ജിഹാദ് ഒരു അറബി പദപ്രയോഗമാണ്. ജാഹദ എന്ന അറബി പദത്തിൽ നിന്നും ഉത്ഭവിച്ചതാണ് ജിഹാദ് എന്നാണ് വിക്കിപീഡിയ പറയുന്നത്. പരിപൂർണ്ണതയിലെത്താനുള്ള പരിശ്രമങ്ങൾ, പാരമ്പര്യത്തിൽ എത്തൽ, ലക്ഷ്യത്തിലെത്താനുള്ള പരിശ്രമം, അതികഠിനമായ പരിശ്രമം, ജാഗ്രത്താവൽ, ഉറക്കമൊഴിക്കൽ, ബുദ്ധിമുട്ടി തളരൽ, അമിതഭാരം വഹിക്കൽ, രോഗംകൊണ്ട് ക്ഷീണിക്കൽ, രോഗിയാവാനിഷ്ടപ്പെടൽ, മെലിയൽ, തുടങ്ങി, യുദ്ധം, വിശ്രമമില്ലാതെ യുദ്ധം ചെയ്യൽ എന്നിങ്ങനെയൊക്കെയുള്ള അർത്ഥങ്ങളാണ് വിക്കിപീഡിയ ജിഹാദിന് നൽകിയിരിക്കുന്നത്.
സുപ്രസിദ്ധ ഭാഷാപണ്ഡിതനായ ഇബ്ൻ മൻസൂർ തന്റെ “ലിസാനുൽ അറബ്’ എന്ന പുസ്തകത്തിൽ പറയുന്നത് “ജിഹാദ് എന്നാൽ യുദ്ധമാണ്. മക്കാ വിജയത്തിന് ശേഷം പലായനം ഇല്ല. ഉദ്ദേശ്യവും ജിഹാദും മാത്രമേയുള്ളൂ മാത്രമേയുള്ളൂ എന്നൊരു ഹദീസ് ഉണ്ട്. വാചികവും കാർമ്മികവുമായ എല്ലാ ശക്തിയും പ്രയോഗിച്ച് ശത്രുവിനെതിരെയുള്ള യുദ്ധമാണ് ജിഹാദ്’ എന്നാണ്.
ഇതിൽ ശത്രുവിനെതിരായ യുദ്ധം എന്ന അർത്ഥത്തിലാണ് വിദ്വേഷ പ്രാസംഗികരൊക്കെ ജിഹാദ് എന്ന പദം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ലൗ ജിഹാദും ലാൻഡ് ജിഹാദും പോപ്പുലേഷൻ ജിഹാദും സമാധി ജിഹാദും തുപ്പൽ ജിഹാദും വിദ്യാഭ്യാസ ജിഹാദും മയക്കുമരുന്ന് ജിഹാദും ഹലാൽ ജിഹാദും മതപരിവർത്തന ജിഹാദും ഒക്കെ ഈ അർത്ഥത്തിലാണ് പ്രയോഗിക്കപ്പെടുന്നത്. ഇങ്ങനെ നിരവധി ഗൂഢാലോചന ആഹ്വാനങ്ങള്‍ ഉയർന്നുവന്നിട്ടുണ്ടെങ്കിലും ലൗ ജിഹാദും ലാൻഡ് ജിഹാദും ആണ് ഏറ്റവും പ്രബലവും നിരന്തരമായി ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നതും. അതിൽ തന്നെ ഏറ്റവുമധികം ആവർത്തിക്കപ്പെടുന്നത് ലൗ ജിഹാദ് ആണ്. പലയിടങ്ങളിലും ഇത് ലാൻഡ് ജിഹാദിനൊപ്പമോ മറ്റു ഗൂഢാലോചനകളുടെ കൂട്ടത്തിലോ ആണ് അവതരിപ്പിക്കപ്പെടുന്നത്. ഇതുവഴി മുസ്ലിങ്ങൾ ഒരു വലിയ ഭീഷണിയാണെന്ന ആഖ്യാനത്തെ ശക്തിപ്പെടുത്താൻ ഹിന്ദുത്വവാദികൾക്ക് കഴിഞ്ഞു. മുമ്പൊക്കെ ഹിന്ദുത്വവാദികളുടെ പ്രഭാഷണങ്ങളിൽ പരാമർശിക്കപ്പെടുക മാത്രം ചെയ്തിരുന്ന ഈ ആഖ്യാനങ്ങൾ ഇപ്പോൾ താഴെത്തട്ടിലുള്ള അണിനിരത്തലുകളുടെയും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെയും ഭരണകൂട നയങ്ങളുടെയും കേന്ദ്ര സ്ഥാനത്തേക്ക് ഉയർന്നുവന്നിരിക്കുന്നു.
അടിസ്ഥാനപരമായി നോക്കിയാൽ ഹിന്ദു ഭൂരിപക്ഷത്തിനിടയിൽ നിരന്തരമായി സ്വന്തം നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തുന്ന ഒന്നാണ് മുസ്ലിങ്ങൾ എന്ന അവബോധം സൃഷ്ടിച്ചെടുക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഘടനാപരമായ മിത്തുകൾ ആയാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. ഹിന്ദു സമൂഹം വളരെയധികം ദുർബലമാണെന്നും അവർ നാലുഭാഗത്തുനിന്നും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വരുത്തിതീർക്കുമ്പോൾ തന്നെ മുസ്ലിം ന്യൂനപക്ഷം എന്നത് ഹിന്ദു സ്ത്രീകൾക്കും ഹിന്ദുക്കളുടെ ഭൂവുടമസ്ഥതക്കും ജനസംഖ്യാപരമായ മേധാവിത്വത്തിനും ഭീഷണിയാണെന്ന് ഈ പ്രയോഗങ്ങൾ ചിത്രീകരിക്കുന്നു. ഹിന്ദുക്കൾ ഇരകളാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന ശക്തമായ ഒരു പ്രത്യയശാസ്ത്ര ആയുധമായി ഈ സങ്കൽപ്പനങ്ങളെ മാറ്റി തീർക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ ഗൂഢാലോചനകളും പ്രയോഗങ്ങളും ഒരു പ്രത്യയശാസ്ത്ര തിരക്കഥ പോലെ ഒത്തുചേർന്ന് പ്രവർത്തിക്കുന്നു. ആർക്ക് ആരെ സ്നേഹിക്കാം, ആർക്ക് ഭൂമി സ്വന്തമാക്കാം, ആർക്ക് എവിടെയാണ് വാടകയ്ക്ക് താമസിക്കാനാവുക, ആർക്ക് ഏത് ചന്തയിലാണ് വ്യാപാരം നടത്താനാവുക, ആർക്ക് ഏത് പരിസരത്ത് ജീവിക്കാം, ഏതൊക്കെ ആരാധനാലയങ്ങൾ നിലനിൽക്കണം എന്നതിൽ ഒക്കെ സാമൂഹികമായ സംശയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനും അതുവഴി ഹിന്ദുത്വ രാഷ്ട്രീയ ലക്ഷ്യങ്ങളെ മാറ്റിയെടുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഈ ഗൂഢാലോചനകൾ ഇത്രത്തോളം പ്രവർത്തനക്ഷമമാകുന്നത് അവ മുൻവിധികളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതും വ്യവസ്ഥാപിതമായ പീഡനം, വിവേചനം, സമാന്തരമായ നീതി നടപ്പിലാക്കൽ, ഭരണകൂട നടപടികൾ എന്നിവയാൽ പിന്തുടരപ്പെടുന്നു എന്നതുകൊണ്ടും ആണ്.
ഹിന്ദു സ്ത്രീകളെ വിവാഹത്തിലൂടെയും മതപരിവർത്തനത്തിലൂടെയും വശീകരിച്ച് ജനസംഖ്യാപരമായ ആധിപത്യം സ്ഥാപിക്കാനുള്ള മുസ്ലിം പുരുഷന്മാരുടെ ആസൂത്രിത ഗൂഢാലോചനയാണ് ലൗ ജിഹാദ് എന്ന സിദ്ധാന്തം ആരോപിക്കുന്നത്. സ്ത്രീകളുടെ ശരീരത്തിന്മേലുള്ള പുരുഷാധിപത്യപരമായ നിയന്ത്രണത്തിനും മിശ്രവിവാഹങ്ങളെ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമുള്ള പ്രധാന ഉപകരണമായാണ് ഇത് ഇന്ന് ഉപയോഗിക്കപ്പെടുന്നത്. എവിടെയെങ്കിലും ഉണ്ടാകുന്ന കൊച്ചു കൊച്ചു സംഭവങ്ങളെ ഉടനടി ഉപയോഗപ്പെടുത്തി ഇത്തരം വ്യാഖ്യാനങ്ങൾ വഴി ജനങ്ങളുടെ രോഷത്തെ സംഘടിത നീക്കങ്ങളാക്കി മാറ്റിത്തീർക്കുന്നു. ഇത് മുസ്ലിങ്ങൾക്കെതിരായുള്ള ബഹിഷ്കരണത്തിനും അക്രമണത്തിനും പ്രതികാര നടപടികൾക്കുമുള്ള ആഹ്വാനങ്ങൾക്ക് നിയമസാധുത നൽകുകയും ചെയ്യുന്നു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടന്ന അക്രമങ്ങളെ കുറിച്ചുള്ള സ്ഥിരീകരിക്കാത്ത ആരോപണങ്ങളും “ഹിന്ദു വംശഹത്യ’ എന്ന അതിശയോക്തി കലർന്ന അവകാശവാദങ്ങളും ഇന്ത്യയിലെ ഹിന്ദുത്വവാദികൾ ആയുധമാക്കുന്നു. ഭൂമിശാസ്ത്രപരമായി അകലെയുള്ളതും സന്ദർഭവുമായി ബന്ധമില്ലാത്തതും ആയ സംഭവങ്ങളെ ഒരു സാർവത്രിക മുസ്ലിം ഭീഷണിയുടെ തെളിവായി പുനർ നിർമ്മിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി ഇത്തരം ആഖ്യാനങ്ങളുടെ വ്യാപനം സംഭവിക്കുകയും ഒരു ചെറിയ സംഭവം പോലും മുൻകൂട്ടി സങ്കൽപ്പിച്ചുവച്ചിരിക്കുന്ന ഒരു ശത്രുവിനെതിരെയുള്ള പ്രതീകാത്മക തെളിവായി മാറുകയും ചെയ്യുന്നു.
അമേരിക്കയിലും ആഫ്രിക്കയിലും ഒക്കെ വംശീയമായ വേർതിരിവിന്റെ അടിസ്ഥാനത്തിൽ കറുത്ത വർഗ്ഗക്കാർക്ക് എതിരായി ഇത്തരത്തിലുള്ള ആൾക്കൂട്ട കൊലകൾ നടന്നിട്ടുണ്ട്. 1882നും 1968നും ഇടയിൽ അമേരിക്കയിൽ കുറഞ്ഞത് 3446 ആഫ്രിക്കൻ അമേരിക്കക്കാർ കൂട്ടക്കൊലയ്ക്ക് ഇരയായിട്ടുണ്ട്. ഇതിനായി പലപ്പോഴും വെള്ളക്കാരായ സ്ത്രീകൾക്കെതിരായിട്ടുള്ള ലൈംഗിക അതിക്രമ ആരോപണങ്ങളാണ് ന്യായീകരണമായി ഉന്നയിക്കപ്പെട്ടിരുന്നത്. ഇത്തരം ആരോപണങ്ങളിൽ മിക്കവയും തെളിവില്ലാത്തവയും കെട്ടിച്ചമച്ചവയുമായിരുന്നുവെങ്കിലും വംശീയ ഭീകരതയെ നിയമവിധേയമാക്കാൻ അവ ശക്തമായ സാമൂഹികമായ മിത്തുകളായി പ്രവർത്തിച്ചിരുന്നുവെന്ന് കാണാനാവും. സമകാലിക ഇന്ത്യയിൽ പ്രധാനമന്ത്രി മോദിയുടെ സർക്കാരും അവരെ പിന്തുണയ്ക്കുന്ന ഹിന്ദുത്വവാദി ഗ്രൂപ്പുകളും സമാനമായ രീതിയിൽ ഹിന്ദു സ്ത്രീകളുടെയും അവരുടെ അഭിമാനത്തിന്റെയും സംരക്ഷണം എന്ന വ്യാജേന മുസ്ലിം പുരുഷന്മാരെ അക്രമാസക്തമായി അടിച്ചമർത്തുന്നതിനും ക്രിമിനൽവർക്കരിക്കുന്നതിനും ശ്രമിക്കുന്നു. അമേരിക്കൻ തെക്കൻ സംസ്ഥാനങ്ങളിൽ ആൾക്കൂട്ടക്കൊലകളെയും വർണ്ണവിവേചനത്തെയും ന്യായീകരിക്കാൻ കറുത്ത വർഗ്ഗക്കാരനായ ബലാത്സംഗക്കാരൻ എന്ന മിത്ത് എങ്ങനെയാണോ ഉപയോഗിക്കപ്പെട്ടത് അതുപോലെ മുസ്ലിം പുരുഷന്മാരെ ലൈംഗികാസക്തിയുള്ളവരും വഞ്ചകരും വേട്ടക്കാരുമായി ചിത്രീകരിക്കാൻ ലൗ ജിഹാദ് എന്ന ഗൂഢാലോചന സിദ്ധാന്തം ഉപയോഗിക്കുന്നു. ഇത് അക്രമങ്ങളെ ശുദ്ധീകരിക്കുകയും ഹിന്ദു സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാനുള്ള പ്രതിരോധവും മതപരമായ കടമയുമായി അവയെ പുനർനാമകരണം ചെയ്യുകയും ചെയ്യുന്നു.
മതപരിവർത്തനവിരുദ്ധ നിയമങ്ങളിലൂടെ ലൗജിഹാദിനെ നിയമപരമായി സ്ഥാപിച്ചെടുത്തത് ഈ സാഹചര്യം കൂടുതൽ ദൃഢമാക്കി. അമേരിക്കയിൽ ജിം ക്രോ കാലഘട്ടത്തിൽ വംശീയ വിശുദ്ധി കാത്തുസൂക്ഷിക്കാൻ വംശങ്ങൾ തമ്മിലുള്ള വിവാഹം നിരോധിച്ചതുപോലെ ബിജെപി ഭരിക്കുന്ന പല ഇന്ത്യൻ സംസ്ഥാനങ്ങളും മിശ്രവിവാഹങ്ങളെ ഫലത്തിൽ തടയുന്നതിന് വേണ്ടി കുറ്റകരമായ, കർക്കശമായ മതപരിവർത്തനവിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. തുച്ഛമായ തെളിവുകളുടെയോ, പരിശോധിക്കപ്പെടാത്ത കുടുംബപരാതികളുടെയോ, ഹിന്ദുത്വവാദി ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന്റെയോ അടിസ്ഥാനത്തിൽ മുസ്ലിം പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നതിനും ദീർഘകാലം തടങ്കലിൽ വയ്ക്കുന്നതിനും ഈ നിയമങ്ങൾ ആവർത്തിച്ച് ഉപയോഗിക്കപ്പെടുന്നു. സ്ത്രീകൾ തങ്ങളുടെ പൂർണ്ണ സമ്മതത്തോടെയാണ് വിവാഹം കഴിച്ചത് എന്ന് പരസ്യമായി ഉറപ്പിച്ചു പറഞ്ഞ സന്ദർഭങ്ങളിൽ പോലും അവരുടെ മൊഴികൾ തള്ളിക്കളയുകയോ അല്ലെങ്കിൽ അവ കൃത്രിമമായി സൃഷ്ടിച്ച തെളിവുകളായി വ്യാഖ്യാനിക്കുകയോ ആണ് ചെയ്യുന്നത്.
മിശ്രവിവാഹങ്ങളെയും പ്രണയബന്ധങ്ങളെയും നിയന്ത്രിക്കുന്നതിന് സമാന്തരമായി പ്രദേശങ്ങളെയും ഇടങ്ങളെയും നിയന്ത്രിക്കാനുള്ള ഒരു സംവിധാനമായാണ് ലാൻഡ് ജിഹാദ് ഗൂഢാലോചന സിദ്ധാന്തം ഉപയോഗിക്കുന്നത്. മസാറുകളും (ശവകുടീരങ്ങളും) പള്ളികളും നിർമ്മിച്ച് മുസ്ലീങ്ങൾ ആസൂത്രിതമായി പൊതുഭൂമി കയ്യടക്കുന്നു എന്നും പ്രദേശങ്ങൾ പിടിച്ചെടുക്കാനും ഒടുവിൽ ഹിന്ദുക്കളെ എണ്ണത്തിൽ മറികടന്ന് കുടിയൊഴിപ്പിക്കാനുമുള്ള രഹസ്യ പദ്ധതിയാണിത് എന്നും ഈ സിദ്ധാന്തം ആരോപിക്കുന്നു. 2025ൽ മുസ്ലീങ്ങളുടെ ഭൂവുടമസ്ഥതയെയും മതപരമായ സ്ഥലങ്ങളെയും നിയമവിരുദ്ധവും അപകടകരവും ആയി ചിത്രീകരിക്കാൻ ഈ മിത്ത് ആവർത്തിച്ച് ഉപയോഗിക്കപ്പെട്ടു.
പച്ച തുണി വിരിച്ചും രാത്രികളിൽ ശവകുടീരങ്ങൾ നിർമ്മിച്ചും ഉടമസ്ഥാവകാശം സ്ഥാപിക്കാൻ മതപരമായ പ്രാധാന്യമുണ്ടെന്ന് വ്യാജമായി അവകാശപ്പെട്ടും മുസ്ലീങ്ങൾ ഭൂമികയ്യേറുന്നു എന്നും പ്രാസംഗികർ സ്ഥിരമായി ആരോപിക്കുന്നു. ഇത്തരം അവകാശവാദങ്ങൾ അപൂർവമായേ തെളിയിക്കപ്പെട്ടിട്ടുള്ളു. എങ്കിലും ജനങ്ങൾക്കിടയിൽ ധാർമികമായ ഒരു പരിഭ്രാന്തി സൃഷ്ടിക്കുന്നതിനും കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന ആവശ്യങ്ങൾക്ക് നിയമസാധ്യത നൽകുന്നതിനും ഇത് ഫലപ്രദമായി ഉപയോഗിക്കുന്നു. നിയമവിരുദ്ധമായ കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നു എന്ന വ്യാജേന മുസ്ലിം ഉടമസ്ഥതയിലുള്ള സ്വത്തുക്കളും മതപരമായ സ്ഥലങ്ങളും ഉപയോഗിച്ച് തകർക്കുന്ന നടപടികളെ ന്യായീകരിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ പോലും ലാൻ്റ് ജിഹാദ് എന്ന പ്രയോഗം ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നു.
2025ൽ ഈ വ്യാഖ്യാനം ഉപയോഗിച്ച് ഏറ്റവും പ്രമുഖരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉയർന്നുവന്നു. ലാൻഡ് ജിഹാദിൽ നിന്ന് ആയിരക്കണക്കിന് ഏക്കർ ഭൂമി മോചിപ്പിച്ചു എന്ന് അദ്ദേഹം ആവർത്തിച്ച് അവകാശപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അമേരിക്കയിൽ ആധുനികവൽക്കരണം, ക്രമസമാധാനം, പൊതുതാൽപര്യം എന്നിവയുടെ പേരിൽ കറുത്ത വർഗ്ഗക്കാരുടെ സമൂഹങ്ങളെ കുടിയൊഴിപ്പിക്കാൻ നഗര നവീകരണ പദ്ധതികൾ ഉപയോഗിച്ചതിന് സമാനമാണിത്. ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെ അനുപാതികമല്ലാത്ത രീതിയിൽ ബാധിക്കുന്ന ബുൾഡോസർ പൊളിക്കലുകൾ ഒരു കൂട്ടായ ശിക്ഷാനടപടി ആയിട്ടാണ് പ്രവർത്തിക്കുന്നത്.
തീവ്രമായ ഹിന്ദുത്വ ശക്തികളുടെ അണിനിരത്തലിന്റെ രണ്ട് പ്രധാന തൂണുകളായാണ് ഇന്ന് ലൗ ജിഹാദും ലാൻ്റ് ജിഹാദും പ്രവർത്തിക്കുന്നത്. ചരിത്രപരമായി നോക്കിയാൽ ലൈംഗികതയുമായി ബന്ധപ്പെട്ട പരിഭ്രാന്തിയും പ്രദേശങ്ങൾ നഷ്ടപ്പെടും എന്ന ഭീതിയും പടർത്തുന്നത് എല്ലായിപ്പോഴും വ്യവസ്ഥാപിതമായ അക്രമങ്ങൾക്കും വിവേചനങ്ങൾക്കും സ്വേച്ഛാധിപത്യ നിയന്ത്രണങ്ങൾക്കും മുന്നോടിയായിട്ടാണ് സംഭവിക്കാറുള്ളത് സമകാലിക ഇന്ത്യയിൽ ഇത്തരം ഗൂഢാലോചന സിദ്ധാന്തങ്ങൾ സാധാരണ വൽക്കരിക്കപ്പെടുന്നത് മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ദീർഘകാല അടിച്ചമർത്തലുകൾക്ക് അടിത്തറ പാകുന്നു. ഇത് സാമൂഹികമായ വിഭജനം ഉറപ്പാക്കുകയും രാജ്യത്തിൻ്റെ സാമൂഹിക ഘടനയെ തന്നെ അടിസ്ഥാനപരമായി മാറ്റിമറിക്കുകയും ചെയ്യുന്നു. l



