
1980 മുതൽ തുടർച്ചയായി ഒമ്പതു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബസുദേവ് ആചാര്യ ഒട്ടനവധി ജനകീയപ്രശ്‌നങ്ങളാണ് പാർലമെന്റിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ എ കെ ജിയാണ് മാർഗദർശിയെന്ന് ബസുദേവ് ആചാര്യ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. 2004 മുതൽ പത്തുവർഷക്കാലം ആചാര്യയായിരുന്നു സിപിഐ എമ്മിന്റെ ലോക്‌സഭയിലെ നേതാവ്. തൊഴിലാളിവർഗത്തിന് എതിരായ എന്തെങ്കിലും നീക്കം പാർലമെന്റിലുണ്ടായാൽ അതിനെ അടിമുടി എതിർക്കുന്നവരുടെ മുൻനിരയിൽ ആചാര്യ ഉണ്ടായിരുന്നു. ആചാര്യയുടെ ഈ സമീപനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് പേറ്റന്റ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ലോക്‌സഭയിലുണ്ടായ സംഭവഗതികൾ തന്നെ ഇതിനുദാഹരണമാണ്.
പേറ്റന്റ് ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകൾ തൊഴിെലാളികളുടെയും ബഹുജനങ്ങളുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് സിപിഐ എം നിരീക്ഷിച്ചു. ഒന്നാം യുപിഎ ഗവൺമെന്റിന് ഇടതുപക്ഷ പാർട്ടികൾ പുറത്തുനിന്ന് പിന്തുണ നൽകുകയായിരുന്നല്ലോ. പാർട്ടിയുടെ അഭിപ്രായം മന്ത്രിയെ ബസുദേവ് ആചാര്യ അറിയിക്കുകയും ചെയ്‌തു. വിയോജിപ്പുള്ള കാര്യങ്ങൾ ചർച്ചചെയ്‌ത് പരിഹരിക്കാമെന്ന് അന്നത്തെ വാണിജ്യമന്ത്രി കമൽനാഥ് ഉറപ്പ് നൽകുകയും ചെയ്‌തു. എന്നാൽ ബിൽ അവതരിപ്പിച്ചപ്പോൾ ആചാര്യ നിർദേശിച്ച ഭേദഗതികളൊന്നും വന്നില്ല. സർക്കാരിന്റെ സമീപനത്തെ ആചാര്യ തുറന്നുകാട്ടി. ബില്ല് പാസാക്കാൻ ശബ്ദവോട്ട് പോരാ വകുപ്പു തിരിച്ച് വോട്ടെടുപ്പുതന്നെ വേണമെന്ന് അദ്ദേഹം ശഠിച്ചു. അതോടെ സർക്കാരിന് നിൽക്കക്കള്ളിയില്ലാതായി. അപകടം മണത്ത കമൽനാഥ് ബിൽ പരിഗണിക്കുന്നത് തൊട്ടടുത്ത ദിവസത്തേക്ക് മാറ്റാമെന്ന് നിർദേശിച്ചു. തൊട്ടടുത്ത ദിവസം ഇടതുപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം അംഗീകരിക്കാൻ ഗവൺമെന്റ് നിർബന്ധിതമായി.
സൗമ്യമായ പെരുമാറ്റംകൊണ്ട് എല്ലാവരെയും ആകർഷിച്ച ആചര്യ നിലപാടുകളിൽ കടുകിട മാറാത്ത കർക്കശക്കാരനായിരുന്നു. നിരവധി പാർലമെന്ററി കമ്മിറ്റികളിൽ അംഗമായും ചെയർമാനായും പ്രവർത്തിച്ച അദ്ദേഹം ഭരണരംഗത്ത് നിരവധി സംഭാവനകൾ ചെയ്‌തിട്ടുണ്ട്. ആചാര്യ അധ്യക്ഷനായ കമ്മിറ്റികളുടെ ശുപാർശകൾ മിക്കതും ഗവൺമെന്റുകൾ സ്വീകരിക്കുകയും അവയിലെ നിർദേശങ്ങൾ നടപ്പാക്കുകയും ചെയ്‌തിട്ടുണ്ട്. പബ്ലിക് അഷ്വറൻസ് കമ്മിറ്റി, റെയിൽവേ സബ്‌കമ്മിറ്റി, പെറ്റീഷൻ കമ്മിറ്റി, കാർഷികസമിതി എന്നിവയുടെ ചെയർമാനായിരുന്നു അദ്ദേഹം വിവിധ കാലയളവുകളിൽ.
പുരുലിയ ജില്ലയിലെ രഘുനാഥ്‌പൂർ ബ്ലോക്കിലെ ബെറോ ഗ്രാമത്തിൽ 1942 ജൂലൈ 11ന് ആണ് ബസുദേവ് ആചാര്യ ജനിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് ബംഗാളിലേക്ക് കുടിയേറിയ ബ്രാഹ്മണ കുടുംബമായിരുന്നു ആചാര്യയുടേത്. 1965ൽ അദ്ദേഹം പഞ്ചൻകോട്ട് രാജാ സ്‌കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അധ്യാപകസംഘടനയിൽ ആകൃഷ്‌ടനായ അദ്ദേഹം അതിന്റെ സജീവ പ്രവർത്തകനായി. റെയിൽവേ തൊഴിലാളികളെ സംഘടിപ്പിക്കാനും അദ്ദേഹം മുൻനിന്നു പ്രവർത്തിച്ചു. 1965ലെ അധ്യാപകസമരത്തെ മർദന നടപടികളിലൂടെ പരാജയപ്പെടുത്താനാണ് സർക്കാർ ശ്രമിച്ചത്. അതിന്റെ ഭാഗമായി നേതാക്കളെ അറസ്റ്റ് ചെയ്‌ത് ജയിലിലാക്കി. ആചാര്യയും അറസ്റ്റ് ചെയ്യപ്പെട്ടു.
1974ൽ റെയിൽവേ തൊഴിലാളികൾ ഉജ്വലമായ പണിമുടക്കു സമരമാണ് നടത്തിയത്. ആ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ ബസുദേവ് ആചാര്യ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ അറസ്‌റ്റോ ജയിൽവാസമോ ഒന്നും ആചാര്യയുടെ പോരാട്ടവീറിനെ തെല്ലും ബാധിച്ചില്ല. 1975ൽ ആചാര്യ രാജലക്ഷ്‌മിയെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് ഒരു മകനും രണ്ട് പെൺമക്കളുമാണുള്ളത്.
1980ൽ പുരുളിയ പാർലമെന്റ് മണ്ഡലത്തിൽ ആചാര്യ ഇടതുമുന്നണിയുടെ സ്ഥാനാർഥിയായത് ആകസ്‌മികമായാണ്. വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെന്റിൽ ആദ്യംമുതലേ ശ്രദ്ധിക്കപ്പെട്ടു. ജനകീയപ്രശ്‌നങ്ങളിലും വികസനപ്രശ്‌നങ്ങളിലും പാർലമെന്റിലും പുറത്തും സജീവമായി അദ്ദേഹം ഇടപെട്ടു.
1984ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സഹതാപതരംഗത്തിൽ പശ്ചിമബംഗാളിലെ പല മണ്ഡലങ്ങളും ഇടതുപക്ഷത്തിനു നഷ്ടപ്പെട്ടു. എന്നാൽ അന്നും ബസുദേവ് ആചാര്യ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ ആവശ്യങ്ങളുമായി അദ്ദേഹത്തെ സമീപിക്കുന്ന ബഹുജനങ്ങളെയൊക്കെ എംപി എന്ന നിലയിൽ അദ്ദേഹം സഹായിച്ചു. മന്ത്രിമാരെ കാണേണ്ട ആവശ്യമാണെങ്കിൽ അവരെയും കൂട്ടിക്കൊണ്ട് മന്ത്രിമാരെ കാണാനും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനും അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ എംപി ക്വാർട്ടേഴ്‌സിൽ രാഷ്‌ട്രീയ പാർട്ടിക്കാർ ഉൾപ്പെടെയുള്ള പാവപ്പെട്ടവർക്ക് താമസിക്കാൻ അവസരം നൽകിയിരുന്നു; ആശുപത്രിയിലും മറ്റും ചികിത്സയ്‌ക്ക് പോകാൻ അവസരം നൽകിയിരുന്നു. തികഞ്ഞ ഒരു മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം എന്നതിന് ഉദാഹരണമാണിത്.
1981ൽ ആചാര്യ സിപിഐ എം പുരുളിയ ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1985ൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി. 2005ൽ ന്യൂഡൽഹിയിൽ നടന്ന 18‐ാം പാർട്ടി കോൺഗ്രസിൽ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
പശ്ചിമബംഗാൾ റെയിൽവേ കോൺട്രാക്ടേഴ്‌സ് ലേബർ യൂണിയൻ, ഡിവിസി കോൺട്രാക്ട് വർക്കേഴ്‌സ് യൂണിയൻ, എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ, തിക്കാദർ ശ്രമിക് യൂണിയൻ, ദാമോദർ സിമന്റ്‌സ് ആൻഡ് സ്ലാഗ് വർക്കേഴ്‌സ് യൂണിയൻ എന്നിവയുടെ പ്രസിഡന്റായി ആചാര്യ പ്രവർത്തിച്ചു. സിഐടിയു പുരുളിയ ജില്ലാ പ്രസിഡന്റ്, സംസ്ഥാന മാനേജിങ് കമ്മിറ്റി അംഗം, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.
2018ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികളെ നാമനിർദേശപത്രിക സമർപ്പിക്കാൻപോലും അനുവദിക്കില്ലെന്ന നിലപാടാണ് തൃണമൂൽ കോൺഗ്രസ് എടുത്തത്. തൃണമൂൽ പ്രവർത്തകർ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടപ്പോൾ പൊലീസ് അക്രമികളെ സഹായിക്കുകയായിരുന്നു.
അതിൽ പ്രതിഷേധിച്ച് കാശിപ്പൂരിലെ ബിഡിഒ ഓഫീസിൽ നാമനിർദേശപത്രിക സമർപ്പിക്കാൻ സ്ഥാനാർഥികളുമായി ഒരു ജാഥ ബസുദേവ് ആചാര്യയുടെ നേതൃത്വത്തിൽ നടന്നു. തൃണമൂൽ ഗുണ്ടകൾ ജാഥയ്‌ക്കുനേരെ ആക്രമണം അഴിച്ചുവിട്ടു. അദ്ദേഹത്തിന് സാരമായി പരിക്കേറ്റു.
2018‐22 കാലത്ത് ബസുദേവ് ആചാര്യ സിപിഐ എമ്മിന്റെ അച്ചടക്കസമിതിയായ കേന്ദ്ര കൺട്രോൾ കമീഷന്റെ അധ്യക്ഷനായി പ്രവർത്തിച്ചു.
2022 വരെ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 2023 നവംബർ 13ന് ബസുദേവ് ആചാര്യ അന്ത്യശ്വാസം വലിച്ചു. l



