
ഒഴുകാതെ ഒരു പുഴ
(നോവൽ)
ചന്ദ്രമതി
മാതൃഭൂമി ബുക്ക്സ്
ഓരോ ഹൃദയത്തിലും ഒരു ഗാനമുണ്ട്
അപൂർണ്ണമായ ഒരു ഗാനം. മറ്റൊരു ഹൃദയം അത് തിരികെ
മന്ത്രിക്കുന്നത് വരെ
ആ ഗാനം അപൂർണ്ണമായിരിക്കും.
അതെ, അതുപോലെയാണ് ചിലരെ നമ്മൾ മനസിലാക്കുക. മറ്റൊരു ഹൃദയം അവരെ തിരിച്ചറിയുന്നതുവരെ അവർ അപരിചിതരായിരിക്കും. അല്ലെങ്കിൽ ആ ഗാനം പോലെ അവരും മറഞ്ഞു പോകും. എന്നാൽ ഒഴുകാതെ ഒരു പുഴയിലൂടെ ചന്ദ്രമതി ടീച്ചർ സോഫിയാ ടോൾസ്റ്റോയി എന്ന ലോവ്യയുടെ പ്രിയ സോണിയയെ തിരിച്ചറിഞ്ഞു. അവരുടെ ഹൃദയത്തിൽ മന്ത്രിക്കുന്ന ആ അപൂർവ ഗാനത്തെ പൂർണ്ണമാക്കി.
ഈ നോവലിന്റെ ആദ്യ പേജുകളിലൂടെ കടന്നുപോയപ്പോൾ അല്പം വിരസത തോന്നി. കാരണം മറ്റൊന്നുമല്ല,
ഓ… ഇതൊക്കെ എല്ലാവരുടെയും ജീവിതത്തിലും സംഭവിക്കുന്നതാണല്ലോ… മാത്രമല്ല ഈ സോഫിയ അനുഭവിച്ചതൊക്കെയാണല്ലോ നമ്മുടെ അമ്മയും അമ്മൂമ്മയുമൊക്കെ അനുഭവിച്ചിരുന്നത്. പിന്നെ എന്താണ് ഇതിലിത്ര പുതുമ! പക്ഷേ എന്റെ ധാരണകളെയും ബോധ്യങ്ങളെയും ചില തിരിച്ചറിവുകളിലൂടെ പിന്നീടുള്ള പേജുകളിൽ എഴുത്തുകാരി തിരുത്തുകയായിരുന്നു. ടീച്ചർ അവരുടെ മനോഹരമായ ഭാഷയിലൂടെ കാലയവനികയ്ക്കുള്ളിൽ അപ്രത്യക്ഷ്യരായ, ഇപ്പോഴും നിശബ്ദമായി എല്ലാം സഹിക്കുന്ന എത്രയോ സ്ത്രീജനങ്ങൾക്കു വേണ്ടി സോഫിയയിലൂടെ നമ്മോടു സംവദിക്കുകയായിരുന്നു.
“വീടിനു പൊന്മണി വിളക്കു നീ..
തറവാടിനു നിധി നീ കുടുംബിനീ…”
എന്നൊക്കെ വാഴ്ത്തി പലതും പാടും കവികൾ… എഴുതും… അതു കേട്ട് ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ ക്യൂ നിൽക്കുന്ന സ്ത്രീജനങ്ങളുടെ കൂട്ടത്തിൽ ഞാനുൾപ്പെടെ പല സ്ത്രീകളുമുണ്ടായിരുന്നു. സോഫിയാ ടോൾസ്റ്റോയിയും അവരിൽപ്പെടും.
ചെറുപ്പത്തിലേ ചിത്രകാരിയും ഫോട്ടോഗ്രാഫറും സംഗീതജ്ഞയുമാവാൻ കൊതിച്ച, നല്ല വായനക്കാരിയായ, എഴുതുവാനിഷ്ടപ്പെട്ട സോഫിയ പതിനെട്ടാം വയസ്സിൽ തന്റെ ഇരട്ടി പ്രായമുള്ള അമ്മയുടെ ബാല്യകാല ചങ്ങാതിയായ വിശ്വസാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ പ്രണയിനിയായി, ഹൃദയ സഖിയായി, യാസ്നിയ പോളിന്യോയിലേക്കു
അദ്ദേഹത്തിന്റെ കരം പിടിച്ചു കുടുംബജീവിതത്തിലേക്ക് കടന്നതോടെ അവൾ ടോൾസ്റ്റോയി പ്രഭുവിന്റെ ഭാര്യയും അദ്ദേഹത്തിന്റെ മക്കളുടെ അമ്മയും കുടുംബിനിയും മാത്രമായി പരിമിതപ്പെടുന്നു. അങ്ങനെ വായിക്കാനും എഴുതാനും ചിത്രം വരക്കാനും ഫോട്ടോ എടുക്കാനും സംഗീതം കേൾക്കാനും ഇഷ്ടപ്പെടുന്ന, ആ കൊച്ചു പെൺകുട്ടി മരിക്കുന്നു. പിന്നീട് അവളെ കാണാൻ കഴിയില്ല. എപ്പോഴൊക്കെ അവളുടെ ഇഷ്ടങ്ങളും മോഹങ്ങളും മനസ്സിലേക്ക് വരുന്നുവോ, അവളുടെ പ്രിയതമനു വേണ്ടി, കുടുംബത്തിന് വേണ്ടി അതൊക്കെ ഏതൊരു ശരാശരി സ്ത്രീയെയും പോലെ അവൾ മാറ്റിവയ്ക്കുന്നു.
ഭ്രാന്തമായി ടോൾസ്റ്റോയി അവളെ പ്രണയിക്കുമ്പോഴും, അദ്ദേഹം അവളുടെ കഴിവുകളെ അംഗീകരിക്കുന്നില്ല. മറിച്ചു വർഷാവർഷം പ്രസവിക്കുന്ന യന്ത്രമായി അവളെ അദ്ദേഹം മാറ്റിയെടുക്കുന്നു. നാനൂറു ഏക്കറിലധികം വരുന്ന കൃഷിയിടങ്ങളുൾപ്പെടയുള്ള ഭൂവിടങ്ങളും അതിലെ കുടിയാന്മാരും പതിനാറു മക്കളും… അങ്ങനെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത്. തന്നിലെ സർഗ്ഗപ്രതിഭയെ മറന്ന്, അവൾ യാസ്നിയ പോളിന്യോയിലെ കാര്യക്കാരിയായി മാറി.
മുൻകാലത്തെ അരാജകത്വജീവിതം വെടിഞ്ഞ പ്രഭുവാകട്ടെ ആദർശവാനായി. കുടുംബത്തിന്റെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ, എഴുത്തിൽ മാത്രം ശ്രദ്ധ ഊന്നിയ ടോൾസ്റ്റോയിയുടെ പകർത്തിയെഴുത്തുകാരി മാത്രമായി അവർ പരിണമിക്കുന്നു. തന്റെ ആരോഗ്യം പോലും ശ്രദ്ധിക്കാതെ അവൾ യുദ്ധവും സമാധാനവും എട്ടു പ്രാവശ്യമാണ് പകർത്തിയെഴുതിയത്. അന്നാകരിനീനയുടെ കഥാബീജം അദ്ദേഹത്തിന് നൽകിയ സോണിയയുടെ കഴിവിനെ ലവലേശം പോലും അംഗീകരിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. മറിച്ച് ഒരു വേള നീ ഒരു പകർത്തിയെഴുത്തുകാരി മാത്രമാണ്, നിന്നെ വേറെ എന്തിനു കൊള്ളാം എന്ന രീതിയിൽ വ്യക്തിഹത്യ പോലും നടത്താൻ അദ്ദേഹം മടിച്ചില്ല. ആ സ്ത്രീയുടെ മാനേജ്മെന്റ് സ്കിൽ കണ്ടറിഞ്ഞാൽ തല കുനിക്കാതെ വയ്യ. ലോകം പ്രവാചകന് തുല്യം കണ്ട ആ വിശ്വസാഹിത്യകാരന്റെവ്യക്തിത്വത്തിലെ ഇരുളും വെളിച്ചവും എഴുത്തുകാരി ഒരുപോലെ ഈ നോവലിലൂടെ നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നു.
സോഫിയയുടെ ഭാഗത്തു നിന്ന് ചിന്തിക്കാനോ, അവളുടെ ഇഷ്ടങ്ങൾ പങ്കു വെക്കാനോ അദ്ദേഹം തയ്യാറായില്ലെന്ന് മാത്രമല്ല, അവളുടെ ഇഷ്ടങ്ങളെ മനസ്സിലാക്കുന്ന സൗഹൃദങ്ങളെ പോലും സംശയത്തോടെ നോക്കുക വഴി അവളുടെ സ്വപ്നങ്ങൾ പോലും ഇല്ലാതാക്കി. മക്കൾ നഷ്ടപ്പെട്ട അവളെ ഒന്ന് സങ്കടപ്പെടാൻ പോലും അനുവദിക്കാതെ സ്നേഹിക്കപ്പെടാനുള്ള ആഗ്രഹത്തെപ്പോലും അവഗണിച്ച അദ്ദേഹം സോഫിയയെ ഒരു മനോരോഗിയാക്കിത്തീർത്തു. അവൾ ഒഴുകാത്ത പുഴയായി..
സോഫിയയുടെ എല്ലാ മാനുഷിക വശങ്ങളെയും എഴുത്തുകാരി ഉയർത്തിക്കാട്ടിയിരിക്കുന്നു.. അവരുടെ നന്മയും തിന്മയും വളരെ തന്മയത്വത്തോടെ എഴുത്തുകാരി നമ്മിലേക്ക് ഒഴുക്കി വിടുന്നു. ഒരമ്മക്ക് മുന്നിൽ എല്ലാ മക്കളും ഒരുപോലെയാണല്ലോ. എന്നാൽ സോഫിയയുടെ ഒരു പ്രിയ മകൻ മരിച്ചപ്പോൾ, ദൈവമേ ഇവന് പകരം സാഷയെ കൊണ്ടു പോയില്ലല്ലോ എന്ന ചോദ്യത്തിലൂടെ അവളിലെ തിന്മയും നമുക്ക് കാട്ടിത്തരുന്നു.
തെളിമയോടെ, മിഴിവോടെ സോഫിയയെ അവതരിപ്പിക്കുകയാണ് എഴുത്തുകാരി, വെറുതെ പുണ്യവാളത്തിയാക്കുന്നില്ല.
ജീവിതാന്ത്യം വരെ ടോൾസ്റ്റോയിയെ പ്രാണന് തുല്യം സ്നേഹിച്ച സോഫിയ, തന്റെ ലോവ്യ ആദർശ ഭാരത്താൽ സ്വത്തു മുഴുവൻ പാവങ്ങൾക്ക് ദാനം ചെയ്യാനൊരുങ്ങിയപ്പോൾ മക്കൾക്ക് വേണ്ടിയാണ് എതിർത്തത് . ഏതൊരമ്മയും ചെയ്യുന്നത് മാത്രമാണ്. അവരും ചെയ്തത്. അവർ എതിർത്തത് അദ്ദേഹത്തിന്റെ കപട ആദർശങ്ങളെ ആയിരുന്നു.. അവരുടെ സന്തോഷങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കുന്നവരോടൊപ്പം കൂട്ടുചേർന്ന് അവളെ മനസ്സിലാക്കാതെ അദ്ദേഹവും നിന്നതാണ് അവളെ കൂടുതൽ വേദനിപ്പിച്ചത്. അവളെയൊന്നു നോക്കുക പോലും ചെയ്യാതെ..,
തന്നെ ഉപേക്ഷിച്ചു പോയ അവളുടെ ലോവ്യയെ ഒരുനോക്ക് കാണാൻ കഴിയാതെ, അദ്ദേഹം ലോകത്തോടു തന്നെ വിടപറയുന്നത് അന്യയെപോലെ അവൾക്കു കാണേണ്ടിവന്നു.
അവർ എഴുതിയ നോവൽ പോലും അദ്ദേഹത്തിന്റെ മരണ ശേഷം മാത്രമേ വെളിച്ചം കാണാവൂ എന്ന് മക്കൾ ഉൾപ്പെടെ എല്ലാവരും ശഠിച്ചു. ലോകം ആരാധിക്കുന്ന വിശ്വ സാഹിത്യകാരന്റെ സുവർണ്ണ പ്രതിമക്ക് അതുകൊണ്ട് ഒരു മങ്ങൽ പോലും ഉണ്ടാവരുതെന്നും അവർ ആഗ്രഹിച്ചു കാണും. അതിന്റെ തിളക്കത്തിന്റെ മാറ്റ് ഈ നോവൽ വെളിച്ചത്തു വന്നാൽ കുറഞ്ഞാലോ എന്നവർ ശങ്കിച്ചിരിക്കും.
പ്രശസ്തരായ ഓരോ വ്യക്തികളുടെയും ഭാര്യമാരെക്കുറിച്ച്, അവരുടെ ത്യാഗങ്ങളെയും സ്നേഹത്തെയും സ്നേഹനിഷേധത്തെയും കുറിച്ച് ലോകം അറിയാതെ പോകുന്നു. അവരുടെ സകല കഴിവുകളും സമയങ്ങളും ഭർത്താവിന്റെയും കുടുംബത്തിന്റെയും നന്മക്കു വേണ്ടി നിയോഗിച്ചു സ്വന്തം വ്യക്തിത്വം തന്നെ മറന്നു, ജീവിതം ഉഴിഞ്ഞു വയ്ക്കുമ്പോഴും അവസാനം ലഭിക്കുന്നത് ശകാരങ്ങളും നന്ദികേടും മാത്രം. പുസ്തകത്തിലൂടെ കടന്നു പോവുമ്പോൾ ഓരോ ഘട്ടത്തിലും വായനക്കാരി എന്ന നില മറന്നു സോഫിയയായി
താദാത്മ്യം പ്രാപിക്കുന്ന സന്ദർഭം പോലും വരികയുണ്ടായി. അത്രയ്ക്ക് ശക്തമായിട്ടാണ് ടീച്ചർ സോഫിയയെ ആവിഷ്കരിച്ചിരിക്കുന്നത്.
സ്വന്തം ജീവിതം പൂർണമായി മാറ്റി വച്ചിട്ടും കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചിട്ടും അവരുടെ ഇഷ്ടങ്ങളെയും സ്നേഹത്തിനെയും പരിഗണിക്കപ്പെടാതെ പോകുന്ന എത്രയോ സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ അമ്മമാർ, അമ്മൂമ്മമാർ, സൗഹൃദങ്ങൾ,
സഹയാത്രികർ,
സഹപ്രവർത്തകർ… അവരുടെയെല്ലാം പ്രതിനിധിയായിട്ടാണ് സോഫിയ എന്ന ഒഴുകാതെ കിടക്കുന്ന ഈ പുഴയെ നമ്മിലേക്ക് എഴുത്തുകാരി ഒഴുക്കി വിടുന്നത്.
എത്ര അണക്കെട്ടുകൾ തകർത്തെറിഞ്ഞിട്ടാവണം ഓരോ സ്ത്രീയും അടുക്കളയിൽ നിന്നും അരങ്ങത്തെത്തിയിട്ടുണ്ടാവുക. എന്നിട്ടും അവരെ അംഗീകരിക്കാത്തവർക്ക് മാത്രമല്ല പരിഹസിക്കുന്നവർക്കുമുള്ള മറുപടി കൂടിയാണ് ഒഴുകാതെ ഒരു പുഴ. ഇത് കാല്പനികതയല്ല, ഒരു യാഥാർഥ്യം, ഒരു നഗ്നസത്യം. ആരോ പറഞ്ഞതു പോലെ ഒരു എഴുത്തുമുറിയോ, എഴുതാൻ ഒരു മേശയോ പോലും സ്വന്തമായില്ലാത്ത, ഒരല്പം സമയം സ്വന്തമായെടുക്കാൻ പറ്റാത്ത എത്രയോ സ്ത്രീകൾ… കഠിനാധ്വാനത്തിന്റെ പ്രതിഫലമായി ഒരടിക്കുറിപ്പിനു പോലും അർഹയാവാതെ എവിടെയോ ചിതയൊടുങ്ങി തീരുന്നു.
ഏകദേശം നൂറു വർഷങ്ങൾക്കകലെയി രുന്നുകൊണ്ട് ടീച്ചർ സോഫിയയെ പകർത്തുകയായിരുന്നു. വായനക്കാരുടെ മനസ്സിലേക്ക് ഒരു രാത്രിമഴയുടെ
വിതുമ്പൽ പോലെ, അനുഭൂതിജന്യമായ സ്പർശത്തോടെ നോവൽ അവസാനിക്കുന്നു. അങ്ങനെ ഹൃദയഹാരിയായ ഒരു അവസാനത്തോടെ ഈ ഒഴുകാത്ത പുഴയെ ടീച്ചർ നമ്മുടെ ഇടയിലേക്ക് ഒഴുക്കിവിട്ടിരിക്കുന്നു… ഇനിയെത്ര ദൂരം കടക്കണം ഈ പുഴകൾക്കൊന്നൊഴുകാൻ… എന്നിലെ വായനക്കാരി സോഫിയയോട് ചോദിച്ചു. l





