
തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു സ്വരാജ്യം. നൈസാമിന്റെ റസാക്കർ സേനയ്‌ക്കും ഭൂപ്രഭുക്കളുടെ ഗുണ്ടാപ്പടയ്‌ക്കുമെതിരെ പൊരുതിയ കർഷകസേനയുടെ സായുധദളത്തിന്റെ നേതൃത്വമായി പ്രവർത്തിച്ച പോരാളിയായിരുന്നു മല്ലു സ്വരാജ്യം. ജീവനോടെയോ അല്ലാതെയോ മല്ലു സ്വരാജ്യത്തെ പിടിച്ചുകൊടുക്കുന്നവർക്ക് പതിനായിരം രൂപ (ഇന്നത്തെ കോടിക്കണക്കിന് രൂപ)യാണ് അധികാരികൾ ഇനാം പ്രഖ്യാപിച്ചത്. ആയുധമേന്തി വനിതാ പോരാളികളെ നയിച്ചതിന്റെ പേരിലാണ് മല്ലുവിന്റെ തലയ്‌ക്ക് സർക്കാർ വിലയിട്ടത്.
1931ൽ ഇന്നത്തെ തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ കർവിരാല കോതഗുഡെമിലാണ് മല്ലു സ്വരാജ്യം ജനിച്ചത്. പിതാവിന്റെ പേര് ഭീമി റെഡ്ഡി റാമി റെഡ്ഡി. ചൊക്കമ്മ എന്നാണ് മാതാവിന്റെ പേര്. നൂറുകണക്കിനേക്കർ സ്ഥലം സ്വന്തമായി ഉണ്ടായിരുന്ന ജന്മികുടുംബമായിരുന്നു മല്ലുവിന്റേത്. നൈസാമിന്റെ ഭരണത്തിൻ കീഴിലുള്ള ഹൈദരാബാദ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അന്ന് നൽഗൊണ്ട ജില്ല. ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിൽനിന്ന് സ്വരാജ് (സ്വാതന്ത്ര്യം) നേടുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തോട് ആഭിമുഖ്യമുള്ളവരായിരുന്നു മല്ലുവിന്റെ കുടുംബാംഗങ്ങളിലേറെയും. ചിലർ പ്രക്ഷോഭത്തിൽ നേരിട്ടു പങ്കെടുക്കുകയും ചെയ്‌തു. ബന്ധുക്കളുടെ പൊതുവെയുള്ള ആഗ്രഹമായിരുന്നു നവജാതശിശുവിന്റെ നാമത്തിനൊപ്പം സ്വാരജ്യം എന്നുകൂടി ചേർക്കണം എന്നത്. ബന്ധുക്കളുടെ ആഗ്രഹം മാനിച്ചാണ് മല്ലു സ്വരാജ്യം എന്ന പേർ നൽകപ്പെട്ടത്.
അടിമത്തം അവസാനിപ്പിക്കണമെന്ന ആഹ്വാനം ആന്ധ്ര മഹാസഭ നടത്തിയത് 1940കളുടെ ആരംഭത്തിലാണ്. അന്ന് കുട്ടിയായിരുന്ന മല്ലു നിരവധി അടിമത്തൊഴിലാളികൾക്ക് സൗജന്യമായി അരി വിതരണംചെയ്‌തു. അവരുടെ പൊതുജീവിതം ആരംഭിച്ചത് അതോടെയാണെന്നു പറയാം. ജ്യേഷ്‌ഠസഹോദരൻ ഭീം റെഡ്ഡി നരസിംഹ റെഡ്ഡി എന്ന ബി എൻ റെഡ്ഡി തികഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്നു. അദ്ദേഹം മല്ലുവിന്റെ ജീവിതത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. പോരാട്ടത്തിന്റെ വഴിയിലേക്ക് അവരെ നയിച്ചത് ബി എൻ റെഡ്ഡിയാണ്.
മല്ലുവിന്റെ ജീവിതപങ്കാളി വെങ്കട നരസിംഹ റെഡ്ഡിയാണ്. അദ്ദേഹവും മല്ലുവിന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വലുതാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ബുദ്ധികേന്ദ്രം എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. നൈസാം‐റസാക്കർ കൂട്ടുകെട്ടിന്റെ കാലത്ത് നൽഗൊണ്ടയിലും പട്ടാള അടിച്ചമർത്തൽ വേളയിൽ ഗോദാവരി വനപ്രദേശത്തും പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. മല്ലു സ്വരാജ്യത്തിന്റെ സഹോദരൻ ബി എൻ റെഡ്ഡിയും ഭർത്താവ് വെങ്കിട റെഡ്ഡിയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളായിരുന്നു. സഹോദരൻ ജന്മിമാർക്കെതിരെ പടനയിച്ചപ്പോൾ ഭർത്താവ് ഒളിത്താവളങ്ങളിലിരുന്ന് പാർട്ടിയുടെ ബുദ്ധികേന്ദ്രമായാണ് പ്രവർത്തിച്ചത്. അവർ കൃഷ്‌ണാർജുനന്മാർ എന്നാണ് അറിയപ്പെട്ടത്.
സ്വരാജ്യം പാവങ്ങൾക്കിടിൽ ഇറങ്ങിച്ചെന്ന് പോരാട്ടം നടത്താനാണ് ഉത്സാഹം കാട്ടിയത്. ജനങ്ങളുടെ ഭാഷയിൽ, അവർക്ക് വളരെവേഗം കാര്യം മനസ്സിലാകുന്ന രീതിയിൽ സംസാരിക്കാനുള്ള അസാധാരണമായ ശേഷി മല്ലുവിനുണ്ടായിരുന്നു. സാധാരണക്കാർ മല്ലു പറയുന്നതിനു ചെവികൊടുത്തു. അവർ അവതരിപ്പിച്ച പാർട്ടി നിലപാടുകളെ ജനങ്ങൾ ഹൃദയംകൊണ്ട് ഏറ്റുവാങ്ങി.
തെലങ്കാന പോരാട്ടത്തിന്റെ സൈനിക കമാൻഡർ ബി എൻ റെഡ്ഡി ആയിരുന്നു. പ്രത്യേക ദളങ്ങൾ രൂപീകരിച്ച് പോരാടണമെന്നത് അദ്ദേഹത്തിന്റെ നിർദേശമായിരുന്നു. അങ്ങനെ രൂപീകരിക്കപ്പെട്ട ഒരു ദളത്തിന്റെ കമാൻഡർ മല്ലു ആയിരുന്നു. തെലങ്കാന പോരാളികൾക്കെതിരെ പട്ടാളം അതിക്രൂരമായ മർദനങ്ങളും കണ്ണില്ലാത്ത കൊലപാതകങ്ങളും നടത്തിയപ്പോൾ നിരവധി ചെറുത്തുനിൽപ്പുകൾ സംഘടിപ്പിച്ച് മല്ലുവും കൂട്ടരും പട്ടാളത്തെ തുരത്തി.
മല്ലുവിന്റെ ധീരസാഹസിക പ്രവർത്തനങ്ങൾ നിരവധിയാണ്. ഒരിക്കൽ തെലങ്കാന സമരനായകൻ പി സുന്ദരയ്യ വേഷപ്രച്ഛന്നനായി ട്രെയിൻ മാർഗം വിജയവാഡയിലേക്ക് വരുന്നുണ്ടായിരുന്നു. ആ വിവരം പൊലീസ് മണത്തറിഞ്ഞു. അവർ സുന്ദരയ്യയെ കുടുക്കാൻ വലവിരിച്ചു. പൊലീസ് നടപടികളെക്കുറിച്ച് പാർട്ടിക്കും രഹസ്യമായി വിവരം കിട്ടി. ‘‘സുന്ദരയ്യയെ എങ്ങനെയും രക്ഷപ്പെടുത്തുക’’ എന്ന ദൗത്യം മല്ലുവിനെയാണ് കമ്യൂണിസ്റ്റ് പാർട്ടി ഏൽപ്പിച്ചത്. മല്ലു രണ്ടാമതൊന്ന് ആലോചിച്ചില്ല. കുതിരപ്പുറത്ത് അവർ വിജയവാഡയിലേക്ക് പാഞ്ഞു. അവിടെ ഔട്ടറിൽ ട്രെയിനിൽനിന്ന് സുന്ദരയ്യയെ ഇറക്കി കുതിരപ്പുറത്ത് പാഞ്ഞു. ലക്ഷ്യസ്ഥാനത്ത് അദ്ദേഹത്തെ സുരക്ഷിതനായി ഇറക്കി.
ബെല്ലംപള്ളി റെയിൽവേ സ്‌റ്റേഷനിൽ രണ്ട് യുവാക്കളെ പൊലീസ് കടുത്ത മർദനത്തിനിരയാക്കി. കർഷകപോരാളികളായ വച്ചയും ഭിംലയുമായിരുന്നു അവർ. സഹോദരന്മാരായ അവർക്ക് അതിക്രൂരമായ മർദനമുറകളാണ് നേരിടേണ്ടിവന്നത്. സ്വന്തം പേരുകൾ മാറ്റിപ്പറഞ്ഞ് അവർ പൊലീസിനെ കബളിപ്പിച്ചു. നഖങ്ങൾ പിഴുതുകളയുക ഉൾപ്പെടെയുള്ള മർദനമുറകളേറ്റിട്ടും അവർ തെല്ലും കുലുങ്ങിയില്ല. പൊലീസ് അപ്പോൾ അവസാന അടവ് പ്രയോഗിച്ചു. വാച്ച‐ഭിംല സഹോദരങ്ങളുടെ മാതാവിനെ സ്‌റ്റേഷനിൽ കൊണ്ടുവന്നു. ‘‘നിങ്ങളുടെ മക്കളല്ലേ ഇവർ’’, പൊലീസുകാർ വിജയഭാവത്തിൽ ചോദിച്ചു. ‘‘അല്ല’’ ആ അമ്മയും പൊലീസുകാരെ കബളിപ്പിച്ചു. അപ്പോൾ വൃദ്ധയായ മാതാവിനു നേരെയായി പൊലീസിന്റെ മർദനം. അപ്പോഴേക്കും സായുധരായ തെലങ്കാന പോരാളികൾ മല്ലുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷൻ വളഞ്ഞു. ഭിംലയെയും വാച്ചയെയും പൊലീസ് സ്‌റ്റേഷനിൽനിന്ന് മോചിപ്പിച്ചുകൊണ്ട് മല്ലുവും മറ്റു പോരാളികളും സ്ഥലംവിട്ടു.
രാജക്ക എന്നായിരുന്നു മല്ലു സ്വരാജ്യത്തിന്റെ ഒളിവിലെ പേര്. മല്ലുവാണെന്നു സംശയിച്ച് രാജക്ക എന്നു പോരായ മറ്റൊരു സ്‌ത്രീയെ പൊലീസ് പിടികൂടി. പ്രസവിച്ച് ഒരാഴ്‌ച മാത്രം പിന്നിട്ട ആ സ്‌ത്രീയും പാർട്ടിക്കുവേണ്ടി പൊലീസിനെ കബളിപ്പിച്ചു: ‘‘അതെ ഞാൻ തന്നെയാണ് മല്ലു സ്വരാജ്യം’’. അപ്പോഴേക്കും മല്ലു സ്വരാജ്യം പിടിക്കപ്പെട്ടു എന്ന വാർത്ത നാടാകെ പരന്നു. അതോടെ യഥാർഥ മല്ലുവിന് കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം ലഭിച്ചു. രാജക്കയ്‌ക്ക് കൊടിയ മർദനം ഏറ്റുവാങ്ങേണ്ടിവന്നു. വിപ്ലവകാരിയായ മല്ലുവിന് കിട്ടേണ്ട ക്രൂരമായ മർദനങ്ങൾ രാജക്ക ഏറ്റുവാങ്ങി. പാർട്ടിക്കൂറാണ് രാജക്കയ്‌ക്ക് അതിനുള്ള ധൈര്യം പകർന്നുനൽകിയത്.
തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് പൊലീസ് അധികം താമസിയാതെ തിരിച്ചറിഞ്ഞു. മല്ലു സ്വരാജ്യം പുറത്ത് സുഗമമായി വിപ്ലവപ്രവർത്തനം നടത്തുന്നുണ്ട് എന്നവർക്ക് ബോധ്യമായി. അതോടെ രാജക്കയെ പൊലീസ് മോചിപ്പിച്ചു. പക്ഷേ രാജക്ക മോചിപ്പിക്കപ്പെട്ട് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ നവജാതശിശു മരണപ്പെട്ടുകഴിഞ്ഞിരുന്നു.
തെലുങ്കാന സമരം പിൻവലിക്കപ്പെട്ടതിനുശേഷവും മല്ലു സ്വരാജ്യം എന്നും പ്രക്ഷോഭത്തിന്റെ വഴിയിലായിരുന്നു. കർഷകരുടെയും വനിതകളുടെയും പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ട് അവർ നയിച്ച പ്രക്ഷോഭങ്ങൾ നിരവധിയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആന്ധ്ര സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ നേതാവുമായിരുന്നു അവർ.
1978ലും 1983ലും തങ്കതുർത്തി നിയമസഭാ മണ്ഡലത്തിൽനിന്ന് മല്ലു സ്വരാജ്യം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവിഭക്ത ആന്ധ്രപ്രദേശ് സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായി ദീർഘകാലം പ്രവർത്തിച്ച മല്ലു 2002ൽ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ആ വർഷം മാർച്ച് 19 മുതൽ 24 വരെ ഹൈദരാബാദിൽ നടന്ന പതിനേഴാം പാർട്ടി കോൺഗ്രസിലാണ് അവർ കേന്ദ്രകമ്മിറ്റി അംഗമായത്.
2022 മാർച്ച് 19ന് മല്ലു സ്വരാജ്യം അന്തരിച്ചു. മരിക്കുമ്പോൾ അവർ സിപിഐ എം കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. മരണാന്തരം മല്ലുവിന്റെ ഭൗതികശരീരം നൽഗൊണ്ട ഗവൺമെന്റ് മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുകയായിരുന്നു. മല്ലു സ്വരാജ്യത്തിന്റെ ആഗ്രഹത്തിനനുസരിച്ചായിരുന്നു അത്.
മല്ലു ഗൗതം റെഡ്ഡി, മല്ലു നാഗാർജുൻ റെഡ്ഡി, കരുണ എന്നിവർ മക്കൾ. l




