
തീയിൽ ചാടുന്ന തെയ്യം പോലെ ഇസ്ലാമിക ജീവിതത്തിൽ അക്രമോൽസുകമായ കല എന്നു കുത്തി റാത്തിബിനെ വിശേഷിപ്പിക്കാം. മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്രയിൽ പ്രവാചകനായ മുഹമ്മദ് നബിയെ മദീനയിൽ സ്വീകരിക്കുന്ന സന്ദർഭത്തിലാണ് കുത്തി റാത്തീബ് എന്ന കലാരൂപം ആദ്യമായി അവതരിപ്പിച്ചത് എന്നു പറയുന്നു. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിനിടയിലാണ് ഈ കലാരൂപം ഏറെ പ്രചാരത്തിലുണ്ടായിരുന്നത്. മുബൈയിലെ ശിയ വിഭാഗക്കാർ ഇപ്പോഴും വ്യാപകമായി ഈ കലാരൂപം പ്രയോഗിക്കുന്നുണ്ട്. കണ്ണൂരിലെ അറക്കൽ തറവാട്ടിൽ ഇപ്പോഴും കുത്തി റാത്തീബ് അവതരിപ്പിക്കുന്നുണ്ട്. സാധാരണയായി വീടുകളിൽ എന്തെങ്കിലും ആഹ്ലാദ ദായകമായ സംഭവങ്ങൾ ഉണ്ടായാൽ ഈ കലാരൂപം അവതരിപ്പിക്കും. പ്രസവം നടന്നാലും കുത്തി റാത്തീബ് അരങ്ങേറാറുണ്ട്. നബി തിരുമേനിക്കു സ്വീകരണത്തിന്റെ ഭാഗമായി മദീനയിലെ അനുയായികൾ റാത്തീബ് എന്ന കലാരൂപം അവതരിപ്പിച്ചത് കാലോചിതമായി പരിഷ്കരിച്ചു ആത്മസമർപ്പണത്തിന്റെ കലാ അവതരണം കൂടിയായി വേഗം മാറുകയായിരുന്നു. ഈ കലാരൂപം അവതരിപ്പിക്കുന്നത് നേർച്ചയുടെ ഭാഗമായിട്ടാണ്. നബി തിരുമേനിക്കു റാത്തീബ് എന്ന നേർച്ച നൽകി സ്വീകരിച്ചു എന്നാണ് പറയപ്പെടുന്നത്. നബിയുടെ അനുയായികളിൽ ആദ്യത്തെ ആൾ എന്നു പരിഗണിക്കപ്പെടുന്ന അലിയുടെ കാലം മുതലാണ് കുത്തി റാത്തീബ് പ്രചാരത്തിലായത് എന്നാണ് പറയുന്നത്. ബദർ യുദ്ധത്തിൽ നബിയുടെ മകളുടെ രണ്ടു മക്കൾ കൊല്ലപ്പെട്ടിരുന്നു. യുദ്ധശേഷം ശിയാ മുസ്ലീങ്ങൾ യുദ്ധത്തിന്റെ ഓർമ്മക്കായി കത്തിയെടുത്തു നെഞ്ചത്ത് കുത്തി റാത്തീബ് ആചാരിക്കുന്ന നില ഉണ്ടായിരുന്നു. കേരളീയ മുസ്ലീം സമൂഹത്തിൽ ഇത് അനുഷ്ടാനാത്മകമാവുകയും പ്രചുര പ്രചാരവും നേടി. ഒരു സമൂഹത്തിന്റെ ആദ്ധ്യാത്മികമായ ആവശ്യങ്ങൾക്കായി രൂപംകൊണ്ട സാഹസികവും അദ്‌ഭുതാതിരേകം നിറഞ്ഞതുമായ കലാരൂപമായി ഇതിനെ വിശേഷിപ്പിക്കാം. സൂഫി പാരമ്പര്യത്തിൽ പ്രചാരത്തിലുള്ള ഒരു അനുഷ്ഠാന കാലയായി കുത്തി റാത്തീബു ഗണിക്കപെടുന്നു. സൂഫിസത്തിലെ പ്രത്യേക വിഭാഗക്കാർ ‘റിഫാഈ’ സൂഫികൾ തങ്ങളുടെ ആശയ പ്രചാരണത്തിനായി കുത്തി റാത്തീബു പ്രചരിപ്പിച്ചു എന്നു മത പണ്ഡിതർ പറയുന്നുണ്ട്.. സൂഫികളെ ഇസ്ലാം മതത്തിലെ മിസ്റ്റിക് വിഭാഗമായി പരിഗണിക്കുന്നവരുമുണ്ട്. റിഫാഈ റാത്തീബ് എന്ന പേരിൽ കേരളത്തിന് പുറത്തും ഇത് അറിയപ്പെടുന്നുണ്ട്.
ഇറാഖിലെ ബത്വാഇഹ് പ്രവിശ്യയിൽ ഉമ്മു അബിദ എന്ന പ്രവിശ്യയിൽ ( ചെറുഗ്രാമത്തിൽ) ജനിച്ച സൂഫി ഗുരുവായ ശൈഖ് അബ്ദുൾ അബ്ബാസ് അഹമദുല് കബീർ അർ – റിഫാഇ ആണ് റിഫാഇ സൂഫി വഴിയുടെ സ്ഥാപക ഗുരു. ഇദ്ദേഹത്തെ കുറിച്ചുള്ള അപദാനങ്ങളും കീർത്തനങ്ങളും കുത്തി റാത്തീബിലെ ഗീതങ്ങൾ ( ബൈത്തു) ആയി ആലപിക്കുന്നുണ്ട്. ശൈഖ് റിഫാഇയും അദ്ദേഹത്തിന്റെ പിൻഗാമികളായ ഗുരുക്കന്മാരും വിശ്വാസ സമൂഹത്തെ സൃഷ്ടിച്ചെടുത്തത് അതി സാഹസികമായ അദ്‌ഭുത പ്രവർത്തികൾ ( കാറാമത്തു ) ചെയ്തു കൊണ്ടായിരുന്നു. കത്തിയാളുന്ന തീയിൽ ചാടുക വിവിധ ജന്തുക്കളുമായി ഇടപഴകുക ഹിംസ്ര ജന്തുക്കളുടെ പുറത്തു സവാരി ചെയ്യുക. വിഷം കഴിക്കുക തുടങ്ങി സാഹസിക കൃത്യം ചെയ്തു പൊന്നു. ഇവയുടെ തുടർച്ചയായിട്ടാണ് കുത്തി റാത്തീബു അനുഷ്ഠിച്ചു പോന്നത് എന്നു പറയുന്നു. ആത്മീയ ശക്തികളെ ആവാഹിച്ചു നടത്തുന്ന കലാരൂപം ആയതിനാൽ വളരെ ഏകാഗ്രതയോടെയും ഭക്തിയോടെയുമാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്. ആദ്യകാലത്തെ വസൂരി പോലുള്ള മാരക രോഗങ്ങളിൽ നിന്നും മുക്തി നേടാനും സാമ്പത്തിക ദുരിതങ്ങൾക്കു പരിഹാരം കാണാനും ഈ അനുഷ്ഠനം നേർച്ചയായി കരുതി ഈ കലാരൂപം അവതരിപ്പിക്കുന്നു. രോഗങ്ങൾ വിതക്കുന്നത് പൈശാചിക ശക്തിയാണെന്നു കരുതിയ ആദ്യകാല സമൂഹം തങ്ങളുടെ ചുറ്റുപാടിൽ നിന്നും ദുരിതവും രോഗവും അകറ്റാൻ കുത്തി റാത്തീബു അവതരിപ്പിച്ചു പൊന്നു. ആ കാലത്തു ഒരുപരിധി വരെ ജാതിമത ഭേദമന്യേ ഈ വിശ്വാസത്തെ ഉൾക്കൊണ്ടിരുന്നു. കുത്തി റാത്തീബിൽ പദ്യങ്ങൾ ചൊല്ലുവാൻ അകമ്പടിയായി ഉപയോഗിക്കുന്ന രണ്ടു വാദ്യ ഉപകാരണങ്ങളാണ് ദഫും അറബനയും. കുത്തി റാത്തീബ് എന്ന കലാരൂപം ഇന്ന് വേണ്ടത്ര പ്രചാരത്തിൽ ഇല്ലെങ്കിലും ഇസ്ലാമിക കലാരൂപങ്ങളുടെ ചരിത്രത്തിൽ ഈ കലാരൂപം കളരിമുറയിലെ മറ്റൊരു പാഠമായി നിലനിൽക്കുന്നു.




