ഇന്ത്യയുടെ ആത്മാവ്  തേടിയ  മാർക്സിസ്റ്റ് : കെ ദാമോദരനെ ഓർക്കുമ്പോൾ

നവീൻ പ്രസാദ് അലക്സ്‌

ചില മനുഷ്യരുടെ ജീവിതം അവരുടെ കാലഘട്ടത്തിൽ അവസാനിക്കുന്നില്ല. അവർ എഴുതിയ പുസ്തകങ്ങളും ഉയർത്തിയ ചോദ്യങ്ങളും രൂപപ്പെടുത്തിയ ബൗദ്ധിക രീതിശാസ്ത്രവും തലമുറകളെ കടന്നുപോയി ജീവിക്കുന്നു.  കാശി വിദ്യാപീഠത്തിൽ (ദേശീയ പ്രസ്ഥാന നേതാവായ ആചാര്യ നരേന്ദ്ര ദേവ സ്ഥാപിച്ച സ്ഥാപനം) പഠിക്കുന്ന കാലത്താണ് കെ. ദാമോദരൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെടുകയും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാകുകയും ചെയ്തത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല അംഗങ്ങളിൽ പ്രമുഖനായും, പല ചരിത്രകാരന്മാരുടെയും വിലയിരുത്തലിൽ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി വ്യാപകമായി കണക്കാക്കപ്പെടുന്ന വ്യക്തിയായും അദ്ദേഹം അറിയപ്പെടുന്നു.

ഇന്ത്യൻ മാർക്സിസ്റ്റ് ബൗദ്ധികലോകത്തെ ആഗോള ചിന്താധാരകളുമായി ബന്ധിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. മലയാളത്തിൽ അന്റോണിയോ ഗ്രാംഷിയെ പരാമർശിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങൾ പരിചയപ്പെടുത്തുകയും ചെയ്ത ആദ്യകാല എഴുത്തുകാരിൽ ഒരാളാണ് കെ. ദാമോദരൻ.മലയാളത്തിന്റെ ബൗദ്ധിക ചരിത്രത്തിൽ അത്തരമൊരു അപൂർവ വ്യക്തിത്വമാണ് കെ. ദാമോദരൻ. ഇന്ത്യൻ തത്ത്വചിന്തയെയും സംസ്കാരത്തെയും ചരിത്രത്തെയും മാർക്സിസ്റ്റ് ചരിത്രഭൗതികവാദത്തിന്റെ വെളിച്ചത്തിൽ പുനർവായിക്കാൻ ധൈര്യം കാണിച്ച ചിന്തകനെന്ന നിലയിലാണ് അദ്ദേഹത്തിന്റെ യഥാർത്ഥ സ്ഥാനം.

ഇന്ത്യയുടെ ആത്മാവും ഭാരതീയ ചിന്തയും

ഇന്ന് ഇന്ത്യയിൽ ചരിത്രത്തെക്കുറിച്ചുള്ള വ്യാജ അഖ്യാനങ്ങൾ ശക്തമാണ്. ഭൂതകാലത്തെ ആരാണ് നിർവചിക്കുന്നത്? ഇന്ത്യൻ സംസ്കാരത്തിന്റെ അടിത്തറ എന്താണ്? വേദങ്ങളാണോ ഇന്ത്യയുടെ ആത്മാവ്, അതോ ഇന്ത്യ അനേകം ധാരകളുടെ സംഗമമാണോ? ജാതി ദൈവികമാണോ, ചരിത്രപരമാണോ? ഇന്ത്യയുടെ ചരിത്രം നിർണയിക്കാനുള്ള അവകാശം ആർക്കാണ്? പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കെ. ദാമോദരൻ ഈ ചോദ്യങ്ങളോട് ഏറ്റുമുട്ടിയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രചനകൾ ഇന്നും സമകാലികമാണ്.

കെ. ദാമോദരന്റെ ഏറ്റവും വലിയ സംഭാവന ഉത്തരങ്ങൾ നൽകിയതിലല്ല; ചോദ്യങ്ങൾ ചോദിക്കാൻ പഠിപ്പിച്ചതിലാണ്. ഒരു ഗ്രന്ഥം വിശുദ്ധമാണോ അല്ലയോ എന്നതല്ല അദ്ദേഹത്തെ അലട്ടിയിരുന്നത്. ആ ഗ്രന്ഥം ഏത് സമൂഹത്തിലാണ് രൂപപ്പെട്ടത്? ആരുടെ അനുഭവങ്ങളാണ് അതിൽ പ്രതിഫലിക്കുന്നത്? ഏത് വർഗ്ഗബന്ധങ്ങളും അധികാരബന്ധങ്ങളും അതിന്റെ പിന്നിലുണ്ട്? എന്ന ചോദ്യങ്ങളാണ് അദ്ദേഹത്തിന്റെ അന്വേഷണത്തിന്റെ തുടക്കം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭാരതിയ ചിന്ത (Indian Thought) വെറും ഇന്ത്യൻ തത്ത്വചിന്തയുടെ ചരിത്രമല്ല; ഇന്ത്യൻ സമൂഹത്തിന്റെ ബൗദ്ധിക വികാസത്തിന്റെ ചരിത്രമാണ്.

ദാമോദരന്റെ വായനയുടെ കേന്ദ്രത്തിൽ ചരിത്രഭൗതികവാദമുണ്ട്. തത്ത്വചിന്ത ആകാശത്തിൽ നിന്ന് വീഴുന്നില്ല; അത് മനുഷ്യരുടെ സാമൂഹികജീവിതത്തിൽ നിന്നാണ് രൂപപ്പെടുന്നതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. മനുഷ്യൻ എങ്ങനെ ഉൽപ്പാദിപ്പിക്കുന്നു, പ്രകൃതിയുമായി എങ്ങനെ ബന്ധപ്പെടുന്നു, അധികാരം എങ്ങനെ സംഘടിതമാകുന്നു, സമ്പത്ത് എങ്ങനെ വിതരണം ചെയ്യപ്പെടുന്നു—ഇവയെല്ലാം ചേർന്നാണ് മതവും തത്ത്വചിന്തയും ധാർമ്മികതയും രാഷ്ട്രീയവും രൂപപ്പെടുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യൻ ചിന്തയുടെ ചരിത്രം ആശയങ്ങളുടെ മാത്രം ചരിത്രമായി എഴുതാതിരുന്നത്; സമൂഹത്തിന്റെ ചരിത്രമായി എഴുതിയത്.

വേദങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമീപനം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. വേദങ്ങളെ അദ്ദേഹം ദൈവിക വെളിപ്പെടുത്തലായി കണ്ടില്ല. ആദ്യകാല ഗോത്രസമൂഹത്തിന്റെയും പശുപാലനാധിഷ്ഠിത ജീവിതത്തിന്റെയും പ്രകൃതിയെ ആശ്രയിച്ചിരുന്ന മനുഷ്യന്റെ ഭയങ്ങളുടെയും പ്രതീക്ഷകളുടെയും ചരിത്രരേഖകളായാണ് അദ്ദേഹം അവയെ വായിച്ചത്. ഇന്ദ്രനും അഗ്നിയും വരുണനും വെറും ദേവന്മാരല്ല; പ്രകൃതിയുമായി പൊരുതിയ മനുഷ്യസമൂഹത്തിന്റെ ചരിത്രാനുഭവങ്ങളുടെ പ്രതീകങ്ങളുമാണ്. വേദങ്ങളെ വിശുദ്ധമാക്കുകയോ തള്ളിക്കളയുകയോ ചെയ്യാതെ അവയെ ചരിത്രത്തിന്റെ രേഖകളായി വായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി.

എന്നാൽ ദാമോദരൻ വേദങ്ങളിൽ ഇന്ത്യയുടെ കഥ അവസാനിക്കുന്നില്ലെന്ന് ഓർമ്മിപ്പിച്ചു. വേദങ്ങൾ പോലും ഒരു മാറുന്ന സമൂഹത്തിന്റെ രേഖകളാണ്. ഗോത്രസമൂഹത്തിൽ നിന്ന് കൃഷിയിലേക്കും, സ്വകാര്യസ്വത്തിലേക്കും, രാജ്യസംവിധാനത്തിലേക്കും, പുരോഹിതവർഗ്ഗത്തിന്റെ ശക്തിപ്പെടലിലേക്കും സമൂഹം നീങ്ങുമ്പോൾ ആശയങ്ങളും മാറുന്നു. അതിനാൽ ഇന്ത്യൻ ചിന്തയുടെ ചരിത്രം ഒരൊറ്റ സത്യത്തിന്റെ വികാസമല്ല; സാമൂഹിക പരിവർത്തനങ്ങളുടെ ചരിത്രമാണ്.

ഉപനിഷത്തുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തൽ അതിലും ശ്രദ്ധേയമാണ്. “തത്ത്വമസി”, “അഹം ബ്രഹ്മാസ്മി” തുടങ്ങിയ മഹാവാക്യങ്ങളുടെ ദാർശനിക ആഴം അദ്ദേഹം അംഗീകരിച്ചു. എന്നാൽ അതോടൊപ്പം ഒരു കഠിനമായ സാമൂഹിക ചോദ്യം അദ്ദേഹം ഉയർത്തി. ആത്മീയമായി മനുഷ്യരെല്ലാം ഒന്നാണെന്ന് പ്രഖ്യാപിച്ച ഈ തത്ത്വചിന്തകൾക്ക് സമൂഹത്തിലെ യഥാർത്ഥ അസമത്വങ്ങളെ ഇല്ലാതാക്കാൻ കഴിഞ്ഞോ? ജാതിയെയും ചൂഷണത്തെയും അവ തകർത്തോ? അദ്ദേഹത്തിന്റെ മറുപടി വിമർശനാത്മകമായിരുന്നു. ആത്മീയ സമത്വം സാമൂഹിക സമത്വമായി പരിണമിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹം എഴുതിയത്: “തത്ത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ പ്രഖ്യാപനങ്ങൾക്ക് സാമൂഹ്യ യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ല. സാമൂഹ്യ യാഥാർത്ഥ്യമായ അസമത്വങ്ങളുടെ മതിൽകെട്ടുകൾ ഇടിച്ചുപൊളിക്കാൻ അവയ്ക്ക് കഴിവില്ല.”

ജാതിവ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനവും ഇതേ രീതിയുടെ തുടർച്ചയാണ്. ജാതി ശാശ്വതമായ ദൈവിക ക്രമമല്ലെന്നും, ചരിത്രപരമായി രൂപപ്പെട്ട ഒരു സാമൂഹിക സ്ഥാപനമാണെന്നും അദ്ദേഹം വാദിച്ചു. വർണ്ണവ്യവസ്ഥ മതത്തിൽ നിന്നല്ല സമൂഹത്തിൽ നിന്നാണ് രൂപപ്പെട്ടത്; പിന്നീട് മതം അതിന് ദൈവിക ന്യായീകരണം നൽകി എന്നായിരുന്നു അദ്ദേഹത്തിന്റെ വിശകലനം. ചരിത്രത്തെ തലകീഴായി വായിക്കാതെ, സമൂഹത്തിൽ നിന്ന് ആശയങ്ങളിലേക്കാണ് അദ്ദേഹം സഞ്ചരിച്ചത്.

മാർക്സിസത്തിന്റെ മലയാള വ്യാഖ്യാതാവ്

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല സൈദ്ധാന്തികരിൽ ഒരാളായിരുന്ന അദ്ദേഹം, മാർക്സിസത്തെ മലയാളത്തിൽ ശാസ്ത്രീയമായും ജനകീയമായും അവതരിപ്പിച്ച അപൂർവ എഴുത്തുകാരനാണ്.

കേരളത്തിൽ മാർക്സിസം ഒരു രാഷ്ട്രീയ മുദ്രാവാക്യത്തിൽ നിന്ന് സൈദ്ധാന്തിക സംവാദമായി വളരുന്നതിൽ കെ. ദാമോദരന്റെ പങ്ക് നിർണായകമായിരുന്നു. തൊഴിലാളി-കർഷക പ്രസ്ഥാനങ്ങൾക്ക് രാഷ്ട്രീയ ദിശാബോധം നൽകു7ക മാത്രമല്ല, മാർക്സിസത്തെ മലയാള വായനക്കാരന് സ്വന്തം ഭാഷയിൽ മനസ്സിലാക്കിക്കൊടുക്കുക എന്ന ദൗത്യവും അദ്ദേഹം ഏറ്റെടുത്തു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൃതികൾ വെറും വിവർത്തനങ്ങളോ പ്രചാരണലഘുലേഖകളോ ആയിരുന്നില്ല; സങ്കീർണ്ണമായ മാർക്സിസ്റ്റ് ആശയങ്ങളെ ഇന്ത്യൻ സമൂഹത്തിന്റെ യാഥാർത്ഥ്യങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിച്ച ബൗദ്ധിക ഇടപെടലുകളായിരുന്നു.

ഇതിന്റെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ് റഷ്യൻ വിപ്ലവം . ഇ എം എസ്സ് നമ്പൂതിരിപ്പാടിനൊപ്പം  രചിച്ച ഈ കൃതി, ഒക്ടോബർ വിപ്ലവത്തെ  ഒരു രാഷ്ട്രീയ സംഭവമായി മാത്രം അവതരിപ്പിച്ചില്ല. ലോകചരിത്രത്തിൽ സോഷ്യലിസം എങ്ങനെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു, തൊഴിലാളിവർഗ്ഗം എങ്ങനെ ഭരണവർഗ്ഗമായി മാറി, വിപ്ലവം ചരിത്രത്തിന്റെ ഗതി എങ്ങനെ മാറ്റി എന്നതിനെ മലയാള വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ഒരു അടിസ്ഥാനഗ്രന്ഥമായി അത് മാറി.

അദ്ദേഹത്തിന്റെ “കാൾ മാർക്സ് ” എന്ന കൃതി ജീവചരിത്രം മാത്രമായിരുന്നില്ല. മാർക്സിന്റെ ജീവിതവും ചിന്തയും വേർതിരിക്കാനാവില്ലെന്ന് കാണിച്ചുകൊണ്ട്, യൂറോപ്യൻ വ്യവസായവൽക്കരണം, തൊഴിലാളിവർഗ്ഗത്തിന്റെ ഉദയം, ശാസ്ത്രീയ സോഷ്യലിസത്തിന്റെ വികാസം എന്നിവയുടെ പശ്ചാത്തലത്തിൽ മാർക്സിനെ അദ്ദേഹം അവതരിപ്പിച്ചു. മാർക്സിനെ ഒരു വിഗ്രഹമാക്കാതെ, നിരന്തരം പഠിക്കുകയും വിമർശിക്കുകയും ചെയ്ത വിപ്ലവകാരിയായ ബൗദ്ധികനായി പരിചയപ്പെടുത്തുകയായിരുന്നു ദാമോദരൻ.

മലയാളത്തിലെ മാർക്സിസ്റ്റ് സാഹിത്യചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് അദ്ദേഹം വിവർത്തനം ചെയ്ത “സമഷ്ടിവാദ വിജ്ഞാപനം”—The Communist Manifesto-യുടെ മലയാളപരിഭാഷ. ഇത് ഒരു ഭാഷാന്തരം മാത്രമായിരുന്നില്ല; പുതിയ രാഷ്ട്രീയ പദാവലികളും സൈദ്ധാന്തിക ഭാഷയും മലയാളത്തിൽ രൂപപ്പെടുത്തുന്ന സാംസ്കാരിക ഇടപെടലുമായിരുന്നു. “വർഗ്ഗസമരം”, “മുതലാളിത്തം”, “തൊഴിലാളിവർഗ്ഗം”, “ചരിത്രഭൗതികവാദം” തുടങ്ങിയ ആശയങ്ങൾ മലയാള വായനയിൽ ഉറച്ച സ്ഥാനം നേടുന്നതിൽ ഇത്തരം വിവർത്തനങ്ങൾ നിർണായക പങ്കുവഹിച്ചു.

“മാർക്സിസത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ” എന്ന കൃതിയിലൂടെ മാർക്സിസത്തിന്റെ തത്ത്വചിന്താപരമായ അടിത്തറയെ സാധാരണ വായനക്കാർക്ക് അദ്ദേഹം വിശദീകരിച്ചു. വൈരുദ്ധ്യാത്മക ഭൗതികവാദം, ചരിത്രഭൗതികവാദം, വർഗ്ഗസമരം, അധികമൂല്യം, രാഷ്ട്രം, പ്രത്യയശാസ്ത്രം തുടങ്ങിയ ആശയങ്ങളെ അക്കാദമിക സങ്കീർണ്ണതകളില്ലാതെ അവതരിപ്പിച്ച ഈ കൃതി കേരളത്തിൽ അനേകം പാർട്ടി പഠനക്ലാസുകളുടെയും സ്വതന്ത്ര വായനാ കൂട്ടായ്മകളുടെയും അടിസ്ഥാനപാഠപുസ്തകമായി മാറി.

കെ. ദാമോദരന്റെ പ്രത്യേകത, മാർക്സിസത്തെ സാമ്പത്തിക വിശകലനത്തിൽ മാത്രം ഒതുക്കാതിരുന്നതിലാണ്. “ധാർമികമൂല്യങ്ങൾ” എന്ന കൃതിയിൽ അദ്ദേഹം ധാർമികതയുടെ പ്രശ്നത്തെ ചരിത്രപരമായി സമീപിച്ചു. ധാർമികത ശാശ്വതമായ ദൈവിക നിയമങ്ങളുടെ സമാഹാരമല്ല; ഓരോ സാമൂഹികഘട്ടത്തിലും മനുഷ്യരുടെ ജീവിതസാഹചര്യങ്ങളോടൊപ്പം മാറിക്കൊണ്ടിരിക്കുന്ന മൂല്യവ്യവസ്ഥയാണെന്ന് അദ്ദേഹം വാദിച്ചു. മതവും ധാർമികതയും തമ്മിലുള്ള ബന്ധത്തെ വിമർശനാത്മകമായി പരിശോധിച്ച ഈ കൃതി, മാർക്സിസവും നൈതികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യകാല ഗൗരവമായ ഇടപെടലുകളിലൊന്നാണ്.

“കമ്മ്യൂണിസം എന്ത്? എന്തിന്?” എന്ന പുസ്തകം മാർക്സിസത്തിന്റെ ഏറ്റവും ജനകീയമായ ആമുഖഗ്രന്ഥങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കമ്മ്യൂണിസത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കിക്കൊണ്ട്, അത് വെറും ഭരണരീതിയല്ലെന്നും മനുഷ്യ വിമോചനത്തിന്റെ ചരിത്രപരമായ പദ്ധതിയാണെന്നും ദാമോദരൻ വിശദീകരിച്ചു. ലളിതമായ ഭാഷയും യുക്തിപരമായ അവതരണവും കാരണം തലമുറകളോളം പാർട്ടി പ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും പ്രിയഗ്രന്ഥമായി അത് തുടർന്നു.

സാഹിത്യവും സാമൂഹികപരിവർത്തനവും തമ്മിലുള്ള ബന്ധം അദ്ദേഹം പരിശോധിച്ചത് “പുരോഗമന സാഹിത്യം എന്തിന്?” എന്ന കൃതിയിലാണ്. സാഹിത്യം സാമൂഹിക യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കേണ്ടതല്ലെന്നും മനുഷ്യ വിമോചനത്തിന്റെ സമരങ്ങളിൽ ഇടപെടേണ്ടതാണെന്നും അദ്ദേഹം വാദിച്ചു. കലയുടെ സ്വാതന്ത്ര്യവും സാമൂഹിക ഉത്തരവാദിത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ പിന്നീട് മലയാളത്തിലെ പുരോഗമന സാഹിത്യചർച്ചകളെ ആഴത്തിൽ സ്വാധീനിച്ചു.

മതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമീപനവും ശ്രദ്ധേയമാണ്. “കമ്മ്യൂണിസവും ക്രിസ്തുമതവും” എന്ന ഗ്രന്ഥത്തിൽ കമ്മ്യൂണിസവും ക്രിസ്തീയ ധാർമിക പാരമ്പര്യവും തമ്മിലുള്ള ബന്ധത്തെ അദ്ദേഹം വിമർശനാത്മകമായി പരിശോധിച്ചു. മതത്തെ ശത്രുവായി മാത്രം കാണാതെ, അതിന്റെ സാമൂഹിക ഉത്ഭവവും ചരിത്രപരമായ പങ്കും മനസ്സിലാക്കാൻ ശ്രമിക്കുന്ന മാർക്സിസ്റ്റ് രീതിയാണ് ഇവിടെ പ്രകടമാകുന്നത്.

അദ്ദേഹത്തിന്റെ ഏറ്റവും വിപുലമായ സൈദ്ധാന്തിക സംരംഭങ്ങളിലൊന്നായിരുന്നു “മാർക്സിസം ” എന്ന പത്ത് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പരമ്പര. മാർക്സിസ്റ്റ് തത്ത്വചിന്ത, സാമ്പത്തികശാസ്ത്രം, ചരിത്രം, രാഷ്ട്രസിദ്ധാന്തം, സംസ്കാരം, ശാസ്ത്രം, വിപ്ലവം തുടങ്ങി വിവിധ മേഖലകളെ സമഗ്രമായി പരിചയപ്പെടുത്തിയ ഈ പരമ്പര, മലയാളത്തിൽ മാർക്സിസ്റ്റ് വിദ്യാഭ്യാസത്തിനുള്ള ഒരു വിജ്ഞാനകോശം തന്നെയായിരുന്നു. അത് വെറും പാർട്ടി സാഹിത്യമല്ല; ഒരു തലമുറയുടെ ബൗദ്ധിക രൂപീകരണത്തിൽ പങ്കുവഹിച്ച പഠനപരമ്പരയായിരുന്നു.

ഇന്ന് ഈ ഗ്രന്ഥങ്ങളെ തിരിച്ചുവായിക്കേണ്ടതിന്റെ കാരണം അവ ചരിത്രരേഖകളായതുകൊണ്ട് മാത്രമല്ല. സങ്കീർണ്ണമായ സൈദ്ധാന്തിക ആശയങ്ങളെ ജനങ്ങളുടെ ഭാഷയിൽ അവതരിപ്പിക്കാമെന്നും, മാർക്സിസത്തെ ഇന്ത്യൻ യാഥാർത്ഥ്യങ്ങളുമായി സംവദിപ്പിക്കാമെന്നും, രാഷ്ട്രീയ പ്രവർത്തനവും ബൗദ്ധിക അന്വേഷണവും പരസ്പരം പൂരകങ്ങളാകാമെന്നും കെ. ദാമോദരൻ തന്റെ രചനകളിലൂടെ തെളിയിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹം ഒരു എഴുത്തുകാരൻ മാത്രമല്ല, മലയാളത്തിലെ മാർക്സിസ്റ്റ് ബൗദ്ധിക സംസ്കാരത്തിന്റെ പ്രധാന ശില്പികളിൽ ഒരാളാണ്.

സാഹിത്യ രംഗത്തെ ഇടപെടലുകൾ

കെ. ദാമോദരന്റെ സാംസ്കാരിക ഇടപെടലുകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് “പാട്ടബാക്കി” എന്ന നാടകം. കേരളത്തിൽ ജനകീയ നാടകപ്രസ്ഥാനത്തിന്റെ ആദ്യകാല വളർച്ചയിൽ നിർണായക പങ്കുവഹിച്ച കൃതികളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു. വേദിയെ വെറും വിനോദമാധ്യമമായി കാണാതെ, സാമൂഹിക ബോധവൽക്കരണത്തിന്റെയും രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെയും ഉപാധിയാക്കി മാറ്റാനുള്ള പുരോഗമന സാംസ്കാരിക ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ നാടകം.

ചരിത്രപരമായി ശ്രദ്ധേയമായ മറ്റൊരു കാര്യം, “പാട്ടബാക്കി”യുടെ ആദ്യ അവതരണം വടകരയിൽ കർഷക തൊഴിലാളി യൂണിയന്റെ സ്ഥാപക സമ്മേളനത്തിലായിരുന്നു എന്നതാണ്. ഇത് യാദൃച്ഛികമായ ഒരു തിരഞ്ഞെടുപ്പായിരുന്നില്ല. കല ജനങ്ങളിലേക്ക് എത്തണമെന്നും തൊഴിലാളികളുടെയും കർഷകരുടെയും ജീവിതസമരങ്ങളുമായി സംസ്കാരം സംവദിക്കണമെന്നും വിശ്വസിച്ചിരുന്ന പുരോഗമന സാംസ്കാരിക രാഷ്ട്രീയത്തിന്റെ പ്രകടനമായിരുന്നു അത്. പിന്നീട് കേരളത്തിൽ രൂപംകൊണ്ട ജനകീയ നാടകധാരകൾക്ക് ഈ പരീക്ഷണങ്ങൾ പ്രചോദനമായി.

അതുപോലെ “രക്തപാനം” എന്ന നാടകത്തിലും ചൂഷണവും അധികാരവും മനുഷ്യ വിമോചനവും കേന്ദ്രപ്രമേയങ്ങളായി ഉയർന്നുവരുന്നു. സാഹിത്യത്തെ സാമൂഹിക യാഥാർത്ഥ്യങ്ങളിൽ നിന്ന് വേർപെടുത്താതെ, ജനങ്ങളുടെ ജീവിതാനുഭവങ്ങളുമായി ചേർത്തുവായിക്കണമെന്ന കെ. ദാമോദരന്റെ നിലപാട് ഈ കൃതികളിൽ വ്യക്തമായി പ്രതിഫലിക്കുന്നു.

“കണ്ണുനീർ” എന്ന ചെറുകഥാസമാഹാരവും അദ്ദേഹത്തിന്റെ സാഹിത്യപ്രതിഭയുടെ മറ്റൊരു മുഖമാണ്. വ്യക്തിയുടെ വികാരലോകവും സാമൂഹിക യാഥാർത്ഥ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന തിരിച്ചറിവാണ് ഈ കഥകളുടെ അടിത്തറ. അതുകൊണ്ടുതന്നെ കെ. ദാമോദരന്റെ സാഹിത്യം രാഷ്ട്രീയത്തിന്റെ അനുബന്ധമല്ല; സാമൂഹിക പരിവർത്തനത്തിനായുള്ള സാംസ്കാരിക ഇടപെടലായിരുന്നു.

ചരിത്രത്തെ വിമർശനാത്മകമായി വായിക്കാനും, സംസ്കാരത്തെ ബഹുസ്വരതയുടെ കണ്ണിലൂടെ കാണാനും, ആശയങ്ങളെ അവയുടെ സാമൂഹിക പശ്ചാത്തലത്തിൽ വിശകലനം ചെയ്യാനും അദ്ദേഹം രൂപപ്പെടുത്തിയ രീതിശാസ്ത്രം ഇന്നും അതിന്റെ പ്രസക്തി നിലനിർത്തുന്നു. കെ. ദാമോദരനെ അനുസ്മരിക്കുക എന്നത് അദ്ദേഹത്തിന്റെ ജീവിതത്തെ മാത്രം ഓർക്കലല്ല; അദ്ദേഹം ആരംഭിച്ച വിമർശനാത്മക അന്വേഷണത്തെ തുടരുകയും ഇന്ത്യയെ ചരിത്രത്തിലൂടെ വായിക്കാനുള്ള ആ ബൗദ്ധിക ധൈര്യം നിലനിർത്തുകയും ചെയ്യുക എന്നതാണ്.

 

Hot this week

ആരാണ് വർ​ഗ വഞ്ചകൻ ?

ഇതുവരെയുള്ള ലോകത്തിന്റെ എഴുതപ്പെട്ട ചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണ് എന്ന് പറഞ്ഞത് കമ്മ്യൂണിസ്റ്റ്...

രക്തപാനം : കെ ദാമോദരന്റെ അപൂർവ നാടകം

കേരളത്തിലെ കുടിയാൻ സമരങ്ങൾക്കും കർഷക സമരങ്ങൾക്കും കരുത്തു പകർന്ന "പാട്ടബാക്കി "ക്കു...

അനുഭൂതിയുടെ തിരക്കാഴ്ച

രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ്‌ ബാലനിലെ അമ്മയും മകനും....

വി ഡി സതീശന്റെ ഡീലിനു പിന്നിൽ വർഗതാൽപര്യം തന്നെ

"മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും...

പി എം ശ്രീയെന്ന ഇരുതലമൂരി

ദേശീയ വിദ്യാഭ്യാസനയം 2020 പ്രാബല്യത്തിൽ വന്നതോടെ വിദ്യാഭ്യാസത്തെ ഭാരതീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി...

Topics

ആരാണ് വർ​ഗ വഞ്ചകൻ ?

ഇതുവരെയുള്ള ലോകത്തിന്റെ എഴുതപ്പെട്ട ചരിത്രം വർഗ്ഗസമരങ്ങളുടെ ചരിത്രമാണ് എന്ന് പറഞ്ഞത് കമ്മ്യൂണിസ്റ്റ്...

രക്തപാനം : കെ ദാമോദരന്റെ അപൂർവ നാടകം

കേരളത്തിലെ കുടിയാൻ സമരങ്ങൾക്കും കർഷക സമരങ്ങൾക്കും കരുത്തു പകർന്ന "പാട്ടബാക്കി "ക്കു...

അനുഭൂതിയുടെ തിരക്കാഴ്ച

രേഖകളില്ലാതെ നമ്മുടെ വ്യവ്യസ്ഥയിൽനിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ പ്രതിനിധികളാണ്‌ ബാലനിലെ അമ്മയും മകനും....

വി ഡി സതീശന്റെ ഡീലിനു പിന്നിൽ വർഗതാൽപര്യം തന്നെ

"മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശ ഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും...

പി എം ശ്രീയെന്ന ഇരുതലമൂരി

ദേശീയ വിദ്യാഭ്യാസനയം 2020 പ്രാബല്യത്തിൽ വന്നതോടെ വിദ്യാഭ്യാസത്തെ ഭാരതീയ വൽക്കരിക്കുന്നതിന്റെ ഭാഗമായി...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 30

‘‘ജനങ്ങൾക്കിടയിൽ വിപ്ലവാവേശം ശക്തിപ്പെടുകയായിരുന്നു. 1917 ജൂൺ 10ന്‌ ഒരു പ്രകടനം നടത്താൻ...

ഐ.വി.ദാസ് മനുഷ്യന്റെ പച്ച

കടമ്മനിട്ടയുടെ 'മകനോട്' എന്ന കവിതയിൽ “മകനേ നീ മാന്യനാകാതിന്ന് മനുഷ്യന്റെ പച്ചയായ്ത്തീരൂ”...

ആരാണ് മുണ്ടു മുറുക്കി ഉടുക്കേണ്ടത്?

മേയ് 10-ന് തെലങ്കാനയിലെ ഹൈദരാബാദിൽ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി...
spot_img

Related Articles

Popular Categories

spot_imgspot_img