അധിനിവേശത്തിന്റെ കനൽവഴികളിലെ പലസ്തീൻ പ്രത്യാശകൾ: ഒരു ജനതയുടെ അതിജീവനഗാഥ

അബ്ദുള്ള എം അബു ഷാവേഷ്/ കീർത്തന എസ് എസ്

 


30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള കേവലം സിനിമാ കാഴ്ചകൾക്കപ്പുറം ലോകത്തിന്റെ മനസാക്ഷിയെ ഉണർത്തുന്ന പോരാട്ടഭൂമിയായി മാറിയിരിക്കുകയാണ്. ഇത്തവണ മേളയുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന് പലസ്തീനിയൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷിൻ്റെ സാന്നിധ്യമായിരുന്നു.

പലസ്തീൻ നേരിടുന്ന ചരിത്രപരമായ അനീതികൾ, പാശ്ചാത്യ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്, ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായുള്ള സമാനതകൾ എന്നിവയെല്ലാം സംബന്ധിച്ച് അദ്ദേഹം സംസാരിക്കുന്നു….

നിഷേധിക്കപ്പെട്ട കഥകൾ, തമസ്കരിക്കപ്പെട്ട യാഥാർത്ഥ്യങ്ങൾ

പലസ്തീൻ ജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തം കഥ ലോകത്തോട് പറയാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു എന്നതാണ്. “ബാൽഫോർ പ്രഖ്യാപനത്തിന് മുൻപ് തന്നെ ഞങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെട്ടു തുടങ്ങി,” അദ്ദേഹം പറഞ്ഞു. സിനിമ എന്ന മാധ്യമം പലസ്തീനികളെ സംബന്ധിച്ചിടത്തോളം കേവലം വിനോദമല്ല, മറിച്ച് ലോകത്തിന് മുന്നിൽ തങ്ങളുടെ അസ്തിത്വം തെളിയിക്കാനുള്ള ഏക മാർഗമാണ്.

1917-ലെ കുപ്രസിദ്ധമായ ‘ബാൽഫോർ പ്രഖ്യാപനം’ (Balfour Declaration) മുതൽ തുടങ്ങിയ വഞ്ചനയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇതിനെ അദ്ദേഹം “അശുഭകരമായ പ്രഖ്യാപനം” എന്ന് വിശേഷിപ്പിച്ചു. പുരാതന പലസ്തീൻ മണ്ണിൽ അബ്രഹാമിന്റെയോ യാക്കോബിന്റെയോ പിൻഗാമികളല്ലാത്തവർക്ക് അധികാരം നൽകിയ ചരിത്രപരമായ പിഴവുകളെ അദ്ദേഹം ചൂണ്ടിക്കാട്ടി. അബ്രഹാം, ജേക്കബ്, ഇസ്രായേൽ എന്നിവരുടെ പിൻഗാമികളല്ലാത്ത, 1100 വർഷം മുൻപ് ജൂതമതത്തിലേക്ക് പരിവർത്തനം ചെയ്ത ഖസാറിയൻ ജൂതന്മാർക്ക് പുരാതന പലസ്തീൻ കൈമാറാൻ ഈ പ്രഖ്യാപനം വഴിയൊരുക്കി.

1948-ന് മുമ്പ് പാശ്ചാത്യലോകത്ത് പ്രചാരത്തിലുണ്ടായിരുന്ന “ജനങ്ങളില്ലാത്ത ഭൂമി, ഭൂമിയില്ലാത്ത ജനതയ്ക്ക്” എന്ന സയണിസ്റ്റ് മുദ്രാവാക്യം ലോകത്തിന് മുന്നിൽ പ്രചരിപ്പിച്ചത് പലസ്തീൻ എന്ന രാജ്യത്തെയും അവിടുത്തെ ജനതയെയും ഭൂപടത്തിൽ നിന്നും വിസ്മൃതിയിലേക്ക് തള്ളിവിട്ടുകൊണ്ടാണ്. ആ മണ്ണ് ശൂന്യമാണെന്ന് വരുത്തിത്തീർത്ത് അധിനിവേശം ഉറപ്പിക്കാനുള്ള പാശ്ചാത്യ തന്ത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാശ്ചാത്യ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്

ഗാസയിലെ കൂട്ടക്കുരുതികളെക്കുറിച്ചുള്ള റിപ്പോർട്ടിംഗിൽ മാധ്യമങ്ങൾ പുലർത്തുന്ന വിവേചനത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. “അക്കങ്ങളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും ലോകത്ത് പലപ്പോഴും യഥാർത്ഥ ദുരന്തത്തിന്റെ വേരുകൾ വിസ്മരിക്കപ്പെടുന്നു. എഴുപതിനായിരത്തിലധികം മനുഷ്യർ കൊല്ലപ്പെട്ടത് കേവലം നമ്പറുകളല്ല,” അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 75 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന വസ്തുത അദ്ദേഹം എടുത്തുപറഞ്ഞു.

പാശ്ചാത്യ മാധ്യമങ്ങൾ ഇസ്രായേൽ അധിനിവേശത്തിന്റെ പങ്കാളികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പലസ്തീൻ എന്ന വാക്കിനെപ്പോലും സെൻസർ ചെയ്യുന്ന സോഷ്യൽ മീഡിയ ഭീമന്മാരും സയണിസ്റ്റ് പ്രചാരണങ്ങൾക്ക് കുടപിടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഐഎഫ്എഫ്കെ പോലുള്ള വേദികൾ ‘പലസ്തീൻ 36’ പോലുള്ള ചിത്രങ്ങളിലൂടെ അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി മാറുന്നത്. “റിപ്പോർട്ടിംഗും കഥ പറയലും (Storytelling) തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഞങ്ങൾ ആഗ്രഹിക്കുന്നത് ഞങ്ങളുടെ വേരുകൾ ലോകം അറിയണമെന്നാണ്,” അദ്ദേഹം കൂട്ടിചേർത്തു.

ഇന്ത്യൻ സ്വാതന്ത്ര്യസമരം: പലസ്തീൻ പോരാട്ടത്തിന്റെ കണ്ണാടി

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തെ പലസ്തീൻ പോരാട്ടത്തിന്റെ കണ്ണാടിയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയിൽ രണ്ട് ചിന്താധാരകൾ ഉണ്ടായിരുന്നു – മഹാത്മാഗാന്ധിയുടെ സമാധാനപൂർണ്ണമായ പ്രതിരോധവും ഭഗത് സിംഗിന്റെ സായുധ പോരാട്ടവും. ഈ രണ്ട് രീതികളും ഇന്ന് പലസ്തീനിലുണ്ട്.

പ്രസിഡന്റ് അബ്ബാസ് ഗാന്ധിയൻ പാതയെ പ്രതിനിധീകരിക്കുമ്പോൾ, അധിനിവേശത്തിനെതിരെ സായുധമായി പ്രതിരോധിക്കുന്നവർ ഭഗത് സിംഗിന്റെ വഴിയെ പിന്തുടരുന്നു. “ഭഗത് സിംഗിനെ ബ്രിട്ടീഷുകാർ അന്ന് തീവ്രവാദി എന്ന് വിളിച്ചു, പക്ഷേ ഇന്ത്യൻ ജനത അദ്ദേഹത്തെ സ്വാതന്ത്ര്യസമര സേനാനിയായി കാണുന്നു. അതുപോലെ തന്നെയാണ് പലസ്തീൻ പോരാളികളും,” സ്ഥാനപതി പറഞ്ഞു. “വിദേശ അധിനിവേശത്തിനെതിരെ ഏത് മാർഗ്ഗത്തിലൂടെയും പൊരുതാനുള്ള അവകാശം അന്താരാഷ്ട്ര നിയമങ്ങൾ നൽകുന്നുണ്ട്,” അദ്ദേഹം പറഞ്ഞു.

പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, സമാധാനപരമായ നയതന്ത്ര നീക്കങ്ങളിലൂടെയും നിയമപരമായ പോരാട്ടങ്ങളിലൂടെയും അധിനിവേശത്തെ നേരിടുന്നു. എന്നാൽ ഗാന്ധിയെപ്പോലും അന്ന് അരാജകവാദി എന്ന് വിളിച്ചതുപോലെ, പ്രസിഡന്റ് അബ്ബാസിനെ ‘നയതന്ത്ര തീവ്രവാദി’ എന്നാണ് ഇസ്രായേൽ വിശേഷിപ്പിക്കുന്നത്.

ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഐക്യരാഷ്ട്രസഭയിൽ പലസ്തീന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തതും ഗാസയുടെ പുനർനിർമ്മാണത്തിൽ ഇന്ത്യ വഹിക്കാൻ പോകുന്ന പങ്കും സുപ്രധാനമാണ്. ജെനിനിൽ ഇന്ത്യ നിർമ്മിക്കുന്ന വലിയ ആശുപത്രി ഇതിന്റെ തെളിവാണ്.

കേരളജനതയ്ക്ക് നന്ദി…..

പലസ്തീന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞു. കേരള മുഖ്യമന്ത്രിയുമായി താൻ നേരിട്ട് സംസാരിച്ചു. “സമാധാനത്തോടും നീതിയോടും അന്താരാഷ്ട്ര നിയമത്തോടുമുള്ള കേരളത്തിന്റെ കൂറ് വളരെ വലുതാണ്. അവർ എന്നെ ക്ഷണിക്കുന്നത് നിർത്തിയിട്ടേയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

പലസ്തീന്റെ സാംസ്കാരിക പൈതൃകം

പലസ്തീന് വളരെ സമ്പന്നമായ സാംസ്കാരിക പൈതൃകമുണ്ടെന്ന് അംബാസഡർ അടിവരയിട്ടു പറഞ്ഞു. പാചകരീതിയിലും പരമ്പരാഗത വേഷങ്ങളിലും ഈ വൈവിധ്യം പ്രകടമാണ്. “ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ആർച്ച് ബിഷപ്പുമാരുടെയും പുരോഹിതന്മാരുടെയും യഥാർത്ഥ വേഷം ഞങ്ങളുടെ ഫലസ്തീൻ പരമ്പരാഗത വേഷമാണ്. അതിന്റെ 95% ഇപ്പോഴും ലോകമെമ്പാടുമുള്ള പള്ളികളിൽ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് പോലും ലോകത്തോട് പറയാൻ ഞങ്ങൾക്ക് അവസരം ലഭിച്ചിട്ടില്ല.” തദ്ദേശീയരായ ഒരു ജനതയുടെ സ്വത്വം ഇല്ലാതാക്കി അവിടെ പുതിയൊരു സംസ്കാരം കെട്ടിപ്പടുക്കാനാണ് സയണിസ്റ്റ് ശ്രമം.

പലസ്തീൻ ചലച്ചിത്രകാരന്മാർ നേരിടുന്ന പ്രധാന വെല്ലുവിളി ഇസ്രായേലി അധിനിവേശം തന്നെയാണ്. പലസ്തീനിൽ വെച്ച് ഒരു സിനിമ ചിത്രീകരിക്കാൻ ഇസ്രായേൽ അനുവദിക്കില്ല. ഒരു ഡോക്യുമെന്ററി സിനിമ ചിത്രീകരിച്ചതിന്റെ പേരിൽ പോലും അവർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഒരു ട്വീറ്റിന്റെ പേരിൽ പോലും അറസ്റ്റുകൾ നടക്കാറുണ്ട്. സയണിസ്റ്റ് വിവരണം മാത്രമാണ് ആഗോളമാധ്യമങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നത്. അതുകൊണ്ടുതന്നെ, പലസ്തീൻ സംസ്കാരം, പൈതൃകം, പാചകരീതി എന്നിവ ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ ഐ എഫ് എഫ് കെ പോലുള്ള വേദികൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗാസയുടെ പുനർനിർമ്മാണവും ഇന്ത്യയുടെ പങ്കും

ഗാസയുടെ പുനർനിർമ്മാണത്തിൽ ഇന്ത്യക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗാസയുടെ പുനർനിർമ്മാണം, പുനരധിവാസം എന്നിവയിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി രണ്ടു മാസത്തിലേറെയായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അംബാസഡർ വെളിപ്പെടുത്തി.

രാഷ്ട്രീയ തലത്തിൽ, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഫലസ്തീന് അനുകൂലമായ പ്രമേയങ്ങൾക്ക് ഇന്ത്യ വോട്ട് ചെയ്തതിലൂടെ പലസ്തീൻ പ്രശ്നത്തിന് ഇന്ത്യ ഇപ്പോഴും ശക്തമായ പിന്തുണ നൽകുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു. പ്രായോഗിക തലത്തിൽ, 1930-കൾ മുതൽ ഇന്ത്യ ഫലസ്തീൻ ജനതയ്ക്കൊപ്പമുണ്ടായിരുന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ പലസ്തീൻ വിഭജന പദ്ധതിക്കെതിരെ വോട്ട് ചെയ്തു. 1988-ൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യത്തെ അറബ്-മുസ്ലീം ഇതര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. നിലവിൽ, പശ്ചിമേഷ്യയിലെ ജെനിനിൽ ആശുപത്രി നിർമ്മിക്കുന്ന പദ്ധതിയുൾപ്പെടെ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി നിരവധി പദ്ധതികൾ ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്.

സയണിസവും യഹൂദമതവും ഒന്നല്ല

യഹൂദ വിരുദ്ധത (Anti Semitism) എന്ന ആരോപണത്തെ അദ്ദേഹം ഖണ്ഡിച്ചു. “ഞങ്ങൾ യഹൂദമതത്തിന് എതിരല്ല, മറിച്ച് അധിനിവേശത്തിനാണ് എതിര്. സെമിറ്റിക് വംശജരായ ഞങ്ങളെ എങ്ങനെയാണ് സെമിറ്റിക് വിരുദ്ധർ എന്ന് വിളിക്കാൻ കഴിയുക?” അദ്ദേഹം ചോദിച്ചു.

പലസ്തീനിലെ പല കുടുംബങ്ങളും പാരമ്പര്യമായി യഹൂദ വേരുകളുള്ളവരാണ്. യാസർ അറഫാത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്ന ഇലാൻ ഹലേവി എന്ന തന്റെ ആദ്യകാല മേധാവി ഒരു യഹൂദനായിരുന്നു. പലസ്തീൻ വിമോചനത്തിനായി അമേരിക്കയിൽ പോരാടുന്നവരിൽ വലിയൊരു വിഭാഗം ജൂതന്മാരാണെന്ന വസ്തുതയും അദ്ദേഹം എടുത്തുപറഞ്ഞു.

രണ്ട് രാഷ്ട്ര പരിഹാരവും യാഥാർത്ഥ്യവും

78 വർഷം മുൻപ് ഐക്യരാഷ്ട്രസഭയുടെ 181-ാം പ്രമേയം വഴി അംഗീകരിച്ചതാണ്. 1993-ലെ ഓസ്ലോ സമാധാന ഉടമ്പടിയിൽ പലസ്തീനികൾ തങ്ങളുടെ ചരിത്രപരമായ ഭൂമിയുടെ 22% ഭാഗത്ത് രാഷ്ട്രം സ്ഥാപിക്കാൻ തയ്യാറെടുത്തതുമാണ്.

“ഇസ്രായേൽ ഒഴികെ ലോകമെമ്പാടുമുള്ള എല്ലാവരും രണ്ട് രാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുന്നു. അല്ലാത്തപക്ഷം നിലവിലുള്ളത് ഒറ്റ രാഷ്ട്ര വർണ്ണവിവേചന യാഥാർത്ഥ്യമാണ്. അവിടെ നദിക്കും കടലിനുമിടയിൽ ഏകദേശം ഏഴ് മില്യൺ ജൂതന്മാർ ഏഴ് മില്യണിലധികം വരുന്ന പലസ്തീനികളെ അടിച്ചമർത്തുന്നു.”
രണ്ട് മാസത്തിനുള്ളിൽ രണ്ട് രാഷ്ട്ര പരിഹാരം നടപ്പാക്കാൻ കഴിയും. എന്നാൽ ഇന്ന് ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ നടത്തുന്ന അനധികൃത കുടിയേറ്റങ്ങളും തീവ്രവാദി കുടിയേറ്റ സംഘങ്ങളുടെ (Settler Militia) അക്രമങ്ങളും ഈ പരിഹാരത്തിന് തടസ്സമാകുന്നു.

“ഇസ്രായേൽ അധിനിവേശത്തെയും അവരുടെ ഉൽപ്പന്നങ്ങളെയും അന്താരാഷ്ട്ര സമൂഹം ബഹിഷ്കരിച്ചാൽ, അത് സാമ്പത്തികമായി അവരെ ഞെരുക്കും. അന്താരാഷ്ട്ര സമൂഹം സമാധാനപരവും നിയമപരവുമായ മാർഗ്ഗങ്ങളിലൂടെ ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കണം.” അദ്ദേഹം പറഞ്ഞു.

‘ബി എ ഗെയിം ചേഞ്ചർ’

ഗാസയിലും വെസ്റ്റ് ബാങ്കിലും ആയിരക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും അടിസ്ഥാന സൗകര്യങ്ങൾ കൂടി നശിപ്പിക്കപ്പെട്ട സാഹചര്യത്തിൽ, യുവതലമുറക്ക് ഇടപെടാൻ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. “നിങ്ങളിൽ ഓരോരുത്തർക്കും ഒരു ഗെയിം ചേഞ്ചർ ആകാൻ കഴിയും,” അദ്ദേഹം പറഞ്ഞു.

അധിനിവേശത്തെ പിന്തുണയ്ക്കുന്ന ആഗോള കമ്പനികളെ ബഹിഷ്കരിക്കുക. അതിലൂടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും അധിനിവേശത്തിന്റെ സാമ്പത്തിക വേരുകൾ അറുക്കാനും സാധിക്കും. നിങ്ങൾ ചെലവാക്കുന്ന 100 രൂപ നിങ്ങളുടെ സ്വന്തം നാട്ടിലെ ജനങ്ങൾക്ക് ഗുണകരമാകട്ടെ.

മാധ്യമങ്ങൾ തമസ്കരിക്കുന്ന പലസ്തീൻ കഥകൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവയ്ക്കുക. നിശബ്ദമാക്കപ്പെട്ട ജനതയുടെ ശബ്ദമാകുക. “കേരളം എനിക്ക് നൽകിയ സ്വീകരണം അവിസ്മരണീയമാണ്. മുഖ്യമന്ത്രി മുതൽ താഴെത്തട്ടിലുള്ളവർ വരെ പലസ്തീന് നൽകുന്ന പിന്തുണ വിലമതിക്കാനാവാത്തതാണ്. നിശബ്ദമാക്കപ്പെട്ടവരുടെ ശബ്ദമായി മാറുന്ന ഐഎഫ്എഫ്കെ ലോകത്തിന് മാതൃകയാണ്,” അദ്ദേഹം പറഞ്ഞു.

പലസ്തീൻ എന്നത് കേവലം ഒരു തർക്കഭൂമിയല്ല, മറിച്ച് ലോകത്തിന്റെ നീതിബോധത്തിന്റെ പരീക്ഷണശാലയാണ്. ആ പരീക്ഷണത്തിൽ പരാജയപ്പെട്ടാൽ നാളെ ലോകത്തിന്റെ ഏത് ഭാഗത്തും ഇത്തരം അധിനിവേശങ്ങൾ ആവർത്തിക്കപ്പെടാം എന്ന താക്കീത് ഓരോ വായനക്കാരനും ചിന്തിക്കേണ്ടതാണ്.

Hot this week

കുത്തി റാത്തീബ് : ഇസ്ലാമിക സമുദായത്തിൽ നിലനിന്നിരുന്ന പ്രത്യേക ആയുധാഭ്യാസകല

  തീയിൽ ചാടുന്ന തെയ്യം പോലെ ഇസ്ലാമിക ജീവിതത്തിൽ അക്രമോൽസുകമായ കല എന്നു...

ഐ.എഫ്.എഫ്.കെയുടെ 30 വർഷങ്ങൾ

  കേരളത്തിൻ്റെ ദൃശ്യസംസ്കാരത്തെയും സിനിമാനുഭവത്തെയും മാറ്റിമറിച്ച കേരളരാജ്യാന്തര ചലച്ചിത്രമേള(ഐ.എഫ്.എഫ്.കെ) 30 വർഷം പിന്നിടുകയാണ്....

കല ഫാസിസത്തെ വിചാരണ ചെയ്യും

കലാതിവര്‍ത്തിയാണ് കല. മനുഷ്യന്‍ കണ്ടെത്തിയ കലാരൂപങ്ങളില്‍ ഏറ്റവും ജനപ്രിയവും സ്വാധീനശേഷിയുള്ളതുമായ കലാരൂപമാണ്...

പുലമാരുതൻ തെയ്യം

വടക്കേ മലബാറിലെ പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങളിലും പൊട്ടൻ തെയ്യം കെട്ടിയാടുന്ന കവുകളിലും...

കുഞ്ഞുവേടൻ തെയ്യം

കർക്കിടകത്തിന്റെ ദുരിതം അകറ്റുവാനായി കെട്ടിയാടുന്ന തെയ്യമാണ് കുഞ്ഞുവേടൻ തെയ്യം. മഹാഭാരതം കഥയിൽ...

Topics

കുത്തി റാത്തീബ് : ഇസ്ലാമിക സമുദായത്തിൽ നിലനിന്നിരുന്ന പ്രത്യേക ആയുധാഭ്യാസകല

  തീയിൽ ചാടുന്ന തെയ്യം പോലെ ഇസ്ലാമിക ജീവിതത്തിൽ അക്രമോൽസുകമായ കല എന്നു...

ഐ.എഫ്.എഫ്.കെയുടെ 30 വർഷങ്ങൾ

  കേരളത്തിൻ്റെ ദൃശ്യസംസ്കാരത്തെയും സിനിമാനുഭവത്തെയും മാറ്റിമറിച്ച കേരളരാജ്യാന്തര ചലച്ചിത്രമേള(ഐ.എഫ്.എഫ്.കെ) 30 വർഷം പിന്നിടുകയാണ്....

കല ഫാസിസത്തെ വിചാരണ ചെയ്യും

കലാതിവര്‍ത്തിയാണ് കല. മനുഷ്യന്‍ കണ്ടെത്തിയ കലാരൂപങ്ങളില്‍ ഏറ്റവും ജനപ്രിയവും സ്വാധീനശേഷിയുള്ളതുമായ കലാരൂപമാണ്...

പുലമാരുതൻ തെയ്യം

വടക്കേ മലബാറിലെ പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങളിലും പൊട്ടൻ തെയ്യം കെട്ടിയാടുന്ന കവുകളിലും...

കുഞ്ഞുവേടൻ തെയ്യം

കർക്കിടകത്തിന്റെ ദുരിതം അകറ്റുവാനായി കെട്ടിയാടുന്ന തെയ്യമാണ് കുഞ്ഞുവേടൻ തെയ്യം. മഹാഭാരതം കഥയിൽ...

സിസ്സാക്കെ : പ്രതിരോധ സിനിമയുടെ വക്താവ്

മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം (ഐ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...
spot_img

Related Articles

Popular Categories

spot_imgspot_img