
ഇസ്‌ക്രാദിനങ്ങൾ
‘‘ലെനിനെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ ജീവിതം ഒരു ഒഴിവുകാലം ചെലവഴിക്കലായിരുന്നില്ല. അദ്ദേഹം റഷ്യയ്‌ക്കു പുറത്തായിരുന്നെങ്കിൽപോലും പൊലീസിന്റെ (റഷ്യൻ) നിരീക്ഷണവലയത്തിന് പുറത്തായിരുന്നില്ല. അതുകൊണ്ടുതന്നെ, ഒളിവുജീവിതത്തിലേക്ക് നീങ്ങാൻ അദ്ദേഹം നിർബന്ധിതനായി; പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ അദ്ദേഹം വ്യാപകമായി വ്യാജനാമങ്ങൾ ഉപയോഗിച്ചു. തന്റെ കൃതികളിലും നിത്യജീവിതത്തിലും ഇങ്ങനെ 150ൽ അധികം വ്യാജനാമങ്ങൾ ലെനിൻ ഉപയോഗിച്ചു’’‐ ക്രിസ്റ്റഫർ റീഡ്
‐ (Lenin: A Revolutionary Life)
അക്കാലത്തെ പ്രമുഖ റഷ്യൻ മാർക്‌സിസ്റ്റ് സൈദ്ധാന്തികനായി പൊതുവെ അംഗീകരിക്കപ്പെട്ടിരുന്ന ലിബറേഷൻ ഓഫ് ലേബർ ഗ്രൂപ്പ് നേതാവ് പ്ലെഖാനോവുമായി ചേർന്ന് റഷ്യയിൽ രാഷ്‌ട്രീയ വിപ്ലവം നടത്താനുള്ള പ്രവർത്തനം വിദേശത്തുനിന്ന് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് യൂറോപ്പിലേക്ക് പോകാൻ ലെനിൻ നിശ്ചയിച്ചത്. സെന്റ് പീറ്റേഴ്‌സ്‌ബെർഗിൽ യൂണിയൻ ഓഫ് സ്‌ട്രഗിൾ ഫോർ ദി ഇമാൻസിപ്പേഷൻ ഓഫ് ദി വർക്കിംഗ് ക്ലാസ് രൂപീകരിക്കുന്നതിൽ ഒന്നിച്ചുനിന്ന ജൂലിയസ് മാർത്തോവും അലക്‌സാണ്ടർ പൊത്രേസോവും ലെനിനൊപ്പം യൂറോപ്പിലേക്ക് കടന്നു. റഷ്യയിൽ ഇവരെക്കൊണ്ടുള്ള ശല്യം കുറയുമല്ലോയെന്ന ധാരണയിൽ സാറിസ്റ്റു ഭരണാധികാരികൾ അതിൽ ആശ്വസിച്ചു. എങ്കിലും സാറിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ചാരക്കണ്ണുകൾ ആ റഷ്യൻ വിപ്ലവകാരികളെ വിടാതെ പിന്തുടർന്നു. അതുകൊണ്ട് ലെനിനും കൂട്ടരും പല പേരുകളിലും പല സ്ഥലങ്ങളിൽ മാറിമാറിയും താമസിക്കാൻ നിർബന്ധിതരായി. വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിക്കുക മാത്രമല്ല, ദേശീയസ്വത്വം സംബന്ധിച്ചും തരാതരംപോലെ മാറ്റിപറഞ്ഞാണ്‐ ചിലപ്പോൾ ബൾഗേറിയക്കാരനായും ചിലപ്പോൾ ജർമൻകാരനായും മറ്റുമെല്ലാം‐ ഒളിവുജീവിതം നയിച്ചത്.
റഷ്യൻ പൊലീസിനെ മാത്രമല്ല ഇത് വഴിതെറ്റിച്ചത്. നാടുകടത്തൽ കാലംകഴിഞ്ഞ് ലെനിനെ കാണാൻ തിരക്കിട്ടെത്തിയ ക്രൂപ്‌സ്‌കായയെയും കുറച്ചേറെ ആശയക്കുഴപ്പത്തിലാക്കി. 1901 ഏപ്രിൽ മാസത്തിൽ നാടുകടത്തൽ കാലാവധി അവസാനിച്ചതോടെ ഒട്ടും സമയം പാഴാക്കാതെ ഉഫയിൽനിന്ന് ക്രൂപ്‌സ്‌കായ പ്രാഗിലെ (ചെക്കോസ്ലോവാക്യ) ഒരു മേൽവിലാസത്തിൽ മൊദ്രാചെക് (Modraczek) എന്ന പേരിൽ ലെനിൻ താമസിക്കുന്നുവെന്ന വിവരപ്രകാരം അവിടെയെത്തി. അതേക്കുറിച്ച് ക്രൂപ്‌സ്‌കായ രസകരമായി ഇങ്ങനെ വിവരിക്കുന്നു‐ ‘‘ഞാൻ ഒരു ടെലഗ്രാമം സന്ദേശമയച്ചിട്ട് പ്രാഗിലെത്തി. പക്ഷേ എന്നെ സ്വീകരിക്കാൻ ഒരാളും വന്നില്ല. ആകെ പരിഭ്രാന്തിയിലായ ഞാൻ പഴയൊരു വണ്ടി ഒപ്പിച്ച് അതിൽ എന്റെ സാധനസാമഗ്രികൾ കയറ്റി മേൽവിലാസം തേടി യാത്രതിരിച്ചു. ഒടുവിൽ മുറികൾ വാടകയ്‌ക്ക് കൊടുക്കുന്ന വലിയൊരു കെട്ടിടത്തിനു മുന്നിലെത്തി. നാലാമത്തെ നിലയിലെത്തി. ചെക് വംശക്കാരിയായ ഒരു കൊച്ചുസ്‌ത്രീ വാതിൽ തുറന്ന് പുറത്തുവന്നു. ‘മൊദ്രാചെക്’ ഞാൻ ആവർത്തിച്ച് വിളിച്ചു’. ‘എടോ മൊദ്രാചെക്കേ’ എന്ന് ആ സ്‌ത്രീ വിളിച്ചതോടെ ഒരു തൊഴിലാളി മുറിക്കുള്ളിൽനിന്ന് ഇറങ്ങിവന്നു‐ ‘‘ഞാനാണ് മൊദ്രാചെക്ക്’’ ആകെ ശക്തി ക്ഷയിച്ച് സ്‌തംഭിച്ചുപോയ ഞാൻ വിക്കിവിക്കി ഇങ്ങനെ പറഞ്ഞു‐ ‘‘ഇയാളെയല്ല, എന്റെ ഭർത്താവിനെയാണ് എനിക്ക് കാണേണ്ടത്’’.

തനിക്ക് തെറ്റുപറ്റിയതായി മനസ്സിലാക്കിയ ക്രൂപ്‌സ്‌കായയ്‌ക്ക് ലെനിൻ മ്യൂണിച്ചിൽ മറ്റൊരു പേരിൽ (റിറ്റ്‌മെയർ‐ Rittmeyer) കഴിയുകയാണെന്ന് അറിയാൻ കഴിഞ്ഞു. യഥാർത്ഥത്തിൽ മ്യൂണിച്ചിലെ വിലാസത്തിലുണ്ടായിരുന്ന റിറ്റ്‌മെയറും ലെനിനായിരുന്നില്ല. മൊദ്രാചെക്കിനെപോലെ ലെനിന് കത്തുകൾ എത്തിച്ചുനൽകാനുള്ള ഒരാൾ മാത്രമായിരുന്നു അത്. പക്ഷേ അയാളുടെ അടുത്ത് എത്തിയപ്പോൾ ക്രൂപ്‌സ്‌കായയ്‌ക്ക് ലെനിന്റെ അടുത്തെത്താൻ കഴിഞ്ഞു. കാരണം അതിനടുത്തുതന്നെയുള്ള മറ്റൊരു കെട്ടിടത്തിൽ ലെനിൻ ഹെർമെയർ എന്ന പേരിൽ കഴിയുന്നുണ്ടായിരുന്നു. അങ്ങനെ മ്യൂണിച്ചിൽ അവർ ഒരുമിച്ച് ഒരു അപ്പാർട്ട്‌മെന്റിൽ പാർപ്പുറപ്പിച്ചു. ലെനിന് എപ്പോഴും സന്ദർശകരുണ്ടായിരുന്നു. നിരന്തരമുള്ള മണിക്കൂറുകൾ നീണ്ട ചർച്ചകൾ ലെനിന്റെ ആരോഗ്യസ്ഥിതി വഷളാക്കി.
ലെനിനും മാർത്തോവും പൊത്രേസേവും പടിഞ്ഞാറൻ യൂറോപ്പിലെത്തിയത് സ്വിറ്റ്‌സർലാണ്ടിലുണ്ടായിരുന്ന പ്ലെഖാനോവുമായും വേരാ സാസുലിച്ചുമായും ആക്‌സൽറോഡുമായുമെല്ലാം ചേർന്ന് റഷ്യയിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി കെട്ടിപ്പടുക്കുന്നതിനു വേണ്ട നീക്കങ്ങൾ നടത്താനായിരുന്നു. അത് യഥാർഥത്തിൽ നേരത്തേതന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. 1883ൽ പ്ലെഖാനോവിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച ഇമാൻസിപ്പേഷൻ ഓഫ് ലേബർ ഗ്രൂപ്പ് ഇതിന്റെ ആദ്യരൂപമായിരുന്നു. 1893‐95 കാലത്ത് പെട്രോഗ്രാഡിലും മോസ്‌കോയിലും മറ്റും അതിന്റെ പ്രവർത്തനങ്ങളിൽ ലെനിൻ സജീവമായി ഇടപെട്ടിട്ടുമുണ്ടായിരുന്നു.
ഏകീകൃതമായ ഒരു അഖിലറഷ്യൻ തൊഴിലാളിവർഗ വിപ്ലവ പാർട്ടി കെട്ടിപ്പടുക്കുകയെന്നത് ശ്രമകരമായ കടമയായിരുന്നു. 1898 മാർച്ചിൽ മിൻസ്‌കിൽ ചേർന്ന ഒരു യോഗത്തിൽ അത്തരമൊരു പാർട്ടിക്ക് രൂപംനൽകിയിരുന്നു. റഷ്യയിൽ പല ഭാഗത്തായി പ്രവർത്തിച്ചിരുന്ന മാർക്‌സിസ്റ്റ് ഗ്രൂപ്പുകൾ ഒന്നിച്ചുചേർന്നായിരുന്നു അതിനു രൂപംനൽകിയത്. ലെനിനും മാർത്തോവും പൊത്രേസോവുമാണ് അതിന് മുൻകൈയെടുത്തത്. കടുത്ത അടിച്ചമർത്തലിന്റേതായ സാഹചര്യത്താലും പ്രവർത്തനപദ്ധതിയെ സംബന്ധിച്ച വ്യക്തതക്കുറവുണ്ടായിരുന്നതിനാലും അതിന്റെ പ്രവർത്തനം വേണ്ടത്ര മുന്നോട്ടുപോയിരുന്നില്ല. എന്നാൽ പാർട്ടി പരിപാടിക്ക് ആ യോഗം രൂപംനൽകിയിരുന്നു. അതിനെക്കുറിച്ച് ലെനിൻ 1899ൽ റബോച്ചായ ഗസറ്റ (Rabochaya Gazeta-‐ Workers Newspaper)യിൽ എഴുതിയ Our Programme (നമ്മുടെ പരിപാടി) എന്ന ലേഖനം ഏറെ പ്രസിദ്ധമാണ്. അതിന്റെ തുടക്കത്തിൽതന്നെ ലെനിൻ അർഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നത്, ‘‘നാം നമ്മുടെ നിലപാടിന് രൂപംനൽകേണ്ടത് പൂർണമായും മാർക്‌സിസ്റ്റ് സൈദ്ധാന്തിക പദ്ധതിക്കനുസരിച്ചായിരിക്കണം’’ എന്നാണ്. സോഷ്യലിസം എന്ന ആശയത്തെ കേവലം സങ്കൽപ്പസ്വർഗമെന്നതിൽനിന്ന് നടപ്പാക്കാനാകുന്നതും ചരിത്രത്തിന്റെ അനിവാര്യതയുമായ ഒരു ശാസ്‌ത്രീയചിന്തയായി വികസിപ്പിച്ചത് മാർക്‌സിസമാണെന്ന് പറഞ്ഞ ലെനിൻ, കാലദേശാനുസരണമുള്ള മാർക്‌സിസത്തിന്റെ പ്രസക്‌തിയെയും പ്രയോഗത്തെയുംകുറിച്ച് പറയുന്നത് ലെനിനിസത്തിന്റെ ആധാരശിലയായി മാറുന്നുണ്ട്. അദ്ദേഹം ആ ലേഖനത്തിൽ ഇങ്ങനെ വ്യക്തമാക്കുന്നു: ‘‘മാർക്‌സിന്റെ സിദ്ധാന്തത്തെ പൂർണതയെത്തിയ ഒന്നായോ അലംഘനീയമായതായോ നാം കണക്കാക്കുന്നില്ല; നേരെമറിച്ച്, ആ ശാസ്‌ത്രത്തിന്റെ അടിസ്ഥാനശിലയിടുക മാത്രമാണ് അത് ചെയ്‌തിട്ടുള്ളതെന്ന കാര്യം നമുക്ക് ബോധ്യമുണ്ട്; ജീവിതക്രമത്തിനനുസരിച്ച് നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ സോഷ്യലിസ്റ്റുകൾ അതിനെ എല്ലാദിശകളിലും വികസിപ്പിക്കണം. റഷ്യൻ സോഷ്യലിസ്റ്റുകളെ സംബന്ധിച്ചിടത്തോളം മാർക്‌സിന്റെ സിദ്ധാന്തത്തെ സ്വതന്ത്രമായി വിപുലീകരിക്കേണ്ടത് പ്രത്യേകിച്ചും അനുപേക്ഷണിയമാണ്; കാരണം ഈ സിദ്ധാന്തം പൊതുവായ ഒരു മാർഗദർശകതത്വം മാത്രമാണ് മുന്നോട്ടുവച്ചിട്ടുള്ളത്’’. ഓരോ രാജ്യത്തിന്റെയും ഓരോ കാലത്തെയും സാഹചര്യങ്ങൾക്കനുസരിച്ച് അത് പ്രയോഗിക്കുന്നതിനുള്ള പരിപാടിയാണ് വികസിപ്പിക്കേണ്ടത്, തയ്യാറാക്കേണ്ടത് എന്നാണ് ലെനിൻ വ്യക്തമാക്കുന്നത്. മൂർത്തമായ സാഹചര്യം മൂർത്തമായി വിശകലനം ചെയ്‌തതിന്റെ അടിസ്ഥാനത്തിലുള്ള മൂർത്തമായ പ്രയോഗം എന്ന ലെനിനിസ്റ്റ് ആശയത്തിന് അദ്ദേഹം ഇവിടെ അടിത്തറയിടുകയാണുണ്ടായത്.
അഖില റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി കെട്ടിപ്പടുക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 1898ൽ മിൻസ്‌കിൽ (ഇന്നത്തെ ബെലാറസിന്റെ തലസ്ഥാനം) യോഗം ചേർന്ന് പാർട്ടിക്ക് രൂപം നൽകിയത്. അതിന്റെ പ്രവർത്തനം സജീവമാക്കുകയും റഷ്യയിലുടനീളം ആ പാർട്ടി കെട്ടിപ്പടുക്കുകയുമായിരുന്നു ലെനിന്റെയും പ്രവാസികളായി യൂറോപ്പിലെത്തിയ മറ്റു റഷ്യൻ വിപ്ലവകാരികളുടെയും മുന്നിലുണ്ടായിരുന്ന അടിയന്തര കടമ.
സ്വിറ്റ്‌സർലണ്ടിലെത്തി പ്ലെഖാനോവിനെയും കൂട്ടരെയും കണ്ട് ലെനിനും മാർത്തോവും പ്രധാനമായും ചർച്ച നടത്തിയത് തങ്ങളുടെ മുന്നിലുള്ള ഈ കടമ നിറവേറ്റുന്നതെങ്ങനെയെന്നായിരുന്നു. സംഘാടകന്റെയും പ്രചാരകന്റെയും അധ്യാപകന്റെയും ദൗത്യം ഏറ്റെടുക്കാൻ കഴിയുന്ന ഒരു പത്രം അനിവാര്യമാണെന്ന ലെനിന്റെ നിർദേശം മറ്റുള്ളവരെല്ലാം അംഗീകരിക്കുകയാണുണ്ടായത്. അങ്ങനെയാണ് ഇസ്‌ക്ര (തീപ്പൊരി) റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ മുഖപത്രമായി പ്രസിദ്ധീകരിക്കാൻ ആരംഭിച്ചത്. വിദേശത്ത് അച്ചടിച്ച് റൊമാനിയ വഴി റഷ്യയിൽ എത്തിക്കുകയെന്നതായിരുന്നു പദ്ധതി. വ്‌ളാദ്‌മീർ ഇലിച്ച് ലെനിൻ, ജി വി പ്ലെഖാനോവ്, ജൂലിയസ് മാർത്തോവ്, വേരാ സാസുലിച്ച്, പവേൽ ആക്‌സൽറോഡ്, അലക്‌സാണ്ടർ പൊത്രേസോവ് എന്നിവരായിരുന്നു പത്രാധിപസമിതി അംഗങ്ങൾ. ആദ്യലക്കം 1900 ഡിസംബർ ഒന്നിന് ജർമനിയിലെ ലീപ്‌സിഗിൽനിന്ന് പ്രസിദ്ധീകരിച്ചു. തുടർന്ന് 1900‐1902 കാലത്ത് മ്യൂണിച്ചിൽനിന്നും പിന്നീട് 1903 മുതൽ ജനീവയിൽനിന്നും പ്രസിദ്ധീകരിച്ചു. 1902‐03 കാലത്ത് ലെനിൻ ലണ്ടനിലായിരുന്നപ്പോൾ എഡിറ്റിങ് ജോലികൾ ലണ്ടനിലേക്ക് മാറ്റി; അത്യാവശ്യം വേണ്ട അച്ചടി ജോലികളും അവിടെനിന്നാക്കി.
ഇസ്‌ക്രയുടെ ആദ്യലക്കം മുതലുള്ള ആപ്‌തവാക്യം, ‘‘തീപ്പൊരി തീജ്വാലയായി ആളിപ്പടരും’’ എന്നതായിരുന്നു. പത്രത്തിന്റെ എഡിറ്റോറിയൽ നയം രാഷ്‌ട്രീയസ്വാതന്ത്ര്യത്തിനും സോഷ്യലിസ്റ്റ് വിപ്ലവത്തിനുംവേണ്ടിയുള്ള പോരാട്ടമായിരുന്നു. രാഷ്‌ട്രീയസ്വാതന്ത്ര്യത്തിനായുള്ള സമരത്തിനെതിരായും തൊഴിലാളികളുടെ സാന്പത്തികാവശ്യങ്ങൾക്കുവേണ്ടി മാത്രവും നിലപാട് സ്വീകരിച്ച സാന്പത്തികസമരമാത്രവാദികൾക്കെതിരെ ഇസ്‌ക്ര വിട്ടുവീഴ്‌ചയില്ലാത്ത നിലപാടെടുത്തു. അതുപോലെതന്നെ സാറിസ്റ്റ് വാഴ്‌ചയ്ക്കെതിരെ ഭീകരപ്രവർത്തനം നടത്തുകയാണ് വേണ്ടതെന്നു വാദിച്ച പഴയ നരോദ്‌നിക്കുകളുടെ പിൻമുറക്കാരായ സോഷ്യലിസ്റ്റ് റവല്യൂഷണറികളോടും ലെനിനും ഇസ്‌ക്രയും ശക്തമായി പൊരുതി. യഥാർത്ഥത്തിൽ ഈ രണ്ടു കൂട്ടരും ഒരേ നാണയത്തിന്റെ ഇരുവശവും തന്നെയെന്ന് കാലം തെളിയിച്ചു‐ 1917ൽ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിനെതിരെ ഇരുകൂട്ടരും ഒരുമിച്ച് അണിനിരക്കുന്നതാണ് നാം കണ്ടത്.
ആദ്യലക്കത്തിൽ ഇസ്‌ക്രയുടെ എഡിറ്റോറിയൽ ബോർഡിനുവേണ്ടി ലെനിൻ എഴുതിയ പ്രഖ്യാപനത്തിൽ ഇസ്‌ക്ര ഏറ്റെടുക്കുന്ന കടമകളെക്കുറിച്ച് സുവ്യക്തമായി പറയുന്നുണ്ട്. ‘‘റഷ്യൻ സോഷ്യൽ ഡെമോക്രാറ്റുകളായ നമ്മൾ ഒന്നിക്കുകയും ശക്തമായ ഒരു പാർട്ടി കെട്ടിപ്പടുക്കുന്നതിനായി പരിശ്രമിക്കുകയും വേണം; ആ പാർട്ടി വിപ്ലവ സോഷ്യൽ ഡെമോക്രസിയുടെ ഒരൊറ്റ കൊടിക്കീഴിൽനിന്ന് പോരാടണം. റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി രൂപീകരിക്കപ്പെട്ട, അതിന്റെ മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ച 1898ലെ ഒന്നാം കോൺഗ്രസ് മന്നോട്ടുവെച്ച കടമയാണിത്’’ (ലെനിൻ സമാഹൃതകൃതികൾ, വോള്യം: 4 പേജ് 353, 1964).
ലെനിൻ തുടരുന്നു‐ ‘‘ആയതിനാൽ ഞങ്ങളുടെ പ്രസിദ്ധീകരണത്തെ നാനാവിധ കാഴ്‌ചപ്പാടുകൾ കുത്തിനിറയ്‌ക്കാനുള്ള ഒരു കലവറയാക്കി മാറ്റാൻ ആഗ്രഹിക്കുന്നില്ല. നേരെമറിച്ച്, കർശനമായി നിർവചിക്കപ്പെട്ടിട്ടുള്ള ഒരു ആശയത്തിന്റെ പിൻബലത്തിലായിരിക്കും ഞങ്ങളത് നടത്തുന്നത്. ഈ ആശയത്തെ മാർക്‌സിസം എന്ന വാക്കുകൊണ്ട് പ്രകടമാക്കാനാകും; അതുകൊണ്ടുതന്നെ മാർക്‌സിന്റെയും എംഗൽസിന്റെയും ആശയങ്ങൾ സ്ഥിരമായും തുടർച്ചയായും വികസിപ്പിക്കുന്നതിനായാണ് നാം നിലനിൽക്കുന്നതെന്ന് പ്രത്യേകം എടുത്തുപറയേണ്ട ആവശ്യമേയില്ല; എഡ്വേർഡ് ബേൺസ്റ്റീനും പീറ്റർ സ്‌ട്രൂവെയും മറ്റു പലരും നടത്തുന്ന അവ്യക്തവും അവസരവാദപരവും വളച്ചൊടിക്കപ്പെട്ടതുമായ ‘തിരുത്തലുകളെ’ ഞങ്ങൾ പൂർണമായും അർഥശങ്കകൂടാതെയും തിരസ്‌കരിക്കുന്നു’. (ലെനിൻ, സമാഹൃതകൃതികൾ വോള്യം‐ 4, പേജ് 355, 1964)
ഇസ്‌ക്രയുടെ പ്രസിദ്ധീകരണത്തോടെ റഷ്യൻ വിപ്ലവകാരികളാകെ അതിനു പിന്നിൽ അണിനിരക്കുന്ന സ്ഥിതിയായി. ഇസ്‌ക്രയുടെ 1901 അവസാനം പ്രസിദ്ധീകരിച്ച 4‐ാമത്തെ ലക്കത്തിലാണ് ലെനിന്റെ ഏറെ പ്രസിദ്ധമായ, ‘എന്തു ചെയ്യണം?’ എന്ന കൃതി ആദ്യമായി അച്ചടിച്ചത്. 1903ൽ ഇസ്‌ക്ര പത്രാധിപസമിതിയിൽനിന്ന് രാജിവയ്‌ക്കുന്നതുവരെ ലെനിൻ ഒട്ടേറെ ലേഖനങ്ങൾ അതിൽ എഴുതി. പ്ലെഖാനോവ്, വേരാ സാസുലിച്ച്, മാർത്തോവ് തുടങ്ങിയവരും ഇസ്‌ക്രയിലെ സ്ഥിരം എഴുത്തുകാരായിരുന്നു. റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ സൈദ്ധാന്തിക പ്രസിദ്ധീകരണമായി ജർമനിയിലെ സ്റ്റുട്ട്‌ഗർട്ടിൽനിന്ന് 1901‐02 കാലത്ത് പുറത്തിറക്കിയ സാര്യ (Zarya)യിലും ലെനിൻ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ The Agrarian Question and the Critics of Marx (കാർഷികപ്രശ്‌നവും മാർക്‌സിന്റെ വിമർശകരും) എന്ന കൃതി ആദ്യമായി അച്ചടിച്ചുവന്നത് സാര്യയിലായിരുന്നു.
റഷ്യയിലെ സോഷ്യൽ ഡെമോക്രാറ്റുകൾക്കു മുന്നിലുണ്ടായിരുന്ന കടമ അതിബൃഹത്തായിരുന്നു. റഷ്യയിലും പശ്ചിമയൂറോപ്പിലും പലേടത്തുമായി ചിന്നിച്ചിതറി കിടന്നിരുന്ന, പരസ്‌പരം വളരെ അയഞ്ഞ ബന്ധം മാത്രമുണ്ടായിരുന്ന ഗ്രൂപ്പുകൾ ഉൾപ്പെടുന്നതായിരുന്നു റഷ്യയിലെ സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനം. കൃത്യമായ ഒരു സംഘടനാ ചട്ടക്കൂട് അതിനുണ്ടായിരുന്നില്ല. പാർട്ടി സംഘടനയെ സംബന്ധിച്ചുതന്നെ വളരെ വ്യത്യസ്‌തമായ, പരസ്‌പരവിരുദ്ധം പോലുമായ ഒട്ടേറെ ആശയങ്ങൾ ഓരോ ഗ്രൂപ്പിനെയും വ്യക്തികളെയും നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലെനിൻ മുൻകൈയെടുത്ത് 1898ൽ മിൻസ്‌കിൽവെച്ച് വിവിധ ഗ്രൂപ്പുകളുടെ പ്രതിനിധികൾ ചേർന്ന് റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിക്ക് രൂപംനൽകിയത്. അതിന്റെ പ്രവർത്തനം സുസംഘടിതവും അഖില റഷ്യ അടിസ്ഥാനത്തിലുള്ളതുമാക്കുകയെന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിനായാണ് ഇസ്‌ക്ര സ്ഥാപിക്കാൻ ലെനിൻ മുൻകൈയെടുത്തത്.
റഷ്യയിലുടനീളം പാർട്ടിയുടെ വേരുറപ്പിക്കുന്നതിനും പാർട്ടി കെട്ടിപ്പടുക്കുന്നതിനുമുള്ള സംഘാടകന്റെ കടമയാണ് പാർട്ടി പത്രം വഹിക്കേണ്ടത് എന്ന കാഴ്‌ചപ്പാടാണ് ലെനിൻ മുന്നോട്ടുവച്ചത്. ഇസ്‌ക്രയുടെ ആദ്യത്തെ 45 ലക്കങ്ങളിൽ ലെനിൻ 32 ലേഖനങ്ങളും മാർത്തോവ് 31 ലേഖനങ്ങളും പ്ലെഖാനോവ് 24 ലേഖനങ്ങളും എഴുതി. വേരാ സാസുലിച്ചും ആക്‌സൽറോഡും പൊത്രേസോവുമെല്ലാം അതിൽ എഴുതിയിരുന്നു. ലെനിനും മാർത്തോവുമാണ് പ്രധാനമായും എഡിറ്റിങ് ജോലികൾ നിർവഹിച്ചത്.
പാർട്ടി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി അതിന്റെ സംഘടനാസംവിധാനം, മെന്പർഷിപ്പ്, പ്രവർത്തനരീതി എന്നിവയെക്കുറിച്ചെല്ലാം ഇതേകാലത്ത് ചർച്ച നടക്കുന്നുണ്ടായിരുന്നു. ഇതെല്ലാം സംബന്ധിച്ച ലെനിന്റെ കാഴ്‌ചപ്പാടാണ് ഇസ്‌ക്രയിൽ അദ്ദേഹം എഴുതിയ ലേഖനങ്ങളിൽ‐ മുഖ്യമായും Where To Begin (എവിടെനിന്നു തുടങ്ങണം), What Is To Be Done? (എന്തുചെയ്യണം) എന്നീ കൃതികളിൽ‐ പ്രതിഫലിച്ചത്. എന്നാൽ ഇക്കാര്യങ്ങൾ സംബന്ധിച്ച് ഇസ്‌ക്ര പത്രാധിപസമിതിയിൽ രണ്ട് അഭിപ്രായങ്ങൾ രൂപംകൊണ്ടിരുന്നു. ഒരുവശത്ത് ലെനിൻ പാർട്ടി സംഘടന സംബന്ധിച്ച ഉറച്ച നിലപാടെടുത്തപ്പോൾ അതിൽനിന്ന് തികച്ചും വ്യത്യസ്‌തമായി അയഞ്ഞ സംഘടനാരൂപം എന്ന ആശയമാണ് മാർത്തോവും മറ്റും മുന്നോട്ടുവച്ചത്. ഈ രണ്ട് ചിന്താഗതികൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വേദിയായി 1903ൽ ലണ്ടനിൽ ചേർന്ന ആർഎസ്‌ഡിഎൽപിയുടെ രണ്ടാം കോൺഗ്രസ് മാറി. ലെനിന്റെ നേതൃത്വത്തിൽ ഭൂരിപക്ഷവും മാർത്തോവിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷവുമായി പിരിഞ്ഞു. ഭൂരിപക്ഷം എന്ന വാക്കിന്റെ റഷ്യൻ പദമായ ബോൾഷെവിക് എന്നും ന്യൂനപക്ഷം എന്ന വാക്കിന്റെ റഷ്യൻ പദമായ മെൻഷെവിക് എന്നും ഇരുവിഭാഗവും പിന്നീട് അറിയപ്പെട്ടു.
ബോൾഷെവിക്കുകൾക്കുണ്ടായ വലിയ നേട്ടം ഇസ്‌ക്രയുടെ പത്രാധിപസമിതിയുടെ എണ്ണം ആറിൽനിന്ന് മൂന്നായി കുറയ്‌ക്കാനുള്ള ലെനിന്റെ നിർദേശം കോൺഗ്രസ് അംഗീകരിച്ചതാണ്‐ ലെനിൻ, പ്ലെഖാനോവ്, മാർത്തോവ് എന്നീ മൂന്നംഗങ്ങൾ ഉൾക്കൊള്ളുന്ന പത്രാധിപസമിതി. അലക്‌സാണ്ടർ പൊത്രേസോവും പവേൽ അക്‌സൽറോഡും വേരാ സാസുലിച്ചും (മൂന്നുപേരും മെൻഷെവിക് പക്ഷത്തായിരുന്നു) പത്രാധിപസമിതിയിൽനിന്നും പുറത്തായി. ഗ്രിഗറി സിനോവീവ് (Gregory Zinoviev, അനറ്റോളി ലുനാചാർസ്‌കി (Anatoli Lunacharsky), ജോസഫ് സ്റ്റാലിൻ, മിഖായേൽ ലാഷേവിച്ച് (Mikhail Lashevich), നദേഷ്‌ദ ക്രൂപ്‌സ്‌കായ, മിഖായേൽ ഫ്രൂൺസ് (Mikhail Frunz), അലക്‌സി റൈക്കോവ് (Alexei Rykov), യാക്കോവ് സ്വെർദ്‌ലോവ് (Yakov Sverdlov), ലെവ് കമനേവ് (Lev Kamenev), മാക്‌സിം ലിറ്റ്‌വിനോവ് (Maxim Litvinov), വ്‌ളാദ്‌മീർ ആന്റണോവ് (Vladmir Antonov), ഫെലിക്‌സ് സെർഷിൻസ്‌കി (Felix Dzerzhinsky), വ്യായെസ്ലാവ് മെൻഷിൻസ്‌കി (Vyacheslav Menzhinsky), ക്ലിമെന്റ് വൊറോഷിലോവ് (Kliment Voroshilov), വാട്‌സ്ലാവ് വൊറോവ്‌സ്‌കി (Vatslav Vorovsky), യാൻ ബെർസിൻ (Yan Berzin), ഗ്രിഗറി ഓർദ്‌ഷോനികിഡ്‌സെ (Gegory Ordzhonikidze) എന്നിവരാണ് ലെനിനൊപ്പം ബോൾഷെവിക് പക്ഷത്ത് നിന്നത്.
ജൂലിയസ് മാർത്തോവ്, പവേൽ അക്‌സൽറോഡ്, ലെവ് ദൈഷ് (Lev Deich), വ്‌ളാദ്‌മീർ ആന്റെണോവ് ഒവ്‌സീങ്കൊ (Vladmir Antonov Orsenko), ഇറക്ലി സേരത്തേലി (Irakli Tsereteli), മൊസേയി ഉറിത്‌സ്‌കി (Moisei Uritsky), വേരാ സാസുലിച്ച്, ലിയോൺ ട്രോഡ്‌സ്‌കി, അലക്‌സാണ്ടർ പൊത്രേസോവ്, നോയ് ഷൊർദാനിയ (Noi Zhordania), ഫെദോർ ഡാൻ (Fedor Dan) എന്നിവരാണ് മെൻഷെവിക് പക്ഷത്ത് നിലയുറപ്പിച്ചത്.
മൂന്നംഗ പത്രാധിപസമിതിയിൽ ചേരാൻ മാർത്തോവ് വിസമ്മതിച്ചു; അക്‌സൽറോഡിനെയും പൊത്രേസോവിനെയും വേരാ സാസുലിച്ചിനെയും പത്രാധിപസമിതിയിൽനിന്ന് ഒഴിവാക്കിയ പാർട്ടി കോൺഗ്രസ് തീരുമാനം അംഗീകരിക്കാൻ മാർത്തോവ് തയ്യാറല്ലായിരുന്നു. പത്രാധിപസമിതി പഴയതുപോലെ പുനഃസ്ഥാപിച്ചുകൊണ്ട് ഐക്യമുണ്ടാക്കാൻ പ്ലെഖാനോവ് നീക്കം നടത്തി. പക്ഷേ, പാർട്ടി കോൺഗ്രസ് തീരുമാനം ലംഘിക്കുന്ന ഒരു ഒത്തുതീർപ്പിനും ലെനിൻ തയ്യാറായില്ല; പാർട്ടിയിൽ ഐക്യമുണ്ടാക്കാൻ ഇസ്‌ക്ര പത്രാധിപസമിതി പഴയ നിലയിൽ പുനഃസ്ഥാപിക്കണമെന്ന് പ്ലെഖാനോവ് ലെനിനോട് ആവശ്യപ്പെട്ടു. അതിനായി പ്ലെഖാനോവ് നിർബന്ധം പിടിച്ചപ്പോൾ ലെനിൻ പത്രാധിപസമിതിയിൽനിന്ന് രാജിവെച്ചു. ‘‘മെൻഷെവിക്കുകളുമായി യോജിച്ച് പ്രവർത്തിക്കുന്നത് അസാധ്യമാണെന്ന നിഗമനത്തിൽ എത്തിച്ചേരാൻ താങ്കൾ നിർബന്ധിതനാകും’’ എന്ന് പ്ലെഖാനോവിനോട് പറഞ്ഞുകൊണ്ടാണ് ലെനിൻ ഇസ്‌ക്രയോട് വിടപറഞ്ഞത്.
ലെനിനും ക്രൂപ്‌സ്‌കായയും ആ കാലത്ത് ലണ്ടനിലായിരുന്നു പാർപ്പുറപ്പിച്ചിരുന്നത്. ലണ്ടൻ നഗരം ഉപേക്ഷിച്ച് പോരാൻ ലെനിനോ ക്രൂപ്‌സ്‌കായക്കോ തെല്ലും താൽപര്യമുണ്ടായിരുന്നില്ല. 1902‐03 കാലത്തെ ലണ്ടൻ എന്നാൽ അത് ലോകത്തിന്റെതന്നെ തലസ്ഥാനമായിരുന്നു‐ ലോകത്തെ ഏറ്റവും സന്പന്നമായ നഗരം, ആഗോളവൽക്കരണത്തിന്റെ സിരാകേന്ദ്രം, ധനികരും ദരിദ്രരും തമ്മിൽ ഭീമമായ അന്തരം നിലനിന്നിരുന്ന നഗരം. ആഗോള ധനമൂലധനത്തിന്റെ കേന്ദ്രം എന്നതുപോലെതന്നെ സാംസ്‌കാരിക തലസ്ഥാനവുമായിരുന്നു അന്ന് ലണ്ടൻ. ബ്രിട്ടീഷ് മ്യൂസിയത്തിലെ സന്പന്നമായ റീഡിങ്‌റൂം ഉൾപ്പെടെയുള്ളവ മാർക്‌സിനെപോലെതന്നെ ലെനിനെയും ഹഠാദാകർഷിച്ചു. രാഷ്‌ട്രീയ തലസ്ഥാനം കൂടിയായിരുന്നു ലണ്ടൻ‐ സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ തലസ്ഥാനം. കരുത്താർജിച്ചുകൊണ്ടിരുന്ന സാമ്രാജ്യത്വത്തിന്റെ സിരാകേന്ദ്രമെന്ന നിലയിൽ ലണ്ടനിലിരുന്ന് ലെനിൻ വളർന്നുകൊണ്ടിരുന്ന സാമ്രാജ്യത്വത്തെക്കുറിച്ച്, അതിന്റെ ഗതിവിഗതികളെക്കുറിച്ച് പഠിക്കുകയായിരുന്നു. മാത്രമല്ല, ലെനിനും ക്രൂപ്‌സ്‌കായയും ലണ്ടൻ നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടെയും മുക്കുംമൂലയും വരെ കറങ്ങിനടന്ന് നിരീക്ഷിച്ചിരുന്നു. നഗരത്തിന്റെ സവിശേഷതകൾ കണ്ട് അവർ ആസ്വദിച്ചു. അങ്ങനെ പലവിധത്തിലും ലെനിനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുണ്ടായിരുന്ന ലണ്ടൻ നഗരം ഉപേക്ഷിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കിയത് ഇസ്‌ക്ര പത്രാധിപസമിതിയിലെയും റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയിലെയും ഭിന്നതയാണ്. ലെനിൻ ലണ്ടനിലേക്ക് താമസം മാറ്റിയത് ആർഎസ്‌ഡിഎൽപിയുടെ മുഖപത്രത്തിന്റെ എഡിറ്റിങ്ങും പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടായിരുന്നു. അതിൽ തനിക്ക് ഇടമില്ലാതായതോടെ നഗരം വിടാൻ അദ്ദേഹം നിർബന്ധിതനായി; ആർഎസ്‌ഡിഎൽപിയുടെ രണ്ടാം കോൺഗ്രസിൽ ഭൂരിപക്ഷവിഭാഗം ഉയർത്തിപ്പിടിച്ച ആശയങ്ങളുടെ പ്രചരണം ഏറ്റെടുക്കാനും സംഘടനാപ്രവർത്തനം തുടർന്നു നടത്താനും സ്വിറ്റ്‌സർലണ്ടിലേക്ക് അദ്ദേഹം യാത്രയായി. തുടർന്നുള്ള കാലത്ത് ലെനിന്റെ ജീവിതം മാർക്‌സിസത്തെ വക്രീകരിക്കാൻ മെൻഷെവിക്കുകൾ ഉൾപ്പെടെയുള്ളവർ നടത്തിയ നീക്കങ്ങൾക്കെതിരായ പോരാട്ടമായിരുന്നു; മാർക്‌സിസത്തിന്റെ വിപ്ലവകരമായ അന്തഃസത്ത ഉയർത്തിപ്പിടിക്കാനും സോഷ്യലിസ്റ്റ് വിപ്ലവം വിജയിപ്പിക്കാനുമുള്ള പോരാട്ടമായിരുന്നു. l
(തുടരും)





