കോസ്മെറ്റിക് ഫിറ്റ്നസ്: അതിസാങ്കേതികകാലത്തെ സൗന്ദര്യസങ്കല്പ കാഴ്ചപ്പാടുകൾ

ഡോ. അജീഷ് പി ടി

രമ്പരാഗതമായ ആരോഗ്യപരിപാലനരീതി എന്നതിലുപരി, സൗന്ദര്യാത്മകതയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ആകർഷകമായ ശരീരപ്രകൃതി കൈവരിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണത വർത്തമാനകാലത്ത് വർദ്ധിച്ചുവരികയാണ്. ചരിത്രാതീതകാലം മുതലുള്ള മനുഷ്യസമൂഹത്തിന്റെ വളർച്ചയും വികാസവും പരിശോധിക്കുമ്പോൾ, സൗന്ദര്യം എന്ന സങ്കല്പം ഒരിക്കലും സ്ഥിരമല്ലെന്ന് വ്യക്തമാകും. ഓരോ കാലഘട്ടത്തിലെയും സംസ്കാരം, രാഷ്ട്രീയം, സാമ്പത്തികം, സാമൂഹിക സാഹചര്യങ്ങൾ എന്നിവയ്ക്കനുസരിച്ച് സൗന്ദര്യാത്മകതയുടെ മാനദണ്ഡങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ആധുനിക മനുഷ്യന്റെ ജീവിതചര്യകളെയും സാമൂഹിക സങ്കല്പങ്ങളെയും ഒരുപോലെ സ്വാധീനിക്കുന്ന ഒന്നായി സൗന്ദര്യം ഇന്ന് മാറിക്കൊണ്ടിരിക്കുന്നു. ലോകപ്രശസ്തനായ റഷ്യൻ എഴുത്തുകാരനായ ലിയോടോൾസ്റ്റോയിയുടെ വളരെപ്രശസ്തമായ നിരീക്ഷണപ്രകാരം “സൗന്ദര്യം എന്നത് നന്മയുടെ ഒരു വശമാണ്.’ കേവലം ബാഹ്യമായ ആകർഷണത്തേക്കാളുപരിയായി വ്യക്തിയുടെ സ്വഭാവശുദ്ധിയും മനോഭാവവുമാണ് യഥാർത്ഥസൗന്ദര്യത്തെ നിർണയിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ലോകാരോഗ്യസംഘടനയുടെ നിർവചനപ്രകാരം ആരോഗ്യം എന്നത് കേവലം രോഗമില്ലാത്ത അവസ്ഥ മാത്രമല്ല; മറിച്ച് അത് ആത്മവിശ്വാസത്തിന്റെയും സാമൂഹികപദവിയുടെയും അടയാളമായി ഇന്നു മാറിയിരിക്കുന്നു. കേവലം ആരോഗ്യസംരക്ഷണത്തിനുമപ്പുറം ശരീരത്തെ കൂടുതൽ ആകർഷകമാക്കുന്ന രീതിയിൽ രൂപപ്പെടുത്തിയെടുക്കുന്ന ‘കോസ്മെറ്റിക് ഫിറ്റ്നസ്’ എന്ന രീതിക്കാണ് ഇന്ന് ഏറെപ്രചാരമുള്ളത്. സോഷ്യൽ മീഡിയയും സെലിബ്രിറ്റി സംസ്കാരവും ഏറെ ആഘോഷിക്കപ്പെടുന്ന ആധുനിക കാലഘട്ടത്തിൽ ഭൂരിഭാഗംആളുകളും ഈരീതിയാണ് പിന്തുടരുന്നത്. ശാരീരികസൗന്ദര്യം കാലഘട്ടങ്ങൾക്കും സംസ്കാരങ്ങൾക്കും അനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമാകുന്ന ഒന്നാണ്. ഇതിനെ ചരിത്രപരമായും ശാസ്ത്രീയമായും വിശകലനം ചെയ്യുമ്പോൾ, ബാഹ്യരൂപത്തിനപ്പുറം വൈവിധ്യമാർന്ന സാംസ്കാരികമാനങ്ങൾ ഇതിൽ കാണാൻ സാധിക്കും. “സൗന്ദര്യം എന്നത് കേവലം രൂപത്തിലല്ല, മറിച്ച് കൃത്യമായ അനുപാതത്തിലും ക്രമത്തിലുമാണ്’ എന്നാണ് ഗ്രീക്ക് തത്ത്വചിന്തകനായ പ്ലാറ്റോയുടെ വാദഗതി. ഹൃദയത്തിന്റെ വിശുദ്ധിയിലാണ് യഥാർത്ഥസൗന്ദര്യമെന്നും ബാഹ്യമായ മിനുക്കുപണികളേക്കാൾ സ്വഭാവമഹിമയ്ക്കാണ് വ്യക്തികൾ കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നുമുള്ള ഉദാത്തമായ കാഴ്ചപ്പാടാണ് മഹാത്മാഗാന്ധി മുന്നോട്ടുവച്ചത്.

ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി ശരീരത്തെ കൃത്യമായ അനുപാതത്തിലും രൂപത്തിലും വാർത്തെടുക്കുന്ന രീതിയാണ് കോസ്മെറ്റിക് ഫിറ്റ്നസ്. സാധാരണയായി ആളുകൾ കായികക്ഷമതയ്ക്കും ആരോഗ്യകരമായ വാർദ്ധക്യത്തിനും വേണ്ടിയാണ് കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാറുള്ളത്. എന്നാൽ കോസ്മെറ്റിക് ഫിറ്റ്നസ്സിൽ ശരീരത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കാണ് മുൻഗണനനൽകുന്നത്. ശരീരഭാരം കൃത്യമായി നിലനിർത്തുക, ശരീരപേശികളുടെ വിന്യാസവും രൂപഘടനയും ശാസ്ത്രീയമായി ക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഇവിടെ പ്രത്യേക ശ്രദ്ധനൽകുന്നു. ചർമ്മസംരക്ഷണത്തിന് പ്രത്യേകം ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ജനങ്ങൾ പിന്തുടരുന്നു. അതോടൊപ്പം ആരോഗ്യകരമായ പ്രായമേറലിന് സഹായകമാകുന്ന ഭക്ഷണക്രമവും ഇതിന്റെ പ്രധാന ഭാഗമാണ്. കൃത്യതയാർന്ന ജീവിതത്തിന്റെ ഭാഗമായുള്ള ഉറക്കം, വിശ്രമം, വ്യായാമം, ജലപാനം എന്നിവയിലെ അച്ചടക്കം മികച്ച ശാരീരിക രൂപഭംഗി നിലനിർത്തുന്നതിലെ പ്രധാന ഘടകങ്ങളാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, വിരാട് കോഹ്‍ലി തുടങ്ങിയ ലോകപ്രശസ്തതാരങ്ങൾ കോസ്മെറ്റിക് ഫിറ്റ്നസ്സും അത്‌ലറ്റിക് ഫിറ്റ്നസ്സും ഒരുപോലെ പിന്തുടരുന്നവരാണ്. ഇതുകൊണ്ടുതന്നെ ആകർഷകമായ രൂപഭംഗി നിലനിർത്തുന്നതിന് അവർക്ക് സാധിക്കുന്നു. ദൈനംദിന പ്രവർത്തനങ്ങൾ ഫലപ്രദമായി നിർവഹിക്കുന്നതിനും അതിജീവനത്തിന്റെ ഭാഗവുമായി പിന്തുടർന്നിരുന്ന ശരീരപരിപാലനമാർഗമായ ഫംഗ്ഷണൽ ഫിറ്റ്നസ് എന്ന ആശയത്തിൽ നിന്ന് മറ്റുള്ളവരുടെ മുന്നിൽ ശരീരത്തെ ഒരു ആകർഷകരൂപമാക്കി മാറ്റുന്ന കോസ്മെറ്റിക് ഫിറ്റ്നസ് എന്ന പ്രവണതയിലേക്കുള്ള മാറ്റം ശാസ്ത്ര -സാങ്കേതികപുരോഗതിയുടെയും വിപണന താല്പര്യങ്ങളുടെയും ആകെത്തുകയാണെന്ന് പറയേണ്ടിവരും.

ഡിജിറ്റൽ ലോകവുമായി സ്ഥിരമായി ബന്ധപ്പെട്ട് കണ്ടന്റ് സൃഷ്ടിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ടെക്നോളജി പ്രേരിത ജീവിതശൈലി പിന്തുടരുന്ന ജെൻ സി കമ്യൂണിറ്റി സൗന്ദര്യത്തെയും ഫിറ്റ്നസിനെയും കാണുന്നത് മുൻതലമുറകളിൽ നിന്നു തികച്ചും വ്യത്യസ്തമായാണ്. കേവലം പുറംമോടിക്കപ്പുറമായി വ്യക്തിത്വത്തെ വെളിപ്പെടുത്താനുള്ള ഒരു മാധ്യമമായാണ് അവർ ഇതിനെകാണുന്നത്. ഭൂതകാലത്തെ സൗന്ദര്യമാനദണ്ഡങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട്, സ്വയം തിരിച്ചറിവിന്റെയും അംഗീകാരത്തിന്റെയും ഒരു പുതിയ ലോകം പടുത്തുയർത്തുന്നതിന് ശ്രമിക്കുന്നവരാണ് ജെൻ സി വിഭാഗം. മുൻതലമുറകൾക്ക് സൗന്ദര്യമെന്നത് മറ്റുള്ളവരെ കാണിക്കാനുള്ള ഒരു പ്രദർശനവസ്തുവായിരുന്നെങ്കിൽ, സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്താനുള്ള മാർഗവും കൂടിയായാണ് ജെൻ സി ഇതിനെ കാണുന്നത്. മുൻതലമുറകളിൽ സൗന്ദര്യമെന്നാൽ പാടുകളില്ലാത്ത ചർമ്മവും കൃത്യമായ സംസ്ഥിതിയോട് കൂടിയ ശരീരപ്രകൃതവുമായിരുന്നു. മാഗസിൻ കവറുകളിൽ പ്രസിദ്ധീകരിച്ചിരുന്ന എഡിറ്റ് ചെയ്ത ആകർഷകമായ ചിത്രങ്ങളായിരുന്നു അവരുടെ മാനദണ്ഡം. മുഖക്കുരുവിന്റെ പാടുകൾ, സ്ട്രെച്ച് മാർക്കുകൾ, തഴമ്പുകൾ ഉൾപ്പെടെയുള്ള പരിമിതികൾ എന്നിവ മറച്ചുവെക്കേണ്ടവയല്ലെന്ന് ജെൻ സി വിഭാഗം വിശ്വസിക്കുന്നു. ഇവ ഓരോന്നും ഒരു വ്യക്തി കടന്നുപോയ ജീവിതസാഹചര്യങ്ങളുടെ അടയാളങ്ങളാണ് അവർ കാണുന്നത്. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിൽ ജെൻ സി വരുത്തിയ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് ഡിജിറ്റൽ സുതാര്യത ആണ്. മുൻതലമുറകൾ സോഷ്യൽ മീഡിയയെ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങൾ മാത്രം പ്രദർശിപ്പിക്കാനുള്ള ഒരു ഹൈലൈറ്റ് റീൽ ആയി കണ്ടിരുന്നപ്പോൾ, ജെൻ സി അതിനെ തങ്ങളുടെ യഥാർത്ഥ ജീവിതം പങ്കുവെക്കാനുള്ള ഇടമായാണ് കാണുന്നത്. സോഷ്യൽ മീഡിയകളിൽ തിളങ്ങുന്നതും, അമിതമായി എഡിറ്റ് ചെയ്തതുമായ ചിത്രങ്ങൾ കണ്ട് ഇത്തരക്കാർക്ക് മടുത്തുതുടങ്ങിയിരിക്കുന്നു. എല്ലാ സൗകര്യവുമുള്ള വീട്, തിളക്കമുള്ള മുഖം, സമ്പുഷ്ടമായ ഭക്ഷണം തുടങ്ങിയവയെല്ലാം കൃത്രിമമാണെന്ന തിരിച്ചറിവ് ജെൻ സി വിഭാഗങ്ങൾക്കിടയിൽ ശക്തമാണ്. അതുകൊണ്ടുതന്നെ അവ്യക്തമായ, എഡിറ്റ് ചെയ്യാത്ത, ഇരുണ്ട വെളിച്ചത്തിലുള്ള ചിത്രങ്ങൾ ഉചിതമായ നിലയിൽ പങ്കുവയ്ക്കുന്നതിനും അവർക്ക് മടിയില്ല.

ജെൻ സിയെ സംബന്ധിച്ചിടത്തോളം സൗന്ദര്യമെന്നത് ലോകത്തിനു നൽകുന്ന ഒരു ചെറുപുഞ്ചിരിയിലുപരി കണ്ണാടിയിൽ നോക്കുമ്പോൾ തങ്ങൾക്ക് തോന്നുന്ന ആത്മവിശ്വാസമാണ്. ശരീരത്തെ ഒരു ശത്രുവായി കാണാതെ, സ്നേഹിക്കേണ്ട ഒരു ചങ്ങാതിയായാണ് അവർ കാണുന്നത്. മറ്റുള്ളവർ നിശ്ചയിക്കുന്ന അളവുകോലുകളിലേക്ക് ഒതുങ്ങിക്കൂടാൻ തയ്യാറാവാത്ത ഈ തലമുറ വർത്തമാനകാലസൗന്ദര്യസങ്കൽപ്പങ്ങളെ കൂടുതൽ മനുഷ്യത്വമുള്ളതാക്കി മാറ്റുന്നു. ജെൻഡർ-ന്യൂട്രൽ സൗന്ദര്യശാസ്ത്ര കാഴ്ചപ്പാടുകളെ ആസ്പദമാക്കി സൗന്ദര്യവർദ്ധക വസ്തുക്കൾ സ്ത്രീകൾക്ക് മാത്രമുള്ളതാണെന്ന നൂറ്റാണ്ടുകളായുള്ള മിഥ്യാധാരണ ജെൻ സി തലമുറ അപ്പാടെ മാറ്റിമറിക്കുകയാണ്. ലിംഗഭേദമന്യേ ആർക്കും മേക്കപ്പും സ്കിൻകെയറും ഉപയോഗിക്കാമെന്ന നിലപാടാണ് അവർ പിന്തുടരുന്നത്.

പുരുഷന്മാരുടെ സ്കിൻകെയർ രീതി അനുസരിച്ച് മോയ്സ്ചറൈസറും സൺസ്‌ക്രീനും ഉപയോഗിക്കുന്നത് പുരുഷന്മാരെ സംബന്ധിച്ച് സ്വാഭാവികമായ ഒന്നായി മാറി. കണ്ണ് എഴുതുന്നതോ നെയിൽ പോളിഷ് ഇടുന്നതോ ആയ പുരുഷന്മാർ ജെൻ സി കമ്യൂണിറ്റിയിൽ പുരോഗമനപരമായ മാറ്റമായിട്ടാണ് കാണപ്പെടുന്നത്. ‘For Men’ അല്ലെങ്കിൽ ‘For Women’ എന്ന ലേബലിംഗിന് പകരം എല്ലാലിംഗക്കാർക്കും ഉപയോഗിക്കാൻ കഴിയുന്ന ജെൻഡർ-ന്യൂട്രൽ പാക്കേജിംഗിലേക്ക് പ്രമുഖ ബ്രാൻഡുകൾ മാറാൻ നിലവിൽ നിർബന്ധിതരായിട്ടുണ്ട്. മേക്കപ്പ് ഉപയോഗിച്ച് മുഖം വെളുപ്പിക്കുന്നതിനോ മാറ്റുന്നതിനോ അല്ല ജെൻ സി പ്രാധാന്യം നൽകുന്നത്. പകരം ചർമ്മത്തിന്റെ ആന്തരിക ആരോഗ്യത്തിന് മുൻഗണന നൽകുന്ന സ്കിൻകെയർ ഒരു സെൽഫ് കെയർ ആണ് എന്ന സങ്കല്പത്തിനാണ് പ്രാധാന്യം.

മുൻതലമുറകൾ ജിമ്മിൽ പോയിരുന്നത് ശരീരം വണ്ണം കുറയ്ക്കാനോ മസിൽ പെരുപ്പിക്കാനോ ആയിരുന്നു. എന്നാൽ ജെൻ സി പിന്തുടരുന്നത് ‘ബോഡി ന്യൂട്രാലിറ്റി’ എന്ന ആശയമാണ്. “എന്റെ ശരീര സംസ്ഥിതി എത്രത്തോളം സൗന്ദര്യാത്മകമാണ് എന്നതിനേക്കാൾ, എന്റെ ശരീരം എനിക്കുവേണ്ടി എന്തുചെയ്യുന്നു എന്നതിനാണ് പ്രാധാന്യം നൽകുന്നത്. പ്രവർത്തനക്ഷമതയുള്ള ശരീരം യന്ത്രത്തിനു സമാനവും ശ്വസിക്കാനും ഓടാനും ചിന്തിക്കാനും കഴിയുന്ന സവിശേഷതകളെയും ജെൻ സി ബഹുമാനിക്കുന്നു. സിക്സ് പാക്ക് മസിലിനേക്കാൾ അവർ വിലമതിക്കുന്നത് ശാരീരികവും വൈകാരികവും സാമൂഹികവും മാനസികവുമായ സൗഖ്യത്തിനും ഉന്മേഷത്തിനുമാണ്.

പുരാതന ഗ്രീക്കുകാർ ശാരീരിക പരിപാലനത്തിനും കായികശേഷിയ്ക്കും അതുല്യമായ പ്രാധാന്യം നൽകിയിരുന്നു. ഭംഗിയുള്ള സമുചിതമായ ശരീരം ദൈവികസാന്നിധ്യത്തിന്റെ പ്രതിരൂപമായിവരെ അവർ കണ്ടിരുന്നു. പുരാതന ഒളിമ്പിക്സ് മത്സരങ്ങളിൽ നഗ്നരായി പങ്കെടുത്തിരുന്ന കായികതാരങ്ങളുടെ ദൃഢവും ആകാരഭംഗിയുമുള്ള ശരീരഘടന പിന്നീട് സൗന്ദര്യത്തിന്റെ അളവുകോലായി കണക്കാക്കപ്പെട്ടതും ചരിത്രമാണ്. കോസ്മെറ്റിക് ഫിറ്റ്നസ് പിന്തുടരുന്നത് വ്യക്തികളിൽ സ്വന്തം ശരീരത്തെക്കുറിച്ചുള്ള സംതൃപ്തിവർദ്ധിപ്പിക്കുകയും മാനസികക്കരുത്ത് നേടിയെടുക്കുന്നതിൽ പങ്കുവഹിക്കുകയുംചെയ്യുന്നു. കൂടാതെ, വ്യത്യസ്തതരത്തിലുള്ള സാമൂഹിക ഇടപെടലുകളുടെ ഭാഗമാകുമ്പോൾ വലിയ ആത്മവിശ്വാസവും പോസിറ്റിവിറ്റിയും ഉണ്ടാക്കാനും കഴിയുന്നു. അച്ചടക്കമുള്ള ജീവിതശൈലി പിന്തുടരുന്നതിലൂടെ സ്വയംനിയന്ത്രണത്തിനും ആരോഗ്യപരിപാലനത്തിൽ കൃത്യനിഷ്ഠ പാലിക്കുന്നതിനും ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും നമുക്ക് കഴിയും. ഭക്ഷണക്രമീകരണങ്ങളുടെ ഭാഗമായി ജങ്ക് ഫുഡുകൾ പോലുള്ളവ ഒഴിവാക്കുന്നതിലൂടെയും വ്യായാമം ശീലമാക്കാക്കുന്നതിലൂടെയും ജീവിതശൈലീരോഗങ്ങളെ പ്രതിരോധിച്ച് പ്രതിരോധആരോഗ്യം നിലനിർത്തുന്നതിനും സാധിക്കുന്നു. എങ്കിലും, സമീപകാലങ്ങളിൽ ചില വ്യക്തികൾ സോഷ്യൽ മീഡിയയിലൂടെ എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി സ്വന്തം ശരീരത്തെ താരതമ്യംചെയ്യുന്ന അനാരോഗ്യകരമായ രീതി, ബോഡി ഡിസ്മോർഫിക് ഡിസോർഡർ പോലുള്ള മാനസികപ്രശ്നങ്ങൾക്കും ഇടവരുത്തുന്നുണ്ട്. കൂടാതെ, വിദഗ്ധനിർദ്ദേശമില്ലാതെ പെട്ടെന്ന് ഫലം ലഭിക്കാൻവേണ്ടി കൂടി വരുന്ന സപ്ലിമെന്റുകളുടെ ഉപയോഗം, ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന കാര്യവും വിസ്മരിക്കരുത്. l

Hot this week

പ്രത്യയശാസ്‌ത്ര ഉപകരണം

ജിഹാദ് ഒരു അറബി പദപ്രയോഗമാണ്. ജാഹദ എന്ന അറബി പദത്തിൽ നിന്നും...

ഇടതുപക്ഷത്തിന്റെ അർത്ഥതലങ്ങൾ

കേരളം മുന്നോട്ടുവെച്ചിരിക്കുന്ന ഇടതുപക്ഷബദലിന്റെ സാർവദേശീയ പശ്ചാത്തലവും കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിന്റേതായ വർത്തമാന...

ബസുദേവ്‌ ആചാര്യ

1980 മുതൽ തുടർച്ചയായി ഒമ്പതു തവണ ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ബസുദേവ്‌ ആചാര്യ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 20

‘‘മുതലാളിത്തം നിങ്ങളെ നശിപ്പിക്കുന്നു; അത്‌ പേർഷ്യക്കാരെയും നശിപ്പിക്കും; അതെല്ലാവരെയും നശിപ്പിക്കും. മുതലാളിത്തത്തെ...

പോതി തെയ്യം

മലബാറിലെ തെയ്യം അവതരണത്തിൽ പോതി തെയ്യം ഏറെ പ്രത്യേകതയുള്ളതാണ്. വണ്ണാൻ സമുദായക്കാരാണ്...

Topics

പ്രത്യയശാസ്‌ത്ര ഉപകരണം

ജിഹാദ് ഒരു അറബി പദപ്രയോഗമാണ്. ജാഹദ എന്ന അറബി പദത്തിൽ നിന്നും...

ഇടതുപക്ഷത്തിന്റെ അർത്ഥതലങ്ങൾ

കേരളം മുന്നോട്ടുവെച്ചിരിക്കുന്ന ഇടതുപക്ഷബദലിന്റെ സാർവദേശീയ പശ്ചാത്തലവും കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിന്റേതായ വർത്തമാന...

ബസുദേവ്‌ ആചാര്യ

1980 മുതൽ തുടർച്ചയായി ഒമ്പതു തവണ ലോക്‌സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ബസുദേവ്‌ ആചാര്യ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 20

‘‘മുതലാളിത്തം നിങ്ങളെ നശിപ്പിക്കുന്നു; അത്‌ പേർഷ്യക്കാരെയും നശിപ്പിക്കും; അതെല്ലാവരെയും നശിപ്പിക്കും. മുതലാളിത്തത്തെ...

പോതി തെയ്യം

മലബാറിലെ തെയ്യം അവതരണത്തിൽ പോതി തെയ്യം ഏറെ പ്രത്യേകതയുള്ളതാണ്. വണ്ണാൻ സമുദായക്കാരാണ്...

അതിഥി വേഷങ്ങൾ എന്ന കൺകെട്ട്‌

സിനിമയുടെ വികാസത്തിൽ ഏറ്റവും മികച്ച മുഹൂർത്തങ്ങൾ സൃഷ്ടിച്ചവയാണ്‌ അതിഥി വേഷങ്ങൾ. തിയറ്ററിൽ...

ലെനിൻ സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 19

ബോഗ്‌ദനോവിനും കൂട്ടർക്കുമെതിരായ ആശയസമരം ‘‘ഇല്ലിച്ചിനെ ഗോർക്കി, കാപ്രിയിലേക്ക്‌ ക്ഷണിച്ചു (അക്കാലത്ത്‌ അവിടെയാണ്‌ ബോഗ്‌ദനോവും...

പലതരം ജിഹാദുകൾ

ഇന്ത്യയിൽ വിദ്വേഷ പ്രസംഗങ്ങളുടെ എണ്ണത്തിൽ 2023 നെ അപേക്ഷിച്ച് 2025ൽ 97...
spot_img

Related Articles

Popular Categories

spot_imgspot_img