
മാധ്യമരംഗത്തെ കേന്ദ്രീകരണം
ആഗോള മാധ്യമരംഗത്ത് നടന്നിട്ടുള്ള കേന്ദ്രീകരണത്തിന്റെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം നാം നവലിബറൽ കാലത്തെ ജനാധിപത്യ വ്യവസ്ഥയെ പരിശോധിക്കാൻ. ജനാധിപത്യ വ്യവസ്ഥയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് വലിയ പ്രാധാന്യമാണുള്ളത്. എന്നാൽ ഈ അതികേന്ദ്രീകൃതാവസ്ഥയിൽ മാധ്യമങ്ങളുടെ പ്രസക്തി തന്നെ അടിസ്ഥാനപരമായി വെല്ലുവിളിക്കപ്പെടുന്നു. സ്വയം ഭരണാധികാരത്തിന്റെ ജീവവായുവായി പ്രവർത്തിക്കേണ്ടതാണ് മാധ്യമസ്വാതന്ത്ര്യം. എന്നാൽ മാധ്യമ ഉടമസ്ഥതയുടെ കാര്യത്തിൽ നടക്കുന്ന അതികേന്ദ്രീകരണം നിലനിൽക്കുന്ന അസമത്വം സ്ഥിരീകരിക്കുന്നതിനും നിലനിൽക്കുന്ന വ്യവസ്ഥയെ പരിപാലിക്കുന്നതിനും ശ്രമിക്കുന്നു.
മാധ്യമരംഗത്ത് ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കണമെങ്കിൽ മുഖ്യമായും രണ്ട് ഘടകങ്ങളുടെ സാന്നിധ്യം ഉണ്ടാവണം. അതിൽ ആദ്യത്തേത് സ്വതന്ത്രമായ മത്സരത്തിന്റെ സാന്നിധ്യമാണ്. എന്നാൽ ഇന്ന് അത് ഏറെക്കുറെ ഇല്ലാതാവുകയും തമ്മിൽ തമ്മിലുള്ള പരിമിതമായ മത്സരമായി മാധ്യമ വിപണി രംഗത്ത് മത്സരം മാറുകയും ചെയ്തിരിക്കുന്നു. ഒരു സാധാരണ പൗരനോ, എന്തിന് ഒരു സാധാരണ മുതലാളിക്ക് പോലുമോ ഇന്നത്തെ മാധ്യമരംഗത്തെ മുതലാളിത്ത ഭീമന്മാരുമായി മത്സരിക്കാനാവില്ല; ഒരു മാധ്യമം ആരംഭിക്കാൻ പോലും ആവില്ല. പുറത്തുള്ളവർക്ക് മുമ്പിൽ വിപണി അടച്ചു പൂട്ടപ്പെട്ടിരിക്കുന്നു. കൂടുതൽ മത്സരാധിഷ്ഠിതമായ ഒരു വ്യാപാര മാധ്യമ സംവിധാനത്തിൽ മാത്രമേ ജനാധിപത്യപരമായ ഒരു മാധ്യമ സംവിധാനത്തെ വളർത്തിയെടുക്കാനാവു. നിഷ്പക്ഷരും വിഭാഗീയത ഇല്ലാത്തവരുമായ പ്രൊഫഷണൽ പത്രപ്രവർത്തകരാൽ മാധ്യമരംഗം നിയന്ത്രിക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അവരാണ് അന്ന് മാധ്യമനയം എന്തായിരിക്കണമെന്ന് തീരുമാനിച്ചിരുന്നത് എങ്കിൽ ഇന്ന് പത്രാധിപന്മാരല്ല മറിച്ച് മാനേജിങ് എഡിറ്റർമാരാണ് മാധ്യമനയം തീരുമാനിക്കുന്നത്. അധികാരം ഇന്ന് സ്ഥിതി ചെയ്യുന്നത് മാധ്യമ ഉടമകളുടെ കൈകളിലാണ്. ഉടമസ്ഥരുടെ രാഷ്ട്രീയവും വ്യാപാരപരവുമായ താല്പര്യങ്ങളാണ് ഇന്ന് എഡിറ്റോറിയൽ മുറികളിലൂടെ പ്രത്യക്ഷപ്പെടുന്നത്.
മാധ്യമരംഗത്തെ തൊഴിൽപരമായ സ്വയംഭരണാധികാരം എന്നത് നവലിബറൽ കാലത്തെ വാർത്താവിനിമയരംഗത്ത് അതിരുകളിലേക്ക് തള്ളിമാറ്റപ്പെടുന്ന ഒന്നാണ്. ലാഭം പരമാവധിയാക്കുന്നതിന് വേണ്ടി എല്ലാ പൊതുജനസേവന മൂല്യങ്ങളെയും അത്തരം സ്ഥാപനങ്ങളെയും രാഷ്ട്രീയവും മൂർച്ചയുള്ളതുമായ വാക്കത്തിക്ക് ഇരയാക്കുന്നു. പൊതുജന സേവനത്തിന് ഉതകുന്ന കാര്യങ്ങളൊന്നുംതന്നെ ഇന്ന് സംപ്രേഷണം ചെയ്യപ്പെടുന്നില്ല. ജനക്ഷേമകരമായ നടപടികൾ വെട്ടിക്കുറക്കലാണ് നവലിബറൽ നയങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതിനാൽ അതൊന്നും തന്നെ വാർത്തയാക്കപ്പെടുന്നില്ല. ജനക്ഷേമപ്രവർത്തനങ്ങൾ മൂടിവയ്ക്കുകയും അത് നടത്തുന്നവർ രാഷ്ട്രീയമായ ആക്രമണത്തിന് ഇരയാക്കപ്പെടുകയും ചെയ്യുന്നു. യൂറോപ്യൻ സോഷ്യൽ ഡെമോക്രസിയുടെ ഭാഗമായിരുന്ന പൊതു ജനസേവന സംപ്രേക്ഷണം ഇല്ലാതാക്കുകയും വ്യാപാരാധിഷ്ഠിത പ്രചാരണത്തിന് മുൻതൂക്കം ലഭിക്കുകയും ചെയ്തിരിക്കുന്നു. അമേരിക്കയിൽ പൊതുസേവന സംരക്ഷണം എന്നത് കുറഞ്ഞ ചെലവിൽ നിർമ്മിക്കുന്ന അർധ വ്യാപാരാധിഷ്ഠിത പ്രവർത്തനം മാത്രമായി ചുരുങ്ങിയിരിക്കുന്നു.
നവ ലിബറലിസം എന്നത് ഒരു സാമ്പത്തിക സിദ്ധാന്തം എന്നതിനോടൊപ്പം തന്നെ ഒരു രാഷ്ട്രീയ സിദ്ധാന്തവും കൂടെയാണ്. അത് ഉദ്ദേശിക്കുന്നത് തൊഴിലാളിവർഗ്ഗവും ദരിദ്ര ജനവിഭാഗങ്ങളും ഒക്കെ പരമാവധി അരാഷ്ട്രീയവൽക്കരിക്കപ്പെടുകയും ഒപ്പം വംശീയവൽക്കരിക്കപ്പെടുകയോ വർഗീയവൽക്കരിക്കപ്പെടുകയോ ചെയ്യണമെന്നാണ്. വ്യാജമായ ഒരു രാഷ്ട്രീയ സംസ്കാരം വളർത്തിയെടുക്കുന്നതിനാണ് നവ ലിബറലിസം ആഗ്രഹിക്കുന്നത്. അതിൽ മുതലാളിമാർക്ക് മേധാവിത്വം ഉണ്ടായിരിക്കുന്നതിന് ആവശ്യമായ പ്രചാരവേലയാണ് അവർ സംഘടിപ്പിക്കുന്നത്. പോലീസ് ആധിപത്യം ഉപയോഗിച്ച് ഫലപ്രദമായ ജനകീയ പ്രതിരോധം ഇല്ലാതാക്കുന്നതിന് ഉതകുന്ന സാംസ്കാരിക പ്രചാരവേലയാണ് അവർ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.
സാംസ്കാരികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലേക്ക് ആഗോള മാധ്യമസമുച്ചയങ്ങൾ കടന്നുചെല്ലുന്നത് സാംസ്കാരിക രംഗത്ത് പുരോഗതി ഉണ്ടാകും എന്നൊരു വാദം ഉന്നയിക്കപ്പെടാറുണ്ട്. വിശിഷ്യാ മാധ്യമ സെൻസർഷിപ്പ്, അഴിമതി നിറഞ്ഞ ശിങ്കിടി മുതലാളിത്ത മാധ്യമ സംവിധാനങ്ങൾ എന്നിവയുടെ കാര്യത്തിൽ ഇങ്ങനെയൊരു ഗുണവിശേഷം അനുഭവവേദ്യമാകും എന്നാണ് വാദിക്കപ്പെടുന്നത്. എന്നാൽ ആഗോള മാധ്യമവ്യവസ്ഥയുടെ പുരോഗമനം എന്നത് പാരമ്പര്യങ്ങളെയും ആചാരങ്ങളെയും തകർക്കുന്നത് ലാഭകരമാണെങ്കിൽ മാത്രം എന്ന വ്യവസ്ഥയ്ക്ക് വിധേയപ്പെട്ടാണ് ഇന്ന് പ്രവർത്തിക്കുന്നത്. മുതലാളിത്ത വ്യവസ്ഥ എന്നത് പുരോഗമനപരമാവുന്നത് ഫ്യൂഡൽ വ്യവസ്ഥയുമായി തട്ടിച്ചുനോക്കുമ്പോഴാണ്. സോഷ്യലിസവുമായി തട്ടിച്ചു നോക്കുമ്പോൾ അത് പിന്തിരിപ്പനാണ്. ആഗോള മാധ്യമ വ്യവസ്ഥ മുതലാളിത്ത വ്യവസ്ഥയുടെ ഗുണഭോക്താക്കളാണ്; മുതലാളിത്ത ഉൽപാദന വ്യവസ്ഥ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്; ബിസിനസ് ലോകത്തിന്റെ ആധിപത്യം നിലനിൽക്കണമെന്നും നിലനിർത്തേണ്ടത് തങ്ങളുടെ കടമയാണെന്നും കരുതുന്നവരാണ്.
റൂപ്പർട്ട് മർഡോക്ക് പോലുള്ളവർ അവരുടെ നവലിബറൽ രാഷ്ട്രീയ നിലപാടുകൾ അവരുടെ അശ്രിതരും ശിങ്കിടികളുമായ മാധ്യമങ്ങളിൽ അടിച്ചേൽപ്പിക്കുന്നു. ഈ പക്ഷപാതിത്വം അവരുടെ വ്യാപാര താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് എടുത്തുപയോഗിക്കുന്നത്. കേന്ദ്രീകരണം രൂക്ഷമാകുന്നതോടെ വ്യാപാരവൽക്കരണം ഉയർന്നതോതിലാവുകയും മാധ്യമ സ്ഥാപനങ്ങൾക്ക് കൂടുതൽ ലാഭം ഉണ്ടാക്കുന്നതിന് കഴിയുകയും ചെയ്യുന്നു. ഇതാണ് മാധ്യമ ഉള്ളടക്കത്തിലെ പക്ഷപാതിത്വമായി രൂപം പ്രാപിക്കുന്നത്. ഉപഭോഗത്വര, വർഗപരമായ അസമത്വം, വ്യക്തിവാദം എന്നിവയൊക്കെ സ്വാഭാവികവും ഗുണപരവുമായി ഉയർത്തിക്കാണിക്കുകയും തൊഴിലാളി സംഘടനാ പ്രവർത്തനം, രാഷ്ട്രീയ പ്രവർത്തനം, പൗരബോധം, വിപണി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയൊക്കെ പാർശ്വവൽക്കരിക്കപ്പെടുകയോ തമസ്കരിക്കപ്പെടുകയോ ചെയ്യുന്നു. നല്ല മാധ്യമപ്രവർത്തനം എന്നത് ബിസിനസുകാർക്കും അവരുടെ ആവശ്യങ്ങൾക്കും വിവേചനങ്ങൾക്കും യോജിച്ചതായി മാറുന്നു. ഇന്ത്യയിൽ പോലും ഈ പാത പിന്തുടർന്നുകൊണ്ട് ഫാഷൻ ഡിസൈനർമാർക്കും സൗന്ദര്യമത്സരങ്ങൾക്കും പ്രാധാന്യം ലഭിക്കുകയും ദാരിദ്ര്യത്തിന്റെ പ്രശ്നങ്ങൾ പൂർണമായും അവഗണിക്കപ്പെടുകയും ചെയ്യുന്നു. ഈ വക്രീകരണം പലപ്പോഴും സൂക്ഷ്മതലത്തിലാണ് നടത്തുന്നത്. വ്യാപാര മാധ്യമ സംവിധാനത്തിൽ ഈ സെൻസർഷിപ്പ് നടക്കുന്നത് കോർപ്പറേറ്റ് മാധ്യമ സംസ്കാരവും നവ ലിബറലിസവും ചേർന്ന് അരാഷ്ട്രീയത പ്രചരിപ്പിക്കുന്നതിലൂടെയാണ്. അരാഷ്ട്രീയതയ്ക്ക് സാധാരണക്കാരെയും തൊഴിലാളി വർഗ്ഗത്തെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും കീഴ്പ്പെടുത്താൻ അവർ നിരന്തരം ശ്രമിക്കുന്നു. l





