ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ജി വിജയകുമാർ

ഇനിയൊരവസരമില്ല

‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ പെട്രോഗ്രാഡിൽ എന്നെ കാണാനെത്തി. ബിസിനസുകാരും ബുദ്ധിജീവികളും അദ്ദേഹത്തെ അറിയിച്ചത്‌, വിപ്ലവം മന്ദഗതിയിലായിരിക്കുന്നുവെന്നാണ്‌; അതിന്റെ തീവ്രത കുറഞ്ഞതായാണ്‌. ഇത്‌ സംബന്ധിച്ച്‌ പ്രൊഫസർ ഒരു ലേഖനം എഴുതി; എന്നിട്ട്‌ രാജ്യത്തുടനീളം അദ്ദേഹം സഞ്ചരിച്ചു. പട്ടണങ്ങളിലെ ഫാക്ടറികളിലും കർഷകസമൂഹങ്ങളിലുമെല്ലാം അദ്ദേഹം കയറിയിറങ്ങി ആശയവിനിമയം നടത്തി; വിപ്ലവത്തിന്റെ വേഗത കൂടുന്നതായാണ്‌ അവിടങ്ങളിൽനിന്നെല്ലാം അദ്ദേഹം മനസ്സിലാക്കിയത്‌; ഇതദ്ദേഹത്തെ അത്ഭുതപ്പെടുത്തി. കൂലിവേലക്കാരും മണ്ണിൽ പണിയെടുക്കുന്നവരുമെല്ലാം, ‘‘കൃഷിഭൂമി കർഷകർക്ക്‌, ഫാക്ടറികളെല്ലാം തൊഴിലാളികൾക്ക്‌’’ എന്നിങ്ങനെ പറയുന്നത്‌ സർവസാധാരണമായി കേൾക്കാൻ കഴിയുമായിരുന്നു. പ്രൊഫസർ യുദ്ധമുന്നണി സന്ദർശിച്ചിരുന്നുവെങ്കിൽ, സൈനികർ ഒന്നടങ്കം സമാധാനത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌ അദ്ദേഹത്തിന്‌ കേൾക്കാൻ കഴിയുമായിരുന്നു…

‘‘പ്രൊഫസർ ആകപ്പാടെ ആശയക്കുഴപ്പത്തിലായി; പക്ഷേ അദ്ദേഹം അങ്ങനെ ആശയക്കുഴപ്പത്തിലാകേണ്ട കാര്യമൊന്നുമില്ല; കാരണം രണ്ട്‌ നിരീക്ഷണങ്ങളും ശരിതന്നെയാണ്‌. സ്വത്തുടമ വർഗങ്ങൾ കൂടുതൽ കൂടുതൽ യാഥാസ്ഥിതികരായി മാറുകയായിരുന്നു; ജനസാമാന്യമാകട്ടെ അധികമധികം പുരോഗമനവാദികളായും മാറുന്നുണ്ടായിരുന്നു.’’
‐ (John Read, Ten Days That Shook The World, Page 29, Penguin Books 1970)

ജൂലൈ മുന്നേറ്റത്തിന്‌ തിരിച്ചടി നേരിട്ടതോടെ സ്വത്തുടമ വർഗങ്ങൾ ഇടതുപക്ഷത്തിന്റെ ദൗർബല്യങ്ങളിൽനിന്നും അവർക്കിടയിലെ അഭിപ്രായഭിന്നതകളിൽനിന്നും മുതലെടുക്കാൻ തുടങ്ങി. ക്രമേണ അവർക്ക്‌ നഷ്ടപ്പെട്ട മേൽക്കൈ തിരിച്ചുപിടിക്കാനുള്ള നീക്കം തുടങ്ങി. ഭൂ ഉടമകളും ഫാക്ടറി ഉടമകളും കൂടുതൽ ആക്രമണാത്മക നിലപാട്‌ സ്വീകരിക്കാൻ തുടങ്ങി. ആഗസ്‌ത്‌ അവസാനമായപ്പോൾ രാഷ്‌ട്രീയരംഗം പാടെ മാറിമറിഞ്ഞു. പ്രവാസിയായി കഴിഞ്ഞിരുന്ന ലെനിനാണ്‌ പെട്രോഗ്രാഡിൽ എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ ആദ്യം തിരിച്ചറിയുകയും സംഭവഗതികൾ എങ്ങോട്ടാണ്‌ നീങ്ങുന്നതെന്ന്‌ പതിവുപോലെ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്‌തത്‌.

ആഗസ്‌ത്‌ മധ്യമായപ്പോൾ പ്രധാനമന്ത്രി കെറൻസ്‌കി രാജ്യത്തിന്‌ പുതിയൊരു ഭരണഘടന തയ്യാറാക്കുന്നതിനുള്ള സമിതിയെന്ന പേരിൽ മോസ്‌കോയിൽ ഔദ്യോഗികമായ ഒരു യോഗം ചേർന്നു. അതിലെ അംഗങ്ങളിൽ കുറച്ചുപേർ തിരഞ്ഞെടുക്കപ്പെട്ടവരും അധികംപേരും സർക്കാർ നിയോഗിച്ചവരുമായിരുന്നു. റഷ്യൻ രാഷ്‌ട്രീയം വലതുപക്ഷമായും ഇടതുപക്ഷമായും ധ്രുവീകരിക്കപ്പെട്ടതായാണ്‌ പ്രധാനമായും ഈ പുതിയ സംഭവവികാസം വെളിപ്പെടുത്തിയത്‌. കെറൻസ്‌കിക്ക്‌ ഇരുപക്ഷത്തുനിന്നും പിന്തുണ നേടിയെടുക്കാൻ കഴിയുന്നതായും ഇത്‌ വ്യക്തമായി.

കോർണിലോവും കൂട്ടാളികളും

ഭരണഘടന നിർമിക്കാനെന്ന പേരിലുള്ള ഈ സമ്മേളനം നടക്കവെതന്നെ മോസ്‌കോയിൽ ബോൾഷെവിക്‌ നേതൃത്വത്തിൽ പൊതുപണിമുടക്കും നടക്കുന്നുണ്ടായിരുന്നു. നഗരജീവിതത്തെ സ്‌തംഭിപ്പിച്ച ഈ പണിമുടക്ക്‌ ഭരണഘടനാനിർമാണ സമ്മേളനത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചു. വലതുപക്ഷത്തിന്റെ വക്താവായി ഉയർന്നുകൊണ്ടിരുന്ന സൈനിക മേധാവി ജനറൽ കൊർണിലോവ്‌ പ്രധാനമന്ത്രി കെറൻസ്‌കിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻവരെയാകുന്നിടത്തെത്തി കാര്യങ്ങൾ. സൈന്യത്തിനുള്ളിലെ കമ്മിറ്റികളുടെ പ്രവർത്തനത്തെ അടിച്ചമർത്തുക, സൈന്യത്തിൽ വധശിക്ഷ വീണ്ടും കൊണ്ടുവരിക, പല ഫാക്ടറികളെയും ഗതാഗത സംവിധാനങ്ങളെയും സൈനിക അച്ചടക്കത്തിന്‌ വിധേയമാക്കുക എന്നിങ്ങനെയുള്ള കെറൻസ്‌കിയുടെ നയങ്ങൾ നടപ്പാക്കാനുള്ള ചുമതലക്കാരനാണ്‌ താനെന്ന നിലപാടിൽ എത്തിയിരുന്നു ജനറൽ കൊർണിലോവ്‌. ഒരു പൊതുയോഗത്തിൽ കൊർണിലോവിന്റെ ഉള്ളിലിരുപ്പ്‌ പൊതുവേദിയിൽ അവതരിപ്പിച്ചത്‌ അയാളുടെ അടുപ്പക്കാരനും കൊസാക്കുകളുടെ മേധാവിയുമായ കലേഡിനായിരുന്നു (Kaledin).

കൌട്സ്കി

സമ്മേളനം നടക്കുന്ന ഹാളിനു പുറത്തായി സൈനികോദ്യോഗസ്ഥരും ഭൂ ഉടമകളും ഫാക്ടറി ഉടമകളും ബാങ്കർമാരും വലതുപക്ഷ രാഷ്‌ട്രീയക്കാരും ഉൾപ്പെടെ വലിയൊരു സംഘം തമ്പടിച്ചിരുന്നു. ഇതിനിടയിൽ ആഗസ്‌ത്‌ അവസാനത്തോടെ കൊർണിലോവ്‌ നിയമാനുസൃത ഭരണാധികാരിയാകാൻ ഒരു നീക്കം നടത്തി‐ ശരിക്കും ഒരട്ടിമറി നീക്കം. എന്നാൽ ആ അട്ടിമറിനീക്കം വിജയിച്ചില്ല. അത്‌ പൊളിച്ചത്‌ തൊഴിലാളികളും സോവിയറ്റുകളുമാണ്‌. അതിനവരെ പ്രേരിപ്പിച്ചതാകട്ടെ, പ്രൊവിഷണൽ സർക്കാരിന്റെ കടുത്ത എതിരാളികളായ ബോൾഷെവിക്കുകളും. മോസ്‌കോയിൽ തിരിച്ചടി നേരിട്ട് ജനറൽ കൊർണിലോവ്‌ സൈന്യത്തെ പെട്രോഗ്രാഡിലേക്ക്‌ നയിച്ചു. പെട്രോഗ്രാഡ്‌ സോവിയറ്റിനെയും ജനകീയ മുന്നേറ്റത്തെയും തകർത്ത്‌ വലതുപക്ഷ മേധാവിത്വം സ്ഥാപിക്കുകയെന്ന ലക്ഷ്യമായിരുന്നു ഈ നീക്കത്തിനു പിന്നിൽ. എന്നാൽ പെട്രോഗ്രാഡ്‌ സോവിയറ്റ്‌ ഈ പട്ടാളനീക്കം തടയാൻ റെയിൽവേ അടച്ചിട്ടു. മാത്രമല്ല, കൊർണിലോവ്‌ നയിച്ച പട്ടാളക്കാർക്കിടയിൽ, പ്രത്യേകിച്ചും അതിലെ ഏറ്റവും ആക്രമണാത്മക വിഭാഗങ്ങളായ ചെച്ചെൻ, ഇൻഗുഷ്‌ ഡിവിഷനുകളിൽ പെട്രോഗ്രാഡ്‌ സോവിയറ്റിനും ജനകീയ വിപ്ലവത്തിനും അനുകൂലമായ നിലപാട്‌ സ്വീകരിക്കാനുള്ള പ്രചാരണത്തിനുവേണ്ട സംഘങ്ങളെ നിയോഗിക്കുകയും ചെയ്‌തു. ഈ പ്രചരണം ശക്തിപ്പെട്ടതോടെ കൊർണിലോവിന്റെ സൈന്യത്തിനുള്ളിൽ സോവിയറ്റിനും ജനകീയ വിപ്ലവത്തിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.

അങ്ങനെ യഥാർഥത്തിൽ ജനറൽ കൊർണിലോവിന്റെ അട്ടിമറിയെയെ ഫലപ്രദമായി പൊളിച്ചത്‌ സോവിയറ്റ്‌ ശക്തികളാണ്‌, ജനകീയ മുന്നേറ്റമാണ്‌. ഒടുവിൽ ആഗസ്‌ത്‌ 31ന്‌ (സെപ്‌തംബർ 13) ജനറൽ കൊർണിലോവിനെ അറസ്റ്റുചെയ്യാൻ കെറൻസ്‌കി ഗവൺമെന്റ്‌ നിർബന്ധിതമാവുകയാണുണ്ടായത്‌. തുടക്കത്തിൽ, കെറൻസ്‌കിയുടെ പിന്തുണയോടെ തന്നെയായിരുന്നു കൊർണിലോവിന്റെ നീക്കങ്ങൾ. ഇത്‌ തുടർന്നാൽ തനിക്ക്‌ തിരിച്ചടിയുണ്ടാകുമെന്ന്‌ ഭയന്നാണ്‌ കെറൻസ്‌കി പാതിവഴിയിൽ കൊർണിലോവിനെ കൈവെടിഞ്ഞത്‌. തുടർന്ന്‌ സോവിയറ്റ്‌ സംവിധാനത്തിന്‌ ആയുധങ്ങൾ നൽകുകയും ട്രോട്‌സ്‌കി ഉൾപ്പെടെയുള്ള സോവിയറ്റ്‌ നേതാക്കളെ ജയിൽമോചിതരാക്കുകയും ചെയ്‌തു. എന്നാൽ അപ്പോഴും ലെനിൻ പ്രവാസിയായിതന്നെ ഒളിവിൽ തുടരാനാണ്‌ തീരുമാനിച്ചത്‌. അദ്ദേഹം ഫിൻലണ്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന റാസ്‌ലിവിൽ നിന്ന്‌ (Razliv) ഫിൻലണ്ടിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലേക്ക്‌ താമസം മാറ്റി.

ജനറൽ കൊർണിലോവിനെ അറസ്റ്റുചെയ്‌ത നടപടി സൈനിക മേധാവികളെയും പൊതുവിൽ വലതുപക്ഷത്തെയാകെയും കെറൻസ്‌കിക്കെതിരാക്കി. അതേസമയം സോവിയറ്റുകൾക്കനുകൂലമായ നിലപാടിലേക്ക്‌ ചുവടുമാറ്റിയതിന്റെ പേരിൽ ഇടതുക്ഷത്തുനിന്ന്‌ കാര്യമായ പിന്തുണ ഉണ്ടായതുമില്ല. കാരണം കൊർണിലോവിനെ സൈനികമേധാവിയായി നിയമിച്ചതും അയാളെ ആദ്യഘട്ടത്തിൽ പിന്തുണച്ചതും കെറൻസ്‌കിയാണെന്ന യാഥാർഥ്യം ബോൾഷെവിക്‌ നേതൃത്വം ശക്തമായി ഉയർത്തിയിരുന്നു. കൊർണിലോവിന്റെ അട്ടിമറിനീക്കവും തുടർന്നുള്ള സംഭവങ്ങളും ബോൾഷെവിക്ക്‌ വിഭാഗത്തിന്‌ കരുത്തായി. പ്രൊവിഷണൽ ഗവൺമെന്റിൽ ചേരുകയോ അതിനെ പിന്തുണയ്‌ക്കുകയോ ചെയ്യരുതെന്ന ലെനിന്റെ ഉറച്ച നിലപാടും വരാനിരിക്കുന്ന സംഭവഗതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനസ്വഭാവമുള്ള വാക്കുകളുമാണ്‌ ശരിയായി മാറിയത്‌. ബോൾഷെവിക്കുകൾക്കനുകൂലമായി ജനവികാരം ശക്തിപ്പെടുന്നതിന്റെ പ്രതിഫലനം പെട്രോഗ്രാഡ്‌ സോവിയറ്റിൽ അതേവരെ ന്യൂനപക്ഷമായിരുന്ന ബോൾഷെവിക്കുകൾ കൊണ്ടുവന്ന പ്രമേയം വൻ ഭൂരിപക്ഷത്തോടെ പാസ്സാക്കപ്പെട്ടതിൽ കാണാം. കൊർണിലോവിന്റെ അറസ്റ്റും പെട്രോഗ്രാഡ്‌ സോവിയറ്റിൽ ബോൾഷെവിക്‌ പ്രമേയം പാസാക്കപ്പെട്ടതും യാദൃശ്ചികമായിട്ടാണെങ്കിലും ഒരേ ദിവസമായിരുന്നു. നിർണായകപ്രാധാന്യമുള്ള സോവിയറ്റുകളിൽ ബോൾഷെവിക്കുകൾ ഭൂരിപക്ഷം നേടുന്നതും അവയുടെ നേതൃത്വം ഏറ്റെടുക്കുന്നതും ആദ്യമായാണ്‌.

ജനറൽ കൊർണിലോവിന്റെ അട്ടിമറിനീക്കം ഫലത്തിൽ അയാളുടെ എതിരാളികൾക്കാണ്‌ സഹായകമായി മാറിയത്‌. ബഹുജനങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു ജാഗ്രതപ്പെടുത്തലായി മാറി. പരന്പരാഗതമായ അച്ചടക്കശൈലി വീണ്ടും കൊണ്ടുവരുന്നതായി സൈനികർക്കും ബോധ്യമായി. പ്രധാന ഫാക്ടറികളിലെല്ലാം പട്ടാളനിയമം അടിച്ചേൽപ്പിക്കാൻ പോകുന്നുവെന്ന അപകടം തൊഴിലാളികൾക്ക്‌ കാണാൻ കഴിഞ്ഞു. മനഃപൂർവം സൃഷ്ടിക്കപ്പെടുന്ന ലോക്കൗട്ടുകളും ഫാക്ടറി അടച്ചുപൂട്ടലുകളും തന്മൂലം തൊഴിൽ നഷ്ടപ്പെടുന്നതും ഒഴിവാക്കാൻ ഫാക്ടറികളുടെ മാനേജ്‌മെന്റ്‌ തങ്ങൾ നേരിട്ട്‌ ഏറ്റെടുക്കണമെന്ന്‌ തൊഴിലാളികൾക്കും ബോധ്യമായി. കർഷകർക്ക്‌ ഭൂമി കിട്ടണമെങ്കിൽ അത്‌ പിടിച്ചെടുക്കുകതന്നെ വേണമെന്ന്‌ അവർക്കും മനസ്സിലായി. സെപ്‌തംബറായപ്പോൾ കർഷകർ ഭൂമി പിടിച്ചെടുക്കുന്ന സംഭവങ്ങൾ ശ്രദ്ധേയമായവിധം വർധിച്ചു.

പ്രൊവിഷണൽ ഗവൺമെന്റിനോട്‌ ഒട്ടിനിൽക്കുന്ന മെൻഷെവിക്കുകളെയും സോഷ്യലിസ്റ്റ്‌ റവല്യൂഷണറികളെയും ജനങ്ങൾ വിശ്വസിക്കാതായി. മുമ്പ്‌ തിരഞ്ഞെടുപ്പുകളിൽ ജനങ്ങളുടെ വോട്ട്‌ ഏറെയും പാർട്ടികൾക്കാണ്‌ ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ ജനങ്ങൾ അവയിലേക്ക്‌ തിരിയാതായി. ജനങ്ങൾക്ക്‌ അത്രമാത്രം അവരിൽ വിശ്വാസ്യത നഷ്ടപ്പെട്ടിരുന്നു. അതേസമയം രാഷ്‌ട്രീയകക്ഷികളിൽനിന്നും ഗൂഢനീക്കങ്ങളിൽനിന്നും അകന്നുനിന്നിരുന്ന ബോൾഷെവിക്കുകളിലേക്ക്‌ ജനങ്ങൾ നേതൃത്വത്തിനായി നോക്കാൻ തുടങ്ങി. ശരിക്കും ബോൾഷെവിക്കുകൾ മഹാഭൂരിപക്ഷം ജനങ്ങളുടെയും ഹൃദയം കവർന്നു. ജനങ്ങൾക്ക്‌ വേണ്ടത്‌ സമാധാനവും ഭക്ഷണവും ഭൂമിയുമായിരുന്നു; അധികാരം സോവിയറ്റുകൾക്കായിരിക്കണമെന്നും ജനങ്ങൾ ആഗ്രഹിച്ചു. ഇവ നേടിയെടുക്കാൻ ബോൾഷെവിക്കുകൾക്കല്ലാതെ മറ്റാർക്കും ആവില്ലെന്ന ഉറച്ച നിഗമനത്തിൽ ജനങ്ങൾ എത്തിച്ചേർന്നു. കൃത്യമായി പറഞ്ഞാൽ ജനവികാരം ഇടതുപക്ഷത്തിന്‌, ബോൾഷെവിക്കുകൾക്ക്‌ അനുകൂലമായി തിരിഞ്ഞു.

റഷ്യൻ രാഷ്‌ട്രീയത്തിൽ വന്നുകൊണ്ടിരുന്ന ഈ മാറ്റങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്‌, ഈ പുതിയ രാഷ്‌ട്രീയ ദശാസന്ധിയെക്കുറിച്ച്‌ സംഭവങ്ങൾ നടക്കുമ്പോൾ റഷ്യയിൽ ഇല്ലാതിരുന്ന ലെനിനാണ്‌ മറ്റാരെക്കാളും മുൻപേ കൃത്യമായി തിരിച്ചറിഞ്ഞത്‌. പ്രൊവിഷണൽ ഗവൺമെന്റിന്റെ നയങ്ങളിൽ ജനങ്ങൾ അസംതൃപ്‌തരാണെന്നും ആ ഗവൺമെന്റിൽനിന്നും ജനങ്ങൾ അകന്നുപോവുകയാണെന്നും കൃത്യമായി ആദ്യം നിരീക്ഷിച്ചത്‌ ലെനിനാണ്‌. അപ്പോഴും അദ്ദേഹം കത്തുകളും ലേഖനങ്ങളും ഇടതടവില്ലാതെ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു.

ഇവയിൽ അദ്ദേഹം പ്രധാനമായും ഊന്നിപ്പറഞ്ഞത്‌, ബോൾഷെവിക്‌ പാർട്ടി കൊർണിലോവിനെതിരെ കെറൻസ്‌കിയുടെ സൈന്യത്തിനൊപ്പം ചേർന്ന്‌ പൊരുതുമ്പോഴും അവർ കെറൻസ്‌കിയെ പിന്തുണയ്‌ക്കുകയായിരുന്നില്ല എന്നാണ്‌. കൊർണിലോവിന്റെ സഹായികളായ മില്യൂക്കോവിനെ (Miliukov) പോലെയുള്ളവരെ അറസ്റ്റുചെയ്യുന്നതും നാമമാത്രമായി പ്രവർത്തിച്ചിരുന്ന ദൂമ പോലുള്ള വലതുപക്ഷ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതും പോലെയുള്ള കടുത്ത നടപടികൾ കൈക്കൊള്ളുന്നതിന്‌ അദ്ദേഹം കെറൻസ്‌കിയെ നിർബന്ധിതനാക്കുകപോലുമുണ്ടായി. അതേസമയം കൃഷിഭൂമിയും സമാധാനവും ഭക്ഷണവും പോലെയുള്ള ആവശ്യങ്ങൾ നിരന്തരം ശക്തമായി അതാത്‌ വിഭാഗങ്ങളിൽനിന്ന്‌ ഉയർന്നുകൊണ്ടിരുന്നു. ‘‘നിരുപാധികമായ സമാധാനം’’ എന്ന മുദ്രാവാക്യമാണ്‌ ലെനിൻ മുന്നോട്ടുവെച്ചത്‌. ഇതിനർഥം യുദ്ധം അവസാനിപ്പിക്കാനും അതിനു കഴിഞ്ഞില്ലെങ്കിൽ ഈ യുദ്ധത്തെ വിപ്ലവയുദ്ധമാക്കി മാറ്റാനുമുള്ള തന്റെ പദ്ധതിക്കൊപ്പം മെൻഷെവിക്കുകളും സോഷ്യലിസ്റ്റ്‌ റവല്യൂഷണറികളും ചേരണമെന്നാണ്‌. സെപ്‌തംബർ 6ന്‌ (സെപ്‌തംബർ 19) എഴുതിയ On Compromises (Lenin Collected Works, Vol 25) എന്ന ലേഖനത്തിൽ ഇത്തരമൊരു അനുരഞ്‌ജനനീക്കത്തെക്കുറിച്ച്‌ ലെനിൻ ആവർത്തിക്കുന്നുണ്ട്‌. കൊർണിലോവിന്റെ അട്ടിമറിനീക്കമാണ്‌ അനുരഞ്‌ജന ചർച്ചയെക്കുറിച്ച്‌ ചിന്തിക്കാനുള്ള അവസരമുണ്ടാക്കിയത്‌. അത്തരമൊരു അനുരഞ്‌ജനം സാധ്യമാക്കുന്നതിന്‌ മെൻഷെവിക്കുകളും സോഷ്യലിസ്റ്റ്‌ റവല്യൂഷണറികളും പ്രൊവിഷണൽ ഗവൺമെന്റിൽനിന്ന്‌ പുറത്തുവരണമെന്നും സോവിയറ്റുകളോട്‌ വിധേയത്വമുള്ള പുതിയൊാരു ജനാധിപത്യ ഗവൺമെന്റിന്‌ രൂപംനൽകണമെന്നും ലെനിൻ നിർദേശിച്ചു. മാത്രമല്ല, എത്രയും പെട്ടെന്ന്‌ പുതിയൊരു ഭരണഘടനാനിർമാണ സഭയ്‌ക്ക്‌ രൂപംനൽകണമെന്നും ലെനിൻ ഈ പാർട്ടികളോട്‌ ആവശ്യപ്പെട്ടു.

ലെനിനും സഖാക്കളും

ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെട്ടാൽ ജനാധിപത്യപരമായ ഒരന്തരീക്ഷം നിലവിൽവരുമെന്നും ബോൾഷെവിക്കുകൾക്കായിരിക്കും അതിൽനിന്ന്‌ നേട്ടമുണ്ടാവുകയെന്നും ലെനിൻ ഉറച്ചു വിശ്വസിച്ചു. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന ജനാധിപത്യാന്തരീക്ഷവും സ്വാതന്ത്ര്യവും സമാധാനപരവുമായ മാർഗത്തിലൂടെ ഭൂരിപക്ഷ ജനതയുടെ പിന്തുണയാർജിക്കാൻ ബോൾഷെവിക്കുകൾക്ക്‌ കഴിയുമെന്ന ആശയമാണ്‌ On Compromise എന്ന ലേഖനത്തിൽ ലെനിൻ മുന്നോട്ടുവെച്ചത്‌. ഏതു സാഹചര്യത്തിലും സമാധാനപരമായ മാർഗത്തിനാണ്‌ പ്രഥമ പരിഗണന നൽകിയിരുന്നതെന്നാണ്‌ ഇത്‌ വിരൽചൂണ്ടുന്നത്‌. 1917 സെപ്‌തംബർ 26, 27 (ഒക്ടോബർ 9, 10) തീയതികളിൽ റബോച്ചിപുച്ച്‌ (Rabochy Put) പ്രസിദ്ധീകരിച്ച The Tasks of the Revolution എന്ന ലേഖനത്തിൽ (Collected Works, Vol 26) ലെനിൻ വിപ്ലവം സമാധാനപരമായി സാധ്യമാകുന്നതിനെ സംബന്ധിച്ച്‌ വീണ്ടും പറയുന്നുണ്ട്‌. ഇതിൽ അദ്ദേഹം വിപുലമായ ഒരു ജനാധിപത്യ സഖ്യത്തിന്റെ സാധ്യതയെയും ആവശ്യകതയെയും സംബന്ധിച്ചാണ്‌ ചർച്ചചെയ്യുന്നത്‌.

എന്നാൽ വലിയൊരു തകർച്ച, ഒരു ദുരന്തം ഒഴിവാക്കുന്നതിന്‌ വിപ്ലവം അനിവാര്യമാണെന്ന്‌ The Impending Catastrophe and How to Combat It എന്ന ലഘുലേഖയിൽ ഏതാനും ദിവസം മുമ്പ്‌ പറഞ്ഞ (1917 സെപ്‌തംബർ 10‐14‐23‐27) ലെനിനാണ്‌ പിന്നീട്‌ അനുരഞ്‌ജനത്തെക്കുറിച്ചും സമാധാനപരമായ മാർഗത്തെക്കുറിച്ചും ചർച്ച ചെയ്യുന്നത്‌. ലെനിൻ ഈ കാലത്തുടനീളം മുന്നോട്ടുവെയ്‌ക്കുന്ന കേന്ദ്ര ആശയം ‘‘അധികാരം സോവിയറ്റുകൾക്ക്‌ എന്നതാണ്‌. ലെനിൻ എഴുതുന്നു: ‘‘അധികാരം സോവിയറ്റുകൾക്ക്‌ എന്നു പറയുന്നതിന്റെ അർഥം രാജ്യത്തിന്റെ ഭരണാധികാരവും സമ്പദ്‌ഘടനയുടെ നിയന്ത്രണവും പൂർണമായും തൊഴിലാളികളുടെയും കർഷകരുടെയും കരങ്ങളിലേക്ക്‌ കൈമാറുകയെന്നാണ്‌; തൊഴിലാളികളോടും കർഷകരോടും എതിരിട്ട്‌ നിൽക്കാൻ മറ്റാരും ധൈര്യപ്പെടില്ല; പ്രയോഗത്തിലൂടെ, സ്വന്തം അനുഭവത്തിലൂടെ എങ്ങനെയാണ്‌ ഭൂമിയും ഉൽപ്പന്നങ്ങളും ധാന്യവും കൃത്യമായി വിതരണം ചെയ്യേണ്ടതെന്ന്‌ അവർ അതിവേഗം പഠിക്കും.’’ (Lenin, Collected Works, Vol 25, P. 73)

അനുരഞ്‌ജനത്തെക്കുറിച്ചും ഐക്യപ്പെടലിനെക്കുറിച്ചും ചർച്ചചെയ്‌തുകൊണ്ടിരുന്ന ലെനിൻ മറ്റുള്ളവരെയാകെ ഞെട്ടിച്ചുകൊണ്ട്‌ വീണ്ടുമൊരു ചുവടുമാറ്റം നടത്തി‐ സെൻട്രൽ കമ്മിറ്റിക്കും മോസ്‌കോയിലെയും പെട്രോഗ്രാഡിലെയും പാർട്ടി കമ്മിറ്റികൾക്കും ലെനിൻ എഴുതിയ ഒരു കത്താണ്‌ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെപോലും ഞെട്ടിച്ചത്‌. സെപ്‌തംബർ 12നും 14നുമിടയ്‌ക്ക്‌ (സെപ്‌തംബർ 25‐27) എഴുതിയ ആ കത്ത്‌ തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്‌: ‘‘രണ്ട്‌ തലസ്ഥാനനഗരങ്ങളിലെയും (പെട്രോഗ്രാഡും മോസ്‌കോയും) തൊഴിലാളികളുടെയും സൈനികരുടെയും ഡെപ്യൂട്ടികളുടെ സോവിയറ്റുകളിൽ ബോൾഷെവിക്കുകൾക്ക്‌ ഭൂരിപക്ഷം ലഭിക്കുന്നുണ്ട്‌; അതോടെ അവർക്ക്‌ ഭരണകൂടാധികാരം പിടിച്ചെടുക്കാൻ കഴിയുന്നു. അവർ അത്‌ പിടിച്ചെടുക്കുക തന്നെ വേണം.’’ വിവിധ പാർട്ടി കമ്മിറ്റികൾക്ക്‌ ലെനിൻ അയച്ച കർക്കശമായ നിർദേശപരന്പരയുടെ തുടക്കമായിരുന്നു ഇത്‌. ഓരോ ദിവസവും പിന്നിടുന്തോറും അദ്ദേഹത്തിന്റെ വാക്കുകൾക്ക്‌ കാർക്കശ്യം കൂടിവരുന്നതായും കാണാം. അനുരഞ്‌ജനത്തെക്കുറിച്ചോ അധികാരം പങ്കുവയ്‌ക്കലിനെക്കുറിച്ചോ സമാധാനപരമായ പരിവർത്തനത്തെക്കുറിച്ചോ ഒന്നും ഒരു വാക്കുപോലും ഇവിടെയോ തുടർന്നോ ലെനിൻ പറയുന്നില്ല എന്നതാണ്‌ ശ്രദ്ധിക്കപ്പെടേണ്ടത്‌.

സോവിയറ്റുകളിൽ ബോൾഷെിക്കുകൾക്ക്‌ ഭൂരിപക്ഷം നേടാനായി എന്നതിനർഥം നിർണായകവും ഏകപക്ഷീയവും വിപ്ലവകരവുമായ നടപടിയിലേക്ക്‌ നീങ്ങാനുള്ള സമയമായി എന്നാണെന്ന്‌ ലെനിൻ അർഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കി. തുടർന്നുള്ള ദിവസങ്ങളിൽ ലെനിൻ എഴുതിയ കത്തുകളിലും ലേഖനങ്ങളിലുമെല്ലാം ഇതിനെക്കാളും കർക്കശമായ ഭാഷയാണ്‌ ലെനിൻ ഉപയോഗിക്കുന്നത്‌. ഇതിനടുത്ത ദിവസം ലെനിൻ എഴുതിയതിങ്ങനെ: ‘‘ഇപ്പോൾതന്നെ നാം അധികാരം ഏറ്റെടുക്കുന്നില്ലായെങ്കിൽ ചരിത്രം നമുക്ക്‌ മാപ്പ്‌ തരില്ല.’’ ഈ ആശയത്തോട്‌ പുറംതിരിഞ്ഞുനിൽക്കുന്നത്‌ ക്രൂരവും മാർക്‌സിസത്തിന്റെ വളച്ചൊടിക്കലും അവസരവാദികൾക്കുമാത്രം അവലംബിക്കാൻ കഴിയുന്ന കാര്യവുമാണെന്നും അടുത്തൊരുദിവസം ലെനിൻ എഴുതുന്നു. ഇത്തരമൊരവസരം നഷ്ടപ്പെടുത്തുന്നത്‌ ശുദ്ധവിവരക്കേടും മണ്ടത്തരവുമാണെന്നും അത്‌ തനിവഞ്ചനയാണെന്നും ലെനിൻ തുടർന്നുള്ള മറ്റൊരു കുറിപ്പിൽ രേഖപ്പെടുത്തുന്നു. നിർണായകമായ തീരുമാനമെടുക്കുന്നത്‌ നീട്ടിക്കൊണ്ടുപോകുന്നത്‌ കുറ്റകരമാണെന്നും കാലതാമസം വരുത്തുന്നതിന്റെ അനന്തരഫലം മാരകമായിരിക്കുമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നുണ്ട്‌.

സെൻട്രൽ കമ്മിറ്റിക്കും മോസ്‌കോ‐പെട്രോഗ്രാഡ്‌ കമ്മിറ്റികൾക്കുമുള്ള കത്തിൽ അത്‌ വായിച്ചുകഴിഞ്ഞാലുടൻ നശിപ്പിച്ചുകളയണമെന്നും അങ്ങനെ ചെയ്‌തില്ലെങ്കിൽ പാർട്ടിയെയാകെ അപകടത്തിലാക്കുമെന്നും ലെനിൻ മുന്നറിയിപ്പ്‌ നൽകിയതിൽനിന്നുതന്നെ അദ്ദേഹത്തിന്റെ വാക്കുകളുടെ പ്രാധാന്യം വ്യക്തമാണ്‌. സെപ്‌തംബർ 29ന്റെ (ഒക്ടോബർ 11) കത്തിൽ താൻ പറയുന്നത്‌ സെൻട്രൽ കമ്മിറ്റി ഗൗരവത്തിലെടുക്കുന്നില്ലെങ്കിൽ അതിൽനിന്ന്‌ രാജിവെക്കാൻ നിർബന്ധിതനാകുമെന്നും ലെനിൻ പറയുന്നു. സെൻട്രൽ കമ്മിറ്റിയിലെ പലരും അപ്പോഴും കാര്യങ്ങൾ നേരിട്ട്‌ കാണാതെ, പ്രവാസിയായി കഴിയുന്ന ലെനിന്റെ മോഹചിന്ത മാത്രമായാണ്‌ അദ്ദേഹത്തിന്റെ വാക്കുകളെ കണ്ടത്‌. പക്ഷേ ലെനിന്റെ ഓരോ വാക്കും വസ്‌തുതകളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ളവയായിരുന്നു.

1917 ഒക്ടോബർ ഒന്നിന്‌ (ഒക്ടോബർ 13) നിർണായകപ്രാധാന്യമുള്ള ഒരു കത്തുകൂടി ലെനിൻ എഴുതി. അത്‌ നേതൃതലത്തിലെ മൂന്ന്‌ കമ്മിറ്റികൾക്ക്‌ മാത്രമല്ല, മോസ്‌കോ‐പെട്രോഗ്രാഡ്‌ സോവിയറ്റുകളിലെ ബോൾഷെവിക്‌ അംഗങ്ങൾക്കുകൂടി അയച്ചു. താഴെതലത്തിലെ പ്രവർത്തകരിൽനിന്ന്‌ നേരിട്ട്‌ പിന്തുണ തേടാനുള്ള ഒരു നീക്കമായിരുന്നു ഇത്‌. ‘‘ഉടൻതന്നെ മോസ്‌കോവിലും പെട്രോഗ്രാഡിലും നാം അധികാരം പിടിച്ചെടുത്താൽ (ആദ്യം ഏതെന്നതിന്‌ വലിയ പ്രാധാന്യം കൽപിക്കേണ്ട; മോസ്‌കോയായിരിക്കും കൂടുതൽ സാധ്യത) നമുക്ക്‌ പരിപൂർണമായും വിജയം നേടാനാകും’’. മോസ്‌കോ കമ്മിറ്റിക്ക്‌ ഈ ദൗത്യം ഏറ്റെടുക്കാനാകുമെന്ന്‌ കരുതുന്നുണ്ടെങ്കിൽ അവർ ഉടൻ അത്‌ ചെയ്യണമെന്ന്‌ അദ്ദേഹം അവരോട്‌ നിർദേശിക്കുന്നുണ്ട്‌. ഒക്ടോബർ 7ന്‌ (ഒക്ടോബർ 20) ബോൾഷെവിക്‌ പാർട്ടിയുടെ പെട്രോഗ്രാഡ്‌ സിറ്റി കമ്മിറ്റിയുടെ കോൺഫറൻസിനെ അഭിസംബോധന ചെയ്‌തെഴുതിയ കത്തിൽ വിപ്ലവം ആരംഭിക്കാൻ ബാൾട്ടിക്‌ കപ്പൽപ്പട തയ്യാറാകുമെന്ന്‌ താൻ പ്രതീക്ഷയോടെ നോക്കുന്നുവെന്ന്‌ അദ്ദേഹം പറയുന്നുണ്ട്‌.

ഈ ഘട്ടത്തിലെത്തിയപ്പോൾ ഇനിയും പെട്രോഗ്രാഡിൽനിന്ന്‌ അകന്നുനിന്നാൽ ശരിയാവില്ലെന്ന തീരുമാനത്തിൽ ലെനിൻ എത്തി. ഒളിവിൽ തുടർന്നുകൊണ്ടുതന്നെ അദ്ദേഹം പെട്രോഗ്രാഡിൽ എത്തുകയും മാർഗൊരീത്ത വാസിലേവ്‌ന ഫൊഫാനോവ (Marguerita Vasilevna Fofanova) എന്ന പാർട്ടി പ്രവർത്തകയുടെ അപ്പാർട്ട്‌മെന്റിൽ തങ്ങുകയും ചെയ്‌തു. ഇടതുപക്ഷ മെൻഷെവിക്കായ എൻ എൻ സുഖാനോവിന്റെയും (N N Sukhanov) അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും ബോൾഷെവിക്‌ പാർട്ടി അംഗവുമായ ഗലീന ഫ്ളാക്‌സെർമാന്റെയും (Galina Flakserman) വസതിയിൽ ലെനിൻ മുൻകൈയെടുത്ത്‌ ഒക്ടോബർ 10ന്‌ (ഒക്ടോബർ 23) സെൻട്രൽ കമ്മിറ്റി വിളിച്ചുചേർക്കുകയും രാത്രി മുഴുവൻ ചർച്ചചെയ്‌ത്‌ സായുധപോരാട്ടം അജൻഡയിൽ ഉൾപ്പെടുത്തിക്കുകയും ചെയ്‌തു. പാർട്ടി നേതൃനിരയിൽ ലെനിന്‌ തൊട്ടടുത്തുള്ള (രണ്ടും മൂന്നും സ്ഥാനക്കാരായി അറിയപ്പെട്ടിരുന്ന) കമനേവും സീനോവീവും മാത്രമാണ്‌ സായുധസമരത്തിലേക്ക്‌ നീങ്ങുന്നതിനെതിരെ കേന്ദ്രകമ്മിറ്റിയിൽ വോട്ടുചെയ്‌തത്‌. മറ്റെല്ലാവരും അനുകൂലമായി വോട്ടുചെയ്‌തു.

ഒക്ടോബർ 16ന്‌ (ഒക്ടോബർ 29) ചേർന്ന കേന്ദ്രകമ്മിറ്റി യോഗത്തിലും സായുധസമരം തുടങ്ങുന്നതിന്റെ വിശദാംശങ്ങളിലേക്ക്‌ കടക്കാനായില്ല എന്നത്‌ ലെനിനെ നിരാശപ്പെടുത്തി. മാത്രമല്ല ഒക്ടോബർ 18ന്‌ (ഒക്ടോബർ 31) മാക്‌സിം ഗോർക്കിയുടെ പത്രാധിപത്യത്തിൽ പ്രവർത്തിച്ചിരുന്ന നൊവ്യഷിസിൻ (Novaia Zhizin‐ നവജീവൻ) എന്ന പത്രത്തിൽ കമനേവും സീനോവീവും ചേർന്ന്‌ ബോൾഷെവിക്കുകൾ അധികാരം പിടിച്ചെടുക്കുന്നതിനെതിരായി തങ്ങളുടെ അഭിപ്രായം പരസ്യമാക്കുന്ന ഒരു ലേഖനമെഴുതി. ബോൾഷെവിക്ക്‌ പാർട്ടിക്കെതിരെ ആക്രമണമഴിച്ചുവിടാൻ പ്രൊവിഷണൽ ഗവൺമെന്റിന്‌ അവസരമൊരുക്കിയ നടപടിയായിരുന്നു ഇത്‌. ലെനിൻ രോഷാകുലനായി ഇരുവരെയും അപലപിച്ചു‐ വഞ്ചകരെന്നും തുരപ്പന്മാരെന്നും കരിങ്കാലികളെന്നുമാണ്‌ അവരെ അദ്ദേഹം വിശേഷിപ്പിച്ചത്‌. എന്നാൽ ഒക്ടോബർ 20ന്‌ (നവംബർ 2) ചേർന്ന കേന്ദ്രകമ്മിറ്റി ലെനിൻ ആഗ്രഹിച്ചതുപോലെ ഇരുവരെയും പാർട്ടിയിൽനിന്ന്‌ പുറത്താക്കുകയായിരുന്നില്ല, മറിച്ച്‌ പാർട്ടി അച്ചടക്കത്തിന്‌ വിധേയരായി നിൽക്കാൻ ശക്തമായി ആവശ്യപ്പെടുക മാത്രമാണുണ്ടായത്‌.

കടുത്ത തീരുമാനങ്ങളിലേക്ക്‌ നീങ്ങുന്നതിൽനിന്നും വ്യക്തിപരമായ പരിഗണനകളൊന്നും തന്നെ ലെനിനെ പിന്തിരിപ്പിച്ചിരുന്നില്ല. മുന്പ്‌ മാർത്തോവിന്റെയും പ്ലെഖാനോവിന്റെയും ബോഗ്‌ദനോവിന്റെയും കാര്യത്തിലെന്നപോലെ തന്റെ ഉറ്റ ചങ്ങാതിയും ഫിൻലണ്ടിലെ പ്രവാസത്തിൽ ഒന്നിച്ച്‌ കഴിഞ്ഞിരുന്നയാളുമായ സീനോവീവിന്റെ കാര്യത്തിലും അദ്ദേഹം കർക്കശമായ നിലപാടാണ്‌ സ്വീകരിച്ചത്‌. എന്നാൽ ഇരുവരും പാർട്ടി അച്ചടക്കത്തിന്‌ വിധേയരായി പ്രവർത്തിക്കണമെന്ന്‌ സെൻട്രൽ കമ്മിറ്റി തീരുമാനിക്കുകയും കമനേവും സീനോവീവും അതംഗീകരിക്കുകയും ചെയ്‌തതോടെ ലെനിൻ തന്റെ കടുത്ത നിലപാടിൽനിന്നും പിൻവാങ്ങി ആ തീരുമാനത്തിനൊപ്പം നിന്നു.

കേന്ദ്രകമ്മിറ്റിയിലെ സഖാക്കൾക്ക്‌ ഒക്ടോബർ 24ന്‌ (നവംബർ 6) എഴുതിയ കത്തിൽ സായുധരായ ജനങ്ങൾ നേരിട്ട്‌ രംഗത്തെത്തി അധികാരം പിടിച്ചെടുക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്‌. ഈ കത്ത്‌ സെൻട്രൽ കമ്മിറ്റിയിലെ സഖാക്കൾക്ക്‌ എത്തിക്കുന്നതിന്‌ അദ്ദേഹം മാർഗരീത്തയുടെ കൈവശം കൊടുത്തയച്ചു. എന്നാൽ അതിന്റെ മറുപടിയുമായി മാർഗരീത്ത മടങ്ങിവരുന്നതുവരെ കാത്തിരിക്കാൻ ലെനിൻ തയ്യാറായില്ല. ഈ അവസരം നഷ്ടപ്പെട്ടാൽ പിന്നീട്‌ വിപ്ലവം അസാധ്യമാകുമെന്ന്‌ അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതുകൊണ്ട്‌ അദ്ദേഹം നേരിട്ട്‌ സെൻട്രൽ കമ്മിറ്റി ആസ്ഥാനത്തേക്ക്‌ ഉടൻതന്നെ പോവുകയാണുണ്ടായത്‌. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു നിമിഷംപോലും പാഴാക്കാനാകുമായിരുന്നില്ല. സോവിയറ്റുകൾ അധികാരം കയ്യടക്കുന്നതിലൂടെ മാത്രമേ സാന്പാത്തികവും സാമൂഹികവുമായ മഹാദുരന്തത്തിലേക്ക്‌ പതിക്കുന്നതിൽനിന്ന്‌ റഷ്യയെ രക്ഷിക്കാനാവൂയെന്നായിരുന്നു ലെനിന്റെ വാദം. അതിന്‌ ഇനിയും കാത്തിരിക്കരുത്‌, വൈകിയാൽ പിന്നൊരവസരം ഉണ്ടാകില്ലായെന്നുമായിരുന്നു ലെനിൻ ഉറച്ചുവിശ്വസിച്ചത്‌.

ഇതിനിടയിൽ ലെനിൻ താഴെയുള്ള കമ്മിറ്റികളിലേക്ക്‌ തന്റെ സങ്കൽപ്പനങ്ങൾ കൈമാറിയതിന്റെ ഫലം കണ്ടുതുടങ്ങിയിരുന്നു. 1917 ഒക്ടോബർ 12ന്‌ (ഒക്ടോബർ 25) പെട്രോഗ്രാഡ്‌ സോവിയറ്റ്‌ മിലിട്ടറി റവല്യൂഷണറി കമ്മിറ്റിക്ക്‌ രൂപംനൽകി. പിന്നീടാണ്‌ സെൻട്രൽ കമ്മിറ്റിയുടെ മിലിട്ടറി റവല്യൂഷണറി സെന്ററിന്‌ രൂപംനൽകിയത്‌. ഒക്ടോബർ 24ന്‌ (നവംബർ 6) ബോൾഷെവിക്‌ ശക്തികേന്ദ്രങ്ങളിലൊന്നായ വൈബോർഗ്‌ ജില്ലയിലെ ജനമുന്നേറ്റത്തെ ക്രൂപ്‌സ്‌കായ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്‌:

‘‘വൈബോർഗ്‌ ജില്ല വിപ്ലവത്തിനായി തയ്യാറെടുക്കുകയായിരുന്നു. 50 തൊഴിലാളി സ്‌ത്രീകൾ രാത്രിമുഴുവൻ കൗൺസിൽ ഓഫീസിൽ ഇരുന്നു; അവിടെ ഒരു വനിതാ ഡോക്ടർ അവർക്ക്‌ പ്രഥമ ശുശ്രൂഷ സംബന്ധിച്ച നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ജില്ലാകമ്മിറ്റിയുടെ മുറിയിൽ പ്രവർത്തകർ തിരക്കിട്ട്‌ തൊഴിലാളികളെ ആയുധമണിയിക്കുകയായിരുന്നു; ഓരോ ഗ്രൂപ്പായി മുന്നോട്ടുവന്ന്‌ ആയുധങ്ങൾ കൈപ്പറ്റിക്കൊണ്ടിരുന്നു.’’ (Remniscences of Lenin)

1917 ഒക്ടോബർ 24‐25 രാത്രിക്കു മുന്പ്‌ (നവംബർ 6‐7) ലെനിൻ ഒരു ഘട്ടത്തിലും നേരിട്ട്‌ അധികാരം പിടിച്ചെടുക്കുന്നതിന്റെ നടപടികളിൽ ഏർപ്പെട്ടിരുന്നില്ല. എന്നാൽ സോവിയറ്റുകളുടെ കോൺഗ്രസിനെ സംരക്ഷിക്കുന്നതിനായി അത്‌ നടക്കുകയായിരുന്ന സ്‌മോൾനി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒക്ടോബർ 25ന്‌ (നവംബർ 7) പ്രഭാതം പൊട്ടിവിടർന്നപ്പോൾ തന്റെ ഒളിവിലെ പ്രച്ഛന്നവേഷം ഉപേക്ഷിച്ച്‌ ലെനിൻ നേരിട്ട്‌ പ്രത്യക്ഷപ്പെട്ടതോടെ പ്രൊവിഷണൽ ഗവൺമെന്റിന്റെ അവസാനത്തെ അവശിഷ്ടത്തെയും തുടച്ചുനീക്കുന്നതിനായി അദ്ദേഹത്തിനു പിന്നിൽ ആവേശപൂർവം അണിനിരന്നു. ബോൾഷെവിക്കുകൾ മാത്രമല്ല, ഇടതുപക്ഷ മെൻഷെവിക്കുകളും ഇടതുപക്ഷ സോഷ്യലിസ്റ്റ്‌ റവല്യൂഷണറികളും അരാജകവാദികളുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. ലെനിൻ ഒളിവിൽനിന്ന്‌ നാടകീയമായി നേരിട്ട്‌ രംഗത്തെത്തിയത്‌ ചെറുത്തുനിൽപ്പിൽനിന്ന്‌ മുന്നേറ്റത്തിലേക്ക്‌ നീങ്ങാനുള്ള ആഹ്വാനമായി മാറി. സോവിയറ്റുകളുടെ സിരാകേന്ദ്രമായ സ്‌മോൾനി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചേരുന്നതുവരെ ലെനിൻ ഒളിവിൽ, പ്രച്ഛന്നവേഷത്തിൽ തന്നെയായിരുന്നു. അതേവരെ ഒളിവിലിരുന്ന്‌ കരുക്കൾ നീക്കിയിരുന്ന അദ്ദേഹം സ്‌മോൾനി ഇൻസ്റ്റിറ്റ്യൂട്ടിൽ കടന്നയുടൻ തന്റെ പ്രച്ഛന്നവേഷം അദ്ദേഹത്തെ അനുഗമിച്ചിരുന്ന ഉറ്റ ചങ്ങാതിയും ബോൾഷെവിക്‌ നേതാവുമായ ബോഞ്ച്‌ ബ്രുയേവിച്ചിന്‌ കൈമാറി.

ഒക്ടോബർ 24‐25 അർധരാത്രിയോടെ (നവംബർ 6‐7), അതായത്‌ ലെനിൻ പ്രത്യക്ഷപ്പെട്ടശേഷം, ആണ്‌ സ്‌മോൾനി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ നിർണായകമായ തീരുമാനങ്ങൾ പുറത്തുവന്നത്‌. പിറ്റെദിവസം ഒക്ടോബർ 25 (നവംബർ 7), രാവിലെ 10 മണിക്ക്‌ പ്രൊവിഷണൽ ഗവൺമെന്റിനെ പുറത്താക്കിയതും സോവിയറ്റ്‌ ഗവൺമെന്റ്‌ സ്ഥാപിക്കപ്പെട്ടതും സംബന്ധിച്ച പ്രഖ്യാപനവും പുറത്തുവന്നു. എന്നിരുന്നാലും, പ്രൊവിഷണൽ ഗവൺമെന്റിന്റെ ആസ്ഥാനമായിരുന്ന വിന്റർ പാലസ്‌ വിപ്ലവകാരികൾ പിടിച്ചെടുത്തതും അവിടുണ്ടായിരുന്ന മന്ത്രിമാരെ അറസ്റ്റുചെയ്‌തതും പിറ്റേദിവസം വൈകുന്നേരത്തോടെയാണ്‌. അതിനകംതന്നെ കെറൻസ്‌കി നഗരംവിട്ട്‌ പോയിക്കഴിഞ്ഞിരുന്നു. ഒക്ടോബർ 26 (നവംബർ 8) രാവിലെ വിപ്ലവത്തിന്റെ നായകനെന്ന നിലയിൽ സ്‌മോൾനി ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയായിരുന്ന സോവിയറ്റുകളുടെ രണ്ടാം കോൺഗ്രസിൽ പങ്കെടുത്ത ലെനിൻ തന്റെ അധ്യക്ഷതയിലുള്ള പുതിയ മന്ത്രിസഭ (കൗൺസിൽ ഓഫ്‌ പീപ്പിൾസ്‌ കമ്മിസാർസ്‌) അധികാരം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. അപ്പോൾതന്നെ സമാധാനവും ഭൂമിയും സംബന്ധിച്ച പുതിയ സോവിയറ്റ്‌ ഗാൺമെന്റിന്റെ ഉത്തരവുകളും പുറപ്പെടുവിച്ചു. l
(തുടരും)

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...

നിറങ്ങൾ തൻ നൃത്തം – അമേരിക്കൻ ചിത്രകാരൻ ടിഷ്യൻ റാംസെ പീൽ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1799...

മരണാഖ്യാനം ഒരു വായന

  സാഹിത്യം ഉണ്ടാല കാലംമുതൽ അതിന്റെ കർതൃത്വം പുരുഷനായിരുന്നു. സ്‌ത്രീ അവന്റെ വർണ്യവസ്‌തുവും....

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...

നിറങ്ങൾ തൻ നൃത്തം – അമേരിക്കൻ ചിത്രകാരൻ ടിഷ്യൻ റാംസെ പീൽ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1799...

മരണാഖ്യാനം ഒരു വായന

  സാഹിത്യം ഉണ്ടാല കാലംമുതൽ അതിന്റെ കർതൃത്വം പുരുഷനായിരുന്നു. സ്‌ത്രീ അവന്റെ വർണ്യവസ്‌തുവും....

തൊഴിലുറപ്പ് പദ്ധതി ചരിത്രത്തിലേക്ക് നടന്നുകയറുമോ?

ഇടതുപക്ഷം ശക്തമായി മുന്നോട്ടുവെച്ച സാമൂഹികാവകാശ അജണ്ടയുടെ ഭാഗമായിരുന്നു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി....

ഇൻഫർമേഷൻ ഓവർലോഡ്‌

ഒരു മനുഷ്യന്‌ ജീവിക്കാൻ അറിവ്‌ എത്രത്തോളം അനിവാര്യമാണെന്ന്‌ നമുക്കറിയാം. ആഹാരം, വസ്‌ത്രം,...

ആദ്യ ഇന്ത്യൻ ‘ഇറോട്ടിക് സൈക്കിക് ത്രില്ലർ’ മലയാളത്തിൽ

സിനിമാസംബന്ധിയായ ഒരു ചർച്ചക്കിടയിൽ , തലമൂത്ത ഒരു സിനിമാസ്വാദകൻ "ആ..ഹാ മലയാളചലച്ചിത്രശാഖയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img