
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച എ നല്ലശിവൻ പാർട്ടിയുടെ സമുന്നത നേതാക്കളിലൊരാളായിരുന്നു. തമിഴ്‌നാട്ടിൽ വിശേഷിച്ച് തെക്കൻ തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറയുണ്ടാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമാണ്. അദ്ദേഹം പാർട്ടിയെയും ബഹുജനസംഘടനകളെയും വളർത്തുന്നതിന് അഹോരാത്രം അധ്വാനിച്ചു.
തിരുനെൽവേലി ജില്ലയിലെ ഒരു സാധാരണ ഗ്രാമീണ കുടുംബത്തിൽ 1922 ഫെബ്രുവരി 22നാണ് എ നല്ലശിവൻ ജനിച്ചത്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ വളരെ സമർഥനായ വിദ്യാർഥിയായിരുന്നു. എസ്‌എസ്‌എൽസി പരീക്ഷയിൽ സംസ്ഥാനതലത്തിൽ മൂന്നാം റാങ്ക് നേടിയ ആ വിദ്യാർഥി അധ്യാപകരുടെയാകെ സ്‌നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി. സഹപാഠികൾ വളരെ ആദരവോടുകൂടിയാണ് നല്ലശിവനെ കണ്ടത്. പഠനത്തിൽ സ്‌കോളർഷിപ്പ് നേടിയ ആ വിദ്യാർഥി വീട്ടുകാരുടെയാകെ പ്രതീക്ഷയായിരുന്നു.
സ്‌കൂൾ വിദ്യാർഥിയായിരിക്കെ തന്നെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും ദേശീയ പ്രസ്ഥാനത്തിലും ആകൃഷ്‌ടനായ നല്ലശിവൻ ഗാന്ധിജിയുടെ വലിയ ആരാധകനായിരുന്നു.
പതിനെട്ട് വയസ്സയാപ്പോഴേക്കും നല്ലശിവൻ മാർക്‌സിസ്റ്റ്‐ലെനിനിസ്റ്റ് കൃതികൾ വായിക്കുകയും കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി അടുക്കുകയും ചെയ്‌തു. 1940ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ അദ്ദേഹം അന്നുമുതൽ പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തനായി മാറി. കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട സമയത്താണ് അദ്ദേഹം പാർട്ടിയിൽ അംഗമാകുന്നതും സജീവ പ്രവർത്തകനായി മാറുന്നതും.
1940 മുതലുള്ള രണ്ടു പതിറ്റാണ്ടുകാലത്ത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് അവരെ അവകാശ സമരപോരാട്ടത്തിൽ കണ്ണികളാക്കി. തിരുനെൽവേലി ജില്ലയിലെ നിരവധി പോരാട്ടങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. എ എൻ എന്ന പേരിലാണ് അദ്ദേഹം പരക്കെ അറിയപ്പെട്ടത്.
ആറു പതിറ്റാണ്ടു നീണ്ട രാഷ്‌ട്രീയജീവിതത്തിൽ ആറുവർഷത്തോളം കാലം നല്ലശിവന് ജയിൽവാസം അനുഷ്‌ഠിക്കേണ്ടിവന്നു; മൂന്നരവർഷത്തിലേറെക്കാലം ഒളിവിൽ കഴിയേണ്ടിവന്നു. എ എൻ നടത്തിയ ഉജ്വല പ്രക്ഷോഭങ്ങൾ എതിരാളികളെ ശരിക്കും വിറകൊള്ളിച്ചു. പൊലീസിനെ സ്വാധീനിച്ച് അവർ അദ്ദേഹത്തിനെതിരെ കള്ളക്കേസുകൾ കെട്ടിച്ചമച്ചു. കോൺഗ്രസ് സർക്കാരുകൾ ജന്മിമാർക്കും മുതലാളിമാർക്കുമൊക്കെ എല്ലാവിധ ഒത്താശകളും ചെയ്‌തു.
എഐടിയുസിയുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന നേതാക്കളിലൊരാളായി വളർന്ന എ എൻ പാർട്ടിയുടെ തിരുനെൽവേലി ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. 1959ൽ പാർട്ടിയുടെ സംസ്ഥാന കൗൺസിൽ അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനെത്തുടർന്ന് അദ്ദേഹം സിപിഐ എം പക്ഷത്ത് നിലകൊണ്ടു. സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. 1968ൽ പാർട്ടി സംസ്ഥാന സെക്രട്ടയേറ്റംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടതോടെ എ എൻ അതിന്റെ ആദ്യ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സിഐടിയുവിന്റെ അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ ട്രേഡ് യൂണിയനുകൾ കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം കഠിനാധ്വാനം ചെയ്‌തു. നിരവധി സ്ഥലങ്ങളിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
1981ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ എ ബാലസുബ്രഹ്മണ്യൻ അന്തരിച്ചു. അതേത്തുടർന്ന് പാർട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് എ നല്ലശിവനാണ്. 1982, 1985, 1988, 1991 എന്നീ വർഷങ്ങളിലും എ എൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1978ൽ ജലന്ധറിൽ ചേർന്ന സിപിഐ എമ്മിന്റെ പത്താം പാർട്ടി കോൺഗ്രസിൽ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1988 ഡിസംബർ 27 മുതൽ 1989 ജനുവരി ഒന്നുവരെ തിരുവനന്തപുരത്ത് നടക്കുന്ന പതിമൂന്നാം പാർട്ടി കോൺഗ്രസിൽ അദ്ദേഹം പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1992ലും 1995ലും എ എൻ പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
എ എൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലഘട്ടത്തിൽ പാർട്ടിയുടെയും ബഹുജനസംഘടനകളുടെയും അംഗസംഖ്യ വലിയതോതിൽ വർധിച്ചു. ആ കാലട്ടത്തിലെ വസ്‌തുനിഷ്‌ഠ സാഹചര്യത്തെ സവിശേഷമായി വിലയിരുത്താൻ എ എന്നിന്റെ നേതൃത്വത്തിനു സാധിച്ചു. പാർട്ടി സംഘടനയെ പ്രശ്‌നങ്ങളില്ലാതെ നയിക്കുന്നതിൽ അദ്ദേഹത്തിനുള്ള കഴിവ് ഒന്ന് വേറെതന്നെയാണെന്ന് സമകാലികർ പലരും വിലയിരുത്തിയിട്ടുണ്ട്. പാർട്ടി സഖാക്കളുടെ കഴിവുകൾ സൂക്ഷ്‌മമായി വിലയിരുത്താനും അവരുടെ കഴിവുകൾക്കനുസരിച്ചുള്ള സംഘടനാ ചുമതലകൾ ഏൽപിക്കാനും അദ്ദേഹത്തിന് അനായാസം സാധിച്ചിരുന്നു.
പാർട്ടി അംഗങ്ങൾക്കും അനുഭാവികൾക്കും ബഹുജനസംഘടനാ പ്രവർത്തകർക്കുമൊക്കെ രാഷട്രീയ വിദ്യാഭ്യാസം നൽകാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പാർട്ടി ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് അദ്ദേഹം മുന്നിട്ട് പ്രവർത്തിച്ചു. പാർട്ടി സഖാക്കളുമായി ആഴത്തിലുള്ള ആത്മബന്ധമായിരുന്നു എന്നും അദ്ദേഹത്തിനുണ്ടായിരുന്നത്.
1978 മുതൽ 1984 വരെ തമിഴ്‌നാട് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു നല്ലശിവൻ. 1989 മുതൽ 1995 വരെ രാജ്യസഭാംഗമായും അദ്ദേഹം പ്രവർത്തിച്ചു. ചൂഷിതരും അടിച്ചമർത്തപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ താൽപര്യം പാർലമെന്ററി വേദികളിൽ ഉന്നയിക്കുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു; പലതിനും പരിഹാരം കാണുന്നതിന് അദ്ദേഹം പരമാവധി പരിശ്രമിച്ചു.
നല്ലശിവന്റെ അനുകരണീയമായ ഒരു ശീലമാണ് വായന. പാർട്ടി പ്രവർത്തനത്തിന്റെയും പാർലമെന്ററി പ്രവർത്തനത്തിന്റെയും ഭാഗമായി നിരന്തരം അദ്ദേഹത്തിന് സഞ്ചരിക്കേണ്ടിയിരുന്നു. അപ്പോഴൊക്കെ പുസ്‌തകങ്ങളും ആനുകാലികങ്ങളും മറ്റും എപ്പോഴും അദ്ദേഹം കയ്യിൽ കരുതിയിരുന്നു; ശ്രദ്ധയോടെ അവയൊക്കെ വായിച്ചിരുന്നു.
സൗഹാർദത്തോടെയും സൗമ്യതയോടെയുമുള്ള എ എന്നിന്റെ പെരുമാറ്റം അദ്ദേഹത്തിന് രാഷ്‌ട്രീയഭേദമെന്യേ നിരവധി സൗഹൃദങ്ങൾ നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ അഭിപ്രായങ്ങളെ എതിർക്കുമ്പോഴും നല്ലശിവൻ എന്ന വ്യക്തിയെ സ്‌നേഹിച്ചവർ നിരവധിയാണ്.
വാച്ചാത്തി ഗ്രാമത്തിൽ പൊലീസ്‐വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അതിക്രൂരമായ അഴിഞ്ഞാട്ടം തുറന്നുകാട്ടുന്നതിനും കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിനും എ എൻ വഹിച്ച പങ്ക് വളരെ വലുതാണ്. ആദിവാസി വീടുകളിൽ കടന്നുകയറിയ പൊലീസ്‐വനംവകുപ്പ് ഉദ്യോഗസ്ഥർ പുരുഷന്മാരെ ക്രൂരമായി മർദിച്ചു; വീടുകളിൽനിന്ന് അവരെ ഓടിച്ചു. അതിനുശേഷം സ്‌ത്രീകളെ കെട്ടിയിട്ട് ബലാത്സംഗം ചെയ്‌തു; കുടിലുകൾ കത്തിച്ചു. കാട്ടുകള്ളൻ വീരപ്പന്റെ സംഘമാണെന്നാണ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രചരിപ്പിച്ചത്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത ഈ കള്ളക്കഥയ്‌ക്കെതിരെ എ എൻ അതിശക്തമായ നിലപാടെടുത്തു. ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന നിലപാടെടുത്ത സംസ്ഥാന സർക്കാരിനെതിരെ എ എൻ കോടതിയെ സമീപിച്ചു. നല്ലശിവൻ ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ചാണ് കോടതി കുറ്റവാളികളെ ശിക്ഷിച്ചത്. എ നല്ലശിവൻ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് തമിഴ്‌നാട് എന്ന പേരിൽ പ്രശസ്‌തമാണ് ഈ കേസ്.
മൂന്ന് പതിറ്റാണ്ടുകൾ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് അതിജീവിതകൾക്ക് നീതി ലഭിച്ചത്. പൊലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായ 215 പേരെ കോടതി ശിക്ഷിച്ചു. ഐഎഫ്എസ് ഉദ്യോഗസ്ഥർ മുതൽ പൊലീസ് കോൺസ്റ്റബിൾ വരെയുള്ളവരാണ് ശിക്ഷിക്കപ്പെട്ടത്.
1997 ജൂലൈ 20ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
‘‘പാർട്ടിയുടെ അടിസ്ഥാന നയത്തോടുള്ള പ്രതിബദ്ധതയിൽ സഖാവ് എ എൻ എല്ലായ്‌പ്പോഴും അചഞ്ചലനായിരുന്നു. അതേസമയം അടിസ്ഥാന വിഷയങ്ങളെ ബാധിക്കാത്ത കാര്യങ്ങളിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ളയാളുമായിരുന്നു എ എൻ’’.
തമിഴ്‌നാട്ടിലെ മുതിർന്ന നേതാവായിരുന്ന എൻ ശങ്കരയ്യ നടത്തിയ ഹൃദയസ്‌പർശിയായ അനുശോചനപ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണിത്. l





