
സാഹിത്യം ഉണ്ടാല കാലംമുതൽ അതിന്റെ കർതൃത്വം പുരുഷനായിരുന്നു. സ്‌ത്രീ അവന്റെ വർണ്യവസ്‌തുവും. അൽപം അശ്ലീലം കലർന്ന ഭാഷയിൽ അവതരിപ്പിക്കപ്പെട്ട വർണ്ണനകൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്‌തു. കാലങ്ങൾക്കുശേഷവും അത്തരം വർണനാവരികളൊക്കെ ആളുകൾ മൂളിനടക്കുന്നുമുണ്ട്. കാലം മാറിയതോഴടെ ചിന്താഗതികൾക്ക് മാറ്റം വന്നു എന്നൊക്കെ ഒഴിക്കൻ മട്ടിൽ പറഞ്ഞുപോവാനല്ല ശ്രമിക്കേണ്ടത്. 1960കളോടെ ഫെമിനിസ്റ്റ് ചിന്താധാരകളും പ്രസ്ഥാനങ്ങളും ലോകമെമ്പാടും സജീവമായി. നിലനിന്ന ഒരു പുരുഷാധിപത്യ സമൂഹത്തോടും അതിന്റെ ചിട്ടവട്ടങ്ങളോടും ഒരുപാട് മല്ലടിച്ചാണ് അത്തരമൊരു ചിന്താഗതി മുന്നേറിയത്. അതിനെ തളർത്താനും പരമാവധി താഴ്‌ത്തിക്കെട്ടാനും നമ്മുടെ പുരുഷലോകം പ്രായഭേദമെന്യേ മത്സരിച്ചു. ആ പ്രസ്ഥാനം മാത്രമല്ല അതിന്റെ പ്രചാരകരായി രംഗത്തുവന്ന സ്‌ത്രീകളും ആപേക്ഷങ്ങൾക്ക് ഇരയായി. അതിനുപിന്നാലെ സ്‌ത്രീ സാഹിത്യരചനകൾ വന്നതോടെ എഴുത്തുകാർ സജീവമായി രംഗത്തെത്തി. വളരെ മുതിർന്ന എഴുത്തുകാർപോലും വാളെടുത്തു രംഗത്തുവരികയും എഴുത്തിൽ ശതമാനക്കണക്കിന് സംവരണം ആവശ്യമില്ലെന്ന് പ്രസ്‌താവന നടത്തുകയും ചെയ്‌തു. വാർത്താമാധ്യമങ്ങൾ വലിയ ചർച്ചകൾ സംഘടിപ്പിച്ചു. പക്ഷേ ആ പ്രസ്ഥാനം സകല ശക്തിയോടും കൂടി എല്ലാ പ്രതിഷേധങ്ങളെയും തകർത്തുകൊണ്ട് വളർന്നുവന്നു. അനേകം എഴുത്തുകാരികളും സജീവമായി.
അതോടൊപ്പം സ്‌ത്രീകൾ അടിമകളോ വെറും ഭോഗവസ്‌തുക്കളോ അല്ലെന്നും ചരിത്രത്തിലും സംസ്‌കാരനിർമിതിയിലും പുരുഷന്മാർക്കൊപ്പം തുല്യപദവിയുള്ളവരാണെന്നും തിരിച്ചറിഞ്ഞ ഒരു ന്യൂനപക്ഷവും ഉണ്ടായിരുന്നു. അവരുടെ എഴുത്തിൽ കടന്നുവന്ന ഒരു മനോഭാവത്തിൽനിന്നാണ് ആണിന്റെ പെണ്ണെഴുത്ത് എന്നൊരു പ്രസ്ഥാനം അങ്ങനെ രൂപമെടുത്തു. അതും പരിഹാസവും ആക്ഷേപങ്ങളും ധാരാളം കേട്ടു. യഥാർഥത്തിൽ വളരെ ശ്രമകരമായൊരു ദൗത്യമാണ് ഈ എഴുത്ത്. പാശ്ചാത്യസാഹിത്യത്തിൽ ഇത്തരമൊരു എഴുത്ത് രീതി വളർന്നുവന്നതിനൊപ്പം മലയാള സാഹിത്യത്തിലും ഈ രീതിയിലുള്ള കൃതികൾ ഉണ്ടായിവന്നു. അത്തരം ഒരു സ്‌ത്രീസൗഹൃദം പുലർത്തുന്ന ഒമ്പത് കഥകൾ ചേർന്ന ഒരു സമാഹാാരമാണ് ‘മരണാഖ്യാനം’.
മലയാള ചെറുകഥ സാഹിത്യത്തിൽ ആഖ്യാനം കൊണ്ടും പ്രമേയം കൊണ്ടും വളരെ വ്യത്യസ്‌തമയവ എന്ന് ഈ കഥകളെ വിശേഷിപ്പിക്കട്ടെ. ഇവ പ്രകടിപ്പിക്കുന്ന സ്‌ത്രീ പക്ഷപാതം മാത്രമല്ല അത്തരണെമാരു വിശേഷണത്തിനു കാരണം പറഞ്ഞ രീതിയുടെ വ്യതിയാനതയുമാണ്. തന്നെയും അമ്മയെയും ഉപദ്രവിക്കാൻ വരുന്ന മുതലാളിയെ കൊല്ലാനുള്ള സ്വാതന്ത്ര്യം മറിയ എന്ന നായികയ്‌ക്ക് നൽകുന്നത് കർത്താവുതന്നെയാണ്. മറിയം ബാക്കി വെച്ച വീഞ്ഞ് എന്ന കഥയുടെ കാലം ലോക്‌ഡൗണായതിനാൽ പള്ളിയും പട്ടക്കാരനും എന്തിനേറെ കർത്താവുപോലും ഏകാന്തതയിൽ ജീവിക്കുന്ന കാലത്താണ് മറിയം കുമ്പസാരിക്കാൻ വരുന്നത്. അവളുടെ അമ്മയെ സ്വന്തമാക്കാനായി അപ്പനെ കൊല്ലിക്കുന്നതും പിന്നെ തന്റെമേൽ കൈവെയ്‌ക്കാൻ ശ്രമിച്ച ചാക്കോ മുതലാളിയെ അവൾക്ക് കൊല്ലേണ്ടിവന്നു. വളരെ നിസ്സാരമായിട്ടാണ് പറയുന്നതെങ്കിലും ബലാത്സംഗത്തിനു വന്നവനെ കൊല്ലുന്നത് സ്വയരക്ഷയ്‌ക്കായതിനാൽ നിയമത്തിനു മുന്നിൽ കൊലപാതകമായി കണക്കാക്കില്ലെന്ന നിയമവശമൊക്കെ അവളോട് ആരോപതെന്ന മറിയം പറയുന്നതോടെ എല്ലാത്തിന്റെയും ഗതി പെട്ടെന്ന് മാറുന്നു.
പുരോഹിതൻ മറ്റെവിടെനിന്നും ഇത്തരമൊരു വാർത്തയ്‌ക്ക് വഴങ്ങില്ലെന്ന തേമാന്നലാണ് കുമ്പസാരക്കൂടിനെ ഒരു അഭയമാകാൻ അവളെ പ്രേരിപ്പിച്ചത്. കൊലപാതകത്തിനോ തുറന്നുപറച്ചിലിനോ ഒന്നും ഭയപ്പെടുത്താത്തവരാണ് ഈ കഥാലോകത്തെ സ്‌ത്രീകൾ. ‘ശോശന്ന മഞ്ഞ’യിലെ സൂസന്നയെയും കൊണ്ട് പൊലീസ് സ്‌റ്റേഷനിൽ എത്തുന്ന അവളുടെ ആന്റി പൊലീസുകാരോട് ഏറ്റുമുട്ടുന്നത് കണ്ടാൽ ഇത് വ്യക്തമാകും. സൂസന്നയ്‌ക്ക് തന്നെ കടന്നാക്രമിച്ചവൻ ആരെന്നറിയില്ല. അത് പൊലീസുകാർക്ക് ഒരു വലിയ തമാശയാണ്. അവന്റെ കൈയിൽ ബ്രേസ്‌ലെറ്റ് ഉണ്ടായിരുന്നുവെന്നതു മാത്രമാണ് അവളുടെ ഓർമ്മ. രണ്ടുപേർക്കും സമ്മതമാണെങ്കിൽ കെട്ടിച്ചുതരാം എന്ന പരിഹാസത്തോടാണ് ‘‘ഫ…! കഴുവേറീടെ മോനേ, എപ്പോഴാടാ പൊലീസ് സ്‌റ്റേഷനും കോടതീം ദല്ലാള് പണി തുടങ്ങിയത്? ഇച്ചിരി ഉളുപ്പ് വേണം. ലോകമെന്തെന്നറിയാത്ത കൊച്ചാ…’’ എന്ന ഒറ്റപ്പറച്ചിലിൽ പൊലീസുകാർ വിറച്ചുപോവുന്നതു കാണാം.
‘‘ദൈവത്തിന്റെ കൈയിൽ ഒരു കണക്കുപുസ്‌തകമേയുള്ളൂ. അത് സ്‌ത്രീകളെ ഉപദ്രവിച്ചോരുടേതാണ്. കാലമാവുമ്പോൾ ഒന്നൊന്നായി അവൻ വീട്ടിക്കൊള്ളും’’ എന്ന് ‘താപം’ എന്ന കഥയിലെ അൻവറിന്റെ അമ്മമ്മ പറയുന്നത് അവരുടെ തലമുറയുടെ സമാധാനമാണ്. പക്ഷേ ഇന്നത്തെ സാമൂഹ്യസാഹചര്യങ്ങളുമായി ഏറ്റുമുട്ടുന്ന സ്‌ത്രീകൾക്ക് ആ സമാധാനം പോരാതെവരുന്നു. അതുകൊണ്ടാണ് അവർ ആയുധം ഉപയോഗിക്കുകയും കൊയലാളികളായി മാറുകയും ചെയ്യുന്നത്. പതിനേഴുകാരിയുടെ ചുംബനം എന്നത് സിഗററ്റിന്റെ അവസാനത്തെ പഫിന്റെ ഓമനപ്പേരാണ് എന്ന് തിരിച്ചറിയുമ്പോഴും രുചിത എന്ന അമ്മയ്‌ക്ക് അത് പൊള്ളലാണ്. കാരണം അവരുടെ കുഞ്ഞിന്റെ ജഡം കോവിലിൽനിന്നും കണ്ടെടുത്ത് കൊണ്ടുവന്നത് അവളൊറ്റയ്‌ക്കായിരുന്നു.

ചോരപുരണ്ട ഉടുപ്പുകളും പെറ്റിക്കോട്ടുകളും ഈ കഥകളിൽ കയ്യേറ്റങ്ങളുടെ പ്രതീകങ്ങളായി മാറുന്നുണ്ട്. ദളിത് പശ്ചാത്തലത്തിൽ എഴുതിയ ‘പഞ്ചമി’ എന്ന കഥയിൽ ആഖ്യാതാണ് അന്പിളിയാണ്. വില്ലുവണ്ടി സമരവും വിദ്യാഭ്യാസ നീക്കങ്ങളും ഓർമപ്പെടുത്തിക്കൊണ്ട് അന്പിളിയുടെ അച്ചാച്ചൻ കോളനിയിലെ എല്ലാ പെൺകുട്ടികളെയും സ്‌കൂളിൽ ചേർക്കുകയും എല്ലാവർക്കും പഞ്ചമി എന്നു പേരിട്ടു. പക്ഷേ അന്പിളിയുടെ വാക്കുകളിൽ പറഞ്ഞാൽ ‘‘മരക്കൊന്പുകൾ താഴ്‌ന്നുവന്ന് കുട്ടികയെ തൂക്കിയെടുത്തു പോവുന്ന’’ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് അന്പിളിക്കറിയാം. അതുകൊണ്ടാണ് മകൾ നഷ്ടപ്പെടുമ്പോഴും ആത്മ്യേ ചെയ്യില്ലെന്ന് അവൾ ഉറപ്പിക്കുന്നത്. മൂങ്ങ വിശ്വം എന്ന ഗുണ്ടയുടെ ഭാര്യക്ക് അയാളെ കൊല്ലേണ്ടിവരുന്നത് താനും തന്റെ അമ്മയുമൊക്കെ അയാൾക്ക് വിൽപനവസ്‌തുക്കളായി മാറുന്നുവെന്ന തിരിച്ചറിവിൽനിന്നാണ്. (‘മരണാഖ്യാനം’ എന്ന കഥ) അയാളെ പ്രതീക്ഷിച്ച് പുറത്ത് നിൽക്കുന്നവർ അകത്ത് അഹിതമായി എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന് സംശയിക്കുകയും മൂങ്ങ വിശ്വം ആയതിനാൽതന്നെ ഏത് പ്രതിസന്ധിയെയും മറികടന്നുപോരും എന്നാശ്വസിക്കുകയും ചെയ്യുന്നുണ്ട്. ആ ആശ്വാസത്തിനുശേഷം കഥാകൃത്തിന്റെ ആത്മഗതമായി വരുന്ന വാചകം ‘‘ബിന്ദുവിനെ അവർക്ക് പരിചയമില്ലല്ലോ…’ എന്നാണ്. അത് ഈ കഥാലോകത്തിലെ എല്ലാ സ്‌ത്രീകളെ സംബന്ധിച്ചും ശരിയാണ്. പുറമേ കാണുന്നതിനപ്പുറം മറ്റൊരു സത്യം കൂടി വഹിക്കുന്നവർ. ‘ഗോപാലകൃഷ്‌ണനും ജാനകി’യും എന്ന കഥയിലെ നളിനിയോട് പട്ടാളക്കാരാനായ ഭർത്താവ് നമ്മുടെ ആദ്യരാത്രി ഓർമ്മയുണ്ടോ എന്ന് ചോദിക്കുമ്പോഴത്തെ മറുപടി ‘‘നിങ്ങളോടൊത്തുള്ള ഒരു രാത്രിയും ഞാൻ ഓർത്തുവെച്ചിട്ടില്ല.
നിങ്ങളെപ്പോഴും യുദ്ധം ചെയ്യുന്ന പട്ടാളക്കാരനായിരുന്നു. ഞാൻ സമാധാനഭൂമിയും. കീഴടക്കുന്നതിൽ മാത്രമല്ല, ചവുട്ടിമെതിക്കുന്നതിലും നിങ്ങൾ ആനന്ദം കൊണ്ടു’’. എന്ന വരികൾ താൻ പുരുഷനാണ് എന്ന അയാളുടെ അഹന്തകളത്രയും തകർത്തു തിപ്പണമാക്കാൻ പോരുന്നതാണ്. പൊതുവേ ഈ സ്‌ത്രീകളുടെ നൊന്പരങ്ങൾക്കൊപ്പം തങ്ങൾക്ക് ഒന്നും ചെയ്യാനാവിണില്ലല്ലോ എന്ന് നൊന്പരപ്പെടുന്ന ചില പുരുഷന്മാരും ഇവിടെയുണ്ട്. ശോശന്ന മഞ്ഞയിലെ പുരോഹിതൻ താനൊരു പുരുഷനായിപ്പോയതിനാൽ തന്നോട് പൊറുക്കണം എന്നു പറയുന്നുണ്ട്. ഇത്തരം ക്ഷമാപണത്തോടെയാണ് കർത്താവുപോലും ഈ കഥകളിൽ പ്രത്യക്ഷപ്പെടുന്നത്. പൊതുവേ ഏകാന്തത; കടുത്ത ഏകാന്തത അനുഭവിക്കുന്നവരാണ് ഈ കഥാപാത്രങ്ങളത്രയും. ആ ഭാവത്തിനാവട്ടെ സ്‌ത്രീ പുരുഷ ഭേദങ്ങളുമില്ല. ‘മരണാഖ്യാനം’ എന്ന സമാഹാരത്തിലെ ഒന്പത് കഥകളും അവ പറഞ്ഞ രീതികൊണ്ടുതന്നെ വളരെ വ്യത്യസ്‌തങ്ങളാണ്. പൊതു ദൃശ്യമാധ്യമവുമായി എഴുത്തുകാരനുള്ള അടുപ്പം കഥയുടെ ആഖ്യാനത്തെ സഹായിക്കുന്നുണ്ട്. താൻ കഥയിലേക്ക് വഴിതെറ്റി വീണു എന്ന് പുസ്‌തകത്തിന്റെ ആദ്യം ഒരു ക്ഷമാപണം പോലെ പറയുന്നുണ്ടെങ്കിലും അതിന്റെ യാതൊരു ലാഞ്ചനയും പതർച്ചയും ഇല്ലാതെ കഥ പറഞ്ഞുതീർക്കാൻ അനിൽകുമാർ തിരുവോത്തിന് കഴിയുന്നുണ്ട്. ഗോപാലകൃഷ്‌ണനും ജാനകിയും എന്ന കഥയിലെ കഥാപാത്രങ്ങൾ രണ്ട് നായ്‌ക്കളാണ് എന്നത് കഥയുടെ മധ്യഭാഗമെങ്കിലും എത്തുമ്പോഴാണ് മനസ്സിലാവുക. അത്തരമൊരു നിഗൂുഢത പൊതുവേ കഥയിലാകമാനം എഴുത്തുകാരൻ സൂക്ഷിക്കുന്നുണ്ട്. ഒപ്പം അവൾക്കൊപ്പം നിൽക്കുക എന്നത് അവളെ ഉൾക്കൊണ്ടുകൊണ്ട് നിൽക്കുക എന്നത് ഒട്ടും അനായാസകരമായൊരു പ്രവർത്തിയല്ലെന്നും ഓർമ്മപ്പെടുത്തുന്നു. ‘താപ’ത്തിലെ രുചിത എന്തിന് ക്ഷോഭിക്കുന്നുവെന്ന് അൻവറിന് മനസ്സിലാവാത്തതുപോലെ.
മരണാഖ്യാനം
അനിൽകുമാർ തിരുവോത്ത്
ഒളിവ് ബുക്‌സ്
കോഴിക്കോട്
വില രൂപ‐ 270




