
മഹാരാഷ്‌ട്രയിലെ എന്നല്ല ഇന്ത്യയിലെ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളാണ് വിമല രണദിവെ. ട്രേഡ് യൂണിയൻ രംഗത്ത് ചെറുപ്പംമുതൽ പ്രവർത്തിച്ച അവർ നല്ല സംഘാടകയും പോരാളിയുമാണെന്ന് ആദ്യംതന്നെ തെളിയിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപകനേതാക്കളിലൊരാളായ വിമല പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്കായി ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 1970കളുടെ ആരംഭത്തിൽതന്നെ തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ സമ്മേളനം വിളിച്ചുകൂട്ടാൻ അവർ മുൻകൈയെടുത്തു. തൊഴിലെടുക്കുന്ന സ്‌ത്രീകൾ നേരിടുന്ന ഇരട്ടചൂഷണത്തെക്കുറിച്ച് പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് അവർ നിരന്തരം പരിശ്രമിച്ചു.
മഹാരാഷ്‌ട്രയിലെ ഷോലാപ്പൂരിൽ 1915ലാണ് വിമല ജനിച്ചത്. ഇടത്തരം സാന്പത്തികശേഷിയുള്ള ഉയർന്ന ബ്രാഹ്മണ കുടുംബമായിരുന്നു വിമലയുടേത്. വിമലയ്‌ക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. അതോടെ മാതൃസഹോദരൻ ഗണേശ് സഖാറാം സർദേശായിയുടെ സംരക്ഷണയിലാണ് വിമല പഠിച്ചതും വളർന്നതും. സഖാറാം സർദേശായിയുടെ പുത്രനാണ് പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാവായിത്തീർന്ന എസ് ജി സർദേശായി.
സഖാറാം സർദേശായിയും മകൻ എസ് ജി സർദേശായിയും സ്വാതന്ത്ര്യസമരത്തിൽ അതീവ തൽപരരായിരുന്നു. അവരുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും മിക്കപ്പോഴും വീട്ടിൽ വന്നിരുന്നു. രാഷ്‌ട്രീയചർച്ചകളാൽ മുഖരിതമായിരുന്നു എപ്പോഴും വീട്. മുതിർന്നവരുടെ ചർച്ചകൾ സസൂക്ഷ്‌മം ശ്രവിച്ച വിമലയ്‌ക്ക് കുട്ടിക്കാലത്തുതന്നെ നല്ല രാഷ്‌ട്രീയ അവബോധമുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തോട് അവർക്ക് അളവറ്റ അഭിനിവേശമാണ് ഉണ്ടായത്. ആ അഭിനിവേശമാണ് അവരെ കോൺഗ്രസിന്റെ കീഴിലുള്ള സേവാദൾ സംഘടനയിൽ അംഗമാക്കിയത്. സേവാദളിൽ അംഗമാകുമ്പോൾ കമലയ്‌ക്ക് കേവലം പതിമൂന്ന് വയസ്സേയുള്ളൂ. രാവിലെ 6.30 മുതൽ 8 വരെ പ്രഭാതഭേരി നടത്തുക എന്നത് സേവാദളിന്റെ പ്രധാന പ്രവർത്തനമായിരുന്നു. മുദ്രാവാക്യങ്ങളും ദേശഭക്തിഗാനങ്ങളുമായി മുന്നേറുന്ന പ്രഭാതഭേരിയിൽ പതിവായി പങ്കെടുക്കുന്നവരിൽ ഒരാൾ വിമലയായിരുന്നു. പൊതുയോഗങ്ങളോടനുബന്ധിച്ച് പതിവായി പതാക ഉയർത്തുന്നതും സേവാദൾ വളന്റിയർമാരായിരുന്നു. വിമല അതിലും സജീവമായി പങ്കെടുത്തു.
വിമലയുടെ രാഷ്‌ട്രീയ പ്രവർത്തനങ്ങൾ വളരെവേഗം സ്‌കൂൾ അധികൃതരുടെ ശ്രദ്ധയിൽപെട്ടു. വളരെ കർക്കശക്കാരിയായിരുന്നു സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ്. സ്‌കൂളിൽ വെളുത്ത വസ്‌ത്രം ധരിച്ചുവരാൻ പാടില്ലെന്നത് ഹെഡ്‌മിസ്‌ട്രസിന്റെ ഉഗ്രശാസനയായിരുന്നു. വെള്ളവസ്‌ത്രം ദേശസ്‌നേഹത്തിന്റെയും ദേശാഭിമാനത്തിന്റെയും പ്രതീകമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ വിമലയും കൂട്ടുകാരികളും അതൊന്നും വകവെക്കാതെ മിക്കപ്പോഴും വെള്ളവസ്‌ത്രം ധരിച്ചാണ് സ്‌കൂളിലെത്തിയത്. അതിന്റെ പേരിൽ കഠിനശിക്ഷ അവർക്ക് ഏറ്റുവാങ്ങേണ്ടിയും വന്നു. വിമലയെ പലപ്പോഴും ക്ലാസിൽനിന്ന് ഇറക്കിവിട്ടിരുന്നു.
ദേശീയനേതാക്കൾ ഹർത്താലിന് ആഹ്വാനം ചെയ്യുമ്പോൾ വിമലയും കൂട്ടുകാരും സ്‌കൂളിൽ പഠിപ്പുമുടക്ക് സംഘടിപ്പിക്കും. തുടർന്ന് ജാഥയായി ഇതര സ്‌കൂളുകളിലേക്ക് മുദ്രാവാക്യം വിളിച്ച് മാർച്ച് ചെയ്യും. അവിടെനിന്ന് സമരഭടരെ ഒപ്പം കൂട്ടും.
വിദേശവസ്‌ത്ര ബഹിഷ്‌കരണാഹ്വാനം മഹാത്മാഗാന്ധി നടത്തിയിരുന്നുവല്ലോ. വിദേശവസ്‌ത്രങ്ങൾ സ്വയം ബഹിഷ്‌കരിക്കുന്നതിനൊപ്പം അവ വിൽക്കുന്ന കടകൾ പിക്കറ്റ് ചെയ്യുകയെന്നത് പ്രധാന പ്രവർത്തനമായിരുന്നു. വിമലയ്‌ക്ക് കഷ്ടിച്ച് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് വിദേശവസ്‌ത്രങ്ങൾ വിൽക്കുന്ന കട പിക്കറ്റ് ചെയ്‌തതിന് പൊലീസ് അറസ്റ്റ് ചെയ്‌തത്. മാപ്പുപറഞ്ഞാൽ തടവുശിക്ഷയിൽനിന്ന് ഒഴിവാക്കാമെന്ന് കോടതി പറഞ്ഞു. പക്ഷേ മാപ്പുറപറയാൻ വിമല തയ്യാറായില്ല. അതിനാൽ ആറുമാസത്തെ തടവുശിക്ഷ ലഭിച്ചു. യർവാദ ജയിലിലേക്കാണ് അവരെ കൊണ്ടുപോയത്.
ഗാന്ധി‐ഇർവിൻ സന്ധിയെത്തുടർന്ന് ജയിലിൽ കിടക്കുന്ന സ്വാതന്ത്ര്യസമര സേനാനികളെല്ലാം ജയിൽമോചിതരായി. എങ്കിലും കടുത്ത നിരാശ അവരെ പിടികൂടി. കാരണം നിയമലംഘനപ്രസ്ഥാനം അതിന്റെ മൂർധന്യഘട്ടത്തിലെത്തിയപ്പോൾ നിർത്തിവെച്ചത് വിമലയ്‌ക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. മെട്രിക്കുലേഷൻ പാസായതിനുശേഷം കാർവെ യൂണിവേഴ്‌സിറ്റിയിൽ വിമല ഉന്നതവിദ്യാഭ്യാസത്തിനു ചേർന്നു. ബിരുദം നേടിയതിനുശേഷം ഒരു സ്‌കൂളിൽ അധ്യാപികയായി. സ്വന്തമായി വരുമാനമായതോടെ അനുജത്തിയെയും അനുജനെയും നാട്ടിൽനിന്ന് ബോംബെയിലേക്ക് കൊണ്ടുവന്നു.
അപ്പോഴേക്കും വിമലയുടെ അമ്മാവന്റെ മകൻ എസ് ജി സർദേശായി കമ്യൂണിസ്റ്റ് പാർട്ടിയുടെ അറിയപ്പെടുന്ന നേതാവായിക്കഴിഞ്ഞു. വിമലയുടെ കഴിവും നേതൃശേഷിയും നേരത്തെതന്നെ അറിയാമായിരുന്ന സർദേശായി മാർക്‌സിസ്റ്റ് ഗ്രന്ഥങ്ങൾ അവർക്ക് വായിക്കാൻ നൽകി. മാർക്‌സിസം‐ലെനിനിസത്തെക്കുറിച്ചും സംഘടനാപ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിമലയുടെ സംശയങ്ങൾക്ക് സർദേശായി നൽകിയ മറുപടി തൃപ്‌തികരമായിരുന്നു. സോവിയറ്റ് യൂണിയനെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചും കൂടുതൽ അറിയാൻ അവർ താൽപര്യപ്പെട്ടു. സർദേശായി അവയ്‌ക്ക് സ്വയം വിശദീകരണം നൽകുകയും കൂടുതൽ പുസ്‌തകങ്ങൾ വായിക്കാൻ നൽകുകയും ചെയ്‌തു. ക്രമേണ സർദേശായിക്കൊപ്പം ബി ടി രണദിവെ, ദേശ്‌പാണ്ഡേ തുടങ്ങിയ പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളും വിമലയുടെ വീട്ടിൽ എത്തിത്തുടങ്ങി. വീട് രാഷ്‌ട്രീയ ചർച്ചകളുടെ കേന്ദ്രമായി മാറി.
ശന്പളം കൂടുതൽ ലഭിച്ചാൽ മാത്രമേ അനുജത്തിയുടെയും അനുജന്റെയും പഠനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. അതിനായി ശന്പളവർധനവ് ലഭിക്കുന്നതിനനുസരിച്ച് സ്‌കൂളുകൾ മാറാൻ അവർ നിർബന്ധിതയായി. നാഗ്‌പ്പൂരിലെത്തിയപ്പോൾ വിമലയുടെ അടുത്ത സുഹൃത്തും സിനിമാനടിയുമായ ജ്യോത്സ്‌ന സോലെ ഒരു സിനിമാ നിർമാതാവിനെ പരിചയപ്പെടുത്തി. പുതിയതായി താൻ നിർമിക്കുന്ന സിനിമയതിൽ സാമൂഹികപ്രവർത്തകയുടെ റോൾ അഭിനയിക്കാൻ അദ്ദേഹം വിമലയെ ക്ഷണിച്ചു. ആ റോളിനോട് വിമലയ്‌ക്കും താൽപര്യം തോന്നി.
പാർട്ടി നേതൃത്വവുമായി വിമല ഇക്കാര്യം ചർച്ചചെയ്‌തു. ‘‘അഭിനയിക്കുന്നതിൽ തെറ്റില്ല’’ എന്നാണ് പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടത്. അങ്ങനെ അഭിനയരംഗത്ത് കഴിവു തെളിയിക്കാൻ വിമലയ്‌ക്ക് അവസരം ലഭിച്ചു. അതോടൊപ്പം നാടകങ്ങളിൽ അഭിനയിക്കാനും ക്ഷണം ലഭിച്ചു. അതും അവർ സ്വീകരിച്ചു. ചലച്ചിത്രരംഗത്തും നാടകരംഗത്തും മികച്ച നടിയെന്ന പേര് സന്പാദിക്കാൻ വിമലയ്‌ക്ക് കഴിഞ്ഞു. ഏതാനും വർഷം അവർ അഭിനയരംഗത്ത് തുടർന്നു. ആറു സിനിമകളിൽ അവർ അഭിനയിച്ചു. അഭിനയരംഗംതന്നെ വിമലയെ സംബന്ധിച്ചിടത്തോളം ഒരു പോരാട്ടമേഖലയായിരുന്നു. കാരണം അക്കാലത്ത് സ്‌ത്രീകൾ അഭിനയരംഗത്ത് വരുന്നതിനെ അവജ്ഞയോടെയാണ് സമൂഹം കണ്ടിരുന്നത്. ആ ധാരണയ്‌ക്ക് കർമംകൊണ്ട് തിരിച്ചടി നൽകുകയായിരുന്നു വിമല. അഭ്രപാളികളിൽ തിളങ്ങിയ അവർക്ക് പാർട്ടിപ്രവർത്തനം തുടരാനുള്ള ആവേശം കലശലായി. അഭിനയത്തിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം പാർട്ടിക്ക് വിമല നൽകി. എന്നിട്ടും സജീവ പാർട്ടി പ്രവർത്തകയാകാനുള്ള അഭിനിവേശം വിമലയെ വിടാതെ പിന്തുടർന്നു.
1939ൽ വിമല കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. അധികം താമസിയാതെ ടെക്‌സ്‌റ്റൈൽ തൊഴിലാളികളുടെ പണിമുടക്ക് ബോംബെ സംസ്ഥാനത്തെയാകെ ഇളക്കിമറിച്ചുകൊണ്ട് നടന്നു. 40 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ ആ പണിമുടക്കിന്റെ വിജയത്തിനായി വിമലയും കഠിനാധ്വാനം ചെയ്‌തു. തൊഴിലാളികളുമായി വളരെ അടുത്തിടപഴകാൻ അവർക്ക് സാധിച്ചു. സൈക്കിളിൽ നിരവധി സ്ഥലങ്ങളിൽ മീറ്റിങ്ങുകളിൽ അവർ പങ്കെടുത്തു.
ടെക്‌സ്‌റ്റൈൽ തൊഴിലാളികളുടെ നേതാക്കളിൽ പ്രമുഖനായിരുന്നു ബി ടി രണദിവെ. ബി ടി ആറിനെ നേരത്തെതന്നെ പരിചയമുണ്ടായിരുന്നു. സർദേശായിക്കൊപ്പം വിമലയുടെ വീട്ടിൽ പലതവണ വന്നിട്ടുള്ളയാളാണല്ലോ അദ്ദേഹം. സമരം വിജയിപ്പിക്കാൻ രംഗത്തിറങ്ങിയ സഹപ്രവർത്തകർ എന്ന നിലയിൽ വിമലയും ബി ടി ആറും കൂടുതൽ അടുത്തു. മില്ലുകൾതോറും സഞ്ചരിച്ച് തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ചു പഠിക്കാൻ ബി ടി ആർ നിർദേശിച്ചു. തൊഴിലാളികളുടെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ച് ഡയറിക്കുറിപ്പുകൾ എഴുതാൻ അദ്ദേഹം നിർദേശിച്ചു. അത് വിമല അനുസരിച്ചു. തൊഴിലാളികളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ജീവതവീക്ഷണം രൂപപ്പെടുത്താനും സഹായകമായിരുന്നു ഈ സമരാനുഭവം. 1939ൽ രണദിവെയും വിമലയും തമ്മിലുള്ള വിവാഹം നടന്നു. അതോടെ സമരസഖാക്കളും ജീവിതപങ്കാളികളുമായി അവർ മാറി.
1939ൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചല്ലോ. സാമ്രാജ്യത്വം ഇന്ത്യയിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചതാണ് ഈ യുദ്ധം എന്നതായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്. അതുകൊണ്ടുതന്നെ യുദ്ധത്തിനെതിരെ പരമാവധി ജനങ്ങളെ അണിനിരത്താൻ പാർട്ടി തീരുമാനിച്ചു. അതോടെ ബ്രിട്ടീഷ് സർക്കാർ കമ്യൂണിസ്റ്റ് വേട്ട ശക്തമാക്കി. കമ്യൂണിസ്റ്റുകാരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യാൻ പൊലീസ് നെട്ടോട്ടമോടി.
വിമലയും ബി ടി ആറും ഒളിവിലിരുന്നാണ് പാർട്ടി പ്രവർത്തനങ്ങളിലേർപ്പെട്ടത്. 1942ൽ കമ്യൂണിസ്റ്റ് പാർട്ടിക്കുമേലുള്ള നിയന്ത്രണം സർക്കാർ പിൻവലിച്ചു. അതോടെ ഇരുവരുടെയും പ്രവർത്തനം തെളിവിലായി. ബോംബെ സംസ്ഥാന കമ്മിറ്റിക്കു കീഴിൽ മുഴുവൻസമയ പ്രവർത്തകയായി വിമല മാറി.
1946ൽ നടന്ന നാവികസമരത്തിന് കമ്യൂണിസ്റ്റ് പാർട്ടി പൂർണപിന്തുണ നൽകുകയായിരുന്നു. പ്രക്ഷോഭകാരികൾക്ക് സഹായവുമായി പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങി. വിമലയും ആവേശപൂർവം രംഗത്തിറങ്ങി. തൊഴിലാളികൾക്കുനേരെ വ്യാപകമായ കടന്നാക്രമണമാണ് പൊലീസ് നടത്തിയത്. ഒരിക്കൽ പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടായ സമയത്ത് തൊട്ടടുത്തു നിന്ന വനിതാ സഖാവിന് വെടിയേറ്റു. അവർ രക്തസാക്ഷിയായി. വിമല തലനാരിഴയ്‌ക്കാണ് അന്നു രക്ഷപ്പെട്ടത്. വിമലയുടെ സഹോദരിയുടെ കാലിനു വെടിയേൽക്കുകയും ചെയ്‌തു.
ഒരിക്കൽ ആസാദ് മൈതാനത്ത് വലിയ യോഗം സംഘടിപ്പിക്കപ്പെട്ടു. അതിനുനേരെ കുതിരകളെ അഴിച്ചുവിട്ടാണ് പൊലീസ് നേരിട്ടത്. വിരളിപിടിച്ച കുതിരകൾ മൈതാനത്തുകൂടി തലങ്ങും വിലങ്ങും പാഞ്ഞു. നിരവധിയാളുകൾക്ക് കുതിരയുടെ ചവിട്ടേറ്റു. പലരും നിലത്തുവീണു. വീണുകിടന്നവരുടെ മേൽ കുതിരയും ആൾക്കൂട്ടവും ചവിട്ടി. നിരവധിപേർക്ക് പരിക്കേറ്റു. അന്നും തലനാരിഴയ്‌ക്കാണ് വിമല രക്ഷപ്പെട്ടത്.
1948 ഫെബ്രുവരിയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം കോൺഗ്രസ് കൽക്കത്തയിൽ നടന്നു. ബി ടി രണദിവെ പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പാർട്ടി കോൺഗ്രസ് അംഗീകരിച്ച തീസിസിന്റെ പേരിൽ സർക്കാർ കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. പാർട്ടി നേതാക്കളെയും പ്രവർത്തരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ജയിലിൽ കടുത്ത മർദനമുറകളാണ് കമ്യൂണിസ്റ്റുകാർക്ക് നേരിടേണ്ടിവന്നത്. അതിൽ പ്രതിഷേധിച്ച് വിമലയും അഹല്യ രംഗനേക്കറും ഉൾപ്പെടെയുള്ളവർ നിരാഹാരം ആരംഭിച്ചു. നിരാഹാരസമരം പതിനെട്ടു ദിവസം നീണ്ടു. രണ്ടുവർഷത്തിലേറെക്കാലം ജയിലിൽ കഴിഞ്ഞതിനുശേഷമാണ് വിമല മോചിപ്പിക്കപ്പെട്ടത്.
1950 മെയ് 20 മുതൽ ജൂൺ 1 വരെ ചേർന്ന കേന്ദ്രകമ്മിറ്റി യോഗം പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. ബി ടി ആറിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. പകരം സി രാജേശ്വരറാവുവാണ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ബി ടി ആറിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌ത്. ഇത് വിമലയുടെ രാഷ്‌ട്രീയപ്രവർത്തനത്തെയും ബാധിച്ചു. രാഷ്‌ട്രീയമായും വ്യക്തിപരമായും ഒറ്റപ്പെടൽ അനുഭവിക്കേണ്ടിവന്നുവെന്ന് വിമല രേഖപ്പെടുത്തിയിട്ടുണ്ട്. സാന്പത്തികമായി വളരെയേറെ ക്ലേശങ്ങൾ അനുഭവിക്കേണ്ടിവന്ന നാളുകളായിരുന്നു അത്.
1953ൽ മൂന്നാം പാർട്ടി കോൺഗ്രസ് കഴിഞ്ഞതോടെ സ്ഥിതിഗതികൾ മാറി. വിമലയ്‌ക്ക് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകാനുള്ള സാഹചര്യമൊരുങ്ങി. 1957ൽ നടന്ന ഭാഷാ സംസ്ഥാന രൂപീകരണ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ വിമല ഉണ്ടായിരുന്നു. അന്നും അവർ അറസ്റ്റ് ചെയ്യപ്പെട്ടു. 1962ൽ ഇന്ത്യ‐ചൈന അതിർത്തി സംഘട്ടനത്തിന്റെ പശ്ചാത്തലത്തിൽ വിമല വീണ്ടും അറസ്റ്റിലായി. രണ്ടുവർഷത്തിനുശേഷമാണ് ജയിൽമോചിതയായത്.
1964ൽ സിപിഐ എം രൂപീകരിക്കപ്പെട്ടതോടെ മഹാരാഷ്‌ട്രയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിന് അവർ മുൻനിന്നു പ്രവർത്തിച്ചു. 1964 അവസാനം പാർട്ടി നേതാക്കൾ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു. വിമല വീണ്ടും അറസ്റ്റിലായി. പതിനാറുമാസങ്ങൾക്കു ശേഷമാണ് അവർ ജയിൽമോചിതയായത്.
സിപിഐ എമ്മിന്റെ ആസ്ഥാനം കൽക്കത്തയിലായിരുന്നു പാർട്ടി രൂപംകൊണ്ട സമയംമുതൽ ഏതാനും വർഷക്കാലം. വിമല പാർട്ടി ആസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. കൽക്കത്തയിൽ നടന്ന നിരവധി പ്രക്ഷോഭങ്ങളിൽ അവർ പോരാളിയായി. തോട്ടംമേഖലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് വിമല നേതൃത്വം നൽകി. സ്‌ത്രീകൾ കൂടുതലായും ജോലിചെയ്യുന്ന മേഖലയാണല്ലോ അത്. സ്‌ത്രീകൾ നേരിടുന്ന സവിശേഷമായ പ്രശ്‌നങ്ങൾ നേരിൽ ബോധ്യപ്പെട്ടതോടെ സ്‌ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് വിമല നേതൃത്വം നൽകി.
1970ൽ സിഐടിയു രൂപീകരിക്കപ്പെട്ടു. അതിന്റെ മുൻനിര നേതാക്കളിലൊരാളായി അവർ മാറി. തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ അഖിലേന്ത്യാ സമ്മേളനം മദിരാശിയിൽ വിളിച്ചുകൂട്ടാൻ മുൻകൈയെടുത്തു. തൊഴിലെടുക്കുന്ന വനിതകളുടെ ഏകോപനസമിതി കൺവീനറായി വിമല തിരഞ്ഞെടുക്കപ്പെട്ടു. വോയ്‌സ് ഓഫ് വർക്കിങ് വിമൻ, കാംകാജി മഹിള എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി അവർ പ്രവർത്തിച്ചു.
1980ൽ അഖിലേന്ത്യാ മഹിളാ അസോസിയേഷൻ രൂപീകരിക്കപ്പെട്ടതോടെ അതിന്റെ മുൻനിര നേതാക്കളിലൊരാളായി അവർ മാറി.
വിവിധ ട്രേഡ് യൂണിയനുകളുടെ സംഘാടകയും നേതാവുമായി പ്രവർത്തിച്ച വിമല 1973 മുതൽ സിഐടിയുവിന്റെ ജനറൽ കൗൺസിൽ അംഗമായി. 1977ൽ അവർ സിഐടിയുവിന്റെ അഖിലേന്ത്യാ സെക്രട്ടറിമാരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ടു. 1988ൽ തിരുവനന്തപുരത്തു നടന്ന സിപിഐ എം പതിമൂന്നാം പാർട്ടി കോൺഗ്രസിൽ അവർ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മരണംവരെ ഈ രണ്ട് സ്ഥാനങ്ങളും അവർ വഹിച്ചു.
1999 ജൂലൈ 24ന് വിമല രണദിവെ അന്തരിച്ചു. l




