
വിപ്ലവവിജയത്തിൻ്റെ 100 വർഷം പൂർത്തിയാകുമ്പോൾ, അതായത് 2049ൽ ചൈനയെ ആധുനിക വികസിത സോഷ്യലിസ്റ്റ് രാഷ്ട്രമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള പ്രയാണത്തിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി. അതിനായി പൂർത്തിയാക്കേണ്ട ഓരോ ഘട്ടവും വിജയകരമായി നിറവേറ്റിയാണ് ചൈന മുന്നോട്ടുപോകുന്നത്. 2021 ജൂലൈ ഒന്നിന് ചൈനയെ അതിദാരിദ്ര്യമുക്ത രാജ്യമാക്കണമെന്ന പതിനെട്ടാം പാർട്ടി കോൺഗ്രസ് (2012) തീരുമാനം 2020 അവസാനംതന്നെ പൂർത്തിയാക്കി, 2021 ജനുവരി ഒന്നിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ബുട്രോസ് ഘലിയുടെ സാന്നിധ്യത്തിൽ പ്രഖ്യാപനം നടത്തി. 2035 ആകുമ്പോൾ ആധുനിക വികസിത രാഷ്ട്രമായി ചൈനയെ ഉയർത്തുക എന്ന ലക്ഷ്യമാണ് അടുത്തഘട്ടമായി നടപ്പാക്കുന്നത്. ലോകത്തെ ഏതൊരു വികസിത മുതലാളിത്ത രാജ്യത്തെയും വെല്ലുന്ന വിധത്തിലുള്ള ആധുനിക രാജ്യമായി ചൈനയെ മാറ്റുന്നതിനുള്ള പ്രവർത്തനത്തിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പായാണ് 2025 ഒക്ടോബർ 20 മുതൽ 23 വരെയുള്ള തീയതികളിൽ ചേർന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്ലീനം – ഇരുപതാം കേന്ദ്ര കമ്മിറ്റിയുടെ നാലാമത് പ്ലീനം – വിലയിരുത്തപ്പെടുന്നത്.

ചൈനയുടെ ഔദ്യോഗിക മുഖപത്രമായ ഗ്ലോബൽ ടൈംസ് ഒക്ടോബർ 20ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ കൃത്യമായി ചൂണ്ടിക്കാണിച്ചതുപോലെ ഈ പ്ലീനത്തിന്റെ തീരുമാനങ്ങൾക്കായി ലോകം ഉറ്റുനോക്കുകയായിരുന്നു. രാജ്യത്തിൻ്റെ പതിനാലാമത് പഞ്ചവത്സര പദ്ധതി (2021-2025) പൂർത്തീകരിച്ചത് സംബന്ധിച്ച അവലോകനവും പതിനഞ്ചാമത് പഞ്ചവത്സര പദ്ധതിക്കായുള്ള കർമ്മപരിപാടി തയ്യാറാക്കലുമായിരുന്നു മുന്നിലുള്ള മുഖ്യ അജൻഡ. ജനറൽ സെക്രട്ടറി ഷി ജിൻ പിംഗ് അവതരിപ്പിച്ച വിശദമായ അവലോകന റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ചകൾക്കുശേഷം യോഗം പതിനഞ്ചാം പഞ്ചവത്സര പദ്ധതിക്കായുള്ള രൂപരേഖ തയ്യാറാക്കി. ഓരോ പഞ്ചവത്സര പദ്ധതിയുടെയും ആവിഷ്കരണവും അതിൻ്റെ നിർവഹണവും ചൈനയുടെ ഭരണനിർവഹണ ശേഷിയിൽ ഉണ്ടാകുന്ന വികാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കാലത്ത് (2021 – 2025) കോവിഡ് – 19 മഹാമാരി ഉയർത്തിയ കടുത്ത വെല്ലുവിളികൾക്കും ആഗോളതലത്തിൽ ഒരു നൂറ്റാണ്ടിനുള്ളിൽ കണ്ടിട്ടില്ലാത്തത്ര ആഴമേറിയ മാറ്റങ്ങൾക്കുമാണ് സാക്ഷ്യം വഹിച്ചത് എന്ന വിലയിരുത്തലാണ് പ്ലീനം നടത്തിയത്. എന്നാൽ, ഈ മാറ്റിമറിച്ചിലുകളും വെല്ലുവിളികളും നേരിട്ടുകൊണ്ടുതന്നെ തന്ത്രപരമായ 17 കടമകളും 102 മുഖ്യ പ്രൊജക്ടുകളും 5000ത്തിലധികം പ്രത്യേക പരിപാടികളും പതിനാലാം പഞ്ചവത്സര പദ്ധതി കാലയളവിൽ വിജയകരമായി പൂർത്തിയാക്കാൻ ജനകീയ ചൈനയുടെ ഗവൺമെന്റിനു കഴിഞ്ഞു. സാമ്പത്തിക വളർച്ചയ്ക്കൊപ്പംതന്നെ ഹരിത പരിവർത്തനം, നൂതന ഘടകങ്ങളുടെ കേന്ദ്രീകരണം തുടരൽ, ജനങ്ങൾക്ക് മെച്ചപ്പെട്ട ക്ഷേമം ഉറപ്പാക്കൽ എന്നിവയാണ് ചൈനയുടെ വികസനഗാഥയുടെ സവിശേഷതകൾ. ഈ കാലഘട്ടത്തിൽ, അതായത് പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത്, ചൈനയുടെ വ്യാവസായിക സംവിധാനത്തെ നിരന്തരം നവീകരിക്കുകയും മികവുറ്റതാക്കുകയും ചെയ്തു; മാനിഫാക്‌ച്വറിംഗ് രംഗം ഉന്നത നിലവാരത്തിൽ ആക്കിയതിനൊപ്പം ഡിജിറ്റൽ സമ്പദ്ഘടന, ഹരിത വ്യവസായങ്ങളും കാർബൺ ബഹിർഗമനം കുറഞ്ഞ വ്യവസായങ്ങളും എല്ലാം ഈ കാലത്ത് ചൈനയിൽ വലിയ കുതിപ്പ് രേഖപ്പെടുത്തി.
കഴിഞ്ഞ പഞ്ചവത്സര പദ്ധതി നിർവഹണത്തെക്കുറിച്ച് ആഴത്തിലുള്ള അവലോകനത്തിനൊപ്പം വിപുലമായ കൂടിയാലോചനകളിലൂടെയും ജനാധിപത്യപരമായ ചർച്ചകളിലൂടെയും പതിനഞ്ചാം പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാനുള്ള നീക്കങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ തുടങ്ങിയിരുന്നു. അങ്ങനെ താഴെ തട്ടുമുതൽ മുകൾതട്ടുവരെ ചർച്ച ചെയ്ത അന്തിമരൂപം നൽകിയ രാജ്യത്തിൻ്റെ പതിനഞ്ചാം പഞ്ചവത്സര പദ്ധതി സംബന്ധിച്ച പാർട്ടിയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ചുകൊണ്ടാണ് പ്ലീനം ഒക്ടോബർ 23ന് സമാപിച്ചത്. രേഖയുടെ കരട് (draft) തയ്യാറാക്കിയ വേളയിൽ നടത്തിയ ചർച്ചകൾക്കുപുറമേ അന്തിമമായി രേഖ അംഗീകരിക്കുന്നതിന് മുൻപ് പ്ലീനത്തിൽ പങ്കെടുത്ത പ്രതിനിധികൾ വിശദമായി ചർച്ച നടത്തുകയും ആ ചർച്ചകളിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളും കൂടി ഉൾപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് ഒടുവിൽ രേഖ പ്ലീനം അംഗീകരിച്ചത്. ഇനി ഇതിൻ്റെ നിർവഹണത്തിനു മുൻപ് ജനകീയ ചൈന റിപ്പബ്ലിക്കിന്റെ പാർലമെൻ്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിലും പൊതു ചർച്ചയും നിർവഹണം സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യും. അത്രയേറെ ജനാധിപത്യപരമായും സുതാര്യമായുമാണ് ചൈനയിൽ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്.
2035 ആകുമ്പോൾ അടിസ്ഥാനപരമായി സോഷ്യലിസ്റ്റ് ആധുനികവൽക്കരണം എല്ലാ രംഗങ്ങളിലും യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്നതിനും അതിനുവേണ്ട അടിത്തറ ബലപ്പെടുത്തുന്നതിനുംവേണ്ടി പ്രവർത്തിക്കുന്ന ചൈനയെ സംബന്ധിച്ചിടത്തോളം, പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലം അതീവനിർണായകമാണ്. ഇപ്പോൾ തന്ത്രപരമായ അവസരങ്ങൾക്കൊപ്പം ഒട്ടേറെ അപകടസാധ്യതകളും വെല്ലുവിളികളും കൂടി നിലനിൽക്കുന്ന സവിശേഷമായ വികസന ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ട് ഓരോ ചുവടുവെപ്പും ജാഗ്രതയോടു കൂടിയായിരിക്കണം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. “പുതിയ കാലത്തിനായുള്ള ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം സംബന്ധിച്ച ഷീ ജിൻ പിങ് ചിന്ത”യായിരിക്കും വഴികാട്ടി എന്നും പ്ലീനം ഓർമ്മിപ്പിക്കുന്നു.

എന്തെല്ലാം നിർദ്ദേശങ്ങളണ് പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ പ്ലീനം മുന്നോട്ടുവയ്ക്കുന്നത് എന്നുകൂടി നോക്കാം. ഈ കാലഘട്ടത്തിലെ മുഖ്യലക്ഷ്യങ്ങൾ എന്തായിരിക്കണമെന്ന് സിപിസി സെൻട്രൽ കമ്മിറ്റിയുടെ കമ്മ്യൂണിക്കേയിൽ പറയുന്നത് ഇങ്ങനെയാണ്: “ഉന്നത ഗുണനിലവാരമുള്ള വികസനത്തിൽ ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടാക്കുക; ശാസ്ത്ര സാങ്കേതികവിദ്യകളിൽ ശക്തമായ അഭിവൃദ്ധി ഉണ്ടാക്കുക; പരിഷ്കാരങ്ങൾ കൂടുതൽ സമഗ്രവും ആഴത്തിലുള്ളതും ആക്കുന്നതിന് പുതിയ മുന്നേറ്റങ്ങൾ; സമൂഹത്തിലുടനീളം ശ്രദ്ധേയമായ സാംസ്കാരികവും ധാർമികവുമായ മുന്നേറ്റം; ജനങ്ങളുടെയാകെ ജീവിതനിലവാരത്തിൽ ഇനിയും കൂടുതൽ അഭിവൃദ്ധി; സുന്ദരചൈന ഇനിഷ്യേറ്റീവുമായി മുന്നേറുന്നതിൽ പുതിയ കുതിച്ചുചാട്ടങ്ങൾ; ദേശീയ സുരക്ഷാ കവചം ദൃഢപ്പെടുത്തുന്നതിൽ കൂടുതൽ മുന്നേറ്റം”.
ഇക്കാര്യങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പ്ലീനം ചർച്ച ചെയ്തതായി കേന്ദ്ര കമ്മറ്റി കമ്മ്യൂണിക്കെ പറയുന്നുണ്ട്. ചൈന ആധുനികവൽക്കരിക്കപ്പെട്ട വ്യാവസായിക ഘടന കെട്ടിപ്പടുക്കുകയും യഥാർത്ഥ സമ്പദ്ഘടനയുടെ (Real Economy) അടിത്തറകൾ ദൃഢീകരിക്കുകയും വേണം എന്നതിനാണ് പാർട്ടി ഊന്നൽ നൽകുന്നത്. രാജ്യം വരുന്ന അഞ്ചുവർഷകാലത്തിനിടയിൽ ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുകയും സ്വയം പര്യാപ്തമായി മാറുകയും കൂടുതൽ ഉയർന്ന ഗുണനിലവാരമുള്ള പുതിയ ഉത്പാദന ശക്തികളെ വികസിപ്പിക്കുന്നതിലേക്ക് മുന്നേറുകയും വേണം. കരുത്തുറ്റ ആഭ്യന്തര കമ്പോളം കെട്ടിപ്പടുക്കണമെന്നും പുതിയൊരു വികസന മാതൃക വളർത്തിയെടുക്കാൻ ദ്രുതഗതിയിൽ പ്രവർത്തിക്കണമെന്നും പ്ലീനം പാർട്ടിയോടും രാജ്യത്തോടും ആഹ്വാനം ചെയ്തു.
രാജ്യത്താകെ സർഗാത്മകമായ സംസ്കാരം സൃഷ്ടിക്കാനുള്ള പ്രചോദനം നൽകണമെന്നും സമ്പന്നമായ സോഷ്യലിസ്റ്റ് സംസ്കാരം വളർത്തിക്കൊണ്ടു വരണമെന്നും പ്ലീനം നിർദ്ദേശിച്ചു. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും മെച്ചപ്പെടുത്താനും കഠിനമായി പ്രവർത്തിക്കണമെന്നും രാജ്യത്ത് എല്ലാവർക്കും സമൃദ്ധി ഉറപ്പാക്കണമെന്നും തീരുമാനിക്കപ്പെട്ടു. രാജ്യത്തുടനീളം ഹരിത പരിവർത്തനം ത്വരിതപ്പെടുത്തണമെന്നും പതിനഞ്ചാം പഞ്ചവത്സര പദ്ധതി വിജയകരമായി പൂർത്തിയാക്കുന്നതിന് പാർട്ടിയും ജനങ്ങളും തോളോട്തോളുരുമ്മി ഒറ്റക്കെട്ടായി പ്രയത്നിക്കണമെന്നും പ്ലീനം ആഹ്വാനം ചെയ്തു. രാജ്യത്തെ മികച്ച നിലയിൽ മുന്നോട്ട് നയിക്കണമെങ്കിൽ പാർട്ടിയെ നന്നായി ചലിപ്പിക്കണമെന്നും വളർന്നുകൊണ്ടിരിക്കുന്ന ഒരു പാർട്ടിക്ക് മാത്രമേ രാജ്യത്തെ കരുത്തുറ്റതാക്കാൻ കഴിയൂ എന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി പുറപ്പെടുവിച്ച കമ്മ്യൂണിക്കേയിൽ അടിവരയിട്ടു ഉറപ്പിക്കുന്നു.

ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് ചിട്ടയായ പ്രവർത്തനപദ്ധതികൾ അവതരിപ്പിച്ചു നടപ്പാക്കുകയാണ്. ഓരോ ചുവടും ജാഗ്രതയോടെ മുന്നോട്ടവച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ചൈനീസ് ജനതയെ സോഷ്യലിസത്തിലേക്ക് നയിക്കുകയാണെന്ന് ഉറപ്പുവരുത്തുന്നതാണ് ഇരുപതാം കേന്ദ്ര കമ്മിറ്റിയുടെ നാലാമത് പ്ലീനം.





