ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 12

ജി വിജയകുമാർ

വിപ്ലവരാഷ്‌ട്രീയവും വിപ്ലവസംഘടനയും

‘‘സ്വമേധയാ ഉണ്ടാകുന്ന ഘടകം എന്നതിന്റെ അന്തസ്സത്ത പ്രതിനിധാനം ചെയ്യുന്നത്‌ ഭ്രൂണാവസ്ഥയിലുള്ള ബോധനിലവാരത്തെയല്ലാതെ മറ്റൊന്നിനെയുമല്ല. ആദിമകാലത്തെ കലാപങ്ങൾപോലും ഒരു പരിധിവരെ ബോധനിലവാരം ഉയർന്നതിന്റെ പ്രതിഫലനമാണ്‌. തങ്ങളെ അടിച്ചമർത്തുന്ന വ്യവസ്ഥിതി ശാശ്വതമായി നിലനിൽക്കുന്നതാണെന്ന പണ്ടുപണ്ടേയുള്ള വിശ്വാസം തൊഴിലാളികൾക്ക്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌…

‘‘തൊഴിലാളികൾക്കിടയിൽ സോഷ്യൽ ഡെമോക്രാറ്റിക്‌ ബോധം ഉണ്ടായിരിക്കില്ല. പുറമെനിന്ന്‌ അത്‌ അവരിലേക്ക്‌ കൊണ്ടുവരേണ്ടതാണ്‌. എല്ലാ രാജ്യങ്ങളിലെയും ചരിത്രം വ്യക്തമാകുന്നത്‌ തൊഴിലാളിവർഗത്തിന്‌ അവരുടെമാത്രം പരിശ്രമംകൊണ്ട്‌ ട്രേഡ്‌ യൂണിയൻ ബോധം മാത്രമേ വികസിപ്പിക്കാൻ കഴിയുകയുള്ളൂവെന്നാണ്‌; അതായത്‌, യൂണിയനുകളിൽ അണിനിരക്കേണ്ടതും തൊഴിലുടമകളുമായി പൊരുതേണ്ടതും ആവശ്യമാണെന്ന ബോധ്യം. എന്നാൽ, സ്വത്തുടമാവർഗത്തിന്റെ അഭ്യസ്‌തവിദ്യരായ പ്രതിനിധികൾ, ബുദ്ധീജിവിവിഭാഗം മുന്നോട്ടുവെച്ച തത്വശാസ്‌ത്രപരവും ചരിത്രപരവും സാന്പത്തികവുമായ സിദ്ധാന്തങ്ങളിൽനിന്നാണ്‌ സോഷ്യലിസം എന്ന സിദ്ധാന്തംതന്നെ ഉയർന്നുവന്നത്‌’’.
‐ വി ഐ ലെനിൻ (What Is To Be Done? (എന്തു ചെയ്യണം) ലെനിന്റെ സമാഹൃത കൃതികൾ. വോള്യം: 5, പേജ്‌ 374‐75

വിദേശത്ത്‌ പാർപ്പുറപ്പിച്ച ഉടൻതന്നെ ലെനിൻ രഹസ്യസ്വഭാവത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത സംഘടന കെട്ടിപ്പടുക്കുന്നതിനുള്ള, അതായത്‌ സാറിസ്റ്റ്‌ വാഴ്‌ച്ചയ്‌ക്കുകീഴിൽ പ്രവർത്തിക്കുന്നതിന്‌ അനുയോജ്യമായ സംഘടനാരൂപത്തോടുകൂടിയ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കുന്നതിനാണ്‌ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ഇസ്‌ക്ര പ്രസിദ്ധീകരിച്ചതുതന്നെ അതിനെ കേന്ദ്രീകരിച്ച്‌ പാർട്ടിക്ക്‌ രൂപംനൽകുകയെന്ന ലക്ഷ്യത്തോടെയാണ്‌. സാറിസ്റ്റ്‌ സ്വേച്ഛാധിപത്യ വാഴ്‌ച്ചയെ തകിടംമറിച്ച്‌ ജനാധിപത്യ രാഷ്‌ട്രമാക്കി റഷ്യയെ മാറ്റുകയെന്ന രാഷ്‌ട്രീയലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിനായാണ്‌ കേന്ദ്രീകൃതവും രഹസ്യസ്വഭാവത്തോടുകൂടിയതുമായ വിപ്ലവപാർട്ടി കെട്ടിപ്പടുക്കാൻ ലെനിൻ നീക്കം തുടങ്ങിയത്‌. സ്വേച്ഛാധിപത്യത്തിൽനിന്ന്‌ റഷ്യയെ ജനാധിപത്യ രാഷ്‌ട്രമാക്കുന്നതുമായി ബന്ധപ്പെട്ട രാഷ്‌ട്രീയവും സംഘടനാപരവുമായ കാര്യങ്ങളാണ്‌ ലെനിൻ എന്തുചെയ്യണം എന്ന കൃതിയിൽ വിശദീകരിക്കുന്നത്‌.

ഇസ്‌ക്ര പത്രാധിപസമിതിയുടെ പൊതുധാരണയനുസരിച്ചാണ്‌ ലെനിൻ ‘‘എന്തുചെയ്യണം?’’ എന്ന കൃതി ഇസ്‌ക്രയിൽ പ്രസിദ്ധീകരിച്ചത്‌. ബേൺസ്റ്റിന്റെ പരിഷ്‌കരണവാദത്തിന്റെ റഷ്യൻ പതിപ്പുകൾക്കെതിരെയുള്ള, അതായത്‌ ‘ഇക്കണോമിസം’ എന്ന ആശയത്തിനെതിരെയുള്ള പോരാട്ടത്തിനാണ്‌ ലെനിൻ ഈ കൃതിയിൽ പ്രധാനമായും ഊന്നൽനൽകിയത്‌. റോബർട്ട്‌ സർവീസ്‌ എഴുതിയ ലെനിന്റെ ജീവചരിത്രകൃതിയിൽ (Lenin: A Biography) ‘എന്തുചെയ്യണം?’ എന്ന ഗ്രന്ഥത്തിൽ നരോദ്‌നിസത്തിന്റെ ധൈഷണിക സ്വാധീനമുണ്ടെന്ന്‌ വ്യാഖ്യാനിക്കുന്നുണ്ട്‌; യഥാർഥത്തിൽ ലെനിൻ നരോദ്‌നിക്കുകളുടെ പ്രത്യയശാസ്‌ത്രത്തെ ഇവിടെ നഖശിഖാന്തം ഖണ്ഡിക്കുകയാണ്‌ ചെയ്യുന്നത്‌. ലെനിനിസം എന്ന കൃതിയിൽ സോവിയറ്റ്‌ ചരിത്രത്തെയും ലെനിനെയും സംബന്ധിച്ച്‌ പഠനം നടത്തിയ ബ്രിട്ടീഷ്‌ പണ്ഡിതനായ നീൽ ഹാർഡിങ്‌ ഇത്തരം വാദഗതികളെ നിരാകരിക്കുന്നുണ്ട്‌. അദ്ദേഹം പറയുന്നത്‌ സംഘടനാപരമായ വ്യക്തത വരുത്തുന്നതിനപ്പുറം എന്തുചെയ്യണം എന്ന കൃതിയിൽ ലെനിൻ രാഷ്‌ട്രീയമായ വിഷയങ്ങളിൽ വ്യക്തത വരുത്തുകയാണെന്നാണ്‌.

ലാർസ്‌ ടി ലിയുടെ Lenin Rediscovered എന്ന കൃതിയിലാണ്‌ ലെനിന്റെ ‘എന്തുചെയ്യണം?’ എന്ന ഗ്രന്ഥത്തെ ചരിത്രപരവും സൈദ്ധാന്തികവുമായ തലങ്ങളിൽ സമഗ്രമായി വിശകലനം ചെയ്‌തിട്ടുള്ളത്‌. അതേവരെ പൂർണമായും രൂപംകൊണ്ടുകഴിഞ്ഞിട്ടില്ലാത്ത റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക്‌ ലേബർ പാർട്ടിയുടെ പ്രത്യയശാസ്‌ത്രപരമായ അടിത്തറയാണ്‌ ഈ പുസ്‌തകത്തിൽ ലെനിൻ അവതരിപ്പിക്കുന്നത്‌. റഷ്യൻ ജനാധിപത്യ വിപ്ലവകാരിയും സാഹിത്യകാരനുമായ ചെർണിഷേവ്‌സ്‌കിയുടെ ‘എന്തുചെയ്യണം?’ എന്ന നോവലിൽനിന്നാണ്‌ ലെനിൻ തന്റെ സൈദ്ധാന്തിക പ്രാധാന്യമുള്ള കൃതിക്ക്‌ ശീർഷകം കണ്ടെത്തിയത്‌. ആ ശിർഷകത്തിൽ തന്നെ ഒരേസമയം ആദ്യകാല നരോദ്‌നിക്‌ വിപ്ലവപാരമ്പര്യത്തിന്റെ തുടർച്ചയും അതുമായുള്ള വേർപെടലും ഒരുപോലെ കാണാൻ കഴിയും.

തികച്ചും കൃത്യവും സവിശേഷവും ചരിത്രപരവുമായ പശ്ചാത്തലത്തിലാണ്‌ ലെനിൻ ‘എന്തുചെയ്യണം?’ എന്ന കൃതി എഴുതിയത്‌. സ്വേച്ഛാധിപത്യവാഴ്‌ച്ചയെ തകർത്തെറിയാൻ കെൽപ്പുള്ള ഒരു വിപ്ലവപാർട്ടിയുടെ അനിവാര്യതയുടെ പശ്ചാത്തലത്തിലാണ്‌ അത്‌ എഴുതപ്പെട്ടത്‌; ഒളിവിൽ പ്രവർത്തിക്കുന്ന, രഹസ്യസ്വഭാവത്തിലുള്ള ഒരു സംഘടനയായിരിക്കണം ആ വിപ്ലവപാർട്ടിയെന്നും അതിന്റെ പ്രവർത്തനങ്ങളിൽ അണിനിരക്കേണ്ടത്‌ സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്ന വിപ്ലവം തൊഴിലാക്കിയവരായിരിക്കണം എന്നുമായിരുന്നു ലെനിന്റെ കാഴ്‌ചപ്പാട്‌. രാഷ്‌ട്രീയ പോരാട്ടത്തിന്റെയും സായുധസമരത്തിന്റെയും ചരിത്രത്തെയും യുക്തിയെയും മാർക്‌സിസ്റ്റ്‌ സിദ്ധാന്തത്തിന്റെ വിപ്ലവപരമായ അനന്തരഫലങ്ങളെയും പാർട്ടിക്ക്‌ കൈകാര്യം ചെയ്യാൻ കഴിയുന്ന വിഭവങ്ങളെയും ഒളിവിൽ പ്രവർത്തിക്കുന്നതിന്റെ കാര്യങ്ങളെയും സംബന്ധിച്ച്‌ സുപരിചിതരായിരിക്കണം ‘‘പ്രൊഫഷണൽ വിപ്ലവകാരികൾ’’. പാർട്ടി സംഘടനയുടെ അടിസ്ഥാനലക്ഷ്യം സോഷ്യലിസം സ്ഥാപിക്കലാണ്‌; എന്നാൽ അത്‌ ഉടൻ സാധ്യമാക്കാനാവുന്ന ഒന്നല്ല; അതൊരു ദീർഘകാല ലക്ഷ്യമാണ്‌. സോഷ്യലിസത്തിനു മുമ്പു സ്ഥാപിക്കേണ്ട ചരിത്രപരമായ ഘട്ടമാണ്‌ മാർക്‌സ്‌ മുന്നോട്ടുവെച്ച പദപ്രയോഗം അനുസരിച്ചുള്ള തൊഴിലാളിവർഗ സർവാധിപത്യം. ലെനിന്റെ അഭിപ്രായത്തിൽ പാർട്ടിയുടെ ചരിത്രപരമായ പങ്ക്‌ റഷ്യയിൽ നിലവിൽ വന്നുകഴിഞ്ഞ വിപ്ലവകാരികളായ തൊഴിലാളികളുടെ പ്രസ്ഥാനത്തെ മുന്നോട്ടുനയിക്കാനാവുന്ന നേതാവെന്ന നിലയിലും അതിന്‌ ഉൾപ്രേരണ നൽകുന്നതിനായും പ്രവർത്തിക്കുകയെന്നതാണ്‌.

ആ കാലത്ത്‌ സോഷ്യൽ ഡെമോക്രാറ്റിക്‌ വൃത്തങ്ങളിൽ നടന്ന സംവാദങ്ങളുടെ ഉൽപന്നമായിരുന്നു ലെനിന്റെ ‘എന്തുചെയ്യണം?’ എന്ന കൃതി. യെക്കട്ടറീന കുസ്‌ക്കോവയും (Yekaterina Kuskova) സെർജി പ്രൊക്കോപോവിച്ചും (Sergei Prokopovich) ചേർന്ന്‌ 1899ൽ ക്രെഡൊ (Credo) എന്ന തലക്കെട്ടിൽ ഒരു ലഘുലേഖ എഴുതിയിരുന്നു. ലെനിന്റെ അഭിപ്രായത്തിൽ ക്രെഡൊ തൊഴിലാളിവർഗത്തിന്റെ സാന്പത്തികസമരങ്ങൾക്കാണ്‌ ഊന്നൽ നൽകിയത്‌; അവരുടെ ദൈനംദിന രാഷ്‌ട്രീയ പോരാട്ടങ്ങളുടെ പ്രാധാന്യം ഈ ലഘുലേഖ കണ്ടതേയില്ല. ആ നിലയിൽ ക്രെഡൊ ബേൺസ്റ്റീന്റെ പരിഷ്‌കരണവാദ നിലപാടിൽ ചുറ്റിത്തിരിയുകയാണെന്നും ലെനിൻ സമർഥിച്ചു. തൊഴിലാളിവർഗത്തിന്റെ വിപ്ലവസ്വഭാവത്തിലേക്ക്‌ വെളിച്ചംവീശുന്ന നിലപാടാണ്‌ ലെനിൻ മുന്നോട്ടുവെച്ചത്‌. സെന്റ്‌പീറ്റേഴ്‌സ്‌ബെർഗിലെ തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചതിന്റെ, അവരുടെ വികാരവിചാരങ്ങൾ ഉൾക്കൊണ്ടതിന്റെ അനുഭവപാഠത്തിൽനിന്നു കൂടിയാണ്‌ ലെനിൻ തന്റെ നിഗമനങ്ങളിൽ എത്തിച്ചേർന്നത്‌.

1902 മുതൽ ലെനിൻ മുന്നോട്ടുവെച്ച മൗലികമായ ലക്ഷ്യം സ്വമേധയാ പൊട്ടിപ്പുറപ്പെടുന്ന ബഹുജനമുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട്‌ സോഷ്യൽ ഡെമോക്രസിയുടെ പങ്കെന്തെന്ന കണ്ടെത്തലാണ്‌. ‘‘സാറിസ്റ്റ്‌ സ്വേച്ഛാധിപത്യത്തെ പുറത്താക്കാൻ പക്വമായത്‌ എന്ന നിലയിലേക്ക്‌ അധ്വാനിക്കുന്ന ജനവിഭാഗത്തിന്‌ എങ്ങനെ എത്തിച്ചേരാൻ കഴിയും’’ എന്ന കാര്യത്തിനായിരുന്നു ലെനിൻ ഊന്നൽ നൽകിയത്‌. തൊഴിലാളികളുടെ കൂലിയുമായും മറ്റു സാന്പത്തികാവശ്യങ്ങളിലുമായും ബന്ധപ്പെട്ട സമരങ്ങളെ രാഷ്‌ട്രീയാവശ്യങ്ങളിലുന്നയിച്ച സമരങ്ങളിൽനിന്നും വേറിട്ടു കണ്ട നിലപാടുകളെ ലെനിൻ നിശിതമായി വിമർശിക്കുന്നുണ്ട്‌. അതായത്‌, തൊഴിലാളികളുടെ സാന്പത്തികാവശ്യങ്ങളോട്‌ പുറംതിരിഞ്ഞു നിൽക്കുകയല്ല, മറിച്ച്‌ അതിനെ രാഷ്‌ട്രീയ പോരാട്ടവുമായി ബന്ധിപ്പിക്കേണ്ടത്‌ അനിവാര്യതയാണ്‌ എന്നതിലേക്കാണ്‌ ലെനിൻ വിരൽചൂണ്ടിയത്‌.

ലെനിനെ സംബന്ധിച്ചിടത്തോളം, സാമൂഹ്യവിപ്ലവത്തിനായുള്ള പാർട്ടിയാണ്‌ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി. അതേസമയം ബേൺസ്റ്റീനും അദ്ദേഹത്തിന്റെ റഷ്യൻ അനുയായികളും മുന്നോട്ടുവെച്ചതാകട്ടെ, ‘‘സാമൂഹ്യപരിഷ്‌കരണത്തിനായുള്ള ജനാധിപത്യ പാർട്ടി’’ എന്ന ആശയമാണ്‌. ‘‘ശാസ്‌ത്രീയമായി ന്യായീകരിക്കാവുന്നതല്ല സോഷ്യലിസം’’ എന്നും ‘‘സോഷ്യലിസ്റ്റ്‌ വിപ്ലവം’’ എന്ന അജൻഡതന്നെ അനാവശ്യമാണെന്നുമുള്ള കാഴ്‌ചപ്പാടാണ്‌ ബേൺസ്റ്റീനുണ്ടായിരുന്നത്‌. മുതലാളിത്തത്തെ ‘‘പരിഷ്‌കരിച്ച്‌’’ മെച്ചപ്പെടുത്താമെന്ന വികലമായ ഈ ചിന്താഗതിക്കെതിരെയാണ്‌ ലെനിൻ പൊരുതിയത്‌. ‘‘വിപ്ലവ പാർട്ടി’’യും ‘‘പരിഷ്‌കരണവാദ പാർട്ടി’’യും തമ്മിൽ വേർതിരിച്ചുകാണുന്നതും വിപ്ലവപാർട്ടി എങ്ങനെയായിരിക്കണമെന്ന കാഴ്‌ചപ്പാട്‌ അവതരിപ്പിക്കുന്നതുമാണ്‌ ലെനിന്റെ ‘എന്തുചെയ്യണം?’ എന്ന കൃതി.

തൊഴിലാളിവർഗത്തിന്‌ എങ്ങനെ വർഗബോധം ആർജിക്കാൻ കഴിയുമെന്നതിൽ കേന്ദ്രീകരിച്ചുള്ള ചർച്ചയിലാണ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ലെനിൻ ഊന്നൽ നൽകുന്നത്‌. മൂർത്തമായി തന്നെ തൊഴിലാളിവർഗം ബൂർഷ്വാസമൂഹത്തിനു വിധേയരാണ്‌; തൊഴിലാളികളുടെ ബോധമണ്ഡലത്തിൽ ആഴത്തിൽ പതിഞ്ഞുകിടപ്പുള്ളതാണ്‌ മുതലാളിത്തവുമായി ബന്ധപ്പെട്ട മുൻവിധികൾ. അതുകൊണ്ടുതന്നെ ഈ മുൻധാരണകളെ സ്വമേധയാ കൈവെടിയാൻ തൊഴിലാളികൾക്ക്‌ കഴിയില്ലായെന്നാണ്‌ ലെനിൻ മുന്നോട്ടുവെച്ച ആശയം. പടിഞ്ഞാറൻ യൂറോപ്പിൽ പ്രവാസിയായെത്തിയ ആദ്യനാളുകളിൽതന്നെ ലെനിൻ കണ്ടത്‌ ഭരണസംവിധാനം മുതലാളിത്തത്തെ, തൊഴിലാളിയെ ചൂഷണം ചെയ്‌ത്‌ കൊള്ളലാഭമുണ്ടാക്കി തടിച്ചുകൊഴുക്കുന്ന ആ സംവിധാനത്തെ ശാശ്വതമായി നിലനിർത്തുന്നതിനായി തൊഴിലാളികളുടെതന്നെ സമ്മതി നേടിയെടുക്കുന്നതായാണ്‌; മുതലാളിത്തമാണ്‌ ശാശ്വതമായതെന്ന ആശയം നിരന്തരം തൊഴിലാളികളുടെ ബോധമണ്ഡലത്തിൽ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്നതായാണ്‌. മാധ്യമങ്ങളിലൂടെ ഉൾപ്പെടെ നടത്തുന്ന പ്രചാരണങ്ങളിലൂടെയാണ്‌ പ്രധാനമായും മുതലാളിത്തം ഇത്‌ സാധ്യമാക്കുന്നത്‌.

അതുകൊണ്ടാണ്‌ ഒരു വിപ്ലവ സിദ്ധാന്തമില്ലാതെ, വിപ്ലവപരമായ തത്വശാസ്‌ത്രമില്ലാതെ, വിപ്ലവപ്രസഥാനം അസാധ്യമാണെന്ന കാഴ്‌ചപ്പാട്‌ ലെനിൻ അവതരിപ്പിച്ചത്‌. ലോകത്തിലെ മറ്റൊരു സോഷ്യലിസ്റ്റ്‌ പാർട്ടിക്കും മുൻപൊരിക്കലും നേരിടേണ്ടതായി വന്നിട്ടില്ലാത്ത കടമകളാണ്‌ റഷ്യൻ സോഷ്യൽ ഡെമോക്രാറ്റുകൾക്ക്‌ നേരിടേണ്ടതായി വന്നതെന്നും ലെനിൻ വ്യക്തമാക്കി. രാഷ്‌ട്രീയസമരത്തിന്റെ യുക്തിയെക്കുറിച്ച്‌ പഠിക്കുന്നതിനും അതിൽ പങ്കെടുക്കുന്ന വിഭാഗങ്ങളുടെ സ്വഭാവത്തെക്കുറിച്ചറിയുന്നതിനും സ്വമേധയാ തൊഴിലാളികൾക്ക്‌ കഴിയില്ല. അതുകൊണ്ടാണ്‌ ബൂർഷ്വാ ഭരണത്തിൽ തൊഴിലാളികൾക്ക്‌ സ്വമേധയാ സോഷ്യൽ ഡെമോക്രാറ്റിക്‌ ബോധം വികസിപ്പിക്കാൻ കഴിയില്ലെന്ന്‌ ലെനിൻ വ്യക്തമാക്കിയത്‌. പുറമെനിന്നുള്ള, അതായത്‌ തൊഴിലാളിവർഗത്തിനു പുറത്തുള്ള ബുദ്ധിജീവികളുടെ ഇടപെടൽകൊണ്ടേ തൊഴിലാളികളിൽ സോഷ്യലിസ്റ്റ്‌ ബോധം സൃഷ്ടിക്കാനാവൂവെന്നും സംശയാതീതമായി ലെനിൻ വ്യക്തമാക്കിയിട്ടുണ്ട്‌.

എന്തുചെയ്യണം? എന്ന ലെനിന്റെ കൃതിയിൽനിന്നും ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ടുള്ള വാചകം ഇങ്ങനെയാണ്‌‘‘ ‘‘വിപ്ലവകാരികളുടേതായ ഒരു സംഘടന ഞങ്ങൾക്ക്‌ നൽകൂ; ഞങ്ങൾ റഷ്യയെ കീഴ്‌മേൽമറിക്കും’’. ഒളിവ്‌ പ്രവർത്തനത്തിനുള്ള ഒരു കാഹളം മുഴക്കലായാണ്‌ പലരും ഈ വാക്യത്തെ പരിഗണിക്കാറുള്ളത്‌. ‘‘വിശ്വസിക്കാനാവാത്ത തൊഴിലാളികളെ വിസ്‌മരിക്കൂ; ബുദ്ധിജീവികളിൽനിന്ന്‌ റിക്രൂട്ട്‌ ചെയ്യപ്പെടുന്ന ഒളിവിൽ പ്രവർത്തിച്ച്‌ രഹസ്യസ്വഭാവത്തിൽ മുന്നോട്ടുപോകാനുള്ള പരിപാടികൾ ആസൂത്രണം ചെയ്‌ത്‌ പ്രാവർത്തികമാക്കാൻ ശേഷിയുള്ളവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുക’’. ലെനിൻ ഇങ്ങനെ പറയുമ്പോൾ സാധാരണ തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരിൽ സോഷ്യലിസ്റ്റ്‌ ബോധം ജനിപ്പിക്കുകയും ചെയ്യാൻ കഴിയുന്ന ബുദ്ധിജീവി വിഭാഗങ്ങളുടെ പ്രാധാന്യത്തിലേക്കാണ്‌ അദ്ദേഹം വിരൽചൂണ്ടുന്നത്‌. 1895നു മുന്പുതന്നെ തൊഴിലാളികൾ വളരെയേറെ ഉശിരുള്ളവരാണെന്നും യഥാർഥത്തിൽ ദുർബലമായ കണ്ണി സോഷ്യൽ ഡെമോക്രാറ്റുകൾ തന്നെയാണെന്നും ലെനിൻ വ്യക്തമാക്കുന്നുണ്ട്‌. തൊഴിലാളികളുടെ പ്രതിഷേധ പോരാട്ടങ്ങൾ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ ആവശ്യമായ സംഘടന കെട്ടിപ്പടുക്കുന്നതിൽ സോഷ്യൽ ഡെമോക്രാറ്റുകൾ പരാജയപ്പെട്ടിരിക്കുകയാണെന്നും ലെനിൻ ചൂണ്ടിക്കാണിക്കുന്നു. സെന്റ്‌പീറ്റേഴ്‌സ്‌ബെർഗിലെ തൊഴിലാളികൾ 1895നു മുന്പ്‌ നടത്തിയ സമരങ്ങളിൽ സജീവമായി ഇടപെടുകയും അവർക്കു വേണ്ട ഉപദേശനിർദേശങ്ങൾ നൽകുകയും ചെയ്‌ത അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌ ലെനിൻ ഈ നിഗമനങ്ങിൽ എത്തിച്ചേർന്നത്‌. സാറിസ്റ്റ്‌ വാഴ്‌ച്ചയ്‌ക്കെതിരായ ഐതിഹാസികമായ ദേശീയ സമരത്തിൽ ഒളിവ്‌ പ്രവർത്തനത്തിന്റെ പ്രാധാന്യവും പങ്കും ലെനിൻ കൃതിയിൽ മുഖ്യമായും അടയാളപ്പെടുത്തുന്നുണ്ട്‌. തന്റെ സഹോദരൻ അലക്‌സാണ്ടർ ഉല്ല്യാനോവ്‌ രക്തസാക്ഷിത്വം വരിച്ച സന്ദർഭത്തിൽ ലെനിൻ പറഞ്ഞ, ‘മറ്റൊരു വഴിയുണ്ട്‌’ എന്നതാണ്‌ അദ്ദേഹം ഈ കൃതിയിലൂടെ അവതരിപ്പിക്കുന്നത്‌. ലാർസ്‌ ടി ലി എഴുതുന്നു: ‘‘1881ൽ സാർ ചക്രവർത്തിയെ വധിച്ച നരോദ്‌നയ വോള്യ ഗ്രൂപ്പിന്റെ നേതാവ്‌ അലക്‌സാണ്ടർ ഷെലിയാബോധിനെയാണ്‌ റഷ്യൻ വിപ്ലവപാരന്പര്യത്തിന്റെ പ്രതീകമായി ലെനിൻ അവതരിപ്പിക്കുന്നത്‌; സോഷ്യൽ ഡെമോക്രസിയുടെ പ്രതീകമായി അദ്ദേഹം അവതരിപ്പിക്കുന്നതാകട്ടെ ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ഉന്നതനേതാവായി മാറിയ അഗസ്റ്റ്‌ ബെബൽ എന്ന തൊഴിലാളിയെയുമാണ്‌’’.

ലെനിൻ ബോൾഷെവിസത്തിന്റെ രൂപരേഖ അവതരിപ്പിച്ച കൃതിയാണോ എന്തുചെയ്യണം എന്നത്‌? ഇത്‌ പ്രസക്തമായ ഒരു ചോദ്യമാണ്‌. ലെനിനിസത്തിന്റെ അടിത്തറയായി മാറിയ മുഖ്യകൃതികളിലൊന്നാണിത്‌. സമഗ്രാധിപത്യസ്വഭാവമുള്ള ഒരു സംഘടനാരൂപമാണ്‌ ഈ ഗ്രന്ഥത്തിൽ ലെനിൻ അവതരിപ്പിച്ചത്‌ എന്ന വിമർശനം കമ്യൂണിസ്റ്റുവിരുദ്ധരിൽനിന്ന്‌ ഉയരുന്നുണ്ട്‌. എന്നാൽ എന്തുചെയ്യണം? എന്ന ഗ്രന്ഥത്തിൽ പല കാര്യങ്ങളും വിശദീകരിക്കാൻ ലെനിൻ ആധാരമാക്കിയത്‌ ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി നേതാവ്‌ കാറൽ കൗട്‌സ്‌കിയുടെ കൃതികളിൽനിന്നുള്ള ഉദ്ധരണികളെയാണ്‌. ട്രേഡ്‌ യൂണിയൻ ബോധം, സോഷ്യലിസ്റ്റ്‌ ബോധം എന്നീ സങ്കൽപ്പനങ്ങൾ സംബന്ധിച്ചെല്ലാം കൗട്‌സ്‌കിയുടെ വാക്കുകൾ ഉദ്ധരിച്ചാണ്‌ ലെനിൻ സമർഥിക്കുന്നത്‌.

കൗട്‌സ്‌കിയുടെ കാഴ്‌ചപ്പാടനുസരിച്ച്‌, ‘‘തൊഴിലാളിവർഗ സമരത്തിന്റെ അനിവാര്യമായ പ്രത്യക്ഷ ഫലമാണ്‌ സോഷ്യലിസ്റ്റ്‌ ബോധം എന്ന ആശയം തികച്ചും തെറ്റാണ്‌’’. ആധുനിക സോഷ്യലിസ്റ്റ്‌ ബോധം ഉയർന്നുവരുന്നതിന്‌ ശാസ്‌ത്രീയവും അക്കാദമികവുമായ അറിവ്‌ ആവശ്യമാണെന്നാണ്‌ കൗട്‌സ്‌കി വാദിച്ചത്‌; സയൻസിന്റെ വാഹകർ തൊഴിലാളിവർഗമല്ല, മറിച്ച്‌ ബൂർഷ്വാ ബുദ്ധിജീവി വിഭാഗമാണ്‌ എന്നും തൊഴിലാളിവർഗ സമരത്തിലേക്ക്‌ പുറമേനിന്ന്‌ സോഷ്യലിസ്റ്റ്‌ ബോധം കൊണ്ടുവരികയാണെന്നും കൗട്‌സ്‌കി അഭിപ്രായപ്പെടുന്നു. കൗട്‌സ്‌കിയെ ഉദ്ധരിക്കുക മാത്രമല്ല, ജർമൻ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ അനുഭവത്തിൽനിന്നും ഉദാഹരണങ്ങൾ നിരത്തി ലെനിൻ ഇക്കാര്യം വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്നു. ഇസ്‌ക്രയിൽ ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചപ്പോൾ മാർത്തോവും പ്ലെഖാനോവും ഉൾപ്പെടെയുള്ള പത്രാധിപസമിതി അംഗങ്ങൾ ലെനിൻ മുന്നോട്ടുവെച്ച ആശയങ്ങൾക്ക്‌ പൂർണ പിന്തുണ നൽകുകയാണുണ്ടായത്‌. പിന്നീട്‌ പാർട്ടിയിൽ ഭിന്നിപ്പുണ്ടായ വേളയിലാണ്‌ അവർ ഈ ഗ്രന്ഥത്തെയും ലെനിനെയും തള്ളിപ്പറഞ്ഞത്‌.

എന്തുചെയ്യണം? എന്ന കൃതിയാണ്‌ ആർഎസ്‌ഡിഎൽപി ഭിന്നിച്ചതിനുശേഷം ബോൾഷെവിക്‌ വിഭാഗത്തെ ശക്തമായി കെട്ടിപ്പടുക്കുന്നതിന്‌ അടിത്തറ പാകിയത്‌. അതിൽ അവതരിപ്പിച്ച ആശയങ്ങൾ വികസിപ്പിക്കാനും പ്രാവർത്തികമാക്കാനുമാണ്‌ ലെനിൻ 1903നു ശേഷം ശ്രമിച്ചത്‌. l
(തുടരും)

Hot this week

വിമല രണദിവേ

മഹാരാഷ്‌ട്രയിലെ എന്നല്ല ഇന്ത്യയിലെ തന്നെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളാണ്‌ വിമല രണദിവെ....

കുത്തി റാത്തീബ് : ഇസ്ലാമിക സമുദായത്തിൽ നിലനിന്നിരുന്ന പ്രത്യേക ആയുധാഭ്യാസകല

  തീയിൽ ചാടുന്ന തെയ്യം പോലെ ഇസ്ലാമിക ജീവിതത്തിൽ അക്രമോൽസുകമായ കല എന്നു...

അധിനിവേശത്തിന്റെ കനൽവഴികളിലെ പലസ്തീൻ പ്രത്യാശകൾ: ഒരു ജനതയുടെ അതിജീവനഗാഥ

  30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള കേവലം സിനിമാ കാഴ്ചകൾക്കപ്പുറം ലോകത്തിന്റെ...

ഐ.എഫ്.എഫ്.കെയുടെ 30 വർഷങ്ങൾ

  കേരളത്തിൻ്റെ ദൃശ്യസംസ്കാരത്തെയും സിനിമാനുഭവത്തെയും മാറ്റിമറിച്ച കേരളരാജ്യാന്തര ചലച്ചിത്രമേള(ഐ.എഫ്.എഫ്.കെ) 30 വർഷം പിന്നിടുകയാണ്....

കല ഫാസിസത്തെ വിചാരണ ചെയ്യും

കലാതിവര്‍ത്തിയാണ് കല. മനുഷ്യന്‍ കണ്ടെത്തിയ കലാരൂപങ്ങളില്‍ ഏറ്റവും ജനപ്രിയവും സ്വാധീനശേഷിയുള്ളതുമായ കലാരൂപമാണ്...

Topics

വിമല രണദിവേ

മഹാരാഷ്‌ട്രയിലെ എന്നല്ല ഇന്ത്യയിലെ തന്നെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സമുന്നതനേതാക്കളിലൊരാളാണ്‌ വിമല രണദിവെ....

കുത്തി റാത്തീബ് : ഇസ്ലാമിക സമുദായത്തിൽ നിലനിന്നിരുന്ന പ്രത്യേക ആയുധാഭ്യാസകല

  തീയിൽ ചാടുന്ന തെയ്യം പോലെ ഇസ്ലാമിക ജീവിതത്തിൽ അക്രമോൽസുകമായ കല എന്നു...

അധിനിവേശത്തിന്റെ കനൽവഴികളിലെ പലസ്തീൻ പ്രത്യാശകൾ: ഒരു ജനതയുടെ അതിജീവനഗാഥ

  30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള കേവലം സിനിമാ കാഴ്ചകൾക്കപ്പുറം ലോകത്തിന്റെ...

ഐ.എഫ്.എഫ്.കെയുടെ 30 വർഷങ്ങൾ

  കേരളത്തിൻ്റെ ദൃശ്യസംസ്കാരത്തെയും സിനിമാനുഭവത്തെയും മാറ്റിമറിച്ച കേരളരാജ്യാന്തര ചലച്ചിത്രമേള(ഐ.എഫ്.എഫ്.കെ) 30 വർഷം പിന്നിടുകയാണ്....

കല ഫാസിസത്തെ വിചാരണ ചെയ്യും

കലാതിവര്‍ത്തിയാണ് കല. മനുഷ്യന്‍ കണ്ടെത്തിയ കലാരൂപങ്ങളില്‍ ഏറ്റവും ജനപ്രിയവും സ്വാധീനശേഷിയുള്ളതുമായ കലാരൂപമാണ്...

പുലമാരുതൻ തെയ്യം

വടക്കേ മലബാറിലെ പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങളിലും പൊട്ടൻ തെയ്യം കെട്ടിയാടുന്ന കവുകളിലും...

കുഞ്ഞുവേടൻ തെയ്യം

കർക്കിടകത്തിന്റെ ദുരിതം അകറ്റുവാനായി കെട്ടിയാടുന്ന തെയ്യമാണ് കുഞ്ഞുവേടൻ തെയ്യം. മഹാഭാരതം കഥയിൽ...

സിസ്സാക്കെ : പ്രതിരോധ സിനിമയുടെ വക്താവ്

മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം (ഐ...
spot_img

Related Articles

Popular Categories

spot_imgspot_img