ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമ്മിപ്പിക്കുന്നത്

കെ ടി കുഞ്ഞിക്കണ്ണൻ

ന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർഎസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ് തകർത്തിട്ട് 33 വർഷമാകുന്നു. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും സംഘപരിവാർ നേതൃത്വവും തമ്മിലുണ്ടാക്കിയ അപരാധപൂർണമായ ധാരണകളിലാണ് ബാബ്‌റിമസ്ജിദ് തകർക്കപ്പെട്ടത്. ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രതീകങ്ങളെന്നപോലെ ഉയർന്നുനിന്നിരുന്ന ബാബ്‌റിമസ്ജിദിന്റെ മൂന്ന് കുംഭഗോപുരങ്ങൾ കർസേവകർ തകർത്തുകളയുകയായിരുന്നു. സുപ്രീംകോടതിയും ദേശീയോദ്ഗ്രഥന സമിതിയും അയോധ്യയിലെ പള്ളി സംരക്ഷിക്കാനുള്ള എല്ലാ നടപടികളും കേന്ദ്രസർക്കാർതന്നെ സ്വീകരിക്കണമെന്ന് റാവു സർക്കാരിന് കർശന നിർദ്ദേശം നൽകിയിരുന്നു. കാരണം യുപി ഭരിക്കുന്നത് ബിജെപിക്കാരനായ കല്ല്യാൺസിംഗാണെന്നും അദ്ദേഹത്തിന്റെ ഗവൺമെന്റ് ആർഎസ്എസ് ഇംഗിതങ്ങൾക്ക് വഴങ്ങി പള്ളി സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്നും മാറിനിൽക്കുമെന്നും സുപ്രീംകോടതി മുൻകൂട്ടി കണ്ടിരുന്നു.

എന്നിട്ടും റാവു സർക്കാർ പ്രഖ്യാപിതമായി പള്ളിപൊളിക്കുമെന്ന അജണ്ടയുമായി അയോധ്യയിലേക്ക് ഇരച്ചെത്തിയ കർസേവകരെ തടയാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നുള്ളതാണ് ചരിത്രത്തിലെ ഏറ്റവും കുറ്റകരവും വഞ്ചനാപരവുമായ യാഥാർത്ഥ്യം. ചരിത്രപരമായി തന്നെ കോൺഗ്രസിലെ ഹിന്ദുത്വവാദികൾ മസ്ജിദ് പ്രശ്‌നത്തിൽ എക്കാലത്തും ആർ.എസ്.എസിന്റെ അജണ്ടക്കൊപ്പമായിരുന്നു. 1949 ഡിസംബർ 22-നാണ്, ഒരു രാമായണമാസാചരണത്തിന്റെ അവസാനം മസ്ജിദിനുള്ളിലേക്ക് ഹിന്ദുത്വവാദികൾ രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ ഒളിച്ചുകടത്തി സ്ഥാപിച്ചതിനുശേഷം ഇതാ പള്ളിക്കകത്ത് രാമനും സീതയും സ്വയംഭൂവായിരിക്കുന്നുവെന്ന് പ്രചാരണം നടത്തിയത്. വിവരമറിഞ്ഞ ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽനെഹ്‌റു വിഗ്രഹങ്ങൾ സ്വയംഭൂവായതല്ലെന്നും അതിക്രമിച്ചുകടന്ന് സ്ഥാപിച്ചതാണെന്നും അതെല്ലാമെടുത്ത് സരയൂനദിയുടെ പ്രവാഹഗതിയിലേക്ക് എറിഞ്ഞുകളയണമെന്നുമാണ് പറഞ്ഞത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പന്തിനോട് വിഗ്രഹങ്ങൾ എടുത്തുമാറ്റാൻ നെഹ്‌റു നിർദ്ദേശം നൽകുകയും ചെയ്തു. പക്ഷെ നെഹ്‌റുവിനെ പോലും ധിക്കരിച്ച് പള്ളിക്കകത്ത് അതിക്രമിച്ചുകടന്ന് കൊണ്ടുവെച്ച വിഗ്രഹങ്ങൾ അവിടെതന്നെ നിലനിർത്താനാണ് അന്നത്തെ ഫൈസാബാദ് ഡിസ്ട്രിക്ട് കലക്ടറായിരുന്ന കെ കെ നായർ വഴി കോൺഗ്രസിന്റെ ജി ബി പന്ത് സർക്കാർ ചെയ്തത്. എന്നുമാത്രമല്ല ബാബ്‌റി മസ്ജിദിനകത്ത് വിഗ്രഹങ്ങൾ ഒളിച്ചുകടത്തി സ്ഥാപിച്ചതിനെതിരെ ഫൈസാബാദിൽ ഉയർന്നുവന്ന കോൺഗ്രസിലെ മതേതരവാദികളുടെയും ആചാര്യ നരേന്ദ്രദേവിനെപോലുള്ള സോഷ്യലിസ്റ്റ് നേതാക്കളുടെയും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ കോൺഗ്രസിലെ വലിയൊരു വിഭാഗം ഹിന്ദുമഹാസഭക്കൊപ്പം ചേരുകയായിരുന്നു. ബാബ്‌റിമസ്ജിദിനകത്ത് അതിക്രമിച്ചുകയറി വിഗ്രഹങ്ങൾ സ്ഥാപിച്ച ബാബാരാഘവദാസ് ഉൾപ്പെടെയുള്ള ഹിന്ദുമഹാസഭക്കാരെ അറസ്റ്റുചെയ്യണമെന്നും വിഗ്രഹങ്ങൾ എടുത്തുമാറ്റി അയോധ്യയിലെ മുസ്ലീങ്ങൾക്ക് മസ്ജിദ് ആരാധനയ്ക്കായ് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് അക്കാലത്തെ ഫൈസാബാദ് ഡിസിസി സെക്രട്ടറിയായിരുന്ന അക്ഷയ് ബ്രഹ്മചാരി നിരാഹാരസമരം വരെ നടത്തി. ആ കോൺഗ്രസ് നേതാവിന് ബാബാ രാഘവദാസിന്റെ അനുയായികളായ കോൺഗ്രസുകാരുടെയും ഹിന്ദുമഹാസഭക്കാരുടെയും ക്രൂരമർദ്ദനത്തിനിടയാവേണ്ടിവന്നുവെന്നതും നമ്മുടെ ലജ്ജാകരമായ ചരിത്രമാണ്. അക്ഷയ്‌ ബ്രഹ്മചാരിയുടെ സമരപന്തൽ അടിച്ചുപൊളിക്കുകയും അദ്ദേഹത്തെ വിവസ്ത്രനാക്കി ഓടിക്കുകയുമാണ് ഹിന്ദുവർഗീയവാദികളായ ഹിന്ദുമഹാസഭക്കാരും ഫൈസാബാദിലെ കോൺഗ്രസുകാരും ചെയ്തത്.

ബാബ്‌റി മസ്ജിദ് തകർത്ത് ആ സ്ഥാനത്ത് ക്ഷേത്രം പണിയുന്നതിലേക്കെത്തിച്ച സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആർഎസ്എസിന്റെ വിധ്വംസക നീക്കങ്ങൾക്കെല്ലാ പലഘട്ടങ്ങളിലായി കോൺഗ്രസ്‌ സർക്കാരുകളുടെ സഹായവും ഒത്താശയും ഉണ്ടായിരുന്നു. 1980-കളിൽ മസ്ജിദ്‐മന്ദിർ തർക്കം ഉയർത്താനും രഥയാത്രകളിലൂടെ രാജ്യത്തെ വർഗീയവൽക്കരിക്കാനുമാണ് ആർഎസ്എസ്‐ബിജെപി ശക്തികൾ ആസൂത്രിതമായി നീക്കം നടത്തിയത്. രാമായണത്തിലെ രാമനും ചരിത്രപുരുഷനും ക്ഷാത്രവീര്യം തുടിക്കുന്ന ദേശപുരുഷനുമായി ആവിഷ്‌ക്കരിച്ച രാമാനന്ദസാഗറിന്റെ രാമായണം സീരിയൽ ദൂരദർശനിലൂടെ രാജ്യമാകെ കാണിച്ച് ആർഎസ്എസിന്റെ പുനരുത്ഥാന രാഷ്ട്രീയത്തിന് പ്രത്യയശാസ്ത്ര പരിസരം സൃഷ്ടിച്ചുകൊടുത്തതും രാജീവ്ഗാന്ധി സർക്കാരായിരുന്നു. 1986-ൽ ഫൈസാബാദ് കോടതിയുടെ വിധിയെ നിമിത്തമാക്കി 1949-ൽ പൂട്ടിയിട്ട പള്ളിയുടെ താക്കോൽ ഹിന്ദുത്വവാദികൾക്ക് കൈമാറാൻ തീരുമാനിച്ചത് രാജീവ്ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തായിരുന്നു. 1989-ൽ ബാബ്‌റിമസ്ജിദിന്റെ മൂന്ന് കുംഭഗോപുരങ്ങൾ നിൽക്കുന്ന സ്ഥാനത്ത് രാമക്ഷേത്രത്തിന് ശിലാന്യാസം നടത്താൻ ഹിന്ദു വർഗീയവാദികൾക്ക് അനുമതി നൽകിയതും രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ്. ചരിത്രം ഹിന്ദുത്വവാദികൾക്കെന്നപോലെ അവർക്ക് കൂട്ടുനിന്ന ഇന്ത്യയെ വർഗീയധ്രുവീകരണത്തിന്റെ തീരങ്ങളിലേക്ക് തള്ളിവിട്ട ആർക്കും മാപ്പ് നൽകാൻ പോകുന്നില്ല.

ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻഗഗോയിയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ മൂന്നംഗ ഭരണഘടനാബെഞ്ച് 2019 നവംബർ 9-‐ാം തിയ്യതിയാണ് അയോധ്യാകേസിൽ വിധിയെഴുതിയത്. വിശ്വാസത്തെയും നീതിയെയും നിയമപാലനത്തെയുമെല്ലാം സംബന്ധിച്ച ആശങ്കകളും വെല്ലുവിളികളും ഉയർത്തുന്നതായിരുന്നു ആ വിധിപ്രസ്താവന എന്ന് പറയാതിരിക്കാനാവില്ല. വളരെ വിവേകത്തോടെയും സംയമനത്തോടെയുമാണ് മതനിരപേക്ഷ ജനാധിപത്യശക്തികളും ഇന്ത്യൻ ജനതയാകെയും വിധിയെ സമീപിച്ചതെന്ന് പറയുമ്പോഴും വിശ്വാസത്തെ നീതിക്ക് പകരംവെക്കുന്ന വളരെ അപകടകരമായ ഒന്നായിരുന്നു ആ വിധിപ്രസ്താവന. നിയമപരമായി ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമാവകാശം മുസ്ലീങ്ങൾക്കാണെങ്കിലും വിശ്വാസപരമായി ഹിന്ദുക്കൾ അത് രാമന്റെ ജനനസ്ഥലമായി കാണുന്നുവെന്ന വിചിത്രമായ വാദമാണ് വിധിപ്രസ്താവനയിലൂടെ മുന്നോട്ടുവെച്ചത്. അയോധ്യവിധിയെഴുതിയ ജസ്റ്റിസ് രഞ്ജൻഗഗോയ് റിട്ടയർമെന്റിനുശേഷം അതിവേഗം രാജ്യസഭയിലേക്ക് ബിജെപി എംപിയായി നോമിനേറ്റ് ചെയ്യപ്പെടുകയും മറ്റ് രണ്ട് ജഡ്ജിമാരും ഉന്നതപദവികളിൽ നിയമിതരാവുകയും ചെയ്തു! സംഘപരിവാർ ഇംഗിതത്തിന് നമ്മുടെ നീതിന്യായ സംവിധാനം പോലും വഴങ്ങിക്കൊടുത്ത അത്യന്തം രോഷജനകമായ ചരിത്രത്തിലെ അപരാധമായി മതനിരപേക്ഷ ജനാധിപത്യശക്തികൾ ബാബ്‌റിമസ്ജിദ് സ്മരണയെ ഗണിക്കേണ്ടിവരുന്നു.

400 വർഷത്തിലേറെ കാലം പഴയ ഔധിലെയും അയോധ്യയിലെയും മുസ്ലീങ്ങൾ തലമുറകളായി നിസ്‌കരിച്ചുപോന്ന പള്ളിയാണ് ബാബ്‌റി മസ്ജിദ്. അത് നിലനിൽക്കുന്ന 2.77 ഏക്കർ സ്ഥലം രാമജന്മഭൂമിയാണെന്നും അതുകൊണ്ടുതന്നെ അത് രാമക്ഷേത്രനിർമ്മാണത്തിന് ഉപയോഗിക്കണമെന്നുമാണ് സുപ്രീംകോടതി ബെഞ്ച് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയത്. 2010-ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയനുസരിച്ച് തർക്കത്തിൽ കക്ഷികളായ സുന്നി വഖഫ്‌ ബോർഡിനും നിർമ്മോഹി അഖാഡക്കും രാമലല്ലയ്ക്കും പതിച്ചുനൽകിയ ഭൂമിയാണ് ഇപ്പോൾ സുപ്രീംകോടതി രാമവിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ക്ഷേത്രനിർമ്മാണത്തിനായി കേന്ദ്രസർക്കാർ ട്രസ്റ്റുണ്ടാക്കുകയും ഭൂമി അവർക്ക് കൈമാറുകയും ചെയ്യണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അതോടൊപ്പം ബാബ്‌റി മസ്ജിദ് തകർത്തതിന് നഷ്ടപരിഹാരമായെന്നോണം അഞ്ചേക്കർ ഭൂമി അയോധ്യയിൽ തന്നെ കണ്ടെത്തി സുന്നി വഖഫ്‌ബോർഡിന് നൽകണമെന്നും ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. അയോധ്യയിൽ ക്ഷേത്രമുയർന്നിട്ടും മസ്ജിദിനുവേണ്ടി ഒരു നടപടിയും ഭരണപരമായി മോഡിയുടെ കേന്ദ്രസർക്കാരോ യോഗിയുടെ യുപി സർക്കാരോ നടത്തിയിട്ടില്ല എന്നതാണ് മസ്ജിദ് തകർച്ചയുടെ ഈ 33‐ാം വർഷത്തിൽ നാം കാണേണ്ടത്.

പ്രശസ്ത ചരിത്രകാരി ഡോ. റൊമീളാ ഥാപർ അയോധ്യവിധിയെ കുറിച്ച് പറഞ്ഞത്; ചരിത്രത്തെ റദ്ദ് ചെയ്ത് വിശ്വാസത്തെ അവലംബമാക്കിയാണ് കോടതി വിധിയെന്നാണ്. 9 ലക്ഷം വർഷങ്ങൾക്കുമുമ്പ് ത്രേതായുഗത്തിൽ രാമൻ അയോധ്യയിൽ ജനിച്ചുവെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് രാമജന്മഭൂമി പ്രശ്‌നം ഉയർത്തുന്നതും ഹിന്ദുത്വശക്തികൾ ബാബ്‌റിമസ്ജിദിനെ തർക്കപ്രശ്‌നമാക്കി മാറ്റുന്നതും. 1528-ൽ ബാബറുടെ സൈനികതലവൻ പണിത പള്ളിക്കടിയിൽ രാമക്ഷേത്രമുണ്ടായിരുന്നുവെന്ന് കോടതിക്കും നിഗമനത്തിലെത്താനായിട്ടില്ല. അവിടെ ഹിന്ദുനിർമ്മിതിയുടെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നുവെന്നതുമാത്രമാണ് ശരിവെക്കപ്പെട്ടിട്ടുള്ളത്.

ആർക്കിയോളജിക്കൽ സർവ്വേയുടെ അഭിപ്രായത്തിൽ ഊന്നിനിന്നുകൊണ്ട് കോടതി നടത്തിയ നിരീക്ഷണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള വിധിയും സംശയങ്ങൾ ജനിപ്പിക്കുന്നതാണെന്നാണ് പ്രമുഖ ചരിത്രകാരനായ ഡോ. കെ എൻ പണിക്കർ നിരീക്ഷിക്കുന്നത്. യഥാർത്ഥത്തിൽ വിശ്വാസത്തെ അവലംബമാക്കിയതുവഴി കോടതി സംഘപരിവാർ ആഗ്രഹിച്ചരീതിയിൽ തർക്കഭൂമി ക്ഷേത്രനിർമ്മാണത്തിന്‌ ഏൽപിച്ചുകൊടുക്കുന്നതിയിലേക്കാണ് എത്തിയത്. ചരിത്രത്തെയും പ്രമാണങ്ങളെയും അടിസ്ഥാനമാക്കിയുള്ള തെളിവുകൾക്കുപകരം വിശ്വാസത്തെ അവലംബമാക്കേണ്ടിവരുമ്പോഴുള്ള സങ്കീർണതകളും സംശയങ്ങളും വിധിന്യായത്തിൽ അന്തർലീനമായി കിടക്കുന്നുണ്ട്. അത്തരം സംശയങ്ങളും വിധി പരിശോധിക്കപ്പെടണമെന്ന ആവശ്യവും ഒരു ജനാധിപത്യ സമൂഹത്തിൽ സ്വാഭാവികമായും ഉണ്ടാവും. സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധി അംഗീകരിക്കുമ്പോൾ തന്നെ അതിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാനും റിവ്യൂ ചെയ്യുവാനും നിയമം തന്നെ അനുമതി നൽകുന്നുണ്ട്. അയോധ്യ വിധിയെ പരിശോധിച്ചുകൊണ്ട് ജസ്റ്റിസ്ഗാംഗുലി വിധിയിലെ ശരികേടുകൾ വിശകലനം ചെയ്ത് വസ്തുതാപരമായി വിമർശനങ്ങൾ മുന്നോട്ടുവെച്ചിരുന്നു. 1949 ഡിസംബർ 22-ന് പള്ളിക്കകത്തേക്ക് അതിക്രമിച്ചുകടന്ന് വിഗ്രഹങ്ങൾ സ്ഥാപിച്ചതും 1992 ഡിസംബർ 6-ന് പള്ളി പൊളിച്ചതും നിയമവിരുദ്ധ പ്രവർത്തനമായി അംഗീകരിച്ച കോടതിയുടെ വിധിപ്രസ്താവനയിൽ വിശ്വാസത്തെ നിയമത്തിന്റെ മേൽ പ്രതിഷ്ഠിക്കുകയാണ് ഉണ്ടായത്. ഇത് ഈ വിധിയിലെ ചിന്തനീയമായ വൈരുദ്ധ്യമാണെന്നും പല നിയമവിദഗ്ധരും ചൂണ്ടിക്കാണിച്ചതാണ്.

ബാബ്‌റി മസ്ജിദ് തർക്കപ്രശ്‌നമാക്കുന്നത് അയോധ്യയിലെ ഹിന്ദുക്കൾക്കിടയിലും മുസ്ലീങ്ങൾക്കിടയിലും വർഗീയമായ വേർതിരിവ് ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ബ്രിട്ടീഷ് കൊളോണിയൽ ശക്തികളാണ് അയോധ്യയിലും മസ്ജിദിനെ കേന്ദ്രമാക്കി വേർതിരിവുകൾ സൃഷ്ടിച്ചത്. അതവരുടെ ഭിന്നിപ്പിക്കുക ഭരിക്കുകയെന്ന കൊളോണിയൽ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ബാബർ പള്ളി പണിത് മൂന്ന് നൂറ്റാണ്ടിനുശേഷമാണ് 1850-ൽ അയോധ്യയിൽ ഹിന്ദുമുസ്ലീം സംഘർഷമുണ്ടാകുന്നത്. അതിനെ തുടർന്നാണ് ഫൈസാബാദ് ജില്ലാ ഭരണാധികാരികൾ മസ്ജിദിന് പുറത്ത് രാംഛബൂത്ര അനുവദിക്കുന്നതും ഹിന്ദുക്കൾക്ക് ആരാധനാസ്വാതന്ത്ര്യം കൊടുക്കുന്നതും. കോടതി നിരീക്ഷിക്കുന്നതുപോലെ രാംഛബൂത്രയിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്കുള്ള സ്വാതന്ത്ര്യമല്ലാതെ ഭൂമിയിൽ ഉടമാവകാശം നൽകിയിരുന്നില്ല.

ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തോളോടുതോൾ ചേർന്ന് ബ്രിട്ടീഷുകാരെ പ്രതിരോധിച്ച പ്രദേശമാണ് അയോധ്യ ഉൾക്കൊള്ളുന്ന ഫൈസാബാദ്. ഹിന്ദുമുസ്ലീം ഐക്യം കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാരാണ് ‘ഭിന്നിപ്പിക്കുക ഭരിക്കുക’ എന്ന രാഷ്ട്രതന്ത്രം പ്രയോഗിക്കുന്നതിന് ബാബ്‌റിമസ്ജിദിനെ തർക്കഭൂമിയാക്കിമാറ്റുകയായിരുന്നു.

ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദുമുസ്ലീം ഐക്യത്തെക്കുറിച്ച് വർഗീയവാദിയാകുന്നതിനുമുമ്പ് സവർക്കർ എഴുതിയ ‘1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം’ എന്ന പുസ്തകത്തിൽ ചാൾസ്ബാളിനെ ഉദ്ധരിച്ചിരിക്കുന്നതുനോക്കൂ; ‘‘അത്ര അപ്രതിഹതവും ആശ്ചര്യജനകവും അസാമാന്യവുമായ പരിണാമം ലോകചരിത്രത്തിൽ തന്നെ വിരളമാണ്.” സവർക്കറുടെ ഈ വിലയിരുത്തൽ പോലെതന്നെയാണ് ജോർജ്ജ് ഡബ്ലിയൂ ഫോറസ്റ്ററും ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദുമുസൽമാൻ ഐക്യത്തെ വിലയിരുത്തിയത്. ‘‘ബ്രാഹ്മണരും ശ്രൂദ്രരും ഹിന്ദുക്കളും മുഹമ്മദീയരും ഒരുമിച്ച് വിപ്ലവമുണ്ടാക്കുന്നതിന് സാധ്യതയുണ്ടെന്നതിൽ കവിഞ്ഞ് ഇന്ത്യൻ വിപ്ലവം നൽകുന്ന മറ്റൊരു മുന്നറിയിപ്പില്ല.”

ഈയൊരു ഐക്യത്തെ തകർക്കാനാണ് ഫൈസാബാദ് ജില്ലാഭരണകൂടം അയോധ്യയിൽ ബാബ്‌റിമസ്ജിദിനുമുമ്പിലുള്ള ഭൂമി മഹന്തുക്കൾക്ക് നൽകി അവിടെ വേലി കെട്ടിയത്. 1858-ൽ അന്നത്തെ ബ്രിട്ടീഷ്‌റസിഡന്റ് പള്ളിയിലേക്കുള്ള പ്രവേശനം വടക്കേ ഗോപുരം വഴിയാക്കണമെന്ന് ഉത്തരവിറക്കുകയും ചെയ്തു. ഇതെല്ലാം അയോധ്യയിലെ ജനങ്ങളുടെ ചിരപുരാതനമായ ഐക്യത്തെയും മതസൗഹാർദ്ദത്തെയും തകർക്കാനുള്ള ബ്രിട്ടീഷ് തന്ത്രമായിരുന്നു. ജനങ്ങൾക്കിടയിൽ സംശയവും സ്പർദ്ദയും വളർത്തി സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്.

ഈയൊരു അപകടകരമായ നീക്കങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടാണ് ഫൈസാബാദിലെ ആത്മീയാചാര്യന്മാരായ മൗലവി അമീർഅലിയും മഹന്ത് രാംചരൺദാസും ഇരുവിഭാഗങ്ങളെയും അനുരജ്ഞനത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. ജനങ്ങളുടെ ബ്രിട്ടീഷ് വിരുദ്ധ ഐക്യത്തെ നിലനിർത്താൻ ശ്രമിച്ച ഈ രണ്ട് ആത്മീയാചാര്യന്മാരെയും ബ്രിട്ടീഷ് ഭരണകൂടം പ്രതികാരബുദ്ധിയോടെ കേസുകളിൽ കുടുക്കി തൂക്കിലേറ്റുകയായിരുന്നു. മതസൗഹാർദ്ദത്തിനും ജനങ്ങളുടെ ഐക്യത്തിനും വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന ഈ ആത്മീയാചാര്യന്മാരുടെ ഓർമ്മകളെപോലും ബ്രിട്ടീഷ്ഭരണകൂടം ഭയന്നു. അവരെ തൂക്കിലേറ്റിയ ആൽമരത്തെ ജനങ്ങൾ ആരാധിക്കാൻ തുടങ്ങിയതോടെയാണ് ബ്രിട്ടീഷ് ഭരണാധികാരികൾ അത് മുറിച്ചുമാറ്റിയത്.

1885ലാണ് മഹന്ത് രഘുബീർദാസ് എന്നൊരാളാണ് മസ്ജിദിന് പുറത്ത് ക്ഷേത്രം പണിയാൻ അനുമതി ചോദിച്ച് ഫൈസാബാദ് ജില്ലാകോടതിയെ സമീപിക്കുന്നത്. കോടതി അദ്ദേഹത്തിന്റെ ഹരജി തള്ളുകയാണ് ഉണ്ടായത്. 1949 വരെ ഈ സ്ഥിതി തുടർന്നു. ഗാന്ധിവധത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയ സംഘപരിവാർ ഗൂഢാലോചനയാണ് 1949 ഡിസംബർ 22-നും 29-നും ഇടയിലെ രാത്രിയിൽ ബാബ്‌റി മസ്ജിദിനകത്തേക്ക് രാമവിഗ്രഹം ഒളിച്ചുകടത്തി പ്രതിഷ്ഠിക്കുന്നതിലേക്കെത്തിയത്. ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ രാമചരിതമാനസ് എന്ന പേരിൽ 9 ദിവസമായി നടന്ന അഖണ്ഡനാമാചരണത്തിന്റെ സമാപന ദിവസമായിരുന്നു ഈ അതിക്രമം നടന്നത്. അതായത് അഖിലഭാരതീയ രാമായണ മഹാസഭ നടത്തുന്നതിന്റെ തുടർച്ചയിലാണ് പള്ളിയിൽ അതിക്രമിച്ചുകടന്ന് വിഗ്രഹങ്ങൾ സ്ഥാപിച്ചത്. മഹന്ത് ദിഗ്‌വിജയ്‌നാഥ് ബാബാ രാഘവദാസ് തുടങ്ങിയ ഹിന്ദുമഹാസഭാ നേതാക്കളായിരുന്നു ഈ കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്തത്. എന്നിട്ടവർ രാമവിഗ്രഹം പള്ളിക്കകത്ത് സ്വയംഭൂ ആയതാണെന്ന് പ്രചരണം നടത്തുകയായിരുന്നു. സുന്നി വഖഫ് ബോർഡും അക്കാലത്ത് ഫൈസാബാദ് അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ആചാര്യനരേന്ദ്രദേവും ഈ കടന്നുകയറ്റത്തിൽ ശക്തമായി പ്രതിഷേധമുയർത്തിയതായി മുകളിൽ സൂചിപ്പിച്ചിരുന്നല്ലോ.

1950ൽ ഗോപാൽ ഷിംലാവിശാരദ് എന്നൊരാൾ രാംലല്ലയിൽ പൂജ നടത്താൻ കോടതിയിൽ ഹരജി നൽകി. അതേ വർഷം തന്നെ പരമഹംസ് രാമചന്ദ്രദാസ് എന്നൊരാൾ സ്ഥിരം പൂജയ്‌ക്ക് സൗകര്യം ചോദിച്ച് കോടതിയെ സമീപിച്ചു. 1959-ൽ ഭൂമിയുടെ ഉടമസ്ഥാവകാശം ചോദിച്ച് നിർമ്മോഹി അഗാഡ കേസ് ഫയൽ ചെയ്തതോടെയാണ് കോടതി വ്യവഹാരങ്ങൾ സജീവമായത്. ഇതിനെതിരെ 1961-ൽ യുപി സുന്നിവഖഫ്‌ബോർഡ് നാലാമതൊരു ഹരജി കൂടി ഫയൽ ചെയ്യുന്നുണ്ട്. 1986-ലാണ് ഫൈസാബാദ് ജില്ലാകോടതി തർക്കഭൂമിയായി പൂട്ടിയിട്ട പള്ളി ഹിന്ദുക്കൾക്ക് തുറന്നുനൽകാൻ ഉത്തരവിട്ടത്. അന്നത്തെ എൻ ഡി തിവാരിയുടെ നേതൃത്വത്തിലുള്ള യുപി സർക്കാരും രാജീവ്ഗാന്ധി നേതൃത്വം കൊടുത്ത കേന്ദ്രസർക്കാരും ആ വിധിക്കെതിരെ അപ്പീൽപോകാനുള്ള നടപടിക്രമങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്ന് പള്ളി ഹിന്ദുക്കൾക്ക് തുറന്നുകൊടുക്കാൻ തിടുക്കം കാണിക്കുകയായിരുന്നു.

അതോടെയാണ് ബാബ്‌റിമസ്ജിദ് പ്രശ്‌നം ഇന്ത്യൻ രാഷ്ട്രീയത്തിൽ തീക്ഷ്ണമായത്. 1989-ൽ ബാബ്‌റി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള വിഎച്ച്പിയുടെയും സംഘപരിവാർ സംഘടനകളുടെയും നീക്കങ്ങൾക്ക് കേന്ദ്രസർക്കാരും യുപി സർക്കാരും എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. അയോധ്യയിൽ പള്ളി നിൽക്കുന്ന സ്ഥലത്ത് ശിലാന്യാസത്തിന് അനുമതി നൽകി. 1991ൽ യുപി സർക്കാർ മസ്ജിദിന് സമീപമുള്ള ഭൂമി ഏറ്റെടുത്തു. 1992 ഡിസംബർ 6-ന് ഇന്ത്യൻ മതനിരപേക്ഷതയുടെ പ്രതീകമായ ബാബ്‌റിമസ്ജിദ് ഹിന്ദുത്വശക്തികൾ പൊളിച്ചു. സുപ്രീംകോടതിയും ദേശീയ ഉദ്ഗ്രഥനസമിതിയും പാർലിമെന്റിലെ ബിജെപി എംപിമാരൊഴിച്ച് മറ്റെല്ലാ എംപിമാരും ഒന്നിച്ച് നരസിംഹറാവു സർക്കാരിനോട് പള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടതാണ്. അതിനുവേണ്ടി ഏതറ്റം വരെ പോകാനും കേന്ദ്രസർക്കാരിനവർ ഏകകണ്ഠമായി അവർ പിന്തുണ നൽകിയതാണ്. നരസിംഹറാവുവിന് ഉത്കണ്ഠ അയോധ്യയിൽ പള്ളിപൊളിക്കാനെത്തിയവർ കർസേവകർക്ക് ആവശ്യമായ സാനിറ്റേഷൻ സൗകര്യം ഫൈസാബാദിൽ ഒരുക്കുന്നതിനെക്കുറിച്ചായിരുന്നല്ലോ!

1980കൾ മുതൽ ഈ ലേഖകൻ ഉൾപ്പെടെയുള്ളവർ ബാബ്‌റിമസ്ജിദിന്റെയും സംഘപരിവാറിന്റെ അയോധ്യ രാഷ്ട്രീയത്തെയും കുറിച്ച് സംസാരിക്കാനും എഴുതാനും തുടങ്ങിയതാണ്. ഇന്നിപ്പോൾ ബാബ്‌റിമസ്ജിദ് തകർച്ചയുടെ 33 വർഷങ്ങൾ പിന്നിടുമ്പോൾ മസ്ജിദ് ധ്വംസനത്തിന്റെ ഉന്മാദം പിടിപെട്ടവർ രാജ്യമെമ്പാടും അഴിഞ്ഞാടുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. തീവ്ര വോട്ടർ പരിശോധനയും ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥകളുടെ തുടർച്ചയായ ഭേദഗതികളും വഴി രാജ്യത്തെ ഹിന്ദുരാഷ്ട്രത്തിലേക്ക് നയിക്കാനുള്ള കുടിലമായ നീക്കങ്ങളാണ് നടക്കുന്നത്. നീതിപീഠവും സർക്കാർ സംവിധാനങ്ങളും നിയമപാലകരും അപരമതവിദേ്വഷത്തിന്റെ ഉന്മാദം പിടിപെട്ട കാവിപ്പടക്കൊപ്പം ചേർന്ന് പ്രതിഷേധിക്കുന്നവർക്കെതിരെ വെടിയുണ്ടകളുതിർക്കുന്ന ദാരുണമായ സ്ഥിതിവിശേഷമാണുള്ളത്.

ബാബ്‌റി തകർച്ചയുടെ 33‐ാം വാർഷികം കടന്നുപോകുമ്പോൾ ന്യൂനപക്ഷ ആരാധനാലയങ്ങൾക്കെതിരായ ധ്വംസനപരിപാടികൾ കൂടുതൽ തീവ്രമായി സംഘപരിവാർ നടപ്പിലാക്കുകയാണെന്ന് നാം തിരിച്ചറിയണം. ഭരണഘടനയെ തന്നെ ഇല്ലാതാക്കുന്ന വിധ്വംസകമായ ഭേദഗതികളും നിയമനിർമ്മാണങ്ങളും തുടരുകയാണ് മോഡി സർക്കാർ. എൻഐഎ, യുഎപിഎ നിയമഭേദഗതികൾ, മുത്തലാഖ് ഭേദഗതി, തൊഴിൽനിയമഭേദഗതി, 370-‐ാം വകുപ്പ് എടുത്തുകളഞ്ഞത്, പൗരത്വനിയമഭേദഗതി, വഖഫ് നിയമഭേദഗതി, വനം-പരിസ്ഥിതി-ഖനന നിയമഭേദഗതികൾ തുടങ്ങി കോർപ്പറേറ്റ് ഹിന്ദുത്വ അജണ്ടയിൽ നിന്നുള്ള ഫാസിസ്റ്റ് അധികാരപ്രയോഗങ്ങൾക്ക് ഗതിവേഗം കൂട്ടിയിരിക്കുകയാണ്. ഏറ്റവുമൊടുവിൽ സഞ്ചാർസാഥി ആപ്പ് വഴി പൗരരുടെ സ്വകാര്യജീവിതവ്യവഹാരങ്ങൾക്കുമേൽ കടന്നുകയറാനുള്ള നീക്കമാണ് മോഡി സർക്കാർ നടത്തിയത്. ഭരണകൂടം മനുഷ്യജീവിതത്തിന്റെ സമസ്തതലങ്ങളെയും തങ്ങളുടെ നിരീക്ഷണങ്ങൾക്കുകീഴിൽ കൊണ്ടുവരുന്ന ഫാസിസ്റ്റ് ഭീകരതയിലേക്കാണ് രാജ്യം എത്തിച്ചേർന്നിരിക്കുന്നത്. l

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

വർഗസമരവും മാധ്യമങ്ങളും‐ 12

പത്രപ്രവർത്തന ചരിത്രം ഇന്ത്യ ബ്രിട്ടീഷ്- കോളനി ആയിരുന്ന കാലത്താണ് നമ്മുടെ പത്രപ്രവർത്തന ചരിത്രം...

പോൾ ഗോഗിനും സ്വതന്ത്രചിന്തയുടെ ആവിഷ്‌കാരങ്ങളും

സാമ്പ്രദായിക രീതിയിൽനിന്ന്‌ മാറി ടാഹിറ്റിയിലെ കറുത്ത മനുഷ്യരെ ചേർത്തുപിടിക്കുകയും അവരുടെ ജീവിതവഴികളോടൊപ്പം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 10

ഇസ്‌ക്രാദിനങ്ങൾ ‘‘ലെനിനെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ ജീവിതം ഒരു ഒഴിവുകാലം ചെലവഴിക്കലായിരുന്നില്ല. അദ്ദേഹം റഷ്യയ്‌ക്കു...
spot_img

Related Articles

Popular Categories

spot_imgspot_img