കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

ഡോ. നിത്യ പി വിശ്വം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ് ‘മീരയുടെ പെണ്ണുങ്ങൾ’. ഖബർ , ആരാച്ചാർ, യൂദാസിന്റെ സുവിശേഷം, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, എല്ലാവിധ പ്രണയവും, മീരാസാധു , ആ മരത്തെയും മറന്നു മറന്നു ഞാൻ, മാലാഖയുടെ മറുകുകൾ, കരിനീല, നേത്രോന്മീലനം എന്നീ നോവലുകളും നോവെല്ലകളും ഉൾപ്പെടുന്ന രചനാലോകത്തെയാണ് ഈ കൃതിയിൽ സർഗാത്മകമായി വിലയിരുത്തിയിരിക്കുന്നത് . ഒപ്പം പെണ്ണെഴുത്തിൻ്റെ സൈദ്ധാന്തികവശങ്ങളെയും മലയാളകഥയിലെ പെൺപ്രതിനിധാനങ്ങളെയും ആധികാരികമായി പ്രതിപാദിച്ചിരിക്കുന്നു. പെണ്മയുടെ ആഴങ്ങളും അടരുകളും മുദ്രിതമായ മീരയുടെ അനവധിയായ ചെറുകഥകളെ ഇവിടെ വിശകലനം ചെയ്യുന്നില്ല. യഥാർത്ഥത്തിൽ ഒരു ഗവേഷണപ്രബന്ധത്തിന് ആവശ്യമായ പാഠ്യവസ്തുവാണ് മീരയുടെ പെണ്ണുങ്ങളുടെ ലോകം. അതിവിശാലവും വൈവിധ്യമാർന്നതും പല മാനങ്ങളിലേക്ക് പടരുന്നതുമായ വ്യക്തിസത്തകൾ മീരയുടെ ഗദ്യപ്രപഞ്ചത്തിൽ ഏറെയുണ്ട്. അവയിൽനിന്നും തെരഞ്ഞെടുത്ത നോവലുകളെ /നോവെല്ലകളെ നമുക്ക് പരിചയപ്പെടുത്തുകയും പെൺമയുടെ സാമൂഹികവും ആത്മീയവുമായ നിഗൂഢതലങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുകയുമാണ് ഈ കൃതിയുടെ ധർമ്മം.

കെ ആർ മീര

പ്രമേയത്തിന്റെ ചാരുതകളും ഗഹനതകളും പരിചയപ്പെടുത്തുന്നതിനൊപ്പം കാലാകാലങ്ങളിൽ സമൂഹം പരിപാലിച്ചുപോരുന്ന അത്യന്തം സ്ത്രീവിരുദ്ധമായ / മനുഷ്യവിരുദ്ധമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുവാനും ഈ പഠനം ശ്രദ്ധയൂന്നുന്നു. വീടകം എന്ന ജോലിസ്ഥലത്തെ ചൂഷണങ്ങളെക്കുറിച്ചും കൂലിയില്ലാ – അവധിയില്ലാ വേലകളെക്കുറിച്ചും വൈകാരികവും ശാരീരികവുമായ നോവുകളെക്കുറിച്ചും പല കഥാപാത്രങ്ങളും ഇവിടെ സാക്ഷ്യം പറയുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ ബഹുസ്വരതയുടെ ആത്മാവുറങ്ങുന്ന ഖബറുകളുടെ കഥ ഒരേസമയം മികച്ച പ്രണയനോവലും രാഷ്ട്രീയനോവലുമായി പരിണമിക്കുന്നുണ്ട്. ഭർത്താവിൻ്റെ രണ്ടാംകല്യാണത്തിൽ സന്തോഷത്തോടെ പങ്കെടുക്കുന്ന ഭാവനയും പാരമ്പര്യത്തിന്റെ മിഥ്യാഭിമാനങ്ങളെ പൊളിച്ചെഴുതുവാൻ കരുത്തുള്ള അമ്മയും ഖബറിലെ കരുത്തുറ്റ പെൺപ്രതിനിധാനങ്ങളാണ്. “പരസ്പരം കടാക്ഷിക്കുന്ന സ്ത്രീയുടെയും പുരുഷൻ്റേയും കൃഷ്ണമണികൾ വജ്രങ്ങളായി പരിണമിക്കുന്നതാണ് ഭൂമിയിലെ ഏറ്റവും വലിയ മഹേന്ദ്രജാലം എന്ന് ഞാൻ പഠിച്ചു ” എന്ന കാന്തശോഭയാർന്ന പ്രണയത്തോടൊപ്പം കൃത്യമായ രാഷ്ട്രീയബോധ്യങ്ങളും ഈ നോവൽ മുന്നോട്ടുവയ്ക്കുന്നു. “അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തെയും ഖബറിടങ്ങളെയും ഉച്ചാടനംചെയ്യുന്ന പ്രതിലോമ രാഷ്ട്രീയത്തിനെതിരെയുള്ള സർഗ്ഗപ്രതിരോധം കൂടിയാണ് കെ.ആർ. മീരയുടെ ഖബർ നോവൽ” എന്ന് പി. കെ. അനിൽകുമാർ നിരീക്ഷിക്കുന്നുണ്ട്. മീരയുടെ മിക്ക രചനകളിലും വൈയക്തികാനുഭവങ്ങളെ സാമൂഹികതയിലേക്ക് സംക്രമിപ്പിക്കുന്ന രാഷ്ട്രീയബോധ്യങ്ങൾ അടയാളപ്പെട്ടുകാണാം.

” സ്ത്രീകൾക്ക് ചരിത്രത്തിനെയല്ല, ചരിത്രത്തിന് സ്ത്രീകളെയാണ് ഭയ”മെന്ന് ആരാച്ചാരിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തിൻ്റെ നാൾവഴികളിലെല്ലാം അദൃശ്യവൽക്കരിക്കപ്പെട്ടുപോയ അനേകം പെൺജീവിതങ്ങളുണ്ട്. അവരെ വീണ്ടെടുത്ത് അനുഭവത്തിൻ്റെ വൻകരകളെ ദൃശ്യമാക്കുകയാണ് തന്റെ ലക്ഷ്യം എന്ന ബോധ്യം എഴുത്തുകാരിക്കുണ്ട്. മരണം, പ്രണയം എന്നീ ബന്ധങ്ങളിലൂടെയാണ് ആരാച്ചാർ വികസിക്കുന്നത്. മണ്ണും പെണ്ണും അപമാനിക്കപ്പെടുകയും അപഹരിക്കപ്പെടുകയും ചെയ്യുന്ന ദൈന്യത, അതിജീവനത്തിൻ്റെ കരുത്ത് എന്നിവയെല്ലാം ഈ കൃതി വിനിമയം ചെയ്യുന്നു. അനീതിക്കെതിരെ പ്രതിഷേധിക്കാതെ കടന്നുപോകുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യം എന്ന ബോധ്യത്തിലേക്ക് ആരാച്ചാർ നമ്മെ നയിക്കുന്നു.

അസാമാന്യധീരതയും നിർഭയമായ വ്യക്തിത്വവും അതിജീവനശേഷിയും ഉള്ളവരാണ് ഘാതകനിലെ സത്യപ്രിയയും അമ്മ വസന്തലക്ഷ്മിയും. വർത്തമാനകാലരാഷ്ട്രീയത്തിന്റെ ജീവചരിത്രക്കുറിപ്പുകളായി മാറുന്നുണ്ട് തൻ്റെ ഘാതകരെ തേടിയുള്ള സത്യപ്രിയയുടെ അന്വേഷണങ്ങൾ. സദാചാരവ്യവസ്ഥയുടെ പരുവപ്പെടലിന് വിധേയരായി വളർത്തപ്പെടുന്ന സ്ത്രീജന്മങ്ങളുടെ നിസ്സഹായത നോവൽ വെളിപ്പെടുത്തുന്നു. അമ്മമാർക്ക് വിശ്രമത്തിനും ലൈംഗികതയ്ക്കും യാത്രയ്ക്കും അവകാശമുണ്ട് എന്ന് ആരും പഠിപ്പിച്ചുതരാത്ത / പഠിക്കാൻ അനുവദിക്കാത്ത ലോകമാണിത്. മീരയുടെ പെൺകഥാപാത്രങ്ങളിൽ കരുത്തുറ്റ വിമോചനരാഷ്ട്രീയം ഉള്ളിൽ പേറുന്ന കഥാപാത്രമാണ് സത്യപ്രിയ എന്ന്
പി. കെ.അനിൽകുമാർ നിരീക്ഷിക്കുന്നു സ്വാതന്ത്ര്യം എന്ന വലിയ ആശയത്തെയാണ് ഈ കൃതി ഉയർത്തിപ്പിടിക്കുന്നത്. മുറിപ്പെടുന്ന പെൺശരീരത്തിന്റെയും ഇന്ത്യയുടെ രാഷ്ട്രശരീരത്തിന്റെയും ആവിഷ്ക്കാരമാണ് ഘാതകൻ എന്ന് തുടർന്ന് കുറിച്ചിരിക്കുന്നു . സ്ത്രീസത്വത്തെയും ആണധികാരത്തെയും സൂക്ഷ്മമായി വിശകലനം ചെയ്യാൻ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്.

‘യൂദാസിന്റെ സുവിശേഷം’ എന്ന നോവലിലും സമൂഹവും രാഷ്ട്രീയവും കുടുംബവും കലരുന്ന അധികാരവ്യവസ്ഥയുടെ പല രൂപങ്ങളിലുള്ള വിനിമയം കാണാനാവും. പോലീസുകാരനായ അച്ഛൻ്റെ ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പ്രേമ ഒരു നക്സലൈറ്റിനെ പ്രേമിക്കാൻ ഒരുങ്ങുന്നത്. മുറിവേല്ക്കപ്പെടുന്ന പെണ്ണും പ്രകൃതിയും തോറ്റുപോകുന്ന വിപ്ലവപ്രസ്ഥാനങ്ങളും ഈ കൃതിയുടെ ആന്തരശ്രുതിയായി കാണപ്പെടുന്നു.

ബൈബിൾബിംബങ്ങളും ബൈബിളിന്റെ ആഖ്യാനസ്വരതയും ഉപയോഗിച്ച് സമകാല പെൺജീവിതത്തിന്റെ വ്യതിരിക്തമായ കഥപറയുന്ന കൃതിയാണ് ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’. എല്ലാ മതങ്ങളും പെണ്ണിടങ്ങളെ അപമാനവീകരിച്ചുകൊണ്ടാണ് യാത്രതുടരുന്നത് എന്ന നിരീക്ഷണത്തിൽ ഊന്നിക്കൊണ്ട് ജെസബലിന്റെ ജീവിതത്തെ പുനർവായിക്കുകയാണ് പി.കെ. അനിൽകുമാർ. ബൈബിളിൽനിന്നും പുനരവതരിപ്പിക്കപ്പെട്ട ജെസബലിന്റെയും പുതിയകാലത്തെ അധിനിവേശത്തിന്റെ ഇരയായ ജെസബലിന്റെയും കഥയാണ് ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ.’ സഹനങ്ങളിൽനിന്നും കുരിശുമരണങ്ങളിൽനിന്നും ഉയിർത്തെഴുന്നേൽക്കുന്ന ജെസബൽ സ്വന്തം ജീവിതത്തെയും വീടകത്തെയും തിരിച്ചുപിടിക്കുന്നിടത്ത് പുതിയകാലത്തിൻ്റെ പെൺസ്വത്വം അടയാളപ്പെട്ടുകിടക്കുന്നു.

“പുരുഷന്മാരെ നമ്മൾ പ്രണയിക്കാൻ പഠിപ്പിച്ചിട്ടില്ലെന്നും അവരെ ഭരിക്കാനാണ് പഠിപ്പിച്ചിട്ടുള്ളതെന്നും” കെ.ആർ. മീര മുമ്പേ നിരീക്ഷിച്ചിട്ടുണ്ട്. ജനാധിപത്യവൽക്കരിക്കപ്പെട്ട പ്രണയം അന്വേഷിക്കുന്ന കപിലയാണ് ‘എല്ലാവിധ പ്രണയവും’ എന്ന നോവലിലെ നായിക. ഗംഗോത്രിയുടെ പശ്ചാത്തലത്തിൽ, നീണ്ട കാത്തിരിപ്പിനൊടുവിൽ, തുഷാറുമായി ഒന്നുചേരുന്നു. “കല്ലു കല്ലിന്മേൽ ഉരുമ്മിയുരുമ്മിയുണർത്തിയ കാട്ടുതീ പോലെയായിരുന്നു ആ പ്രണയം. ഹൃദയത്തിന്മേൽ ഹൃദയമുരുമ്മി എൻ്റെ ഞരമ്പുകളിൽ പ്രണയത്തീ പടർത്തി. ശിശിരത്തിനുമുമ്പിൽ എല്ലാ ഇലകളും ഊരിവെച്ച വൃക്ഷത്തൈപോലെ, ഞാൻ പ്രണയത്തിൻ്റെ ആ ഋതുവിന് എന്നെ സമർപ്പിച്ചു”. – ഇത്രമേൽ കാവ്യാത്മകമായ പ്രണയസങ്കീർത്തനങ്ങളാൽ നിറഞ്ഞ നോവലാണ് ‘എല്ലാവിധ പ്രണയവും.’

പ്രണയംകൊണ്ട് മുറിവേറ്റവരുടെ ഗാഥകളാണ് ‘മീരാസാധു’ പറയുന്നത്. മുണ്ഡനംചെയ്ത വൃദ്ധകളായ മീരമാർ നിറഞ്ഞ വൃന്ദാവനമാണ് പശ്ചാത്തലം. പകയുള്ള പ്രണയത്തിൻ്റെ പതാകാവാഹകയായ തുളസിയാണ് കേന്ദ്രകഥാപാത്രം. തുളസിയുടെ പ്രണയജീവിതത്തെ ‘സ്വന്തം വാൽ വിഴുങ്ങിയ സർപ്പം’ എന്ന കല്പനയിലൂടെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അതായത് അതിൻ്റെ വിശപ്പ് ഒരിക്കലും ശമിച്ചില്ല; വായ സ്വതന്ത്രമായതുമില്ല. “പ്രണയംകൊണ്ട് മുറിവേറ്റവൾ സ്വയം ഹനനത്തിലൂടെ കാമുകനും വ്യവസ്ഥയ്ക്കുമെതിരെ പ്രതികാരം ചെയ്യുന്നതാണ് മീരാസാധുവിൽ; ആരാച്ചാരിലത് അപരഹിംസയായി പരിണമിക്കുന്നു” എന്ന് പി. കെ. അനിൽകുമാർ താരതമ്യപ്പെടുത്തുന്നുണ്ട്.

“സ്ത്രീപക്ഷരാഷ്ട്രീയം കെ.ആർ. മീരയ്ക്ക് ഉപരിപ്ലവമായ പ്രത്യയശാസ്ത്രമോ പ്രചരണാത്മകതയോ അല്ല. മറിച്ച് മീരയുടെ കൃതികളിലെല്ലാം പെൺപക്ഷരാഷ്ട്രീയം അന്തർലീനമാണ്. പുരുഷകേന്ദ്രീകൃതമായ അധികാരത്തിന്റെയും രതിയുടെയും പ്രണയത്തിന്റെയും ഉപഭോഗോല്പന്നങ്ങളായ പെൺജീവിതത്തിൻ്റെ നേരെഴുത്താണ് മീരയുടെ കൃതികൾ. ഇത്തരമൊരു ദർശനപരിപ്രേക്ഷ്യത്തിലാണ് ‘ആ മരത്തെയും മറന്നു മറന്നു ഞാൻ’ എന്ന നോവെല്ലയും” എന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നുണ്ട്. കഥയെ വായനക്കാരിൽ ആഘാതവും അനുഭവവുമാക്കാൻ മീര ബിംബങ്ങളുടെ സമർത്ഥമായ സന്നിവേശം ഉപയോഗപ്പെടുത്തുന്നുണ്ട്. മരം അത്രമേൽ തീക്ഷ്ണമായ ബിംബമായി കടന്നുവരുന്ന രചനയാണിത്. ഭ്രമാത്മകതയും യാഥാർത്ഥ്യവും ധൈഷണികതയും ഇടകലരുന്ന ശില്പഘടനയാണ് ‘ആ മരത്തെയും മറന്നു മറന്നു ഞാൻ’ എന്ന് രചനയ്ക്കുള്ളത്.

“ലോകം ഇത്രമേൽ കലുഷമായിട്ടും സദാചാരത്തിന്റെ നൂല്പാലത്തിലൂടെ അടിതെറ്റാതെയും ചുവടിടാറാതെയും ശപിക്കപ്പെട്ടു നടക്കുന്ന വിരലിലെണ്ണാവുന്ന കുലീനകുലനാരികളെ അഭിവാദ്യം ചെയ്യുന്ന കഥകൾ എഴുതണമെന്ന ആത്മാർത്ഥമായ ആഗ്രഹമുണ്ട്. പക്ഷേ എന്തുചെയ്യാം, കഥ ജീവിതമല്ലല്ലോ… കടലാസ്സിൽ കഥയുടെ വഴി പാറമേൽ സർപ്പത്തിന്റെ വഴി പോലെയാണ്. തോന്നും വഴി .” ‘കരിനീല’യുടെ തുടക്കത്തിൽ കെ. ആർ .മീര കുറിച്ച വരികളാണിത്. മീരയുടെ സാഹിത്യലോകത്തിൽ പലയിടത്തും വിചിത്ര ഭാവങ്ങളിലുള്ള സർപ്പസാന്നിധ്യമുണ്ടെന്ന് പി. കെ. അനിൽകുമാർ ഈ ചിന്തയെ ദീർഘിപ്പിക്കുന്നു. ശരീരത്തെയും ആസക്തികളെയും കാമനകളെയും എഴുത്താക്കി മാറ്റിയ മാധവിക്കുട്ടിയുടെ തുടർച്ച കെ. ആർ. മീരയിലുണ്ട്. “ദാമ്പത്യത്തിൽ പ്രണയസ്വാതന്ത്ര്യത്തിനായി ദാഹിക്കുന്ന പെണ്ണ് കൂടയിൽ അടച്ചിട്ട പാമ്പിൻ്റെ അവസ്ഥയിലാണ്. കൂടിനു പുറത്ത് പ്രണയത്തിൻ്റെ മകുടിനാദം ഉയരുമ്പോൾ കൂടിനുള്ളിൽ പുറത്തു കടക്കാനാകാതെ അവൾ ഉഴറി കിടക്കും. പാമ്പ് പ്രണയത്തിന്റെയും രതിയുടെയും കത്തുന്ന ബിംബമായി കരിനീലയിലുണ്ട്. അർഹിക്കുംവിധം സ്നേഹിക്കപ്പെട്ട ഏത് സ്ത്രീയുണ്ട് ഭൂമിയിലെന്ന ചോദ്യം ഉയർത്തുന്ന ഈ കൃതി പെൺസ്വത്വത്തെക്കുറിച്ചുള്ള അന്വേഷണം കൂടിയാണ്. സ്ത്രീയുടെ അടിമത്തത്തെ താങ്ങിനിർത്തുന്ന നെടുംതൂണായിരിക്കുന്ന തരം പ്രേമത്തെ കരിനീലയിലെ ഗീത പൊളിച്ചുകളയുന്നു. “പുരുഷൻ ചുണ്ടുകൊണ്ട് ചുംബിക്കരുത്. ആത്മാവുകൊണ്ട് ചുംബിക്കണം. ഓരോ ജന്മത്തിലും ഞാനിത് അയാളെ പഠിപ്പിച്ചതാണ്. പാവം ഒക്കെ മറന്നു. വീണ്ടും ഓർമ്മിപ്പിക്കണം.” ” വേദനകളെ സംഗീതമാക്കുന്ന പ്രണയംതേടി പ്രണയികൾ ജന്മത്തിൽനിന്നും ജന്മത്തിലേക്ക് യാത്രയാകുന്നു”. “അന്നും ഞങ്ങൾ ഇതുപോലെ ഇണചേരും. ഹൃദയം പിളർന്ന് വേർപിരിയും . പിരിഞ്ഞാലും എന്റെ രക്തം അയാളുടെ രക്തത്തോട് കലരാൻ ദാഹിക്കും.” ഇത്തരത്തിലുള്ള അനുപമമായ ആഖ്യാനചാരുത കരിനീലയെ അവാച്യമായ വായനാനുഭവമാക്കുന്നുണ്ട്. പ്രണയത്തിൻ്റെ സർപ്പസാന്നിധ്യം നിറഞ്ഞ കെ. ആർ. മീരയുടെ കരിനീലയിലെ ഗീത തീവ്രമായ പ്രണയാസക്തിയുടെയും പെൺസ്വാതന്ത്ര്യത്തിൻ്റെയും സദാചാരധ്വംസനത്തിന്റെയും കരുത്തുള്ള പ്രതീകമാണ് ” എന്ന ഗ്രന്ഥകാരന്റെ നിരീക്ഷണം യുക്തിസഹമാണ്.

സ്നേഹം വെളിച്ചം പോലെയാണെന്നും സ്നേഹിക്കുന്ന പെണ്ണുങ്ങൾ പ്രകാശനാളങ്ങളാണെന്നും ജീവിതത്തിൻ്റെ ഇരുൾനിലങ്ങളിൽ അവർ വെളിച്ചം വിതറിക്കൊണ്ടിരിക്കുമെന്നും നേത്രോന്മീലനത്തിൽ കെ. ആർ. മീര അടയാളപ്പെടുത്തിയിട്ടുണ്ട്. മൂന്നുതരം വിചാരധാരകളുടെയും പ്രണയജീവിതത്തിൻ്റെയും സാക്ഷ്യങ്ങളാണ് നേത്രോന്മീലനത്തിലെ ദീപ്തിയും രജനിയും വലിയമ്മയും. കാഴ്ചയുടെയും / പ്രണയത്തിന്റെയും കാണാത്തലങ്ങൾ ദർശനികഗരിമയോടെ നേത്രോന്മീലനത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. ആൺകോയ്മ തങ്ങൾക്ക് അനുരൂപമായി കണ്ട വാർപ്പുമാതൃകകളിൽ ഒന്നാണ് ദീപ്തി. സമ്പ്രദായിക സ്ത്രീസ്വത്വത്തിൽനിന്നും വിഭിന്നമായ നിലപാടുള്ള രജനിയ്ക്ക് വിശുദ്ധമായ സ്നേഹത്തിനായുള്ള തീവ്രദാഹമായിരുന്നു ഉണ്ടായിരുന്നത്. സ്നേഹംകൊണ്ട് ലോകത്തിൻ്റെ കാലുഷ്യങ്ങളെ സ്നാനപ്പെടുത്തുന്ന പെൺജീവിതത്തിന്റെ പ്രതിരൂപമാണ് രജനി. സമൂഹത്തിൻ്റെ കണ്ണിൽ അംഗീകാരംനേടാൻ അത്യാവശ്യം വേണ്ട ഡിഗ്രിയാണ് കുടുംബം എന്ന് അവൾ അമ്പരപ്പോടെ തിരിച്ചറിയുന്നുണ്ട്. 22 വർഷത്തെ ദാമ്പത്യത്തിനുശേഷം തന്നെ ഉപേക്ഷിച്ച് മറ്റൊരു കുടുംബം ഉണ്ടാക്കുകയും വാർദ്ധക്യത്തിൽ തിരിച്ചുവരികയും ചെയ്ത ഭർത്താവിനെ സ്നേഹാദരങ്ങളോടെ സ്വീകരിച്ച് ഇഷ്ടമുള്ളതെല്ലാം ഊട്ടിയശേഷം പൊയ്ക്കൊള്ളാൻ പറയുന്ന വലിയമ്മ പ്രണയത്തിൻ്റെ മറ്റൊരു പ്രതീകമാണ്. എന്തിനാണ് പറഞ്ഞയച്ചത് എന്ന ചോദ്യത്തിന് 30 വർഷംമുമ്പ് മരിച്ചുപോയ ഒരാൾക്കുള്ള ബലിയായിരുന്നു അതെന്ന വാക്യം സ്ത്രീപുരുഷബന്ധങ്ങളിലെ സങ്കീർണതകളുടെ ആഴം വ്യക്തമാക്കുന്നുണ്ട് . ചില സ്ത്രീകൾ വിട്ടുപോകുമ്പോൾ സ്നേഹിച്ച പുരുഷൻ്റെ കാഴ്ചകൂടി കൊണ്ടുപോകും. മറ്റുചിലർ പകരം രണ്ട് കണ്ണുകൾ സമ്മാനിക്കും എന്ന തിരിച്ചറിവിലേക്കുള്ള ഉണർച്ച കൂടിയാണ് നേത്രോന്മീലനം.

സ്വത്വാധിഷ്ഠിതവും വ്യവസ്ഥാപിതവുമായ ലിംഗസമവാക്യങ്ങളെ പൊളിച്ചുപണിതുകൊണ്ടാണ് പെണ്ണെടുത്ത് രംഗപ്രവേശനം ചെയ്തത്. “എന്റെ മനസ്സിനും ശരീരത്തിനും പറയാനുള്ളത് മുഴുവൻ പറയാൻ എനിക്ക് കഴിയണം . പക്ഷേ എനിക്ക് അതിന് അധികാരമില്ല” എന്ന വെർജീനിയ വുൾഫിൻ്റെ ചിന്തയിൽനിന്നും ഭാഷാപരമായ കലാപമായി മാറുന്ന പെണ്ണെഴുത്തിൻ്റെ ദൂരങ്ങൾ പി.കെ. അനിൽകുമാർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് ; പെണ്ണെഴുത്തിന്റെ മാനിഫെസ്റ്റോ എന്ന അധ്യായത്തിൽ. “പെണ്ണെഴുത്ത് സ്വശരീരത്തെയും ലൈംഗികതയെയും ഒരു സമരരൂപം ആക്കുന്നുണ്ട്. സ്വശരീരം, സ്വത്വത്തിൽ ആന്തരികരിച്ച അടിമത്തം എന്നിവ ഒരു പരാധീനതയായി കാണാതെ സർഗാത്മകതയുടെയും ജീവിതോന്മുഖതയുടെയും ഖനിയായി പരിവർത്തിപ്പിക്കുവാൻ സ്ത്രീക്ക് സാധിക്കണമെന്ന ചിന്ത സാർത്ഥകമാക്കുന്നുണ്ട് കെ. ആർ. മീരയുടെ രചനാലോകത്തെ അനവധി സ്ത്രീകൾ.

” കെ.ആർ. മീര ഫെമിനിസത്തിന്റെ പ്രത്യയശാസ്ത്ര അതിരുകൾ ഭേദിച്ച എഴുത്തുകാരിയാണ്. സ്ത്രീ – പുരുഷ ദ്വന്ദ്വങ്ങൾക്കപ്പുറത്ത് മീര മനുഷ്യകുലത്തെ മുഴുവൻ പ്രതിനിധാനം ചെയ്യുന്നുണ്ട് . ഫെമിനിസത്തിന്റെ പൈതൃകമുദ്രകളൊന്നും മുഴച്ചുനിൽക്കാതെ വ്യതിരിക്തങ്ങളായ ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ലാവണ്യമുദ്രകൾ മീരയുടെ കൃതികളിൽ പ്രതിബിംബിക്കുന്നുണ്ട്. അതേസമയം സ്ത്രീപക്ഷരാഷ്ട്രീയവും അതിനപ്പുറമുള്ള സാമൂഹിക വിമോചനമൂല്യങ്ങളും നൽകുന്ന നക്ഷത്രശോഭ മീരയുടെ എഴുത്തുകളിലുണ്ട്. ചരിത്രവൽക്കരിക്കപ്പെട്ടതും രാഷ്ട്രീയവൽക്കരിക്കപ്പെട്ടതുമായ എഴുത്തുകളാണ് മീരയിൽനിന്നും പിറവികൊള്ളുന്നത് – മുതലായ കാതലായ നിരീക്ഷണങ്ങൾ പി.കെ. അനിൽകുമാർ ഈ പഠനത്തിൽ പങ്കുവെക്കുന്നു .
മീരയുടെ പെണ്ണുങ്ങൾക്കെല്ലാം ആർദ്രതയും വന്യതയും ഉണ്ട്. പ്രണയം ബലവും ബലഹീനതയുമണവർക്ക് മുതലായ കണ്ടെടുക്കലുകൾ മൂല്യമേറിയതാണ്.
ഇക്കോഫെമിനിസവും ഗൈനോക്രിട്ടിസിസവും ഉൾപ്പെടെയുള്ള ഫെമിനിസത്തിന്റെ അന്തർധാരകളെ ഗവേഷണപരതയിൽ ഊന്നിയ കൗതുകത്തോടെ കണ്ടെടുക്കുന്നുണ്ട്. അക്കാദമികമായ കടുംചട്ടക്കൂടുകളുടെ ദാർഢ്യമോ വിരസതയോ ഈ പഠനം ഉൾവഹിക്കുന്നില്ല. അതേസമയം സഹൃദയത്വത്തിന്റെ ആത്മസാകല്യവും അതിസൂക്ഷ്മമായ നിരീക്ഷണപടുത്വവും വാക്കുകളുടെ വജ്രത്തിളക്കവും ഈ പഠനത്തെ സവിശേഷമാക്കുന്നു. സർഗാത്മക നിരൂപണത്തിൻ്റെയും ഗവേഷണാത്മക നിരൂപണത്തിൻ്റെയും സവിശേഷമായൊരു കൂടിക്കലരൽ പി.കെ. അനിൽകുമാറിൻ്റെ ഈ പഠനഗ്രന്ഥത്തിൽ സംഭവിക്കുന്നുണ്ട്. കതിർക്കനമുള്ള പെണ്ണുങ്ങളാണ് മീരയുടേത്. അവരിലേക്കുള്ള വഴികളെ ഈ വായന കൂടുതൽ തെളിച്ചമുള്ളതാക്കുന്നു.

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

വർഗസമരവും മാധ്യമങ്ങളും‐ 12

പത്രപ്രവർത്തന ചരിത്രം ഇന്ത്യ ബ്രിട്ടീഷ്- കോളനി ആയിരുന്ന കാലത്താണ് നമ്മുടെ പത്രപ്രവർത്തന ചരിത്രം...

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...

വർഗസമരവും മാധ്യമങ്ങളും‐ 12

പത്രപ്രവർത്തന ചരിത്രം ഇന്ത്യ ബ്രിട്ടീഷ്- കോളനി ആയിരുന്ന കാലത്താണ് നമ്മുടെ പത്രപ്രവർത്തന ചരിത്രം...

പോൾ ഗോഗിനും സ്വതന്ത്രചിന്തയുടെ ആവിഷ്‌കാരങ്ങളും

സാമ്പ്രദായിക രീതിയിൽനിന്ന്‌ മാറി ടാഹിറ്റിയിലെ കറുത്ത മനുഷ്യരെ ചേർത്തുപിടിക്കുകയും അവരുടെ ജീവിതവഴികളോടൊപ്പം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 10

ഇസ്‌ക്രാദിനങ്ങൾ ‘‘ലെനിനെ സംബന്ധിച്ചിടത്തോളം യൂറോപ്യൻ ജീവിതം ഒരു ഒഴിവുകാലം ചെലവഴിക്കലായിരുന്നില്ല. അദ്ദേഹം റഷ്യയ്‌ക്കു...

ബാബ്‌റി മസ്ജിദ്: നിരന്തരം ഇന്ത്യക്കാരെ ഓർമ്മിപ്പിക്കുന്നത്

ഇന്ത്യൻ ഫാസിസത്തിന്റെ കാലാൾപ്പടയായ ആർഎസ്എസ് നേതൃത്വം നൽകിയ കർസേവകർ ബാബ്‌റി മസ്ജിദ്...
spot_img

Related Articles

Popular Categories

spot_imgspot_img