ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 6

ജി വിജയകുമാർ

വിപ്ലവത്തിനായുള്ള ദീർഘകാല പരിപ്രേക്ഷ്യം 

‘‘തൊഴിലാളികൾക്കൊപ്പമിരുന്ന്‌ വ്‌ളാദിമീർ ഇലിച്ച്‌ മാർക്‌സിന്റെ മൂലധനം വായിച്ചു; വായിക്കുന്ന ഓരോ ഭാഗവും അദ്ദേഹം അവർക്ക്‌ വിശദീകരിച്ച്‌ കൊടുത്തു. തങ്ങളുടെ ജോലിയെയും തൊഴിൽസാഹചര്യങ്ങളെയും സംബന്ധിച്ച തൊഴിലാളികളുടെ ചോദ്യങ്ങൾക്കായാണ്‌, അതിനു മറുപടി പറയാനായാണ്‌ ഈ പഠനത്തിന്റെ രണ്ടാംപകുതി നീക്കിവെച്ചത്‌. മൊത്തം സാമൂഹികഘടനയുമായി അവരുടെ ജീവിതം എങ്ങനെയാണ്‌ ബന്ധപ്പെട്ടിരിക്കുന്നതെന്ന്‌ അവർക്ക്‌ അദ്ദേഹം വ്യക്തമാക്കിക്കൊടുത്തു; നിലവിലുള്ള വ്യവസ്ഥയെ ഏതുവിധത്തിലാണ്‌ മാറ്റാൻ കഴിയുകയെന്ന്‌ അവരെ ബോധ്യപ്പെടുത്തുകയും ചെയ്‌തു. സിദ്ധാന്തത്തെയും പ്രയോഗത്തെയും തമ്മിൽ സംയോജിപ്പിച്ച്‌ വിശദീകരിക്കുന്നതായിരുന്നു സ്റ്റഡി സർക്കിളുകളിലെ വ്‌ളാദിമീർ ഇലിച്ചിന്റെ പ്രവർത്തനത്തിന്റെ സവിശേഷത. ക്രമേണ തങ്ങളുടെ സർക്കിളിലെ മറ്റംഗങ്ങളും ഈ സമീപനം പിന്തുടർന്നു.’’
‐ എൻ കെ ക്രൂപ്‌സ്‌കായ (ലെനിനെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ)

മാർക്‌സിസ്റ്റ്‌ പഠനത്തിൽ മുഴുകിയതിനൊപ്പംതന്നെ നിയമപഠനം പൂർത്തിയാക്കി ബിരുദം നേടാനും ലെനിൻ ജാഗ്രത പുലർത്തി. സ്വയം പഠിച്ച്‌ പരീക്ഷയെഴുതാനുള്ള അനുമതി സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗ്‌ സർവകലാശാല അദ്ദേഹത്തിന്‌ നൽകി. 1891 ഏപ്രിൽ മാസത്തിൽ അതിനായി അദ്ദേഹം സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിലേക്ക്‌ തിരിച്ചു. അവിടെ പരീക്ഷയെഴുതി, നിയമബിരുദം നേടി. അക്കാലത്ത്‌ സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിലായിരുന്ന ലെനിന്റെ പ്രിയ സഹോദരി വൊൾഗ ടൈഫോയ്‌ഡ്‌ ബാധിച്ച്‌ മരിച്ചതും ഏതാണ്ട്‌ ഇതേ കാലത്താണ്‌.

നിയമബിരുദം നേടിയശേഷം സമാറയിലേക്ക്‌ മടങ്ങിയ ലെനിൻ നാട്ടിലെ കർഷകർ പ്രതിയാക്കപ്പെടുന്ന ചില്ലറ മോഷണക്കേസുകളും മറ്റും ഏറ്റെടുത്ത്‌ കോടതിയിൽ വാദിച്ചിരുന്നു. അതിൽനിന്ന്‌ ചെറിയ വരുമാനവും ലഭിച്ചിരുന്നു. പക്ഷേ വൻ നഗരത്തിലെ സംഘടനാപ്രവർത്തനത്തിൽ അത്യധികം ആകൃഷ്‌ടനായിരുന്ന ലെനിന്‌ വോൾഗയും സമാറയും പോലുള്ള ഗ്രാമീണമേഖലയിൽ ഒതുങ്ങിക്കൂടാൻ കഴിയുമായിരുന്നില്ല. അങ്ങനെ 1893ൽ അദ്ദേഹം സമാറയിൽനിന്ന്‌ വീണ്ടും സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിലേക്ക്‌ മടങ്ങി.

സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിലെത്തിയ ഉടൻ വ്‌ളാദിമീർ പതിവുപോലെ തന്റെ മാതാവിനെഴുതിയ കത്തിൽ സൗകര്യപ്രദമായി, നല്ല കാറ്റും വെളിച്ചവും വൃത്തിയുമുള്ള ഒരു മുറി ലഭിച്ച കാര്യം പറയുന്നതിനൊപ്പം ‘താമസസ്ഥലത്തുനിന്ന്‌ 15 മിനിറ്റ്‌ നടന്നാൽ ഒരു ലൈബ്രറിയുണ്ട്‌’ എന്ന കാര്യവും എടുത്തുപറയുന്നുണ്ട്‌. തന്റെ പാർപ്പിടം എവിടെയായാലും അടുത്തുതന്നെ നല്ലൊരു ലൈബ്രറി വേണമെന്നത്‌ അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയായിരുന്നു.

സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിൽ അദ്ദേഹം പ്രശസ്‌ത അഭിഭാഷകനായ എം എഫ്‌ വൊൾകെൻസ്റ്റെയിനിനൊപ്പം (M F Volkenstein) ചേർന്നു. 1892 ജനുവരി മുതൽ 1893 ആഗസ്‌തുവരെ മൊത്തം 20 മാസം സമാറയിലും സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിലുമായി അഭിഭാഷകനായി പ്രവർത്തിച്ചു. ഇക്കാലത്ത്‌ അദ്ദേഹം ഏറ്റെടുത്ത കേസുകളിൽ അധികവും വിജയിക്കുകയും ചെയ്‌തു. എന്നിരുന്നാലും വിപ്ലവകാരിയായ വ്‌ളാദിമീറിനെ സംബന്ധിച്ചിടത്തോളം ഒരു തൊഴിൽ തേടലായിരുന്നില്ല പ്രധാനം. അദ്ദേഹം ഏറെ കഴിയുംമുന്പു തന്നെ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മാർക്‌സിസ്റ്റ്‌ സ്റ്റഡി സർക്കിളുമായി ബന്ധം സ്ഥാപിച്ചു; അതുവഴി തൊഴിലാളികളുടെ പഠന ഗ്രൂപ്പുകളുമായി ബന്ധപ്പെടാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. അങ്ങനെ തുടർന്നുള്ള തന്റെ ജീവിതം ചെലവഴിച്ച ഇടം, തൊഴിലാളികൾക്കിടയിലെ വിപ്ലവജീവിതം, അദ്ദേഹം കണ്ടെത്തി.

വ്‌ളാദിമീർ അതിനകംതന്നെ വിപ്ലവപദ്ധതിയുടെ മാർക്‌സിസ്റ്റ്‌ അടിത്തറയെക്കുറിച്ച്‌ വ്യക്തമായ ധാരണയിൽ എത്തിക്കഴിഞ്ഞിരുന്നു. വികസിത മുതലാളിത്ത രാജ്യമായ ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റുകളുടെ വിപ്ലവതന്ത്രത്തെ, മുതലാളിത്തം വളർന്നുവെങ്കിലും മഹാഭൂരിപക്ഷം ജനങ്ങളും കൃഷിയെ ആശ്രയിച്ചു കഴിയുന്ന റഷ്യയിൽ പ്രയോഗിക്കത്തക്കവിധം എങ്ങനെ മാറ്റാമെന്ന ചിന്തയിലായിരുന്നു അദ്ദേഹം. അതിനു സാധ്യതയുണ്ടെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ഒളിവിൽ പ്രവർത്തിക്കുന്ന ഒരു പാർട്ടിക്ക്‌ സാറിസത്തിനെതിരായ പോരാട്ടത്തിൽ ജനസാമാന്യത്തെയാകെ അണിനിരത്തുകയെന്ന ചരിത്രപരമായ ദൗത്യം നിറവേറ്റാൻ എങ്ങനെ കഴിയുമെന്നദ്ദേഹം ചിന്തിച്ചു; നഗരങ്ങളിലെ ഫാക്ടറി തൊഴിലാളികളെ നയിക്കാൻ ഒളിവിൽ പ്രവർത്തിക്കുന്ന പാർട്ടിക്ക്‌ കഴിയുമെന്ന ധാരണയിലായിരുന്നു അദ്ദേഹം എത്തിച്ചേർന്നത്‌. ഈ സാധ്യതയെ യാഥാർഥ്യമാക്കാൻ യഥാർഥ റഷ്യൻ ആക്ടിവിസ്റ്റുകൾക്കും യഥാർഥ റഷ്യൻ തൊഴിലാളികൾക്കും കഴിയുമെന്ന തീരുമാനത്തിൽ 1893‐94ൽ സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിൽ ആയിരിക്കവെ തന്നെ അദ്ദേഹം എത്തിച്ചേർന്നു.

ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ അനുഭവത്തിൽ നിന്നാണ്‌ വ്‌ളാദിമീർ ഈ ധാരണയിൽ എത്തിച്ചേർന്നത്‌. 1878ൽ കൊണ്ടുവന്ന സോഷ്യലിസ്റ്റുവിരുദ്ധ നിയമം ഉപയോഗിച്ച്‌ ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റുകാരെ അടിച്ചമർത്താൻ ജർമൻ ചാൻസലർ ഓട്ടോ ബിസ്‌മാർക്ക്‌ (Otto Bismarck) ശ്രമിച്ചു. പക്ഷേ, 1890 ആയപ്പോൾ വിൽഹെം രണ്ടാമൻ (Wilhelm) ചക്രവർത്തി ബിസ്‌മാർക്കിനെ ചാൻസലർ സ്ഥാനത്തുനിന്ന്‌ പുറത്താക്കി; അപ്പോഴും ബിസ്‌മാർക്കിന്റെ ആക്രമണങ്ങൾകൊണ്ടൊന്നും തകരാതെ ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി നിലനിന്നു. എന്നുമാത്രമല്ല, ബിസ്‌മാർക്കിന്റെ സോഷ്യലിസ്റ്റുവിരുദ്ധ നിയമവും മർദനനടപടികളും സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണുണ്ടായത്‌.

ബിസ്‌മാർക്ക്‌ അധികാരത്തിൽനിന്നു പോയതോടെ സോഷ്യലിസ്റ്റുവിരുദ്ധ നിയമവും ഇല്ലാതായി. ഈ പശ്ചാത്തലത്തിൽ 1891 എർഫുർട്ട്‌ (Erfurt) നഗരത്തിൽ ചേർന്ന ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ സമ്മേളനം പുതിയൊരു പരിപാടി അംഗീകരിച്ചു. സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണമായ ഡൈ ന്യൂയെ സെയ്‌തിന്റെ (Die Neue Zeit‐ പുതിയ യുഗം) പത്രാധിപരും കൂടിയായിരുന്ന കാറൽ കൗട്‌സ്‌കി (Karl Kautsky) ആയിരുന്നു എർഫെർട്ട്‌ പരിപാടിയുടെ ഗണ്യമായ ഭാഗവും (പ്രത്യേകിച്ച്‌, സൈദ്ധാന്തികമായ കാര്യങ്ങൾ) എഴുതിയത്‌. എർഫുർട്ട്‌ പരിപാടി പിന്നീട്‌ മറ്റു രാജ്യങ്ങളിലെ, പ്രത്യേകിച്ചും പടിഞ്ഞാറൻ യൂറോപ്പിലെ, സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികൾക്ക്‌ മാതൃകയായിത്തീർന്നു. കടുത്ത അടിച്ചമർത്തലുകളെ അതിജീവിച്ച്‌ ഉയർന്നുവരാൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിക്ക്‌ കഴിയുമെന്നതിന്റെ സജീവ ഉദാഹരണമായി ജർമൻ പാർട്ടി മാറി.

മെയ്ദിന റാലിയിൽ ലെനിൻ റെഡ് സ്ക്വയറിൽ. ആർ സി പി (ബി) യുടെ മോസ്കോ കമ്മിറ്റി സെക്രട്ടറി വി എം സാഗറോസ്കിയോട് സംസാരിക്കുന്നു

റഷ്യൻ സോഷ്യൽ ഡെമോക്രാറ്റുകാരെ, പ്രത്യേകിച്ച്‌ ലെനിനെ ജർമൻ പാർട്ടിയുടെ എർഫെർട്ട്‌ പരിപാടിയും അതിനെ കൂടുതൽ വിശദീകരിച്ച്‌ കൗട്‌സ്‌കിതന്നെ 1894ൽ തയ്യാറാക്കിയ എർഫെർട്ട്‌ പരിപാടി എന്ന കൃതിയും (പിൽക്കാലത്ത്‌, 1914നു ശേഷം Class Struggle- വർഗസമരം‐ എന്ന പേരിൽ ഈ കൃതി പ്രദ്ധീകരിച്ചിട്ടുണ്ട്‌) വലിയതോതിൽ സ്വാധീനിച്ചു. അടിസ്ഥാനതത്വങ്ങൾ പലതിനെ സംബന്ധിച്ചും കൗട്‌സ്‌കി ഈ കൃതിയിൽ വ്യക്തമായി വിശദീകരിക്കുകയുണ്ടായി. വർഗസമരം, വർഗനേതൃത്വം എന്നിവയെ സംബന്ധിച്ചെല്ലാമുള്ള കൗട്‌സ്‌കിയുടെ വിശദീകരണമാണ്‌ ഓരോ രാജ്യത്തെയും തൊഴിലാളികൾക്ക്‌ ഒരു ദേശീയ ദൗത്യമുണ്ടെന്ന നിഗമനത്തിൽ ലെനിനെ എത്തിച്ചത്‌. എർഫെർട്ട്‌ പരിപാടിയിൽ കൗട്‌സ്‌കി വ്യക്തമാക്കിയ ഒരു കാര്യം സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി വ്യാവസായിക തൊഴിലാളികളുടെ (കൂലിവേലക്കാരുടെ) മാത്രം പ്രാതിനിധ്യം വഹിക്കുന്ന ഒന്നല്ലായെന്നും അധ്വാനിക്കുന്ന എല്ലാ വിഭാഗത്തിന്റെയും, ചൂഷിത ജനവിഭാഗങ്ങളുടെയാകെയും അതായത്‌ മഹാഭൂരിപക്ഷം ജനങ്ങളുടെയും പ്രാതിനിധ്യം വഹിക്കുന്ന പ്രസ്ഥാനമാണെന്നുമാണ്‌. രാഷ്‌ട്രീയ സ്വാതന്ത്ര്യം നിലനിൽക്കുന്നിടത്ത്‌ അതുപയോഗിച്ച്‌ പ്രവർത്തനം നടത്തുക മാത്രമല്ല, സ്വാതന്ത്ര്യമില്ലാത്ത ഇടങ്ങളിൽ അത്‌ നേടിയെടുക്കുന്നതിനുവേണ്ടി പ്രവർത്തിക്കുക കൂടിയാണ്‌ സോഷ്യൽ ഡെമോക്രാറ്റുകാരുടെ ദൗത്യമെന്നും കൗട്‌സ്‌കി വ്യക്തമാക്കി. തൊഴിലാളിവർഗത്തെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയ സ്വാതന്ത്ര്യം ‘വായുവും വെളിച്ചവു’മാണെന്നും എർഫെർട്ട്‌ പരിപാടിയിൽ കൗട്‌സ്‌കി വിശദീകരിച്ചു. എർഫെർട്ട്‌ പരിപാടിയും അതുസംബന്ധിച്ച കൗട്‌സ്‌കിയുടെ പുസ്‌തകവും വായിച്ചതോടെ വ്‌ളാദിമീറിന്‌ കൂടുതൽ ആവേശമായി. കാരണം, തൊഴിലാളിവർഗത്തിന്‌ നിലവിലുള്ള അവസ്ഥയിൽനിന്ന്‌ മുന്നോട്ടുപോകണമെന്നും തൊഴിലാളിവർഗം അതിനായി കർഷകരുമായി സഖ്യത്തിലേർപ്പെടുകയും അധ്വാനിക്കുന്ന ജനങ്ങൾക്കാകെ നേതൃത്വം നൽകി സാറിസ്റ്റ്‌ സ്വേച്ഛാധിപത്യത്തിൽനിന്നും രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ അണിനിരത്തണമെന്നുമുള്ള വ്‌ളാദിമീറിന്റെ വാദഗതിക്ക്‌ സാധൂകരണം നൽകുന്നതായിരുന്നു കൗട്‌സ്‌കിയുടെ കൃതി. താൻ മുന്നോട്ടുവച്ച ആശയങ്ങൾ യൂറോപ്പിലെ അക്കാലത്തെ പ്രമുഖ മാർക്‌സിസ്റ്റുകളിൽ ഒരാൾതന്നെ അംഗീകരിച്ചിരിക്കുന്നൂവെന്ന്‌ കണ്ട അദ്ദേഹം ആവേശഭരിതനായി. അതാണ്‌ അദ്ദേഹം അൽപംപോലും വൈകാതെ, 1894ൽ തന്നെ എർഫെർട്ട്‌ പരിപാടി എന്ന കൃതി റഷ്യൻ ഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്‌.

അധ്വാനിക്കുന്നവരായ മുഴുവൻ ആളുകളും, അടിച്ചമർത്തപ്പെട്ട ജനങ്ങൾ ഒന്നടങ്കം വ്യാവസായിക തൊഴിലാളിവർഗത്തിനു പിന്നിൽ അണിനിരക്കുമെന്നും അങ്ങനെ ജനാധിപത്യത്തിനായുള്ള പോരാട്ടം വിജയിക്കുമെന്നുമുള്ളതിൽ വ്‌ളാദിമീറിന്‌ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിലെ തൊഴിലാളികൾക്കിടയിൽ നടത്തിയ പ്രവർത്തനവും ആ തൊഴിലാളികളുമായുള്ള സന്പർക്കവും ആശയവിനിമയവുമായിരുന്നു അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ അടിത്തറ. ഈ തൊഴിലാളികളുമായി വ്‌ളാദിമീർ സംസാരിക്കുമ്പോൾ, ഇവരാരുംതന്നെ മാർക്‌സിസത്തോടോ സോഷ്യലിസത്തോടോ എന്തെങ്കിലും പ്രതിബദ്ധതയുള്ളവരായിരുന്നില്ലായെന്നും, എന്നാൽ, അദ്ദേഹം സെന്റ്‌ പീറ്റേഴ്‌സ്‌ബെർഗിൽ ആദ്യമായി സംസാരിക്കുമ്പോൾ അദ്ദേഹത്തെപ്പോലെയുള്ള ബുദ്ധിജീവികളുമായി സംസാരിക്കാൻ തയ്യാറുള്ള പോരാളികളായിരുന്നു അവരിൽ ചിലരെന്നും ക്രൂപ്‌സ്‌കായ തന്റെ ഓർമക്കുറിപ്പുകളിൽ രേഖപ്പെടുത്തുന്നുണ്ട്‌.

ഉശിരൻ തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ച്‌ മുന്നോട്ടുപോകുന്നതിന്‌ ഒളിവിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനത്തിന്റെ (പാർട്ടിയുടെ) അനിവാര്യതയെ സംബന്ധിച്ച ബാലപാഠങ്ങൾ വ്‌ളാദിമീറിന്‌ ലഭിച്ചതും കാലത്താണ്‌, ഈ പ്രായോഗികാനുഭവങ്ങളിൽ നിന്നാണ്‌. ആദ്യകാല റഷ്യൻ വിപ്ലവ പാരന്പര്യത്തെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടല്ല, അതിൽനിന്ന്‌ പലതും ഉൾക്കൊണ്ടുകൊണ്ടുകൂടിയാണ്‌ സോഷ്യൽ ഡെമോക്രാറ്റുകൾ മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. അങ്ങനെ മാർക്‌സിസ്റ്റ്‌ കൃതികളുടെയും റഷ്യൻ യാഥാർഥ്യങ്ങളുടെയും പഠനത്തിനൊപ്പം തൊഴിലാളികൾക്കിടയിൽ നടത്തിയ പഠനത്തിന്റെ അനുഭവംകൂടി ഉൾക്കൊണ്ടാണ്‌ 1894 ആദ്യം തന്റെ What the Friends of the People` and How They Fight The Social Democrats? (എന്താണീ ജനങ്ങളുടെ സുഹൃത്തുക്കൾ, അവർ എങ്ങനെയാണ്‌ സോഷ്യൽ ഡെമോക്രാറ്റുകളോട്‌ പോരടിക്കുന്നത്‌?) എന്ന കൃതി പ്രസിദ്ധീകരിച്ചത്‌. ഈ കൃതിയിലാണ്‌ ഗ്രന്ഥകർത്താവിന്റെ പേര്‌ എൻ ലെനിൽ (നിക്കൊളോയ്‌ ലെനിൻ) എന്ന്‌ ആദ്യമായി രേഖപ്പെടുത്തിയത്‌. അങ്ങനെ ആദ്യകൃതിയുടെ പിറവിയോടൊപ്പം ഭാവിയിലെ ലെനിൻ എന്ന വിപ്ലവകാരിയും ജന്മംകൊള്ളുകയായിരുന്നു. നിയമവിരുദ്ധമായി, അതായത്‌ രഹസ്യമായി അച്ചടിച്ച്‌ വിതരണം ചെയ്‌ത ഈ കൃതിക്ക്‌ ആ വർഷം അവസാനത്തോടെ ഒരു രണ്ടാം പതിപ്പുകൂടി ഉണ്ടായി. പിന്നീട്‌ ഈ കൃതിയുടെ കോപ്പി കിട്ടാനില്ലായിരുന്നു. വിപ്ലവാനന്തരം 1923ൽ ഇതിന്റെ പകർപ്പ്‌ കണ്ടെത്തിയപ്പോൾ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും ആദ്യകാല ജീവചരിത്ര രചയിതാക്കളുമെല്ലാം അത്ഭുതപ്പെടുകയാണുണ്ടായത്‌. കാരണം, പിൽക്കാലത്തെ ലെനിന്റെ വിപ്ലവപ്രവർത്തനങ്ങളുടെയെല്ലാം വഴികാട്ടിയായി നിന്നത്‌ ഈ കൃതിയിൽ മുന്നോട്ടുവച്ച ആശയങ്ങളാണ്‌. ഈ ആശയങ്ങളൊന്നും അദ്ദേഹം കൗട്‌സ്‌കിയിൽനിന്ന്‌ കടംകൊണ്ടതായിരുന്നില്ല. കാരണം ഏറെക്കുറെ ഒരേകാലത്തുതന്നെയാണ്‌ രണ്ടുപേരുടെയും കൃതികൾ എഴുതപ്പെട്ടത്‌. തന്റെ ആശയങ്ങളുമായി ഒത്തുപോകുന്നതുകൊണ്ടാണ്‌ ലെനിൻ കൗട്‌സ്‌കിയുടെ എർഫെർട്ട്‌ പ്രോഗ്രാം റഷ്യൻ ഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്‌.

ലെനിന്റെ ആദ്യകൃതിയുടെ അവസാന വരികൾ പ്രത്യേക ശ്രദ്ധയർഹിക്കുന്നു: അതിലെ ഉന്നതബോധ്യമുള്ള പ്രതിനിധികൾ ശാസ്‌ത്രീയ സോഷ്യലിസവും റഷ്യൻ തൊഴിലാളിയുടെ ചരിത്രപരമായ പങ്കും സംബന്ധിച്ച ആശയങ്ങൾ സ്വാംശീകരിക്കുമ്പോൾ, ഈ ആശയങ്ങൾക്ക്‌ വ്യാപകമായ പ്രചരണം ലഭിക്കുമ്പോൾ, തൊഴിലാളികൾ ഇപ്പോൾ നടത്തുന്ന സാന്പത്തികാവശ്യങ്ങൾ നേടിയെടുക്കാനുള്ള ഏകോപിതമല്ലാത്ത പോരാട്ടങ്ങളെ ലക്ഷ്യബോധത്തോടുകൂടിയ വർഗസമരമാക്കി മാറ്റുന്നതിന്‌ തൊഴിലാളികൾക്കിടയിൽ സുസ്ഥിരമായ സംഘടനകൾ രൂപംകൊള്ളുമ്പോൾ എല്ലാവിധ ജനാധിപത്യഘടകങ്ങളുടെയും നേതൃത്വമായി ഉയർന്നുവരുന്ന റഷ്യൻ തൊഴിലാളി സ്വേച്ഛാധിപത്യ വാഴ്‌ചയെ അധികാരത്തിൽനിന്ന്‌ പുറത്താക്കുകയും വിജയകരമായ കമ്യൂണിസ്റ്റ്‌ വിപ്ലവത്തിലേക്ക്‌ തുറന്ന രാഷ്‌ട്രീയ പോരാട്ടത്തിന്റെ നേർപാതയിലൂടെ റഷ്യൻ തൊഴിലാളിവർഗത്തെ (എല്ലാ രാജ്യങ്ങളിലെയും തൊഴിലാളിവർഗത്തിനൊപ്പം) നയിക്കുകയും ചെയ്യും. (What the Friends of The People …. and How They Fight the Social Democrats. Marxist.org) Collected Works Vol I Page 300.

1890കളിൽ റഷ്യയിൽ തുടക്കംകുറിച്ച്‌ വിജയകരമായ കമ്യൂണിസ്റ്റ്‌ വിപ്ലവത്തിൽ അവസാനിച്ച ലോകചരിത്രപ്രധാനവും ഉദ്വേഗജനകവുമായ സംഭവപരന്പരയുടെ രൂപരേഖയാണ്‌ ലെനിൻ ഈ വാക്കുകളിൽ കുറിച്ചിടുന്നത്‌. ഈ സംഭവപരന്പരയെ മൂന്നായി തിരിക്കാം. നാം ഓർക്കേണ്ട ശ്രദ്ധേയമായ ഒരു കാര്യം ഇതിന്റെ അവസാനത്തിനുവരെ നേരിട്ട്‌ സാക്ഷ്യംവഹിക്കാൻ ലെനിനു കഴിഞ്ഞുവെന്നതാണ്‌. ലെനിന്റെ മുപ്പതുവർഷത്തെ വിപ്ലവജീവിതമാണ്‌ ഇതിലെ ആദ്യഭാഗം അഥവാ ആദ്യരംഗം. അവസാന ദശകത്തെ രണ്ടായി വിഭജിക്കാം‐ ബൂർഷ്വാ വിപ്ലവം അഥവാ ജനാധിപത്യ വിപ്ലവവും തൊഴിലാളിവർഗ വിപ്ലവവും.

ഒന്നാമത്തെ ഭാഗത്ത്‌ പറയുന്നത്‌ സാറിസ്റ്റ്‌ അടിച്ചമർത്തൽമൂലം ഒളിവിൽ പ്രവർത്തിക്കാൻ നിർബന്ധിതമായിട്ടുപോലും തൊഴിലാളികളോട്‌ ‘വിജ്ഞാനവും കൂട്ടുകെട്ടും’ എന്ന്‌ മാർക്‌സ്‌ വിശേഷിപ്പിച്ച കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയും കൂടാതെയും ഫലപ്രദമായി നടപ്പാക്കുന്ന സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ റഷ്യൻ പതിപ്പ്‌ കെട്ടിപ്പടുത്തതിന്റെ കഥയാണ്‌‐ അതായത്‌ പടിഞ്ഞാറൻ യൂറോപ്പിൽ സജീവമായിരുന്ന സോഷ്യൽ ഡെമോക്രാറ്റിക്‌ പ്രസ്ഥാനത്തെ റഷ്യൻ സാഹചര്യങ്ങൾക്ക്‌ അനുയോജ്യമായ വിധം കെട്ടിപ്പടുക്കൽ.

രണ്ടാമത്തെ ഭാഗത്ത്‌ പറയുന്നത്‌, ജനാധിപത്യ വിപ്ലവത്തെക്കുറിച്ചാണ്‌. സാറിസ്റ്റ്‌ സ്വേച്ഛാധിപത്യത്തെ വിപ്ലവ പോരാട്ടത്തിലൂടെ അധികാരത്തിൽനിന്നും പുറത്താക്കി റഷ്യയിൽ രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിന്റെ കാറ്റും വെളിച്ചവും കൊണ്ടുവരുന്നതിനുള്ള വിപ്ലവം. തൊഴിലാളിവർഗം ബഹുജനങ്ങൾക്കാകെ‐ ഇതിനെയാണ്‌ ലെനിന്റെ കൃതിയിലെ അവസാനവാക്യത്തിൽ ‘എല്ലാ ജനാധിപത്യവിഭാഗങ്ങളും’ എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌‐ നേതൃത്വം നൽകി റഷ്യയിൽ രാഷ്‌ട്രീയ സ്വാതന്ത്ര്യം കൊണ്ടുവരുകയെന്ന സവിശേഷമായ തന്ത്രമാണ്‌ ഇവിടെ ലെനിൻ അവതരിപ്പിച്ചത്‌. 1917ലെ ഫെബ്രുവരി വിപ്ലവത്തോടെ അത്‌ വിജയകരമായി സാക്ഷാത്‌കരിക്കപ്പെട്ടു.

മൂന്നാമത്തെ ഭാഗം സോഷ്യലിസ്റ്റ്‌ വിപ്ലവമാണ്‌. ലോക സോഷ്യലിസ്റ്റ്‌ വിപ്ലവം എന്ന സങ്കൽപനമാണ്‌ ലെനിൻ ഇവിടെ മന്നോട്ടുവയ്‌ക്കുന്നത്‌. 1914 മുതൽ, അതായത്‌ ഒന്നാം ലോകയുദ്ധത്തിന്റെ തുടക്കം മുതൽ, 1924ൽ അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ ലെനിന്റെ മുഖ്യ പരിഗണന റഷ്യയിൽ മാത്രമല്ല, പടിഞ്ഞാറൻ യൂറോപ്പിലാകെ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റെ രക്തപതാക പാറിപ്പറക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുക എന്നതായിരുന്നു. 1894ൽ തന്റെ ഒന്നാമത്തെ കൃതിയിൽ തന്നെ ലോക സോഷ്യലിസ്റ്റ്‌ വിപ്ലവത്തിനായുള്ള ദീർഘവീക്ഷണത്തോടെയുള്ള ഒരു കർമപദ്ധതിയാണ്‌ ലെനിൻ അവതരിപ്പിച്ചത്‌. 1917 നവംബർ 7ന്റെ വിപ്ലവ വിജയത്തോടെ അത്‌ ഗണ്യമായവിധം സാക്ഷാത്‌കരിക്കപ്പെട്ടു. ഒന്നാം ലോകയുദ്ധത്തിന്റെ തുടക്കമായതോടെ രണ്ടാം ഇന്റർനാഷണലിലെ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടികളുടെ നേതാക്കൾ തൊഴിലാളിവർഗ സാർവദേശീയത എന്ന സങ്കൽപനത്തെതന്നെ കൈവെടിഞ്ഞ്‌ ബൂർഷ്വാ ഭരണാധികാരികളുടെ വാലായി മാറുകയും ‘ദേശീയ പ്രതിരോധ’ത്തിന്റെ വക്താക്കളാവുകയും ചെയ്‌തു. ആ ഘട്ടത്തിലാണ്‌ സോഷ്യൽ ഡെമോക്രസിയുടെ ബാനറിന്റെ നിറംമങ്ങുകയും അത്‌ പൊടിപിടിച്ച്‌ കളങ്കിതമാവുകയൂം ചെയ്‌തുവെന്ന്‌ കണ്ട്‌ ലെനിൻ തൊഴിലാളിവർഗത്തിന്റെ വിപ്ലവപാർട്ടിയുടെ പേര്‌ കമ്യൂണിസ്റ്റ്‌ എന്ന്‌ മാറ്റാൻ തീരുമാനിച്ചത്‌. പടിഞ്ഞാറൻ യൂറോപ്പിലെ സോഷ്യൽ ഡെമോക്രാറ്റിക്‌ നേതാക്കളുടെ ബൂർഷ്വ പക്ഷത്തേക്കുള്ള കൂറുമാറ്റമാണ്‌, വഞ്ചനമൂലമാണ്‌ യൂറോപ്പിലാകെ സോഷ്യലിസ്റ്റ്‌ വിപ്ലവം വിജയിപ്പിക്കുക എന്ന ലെനിന്റെ ആശയം പൂർത്തീകരിക്കാനാകാതെ പോയത്‌. അതുകൊണ്ടാണ്‌ പരിഷ്‌കരണവാദികളും അവസരവാദികളുമായ നേതാക്കളെ കൈവെടിഞ്ഞ്‌ കമ്യൂണിസ്റ്റ്‌ പാർട്ടികൾക്ക്‌ രൂപം നൽകാൻ എല്ലാ രാജ്യങ്ങളിലെയും വിപ്ലവ തൊഴിലാളിവർഗത്തിന്റെ നേതാക്കളോട്‌ ലെനിൻ ആഹ്വാനം ചെയ്‌തത്‌. l
(തുടരും)

Hot this week

വർഗസമരവും മാധ്യമങ്ങളും‐ 14

മാധ്യമ നൈതികത  ഇടത്തരക്കാരോ മേൽത്തട്ട് ഇടത്തരക്കാരോ ആയ ബുദ്ധിജീവികളാണ് ഇന്ത്യയിൽ മാധ്യമരംഗത്ത് തുടക്കത്തിൽ...

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർ.എസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...

കലയുടെ ശക്തി ആവാഹിക്കുന്ന പ്രകൃതിയും മനുഷ്യനും

വാക്കുകൾക്കതീതമായ രൂപവർണങ്ങളിലൂടെ പ്രമേയവൈവിധ്യവും നവീനമായ സൗന്ദര്യശാസ്‌ത്രചിന്തകളും ആഴത്തിൽ സ്വാധീനിച്ചിരുന്ന കലാകാരന്മാരാൽ സമ്പന്നമാണ്‌...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 12

വിപ്ലവരാഷ്‌ട്രീയവും വിപ്ലവസംഘടനയും ‘‘സ്വമേധയാ ഉണ്ടാകുന്ന ഘടകം എന്നതിന്റെ അന്തസ്സത്ത പ്രതിനിധാനം ചെയ്യുന്നത്‌ ഭ്രൂണാവസ്ഥയിലുള്ള...

വിമല രണദിവേ

മഹാരാഷ്‌ട്രയിലെ എന്നല്ല ഇന്ത്യയിലെ തന്നെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളാണ്‌ വിമല രണദിവെ....

Topics

വർഗസമരവും മാധ്യമങ്ങളും‐ 14

മാധ്യമ നൈതികത  ഇടത്തരക്കാരോ മേൽത്തട്ട് ഇടത്തരക്കാരോ ആയ ബുദ്ധിജീവികളാണ് ഇന്ത്യയിൽ മാധ്യമരംഗത്ത് തുടക്കത്തിൽ...

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർ.എസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...

കലയുടെ ശക്തി ആവാഹിക്കുന്ന പ്രകൃതിയും മനുഷ്യനും

വാക്കുകൾക്കതീതമായ രൂപവർണങ്ങളിലൂടെ പ്രമേയവൈവിധ്യവും നവീനമായ സൗന്ദര്യശാസ്‌ത്രചിന്തകളും ആഴത്തിൽ സ്വാധീനിച്ചിരുന്ന കലാകാരന്മാരാൽ സമ്പന്നമാണ്‌...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 12

വിപ്ലവരാഷ്‌ട്രീയവും വിപ്ലവസംഘടനയും ‘‘സ്വമേധയാ ഉണ്ടാകുന്ന ഘടകം എന്നതിന്റെ അന്തസ്സത്ത പ്രതിനിധാനം ചെയ്യുന്നത്‌ ഭ്രൂണാവസ്ഥയിലുള്ള...

വിമല രണദിവേ

മഹാരാഷ്‌ട്രയിലെ എന്നല്ല ഇന്ത്യയിലെ തന്നെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളാണ്‌ വിമല രണദിവെ....

കുത്തി റാത്തീബ് : ഇസ്ലാമിക സമുദായത്തിൽ നിലനിന്നിരുന്ന പ്രത്യേക ആയുധാഭ്യാസകല

  തീയിൽ ചാടുന്ന തെയ്യം പോലെ ഇസ്ലാമിക ജീവിതത്തിൽ അക്രമോൽസുകമായ കല എന്നു...

അധിനിവേശത്തിന്റെ കനൽവഴികളിലെ പലസ്തീൻ പ്രത്യാശകൾ: ഒരു ജനതയുടെ അതിജീവനഗാഥ

  30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള കേവലം സിനിമാ കാഴ്ചകൾക്കപ്പുറം ലോകത്തിന്റെ...

ഐ.എഫ്.എഫ്.കെയുടെ 30 വർഷങ്ങൾ

  കേരളത്തിൻ്റെ ദൃശ്യസംസ്കാരത്തെയും സിനിമാനുഭവത്തെയും മാറ്റിമറിച്ച കേരളരാജ്യാന്തര ചലച്ചിത്രമേള(ഐ.എഫ്.എഫ്.കെ) 30 വർഷം പിന്നിടുകയാണ്....
spot_img

Related Articles

Popular Categories

spot_imgspot_img