ആസന്നമാകുന്ന വിപ്ലവം
‘‘തങ്ങൾ പെട്രോഗ്രാഡിൽ എത്തിയശേഷം അപൂർവമായി മാത്രമേ പരസ്‌പരം കണ്ടിട്ടുള്ളൂവെന്ന് ക്രൂപ്‌സ്‌കായ ഓർമക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. 1917 ഏപ്രിലിനും ഒക്‌ടോബറിനും ഇടയ്‌ക്കുള്ള കാലത്താകെ ഇതായിരുന്നു അവസ്ഥ. അവരിരുവരും വ്യത്യസ്‌ത സ്ഥലങ്ങളിലിരുന്ന് വ്യത്യസ്‌തമായ പ്രൊജക്ടുകളിൽ പ്രവർത്തിക്കുകയായിരുന്നു. വിദ്യാഭ്യാസവും സാംസ്‌കാരികവുമായ കാര്യങ്ങളിൽ മുഴുകിയിരുന്നു, ക്രൂപ്‌സ്‌കായ. ലെനിനാകട്ടെ സെൻട്രൽ കമ്മിറ്റിയുടെയും പ്രവ്‌ദയുടെയും പ്രവർത്തനങ്ങളിലുമായിരുന്നു. ഒട്ടേറെ ഔപചാരികവും അനൗപചാരികവുമായ യോഗങ്ങളിൽ ലെനിൻ പങ്കെടുക്കേണ്ടതുണ്ടായിരുന്നു; അതിന്റെ ഭാഗമായി അദ്ദേഹത്തിന് നഗരത്തിലുടനീളം പോകണമായിരുന്നു; അങ്ങനെ എവിടെയെത്തുന്നുവോ അവിടെ ആരുടെയെങ്കിലും വീട്ടിലായിരുന്നു പലപ്പോഴും അദ്ദേഹം ഉറങ്ങിയത്. വിപ്ലവലക്ഷ്യത്തോടും വിപ്ലവ ജീവിതരീതിയോടുമുള്ള ഉല്ല്യാനോവുമാരുടെ പ്രതിബദ്ധത ഈ കാലത്തുടനീളം പൂർണമായി പ്രകടമായി, അൽപവും ഇളക്കം തട്ടാതെ നിലനിന്നു. നാൽപത്തിയേഴും (ലെനിൻ) നാൽപത്തിയെട്ടും (ക്രൂപ്‌സ്‌കായ) വയസ്സുണ്ടായിരുന്ന ആ കാലത്ത് അവർക്ക് സ്വന്തമെന്ന് പറയാൻ ഒരു പാർപ്പിടം പോലുമുണ്ടായിരുന്നില്ല; യൂറോപ്പിലുടനീളമുള്ള യാത്രകളിൽ സ്ഥിരമായി സ്യൂട്ട്‌കെയ്‌സുകളിൽ പാക്ക് ചെയ്‌തിരുന്ന ഉടുവസ്‌ത്രങ്ങൾക്കപ്പുറം അവർക്ക് മറ്റൊരു സ്വത്തും ഉണ്ടായിരുന്നില്ല. ഫർണീച്ചറോ മറ്റെന്തെങ്കിലും വിലപിടിപ്പുള്ള സാധനങ്ങളോ അവർക്കുണ്ടായിരുന്നില്ല. നിരന്തരം യാത്ര അനിവാര്യമായിവന്ന അവരുടെ ജീവിതം അവരിൽ രൂഢമൂലമായ ചില ശീലങ്ങൾ സൃഷ്ടിക്കുകയുണ്ടായി; വീണ്ടും ഒരിക്കൽകൂടി പെട്ടെന്നുതന്നെ ഒരു യാത്ര വേണ്ടിവരുമോയെന്ന കാര്യത്തിൽപോലും ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. സ്വത്തും വസ്‌തുവകകളും സ്വന്തമാക്കുന്നതിലും ഇരുവർക്കും ഒരു താൽപര്യവുമുണ്ടായിരുന്നില്ല. റഷ്യയിലും ലോകത്താകെയുമുള്ള മർദിതജനതയെയാകെ മോചിപ്പിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അവർക്കു വേണ്ടിയിരുന്നത് പോരാട്ടം നടത്തുന്നതിനു വേണ്ട ഉപാധികളായിരുന്നു; ഒരു പത്രത്തിനാവശ്യമായ വിഭവങ്ങളായിരുന്നു; പാർട്ടി സംഘടിപ്പിക്കാൻ വേണ്ട വിഭവങ്ങളായിരുന്നു. ഉപജീവനത്തിന് അവശ്യം വേണ്ടത് മാത്രം മതിയായിരുന്നു ലെനിനും ക്രൂപ്‌സ്‌കായയ്‌ക്കും. സ്വകാര്യ വസ്‌തുവകകൾ ശേഖരിക്കുന്നത് അവരുടെ അജൻഡയിൽപോലും ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് അവർക്ക് കുട്ടികളില്ലായിരുന്നുവെന്നതിന്റെ കാരണമറിയാനും ഇത് സഹായകമാകും’’
‐ Christopher Read, Lenin: A Revolutionary Life, Page: 165.
വിപ്ലവം തീവ്രത കൈവരിച്ചുതുടങ്ങിയതോടെ സ്വത്തുടമകളായ ഇടത്തരക്കാരും ഉന്നതവർഗങ്ങളിൽപെട്ടവരും ഉൾപ്പെടെയുള്ള വിപ്ലവത്തിന്റെ ശത്രുക്കൾ, തങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രത്യേകാവകാശങ്ങളും അധികാരങ്ങളും കൈമോശം വന്നേക്കുമോയെന്ന ഭീതിയിലകപ്പെട്ടു. അതിന്റെ ഫലമായി തൊഴിലാളി മുന്നേറ്റങ്ങൾക്കെതിരെ ഈ സന്പന്നവിഭാഗങ്ങൾ പ്രകടനങ്ങൾക്ക് തുടക്കമിട്ടു.
പൊതുജന പിന്തുണയാർജിക്കുന്നതിന് പ്രൊവിഷണൽ ഗവൺമെന്റ് ദേശാഭിമാനത്തിന്റെ കാർഡിറക്കിയായിരുന്നു കളിച്ചത്; അതിലും വലിയൊരായുധം, ഭരണവർഗത്തിന്റെ ആവനാഴിയിൽ ഒരിക്കലും ഒരിടത്തും ഉണ്ടാവുകയുമില്ല. മാർച്ചിൽ പ്രൊവിഷണൽ ഗവൺമെന്റ് സോവിയറ്റുമായുണ്ടാക്കിയ കരാറിൽ പെട്രോഗ്രാഡിൽനിന്നും പട്ടാളത്തെ നീക്കംചെയ്യില്ലെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, യുദ്ധം മൂർച്ചിച്ചുവന്നത്, ഈ വാഗ്‌ദാനത്തിൽനിന്നും പിന്നോട്ടുപോകാനുള്ള സുവർണാവസരമായാണ് പ്രൊവിഷണൽ ഗവൺമെന്റ് കണ്ടത്. ഏറ്റവുമധികം കുഴപ്പക്കാരുൾക്കൊള്ളുന്ന ട്രൂപ്പിനെ പെട്രോഗ്രാഡിൽനിന്ന് ഒഴിവാക്കണമെന്ന് ഗവൺമെന്റ് തീരുമാനിച്ചു.
ഈ അവസരത്തിൽ പെട്രോഗ്രാഡിൽ രാഷ്‌ട്രീയ പ്രതിസന്ധി ഉരുണ്ടുകൂടി‐ 1917 ജൂലൈ 2ന് ആദ്യത്തെ കൂട്ടുകക്ഷി സർക്കാർ തകർന്നു. ഒരു കെയർടേക്കർ ഗവൺമെന്റായിരുന്നു പിന്നീട് റഷ്യയിൽ ഉണ്ടായത്. ഈ ഗവൺമെന്റ് പെട്രോഗ്രാഡിൽ താവളമടിച്ചിരുന്ന ഒന്നാം മെഷീൻ ഗൺ റെജിമെന്റിന് (ഇതായിരുന്നു ഇടതുപക്ഷ സ്വഭാവമുള്ള റെജിമെന്റ്) നഗരം വിട്ടുപോകാൻ ഉത്തരവ് നൽകിയത് പ്രക്ഷുബ്ദമായ അന്തരീക്ഷം സൃഷ്ടിച്ചു. അവസരമായി. ജൂലൈ 3ന് അവർ യോഗം ചേർന്നു; ഏറെനേരത്തെ വാദപ്രതിവാദങ്ങൾക്കുശേഷം സർക്കാരിനെ അട്ടിമറിക്കാൻ അവർ തീരുമാനിച്ചു. സോവിയറ്റിന്റെ ശക്തികേന്ദ്രമായ ക്രോൺസ്റ്റാഡിലെ (Kronstadt) നാവികർ യോഗം ചേർന്ന് പെട്രോഗ്രാഡ് നഗരത്തിലെ കലാപക്കൊടി ഉയർത്തിയ സൈനിക കേന്ദ്രത്തിലേക്ക് 25,000ത്തോളം സായുധരായ നാവികർ പോകണമെന്ന് തീരുമാനിച്ചു. ജൂലൈ നാലിന് ഇവർ പെട്രോഗ്രാഡിലെ സൈനികർക്കൊപ്പം ചേർന്നു. തുടർന്ന് തൊഴിലാളികളും പണിമുടക്കി, അവർക്കൊപ്പം ചേർന്നു. ലോക്കൗട്ടുകളും തൊഴിലില്ലായ്‌മയും കൂലി വെട്ടിക്കുറയ്‌ക്കലുമെല്ലാംകൊണ്ട് തൊഴിലാളികൾ കടുത്ത ദുരിതത്തിലായിരുന്നു. രണ്ടുദിവസത്തെ തുടർച്ചയായ പ്രകടനങ്ങൾ റഷ്യൻ ഗവൺമെന്റ് അതേവരെ അഭിമുഖീകരിച്ചിട്ടില്ലാത്തത്ര രൂക്ഷമായ പ്രതിസന്ധിക്കാണിടയാക്കിയത്.
സർക്കാരിനെ അട്ടിമറിക്കാൻ കഴിയുമായിരുന്നു. ജൂലൈയിൽ തെരുവിലിറങ്ങിയ ആ ആളുകളുടെ എണ്ണം പിന്നീട് ഒക്‌ടോബറിൽ അണിനിരന്നതിനേക്കാൾ വളരെ കൂടുതലായിരുന്നു. അരാജകവാദികളായ ചെറിയൊരു വിഭാഗമൊഴികെ ഇടതുപക്ഷത്തെ ആരും അവരുടെ നേതൃത്വമേറ്റെടുക്കാൻ തയ്യാറായില്ല. അത്തരമൊരു നേതൃത്വമുണ്ടായിരുന്നെങ്കിൽ അനായാസം ഗവൺമെന്റിനെ അട്ടിമറിക്കാനാകുമായിരുന്നു. തങ്ങൾക്ക് നേതൃത്വം നൽകണമെന്നപേക്ഷിച്ചുകൊണ്ട് കലാപക്കൊടി ഉയർത്തിയ നാവികർ ബോൾഷെവിക് ഹെഡ്‌ക്വാർട്ടേഴ്‌സിലും എത്തിയിരുന്നു. ആരോഗ്യം വീണ്ടെടുക്കുന്നതിനായി ഫിൻലാൻഡിലേക്ക് വിശ്രമത്തിനുപോയിരുന്ന ലെനിൻ പെട്രോഗ്രാഡിൽ കലാപമാരംഭിച്ചതറിഞ്ഞ ഉടൻ മടങ്ങിയെത്തി. വിപ്ലവകാരികളായ നാവികരോട് അവരെ പ്രശംസിച്ച് ഏതാനും വാക്കുകൾ സംസാരിച്ചെങ്കിലും അധികാരം പിടിച്ചെടുക്കാൻ അവരോട് ലെനിൻ ആഹ്വാനം ചെയ്‌തില്ല. ആയിടെ ബോൾഷെവിക് പക്ഷത്ത് ചേർന്ന പ്രഭാഷകനായ അനറ്റോലി ലൂനാചാർസ്‌കി (Anatoly Lunacharsky)യോട് ആ ജനതയെ അഭിസംബോധന ചെയ്യാൻ നിർദേശിക്കുകയാണുണ്ടായത്. (സ്ഥിതിഗതികൾ ലെനിൻ പറഞ്ഞതനുസരിച്ച് നീങ്ങാൻ തുടങ്ങിയതോടെ ട്രോട്‌സ്‌കി ഉൾപ്പെടെയുള്ള ഒരുവിഭാഗം മെൻഷെവിക്കുകളും ബോൾഷെവിക് ചേരിയിലേക്ക് വന്നു). തൽക്കാലം സമാധാനം തുടരണമെന്നും അവരെല്ലാം വീടുകളിലേക്ക് മടങ്ങണമെന്നും ലൂനാചാർസ്‌കി ആവശ്യപ്പെട്ടു.
പെട്രോഗ്രാഡ് സോവിയറ്റ് ആസ്ഥാനത്തുനിന്നും അവർക്ക് ഭരണം പിടിച്ചെടുക്കാനുള്ള നേതൃത്വം നൽകിയില്ല. നിരാശരായ നാവികർ സോവിയറ്റ് നേതൃത്വത്തെ ഭീഷണിപ്പെടുത്തി; സോവിയറ്റ് നേതാക്കളിലൊരാളായ ചെർണോവിനെ തടവിലാക്കിയെങ്കിലും അദ്ദേഹത്തെ ഒരുവിധത്തിലും ഉപദ്രവിക്കാതെ വിടുകയാണുണ്ടായത്. പ്രൊവിഷണൽ ഗവൺമെന്റിനെ അട്ടിമറിച്ച് അധികാരമേറ്റെടുക്കണമെന്നതായിരുന്നു ക്രോൺസ്റ്റാഡിലേതുപോലെ പൊതുവിൽ താഴെതട്ടിലുള്ള ബോൾഷെവിക് ഘടകങ്ങളുടെ അഭിപ്രായം എങ്കിലും ഉയർന്ന ഘടകങ്ങൾ അതിന് തയ്യാറായിരുന്നില്ല. പത്തുദിവസത്തെ വിശ്രമത്തിനുശേഷം മടങ്ങിയെത്തിയ ലെനിനാകട്ടെ അത്തരമൊരു നടപടിയിലേക്ക് ഉടൻ നീങ്ങണമെന്ന അഭിപ്രായത്തിലെത്തിയിരുന്നുമില്ല. ജൂലൈ 3, 4 തീയതികളിൽ ചേർന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ സ്ഥിതി ശരിക്കും പാകമായിട്ടില്ലായെന്ന നിലപാടായിരുന്നു ലെനിൻ സ്വീകരിച്ചത്.
ആ ഘട്ടത്തിൽ ഒട്ടേറെ പോരായ്‌മകൾ നാവികരുടെ മുന്നേറ്റത്തിൽ കാണാമെന്ന് ലെനിൻ കൃത്യമായി ചൂണ്ടിക്കാണിച്ചു. ഒരുപക്ഷേ പെട്രോഗ്രാഡ് നഗരത്തിലെ ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞേക്കാമെങ്കിലും മുന്നേറ്റം പെട്രോഗ്രാഡിനു പുറത്തേക്ക് ശക്തമായി വ്യാപിച്ചിട്ടില്ലാത്തതിനാൽ, റഷ്യയുടെ മറ്റു ഭാഗങ്ങളിൽനിന്ന് സേനയെ എത്തിച്ച് ആ മുന്നേറ്റത്തെ അടിച്ചമർത്താനും സൈനിക സ്വേച്ഛാധിപത്യം സ്ഥാപിക്കാനും ഇടയാക്കുമെന്ന് ലെനിൻ ചൂണ്ടിക്കാണിച്ചു. ലെനിൻ വ്യക്തമാക്കിയ മറ്റൊരു കാര്യം, ജൂലൈ മുന്നേറ്റം ബോൾഷെവിക് നിയന്ത്രണത്തിലല്ലാതെ, (എന്നാൽ പ്രാദേശികതലത്തിൽ പ്രകടനങ്ങളിൽ ബോൾഷെവിക് കേഡർമാരുടെ സജീവ പങ്കാളിത്തത്തോടെയാണെങ്കിലും) സ്വമേധയായാണ് നടന്നതെന്നതായിരുന്നു. ഈ രണ്ട് കാരണത്താലാണ് പ്രകടനങ്ങൾ അവസാനിപ്പിച്ച് സമാധാനപരമായി പിരിഞ്ഞുപോകണമെന്ന തീരുമാനത്തിൽ കേന്ദ്രകമ്മിറ്റി എത്തിയത്.
പ്രകടനത്തിനു നേതൃത്വംനൽകാൻ ബോൾഷെവിക്കുകളും ലെനിനും തയ്യാറായില്ലെന്നത് വസ്‌തുതയാണെങ്കിലും ജൂലൈ പ്രകടനങ്ങളുടെ ഉത്തരവാദിത്വം ശത്രുക്കൾ പൂർണമായും ലെനിന്റെയും ബോൾഷെവിക്കുകളുടെയും ചുമലിൽ ചാർത്തുകയാണുണ്ടായത്. കെറൻസ്‌കിയുടെ നേതൃത്വത്തിൽ പുതുതായി ചുമതലയേറ്റ ഐക്യമുന്നണി സർക്കാർ ഇടതുപക്ഷത്തെ ആക്രമിക്കാനുള്ള സുവർണാവസരമായി കണക്കാക്കി ഇത് മുതലെടുത്തു. പ്രകടനക്കാർ പിരിഞ്ഞതുപോകണമെന്ന ഇടതുപക്ഷ നിലപാടിനെ ഏറെപ്പേർ പിന്തുണച്ചെങ്കിലും ഫലത്തിൽ അത് ഇടതുപക്ഷത്തെ ശിഥിലമാക്കിയിരുന്നു; തൽക്കാലത്തേക്കെങ്കിലും പ്രതിരോധിക്കാനാവാത്ത അവസ്ഥയിലെത്തിച്ചു. ഇത് ബോൾഷെവിക്കുകളെ കടന്നാക്രമിക്കാനുള്ള അവസരമായി കെറൻസ്‌കി ഉപയോഗിച്ചു. ‘ശത്രുരാജ്യങ്ങൾ’ സ്വന്തം നാടിനെ ആക്രമിക്കുമ്പോൾ സ്വന്തം നാട്ടിലെ ഭരണത്തെ അട്ടിമറിക്കാൻ നോക്കുന്ന രാജ്യദ്രോഹികൾ എന്ന വിശേഷണത്തോടെയാണ്, അങ്ങനെ ‘രാജ്യസ്‌നേഹ’ത്തിന്റെ കാർഡ് വീശിയാണ്, കെറൻസ്‌കി സർക്കാർ ബൊൾഷെവിക്കുകൾക്കെതിരെ ആക്രമണമഴിച്ചുവിട്ടത്. ജർമനിയിൽനിന്നോ ജപ്പാനിൽനിന്നോ മറ്റോ തിരിച്ചടിയേൽക്കുമ്പോൾ ആ തോൽവിയുടെ കുറ്റം, ഉത്തരവാദിത്വം ബോൾഷെവിക്കുകളുടെമേൽ ചാരുകയാണ് കെറൻസ്‌കി ചെയ്‌തത്. ഒരു പടികൂടി കടന്ന് ബോൾഷെവിക് നേതാക്കൾ, പ്രത്യേകിച്ച് ലെനിൻ, ജർമൻ ഏജന്റുമാരാണെന്ന് സ്ഥാപിക്കാനുള്ള ‘‘തെളിവുകൾ’’ കെട്ടിച്ചമയ്‌ക്കുവാനുള്ള ചുമതല, മുൻ ബോൾഷെവിക്കായ ഗ്രിഗറി അലക്‌സിൻസ്‌കിയെ ഏൽപ്പിക്കുന്ന നിലവരെ അതെത്തി. അടച്ചുപൂട്ടിയ ട്രെയിനിൽ സ്വിറ്റ്‌സർലണ്ടിൽനിന്ന് ജർമനിയിലൂടെ ലെനിനും സഖാക്കളും നടത്തിയ റഷ്യയിലേക്കുള്ള മടക്കയാത്ര സംബന്ധിച്ച കഥകളും അലക്‌സിൻസ്‌കിയുടെ ‘‘ചാരക്കഥകളും’’ ചേർത്തുള്ള പ്രചാരണം ഒട്ടേറെ ആളുകളിൽ സംശയം ജനിപ്പിക്കുന്നതിന് സഹായകമായി.
ഈ ഘട്ടത്തിൽ ഇക്കാര്യത്തെ സംബന്ധിച്ച ക്രിസ്റ്റഫർ റീഡിന്റെ വാക്കുകൾ ഉദ്ധരിക്കുന്നത് കൂടുതൽ നന്നായിരിക്കും. ‘‘വിപ്ലവത്തെക്കുറിച്ചുള്ള കെട്ടുകഥകളിൽ (mythology) ‘ജർമൻ പണം’ സംബന്ധിച്ച പ്രശ്‌നം ആവർത്തിച്ചു പറയുന്നത് തെറ്റിദ്ധാരണകൾക്കിടയാക്കിയിട്ടുണ്ട്… ഈ കഥകളിൽ ചില കാര്യങ്ങൾ സത്യവുമായി അടുത്തുവരുന്നുണ്ടെങ്കിലും അതു സംബന്ധിച്ച യാഥാർഥ്യത്തെ, അതിന്റെ പ്രാധാന്യത്തെ വല്ലാതെ പർവതീകരിച്ചാണ് പ്രചരിപ്പിക്കപ്പെടുന്നത്. യാത്രയിൽ ജർമൻ പണം ബോൾഷെവിക്കുകൾ ഉപയോഗിച്ചിട്ടുണ്ടാവാമെങ്കിലും ലെനിൻ ജർമൻ ഏജന്റാണെന്നോ ബെർലിനിൽ നിന്നുള്ള ഉത്തരവുകളനുസരിച്ച് പ്രവർത്തിച്ചിരുന്ന ആളാണെന്നോ ഉള്ളതിന് തെളിവുകളല്ല. ജർമൻ ഗവൺമെന്റിനും ബോൾഷെവിക്കുകൾക്കും പൊതുവായ ചില താൽപര്യങ്ങൾ ഉണ്ടെന്നത് ശരിയായിരിക്കാം‐ അതായത് റഷ്യയുടെ യുദ്ധനീക്കങ്ങളെ ദുർബലപ്പെടുത്തൽ; പക്ഷേ, അത് തികച്ചും വ്യത്യസ്‌തമായ കാരണങ്ങളാലാണ്. ജർമൻ സാമ്രാജ്യത്തെയും തകർക്കാനുള്ള ഒരു സ്‌പ്രിങ്‌ബോർഡായി റഷ്യയെ ഉപയോഗിക്കുകയെന്നതായിരുന്നു ലെനിന്റെ താൽപര്യം. ഒരിക്കലും അതായിരിക്കില്ലല്ലോ കൈസറുടെ നയത്തിന്റെ ലക്ഷ്യം! എന്നിട്ടും ഈ കഥ ആവർത്തിച്ചുകൊണ്ടേയിരുന്നു; ലെനിന്റെ ജീവിതത്തിൽ ഇനിയും ഈ കഥ കടന്നുവരുന്നതായി നമുക്ക് കാണാം.’’ (Christoper Read‐ Lenin A Revolutionary Life, Page 161)
ജർമൻ ചാരക്കഥ പെരുംനുണയായിരുന്നെങ്കിലും ബോൾഷെവിക്കുകളുടെയും ലെനിന്റെയും ശത്രുക്കൾ അത് ഏറെ ഫലപ്രദമായി ഉപയോഗിച്ചു. വലതുപക്ഷക്കാരായ ‘രാജ്യസ്‌നേഹികൾ’ പ്രവ്‌ദ ഓഫീസ് അടിച്ചുതകർക്കാനും ബോൾഷെവിക് നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കാനും വേണ്ട ന്യായീകരണം ചമയ്‌ക്കാൻ ഈ പെരുംനുണ ഉപകരണമാക്കി. ബോൾഷെവിക് ഹെഡ്‌ക്വാർട്ടേഴ്‌സായി പ്രവർത്തിച്ചിരുന്ന ക്ഷെസിൻസ്‌കായ മാൻഷെൻ (Kshesinskaya Mansion), പ്രൊവിഷണൽ ഗവൺമെന്റിന്റെ സൈന്യം കൈയേറി. നിരവധി ബോൾഷെവിക് നേതാക്കളുടെ വീടുകൾ ഈ നുണക്കഥ വിശ്വസിച്ച് ഇളകിയാർത്തുവന്ന ജനക്കൂട്ടം അടിച്ചുതകർത്തു. പലരുടെയും വീടുകൾ പൊലീസ് റെയ്‌ഡ് ചെയ്‌തു. ലെനിൻ തന്നെ ഒരു സംഘം പട്ടാളക്കാരുടെ പിടിയിൽപെടാതെ കഷ്ടിച്ച് രക്ഷപ്പെടുകയാണുണ്ടായത്. പട്ടാളക്കാരുടെ ഈ സംഘം ലെനിനും ക്രൂപ്‌സ്‌കായയും പാർത്തിരുന്ന ഷിരോക്കായ ഉലിത്‌സയിലെ (Shirokaya Ulitsa)യിലെ ലെനിന്റെ സഹോദരി അന്നയുടെയും കുടുംബത്തിന്റെയും ഫ്‌ളാറ്റ് അരിച്ചുപെറുക്കി പരിശോധിക്കുകയും ആകെ അലങ്കോലപ്പെടുത്തുകയും അന്നയെയും അവരുടെ ജീവിതപങ്കാളിയെയും (മാർക് എലിസറോവ്) അറസ്റ്റ് ചെയ്‌ത് സൈനിക ഹെഡ്‌ക്വാർട്ടേഴ്‌സിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു. എന്നാൽ, അവർക്കുവേണ്ടത് ലെനിനെയായിരുന്നു; കയ്യിൽ കിട്ടിയിരുന്നെങ്കിൽ അവർ ലെനിനെ അദ്ദേഹത്തെ കൊത്തിക്കീറുമായിരുന്നുവെന്നാണ് ക്രൂപ്‌സ്‌കായ അനുസ്‌മരിക്കുന്നത്. ആയിടെ മാത്രം ലെനിനും ബോൾഷെവിക്കുകൾക്കുമൊപ്പം ചേർന്ന ട്രോട്‌സ്‌കി ഉൾപ്പെടെയുള്ള ബോൾഷെവിക് നേതാക്കൾക്കും പ്രവർത്തകർക്കുമെല്ലാമെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിക്കപ്പെട്ടു.
ഇങ്ങനെ വ്യാപകമായ അറസ്റ്റ് ഭീഷണി പല വ്യക്തികളെയും സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങൾക്കിടയാക്കി. ലെനിൻ പൊലീസിന് പിടികൊടുത്ത് ജയിലിലേക്ക് പോകാമെന്ന അഭിപ്രായം മുന്നോട്ടുവെച്ചു; പൊതുവിലുള്ള അറസ്റ്റ് ഭീഷണി അതോടെ ഒഴിവായേക്കാമെന്ന ചിന്തയിലാണ് ലെനിൻ അത്തരത്തിൽ അഭിപ്രായപ്പെട്ടത്. എന്നാൽ ഇത് സംബന്ധിച്ചു നടന്ന ചർച്ചയിൽ ലെനിന്റെ ഈ നിർദേശത്തെ സ്റ്റാലിൻ ശക്തമായി എതിർത്തു. ഒരു കാരണവശാലും ലെനിൻ അറസ്റ്റ് വരിക്കരുതെന്ന അഭിപ്രായമാണ് സ്റ്റാലിൻ മുന്നോട്ടുവച്ചത്. ഒടുവിൽ ലെനിൻ ജയിലിലേക്ക് പോകേണ്ടതില്ലെന്നും സെൻട്രൽ കമ്മിറ്റി തീരുമാനിച്ചു. ലെനിൻ മാത്രമല്ല സെൻട്രൽ കമ്മിറ്റിയിലെ മറ്റെല്ലാവരും ഒളിവിൽ പോകണമെന്നും അവരെല്ലാം ഫിൻലാൻഡിൽ ഒളിവിൽ കഴിയണമെന്നും തീരുമാനിക്കപ്പെട്ടു. എന്നാൽ ഈ തീരുമാനത്തിൽനിന്ന് വേറിട്ടൊരു നിലപാടാണ് ട്രോട്‌സ്‌കി കൈക്കൊണ്ടത്. ലെനിനുൾപ്പെടെ മറ്റുള്ളവർ ഫിൻലാൻഡിലേക്ക് പോയപ്പോൾ ട്രോട്‌സ്‌കി തൊട്ടടുത്തുള്ള പൊലീസ് സ്‌റ്റേഷനിൽ പോയി കീഴടങ്ങുകയാണുണ്ടായത്. കെറൻസ്‌കി ഗവൺമെന്റിന് അധികകാലം തന്നെ ജയിലിലടയ്‌ക്കാനാവില്ലെന്ന് പറഞ്ഞാണ് അദ്ദേഹം പൊലീസിന് കീഴടങ്ങിയത്.
ലെനിന്റെ അഭിപ്രായത്തിൽ ‘ഉറപ്പാ’യും അപ്പോഴത്തെ അവസ്ഥ ഒരു ദുരന്തം തന്നെയാണ്. ആ പ്രതിസന്ധിയിൽനിന്ന് കരകയറാൻ നയംമാറ്റവും അടവുമാറ്റവും വേണ്ടതുണ്ട്. Political Situation: Four Theses (Collected Works: V I Lenin, Volume 25) എന്ന കൃതിയിൽ അദ്ദേഹം മുന്നോട്ടുവെച്ച പുതിയ നയത്തിനു പിന്നിലുള്ള ധാരണ പ്രതിവിപ്ലവം സുസംഘടിതവും ശക്തവുമായി മാറിയെന്നും ഭരണകൂടത്തിന്റെ കരുത്താകെ പ്രതിവിപ്ലവകാരികളുടെ പിടിയിലായിയെന്നുമാണ്. ലെനിൻ ജൂലൈക്കു മുന്പുതന്നെ പറഞ്ഞത്, ഇടതുപക്ഷത്തിനെതിരെ സാറിസ്റ്റുകളും പ്രൊവിഷണൽ ഗവൺമെന്റും കൈകോർക്കുമെന്നാണ്. കോർണിലോവിന്റെ നേതൃത്വത്തിലുള്ള പുതിയ കൂട്ടുകക്ഷി ഗവൺമെന്റിൽ ‘രാജ്യസ്‌നേഹി’കളായ ഇടതുപക്ഷക്കാർ എന്നറിയപ്പെടുന്ന വിഭാഗത്തിൽനിന്ന്, അതായത് മെൻഷെവിക്കുകളിൽ നിന്ന്, കൂടുതൽ മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി, പ്രൊവിഷണൽ ഗവൺമെന്റിനെ വിപുലീകരിച്ചു. എന്നിട്ടും ഇടതുപഷത്തിനുനേരെ കടുത്ത ആക്രമണമുണ്ടായി. ഇടതുപക്ഷത്തിനെതിരെ, ബലപ്രയോഗത്തിന് ഭരണാധികാരികൾ തയ്യാറാകാത്തിടത്തോളം സമാധാനപരമായ മാർഗങ്ങൾ അവലംബിക്കുകയെന്ന നിലപാടാണ് ലെനിൻ മുന്നോട്ടുവെച്ചത്. എന്നാൽ, ജൂലൈ പ്രക്ഷോഭത്തെ തുടർന്ന് ഭരണാധികാരികളിൽ നിന്ന് കടുത്ത ബലപ്രയോഗമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ലെനിൻ ഇങ്ങനെ എഴുതിയത്: ‘‘റഷ്യൻ വിപ്ലവം സമാധാനപരമായി മുന്നോട്ടുപോകുന്നതു സംബന്ധിച്ച എല്ലാ പ്രതീക്ഷകളും അസ്‌തമിച്ചിരിക്കുന്നു. ഒന്നുകിൽ സൈനിക സ്വേച്ഛാധിപത്യത്തിന്റെ സന്പൂർണ വിജയം അല്ലെങ്കിൽ തൊഴിലാളിവർഗത്തിന്റെ സായുധ ഉയർത്തെഴുന്നേൽപ്പിന്റെ വിജയം എന്നതായിരിക്കുന്നു വസ്‌തുനിഷ്‌ഠ സാഹചര്യം’’ (The Political Situation: Four Theses. Collected Works Volume 25, Page 177). സോഷ്യലിസ്റ്റ് റവല്യൂഷണറികളും മെൻഷെവിക്കുകളും ചേർന്ന് വിപ്ലവത്തെ വഞ്ചിക്കുന്ന അവസ്ഥയാണുണ്ടായത്. ഈ പശ്ചാത്തലത്തിൽ ബോൾഷെവിക്കുകൾ പിന്തുടരേണ്ട അടവുകൾ സംബന്ധിച്ച് ലെനിൻ തുടർന്നെഴുതുന്നു: ‘‘തൊഴിലാളിവർഗത്തിന്റെ പാർട്ടി നിയമവിധേയ പ്രവർത്തനങ്ങൾ കൈവെടിയാതെതന്നെ, അതേസമയം അതിന് അമിതപ്രാധാന്യം നൽകാതെ, നിയമവിധേയ പ്രവർത്തനത്തോടൊപ്പം നിയമവിരുദ്ധ (illegal) പ്രവർത്തനത്തെയും കൂട്ടിയോജിപ്പിക്കണം‐ അതായത് 1912‐14 കാലത്ത് പാർട്ടി ചെയ്‌തതുപോലെ എന്നർഥം. നിയമവിരുദ്ധ പ്രവർത്തനത്തിൽ മാത്രമായി വഴിതെറ്റിപ്പോകാൻ ഒരു നിമിഷംപോലും ഇടയാകരുത്. അതേസമയം ഭരണഘടനാപരമോ ‘‘സമാധാനപര’’മോ ആയ വ്യാമോഹങ്ങളിൽ കുടുങ്ങിപ്പോകാനും പാടില്ല. എല്ലായിടത്തും നിയമവിരുദ്ധ സംഘടനകൾ അഥവാ സെല്ലുകൾ രൂപീകരിക്കുക; ലഘുലേഖകളും മറ്റും പ്രസിദ്ധീകരിക്കുന്നതിനായി തയ്യാറെടുക്കുക. അടിയന്തരമായും നിരന്തരവും ദൃഢനിശ്ചയത്തോടെയും ഈ നയമനുസരിച്ച് പുനഃസംഘടിക്കുക.’’ (Lenin, Collected Works Vol: 25, Page 178). ലെനിന്റെ ഈ വാക്കുകളുടെ അർഥം, എത്രയുംവേഗം ബോൾഷെവിക് പാർട്ടി നേതൃത്വം ഒളിവിൽ പോകണമെന്നും ഒളിവിൽനിന്നുതന്നെ പാർട്ടി പത്രം പ്രസിദ്ധീകരിക്കണമെന്നുമാണ്.
ലെനിനും കമനേവും സിനോവീവും അതിനകംതന്നെ ഒളിവിൽ പോയിക്കഴിഞ്ഞിരുന്നു. പേരുകൾ മാറ്റുന്നതുപോലെയുള്ള, അതായത് വ്യാജ പേരുകൾ ഉപയോഗിക്കുന്നതുപോലെയുള്ള സാറിസ്റ്റ് ഭരണകാലത്തു കൈക്കൊണ്ട അടവുകൾ ഉപയോഗിച്ചാണ് നിയമവിധേയമായി പ്രവർത്തിക്കുന്ന സഖാക്കൾ പാർട്ടി പ്രവർത്തനം തുടർന്നിരുന്നത്. ബോൾഷെവിക് വിഭാഗത്തിലെ സഖാക്കൾ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോൾ പാർട്ടിയുടെ പേര് സോഷ്യൽ ഡെമോക്രാറ്റിക് ഇന്റർനാഷണലിസ്റ്റുകൾ എന്നാണ് ഉപയോഗിച്ചത്. പാർട്ടി പ്രസിദ്ധീകരണങ്ങളുടെ പേരു മാറ്റി പ്രസിദ്ധീകരണം തുടർന്നു. ഉദാഹരണത്തിന് പ്രവ്‌ദ 1917 സെപ്‌തംബർ മുതൽ ഒക്ടോബർ 26 വരെ (നവംബർ 8) റബോച്ചിപുട്ട് എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്. ഇതിനിടയിൽതന്നെ പാർട്ടിയുടെ ആറാം കോൺഗ്രസ് ജൂലൈ 26 മുതൽ ആഗസ്‌ത് 3 വരെ രഹസ്യമായി ചേരുകയുമുണ്ടായി.
പാർട്ടിയെ സംബന്ധിച്ചിടത്തോളം അടവിലുണ്ടാക്കിയ ഈ മാറ്റം ജനങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കുന്നതിനിടയാക്കി. പ്രൊവിഷണൽ ഗവൺമെന്റുമായും സാറിസ്റ്റുകളുമായും നേരിട്ട് ഏറ്റുമുട്ടുന്ന, നിലവിലെ ഭരണത്തിന്റെ സ്വാഭാവിക എതിരാളികളാണ് ബോൾഷെവിക്കുകൾ എന്ന ധാരണ ജനങ്ങൾക്കിടയിൽ ഉറയ്‌ക്കുന്നതിന് ഇതിടയാക്കി. തൽഫലമായി പ്രൊവിഷണൽ ഗവൺമെന്റിന്റെ നയങ്ങളോടും നടപടികളോടുമുള്ള വിയോജിപ്പും എതിർപ്പും വർധിക്കുന്നതിനനുസരിച്ച് ബോൾഷെവിക് പക്ഷത്തേക്ക് കൂടുതൽ ആളുകൾ വരാൻ തുടങ്ങി. പ്രൊവിഷണൽ ഗവൺമെന്റിന് പിന്തുണ നൽകുന്നതിനെതിരായ ലെനിന്റെ നിലപാട്, ഏപ്രിൽ തീസിസ് മുതൽ അദ്ദേഹം വ്യക്തമാക്കിയ നിലപാട്, ശരിക്കും ഫലം കണ്ടുതുടങ്ങിയത് ജൂലൈ പ്രതിസന്ധിയോടെയാണ്.
ഈ ഘട്ടത്തിലാണ് ദീർഘകാലം ലെനിനുമായി എതിരിട്ടുനിന്നിരുന്ന, വ്യക്തിപരമായും ആശയപരമായും ശത്രുത പുലർത്തിയിരുന്ന ട്രോട്‌സ്‌കി ബോൾഷെവിക് പക്ഷത്തേക്ക് വരുന്നത്. ലെനിനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഇഷ്ടാനിഷ്‌ടങ്ങൾക്കപ്പുറം രാഷ്‌ട്രീയമായ ഇച്ഛാശക്തിയാണ് പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിലെ ഓരോ ഘട്ടത്തിലും പ്രകടിപ്പിച്ചിട്ടുള്ളത്. മാർത്തോവ്, പ്ലെഖാനോവ്, ബോഗ്‌ദനോവ്, ട്രോട്‌സ്‌കി എന്നിവരെയെല്ലാം കൂടെനിർത്തിയതും എതിർത്തതും ഈയടിസ്ഥാനത്തിലായിരുന്നു. അങ്ങനെയാണ് 1904 മുതൽ 1917 വരെയും തനിക്കെതിരെ നിരന്തരം നിശിതവും വിനാശകരവുമായ വിമർശനങ്ങൾ നടത്തിയിരുന്ന ട്രോട്‌സ്‌കിയെ ബോൾഷെവിക് പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാൻ ലെനിൻ മുൻകൈയെടുത്തത്. പാർട്ടി സംഘടനയെ സംബന്ധിച്ച, പ്രത്യേകിച്ചും ജനാധിപത്യകേന്ദ്രീകരണം സംബന്ധിച്ച ലെനിന്റെ ആശയങ്ങളുടെ നിശിത വിമർശകനായിരുന്നു ട്രോട്‌സ്‌കി.
പാർട്ടിയിൽ മെൻഷെവിക്, ബോൾഷെവിക് ചേരിതിരിവുണ്ടായ കാലംമുതൽ മറ്റാരെക്കാളധികം ലെനിനെ എതിർത്തിരുന്ന, മെൻഷെവിക് പക്ഷത്ത് ഉറച്ചുനിന്നയാളായിരുന്നു ട്രോട്‌സ്‌കി. ലെനിനെ ‘ഭീകരവാദി’യായും ‘സ്വേച്ഛാധിപതി’യായും ട്രോട്‌സ്‌കി പല ലേഖനങ്ങളിലും ആക്ഷേപിക്കുകപോലും ചെയ്‌തിട്ടുണ്ട്. എന്നാൽ 1917 മെയ്‐ജൂൺ മാസങ്ങളോടെയാണ് ട്രോട്‌സ്‌കി ക്രമേണ ലെനിനുമായി അടുക്കാൻ തുടങ്ങിയത്. ജൂലൈ 26 മുതൽ ആഗസ്‌ത് മൂന്നുവരെ (പഴയ കലണ്ടർ പ്രകാരം) ഒളിവിൽ രഹസ്യമായി ചേർന്ന പാർട്ടി കോൺഗ്രസോടെയാണ് ഈ ഭിന്നിപ്പ് അവസാനിക്കുന്നതായി കാണുന്നത്. ഈ പാർട്ടി കോൺഗ്രസിൽ ഫിൻലാൻഡിൽ പ്രവാസിയായി കഴിഞ്ഞിരുന്നതിനാൽ ലെനിനും ജയിലിലായിരുന്നതിനാൽ ട്രോട്‌സ്‌കിയും പങ്കെടുത്തിരുന്നില്ല. ലെനിനുമായുള്ള ചർച്ചകളെ തുടർന്ന് സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളാണ് ആ പാർട്ടി കോൺഗ്രസിൽ അടവുപരമായ നിലപാടുകൾക്ക് അന്തിമ രൂപംനൽകിയത്. ട്രോട്‌സ്‌കിയും അതിനൊപ്പം നിൽക്കുകയാണുണ്ടായത്. രാഷ്‌ട്രീയമായ അനിവാര്യതയാണ് അത്തരമൊരു അനുരഞ്‌ജനത്തിന് ഇടയാക്കിയത്.
ജൂലൈയിൽ വീണ്ടും പ്രവാസജീവിതം ആരംഭിച്ചതോടെ രാഷ്‌ട്രീയ പോരാട്ടത്തിന്റെ മുൻനിരയിൽനിന്നുതന്നെ വേറിട്ടുനിൽക്കാൻ ലെനിൻ നിർബന്ധിതനായി. തുടക്കത്തിൽ ലെനിനും സിനോവീവും ഒളിവിൽ കഴിഞ്ഞത് പെട്രോഗ്രാഡിൽ നിന്നും ഏകദേശം 35 കിലോമീറ്റർ അകലെയുള്ള ഗ്രാമീണമേഖലയിലെ പുൽക്കുടിലിലായിരുന്നു. ആഗസ്‌ത് അവസാനത്തോടെയാണ് റെയിൽവേയിലെ എഞ്ചിൻ ഡ്രൈവറുടെ സഹായത്തോടെ ഇവാനോവെന്ന ഒരു സാധാരണ തൊഴിലാളിയുടെ വേഷത്തിൽ, ട്രെയിനിലെ ഫയർമാനെന്ന പേരിൽ അതിർത്തി കടന്ന് ഫിൻലാൻഡിലെത്തിയത്. ഫിൻലാൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽപോലും അദ്ദേഹം സുരക്ഷിതനായിരുന്നില്ല. ഹെൽസിങ്കിയിലെത്തിതന്നെ സന്ദർശിക്കാൻ ക്രൂപ്‌സ്‌കായയ്‌ക്ക് അദ്ദേഹം കത്തെഴുതിയത് അദൃശ്യ മഷിയിലായിരുന്നു. ക്രൂപ്‌സ്‌കായയാകട്ടെ, 1890 കളിൽ പഠിച്ച അദൃശ്യ മഷി ഉപയോഗിച്ചുള്ള എഴുത്തിന്റെ ടെക്‌നിക്കെല്ലാം ഏറെക്കുറെ മറന്നുപോയിരുന്നു. ആ പേപ്പർ വിളക്കിൽ കത്തിച്ച്, അത് എരിഞ്ഞ് തീരാറായപ്പോഴാണ് അതിലെ അക്ഷരങ്ങൾ അവർക്ക് കാണാനായത്. ഇത് ഹെൽസിങ്കിയിൽ എത്തി ലെനിനെ കണ്ടുപിടിക്കാൻ ക്രൂപ്‌സ്‌കായയ്‌ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഒരുപാട് അലഞ്ഞശേഷമാണ് ലെനിന്റെ താമസസ്ഥലത്ത് ക്രൂപ്‌സ്‌കായ എത്തിയത്. ക്രൂപ്‌സ്‌കായ ഇങ്ങനെ ഇടയ്‌ക്കിടയ്‌ക്ക് വരുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പ്രവാസജീവിതം ലെനിനുണ്ടാക്കിയ ബുദ്ധിമുട്ടുകൾ വർധിച്ചുവന്നു. വായിക്കാൻ പത്രങ്ങളും പെട്രോഗ്രാഡിൽനിന്ന് സന്ദേശങ്ങളും ലഭിക്കുന്നുണ്ടെങ്കിലും ലെനിൻ അതുകൊണ്ട് തൃപ്‌തനായില്ല. സെപ്‌തംബറിൽ അദ്ദേഹം എഴുതിയ കത്തുകളിലും ലേഖനങ്ങളിലുമെല്ലാം കൂടുതൽ ക്രിയാത്മകമായ ഇടപെടാൻ കഴിഞ്ഞതിനുള്ള ഒരസംതൃപ്‌തി പ്രകടമായിരുന്നു. എന്നാൽ ബുദ്ധിജീവിയും അധ്യാപകനുമെന്ന നിലയിൽനിന്ന് ആക്ടിവിസ്‌റ്റെന്ന നിലയിലേക്ക് അദ്ദേഹം അതിവേഗം മാറി. ഇതിനിടയിൽ, ആഗസ്‌ത്‐സെപ്‌തംബർ മാസങ്ങളിലായി അദ്ദേഹത്തിന്റെ പ്രശസ്‌ത കൃതികളിലൊന്നായ State and Revolution എഴുതി. അത് ശരിക്കും പൂർത്തിയാക്കാതെയാണ് അവസാനിപ്പിച്ചത്. വിപ്ലവത്തെക്കുറിച്ച് എഴുതുന്നതിനെക്കാൾ അതിൽ പങ്കാളിയാകാം എന്നു പറഞ്ഞാണ് ആ കൃതി അവസാനിപ്പിക്കുന്നത്. l
(തുടരും)




