
രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലഘൂകരിക്കുന്നു എന്ന പേരിൽ കേന്ദ്ര സർക്കാർ 29 തൊഴിൽ നിയമങ്ങളെ സംയോജിപ്പിച്ച് നാല് ലേബർ കോഡുകളായി (വേജസ്, ഇൻഡസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ സെക്യൂരിറ്റി, ഒക്യുപ്പേഷണൽ സേഫ്റ്റി) വിഭാവനം ചെയ്തിരിക്കുകയാണ്. ഈ കോഡുകൾ നടപ്പിലാക്കുമ്പോൾ കേരളത്തിലെ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന സവിശേഷ സാഹചര്യങ്ങളെയും തൊഴിലാളികളുടെ അവകാശങ്ങളെയും അത് എങ്ങനെ ബാധിക്കും എന്നത് ഗൗരവകരമായ ചിന്താവിഷയമാണ്.
പ്രധാനമായും ‘കോഡ് ഓൺ വേജസ് 2019’ നടപ്പിലാക്കുമ്പോൾ, നിലവിലുള്ള 87 തൊഴിൽ മേഖലകളിലെ മിനിമം വേതന വ്യവസ്ഥകൾ എടുത്തുകളയുകയും പകരം തൊഴിലുകളെ നാല് വിഭാഗങ്ങളായി (അൺസ്‌കിൽഡ്, സെമിസ്കിൽഡ്, സ്കിൽഡ്, ഹൈലി സ്കിൽഡ്) മാത്രം തരംതിരിക്കുകയും ചെയ്യുന്നു. വ്യത്യസ്ത തൊഴിൽ സാഹചര്യങ്ങളെ പരിഗണിക്കാതെ സ്കിൽ മാത്രം അടിസ്ഥാനമാക്കി വേതനം നിശ്ചയിക്കുന്നത് തൊഴിൽ മേഖലയിൽ അസംതൃപ്തിക്കും സംഘർഷങ്ങൾക്കും കാരണമായേക്കാം. കൂടാതെ, ബോണസ് ആക്ട് ബാധകമാകുന്ന പരിധി ഉയർത്തിയതോടെ തൊഴിലാളികൾക്ക് ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്.

ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് പരിശോധിക്കുമ്പോൾ, ‘വ്യവസായം’ എന്നതിന്റെ നിർവചനത്തിൽ നിന്ന് ചാരിറ്റബിൾ സ്ഥാപനങ്ങളെയും മറ്റും ഒഴിവാക്കിയത് വലിയ ആശുപത്രികളിലെയടക്കം തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യത്തെയും തൊഴിൽ സുരക്ഷയെയും ദോഷകരമായി ബാധിക്കും. പണിമുടക്കുകൾക്ക് നിശ്ചിത ദിവസത്തെ മുൻകൂർ നോട്ടീസ് നിർബന്ധമാക്കിയതും, സ്റ്റാൻഡിംഗ് ഓർഡറുകൾ ബാധകമാകുന്ന തൊഴിലാളികളുടെ പരിധി ഉയർത്തിയതും തൊഴിലാളി വിരുദ്ധമായ മാറ്റങ്ങളാണ്.
തൊഴിൽ സുരക്ഷാ കോഡിലും ആശങ്കകളേറെയാണ്. ഫാക്ടറി നിയമത്തിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിച്ചതും, മോട്ടോർ ട്രാൻസ്പോർട്ട് മേഖലയിലെ പരിധി ഉയർത്തിയതും വലിയൊരു വിഭാഗം തൊഴിലാളികൾക്ക് നിയമപരിരക്ഷ നഷ്ടമാക്കാൻ ഇടയാക്കും.
സാമൂഹ്യ സുരക്ഷാ കോഡ് പ്രകാരം, കെട്ടിട നിർമ്മാണ സെസ്സ് പിരിക്കുന്നതിനുള്ള പരിധി ഉയർത്തുന്നത് ക്ഷേമനിധി ബോർഡിന്റെ വരുമാനത്തെ സാരമായി ബാധിക്കും. ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാനുള്ള സംസ്ഥാനത്തിന്റെ സ്വതന്ത്രാധികാരത്തിന് മേലുള്ള നിയന്ത്രണങ്ങളും അംഗീകരിക്കാനാവില്ല.
കേന്ദ്ര നിയമങ്ങൾ നടപ്പിലാവുമ്പോഴും, കേരളം പടുത്തുയർത്തിയ മികച്ച തൊഴിൽ സംസ്കാരവും തൊഴിലാളി ക്ഷേമവും ഒട്ടും ചോർന്നുപോകാതെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സാധ്യമായ സാഹചര്യങ്ങളിൽ ആവശ്യമെങ്കിൽ നിയമനിർമ്മാണങ്ങളിലൂടെയും ഭേദഗതികളിലൂടെയും തൊഴിലാളികളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പാക്കും.

ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ് തൊഴിൽ. അതിനാൽ സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ നിയമനിർമ്മാണത്തിന് അവകാശമുണ്ട്. ഈ ഫെഡറൽ അധികാരം ഉപയോഗിച്ചാണ് കേരളം കേന്ദ്ര കോഡുകളെ പ്രതിരോധിക്കുന്നത്. കേന്ദ്ര നിയമങ്ങൾ നടപ്പിലാക്കുമ്പോൾ സംസ്ഥാനം രൂപീകരിക്കുന്ന ചട്ടങ്ങളിൽ തൊഴിലാളി വിരുദ്ധമായ ഒട്ടേറെ കാര്യങ്ങളെ നമുക്ക് മറികടക്കാൻ സാധിക്കും എന്നാണ് കരുതുന്നത്.
പിരിച്ചുവിടലിനുള്ള തൊഴിലാളികളുടെ പരിധി ഉയർത്തിയ നടപടി കേരളത്തിൽ അതേപടി നടപ്പിലാക്കാതിരിക്കാൻ നിയമപരമായ വഴികൾ നമ്മൾ തേടുകയാണ്. സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്ന സ്ഥാപനങ്ങളിൽ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന കർശന ചട്ടങ്ങൾ നമ്മൾ രൂപീകരിക്കും. ഫാക്ടറികളിലെ സുരക്ഷാ പരിശോധനകൾ ലഘൂകരിച്ച് ‘വെബ് അധിഷ്ഠിത’മാക്കാനാണ് കേന്ദ്ര നിർദ്ദേശം. എന്നാൽ, തൊഴിലാളികളുടെ ജീവനും ജീവിതത്തിനും വിലകൽപ്പിക്കുന്ന കേരളം, ലേബർ ഓഫീസർമാർ നേരിട്ട് നടത്തുന്ന കൃത്യമായ ഇൻസ്പെക്ഷനുകൾ നിർബന്ധമാക്കും.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന കാര്യത്തിൽ കേരളം ലോകത്തിന് മാതൃകയാണ്. നിർമ്മാണ തൊഴിലാളികൾ മുതൽ തയ്യൽ തൊഴിലാളികൾ വരെ വിവിധ മേഖലകൾക്കായി പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾ വഴി പെൻഷനും ചികിത്സാ സഹായവും ഉറപ്പാക്കുന്നു.
ദേശീയ തലത്തിൽ നിശ്ചയിക്കുന്ന ‘ഫ്ലോർ വേജ്’ കേരളത്തിലെ ജീവിതച്ചെലവിനേക്കാൾ വളരെ കുറവായിരിക്കും. അതിനാൽ, കേരളത്തിലെ തൊഴിലാളികൾക്ക് മാന്യമായ ജീവിതം നയിക്കാൻ ആവശ്യമായ ഉയർന്ന മിനിമം വേതനം സംസ്ഥാനം ഉറപ്പാക്കും.
തൊഴിലാളികളെ കേവലം ലാഭമുണ്ടാക്കാനുള്ള യന്ത്രങ്ങളായി കാണുന്ന മുതലാളിത്ത കാഴ്ചപ്പാടല്ല, മറിച്ച് അവരെ നാടിന്റെ സമ്പത്തായും പങ്കാളികളായും കാണുന്ന ഇടതുപക്ഷ ബദലാണ് കേരളം മുന്നോട്ട് വയ്ക്കുന്നത്. കേന്ദ്രം അവകാശങ്ങൾ കവർന്നെടുക്കുമ്പോൾ, ആ അവകാശങ്ങൾക്ക് കാവൽ നിൽക്കുകയാണ് കേരളം ചെയ്യുന്നത്.
ലേബർ കോഡുകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഡിസംബർ 19 ന് ദേശീയ ലേബർ കോൺക്ലേവ് തിരുവനന്തപുരത്ത് വിളിച്ചുചേർക്കാൻ സംസ്ഥാന തൊഴിൽ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തിൽ കേന്ദ്ര തൊഴിലാളി സംഘടനാ പ്രതിനിധികൾ, മാനേജ്മെന്റ് പ്രതിനിധികൾ, നിയമ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. ബിജെപി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരെയും കോൺക്ലേവിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെ സംഘടിതമായ പ്രതിരോധം തീർക്കാനാണ് ശ്രമം. ഇതിന്റെ മുൻപന്തിയിൽ കേരളം ഉണ്ടാകും.






