ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ജി വിജയകുമാർ

ഭരണകൂടവും വിപ്ലവവും ലെനിനും

‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ പോരായ്‌മകളെയോ മുതലാളിത്തത്തിന്റെ പിശകുകൾനിറഞ്ഞ രാഷ്‌ട്രീയ പുറന്തോടിനെയോ ആശ്രയിച്ചല്ല അതുള്ളത്‌ എന്നതുകൊണ്ടാണ്‌. മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം അതിന്‌ ഏറ്റവും ഉചിതമായ രാഷ്‌ട്രീയ പുറന്തോടാണ്‌ ജനാധിപത്യ റിപ്പബ്ലിക്‌; അതുകൊണ്ടുതന്നെ ഒരിക്കൽ മൂലധനം ഏറ്റവും മികച്ച ഈ പുറന്തോടിൻമേൽ അധീശത്വം നേടിക്കഴിഞ്ഞാൽ, പിന്നെ അത്രമേൽ ദൃഢമായും സുരക്ഷിതമായും അത്‌ അതിന്റെ അധികാരം ഉറപ്പിക്കുന്നു; അതായത്‌ പിന്നീടങ്ങോട്ട്‌ ഈ ബൂർഷ്വാ ജനാധിപത്യ റിപ്പബ്ലിക്കിലെ വ്യക്തികളിലോ സ്ഥാപനങ്ങളിലോ പാർട്ടികളിലോ ഉണ്ടാകുന്ന മാറ്റങ്ങൾക്കൊന്നുംതന്നെ മൂലധനത്തെ പിടിച്ചുകുലുക്കാൻ കഴിയില്ല.’’
‐ The State and Revolution, Vol 25, Page 393.

1917 ആഗസ്‌ത്‌‐സെപ്‌തംബർ മാസങ്ങളിൽ ഒളിവിലിരിക്കെയാണ്‌ ലെനിൻ The State and Revolution: The Marxist Theory of the State and the Tasks of the Proletariat in the Revolution (ഭരണകൂടവും വിപ്ലവവും: ഭരണകൂടത്തെ സംബന്ധിച്ച മാർക്‌സിസ്റ്റ്‌ സിദ്ധാന്തവും വിപ്ലവത്തിൽ തൊഴിലാളിവർഗത്തിന്റെ കടമകളും) എന്ന കൃതി രചിച്ചത്‌. റഷ്യൻ വിപ്ലവത്തിന്‌ തൊട്ടുമുമ്പാണ്‌ ലെനിൻ ആ കൃതി എഴുതിയതെങ്കിലും വിപ്ലവാനന്തരം 1918ലാണ്‌ അദ്ദേഹം അത്‌ പൂർത്തിയാക്കിയത്‌. വിപ്ലവം ആസന്നമായ പശ്ചാത്തലത്തിലാണ്‌ ആ കൃതിയുടെ രചന അപൂർണമായി നിർത്തിവെച്ചത്‌. വിജയകരമായി വിപ്ലവം പൂർത്തീകരിക്കപ്പെട്ടതോടെ ആ ഗ്രന്ഥത്തിന്റെ തുടർന്നുള്ള അധ്യായങ്ങൾ എഴുതുന്നതിലല്ല, പുതിയ തൊഴിലാളിവർഗ ഭരണകൂടം കെട്ടിപ്പടുക്കുന്നതിലും സോഷ്യലിസ്റ്റ്‌ സമ്പദ്‌ഘടനയുടെ ആദ്യ ഘട്ടത്തിന്‌ അടിത്തറപാകുന്നതിലുമാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. അതുകൊണ്ടുതന്നെ ഈ പുസ്‌തകം വിപ്ലവാനന്തരം 1918ൽ ‘അപൂർണ’മായ അവസ്ഥയിൽ തന്നെ പ്രസിദ്ധീകരിക്കുകയാണുണ്ടായത്‌. അതിന്റെ തുടർന്നുള്ള ഭാഗങ്ങൾ പ്രയോഗത്തിലൂടെയാണ്‌ അദ്ദേഹം അവതരിപ്പിച്ചത്‌. പ്രയോഗത്തിന്റെ ഓരോ സന്ദർഭത്തിലും ഉയർന്നുവന്ന പ്രശ്‌നങ്ങൾ അതാത്‌ സന്ദർഭങ്ങളിൽ ലേഖനങ്ങളായും പാർട്ടി തീരുമാനങ്ങളായും പ്രസിദ്ധീകരിക്കപ്പെടുകയുമുണ്ടായി.

ഈ ലഘുഗ്രന്ഥത്തിന്റെ സൈദ്ധാന്തികമായ പ്രാധാന്യം ഒരാൾക്കും കുറച്ചു കാണാനാവില്ല. ബുഖാറിൻ അക്കാലത്ത്‌ പ്രസ്‌താവിച്ചതുപോലെ, ഭരണകൂടത്തെ സംബന്ധിച്ച മാർക്‌സിന്റെയും എംഗത്സിന്റെയും ആശയങ്ങൾക്കുമേൽ പ്ലെഖാനോവിനെയും കൗട്‌സ്‌കിയെയും പോലുള്ള റിവിഷനിസ്റ്റുകൾ പടർത്തിയ പൊടിപടലങ്ങൾ തുടച്ചുനീക്കി യഥാർഥ തിളക്കത്തോടെയും ശക്തിയിലും അവതരിപ്പിക്കുകയായിരുന്നു ലെനിൻ. കമ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോയിൽനിന്നും മാർക്‌സിന്റെ ഗോഥാപരിപാടി, ഫ്രാൻസിലെ ആഭ്യന്തരയുദ്ധം, എംഗത്സിന്റെ കുടുംബം, സ്വകാര്യസ്വത്ത്‌, ഭരണകൂടം എന്നിവയുടെ ഉത്ഭവം എന്നീ കൃതികളിൽനിന്നും മാർക്‌സിന്റെയും എംഗത്സിന്റെയും കത്തുകളിൽനിന്നും മറ്റു ലഘുലേഖകളിൽനിന്നും വ്യാപകമായി ഉദ്ധരിച്ചു ചേർത്താണ്‌ ലെനിൻ തന്റെ വാദഗതികൾ തെളിമയോടെ അവതരിപ്പിക്കുന്നത്‌. എന്നാൽ, യാന്ത്രികമായി ഉദ്ധരണികളിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുക മാത്രമല്ല, അവയെ വികസിപ്പിക്കുകയും കാലോചിതമാക്കുകയും കൂടി ചെയ്യുന്നു ലെനിൻ.

ഈ കൃതിയുടെ തുടക്കത്തിൽതന്നെ ലെനിൻ പറഞ്ഞുവെയ്‌ക്കുന്ന ഒരു കാര്യമുണ്ട്‌. എല്ലാ വിപ്ലവകാരികളെയും അവർ ജീവിച്ചിരിക്കവെ ശക്തമായി എതിർക്കുന്നവർ ആ വിപ്ലവകാരികളുടെ മരണാന്തരം അവരുടെ പിന്തുടർച്ചക്കാരായി സ്വയംപ്രഖ്യാപിച്ചുകൊണ്ട്‌ വിപ്ലവാശയങ്ങളിൽ വെള്ളം ചേർക്കുന്നത്‌, അതിന്റെ ശക്തി കെടുത്തുന്നത്‌ ചരിത്രത്തിലുടനീളം കാണാമെന്നതാണത്‌. ബേൺസ്റ്റീനെയും കൗട്‌സ്‌കിയെയും മെൻഷെവിക്കുകളെയും പോലുള്ളവർ നടത്തിയ വളച്ചൊടിക്കലുകളെ അത്തരത്തിലാണ്‌ കാണേണ്ടത്‌. ലെനിന്റെ കാര്യത്തിൽ പിൽക്കാല റിവിഷനിസ്റ്റുകൾ ചെയ്‌തതും ഇതുതന്നെയാണ്‌.

എന്നാൽ, ലെനിന്റെ വാദഗതിയുടെ അർഥം മാർക്‌സിന്റെയും എംഗത്സിന്റെയും വാക്കുകൾ വേദമന്ത്രങ്ങൾപോലെ ഉരുവിട്ടുകൊണ്ടിരിക്കണമെന്നുമല്ല. ഈ വിപ്ലവസിദ്ധാന്തം പ്രവർത്തനത്തിനുള്ള വഴികാട്ടിയാണെന്നും കാലദേശാനുസരണം സാഹചര്യങ്ങളെക്കുറിച്ച്‌ വസ്‌തുനിഷ്‌ഠമായി വിശകലനം ചെയ്‌തായിരിക്കണം അതിന്റെ പ്രയോഗമെന്നും ലെനിൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്‌. 1890കളിൽ വിപ്ലവചിന്താ പദ്ധതി അവതരിപ്പിക്കുന്നതുതന്നെ ഈ ധാരണയോടുകൂടിയാണ്‌. കമ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോയിൽ അവതരിപ്പിച്ച ചില കാര്യങ്ങൾ മാർക്‌സും എംഗത്സും അവരുടെ ജീവിതകാലത്തുതന്നെ കാലോചിതമായി പരിഷ്‌കരിക്കുന്നുണ്ട്‌. അക്കാര്യവും ലെനിൻ ഓർമിപ്പിക്കുന്നുണ്ട്‌.

യഥാർഥത്തിൽ മാർക്‌സിന്റെ വിസ്‌മരിക്കപ്പെട്ടുകൊണ്ടിരുന്ന ആശയങ്ങളെ ഉയർത്തിയെടുത്ത്‌ പുതിയ സാഹചര്യത്തിൽ അതിന്റെ പ്രയോഗം എങ്ങനെയെന്ന്‌ തെളിയിക്കുകയായിരുന്നു ലെനിൻ. മാർത്ത ഹെർണേക്കറെപോലെയുള്ള ലാറ്റിനമേരിക്കൻ മാർക്‌സിസ്റ്റ്‌ ചിന്തകരും ജോദി ഡീനിനെപോലെയുള്ള മാർക്‌സിസ്റ്റ്‌ പണ്ഡിതരും സമകാലികാനുഭവങ്ങൾ ചൂണ്ടിക്കാട്ടി ലെനിന്റെ ‘എന്തു ചെയ്യണം?’, ‘ഭരണകൂടവും വിപ്ലവവും’ എന്നീ കൃതികളിലൂടെ അവതരിപ്പിക്കപ്പെട്ട ആശയങ്ങളുടെ പ്രാധാന്യത്തെയും ഇന്നും അതിനുള്ള പ്രസക്തിയെയുംകുറിച്ച്‌ വ്യക്തമായി പറയുന്നുണ്ട്‌. പക്ഷേ വസ്‌തുനിഷ്ഠ സാഹചര്യങ്ങൾ വിശകലനം ചെയ്‌തായിരിക്കണം അവയുടെ പ്രയോഗം എന്നുമാത്രം.

20‐ാം നൂറ്റാണ്ടിൽ ലോകത്തുടനീളം ലെനിന്റെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള രാഷ്‌ട്രീയ പ്രസ്ഥാനങ്ങൾ (കമ്യൂണിസ്റ്റ്‌ പാർട്ടികൾ, വർക്കേഴ്‌സ്‌ പാർട്ടികൾ) ഉയർന്നുവന്നിരുന്നു. കമ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ സ്വാസിലാൻഡ്‌ പോലെയുള്ള പാർട്ടികൾ അപൂർവമായെങ്കിലും ഈ 21‐ാം നൂറ്റാണ്ടിലും രൂപംകൊണ്ടത്‌ ലെനിൻ മുന്നോട്ടുവെച്ച ആശയങ്ങൾ‐ പ്രത്യേകിച്ചും ഭരണകൂടവും വിപ്ലവവും എന്ന കൃതി‐ ഉൾക്കൊണ്ടുകൊണ്ടാണ്‌. കമ്യൂണിസ്റ്റ്‌ പാർട്ടികൾ മാത്രമല്ല, മുതലാളിത്തവിരുദ്ധ ആശയങ്ങളുള്ള നിരവധി രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ലെനിന്റെ ഭരണകൂടവും വിപ്ലവവും പോലെയുള്ള കൃതികളെ ആധാരമാക്കി ഉയർന്നുവന്നിട്ടുണ്ട്‌. പ്രഥമവും പ്ര‌ധാനവുമായി ഇതിനു കാരണം ഈ കൃതി വ്യക്തമായ, ആകർഷകമായ ഒരു സോഷ്യലിസ്റ്റ്‌ ഭാവിയെക്കുറിച്ച്‌ പറഞ്ഞുവെയ്‌ക്കുന്നുണ്ട്‌ എന്നതാണ്‌. അത്തരമൊരു സമൂഹം അനിവാര്യമായും സൃഷ്ടിക്കപ്പെടും എന്ന ശുഭാപ്‌തിവിശ്വാസം പകർന്നുനൽകുന്നതാണ്‌ ലെനിന്റെ ഈ പുസ്‌തകം.

കമ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോ, മാർക്‌സിന്റെ ഗോഥാപരിപാടിയുടെ വിമർശനം, ഫ്രാൻസിലെ ആഭ്യന്തരയുദ്ധം, എംഗത്സിന്റെ കുടുംബം, സ്വകാര്യസ്വത്ത്‌, ഭരണകൂടം എന്നിവയുടെ ഉത്ഭവം തുടങ്ങിയ കൃതികളിൽ നിന്നും ഇരുവരുടെയും കത്തിടപാടുകളിൽ നിന്നും ദീർഘമായ ഉദ്ധരണികൾ ലെനിൻ ഈ കൃതിയിൽ ഉപയോഗിക്കുന്നുണ്ട്‌. എന്നാൽ യാന്ത്രികമായിട്ടല്ല മാർക്‌സും എംഗത്സും മുന്നോട്ടുവെച്ച ആശയങ്ങൾ ലെനിൻ ഉപയോഗിക്കുന്നത്‌. കാലത്തിനും ദേശത്തിനും അനുസരിച്ച്‌ വസ്‌തുനിഷ്‌ഠമായ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ഈ ആശയങ്ങൾ എങ്ങനെയായിരിക്കുമെന്നും കൂടി ലെനിൻ വ്യക്തത വരുത്തുന്നുണ്ട്‌. ഭരണകൂടത്തെ സംബന്ധിച്ച മാർക്‌സിസ്റ്റ്‌ കാഴ്‌ചപ്പാട്‌ എന്താണെന്ന്‌ വളരെ കൃത്യമായും യുക്തിഭദ്രമായും ലെനിൻ ഈ കൃതിയിൽ അവതരിപ്പിക്കുന്നുണ്ട്‌.

‘‘ബൂർഷ്വാസിയുടെ കാര്യനിർവഹണ സമിതിയാണ്‌ (എക്‌സിക്യുട്ടീവ്‌ കമ്മിറ്റി) ഭരണകൂടം’’ എന്ന നിർവചനമാണ്‌ മാർക്‌സും എംഗത്സും മുന്നോട്ടുവെച്ചിട്ടുള്ളത്‌. അതായത്‌ ഭരണകൂടം എന്നാൽ ഭരണവർഗത്തിന്റെ മർദനോപകരണമാണെന്നർഥം‐ ഒരു വർഗത്തിന്‌ മറ്റൊരു വർഗത്തെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന ആയുധമെന്നർഥം. മുതലാളിത്ത വ്യവസ്ഥയിൽ ഭരണകൂടമെന്നാൽ വ്യവസ്ഥയുടെ ശവക്കുഴി തോണ്ടുന്ന തൊഴിലാളിവർഗത്തെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന ആയുധമായിരിക്കും. അധികാരം തൊഴിലാളിവർഗത്തിന്റെ കൈകളിലായിക്കഴിഞ്ഞാൽ തൊഴിലാളിവർഗ ഭരണകൂടത്തെ തകർക്കാൻ തക്കംപാർത്തിരിക്കുന്ന ബൂർഷ്വാസിയെ അടിച്ചമർത്താനുള്ള ആയുധമായിരിക്കുമത്‌. അതുകൊണ്ടാണ്‌ തൊഴിലാളിവർഗത്തിന്റെ സർവാധിപത്യം എന്ന്‌ വിശേഷിപ്പിക്കുന്നത്‌. അതായത്‌ ചെറുന്യൂനപക്ഷംവരുന്ന പ്രതിവിപ്ലവകാരികളായ ബൂർഷ്വാസിയെ സംബന്ധിച്ചിടത്തോളം സർവ്വാധിപത്യവും മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ജനാധിപത്യവും എന്ന്‌ ലെനിൻ കൃത്യമായി വിശദീകരിക്കുന്നുണ്ട്‌.

അതേസമയം ജനാധിപത്യം എന്ന പേരിൽ ബൂർഷ്വാസി നടപ്പാക്കുന്നത്‌, അത്‌ പാർലമെന്ററി ജനാധിപത്യമായാലും പ്രസിഡൻഷ്യൽ മാതൃകയായാലും, അടിസ്ഥാനപരമായും മുതലാളിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ളതായിരിക്കും. മുതലാളിമാരുടെ കൊള്ളലാഭത്തിൽ ചെറിയതോതിലെങ്കിലും കുറവുണ്ടാകുന്ന നടപടികൾ സ്വീകരിക്കേണ്ടതായി വരുമ്പോൾ ബൂർഷ്വാസി ജനാധിപത്യത്തിന്റെ മുഖംമൂടി വലിച്ചെറിയുകയും നഗ്നമായ സ്വേച്ഛാധിപത്യം പ്രയോഗിക്കുകയും ചെയ്യുമെന്ന്‌ മാർക്‌സിന്റെയും എംഗത്സിന്റെയും വാക്കുകൾ ഉദ്ധരിച്ച്‌ ലെനിൻ വ്യക്തമാക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെയും 21‐ാം നൂറ്റാണ്ടിലെയും അനുഭവങ്ങൾ ഇക്കാര്യം സാക്ഷാത്‌കരിക്കുന്നു. 1920കളിലെയും 1930കളിലെയും മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയെയും ഒന്നാം ലോക യുദ്ധാനന്തരകാലത്തെ രാഷ്‌ട്രീയ പ്രതിസന്ധിയെയും തുടർന്ന്‌ ജനാധിപത്യം കൂടുതൽ വികസ്വരമാവുകയല്ല ഉണ്ടായത്‌, നഗ്നമായ ഫാസിസ്റ്റ്‌ സ്വേച്ഛാധിപത്യത്തിലേക്ക്‌ വഴിമാറുകയാണുണ്ടായത്‌. ആ മുതലാളിത്ത താൽപര്യംകൊണ്ടുതന്നെയാണ്‌ ഫാസിസ്റ്റ്‌ വാഴ്‌ചയ്‌ക്കെതിരെ ഒന്നിച്ചുനീങ്ങാമെന്ന സോവിയറ്റ്‌ യൂണിയന്റെ നിർദേശത്തെ അംഗീകരിക്കാൻ അമേരിക്കയും ബ്രിട്ടനും ഫ്രാൻസുമൊന്നും തയ്യാറാകാതിരുന്നത്‌. ഒടുവിൽ ഹിറ്റ്‌ലർ തങ്ങൾക്കെതിരെയും തിരിഞ്ഞപ്പോൾ മാത്രമാണ്‌ അമേരിക്കയും ബ്രിട്ടനുമെല്ലാം ഫാസിസ്റ്റ്‌ ശക്തികൾക്കെതിരെ സോവിയറ്റ്‌ യൂണിയനുമായി സഖ്യമുണ്ടാക്കാൻ തയ്യാറായത്‌. രണ്ടാം ലോകയുദ്ധാനന്തരം സ്‌പെയിനിൽ ജനറൽ ഫ്രാങ്കോയുടെയും പോർച്ചുഗലിൽ പ്രൊഫ. സലാസറുടെയും ഫാസിസ്റ്റ്‌ വാഴ്‌ചകൾക്ക്‌ പിന്തുണ നൽകിയത്‌ ബ്രിട്ടനും അമേരിക്കയുംപോലുള്ള സാമ്രാജ്യത്വ രാജ്യങ്ങളാണ്‌. അതുപോലെ തന്നെ, തങ്ങൾ പിന്തുടരുന്ന മുതലാളിത്ത വികസനപാതയിൽനിന്ന്‌ മാറി മുന്നോട്ടുപോകുന്ന, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികളെ അട്ടിമറിയിലൂടെ പുറത്താക്കി പകരം സൈനിക സ്വേച്ഛാധിപത്യവാഴ്‌ച സ്ഥാപിക്കുന്ന പ്രവണതയുമുണ്ട്‌. ഇറാനിലും ഗ്വാട്ടിമാലയിലും ചിലിയിലും ഇൻഡൊനേഷ്യയിലും ഹോണ്ടുറാസിലുമെല്ലാം നാം കണ്ടത്‌ ഇതുതന്നെയാണ്‌. ഇന്ത്യയിൽ 1957ലെ ഇ എം എസ്‌ ഗവൺമെന്റിനെയടക്കം ഇടതുപക്ഷ ഭരണസംവിധാനങ്ങളെ പുറത്താക്കാൻ നടത്തിയ, ഇപ്പോഴും നടത്തുന്ന വ്യാജപ്രചരണങ്ങളും അട്ടിമറികളും ഇതിന്റെ മറ്റൊരു മുഖമാണ്‌. മുതലാളിമാർക്ക്‌ അനിയന്ത്രിതമായി കൊള്ളലാഭമുണ്ടാക്കാൻ കഴിയുന്നിടത്തോളം മാത്രമേ മുതലാളിത്ത വ്യവസ്ഥയിൽ ജനാധിപത്യം അനുവദിക്കപ്പെടുകയുള്ളൂവെന്നതിന്റെ എത്രയെത്രയോ ദൃഷ്‌ടാന്തങ്ങൾ ചൂണ്ടിക്കാണിക്കാനാകും. സൈനിക അട്ടിമറിയിലൂടെ മാത്രമല്ല, അതിനൊപ്പമോ അതിനെക്കാളോ പ്രഹരശേഷിയുള്ള മാധ്യമ കുപ്രചാരണങ്ങളിലൂടെ, നുണപ്രചരണങ്ങളിലൂടെ, ‘ജനാധിപത്യപര’മായി തന്നെ ഭരണമാറ്റം സാധ്യമാക്കാനാകുമെന്ന്‌ 21‐ാം നൂറ്റാണ്ടിൽ ഇന്ത്യയിലുൾപ്പെടെ കോർപ്പറേറ്റ്‌ മുതലാളിത്തം ആവർത്തിച്ച്‌ തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌. മോദിയുടെ ജനവിരുദ്ധ സ്വേച്ഛാധിപത്യവാഴ്‌ച നിലനിർത്തുന്നതും കേരളത്തിൽ ജനക്ഷേമപരമായി തുടർന്നിരുന്ന എൽഡിഎഫ്‌ ഭരണം മാറ്റപ്പെട്ടതും (ബംഗാളിലും ത്രിപുരയിലും ഇതേരീതിതന്നെ വർക്ക്‌ഔട്ട്‌ ചെയ്‌തതാണ്‌) സമാനമായ ഉദാഹരണങ്ങളാണ്‌. അമേരിക്കയിലും യൂറോപ്പിലുമെല്ലാം നിയോഫാസിസ്റ്റുകൾ ഭരണത്തിലേറുന്നതും തിരഞ്ഞെടുപ്പ്‌ സംവിധാനങ്ങളിലൂടെയാണ്‌. ലെനിന്റെ ഭരണകൂടവും വിപ്ലവവും എന്ന കൃതിയുടെ ഒരിക്കലും മങ്ങാത്ത പ്രസക്തിയാണ്‌ 21‐ാം നൂറ്റാണ്ടിലും നമുക്കുമുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്‌.

ഭരണകൂടം എങ്ങനെയാണ്‌ ഉരുത്തിരിഞ്ഞുവന്നത്‌ എന്ന പരിശോധനയിൽ നിന്നാണ്‌ വർഗവാഴ്‌ചയുടെ ഉപകരണമാണ്‌ ഭരണകൂടം എന്ന സങ്കൽപനത്തിൽ മാർക്‌സും എംഗത്സും ലെനിനുമെല്ലാം എത്തിച്ചേർന്നത്‌. ലൂയി മോർഗന്റെ Ancient Society എന്ന കൃതി പുറത്തുവന്നതോടെയാണ്‌ ഭരണകൂടത്തിന്റെ രൂപംകൊള്ളലിനെക്കുറിച്ച്‌ മാർക്‌സിനും എംഗത്സിനും കൂടുതൽ വ്യക്തതയുണ്ടായത്‌. അങ്ങനെയാണ്‌ എംഗത്സ്‌ Origin of Family, Private Property and the State എന്ന കൃതി 1884ൽ പ്രസിദ്ധീകരിച്ചത്‌. ഭരണകൂടം അനാദികാലം മുതൽ ഉണ്ടായിരുന്നില്ലയെന്നും ഭരണകൂടം ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും എംഗത്സ്‌ ഈ കൃതിയിൽ ചൂണ്ടിക്കാണിക്കുന്നു. വ്യക്തികൾ കുടുംബങ്ങളായി മാറുകയും സ്വകാര്യസ്വത്ത്‌ നിലവിൽവരികയും ചെയ്‌തതോടെയാണ്‌ സമൂഹം വർഗങ്ങളായി വേർതിരിഞ്ഞത്‌. വർഗവിഭജിതമായ ഒരു സമൂഹത്തിൽ സ്വത്തുടമ വർഗത്തിന്റെ സ്വത്ത്‌ സംരക്ഷിക്കുന്നതിനായാണ്‌ ഭരണകൂടം ഒരു മർദനോപകരണമായി നിലവിൽവന്നത്‌. വർഗരഹിതമായ ഒരു സമൂഹം നിലവിൽ വരുന്നതുവരെ ഭരണകൂടം നിലനിൽക്കും.

വർഗങ്ങളും വർഗതാൽപര്യങ്ങളും ഇല്ലാതാകുന്നതോടുകൂടി, അതായത്‌ കമ്യൂണിസ്റ്റ്‌ സമൂഹം നിലവിൽ വരുന്നതോടെ ഭരണകൂടം അനാവശ്യവസ്‌തുവായി മാറും എന്ന എംഗത്സിന്റെ വാക്കുകൾ ഉദ്ധരിച്ച്‌ ലെനിൻ വിശദീകരിക്കുന്നുണ്ട്‌. എന്നാൽ മുതലാളിത്തം ഇല്ലാതാകുന്നതോടെ, അതായത്‌ സോഷ്യലിസ്റ്റ്‌ വിപ്ലവം നടക്കുന്നതോടെ ഭരണകൂടം കൊഴിഞ്ഞുപോകുമെന്ന വാദത്തെ ലെനിൻ നിരാകരിക്കുന്നു.

മുതലാളിത്ത സമൂഹത്തിൽനിന്ന്‌ കമ്യൂണിസ്റ്റ്‌ സമൂഹത്തിലേക്ക്‌ നേരിട്ടല്ല പരിവർത്തനം നടക്കുന്നതെന്നും ഇതിനിടയ്‌ക്ക്‌ ഒരു ഘട്ടം കൂടി ഉണ്ടാകുമെന്നും മാർക്‌സിന്റെ ഗോഥാപരിപാടിയുടെ വിമർശനം എന്ന കൃതി ഉദ്ധരിച്ച്‌ ലെനിൻ വ്യക്തമാക്കുന്നു. മുതലാളിത്തത്തിൽ നിന്നും കമ്യൂണിസത്തിലേക്കുള്ള വിപ്ലവപരമായ പരിവർത്തനത്തിനിടയിൽ ഇവ രണ്ടിൽനിന്നും വ്യത്യസ്‌തമായ മറ്റൊരു ഘട്ടംകൂടിയുണ്ട്‌. ഈ കാലഘട്ടത്തിലെ ഭരണകൂടമാണ്‌ തൊഴിലാളിവർഗ സർവാധിപത്യം. പാരീസ്‌ കമ്യൂണിന്റെ പരാജയത്തിൽനിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്‌ മാർക്‌സും എംഗത്സും കമ്യൂണിസ്റ്റ്‌ മാനിഫെസ്‌റ്റോയിൽ മുന്നോട്ടുവെച്ച ആശയത്തിൽതന്നെ മാറ്റംവരുത്തുകയുണ്ടായി. വിപ്ലവാനന്തരം പിടിച്ചെടുക്കുന്ന ഭരണകൂടത്തെ അങ്ങനെതന്നെ നിലനിർത്താനും ഉപയോഗിക്കാനും കഴിയില്ലെന്നും ആ ഭരണകൂടത്തെ തകർക്കണമെന്നും അവർ വ്യക്തമാക്കി. അങ്ങനെ തകർക്കപ്പെടുന്ന ബൂർഷ്വാ ഭരണകൂടത്തിന്റെ സ്ഥാനത്ത്‌ തൊഴിലാളിവർഗത്തിന്റേതായ ഒരു ഭരണകൂടം സ്ഥാപിക്കണമെന്നും അതാണ്‌ തൊഴിലാളിവർഗത്തിന്റെ സർവാധിപത്യമെന്നും മാർക്‌സിന്റെയും എംഗത്സിന്റെയും പാത പിന്തുടർന്ന്‌ ലെനിൻ തന്റെ കൃതിയിൽ അവതരിപ്പിക്കുന്നു. വർഗങ്ങളും വർഗവൈരങ്ങളും നിലനിൽക്കുമ്പോൾ ഭരണകൂടവും നിലനിൽക്കുമെന്നും വർഗങ്ങൾ ഇല്ലാതാകുന്നതോടെമാത്രമേ ഭരണകൂടം കൊഴിഞ്ഞുപോവുകയുള്ളൂവെന്നും ലെനിൻ ആവർത്തിച്ചുറപ്പിക്കുന്നു.

മുതലാളിത്തത്തിനും കമ്യൂണിസത്തിനും ഇടയ്‌ക്കുള്ള അന്തരാളഘട്ടത്തിലെ ഭരണകൂടരൂപമായ തൊഴിലാളിവർഗ സർവാധിപത്യം എങ്ങനെ ആയിരിക്കുമെന്നും ഈ കൃതിയിൽ ലെനിൻ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്‌. വിപ്ലവാനന്തര റഷ്യയെ സോഷ്യലിസത്തിന്റെ പാതയിൽ ഉറപ്പിച്ചുനിർത്താൻ ലെനിനെ ഏറെ സഹായിച്ചത്‌ അദ്ദേഹത്തിന്റെതന്നെ ഈ രചനയാണ്‌. മാർക്‌സിന്റെയും എംഗത്സിന്റെയും ഭരണകൂടത്തെ സംബന്ധിച്ച സങ്കൽപ്പനങ്ങളെ വളച്ചൊടിക്കുകയും അവയിൽ വെള്ളംചേർക്കുകയും ചെയ്‌ത മെൻഷെവിക്കുകളുടെയും കൗട്‌സ്‌കി ഉൾപ്പെടെയുള്ള രണ്ടാം ഇന്റർനാഷണലിന്റെ നേതാക്കളുടെയും വാദഗതികളെ ഈ കൃതിയിൽ ലെനിൻ കീറിമുറിച്ചുപരിശോധിക്കുകയും പൊളിച്ചുകാട്ടുകയുമാണ്‌.

തന്റെ വിപ്ലവജീവിതത്തിനും അതുമായി ബന്ധപ്പെട്ടു നടത്തിയ സൈദ്ധാന്തിക പഠനങ്ങൾക്കും തുടക്കംകുറിച്ച 1890കൾ മുതലിങ്ങോട്ട്‌ ലെനിൻ എഴുതിയ സൈദ്ധാന്തിക കൃതികളുടെ സ്വാഭാവികമായ വികാസം ഭരണകൂടവും വിപ്ലവവും എന്ന കൃതിയിൽ നമുക്ക്‌ കാണാൻ കഴിയും. മുൻ രചനകളുടെ, അവയിൽ മുന്നോട്ടുുവെയ്‌ക്കപ്പെട്ട ആശയങ്ങളുടെ, അനുപേക്ഷണീയമായ തുടർച്ച തന്നെയാണ്‌ ഈ കൃതിയും. ഹെഗലിയൻ വൈരുദ്ധ്യവാദത്തെക്കുറിച്ച്‌ ലെനിൻ നടത്തിയ ആഴത്തിലുള്ള പഠനത്തിന്റെ പ്രതിഫലനം കൂടിയാണ്‌ ഭരണകൂടവും വിപ്ലവവും എന്ന കൃതി. റഷ്യൻ വിപ്ലവം നടത്തുന്നതിലും വിപ്ലവാനന്തര സമൂഹനിർമിതിയിലും ഈ കൃതി വഹിച്ച പങ്ക്‌ അനുപമമാണ്‌. ഈ കൃതിയിൽ ലെനിൻ മുന്നോട്ടുവെയ്‌ക്കുന്ന ആശയങ്ങളുടെ കേന്ദ്രബിന്ദു സാമ്പത്തികമായ കാര്യങ്ങളെക്കാൾ കൃത്യമായ രാഷ്‌ട്രീയ വിശകലനത്തിലാണ്‌ ഊന്നിയിരിക്കുന്നത്‌. സാമ്പത്തിക നിർണയവാദത്തിൽ (Economic determinicism) അഭിരമിച്ചിരുന്ന, ‘മാർക്‌സിസ്റ്റുകളെ’ന്ന്‌ സ്വയം വിശേഷിപ്പിച്ചിരുന്ന കമകാലികരുടെ ചിന്തകളെ പാടെ നിരാകരിക്കുന്നതാണ്‌ ഫലത്തിൽ ലെനിന്റെ ഈ കൃതി. ഹെഗലിയൻ വൈരുദ്ധ്യവാദത്തിന്റെ വിശകലനരീതിയാണ്‌ ഇതിൽ തെളിഞ്ഞുകാണുന്നത്‌.

തന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായാണ്‌ ലെനിൻ ഭരണകൂടവും വിപ്ലവവും എന്ന കൃതിയെ കണ്ടത്‌. 1915‐16 കാലത്ത്‌, സ്വീഡനിൽ പ്രവാസിയായി കഴിഞ്ഞിരുന്നപ്പോൾതന്നെ, ഈ കൃതിയിൽ ഉൾപ്പെടുത്തപ്പെട്ട സങ്കൽപ്പനത്തെക്കുറിച്ച്‌ ലെനിൻ ധാരണയിൽ എത്തിയിരുന്നു. അതെഴുതുന്നതിനുള്ള തയ്യാറെടുപ്പുകൾ‐ കുറിപ്പുകൾ തയ്യാറാക്കലും മറ്റും‐ അക്കാലത്തുതന്നെ തുടങ്ങിയതാണ്‌. 1917 ജൂലൈ ദിനങ്ങളിൽ പ്രൊവിഷണൽ ഗവൺമെന്റും വലതുപക്ഷ ശക്തികളും ബോൾഷെവിക്കുകാരെ കൂട്ടക്കൊല ചെയ്യാനുള്ള നീക്കം നടത്തിക്കൊണ്ടിരിക്കവെ, കമനേവിനോട്‌ ലെനിൻ താൻ കൊല്ലപ്പെടുകയാണെങ്കിൽ മാർക്‌സിസവും ഭരണകൂടവും സംബന്ധിച്ച തന്റെ നോട്ടുബുക്കുകൾ സ്‌റ്റോക്‌ഹോമിൽനിന്ന്‌ പെട്രോഗ്രാഡിലേക്ക്‌ തിരിച്ചപ്പോൾ എടുക്കാൻ വിട്ടുപോയിയെന്നും അത്‌ കണ്ടെത്തി പ്രസിദ്ധീകരിക്കണമെന്നും പറഞ്ഞു. ഗ്രന്ഥരചന പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിനായി തയ്യാറാക്കിയ കുറിപ്പുകളെങ്കിലും വായനക്കാരിൽ എത്തിക്കണമെന്ന ലെനിന്റെ വ്യഗ്രതയാണ്‌ ഇതിൽ കാണുന്നത്‌. അത്രയേറെ പ്രാധാന്യം തന്റെ ഈ കൃതിക്ക്‌ ലെനിൻ നൽകിയിരുന്നുവെന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. എന്തായാലും, പിന്നീട്‌ ആ കുറിപ്പുകൾ കണ്ടെത്താൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. തുടർന്ന്‌ അത്‌ അപൂർണമായെങ്കിലും അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

‘‘1905ലേയും 1917ലേയും റഷ്യൻ വിപ്ലവങ്ങളുടെ അനുഭവം’’ എന്ന ശീർഷകത്തിലുള്ള ഏഴാമത്തെ അധ്യായം രണ്ടു മൂന്ന്‌ വാക്യങ്ങൾ മാത്രം എഴുതി അപൂർണമാക്കി അവസാനിപ്പിക്കുകയാണുണ്ടായത്‌. പിന്നീട്‌ രണ്ടാം പതിപ്പ്‌ 1919ൽ പ്രസിദ്ധീകരിച്ചപ്പോൾ ഒരു പിൻകുറിപ്പ്‌ ചേർത്തിരുന്നു. ഈ കൃതി പൂർത്തിയാക്കാൻ കഴിയാതിരുന്നത്‌ 1917ലെ ഒക്ടോബർ വിപ്ലവത്തിന്‌ തൊട്ടുമുൻപുള്ള നാളുകളിലെ ‘‘രാഷ്‌ട്രീയ പ്രതിസന്ധി’’ മൂലമാണെന്ന്‌ അദ്ദേഹം രേഖപ്പെടുത്തിയത്‌ അതിലാണ്‌. ആ പിൻകുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌: ‘‘വിപ്ലവത്തിന്റെ അനുഭവത്തിൽ ഭാഗഭാക്കാകുന്നത്‌ അതേപ്പറ്റി എഴുതുന്നിനെക്കാൾ എത്രയോ കൂടുതൽ ആഹ്ലാദകരവും ഉപയോഗപ്രദവുമാണല്ലോ’’. ലെനിന്റെ ഭരണകൂടവും വിപ്ലവവും എന്ന കൃതിയുടെ രചന മുടക്കിയ ആ കാലത്തെ സംഭവവികാസങ്ങൾ എന്തെല്ലാമെന്ന്‌ നമുക്ക്‌ നോക്കാം. l
(തുടരും)

Hot this week

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...

നിറങ്ങൾ തൻ നൃത്തം – അമേരിക്കൻ ചിത്രകാരൻ ടിഷ്യൻ റാംസെ പീൽ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1799...

മരണാഖ്യാനം ഒരു വായന

  സാഹിത്യം ഉണ്ടാല കാലംമുതൽ അതിന്റെ കർതൃത്വം പുരുഷനായിരുന്നു. സ്‌ത്രീ അവന്റെ വർണ്യവസ്‌തുവും....

തൊഴിലുറപ്പ് പദ്ധതി ചരിത്രത്തിലേക്ക് നടന്നുകയറുമോ?

ഇടതുപക്ഷം ശക്തമായി മുന്നോട്ടുവെച്ച സാമൂഹികാവകാശ അജണ്ടയുടെ ഭാഗമായിരുന്നു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി....

Topics

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ...

കുംഭമേള 2026ൽ

കുംഭമേളകൾ ഏറ്റവും പ്രധാനപ്പെട്ട നദീ ഉത്സവങ്ങളാണ്. സൂര്യനു ചുറ്റും വ്യാഴത്തിന്റെ പരിക്രമണം...

നിറങ്ങൾ തൻ നൃത്തം – അമേരിക്കൻ ചിത്രകാരൻ ടിഷ്യൻ റാംസെ പീൽ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1799...

മരണാഖ്യാനം ഒരു വായന

  സാഹിത്യം ഉണ്ടാല കാലംമുതൽ അതിന്റെ കർതൃത്വം പുരുഷനായിരുന്നു. സ്‌ത്രീ അവന്റെ വർണ്യവസ്‌തുവും....

തൊഴിലുറപ്പ് പദ്ധതി ചരിത്രത്തിലേക്ക് നടന്നുകയറുമോ?

ഇടതുപക്ഷം ശക്തമായി മുന്നോട്ടുവെച്ച സാമൂഹികാവകാശ അജണ്ടയുടെ ഭാഗമായിരുന്നു മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി....

ഇൻഫർമേഷൻ ഓവർലോഡ്‌

ഒരു മനുഷ്യന്‌ ജീവിക്കാൻ അറിവ്‌ എത്രത്തോളം അനിവാര്യമാണെന്ന്‌ നമുക്കറിയാം. ആഹാരം, വസ്‌ത്രം,...

ആദ്യ ഇന്ത്യൻ ‘ഇറോട്ടിക് സൈക്കിക് ത്രില്ലർ’ മലയാളത്തിൽ

സിനിമാസംബന്ധിയായ ഒരു ചർച്ചക്കിടയിൽ , തലമൂത്ത ഒരു സിനിമാസ്വാദകൻ "ആ..ഹാ മലയാളചലച്ചിത്രശാഖയുടെ...

വാഴ്വേ മനിതർ: ഉപരോധങ്ങളുടെ കാലത്ത് പ്രതീക്ഷയുടെ ദ്വീപിനെ വായിച്ചെടുക്കൽ

ഒരു രാജ്യത്തെ തോൽപ്പിക്കാൻ എല്ലായ്പ്പോഴും സൈന്യം അയയ്ക്കേണ്ടതില്ല. അതിന്റെ സമ്പദ്‌വ്യവസ്ഥയെ വളയുക,...
spot_img

Related Articles

Popular Categories

spot_imgspot_img