കേരളം മുന്നോട്ടുവെച്ചിരിക്കുന്ന ഇടതുപക്ഷബദലിന്റെ സാർവദേശീയ പശ്ചാത്തലവും കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടിന്റേതായ വർത്തമാന ഇന്ത്യൻ സാഹചര്യത്തിലെ അതിന്റെ പ്രസക്തിയും പ്രാധാന്യവുമെന്ന് വിശകലനംചെയ്യേണ്ടതുണ്ട്. 1990-കളിലാരംഭിച്ച നിയോലിബറൽനയങ്ങളുടെ തുടർച്ചയിലാണ് 1992-ൽ അന്നത്തെ ലോകബാങ്കിന്റെ അധ്യക്ഷൻ ന്യൂയോർക്കിൽ നടത്തിയ ഒരു പത്രസമ്മേളനത്തിൽ ഇനിമുതൽ കേരള മോഡൽ വികസനത്തെ ലോകബാങ്ക് പിന്തുണയ്ക്കില്ലെന്ന് പ്രസ്താവിച്ചത്. സ്റ്റേറ്റ് ഇടപെടലിന്റെയും ക്ഷേമരാഷ്ട്രസങ്കൽപങ്ങളിലധിഷ്ഠിതവുമായ കേരള മാതൃക നവലിബറൽനയങ്ങൾ മുന്നോട്ടുവെക്കുന്ന ഘടനാപരമായ പരിഷ്‌ക്കാരങ്ങൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിൽ നിന്നാണ് ലോകബാങ്ക് വിഖ്യാതമായ കേരളവികസന മാതൃകയെ റദ്ദ് ചെയ്തതായി പ്രഖ്യാപിച്ചത്.
കേരളത്തിന്റെ ബൃഹത്തായ ആരോഗ്യ വിദ്യാഭ്യാസസേവനമേഖലകളും ക്ഷേമപദ്ധതികളും വിപുലമായ ഭരണനിർവ്വഹണസംവിധാനങ്ങളും അവസാനിപ്പിച്ച് സർവ്വമേഖലകളുടെയും സ്വകാര്യവൽക്കരണവും വിപണിവൽക്കരണവും അതിനാവശ്യമായ ഘടനാപരിഷ്‌കാരങ്ങളുമാണ് ഐ.എം.എഫും ലോകബാങ്കുമൊക്കെ മുന്നോട്ടുവെച്ചത്. ചെലവ് ചുരുക്കലും ചെലവ് വസൂലാക്കലും തുടങ്ങി സർക്കാർ ജനോപകാരപ്രദമായ എല്ലാ മേഖലകളിൽനിന്നും പിൻമടങ്ങുന്ന കടുത്ത ഘടനാപരിഷ്‌ക്കാരങ്ങൾക്കാണ് നരസിംഹറാവു സർക്കാരിന്റെ ചുവടുപിടിച്ച് 1990-കളുടെ ആദ്യം കെ.കരുണാകരന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് അധികാരത്തിലുണ്ടായിരുന്ന യു.ഡി.എഫ് സർക്കാർ തുടക്കം കുറിച്ചത്. കരുണാകരൻ സർക്കാർ നിയോഗിച്ച അന്നത്തെ പ്ലാനിംഗ്‌ബോർഡ് ഉപാധ്യക്ഷനായിരുന്ന ഡോ.വി.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭവകാര്യകമ്മീഷനാണ് ആഗോളവൽക്കരണ നയങ്ങൾക്കനുസൃതമായ ഘടനാപരിഷ്‌ക്കാരങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ തയ്യാറാക്കി മുന്നോട്ടുവെച്ചത്.
1957-ലെ ഇ.എം.എസ് സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്‌ക്കരണ നടപടികളും സാർവ്വത്രിക വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളും ന്യൂനപക്ഷവിഭാഗങ്ങൾ ഉൾപ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങൾക്കുള്ള വിദ്യാഭ്യാസ ഉദേ്യാഗപദവികളിലെ സംവരണവും സ്ത്രീകൾക്ക് പ്രസവാവധി അനുവദിക്കുന്നതും തൊഴിൽപ്രശ്‌നങ്ങളിൽ പോലീസ് ഇടപെടൽ അവസാനിപ്പിക്കുന്നതുമായ നയങ്ങളാണ് ഇന്നത്തെ കേരള വികസനത്തിന് അടിത്തറയിട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14 വിഭാവനം ചെയ്ത മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പ്രദേശത്തിന്റെയും പേരിലുള്ള എല്ലാവിധ വിവേചനങ്ങളെയും ഇല്ലാതാക്കാനുള്ള ശക്തമായ നടപടികളാണ് ഇ.എം.എസ് സർക്കാർ സ്വീകരിച്ചത്. അതിന്റെ ഫലമായിട്ടാണ് മലബാറിലെ മുസ്ലീങ്ങൾക്ക് പള്ളി പണിയാനായി പ്രത്യേക അനുമതി വാങ്ങണമെന്ന കൊളോണിയൽ നിയമങ്ങൾ എടുത്തുകളഞ്ഞത്. അതേപോലെ മലബാർ സ്‌പെഷ്യൽ പോലീസിൽ മുസ്ലീങ്ങൾക്ക് റിക്രൂട്ട്‌മെന്റ് തടയുന്ന വ്യവസ്ഥകൾ റദ്ദുചെയ്തതും.
മരിച്ചാൽ കുഴിച്ചിടാൻപോലും ആറടി മണ്ണില്ലാത്ത അടിച്ചമർത്തപ്പെട്ട സാമൂഹ്യവിഭാഗങ്ങളിൽപ്പെട്ട മനുഷ്യരുടെ കൈകളിലേക്ക് ഭൂമിയെത്തിക്കുകയും സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസപരിഷ്‌ക്കാരങ്ങളിലൂടെ എല്ലാവർക്കും വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പുവരുത്തുകയും ചെയ്ത ഇ.എം.എസ് സർക്കാരിന്റെ വിപ്ലവകരമായ ഭരണനടപടികളാണ് ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയത്. 1990-കളിലാരംഭിച്ച ആഗോളവൽക്കരണനയങ്ങളും അതിന്റെ ഭാഗമായ സേവനമേഖലകളിൽ നിന്ന് പിൻമടങ്ങുന്ന യു.ഡി.എഫ് സർക്കാരിന്റെ ഘടനാപരമായ പരിഷ്‌ക്കാരങ്ങളുമാണ് വിഖ്യാതമായ കേരള മാതൃകയ്ക്ക് വെല്ലുവിളിയായിത്തീർന്നത്. ഈയൊരു സാഹചര്യത്തിലാണ് നിയോലിബറൽ നയങ്ങൾക്കെതിരായ ബദൽ വികസനം ഉയർത്തിക്കൊണ്ടുവരുന്നതിന് കേരളത്തിൽ ഇടതുപക്ഷസർക്കാരുകൾ മുൻകയ്യെടുത്തത്. അതിന്റെ ഫലമായിട്ടാണ് ഇന്ന് ഇന്ത്യക്കാകെ മാതൃകയാകുന്ന രീതിയിൽ മനുഷ്യവികസനത്തിന്റെയും ജീവിത ഗുണനിലവാരസൂചികയുടെയും കാര്യത്തിൽ എല്ലാ മേഖലകളിലും കേരളം ഒന്നാമതായി മാറിയിരിക്കുന്നത്.
ഈ നേട്ടങ്ങളെ വിശകലനം ചെയ്തുകൊണ്ടാണ് നമ്മുടെ പ്ലാനിംഗ്‌ബോർഡ് സംഘടിപ്പിച്ച ഇന്റർനാഷണൽ കേരള സെമിനാറിൽ പ്രൊഫ.അമർത്യാസെൻ കേരള ബദലിന്റെ സാർവദേശീയ പ്രാധാന്യത്തെയും സവിശേഷതയെയും കുറിച്ച് തന്റെ നിരീക്ഷണങ്ങൾ അവതരിപ്പിച്ചത്. ബി.ജെ.പിയുടെ നിയോലിബറൽ അജണ്ടയുടെ സൈദ്ധാന്തികന്യായീകരണം നടത്തിക്കൊണ്ടിരിക്കുന്ന ജഗദീഷ് ഭഗവതിയെപോലുള്ള സാമ്പത്തികശാസ്ത്രജ്ഞരുടെ വികസനത്തെ സംബന്ധിച്ച വലതുപക്ഷവീക്ഷണങ്ങൾക്ക് മറുപടിയായിട്ടുകൂടിയാണ് ഡോ.അമർത്യാസെൻ കേരളമാതൃകയുടെ പ്രസക്തി വിശദീകരിച്ചിട്ടുള്ളത്. സ്റ്റേറ്റ് എല്ലാത്തിൽ നിന്നും പിൻമാറണമെന്ന നിയോലിബറലിസത്തിന്റെ പ്രതിലോമപരമായ ദർശനത്തെ നിരാകരിച്ചുകൊണ്ടാണ് മനുഷ്യരുടെ സമസ്ത ജീവിതാവശ്യങ്ങളിലും സ്റ്റേറ്റ് ഇടപെടണമെന്ന കാഴ്ചപ്പാടോടെ കേരളം അതിന്റെ ബദൽ മുന്നോട്ടുവെച്ചിട്ടുള്ളതെന്നാണ് അമർത്യാസെൻ നിരീക്ഷിക്കുന്നത്. എല്ലാവർക്കും വെള്ളം, ഭക്ഷണം, വീട്, വൈദ്യുതി, ഇന്റർനെറ്റ്, ആരോഗ്യ വിദ്യാഭ്യാസ അവസരങ്ങൾ, തൊഴിൽ എന്നിവ ഉറപ്പുവരുത്തുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ കഴിഞ്ഞ 10 വർഷക്കാലമായി ചെയ്തുകൊണ്ടിരിക്കുന്നത്. ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷത്തിലേറെ ഭവനരഹിതർക്കാണ് വീടൊരുക്കിക്കൊടുത്തത്.
വികസിത സമൂഹങ്ങൾക്ക് സമാനമായ ജീവിതസൗകര്യങ്ങളിലേക്ക് മലയാളികളെ ആകെ എത്തിക്കാനുള്ള കാഴ്ചപ്പാടോടെയാണ് ഇടതുപക്ഷസർക്കാർ നവകേരള നിർമ്മിതിയുടെ വികസനപരിപ്രേക്ഷ്യം രൂപപ്പെടുത്തിയിട്ടുള്ളത്. ഒരു വിജ്ഞാന സമൂഹമായി കേരളത്തെ ഉയർത്തിയെടുക്കാനും അതിന് ചാലകശക്തിയായി വർത്തിക്കേണ്ട ഉന്നതവിദ്യാഭ്യാസ മേഖലയെയാകെ ശക്തിപ്പെടുത്താനുമുള്ള ഇടപെടലുകളാണ് സർക്കാർ നടത്തിയിട്ടുള്ളത്. സമ്പത്ത് ഉൽപാദിപ്പിക്കാനും സമാഹരിക്കാനും അത് എല്ലാവിഭാഗം ജനങ്ങളിലേക്കും ജനാധിപത്യപരമായി വിതരണം ചെയ്യാനുമുള്ള സോഷ്യലിസ്റ്റ് കാഴ്ചപ്പാടോടെയാണ് കഴിഞ്ഞ 10 വർഷക്കാലമായി ഇടതുപക്ഷ സർക്കാർ ക്ഷേമവികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കേരള ബദലിന്റെ സാർവ്വദേശീയ പശ്ചാത്തലം
സോവിയറ്റ്‌യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും തകർച്ചയ്ക്കുശേഷം മുതലാളിത്ത ലോകം പ്രത്യയശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും അന്ത്യം പ്രഖ്യാപിച്ച് പ്രഛണ്ഡമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണാരംഭിച്ചത്. ചരിത്രം അവസാനിച്ചുവെന്നും ആഗോളവൽക്കരണത്തിന് ബദലുകളില്ല എന്നുമായിരുന്നു ബി.ജെ.പിയും കോൺഗ്രസും സമസ്ത വർഗീയ തീവ്രവാദ സംഘങ്ങളും ചേർന്ന് കമ്യൂണിസത്തിനും സോഷ്യലിസ്റ്റ് ഇടതുപക്ഷപ്രസ്ഥാനത്തിനുമെതിരെ വിജയഭേരി മുഴക്കിയത്. ഫ്രാൻസിസ് ഫുക്ക്‌യാമയെപോലുള്ള അമേരിക്കൻ ബുദ്ധിജീവികളും ഹെറിറ്റേജ് ഫൗണ്ടേഷൻ പോലുള്ള അമേരിക്കൻ ചിന്താകേന്ദ്രങ്ങളും മുതലാളിത്തത്തിന്റെ കമ്പോളവ്യവസ്ഥയിലൂടെ മനുഷ്യരാശി നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാമെന്നാണ് വ്യാമോഹിപ്പിച്ചത്. ഇൻഫർമേഷൻ ടെക്‌നോളജിയും ബയോ ടെക്‌നോളജിയും നൽകുന്ന സാധ്യതകൾ ഉപയോഗപ്പെടുത്തി മുതലാളിത്തത്തിന്റെ വിപണിവ്യവസ്ഥയ്ക്ക് മനുഷ്യർക്കിടയിലെ എല്ലാ വിഭജനങ്ങളും ഭക്ഷണങ്ങളും ഉൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങളും പരിഹരിക്കാൻ കഴിയുമെന്നാണവർ അവകാശപ്പെട്ടത്.
ആഗോളവൽക്കരണം ദശകങ്ങൾ പിന്നിട്ടിട്ടും ശാസ്ത്രസാങ്കേതിക രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങൾക്കോ വിവരവിനിമയത്തിന്റെ നട്ടെല്ലായ ഇന്റർനെറ്റിനോ ഭൂമിയിലെ മനുഷ്യരുടെ അടിസ്ഥാന ഉപജീവനപ്രശ്‌നങ്ങൾക്കൊന്നും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ലോകത്തിലെ 500 കോടിയോളം മനുഷ്യർ ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലുമാണ് കഴിയുന്നത്. മഹാഭൂരിപക്ഷവും ദരിദ്രവൽക്കരിക്കപ്പെടുമ്പോൾ ഒരു ന്യൂനപക്ഷം വരുന്ന അതിസമ്പന്നർ സമ്പത്താകെ കവർന്നെടുക്കുകയും കുന്നുകൂട്ടുകയുമാണ്. ജോസഫ് സ്റ്റിഗ്ലിസ് നിരീക്ഷിക്കുന്നതുപോലെ ആഗോളവൽക്കരണം ലോകത്തെ അസമത്വങ്ങളുടെ വിളഭൂമിയാക്കിയിരിക്കുന്നു. സമകാലീന നിയോലിബറൽ ലോകക്രമം എന്നത് ആഗോള ഫൈനാൻസ് മൂലധനവ്യവസ്ഥ സൃഷ്ടിക്കുന്ന സർവ്വവൈരുദ്ധ്യങ്ങളുടെയും സംഘട്ടനങ്ങളുടെയും അത്യന്തം പ്രക്ഷുബ്ധമായ ഒരു സാഹചര്യത്തിലേക്കാണ് മനുഷ്യസമൂഹത്തെ തള്ളിവിട്ടിരിക്കുന്നത്.
മധ്യപൂർവദേശത്തിന്റെ ഭൂപടത്തെയാകെ മാറ്റിമറിച്ച് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ അധിനിവേശത്തിനുകീഴിൽ പലസ്തീനെയും ഇറാനെയും കൊണ്ടുവരാനുള്ള യുദ്ധമാണ് പശ്ചിമേഷ്യയിൽ തുടരുന്നത്. ഇസ്രയേലും അമേരിക്കയും ചേർന്ന് കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനുനേരെ നടത്തിയ ഏകപക്ഷീയമായ ആക്രമണങ്ങളും ഇറാന്റെ പ്രത്യാക്രമണനീക്കങ്ങളും പശ്ചിമേഷ്യയാകെ സംഘർഷപൂർണമാക്കിയിരിക്കുകയാണ്. യുദ്ധം ലോകത്തെയാകെ കടുത്ത ഇന്ധനപ്രതിസന്ധിയിലേക്കും അത് സൃഷ്ടിക്കുന്ന ഭക്ഷണ പ്രതിസന്ധിയിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. പശ്ചിമേഷ്യയെ ചോരക്കളമാക്കുന്ന ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തുന്ന യുദ്ധം ഹോർമൂസ് കടലിടുക്കിലെ ചരക്ക് കപ്പൽ നീക്കങ്ങളെ സ്തംഭനാവസ്ഥയിലെത്തിച്ചിരിക്കുന്നു. അത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനുമാണ് വഴിതുറന്നിരിക്കുന്നത്. ആഗോള ഫൈനാൻസ് മൂലധനം രാഷ്ട്രങ്ങൾക്കും അവയുടെ വിഭവസ്രോതസ്സുകൾക്കും തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങൾക്കുമുകളിൽ ആധിപത്യമുറപ്പിക്കാൻ നടത്തുന്ന സൈനികാക്രമണങ്ങളും രാഷ്ട്രീയ അട്ടിമറികളും സ്വതന്ത്രവാപാരക്കരാറുകളുമെല്ലാം ചേർന്ന് ലോകജനതയെ അത്യന്തം തീക്ഷ്ണമായ ദുരിതങ്ങളിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
മൂലധനവും അദ്ധ്വാനവും തമ്മിലുള്ള വൈരുദ്ധ്യം അങ്ങേയറ്റം തീക്ഷ്ണമായിരിക്കുന്നു. സാമ്രാജ്യത്വവും മർദ്ദിതരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ പലതലങ്ങളിലും വിതാനങ്ങളിലുമുള്ള പ്രതിഫലനമാണ് ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന സംഘട്ടനങ്ങളും സംഘർഷങ്ങളുമെല്ലാം. ഇടിഞ്ഞുകൊണ്ടിരിക്കുന്ന കൂലിയും വർദ്ധിതമായിക്കൊണ്ടിരിക്കുന്ന അസമത്വങ്ങളുമാണ് നിയോലിബറൽ നയങ്ങൾ ലോകജനതയ്ക്ക് നൽകിയിരിക്കുന്നത്.
സോഷ്യലിസ്റ്റ് മാതൃകയുടെ പുതിയ രൂപങ്ങൾ
1990-കളുടെ പകുതിയിലാണ് വെനസേ്വല ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സാമ്രാജ്യത്വത്തിന്റെ നിയോലിബറൽ നയങ്ങൾക്കെതിരായ സോഷ്യലിസ്റ്റ് ബദലിന്റെ പുതിയ പരീക്ഷണങ്ങൾ ആരംഭിക്കുന്നത്. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും തകർച്ചയോടെ ആരംഭിച്ച സാമ്രാജ്യത്വ ആഗോളവൽക്കരണത്തിന് ബദലുകളില്ലെന്ന ആഗോള മുതലാളിത്ത ചിന്താകേന്ദ്രങ്ങളുടെ അഹന്താപൂർണ്ണമായ പ്രചരണവും ഇന്ന് ഏതാണ്ട് അവസാനിച്ച മട്ടാണ്. സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ തിരോധാനത്തോടെ സാമ്രാജ്യത്വത്തിന് ബദലുകളിലെന്നും സോഷ്യലിസ്റ്റ് ചേരി അവസാനിച്ചുവെന്നും ഇനി മുതലാളിത്ത വാഴ്ചയുടേതായ ഏകധ്രുവ ലോകക്രമം സൃഷ്ടിക്കപ്പെടുമെന്നുമാണ് ആഗോള ഫൈനാൻസ് മൂലധനശക്തികളും അവരോട് ചേർന്ന വംശീയവാദികളും പ്രചരണം അഴിച്ചുവിട്ടത്.
കമ്യൂണിസത്തിനും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും മരണം വിധിച്ചുകൊണ്ടുള്ള ഈ പ്രഛണ്ഡമായ പ്രചാരവേലകൾക്ക് ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ് പ്രതിരോധത്തിന്റെ പുതിയ രൂപങ്ങൾ ഉയർത്തി മറുപടി നൽകിയത്. ലോകത്തിൽ വർഗസംഘർഷത്തിന്റെ കാലം അവസാനിച്ചിട്ടില്ലെന്ന് മുതലാളിത്തവാഴ്ചയുടെ ഏകധ്രുവലോകക്രമത്തെ വെല്ലുവിളിച്ചുകൊണ്ട് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഇടതുപക്ഷവിമേചനപ്രസ്ഥാനങ്ങൾ പുതിയ ബദലുകൾ ഉയർത്തിക്കൊണ്ട് ലോകജനതയ്ക്ക് ആവേശം പകർന്നു. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയ്ക്ക് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ അധികാരത്തിൽവന്ന ഇടതുപക്ഷ ലിബറൽ ഭരണകൂടങ്ങൾ 21-ാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് മാതൃകയുടെ പുതിയ ബദലുകൾ വളർത്തിക്കൊണ്ടുവരികയായിരുന്നു. സി.പി.ഐ(എം) ന്റെ 20-ാം പാർടി കോൺഗ്രസ് അംഗീകരിച്ച പ്രത്യയശാസ്ത്രരേഖ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഇടതുപക്ഷ ബദലുകൾ ഉയർത്തുന്ന സർക്കാറുകളെ ഇളം ചുവപ്പ് നിറത്തിലുള്ള സോഷ്യലിസ്റ്റ് ശക്തികളായിട്ടാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
2008-ൽ ആരംഭിച്ച ആഗോള സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ച പ്രഹരങ്ങളെയും മാന്ദ്യത്തെയും അതിജീവിച്ചുകൊണ്ട് സോഷ്യലിസ്റ്റ് ചൈന ലോകത്തിലെ മുൻനിര സാമ്പത്തികശക്തിയായി വളരുകയാണ്. മുതലാളിത്ത സമ്പദ്ഘടനകളെല്ലാം 2008-ൽ ആരംഭിച്ച പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനാവാത്ത പതനഗതിയിലാണ് ഇന്നും തുടരുന്നത്. എന്നാൽ മുതലാളിത്തത്തിന്റെ ജന്മസിദ്ധമായ കുഴപ്പങ്ങളില്ലാത്ത ചൈനയുടെ സോഷ്യലിസ്റ്റ് സമ്പദ്ഘടന അമേരിക്കയെയും മറികടന്ന് വളർച്ചാനിരക്കിന്റെ കാര്യത്തിൽ സ്ഥിരതനിലനിർത്തുകയാണെന്നാണ് ആഗോളഏജൻസികളുടെ പഠനങ്ങളെല്ലാം സൂചിപ്പിക്കുന്നത്. ലോകത്തിലേറ്റവും വലിയ സമ്പദ്ഘടനയെന്ന അമേരിക്കയുടെ സ്ഥാനത്തെ വെല്ലുവിളിച്ചുകൊണ്ട് ഐ.ടി രംഗത്തും ഇലക്ട്രോണിക് വ്യവസായരംഗത്തും ഓട്ടോമൊബൈൽ വ്യവസായരംഗത്തും വൻ കുതിച്ചുകയറ്റമാണ് ചൈന കൈവരിച്ചിരിക്കുന്നത്.
ഐ.എം.എഫ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ചൈനയുടെ ആഗോള സാമ്പത്തിക വളർച്ചാനിരക്ക് ഉയരുകയാണെന്നത് അനിഷേധ്യമായൊരു വസ്തുതയാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ചൈനീസ് വിമർശകരായിരുന്ന ഡേവിഡ് ഹാർവിയെപോലുള്ള സാമ്പത്തികശാസ്ത്രജ്ഞർപോലും ഇന്ന് ചൈനീസ് സോഷ്യലിസ്റ്റ് സർക്കാർ വളർച്ചയുടെ ഗുണനിലവാരം ഉയർത്തുന്നതിലും സമ്പദ്ഘടനയുടെ പുനഃസംഘടനയിലും കേന്ദ്രീകരിച്ചിരിക്കുകയാണെന്ന വസ്തുത അംഗീകരിക്കുന്നു. മുതലാളിത്ത ലോകത്തെ സമ്പദ്ഘടനകളുടെ മാന്ദ്യം തുടരുകയും വീണ്ടെടുപ്പ് ദുർബലമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചൈനയുടെ മുന്നേറ്റമെന്ന് കാണേണ്ടതുണ്ട്. മുതലാളിത്ത സമ്പദ്ഘടനകളെ അപേക്ഷിച്ച് ജനകീയചൈനയുടെ സമ്പദ്ഘടന കൈവരിക്കുന്ന ഈ നേട്ടം മുതലാളിത്തത്തിന് ബദൽ സോഷ്യലിസമാണെന്ന മാർക്‌സിസ്റ്റ് കാഴ്ചപ്പാടുകൾക്ക് ബലം പകരുന്നതാണ്.
ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ പാർടി കോൺഗ്രസുകൾ തുടർച്ചയായി അവരുടെ രാഷ്ട്രീയ പ്രമേയങ്ങളിൽ വിഭാവനം ചെയ്യുന്നത് പൊതുഉടമസ്ഥത മുഖ്യധാരയായിട്ടുള്ള സമ്പദ്‌വ്യവസ്ഥയെ ഉയർത്തിപ്പിടിക്കുമെന്നാണ്. അതോടൊപ്പം തന്നെ വ്യത്യസ്ത ഉടമസ്ഥതയിലുള്ള സാമ്പത്തികസ്ഥാപനങ്ങൾ വികസിപ്പിക്കുകയും ചെയ്യണമെന്ന് ചൈനീസ് കമ്യൂണിസ്റ്റ്പാർടി കാണുന്നു. 2020 ഓടെ മിതമായ അഭിവൃദ്ധി പ്രാപിച്ച രാജ്യമായി ചൈനയെ പരിവർത്തനപ്പെടുത്തുന്നതിലുള്ള നടപടികളാണ് ചൈനീസ് സർക്കാർ സ്വീകരിച്ചത്. വ്യവസായിക ഉൽപാദനവും കയറ്റുമതിയും ഒരേപോലെ വർദ്ധിപ്പിച്ച് ചൈനീസ് സവിശേഷതകൾക്കനുസരിച്ച് സോഷ്യലിസം കെട്ടിപ്പടുന്നുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർടിയും ഭരണകൂടവും വ്യാപൃതരായിരിക്കുന്നത്.
ചൈനയുടെ പരിഷ്‌ക്കരണനടപടികളിൽ സംഭവിക്കാനിടയുള്ള പാളിച്ചകളെക്കുറിച്ചും പാർടി പ്രത്യയശാസ്ത്രപരമായ ജാഗ്രത പുലർത്തുന്നുണ്ടെന്നാണ് പാർടി കോൺഗ്രസ് രേഖകളെല്ലാം സൂചിപ്പിക്കുന്നത്. വടക്കൻ കൊറിയയും വിയറ്റ്‌നാമും ലാവോസും ചൈനയും ക്യൂബയും നിരവധി ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ സർക്കാറുകളും മുതലാളിത്തത്തിന്റെ നിയോലിബറൽ നയങ്ങൾക്കെതിരായ സോഷ്യലിസ്റ്റ് ബദലിന്റെ പാതയിലൂടെ മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്.
മുതലാളിത്തത്തിന്റെ വിജയാഹ്ളാദം അവസാനിക്കുന്നു
സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും പതനത്തിനുശേഷമുള്ള മുതലാളിത്തത്തിന്റെ വിജയാഹ്ലാദം അവസാനിച്ചുകഴിഞ്ഞിരിക്കുന്നു. നവലിബറൽ നയങ്ങൾക്ക് ഒരു ബദൽ മാർഗം ഉണ്ടെന്നാണ് ലാറ്റിനമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ കാണിച്ചുതന്നിരിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയുടെ ദൗർബല്യം അതിൽ അന്തർലീനമായിരിക്കുന്ന വൈരുദ്ധ്യങ്ങളുടെ അനിവാര്യഫലമാണ്. അപരിഹാര്യമായി തുടരുന്ന മുതലാളിത്ത സാമ്പത്തികപ്രതിസന്ധിയും മാന്ദ്യവും ആ വ്യവസ്ഥയുടെ പരാജയത്തെയാണ് ആവർത്തിച്ച് വ്യക്തമാക്കുന്നത്. മുതലാളിത്തത്തിന്റെ പ്രതിസന്ധി വ്യവസ്ഥാപരമായതുകൊണ്ടുതന്നെ അതിനെ മാറ്റിത്തീർക്കുന്ന സാമൂഹ്യവിപ്ലവത്തിന് മാത്രമെ മുതലാളിത്തം സൃഷ്ടിച്ച മനുഷ്യദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയൂ. മുതലാളിത്തത്തിന് ബദൽ സോഷ്യലിസ്റ്റ് വ്യവസ്ഥമാത്രമാണ്.
സോഷ്യലിസ്റ്റ് ബദൽ വളർത്തിക്കൊണ്ടുവന്നാൽ മാത്രമെ ലോകമെമ്പാടുമുള്ള ജനസമൂഹങ്ങളുടെ ദുരിതങ്ങൾക്ക് അറുതിയുണ്ടാക്കാൻ കഴിയൂ എന്നാണ് വർത്തമാന ലോക സംഭവഗതികൾ അടിവരയിട്ട് വ്യക്തമാക്കുന്നത്. സോഷ്യലിസ്റ്റ് ബദലിന്റെ അഭാവത്തിൽ നിയോലിബറലിസം സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി തീവ്രവലതുപക്ഷ ശക്തികൾ മുൻകൈനേടാനുള്ള സാധ്യതയും വർത്തമാന സംഭവഗതികൾ ഒരു താക്കീത് പോലെ നമ്മുടെ മുമ്പിലുണ്ട്.
ഏകധ്രുവലോകത്തെക്കുറിച്ചുള്ള അമേരിക്കയുടെ എല്ലാ സ്വപ്നങ്ങളും തകർന്നുവീണിരിക്കുകയാണ്. ഇന്നത്തെ ലോകസാഹചര്യം സാമ്രാജ്യത്വ നിയോലിബറൽ ശക്തികൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കുന്ന സോഷ്യലിസ്റ്റ് ശക്തികളുടെ വളർച്ചയുടേതാണെന്നാണ് ലാറ്റിനമേരിക്കയും ജനകീയചൈനയും വടക്കൻ കൊറിയയും വിയറ്റ്‌നാമും ലാവോസും ക്യൂബയും അടയാളപ്പെടുത്തുന്നത്. അതോടൊപ്പം തന്നെ അമേരിക്കയുടെ ഏകലോകക്രമം സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങളെ പ്രതിരോധിക്കുന്നതിന് സഹായകരമാകുന്ന മേഖലാപരമായ രാഷ്ട്രകൂട്ടായ്മകളും വളർന്നുവരുന്നതാണ് നാം കാണുന്നത്. ചൈനയും റഷ്യയും ഇന്ത്യയും ചേർന്നുകൊണ്ടുള്ള ഷാങ്ഹായ് കോർപ്പറേഷനും ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീരാജ്യങ്ങൾ ഉൾക്കൊള്ളുന്ന ബ്രിക്‌സ്, ലാറ്റിനമേരിക്കൻ രാജ്യങ്ങളും മധ്യപൂർവദേശത്തെ എണ്ണരാജ്യങ്ങളും ഉൾക്കൊള്ളുന്ന പെട്രോകരീബിയ, വെനിസ്വലയുടെ മുൻകൈയിൽ ഇറാന്റെ സഹകരണത്തോടെ രൂപം കൊണ്ട ബാങ്ക് ഓഫ് സൗത്ത് തുടങ്ങിയ കൂട്ടായ്മകളും സ്ഥാപനങ്ങളും അമേരിക്കയുടെ ഏകലോകക്രമത്തിനെതിരായ രാജ്യാന്തര പ്രതിരോധ സംരംഭങ്ങളാണ്. ഇതൊക്കെതന്നെയാണ് അമേരിക്കയെയും അതിന്റെ അധിനായകനായ ട്രംപിനെയും പരിഭ്രാന്തപ്പെടുത്തുന്നത്. 150 ഓളം രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ചൈനയുടെ ബെൽട്ട് ആന്റ് റോഡ് ഇനിഷേ്യറ്റീവ് അമേരിക്കയുടെ വാണിജ്യാധിപത്യത്തെയും സാമ്പത്തിക അധീശത്വത്തെയും അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കുന്നതാണ്.
ഐ.എം.എഫിനും ലോകബാങ്കിനും ബദലായി ബ്രിക്‌സ് രാജ്യങ്ങളുടെ മുൻകൈയിൽ ബ്രിക്‌സ് ബാങ്ക് രൂപീകരണം 2014-ലെ ശ്രദ്ധേയമായ നീക്കമായിരുന്നു. ദക്ഷിണാഫ്രിക്കയിലും ഏറ്റവുമൊടുവിൽ റഷ്യയിലെ കാസിനിലും ചേർന്ന ബ്രിക്‌സിന്റെ സമ്മേളനം ലോകവാണിജ്യത്തിന്റെ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താനുള്ള നടപടികളെക്കുറിച്ചാണ് ആലോചിച്ചത്. ഡോളറിന്റെ ഹെജിമണി എല്ലാ മേഖലകളിലും വെല്ലുവിളിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ന്യൂ ഡവലപ്പ്‌മെന്റ് ബാങ്ക് രൂപീകരിക്കലും താല്കാലിക കരുതൽശേഖരണം സ്ഥാപിക്കലും ബ്രിക്‌സ് രാജ്യങ്ങളുടെ മുൻകൈയിൽ ആരംഭിച്ചിരുന്നതാണ്.
ഇത് ഐ.എം.എഫിനും ലോകബാങ്കിനുമുള്ള മേധാവിത്തത്തിനെതിരായ പ്രതികരണമായിരിക്കുമ്പോൾ തന്നെ ഇതിലംഗമായിട്ടുള്ള ചൈന ഒഴികെയുള്ള രാജ്യങ്ങളിലെ ഭരണവർഗങ്ങൾക്ക് സാമ്രാജ്യത്വ മൂലധനവുമായുള്ള ബന്ധം ബ്രിക്‌സ് ബാങ്കിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്ന ആശങ്കയും അന്നുതന്നെ ഉയർന്നുവന്നതാണ്. ഇടതുപക്ഷ മുന്നേറ്റങ്ങൾക്ക് കരുത്തും പ്രത്യാശയും നൽകുന്ന സംഭവഗതികളിലൂടെയാണ് ലോകം ഇന്ന് കടന്ന് പോയ്‌കൊണ്ടിരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ പതനത്തോടെ ചരിത്രം അവസാനിച്ചു എന്ന് ആർത്തട്ടഹസിച്ചിരുന്ന വലതുപക്ഷ ശക്തികൾക്കും നിയോലിബറൽ നയങ്ങൾക്കും എതിരായ വലിയ ജനകീയ മുന്നേറ്റങ്ങൾ ലോകമെമ്പാടും അലയടിച്ചുയരുകയും സോഷ്യലിസ്റ്റ് ബദലിന്റെ പുതിയ പ്രയോഗങ്ങൾ വികസിച്ചുവരികയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. താൽകാലികമായ തിരിച്ചടികളിൽ നിന്ന് പാഠം പഠിച്ചുകൊണ്ട് അതിന് കാരണമായ രാഷ്ട്രീയവും സംഘടനാപരവുമായ തെറ്റുകൾ തിരുത്തി തൊഴിലാളിവർഗം പുതിയൊരു ലോകത്തിനുവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തി മുന്നോട്ടുപോകണം. ഇടതുപക്ഷത്തിന് ഏൽക്കുന്ന തിരിച്ചടികൾ സോഷ്യലിസത്തിന്റെയും മാർക്‌സിസത്തിന്റെയും പ്രസക്തി ഇല്ലാതാക്കുകയല്ല പ്രയോഗത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. കേരളം പോലെ ചരിത്രപരമായി ഇടതുപക്ഷ സ്വാധീനമുള്ള ഒരു സമൂഹവും ജനതയും ആഗോളവൽക്കരണത്തിനെതിരായ ബദൽമാതൃക നിർമ്മിച്ചുകൊണ്ട് അതിജീവനത്തിന്റെ വഴികൾ വെട്ടിത്തുറക്കുകയാണ്.
ഇടതുപക്ഷം ജനങ്ങളുടെ ജീവിതാനുഭവവും അതിജീവനസാധ്യതയുമാണ്
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കമ്യൂണിസവും സ്ഥിതിസമത്വ ആദർശങ്ങളും ഇടതുപക്ഷപ്രസ്ഥാനവും അവരുടെ ജീവിതത്തിലും സാഹചര്യങ്ങളിലും ഉണ്ടാക്കിയ മാറ്റങ്ങളും അനുഭവങ്ങളും വളരെ വലുതാണ്. അതിനവരെ സഹായിച്ചത് നവോത്ഥാന മുന്നേറ്റങ്ങളും കർഷക-തൊഴിലാളി പ്രസ്ഥാനങ്ങളും രണോത്സുകമായ സമരാനുഭവങ്ങളുമാണ്. ചുരുക്കിപ്പറഞ്ഞാൽ ബഹുജനസംഘടനകളിലൂടെയും വർഗസമരാനുഭവങ്ങളിലൂടെയും മലയാളി ആർജ്ജിച്ച അറിവും ബോധവും സമത്വാധിഷ്ഠിതവും സാമൂഹ്യനീതി ലക്ഷ്യംവെക്കുന്നതുമായ ഒരു വികസനപാതയെക്കുറിച്ചുള്ള ആശയരൂപീകരണത്തിന് നിർണായകമായ പങ്ക് വഹിച്ചു.
ഐക്യകേരളം ജന്മമെടുക്കുന്ന ഘട്ടത്തിൽ കേരളം ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും പലതുകൊണ്ടും വളരെ പിന്നോക്കം കിടക്കുന്ന പ്രദേശമായിരുന്നല്ലോ. ആ ഒരു സാഹചര്യത്തിൽ നിന്ന് ആധുനികവും വികസിതവുമായ ഒരു സമൂഹമാക്കി കേരളജനതയെ പരിവർത്തനപ്പെടുത്തുന്നതിൽ മഹത്തായ പങ്കാണ് കമ്യൂണിസ്റ്റ് പാർടിയും ഇടതുപക്ഷപ്രസ്ഥാനങ്ങളും വഹിച്ചിട്ടുള്ളത്. മനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലത്തെക്കുറിച്ചുള്ള മാവേലിയുടേതടക്കമുള്ള ഐതിഹ്യകഥകളും മിത്തുകളും മലയാളിയുടെ ചരിത്രഭാവനകളെയും സമൂഹ്യആശയങ്ങളെയും രൂപപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തിയിരിക്കാം.
അയ്യാവൈകുണ്ഠൻ സമതാസമാജം എന്ന സംഘടനയ്ക്ക് രൂപം കൊടുത്തുകൊണ്ട് മനുഷ്യർക്കിടയിലെ ഉച്ചനീചത്വങ്ങളെ എല്ലാ തലങ്ങളിലും ചോദ്യം ചെയ്തു. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയിലൂടെ ദേവചിന്തകൾക്കെല്ലാം അപ്പുറത്ത് മനുഷ്യർ നന്നായി കഴിയുന്ന മാതൃകാ സ്ഥാനത്തെക്കുറിച്ചാണ് ശ്രീനാരായണഗുരു ഉദ്‌ബോധനം നടത്തിയത്. സമ്പത്തും വിളകളും ഉൽപാദിപ്പിക്കുന്നവരെ ശുദ്ധാശുദ്ധങ്ങളുടെ പേരിൽ അകറ്റിനിർത്തുന്ന ജാതിജന്മിത്വത്തിനെതിരെ പണിമുടക്ക് പ്രഖ്യാപിച്ചുകൊണ്ടാണ് സാമൂഹ്യഉച്ചനീചത്വങ്ങൾക്കെതിരെ അയ്യൻങ്കാളി പടയൊരുക്കിയത്. അശ്ലീലകരവും അസംബന്ധപൂർണവുമായ യജ്ഞസംസ്‌കാരത്തിനെതിരെ വേദാധികാര നിരൂപണം നടത്തിക്കൊണ്ടാണ് ചട്ടമ്പിസ്വാമികൾ വൈദികമതാധികാരത്തെ ചോദ്യം ചെയ്തത്. നവോത്ഥാനത്തിന്റെയും ദേശീയസ്വാതന്ത്ര്യസമരത്തിന്റെയും തുടർച്ചയിൽ അസംഘടിതരും അശരണരുമായ കർഷകരെയും തൊഴിലാളികളെയും സംഘടിതരാക്കി വ്യവസ്ഥയുടെ അനീതിക്കും ചൂഷണത്തിനുമെതിരെ പടയോട്ടങ്ങൾ സംഘടിപ്പിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർടിയും ഇടതുപക്ഷ പ്രസ്ഥാനവും മലയാളിമനസ്സുകളെ കീഴടക്കിയത്.
ദീനരും ദുർബലരും അടിച്ചമർത്തപ്പെട്ടവരുമായ വർഗങ്ങളുടെയും സാമൂഹ്യവിഭാഗങ്ങളുടെയും സ്വതന്ത്രരാഷ്ട്രീയ പ്രസ്ഥാനമെന്ന നിലക്കാണ് കേരളത്തിൽ ഇടതുപക്ഷം വളർന്ന് കരുത്ത് നേടുന്നത്. സംസ്ഥാനരൂപീകരണത്തിനുശേഷം ആദ്യനിയമസഭയിൽ തന്നെ സഖാവ് ഇ.എം.എസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർടി സർക്കാരുണ്ടാക്കി. ഭൂപരിഷ്‌കരണം, സാർവ്വത്രിക വിദ്യാഭ്യാസം, അധികാര വികേന്ദ്രീകരണം തുടങ്ങിയ ഭരണനടപടികളിലൂടെ മലയാളിയുടെ സാമൂഹ്യപുരോഗതിക്ക് തടസ്സം നിന്ന ഭൗതിക ബന്ധങ്ങളെയും ഫ്യൂഡൽ സാംസ്‌കാരിക അധീശത്വത്തെയും അതിശക്തമായിതന്നെ ഇ.എം.എസ് ഗവൺമെന്റ് ചോദ്യം ചെയ്തു. മതനിരപേക്ഷവും എല്ലാവരുടേയും ക്ഷേമം ഉറപ്പുവരുത്തുന്നതുമായ സമീപനവും വികസനനയവുമാണ് ഇ.എം.എസ് ഗവൺമെന്റ് മുറുകെപിടിച്ചത്. ജീവിതഗുണനിലവാര സൂചികയിൽ വികസിതരാജ്യങ്ങൾക്കൊപ്പമെത്താൻ കേരളത്തെ പ്രാപ്തമാക്കിയത് ഭൂപരിഷ്‌കരണവും അധികാരവികേന്ദ്രീകരണവും സാക്ഷരതാപ്രസ്ഥാനവുമാണെന്ന കാര്യം സംശയമില്ല.
ഇടതുപക്ഷത്തിന്റെ ധീരമായ ഇടപെടലുകളാണ് ഇന്ത്യയുടെയും മറ്റ് മൂന്നാംലോകരാജ്യങ്ങളിലെയും ഒട്ടുമിക്ക പ്രദേശങ്ങളെയും അപേക്ഷിച്ച് കേരളത്തിലെ ജനങ്ങൾക്ക് ഉയർന്ന ജീവിതനിലവാരവും സാമൂഹ്യഅന്തസ്സും നേടിയെടുക്കാൻ സാഹചര്യം ഒരുക്കിയത്. ശിശുമരണനിരക്കിലെ ദേശീയ ശരാശരി 66 ആണെങ്കിൽ കേരളത്തിൽ അത് 13 മാത്രമാണ്. മാതൃമരണനിരക്കിന്റെ കാര്യത്തിൽ ദേശീയ ശരാശരി 407 ആണെങ്കിൽ കേരളത്തിൽ 198 ആണ്. ശരാശരി ആയുർദൈർഘ്യം ദേശീയതലത്തിൽ 66 വയസ്സാണെങ്കിൽ കേരളത്തിൽ അത് 76 ആണ്. സ്ത്രീ സാക്ഷരതയിലും സാർവ്വത്രിക സാക്ഷരതയിലും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്നിലാണ്. ഈ നേട്ടങ്ങളെല്ലാം കരഗതമാക്കാൻ കേരളത്തെ സഹായിച്ചത് 1957 മുതൽ ഇടതുപക്ഷ കമ്യൂണിസ്റ്റ് സർക്കാരുകൾ നടപ്പാക്കിയ ഭൂപരിഷ്‌കരണ-സാർവ്വത്രിക വിദ്യാഭ്യാസ നിയമങ്ങളാണ്, സാമൂഹ്യക്ഷേമ പദ്ധതികളാണ്.
കമ്പോളോന്മുഖമായ നവലിബറൽ നയങ്ങൾ കേരളവികസന മാതൃകയെ കുഴിച്ചുമൂടുമ്പോൾ, കേരള വികസന മാതൃകയെ നിർണയിച്ചത് മാനവികതയിലൂന്നുന്ന വികസനസമീപനമാണെന്ന കാര്യം പുരോഗമനശക്തികൾ പൊതുസമൂഹത്തെ ആവർത്തിച്ച് ഓർമ്മപ്പെടുത്തേണ്ടതുണ്ട്. കേരളവികസനമാതൃകയുടെ ആന്തരികമായ ദൗർബല്യങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം സാമ്പത്തിക വളർച്ചയെയും വികസനത്തെയും സംബന്ധിച്ച നിയോലിബറൽ നയങ്ങളെ ശക്തമായി തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. വികസനമെന്നത് കേവലമായ സാമ്പത്തിക വളർച്ചയല്ലെന്നും മാനവിക വികാസമാണെന്നുമുള്ള കാര്യം അടിവരയിട്ടുകൊണ്ടാണ് കേരളം അതിന്റെ ബദൽ നയങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ബഹുഭൂരിപക്ഷത്തിന്റെ ജീവിതാവകാശങ്ങളും സ്വാതന്ത്ര്യവും പരിസ്ഥിതിസംരക്ഷണവുമാണ് കേരളവികസനത്തിന്റെ അടിസ്ഥാനമായി വർത്തിക്കുന്നത്. l



