
വടക്കേ മലബാറിലെ പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങളിലും പൊട്ടൻ തെയ്യം കെട്ടിയാടുന്ന കവുകളിലും ഈ തെയ്യം കെട്ടിയിറങ്ങാറുണ്ട്. ഈശ്വര സങ്കല്പത്തിനായി പൂമാല ഭാഗവതിയെയും ആരാധിക്കുന്നു പുലയ സമുദായക്കാർക്കിടയിൽ പ്രചാരമുള്ള തെയ്യമാണ് പുലമാരുതൻ തെയ്യം. മനുഷ്യരും ദേവതകളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകം കൂടിയായിട്ടാണ് ഈ തെയ്യം കെട്ടിയിറങ്ങുന്നത്. അതിരുകൾ ഇല്ലാത്ത സൗഹൃദം അനിവാര്യമാണെന്ന സന്ദേശം തന്നെയാണ് ഇതു പകർന്നു നൽകുന്നത്. പുല പൊട്ടൻ തെയ്യത്തിന്റെ മറ്റൊരു രൂപമായും പുല മാരുതൻ തെയ്യത്തെ ഗണിക്കുന്നവരുണ്ട്.
തെയ്യം അവതരണങ്ങളുടെ ആരംഭകാലം എന്ന് പറയുന്നത് പതിതരായ ജനതയെ എല്ലാ അർത്ഥത്തിലും ചൂഷണത്തിന് വിധേയമാക്കി കൊണ്ടിരുന്ന കാലം ആയിരുന്നു. ഈ അകറ്റിനിർത്തലുകൾക്കു പ്രധാന കാരണം ജാതി മേധാവിത്വം കൊടികുത്തി വാണിരുന്ന കാലമായിരുന്നു അത് എന്നതാണ്. ജാതീയമായ ഉച്ചനീചത്വവും അടിച്ചമർത്തലുകളും നിർബാധം നടന്നിരുന്ന കാലത്ത് അതിനെതിരെ ഒരു ജനതയുടെ ഉയർത്തെഴുന്നേൽപ് കൂടിയായിരുന്നു ആ കാലത്തെ തെയ്യം അവതരണങ്ങൾ. മനുഷ്യരെല്ലാം ഒന്നാണെന്നും അവർക്കിടയിൽ ജാതിയുടെ അതിർവരമ്പുകൾ ആവശ്യമില്ലെന്നും അടിവരയിടുന്ന സന്ദേശം പുലമാരുതൻ പോലുള്ള തെയ്യങ്ങളുടെ അവതരണങ്ങളിലൂടെ ഉറപ്പുവരുത്തുകയായിരുന്നു ആ കാലം. മനുഷ്യന്റെ ചോരക്ക് ഒറ്റ നിറം ആയിരിക്കുന്ന കാലത്തോളം വേർതിരിവുകൾ അപ്രസക്തമാണെന്ന സന്ദേശം ഈ തെയ്യം മലയാളികൾക്ക് പകർന്നു നൽകുന്നു. സാമൂഹിക പ്രതിബന്ധതയും അതിനൊത്ത സന്ദേശവും തെയ്യം അവതരണത്തിലൂടെ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ചണ്ഠാലിക, കരിഞ്ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളുമായി രൂപത്തിലും മുഖത്തെഴുത്തിലും ഏറെ സാമ്യം ഉണ്ടെന്ന പ്രത്യേകതയുമുണ്ട്. പുലയ സമുദായക്കാരാണ് ഏറെ പ്രത്യേകതയുള്ള ഈ തെയ്യം കെട്ടിയാടാറ്. പൂമാല ഭഗവതിയുടെ ക്ഷേത്രങ്ങളിലും ഇതു കെട്ടിയാടാറുണ്ട്. പുലയ സമുദായക്കാരുടെ പാരമ്പര്യത്തിന്റെയും ഇഴ ചേർത്ത അവതരണം എന്നതിനേക്കാളുപരി ചെറുത്തുനിൽപ്പിന്റെ ആവിഷ്കാരം കൂടിയാണ്.

വേഷ വിതാനത്തിലും പുലമാരുതൻ തെയ്യം മറ്റു തെയ്യങ്ങളിൽ നിന്നും ഏറെ പ്രത്യേകത അവകാശപ്പെടാൻ ഉള്ളതാണ്. പൊട്ടൻ തെയ്യം അവതരിപ്പിക്കുമ്പോഴുള്ള മുഖാവരണം പോലെയാണ് ഈ തെയ്യത്തിന്റെയും മുഖചിത്രം. പാളയിൽ രൂപപ്പെടുത്തിയ മുഖം ചുവപ്പ് വെളുപ്പ് കറുപ്പ് എന്നീ നിറങ്ങളുടെ പ്രയോഗം കൊണ്ട് സമ്പന്നം ആണ്. മെയ്യെഴുത്തിൽ അരിപ്പൊടിയിലെ വെളുത്ത ചായം കൊണ്ട് ആലേഖനം ചെയ്ത ചിത്രം രേഖപ്പെടുത്തുന്നു. കാൽ ഭാഗം മുഴുവനും മറച്ചു വെക്കുന്ന മട്ടിൽ കുരുത്തോല കൊണ്ടുള്ള അലങ്കാരം. മിക്ക തെയ്യങ്ങൾക്കും കുരുത്തോല കൊണ്ടുള്ള ആവരണം കാണാം. നേർത്തതായി ചീന്തിയെടുത്ത കുരുത്തോല കൊണ്ടുള്ള ആവരണം ആകുമ്പോൾ ധൃതഗതിയിലുള്ള മെയ്യഭ്യാസത്തിനു സാധ്യതകൾ ഏറെയാണ്.




