾ മാറാത്ത വീടുകൾ നമുക്ക് ചുറ്റുമുണ്ട്. ഞാൻ അങ്ങനെയല്ല എന്ന് വിചാരിക്കുന്ന ഓരോ പുരുഷന്മാരും സസൂക്ഷ്മം ഉള്ളിലേക്ക് നിരീക്ഷിക്കേണ്ടതാണ്. ഒരു ദിവസത്തിലെപ്പോഴെങ്കിലും ജെൻ്റർ റോളിന്റെ അധികാരത്തിൽ സംസാരിക്കുന്നുണ്ടോ? എന്ന ചോദ്യം നിരന്തരം ഓർക്കേണ്ടതാണ്. “നവീന സാങ്കേതിക വിദ്യയും, സ്ത്രീ ജീവിതവും“ എന്ന സെഷൻ ഒരു രാഷ്ട്രീയ അടയാളപ്പെടുത്തൽ കൂടിയായിരുന്നു.
വർക്ക്ഷോപ്പുകൾ
ടെക്നോളജിയോടുള്ള മനുഷ്യരുടെ പരിചയക്കുറവിന്റെ അന്തരം കുറയ്ക്കുവാൻ ഏറ്റവും മികച്ച മാർഗ്ഗം ടെക്നോളജിയെ അറിയുക എന്നതാണ്. അറിവ് പ്രായഭേദമന്യേ സ്വായതമാക്കാനുള്ളതാണ്. അവയ്ക്കൊരു തുടക്കാമെന്നോണമാണ് ടെക്നോളജി, കാലിഗ്രഫി എന്നിവ ഉൾപ്പെടുത്തികൊണ്ട് ഫെസ്റ്റിവൽ വർക്ഷോപ്പുകൾ സംഘടിപ്പിച്ചത്.
കുട്ടികൾക്ക് വേണ്ടി
മികച്ച തലമുറയെ വാർത്തെടുക്കുക എന്നത് സാമൂഹിക ലക്ഷ്യം കൂടിയാണ്. സർഗ്ഗശേഷി ഉയർത്തുവാനും, കുട്ടികളുടെ ഇടപെടലുകളുടെയും വർത്തമാനങ്ങളുടെയും ശേഷി ഉയർത്തുവാനുമുള്ള വേദിയായാണ് ലിബറേറ്റ് പ്രവർത്തിച്ചത്. പെയിന്റിംഗ്, ചെസ്സ്, ലേഖന മത്സരം തുടങ്ങി നിരവധി വേദികളായിരുന്നു അവധിക്കാലം ആഘോഷമാക്കുവാൻ ഫെസ്റ്റിവൽ മുന്നോട്ട് വച്ചത്. ഇത് കൂടാതെ റോബോർട്ടിക് ഡെമോൺസ്ട്രഷനും ഉൾപ്പെട്ടിരുന്നു. ഐറിസും, യുണിക്ക് വേൾഡ് റോബോർട്ടും, ഡ്രോൺ ഇമേജിനേഷനും കുട്ടികൾക്ക് ഒപ്പം കൂടി.

കലയുടെ അടയാളപ്പെടുത്തൽ
കേരളത്തിനൊട്ടാകെ ബാവുൽ സംഗീതം പരിചയപ്പെടുത്തിയ ഗായികയാണ് ശാന്തിപ്രിയ. കഥപറഞ്ഞും, പാട്ടുപാടിയും തന്റെ ഏക് താര ചലിപ്പിക്കുമ്പോൾ ശാന്തിപ്രിയ പറഞ്ഞു വയ്ക്കുന്നത് സംഗീതത്തിന്റെയും, സൃഷ്ടികളുടെയും ചരിത്രം കൂടിയാണ്. ശാന്തിപ്രിയയുടെ ബാവുൽ സംഗീതത്തോട് കൂടിയാണ് കൾച്ചറൽ പ്രോഗ്രാമുകൾക്ക് ഫെസ്റ്റിൽ തുടക്കം കുറിച്ചത്. “കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെ പറ്റി” എന്ന് ഗായിക പുഷ്പ്പവതി ഉറച്ച ശബ്ദത്തിൽ പാടിയപ്പോൾ മുഴങ്ങി കേട്ടത് അടിസ്ഥാന വർഗ്ഗത്തിന്റെ ശബ്ദങ്ങൾ കൂടിയായിരുന്നു. റാപ്പ് പെർഫോമൻസും, ചെണ്ടമേളവും, ഭാസ്കരൻ മാഷിന്റെ ഗാനങ്ങളും, ബാന്റ് പെർഫോമൻസും, ഗാന സന്ധ്യയും, നാടകവും തുടങ്ങി അരങ്ങിലെത്തിയത് നിരവധി പരിപാടികളാണ്.
ചില വാക്കുകളിലേക്ക്
സുനിൽ പി ഇളയിടം
വർഗീയ സ്വതബോധത്തിന്റെ അന്വേഷണം
ഹിന്ദുത്വ വലതുപക്ഷ ഇടപെടലുകൾ കൂടിവരുന്ന സാഹചര്യത്തിൽ ഈ വിഷയം വളരെയേറെ പ്രാധാന്യമർഹിക്കുന്നതാണ്. ജീവിക്കുന്ന സാഹചര്യങ്ങളിൽ രാഷ്ട്രീയ ബോധ്യമുള്ളവരായി ഇരിക്കുക എന്നത് അത്യന്താപേഷിതമാണ്.
മതപരമായ സങ്കൽപ്പമാണ് വർഗീയതയുടെ ആധാരമാകുന്നത്. ഒരു മതത്തിൽ ഉൾപ്പെട്ട എല്ലാ മനുഷ്യരുടെയും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ താൽപര്യങ്ങൾ ഒന്നുതന്നെയാണ് എന്ന് കരുതുന്നതാണ് വർഗീയത എന്നതുകൊണ്ട് പ്രത്യക്ഷത്തിൽ ഉദ്ദേശിക്കുന്നത്. മനുഷ്യർ മതത്തെ സ്വയം മനസ്സിലാക്കുന്നത് ഏത് ഘടകങ്ങളെ മുൻനിർത്തിയാണ് എന്ന ചോദ്യത്തിലേക്ക് നമ്മൾ എത്തമെന്നതായിരുന്നു സുനിൽ പി ഇളയിടം മുന്നോട്ടുവെച്ച ഉൾകാഴ്ചയുള്ള ചോദ്യം.
എം സ്വരാജ്
യുദ്ധവും മുതലാളിത്തവും
മാനവരാശിയുടെ ആഭിർഭാവത്തോളം യുദ്ധ ചരിത്രത്തിനു പഴക്കമുണ്ട്. മുതലാളിതത്തിന്റെ ലാഭ അജണ്ടയാണ് യുദ്ധത്തിലേക്ക് നയിക്കുന്നത്. നമ്മൾ ഇവിടെ പ്രത്യക്ഷത്തിലെങ്കിലും സമാധാനമായി ഇരിക്കുമ്പോൾ യുദ്ധത്തിന്റെ കൊടും ക്രൂരതകൾ അനുഭവിക്കുന്ന മനുഷ്യർ ലോകത്തിന്റെ വിവിധയിടങ്ങളിൽ ജീവിക്കുന്നുണ്ട്. യുദ്ധത്തിന്റെ ക്രൂരതകളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ ഗാസ, ഉക്രൈൻ യുദ്ധങ്ങളെ പറ്റി എം സ്വരാജ് സുദീർഘമായി സംസാരിച്ചു. ആയുധങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ലോകക്രമത്തിൽ മനുഷ്യർ ഉയർത്തിപിടിക്കേണ്ടത് സാഹോദര്യം, സ്നേഹം, മനുഷ്യത്വം എന്നിവയാണെന്ന് സ്വരാജ് അഭിപ്രായപ്പെട്ടു.
സുന്ദർ സാരുക്കായി
‘Ghost in the Machine’
സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യരുടെ മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കുന്ന വിധം, അതിലൂടെ രൂപപ്പെടുന്ന സാമൂഹിക-സാംസ്കാരിക മാറ്റങ്ങൾ, ടെക്‌നോളജിയോടുള്ള മനുഷ്യരുടെ ആശ്രിതാവസ്ഥ തുടങ്ങിയവ നമുക്ക് പരിചിതമായ വിഷയങ്ങളാണ്.
ടെക്നോളജിയുടെ സർവ്വതലങ്ങളും മനുഷ്യരുടെ കൈവശമാണെന്ന ചിന്ത നമുക്കെല്ലാവർക്കുമുണ്ട്. മനുഷ്യരുടെ തലച്ചോറിനെയും സർഗ്ഗശക്തിയെയും മറികടന്നുകൊണ്ട് ടെക്നോളജികൾ വളരില്ല എന്ന ധാരണ അടിസ്ഥാനപരമായ മിഥ്യ മാത്രമാണെന്ന് സുന്ദർ സാരുക്കായി ഉറപ്പിച്ചു പറയുന്നു.
ലിബറേറ്റ് 2025 അവസാനിക്കുമ്പോൾ
മനുഷ്യരുടെ മിഥ്യാബോധത്തിനും, പവർ ഡൈനാമിക്ക്സിനും മുകളിലാണ് ടെക്നോളജിയുടെ വളർച്ച എന്നത് നമുക്ക് കാണാൻ കഴിയും. പുതിയ ഗാഡ്ജറ്റുകളും സാങ്കേതിക നവീകരണങ്ങളും, ജീവിതത്തിൽ സർവ്വതല സ്പർശയായി മാറിക്കൊണ്ടിരിക്കുകയാണ്.
ടെക്‌നോളജിയുടെ പോസിറ്റീവ്-നെഗറ്റീവ് വശങ്ങളെ തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ഒരുപക്ഷെ ഡിജിറ്റൽ വെൽബീയ്ങ്ങിനുള്ള സമയം അതിക്രമിച്ചു എന്ന് തന്നെ പറയാം. ഐക്യത്തോടെ ജീവിക്കുവാനും, പുതിയവ കണ്ടുപിടിക്കുവാനും, മികച്ച ജീവിതത്തിനുവേണ്ടി മനുഷ്യർ ഒരുമിച്ചു നിൽക്കണമെന്ന് പൂർവികർ മനസിലാക്കിയിട്ടുണ്ട്. അവയുടെ പുതിയ പതിപ്പാണ് ഇപ്പോഴുള്ള ഓരോ ഒത്തുചേരലുകളും. ഫെസ്റ്റിവൽ എന്ന് ചിന്തിക്കുമ്പോൾ ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം പ്രാധാന്യം നൽകിയാകും മുന്നോട്ടുപോകുക. ലിബറേറ്റ് 2025 അവിടെ വ്യത്യസ്തമാവുകയാണ്. അറിവിന്റെയും, കലയുടെയും, സംവാദങ്ങളുടെയും സംഗമ വേദിയായാണ് ലിബറേറ്റ് നടന്നത്. ഏകദേശം 35ഓളം സെഷനുകളിലായി ഇന്ത്യയുടെ രാഷ്ട്രീയവും, സാമൂഹിതലങ്ങളും ചർച്ച ചെയ്തു. വെറും AIഇൽ നിന്നും സൂപ്പർ ഇന്റലിജെൻസ് AIലേക്ക് മാറുന്ന ലോകത്തെ പറ്റി അവബോധം ഉണ്ടാക്കി. ഫാഷിസത്തിന്റെ കാറ്റു ശ്വസിക്കുന്ന ഇന്ത്യയുടെ ഭരണകൂടത്തെ പറ്റി സംവദിച്ചു, മാറുന്ന തൊഴിലിടങ്ങളെയെയും കാലാവസ്ഥയെയും കുറിച്ചു സംവദിച്ചു. അങ്ങനെ ഇപ്പോഴത്തെ സാമൂഹികപരിസരത്തിനു ആവശ്യമായ അനേകം വിഷയങ്ങൾ ലിബറേറ്റ് മുന്നോട്ട് വച്ചു. ഇത് വെറുമൊരു കൂടിച്ചേരൽ മാത്രമല്ല. അറിവിന്റെ, ചെറുത്തുനിൽപ്പിന്റെ, പുതിയ ലോകത്തിന്റെ മാർഗ്ഗദർശി കൂടിയാണ്.
ലിബറേറ്റിന് തുടർച്ചകൾ സംഭവിക്കട്ടെ, ലോകത്തിനാവശ്യം അടിമുടി ജാഗരൂഗരായിരിക്കുന്ന മനുഷ്യരെയാണ്. l