കെ പി ജാനകിയമ്മാൾ: തമിഴ്‌നാട്ടിലെ സമുന്നത നേതാവ്‌

ഗിരീഷ്‌ ചേനപ്പാടി

മിഴ്‌നാട്ടിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ആദ്യത്തെ കമ്യൂണിസ്റ്റ്‌ വനിതാ നേതാക്കളിൽ പ്രമുഖയാണ്‌ കെ പി ജാനകിയമ്മാൾ. സുഹൃത്തുക്കൾക്കും സഖാക്കൾക്കും മാത്രമല്ല നാട്ടുകാർക്കാകെയും അമ്മയായിരുന്നു അവർ. അമ്മ എന്ന സ്‌നേഹാദരങ്ങളോടെയുള്ള വിളിപ്പേരിനോട്‌ നീതി കാട്ടുന്നതായിരുന്നു ജാനകിയമ്മാളിന്റെ പ്രവർത്തനങ്ങൾ. കമ്യൂണിസ്റ്റുകാരിക്കു സഹജമായ ധൈര്യവും അനീതിയെ എതിർക്കാനുള്ള ആത്മവീര്യവും അടിച്ചമർത്തപ്പെടുന്നവരോടും അവശജനവിഭാഗങ്ങളോടുമുള്ള പ്രതിബദ്ധതയും അവരുടെ സവിശേഷതയായിരുന്നു.

1917ൽ പത്മനാഭന്റെയും ലക്ഷ്‌മിയുടെയും മകളായാണ്‌ കെ പി ജാനകിയമ്മാളിന്റെ ജനനം. അച്ഛനമ്മമാരുടെ ഒരേയൊരു മകളായിരുന്നു അവർ. ജാനകിക്ക്‌ എട്ടുവയസ്സുള്ളപ്പോൾ അമ്മ മരിച്ചു. മുത്തശ്ശിയാണ്‌ അവരെ വളർത്തിയത്‌. സംഗീതത്തോട്‌ കുട്ടിക്കാലം മുതൽ വലിയ ആഭിമുഖ്യമാണ്‌ അവർ പുലർത്തിയത്‌. സംഗീതമധുരമായ അവരുടെ ശബ്ദം ആരെയും ആകർഷിക്കുന്നതായിരുന്നു.

സംഗീതം അഭ്യസിക്കുന്നതിനായി എട്ടാം ക്ലാസ്സിൽതന്നെ പഠനം ഉപേക്ഷിച്ചു. പളനിയപ്പ പിള്ള ബോയ്‌സ്‌ കമ്പനിയിൽ അവർ ജോലിചെയ്‌തു. അന്ന്‌ പ്രതിമാസം 25 രൂപയായിരുന്നു ശമ്പളം. പിന്നീട്‌ അവർ കമ്പനിയിലെ പ്രധാന നടിയായി മാറി. ഒരു ദിവസം സ്‌റ്റേജിൽ അഭിനയിക്കുന്നതിന്‌ 300 രൂപ പ്രതിഫലം ലഭിക്കുന്ന മികച്ച നടിയായി അവർ കണക്കാക്കപ്പെട്ടു. അന്നത്തെ കാലത്ത്‌ വലിയ സംഖ്യയായിരുന്നല്ലോ അത്‌.

അക്കാലത്ത്‌ പുരാണകഥകളും രാജാക്കന്മാരുടെ കഥകളുമായിരുന്നു മിക്ക നാടകങ്ങളുടെയും പ്രധാന ഇതിവൃത്തം. സ്‌ത്രീ കഥാപാത്രങ്ങളെ മാത്രമല്ല പുരുഷ കഥാപാത്രങ്ങളെയും അവർ സ്‌റ്റേജിൽ അവതരിപ്പിച്ചു. സ്‌ത്രീകൾ നാടകത്തിൽ അഭിനയിക്കുന്നതിനെ അതിശക്തമായാണ്‌ യാഥാസ്ഥിതികർ എതിർത്തത്‌. അപവാദ പ്രചാരണങ്ങളും കായികമായ ആക്രമണങ്ങളുമെല്ലാം അവർ ജാനകിയമ്മാളിനു നേരെ അഴിച്ചുവിടാൻ ശ്രമിച്ചു. പക്ഷേ ജാനകിമ്മാളിന്റെ നിശ്ചയദാർഢ്യത്തിനും നിർഭയത്വത്തിനും മുമ്പിൽ എതിരാളികൾ പത്തിമടക്കി.

നാടകസംഘത്തിലെ ഏറ്റവും ശ്രദ്ധേയയായ നടി ജാനകിയമ്മാൾ തന്നെയായിരുന്നു. ജാനകിയമ്മാൾ അഭിനയിക്കുന്ന നാടകമാണെന്നറിഞ്ഞാൽ അതു കാണാൻ ജനങ്ങൾ തടിച്ചുകൂടി.

പുരാണകഥകളാണ്‌ ഇതിവൃത്തമെങ്കിലും ദേശഭക്തിഗാനങ്ങളും സംഭാഷണങ്ങളും അവയിൽ തിരുകിക്കയറ്റാൻ നാടകപ്രവർത്തകർ തയ്യാറായി. സ്വാതന്ത്ര്യസമരത്തോടും ദേശീയപ്രസ്ഥാനത്തോടും നിയമലംഘനപ്രസ്ഥാനത്തോടുമൊക്കെ ജനങ്ങൾക്ക്‌ ആഭിമുഖ്യം തോന്നുന്നതരത്തിൽ വിദഗ്‌ധമായാണ്‌ അവ പുരാണ നാടകങ്ങളിൽ കണ്ണിചേർത്തിരുന്നത്‌. സ്വാതന്ത്ര്യസമര സേനാനികളെ കുറച്ചൊന്നുമല്ല ആ നാടകങ്ങൾ ആവേശഭരിതമാക്കിയത്‌.

ദേശീയപ്രസ്ഥാനത്തോടും വിദേശവസ്‌ത്ര ബഹിഷ്‌കരണത്തോടുമൊക്കെ കുട്ടിക്കാലം മുതൽ വലിയ ആദരവായിരുന്നു ജാനകിയമ്മാളിന്‌. നാടകസംഘത്തിലെ ഹാർമോണിസ്റ്റ്‌ ഗുരുസ്വാമി കോൺഗ്രസുകാരനും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ആകൃഷ്‌ടനുമായിരുന്നു. അദ്ദേഹവുമായി ജാനകിയമ്മാൾ ഏറെ അടുത്തു. ഗുരുസ്വാമിയുമായുള്ള അടുപ്പം സ്വാതന്ത്ര്യസമരത്തോടുള്ള ജാനകിയമ്മാളിന്റെ ആഭിമുഖ്യം വളർത്തി.

1934ൽ ജാനകിയമ്മാളും ഗുരുസ്വാമിയുമായുള്ള വിവാഹം നടന്നു. അന്ന്‌ ഗുരുസ്വാമിക്ക്‌ ഭാര്യയും ഒരു മകളും ഉണ്ടായിരുന്നു. ആദ്യ ഭാര്യയുടെ അനുവാദത്തോടെയായിരുന്നു വിവാഹം.

വിവാഹാനന്തരം ജാനകിയമ്മാൾ കോൺഗ്രസിൽ മെമ്പർഷിപ്പെടുത്തു. കോൺഗ്രസ്‌ വേദികളിൽ ജാനകിയമ്മാൾ സ്ഥിരം പാട്ടുകാരിയായി. ദേശഭക്തിഗാനങ്ങളും ഗാന്ധിജിയെയും നെഹ്‌റുവിനെയും പ്രകീർത്തിച്ചുകൊണ്ടുള്ള ഗാനങ്ങളും ഇമ്പമാർന്ന സ്വരത്തിൽ അവർ പാടിയത്‌ ജനങ്ങളെ ആവേശം കൊള്ളിച്ചു. സദസ്സിനെയാകെ ഇളക്കിമറിക്കുന്നതായിരുന്നു അവരുടെ സ്വരമാധുരി. ജാനകിയമ്മാളിന്റെ പാട്ടു കേൾക്കുന്നതുതന്നെ ആളുകൾക്ക്‌ ഹരമായി. അങ്ങനെ കോൺഗ്രസ്‌ യോഗങ്ങളിൽ ജനങ്ങളെ ആകർഷിക്കുന്ന കാന്തശക്തിയായി അവർ മാറി.

ജാനകിയമ്മാൾ പാടുന്ന യോഗങ്ങളിൽ പ്രസംഗിക്കാൻ അന്നത്തെ നേതാക്കൾ പലരും മത്സരിച്ചു. ജാനകിയുടെ പാട്ടുള്ള യോഗത്തിലേ പ്രസംഗീക്കൂ എന്നു വാശിപിടിച്ച നേതാക്കളും കുറവല്ല. മധുര ജില്ലയിൽനിന്നു മാത്രമല്ല തമിഴ്‌നാടിന്റെ പല ഭാഗങ്ങളിൽനിന്നും ഗാനം ആലപിക്കാൻ ജാനകിയമ്മാളിന്‌ ക്ഷണം ലഭിച്ചു. അന്ന്‌ വണ്ടിക്കൂലി കൊടുക്കാനൊന്നുമുള്ള സാമ്പത്തികസ്ഥിതി കോൺഗ്രസിന്റെ സംഘാടകർക്കില്ലായിരുന്നു. പോകാൻ കഴിയുന്ന വേദികളിലെല്ലാം സ്വന്തം ചെലവിൽ എത്തിച്ചേരാനും കൃത്യസമയത്ത്‌ പാട്ടുപാടാനും അവർ പ്രത്യേകം ശ്രദ്ധിച്ചു. കലാപ്രവർത്തനം രാഷ്‌ട്രീയ പ്രവർത്തനമാക്കി മാറ്റാൻ അങ്ങനെ ജാനകിയമ്മാളിന്‌ സാധിച്ചു.

അന്ന്‌ സംസ്ഥാനത്തുതന്നെ അറിയപ്പെടുന്ന നടനായിരുന്നു വിശ്വനാഥദാസ്‌. അദ്ദേഹം പിന്നാക്ക സമുദായത്തിൽ ജനിച്ച വ്യക്തിയായിരുന്നു. അതുമൂലം അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ നടിമാർ പലരും വിമുഖത കാട്ടി. തികഞ്ഞ ദേശീയവാദിയും കോൺഗ്രസ്‌ പ്രവർത്തകനുമായിരുന്നു വിശ്വനാഥദാസ്‌. അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത്‌ ഒരു വെല്ലുവിളിയായിത്തന്നെ ജാനകിയമ്മാൾ ഏറ്റെടുത്തു. വിശ്വനാഥദാസുമായി ജാനകിയമ്മാൾ അഭിനയിച്ചത്‌ യാഥാസ്ഥിതികരെ ശരിക്കും വിറളികൊള്ളിച്ചു. അവർ നിരവധി ഭീഷണികളുമായി രംഗത്തുവന്നെങ്കിലും ജാനകിയമ്മാൾ അതൊന്നും ഗൗനിച്ചതേയില്ല.

കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി രൂപീകരിക്കപ്പെട്ടതോടെ സോഷ്യലിസ്റ്റ്‌ ആശയങ്ങൾ തമിഴ്‌നാട്ടിലാകെ പ്രചരിപ്പിക്കപ്പെട്ടു. എ കെ ജി, പി രാമമൂർത്തി, പി ജീവാനന്ദം തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ സിഎസ്‌പി രൂപീകരിക്കപ്പെട്ടത്‌. സോഷ്യലിസ്റ്റ്‌ ആശയങ്ങളോട്‌ കുട്ടിക്കാലം മുതൽ അനുഭാവം തോന്നിയ ജാനകിയമ്മാൾ സിഎസ്‌പിയെ ആരാധനയോടെയാണ്‌ കണ്ടത്‌.

1936ൽ വതലഗുണ്ടുവിൽ നടന്ന സിഎസ്‌പി സമ്മേളനം ജാനകിയമ്മാളിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ആ സമ്മേളനത്തിൽ ജാനകിയമ്മാൾക്ക്‌ ദേശഭക്തിഗാനം ആലപിക്കാൻ ക്ഷണം ലഭിച്ചു. അവർ ആവേശത്തോടെ ആലപിച്ച ഗാനം സദസ്സിനെ ശരിക്കും ഇളക്കിമറിച്ചു. അതിനുശേഷം ജാനകിയമ്മാൾ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി (സിഎസ്‌പി)യുടെ വേദികളിലെ സ്ഥിരം ഗായികയായി.

1938 ഫെബ്രുവരി 19‐22ന്‌ ഹരിപുരയിൽ ചേർന്ന കോൺഗ്രസ്‌ സമ്മേളനമാണല്ലോ സുഭാഷ്‌ ചന്ദ്രബോസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്‌. അങ്ങേയറ്റം വാശിയോടെ നടന്ന തിരഞ്ഞെടുപ്പിൽ പട്ടാഭി സീതാരാമയ്യയെയാണ്‌ നേതാജി പരാജയപ്പെടുത്തിയത്‌. ഗാന്ധിജിയുടെ പിന്തുണ പട്ടാഭിക്കായിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ബോസ്‌ ഇന്നത്തെ തമിഴ്‌നാട്‌ ഉൾപ്പെട്ട മദ്രാസ്‌ സ്‌റ്റേറ്റിൽ പര്യടനം നടത്തി. എന്നാൽ പട്ടാഭി അനുകൂലികളായ കോൺഗ്രസ്‌ നേതാക്കൾ പലരും നേതാജിയെ സ്വീകരിക്കാൻ തയ്യാറായില്ല. ഈ പശ്ചാത്തലത്തിൽ കോൺഗ്രസ്‌ പ്രസിഡന്റിന്‌ ഉചിതമായ സ്വീകരണം നൽകണമെന്ന്‌ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി തീരുമാനിച്ചു. മത്തലിംഗ തേവരായിരുന്നു അതിനു മുൻകൈയെടുത്തത്‌. ജാനകിയമ്മാളും ആവേശത്തോടെ പ്രവർത്തിച്ചു. ജാനകിയമ്മാളിന്റെ ഗാനങ്ങൾ ശ്രോതാക്കളെ ഏറെ ആകർഷിച്ചു. അങ്ങനെ സംസ്ഥാനമൊട്ടാകെ അവർ ബോസിനെ അനുഗമിച്ചു. ജനക്കൂട്ടത്തിനിടയിൽ വലിയ സ്വീകാര്യതയാണ്‌ ജാനകിയമ്മാളിന്‌ ലഭിച്ചത്‌.

മധുരയിലെ കോൺഗ്രസ്‌ കമ്മിറ്റി അധികം താമസിയാതെ സിഎസ്‌പിയുടെ നിയന്ത്രണത്തിലായി. അതോടെ ഗുരുസ്വാമി പ്രസിഡന്റും ജാനകി സെക്രട്ടറിയുമായി. ഒരേസമയം കോൺഗ്രസിന്റെയും സിഎസ്‌പിയുടെയും പ്രവർത്തനങ്ങളിൽ ആ ദന്പതിമാർ സജീവമായി. സിഎസ്‌പിയിലെ കമ്യൂണിസ്റ്റുകാർ സാവധാനം ആ പാർട്ടിയിൽനിന്നകന്ന്‌ സ്വതന്ത്രമായി പ്രവർത്തിച്ചു. കേരളത്തിൽ സിഎസ്‌പി ഒന്നാകെ കമ്യൂണിസ്റ്റ്‌ പാർട്ടിയാകുകയായിരുന്നു. എന്നാൽ തമിഴ്‌നാട്ടിലെ സാഹചര്യം വ്യത്യസ്‌തമായിരുന്നു. ജാനകിയമ്മാളും കമ്യൂണിസ്റ്റുകാർക്കൊപ്പം നിലകൊണ്ടു. 1939ൽ മധുരയിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഒരു സെൽ രൂപീകരിക്കപ്പെട്ടു. എൻ ശങ്കരയ്യ, എസ്‌ ഗുരുസ്വാമി തുടങ്ങിയവരുൾപ്പെട്ട പാർട്ടി ഘടകത്തിൽ ജാനകിയമ്മാളും അംഗമായി.

1939 സെപ്‌തംബർ ഒന്നിന്‌ രണ്ടാംലോകയുദ്ധം ആരംഭിച്ചല്ലോ. ഇന്ത്യയിലെ ജനങ്ങൾക്കുമേൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്വം കെട്ടിയേൽപ്പിച്ച യുദ്ധമായാണ്‌ അതിനെ കമ്യൂണിസ്റ്റ്‌ പാർട്ടി കണ്ടത്‌. അതിനാൽ യുദ്ധത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തുന്ന പ്രവർത്തനങ്ങൾ പാർട്ടി സജീവമായി ഏറ്റെടുത്തു. ഇത്‌ ബ്രിട്ടീഷ്‌ സർക്കാരിനെ പ്രകോപിപ്പിച്ചു. പാർട്ടി പ്രവർത്തകർക്കുനേരെ കടുത്ത മർദനമുറകളാണ്‌ പൊലീസ്‌ അഴിച്ചുവിട്ടത്‌.

ഗോൾഡൽ റോക്കിലെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കവെ, ജാനകിയമ്മാളിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഗുരുസ്വാമിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. ജാനകിയമ്മാളിനെ വെല്ലൂർ ജയിലിലേക്കാണ്‌ കൊണ്ടുപോയത്‌. ജയിലിനുള്ളിൽ പലതരത്തിലുള്ള പീഡനങ്ങളും അവർക്ക്‌ അനുഭവിക്കേണ്ടിവന്നു. വളരെ മോശപ്പെട്ട ഭക്ഷണമാണ്‌ അവർക്ക്‌ നൽകിയത്‌. മനുഷ്യരാണെന്ന യാതൊരു പരിഗണനയും നൽകാത്ത താമസസ്ഥലമാണ്‌ തടവുകാർക്ക്‌ നൽകിയത്‌. സിമന്റ്‌ തറയിൽ കിടക്കണം. മൂട്ടയും കൊതുകും ധാരാളം. മല‐മൂത്ര വിസർജനത്തിനുള്ള സൗകര്യങ്ങളും വളരെ പരിമിതം. വൃത്തി ലവലേശമില്ലാത്ത പരിസരം. ആറുമാസത്തെ ജയിൽജീവിതംകൊണ്ട്‌ അവരെ ആസ്‌മരോഗം ബാധിച്ചു. ആ രോഗം അവരെ ആയുഷ്‌കാലം മുഴുവൻ പിന്തുടർന്നു.

ജയിൽമോചിതയായ ജാനകിയമ്മാളിനു മുന്നിൽ വലിയൊരു ചോദ്യചിഹ്നമായിരുന്നു ഇനി എങ്ങനെ ജീവിക്കുമെന്നത്‌. നാടക ട്രൂപ്പിൽനിന്ന്‌ ലഭിച്ച വരുമാനം ഇല്ലാതായി. പുതിയ അവസരം ലഭിച്ചതുമില്ല. നാടകപ്രവർത്തനത്തിൽനിന്ന്‌ മിച്ചംവെച്ചുണ്ടാക്കിയ ചില വസ്‌തുക്കൾ വിൽക്കാൻ തുടങ്ങി. ശരിക്കും ദാരിദ്ര്യത്തിന്റെ പിടിയിലമർന്ന സമയമായിരുന്നു അത്‌.

1940ൽ മധുര ജില്ലയിലെ മോട്ടയരുന്പുവിൽ കോൺഗ്രസിന്റെ ഒരു ക്യാന്പ്‌ സംഘടിപ്പിക്കപ്പെട്ടു. കമ്യൂണിസ്റ്റ്‌ പാർട്ടിക്കുമേൽ നിരോധനം നിലനിൽക്കുന്ന സമയമായിരുന്നല്ലോ അത്‌. സത്യത്തിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ കേഡർമാർക്ക്‌ പരിശീലനം നൽകുന്നതിനുള്ള ക്യാന്പായിരുന്നു അത്‌. പൊലീസിന്റെ കണ്ണുവെട്ടിക്കനാണ്‌ കോൺഗ്രസ്‌ ക്യാന്പ്‌ എന്ന നിലയിൽ സംഘടിപ്പിച്ചത്‌. അതിനു വേണ്ടിവന്ന ചെലവിൽ സിംഹഭാഗവും വഹിച്ചത്‌ ജാനകിയമ്മാളാണ്‌. നാടകാഭിനയത്തിലൂടെ മുന്പ്‌ സന്പാദിച്ചിരുന്ന ആഭരണങ്ങൾ വിറ്റാണ്‌ ജാനകിയമ്മാൾ അതിനുള്ള പണം കണ്ടെത്തിയത്‌.

എ കെ ജിയും സുബ്രഹ്മണ്യശർമയും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത ആ ക്യാന്പ്‌ പാർട്ടി പ്രവർത്തകർക്ക്‌ മാർക്‌സിസം‐ലെനിനിസത്തെക്കുറിച്ച്‌ പ്രാഥമിക പാഠങ്ങൾ പകർന്നുനൽകുന്നതായിരുന്നു. വളരെ രഹസ്യമായായിരുന്നു ആ ക്യാന്പ്‌ സംഘടിപ്പിക്കപ്പെട്ടത്‌. എങ്കിലും ആ ക്യാന്പിനെക്കുറിച്ചും കമ്യൂണിസ്റ്റുകാർ അതിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുമുള്ള വിവരങ്ങൾ പൊലീസിന്റെ കാതിലെത്തി. അവർ ക്യാന്പ്‌ നടക്കുന്ന സ്ഥലത്തെത്തി പലരെയും അറസ്റ്റ്‌ ചെയ്‌തു.

ജാനകിയമ്മാളിനെ അപ്പോൾ അറസ്റ്റ്‌ ചെയ്‌തില്ല. പക്ഷേ, അവർ പൊലീസിന്റെ നോട്ടപ്പുള്ളിയായി. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നവരിൽ പ്രധാനിയാണ്‌ ജാനകിയമ്മാളെന്ന്‌ അവർക്ക്‌ മനസ്സിലായി. അതോടെ ജാനകി എവിടെപ്പോയാലും രഹസ്യ പൊലീസ്‌ അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. 1941ൽ രാജ്യരക്ഷാ നിയമപ്രകാരം ജാനകിയമ്മാളിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഈ നിയമമനുസരിച്ച്‌ ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായി അറസ്റ്റ്‌ ചെയ്യപ്പെട്ട വനിത ജാനകിയമ്മാളായിരുന്നു. തിരുച്ചിറപ്പള്ളിയിൽ യുദ്ധവിരുദ്ധ പ്രചാരണങ്ങൾ നടത്തിവരവെയാണ്‌ അവർ അറസ്റ്റിലായത്‌.

1943ൽ വീണ്ടും ബംഗാളിൽ ഭക്ഷ്യക്ഷാമം അതിരൂക്ഷമായി. ജനങ്ങൾ കൊടും പട്ടിണിയിലായി. അതിനെത്തുടർന്ന്‌ നിരവധിയാളുകൾ മരണപ്പെട്ടു. ബംഗാളിലെ ജനങ്ങളെ സഹായിക്കാൻ പരമാവധി പ്രയത്‌നിക്കാൻ കമ്യൂണിസ്റ്റ്‌ പാർട്ടി ആഹ്വാനംചെയ്‌തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന്‌ ഭക്ഷ്യവിഭവങ്ങൾ സംഘടിപ്പിച്ച്‌ ബംഗാളിലെ ജനങ്ങൾക്ക്‌ നൽകി. മധുരയിലും സമീപപ്രദേശങ്ങളിലും ജാനകിയുടെ നേതൃത്വത്തിൽ സാംസ്‌കാരികപരിപാടികൾ സംഘടിപ്പിച്ചാണ്‌ ജനങ്ങളിൽനിന്ന്‌ പണവും മരുന്നും വസ്‌ത്രങ്ങളും ഭക്ഷ്യവിഭവങ്ങളുമൊക്കെ സംഘലടിപ്പിച്ചത്‌. ഗായികയും നടിയുമായ ജാനകിയമ്മാളിന്റെ കലാരംഗത്തെ കഴിവുകൾ ശരിക്കും പൊതുജനസേവനത്തിനായി ഉപയോഗിക്കാൻ കഴിഞ്ഞു. വംഗനാട്ടിലെ ജനങ്ങളോടുള്ള സഹാനുഭൂതിമൂലം നിരവധിയാളുകളാണ്‌ യഥാശക്തി സംഭാവനകൾ നൽകിയത്‌.

1943ൽ ഹാർവേ മില്ലിൽ തൊഴിലാളികളുടെ വലിയ പണിമുടക്ക്‌ നടന്നു. തൊഴിലാളികളെ വെറും കൂലി അടിമകളായി പരിഗണിച്ച മാനേജ്‌മെന്റിനെതിരെ നിരവധി ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്‌. പണിമുടക്ക്‌ വിജയിപ്പിക്കാൻ മുൻനിരയിൽ പ്രവർത്തിച്ചവരുടെ കൂട്ടത്തിൽ ജാനകിയമ്മാളുമുണ്ടായിരുന്നു. മാനേജ്‌മെന്റിന്റെ ഗുണ്ടകളുടെയും പൊലീസിന്റെയും ഭീഷണികളെ അവർ കൂസിയില്ല. ജാനകിയമ്മാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

1944ൽ കൈത്തറി തൊഴിലാളികളെ സംഘടിപ്പിക്കാൻ പി രാമമൂർത്തി മുൻകൈയെടുത്ത്‌ ഒരു സമ്മേളനം വിളിച്ചുചേർത്തു. സമ്മേളനത്തിന്റെ വിജയത്തിനായി ജാനകിയമ്മാൾ രാപ്പകൽ വ്യത്യാസമില്ലാതെ പ്രവർത്തിച്ചു. ജാനകിയമ്മാളിന്റെ സംഘടനാപാടവവും ആത്മാർഥതയും തിരിച്ചറിഞ്ഞ പാർട്ടി അവരെ കർഷകത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാനാണ്‌ നിയോഗിച്ചത്‌. കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച്‌ അവരുടെ അവകാശസമരങ്ങൾക്ക്‌ ജാനകിയമ്മാൾ നേതൃത്വം നൽകി. ജന്മിമാരിൽനിന്നുള്ള എതിർപ്പുകളെ ധൈര്യപൂർവം അവർ നേരിട്ടു. കർഷകത്തൊഴിലാളികളെയും പാർട്ടി പ്രവർത്തകരെയും സ്വന്തം മക്കളെപ്പോലെ ആത്മാർഥമായി സ്‌നേഹിക്കാൻ ജാനകിയമ്മാളിനു സാധിച്ചു.

സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങളിൽ ജാനകിയമ്മാൾ നിറസാന്നിധ്യമായിരുന്നു. 1950ൽ അത്തരമൊരു പ്രക്ഷോഭത്തിൽ പങ്കെടുക്കവെ ജാനകിയമ്മാൾ അറസ്റ്റ്‌ ചെയ്യപ്പെട്ടു. എ കെ ജി, എം ആർ വെങ്കിട്ടരാമൻ, കെ ടി കെ തങ്കമണി, ഗുരുസ്വാമി എന്നീ നേതാക്കൾക്കൊപ്പമാണ്‌ ജാനകിയമ്മാൾ അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌. വെല്ലൂർ സെൻട്രൽ ജയിലിലാണ്‌ അവരെ അടച്ചത്‌. അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ പെരുമാറ്റമാണ്‌ അവർക്ക്‌ ജയിൽ അധികൃതരിൽനിന്ന്‌ നേരിടേണ്ടിവന്നത്‌. വെല്ലൂർ ജയിലിലെ കുപ്രസിദ്ധമായ വെടിവെപ്പിൽ 22 തടവുകാരാണ്‌ കൊല്ലപ്പെട്ടത്‌; പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. വെടിവെപ്പിൽ പ്രതിഷേധിച്ച്‌ മറ്റു തടവുകാർക്കൊപ്പം ജാനകിയമ്മാൾ നിരാഹാരസമരം നടത്തി.

വെല്ലൂർ ജയിലിൽ ‘പെൺ ഹിറ്റ്‌ലർ’ എന്നു പേരായ ഒരു വാർഡൻ ഉണ്ടായിരുന്നു. ക്രൂരമായ പെരുമാറ്റംകൊണ്ട്‌ കുപ്രസിദ്ധയായിരുന്നു അവർ. പെൺ ഹിറ്റ്‌ലറെ കാണുമ്പോൾ ഭക്ത്യാദരപൂർവം എഴുന്നേറ്റ്‌ നിൽക്കാത്തവർക്ക്‌ പ്രത്യേകം ശിക്ഷയുണ്ട്‌. അതിക്രൂരമായ മർദനവും അവഹേളനവുമായിരിക്കുമത്‌. ഒരുദിവസം പെൺ ഹിറ്റ്‌ലറെ കണ്ടപ്പോൾ എല്ലാവരും എഴുന്നേറ്റുനിന്ന്‌ ആദരിച്ചു. എന്നാൽ ജാനകിയമ്മാൾ എഴുന്നേൽക്കാനോ ബഹുമാനിക്കാനോ പോയില്ല. പെൺ ഹിറ്റ്‌ലർ ക്ഷുഭിതയായി. അവർ കാലിൽ കിടന്ന ചെരിപ്പൂരി ജാനകിയമ്മാളിന്റെ കരണത്തടിച്ചു. ജയിൽ പട്ടി എന്നു വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്‌തു.

അടുത്തദിവസം രാവിലെ തടവുകാരെല്ലം വരിവരിയായി നിന്നു. പെൺ ഹിറ്റ്‌ലർ പതിവുപോലെ തടവുകാരെ വിരട്ടുന്നു. ചിലരെ ചീത്തവിളിക്കുന്നു. ജാനകിയമ്മാൾ സാവധാനം പെൺ ഹിറ്റ്‌ലറുടെ അടുത്തുചെന്നു. ചെരുപ്പൂരി പെൺ ഹിറ്റ്‌ലറുടെ മുഖത്ത്‌ രണ്ടടി കൊടുത്തു. പെൺ ഹിറ്റ്‌ലറെ സംബന്ധിച്ചിടത്തോളം ആദ്യത്തെ അനുഭവമായിരുന്നു അത്‌. ധീരതയുടെ ആൾരൂപമായ ജാനകിയമ്മാളിനെയാണ്‌ തലേദിവസം താൻ തല്ലിയതെന്ന്‌ അപ്പോഴാണ്‌ പെൺ ഹിറ്റ്‌ലർ തിരിച്ചറിഞ്ഞത്‌.

മധുര മുനിസിപ്പൽ കൗൺസിൽ അംഗം, ജില്ലാ ബോർഡ്‌ അംഗം, എംഎൽഎ തുടങ്ങിയ നിലകളിൽ ജനപ്രതിനിധിയായി പ്രവർത്തിച്ച അവർ പാർലമെന്ററി രംഗത്ത്‌ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ജനകീയപ്രശ്‌നങ്ങൾ ബന്ധപ്പെട്ട വേദികളിൽ ഉന്നയിക്കാനും അവയ്‌ക്ക്‌ പരിഹാരം കാണാനുമാണ്‌ അവർ പരമാവധി പരിശ്രമിച്ചത്‌.

കമ്യൂണിസ്റ്റ്‌ പാർട്ടി ഭിന്നിച്ചതോടെ സിപിഐ എമ്മിനൊപ്പമാണ്‌ അവർ നിലകൊണ്ടത്‌. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആദ്യത്തെ തമിഴ്‌നാട്‌ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌ ജാനകിയമ്മാളായിരുന്നു. സംഘടനയ്‌ക്ക്‌ ധീരമായ നേതൃത്വമാണ്‌ അവർ നൽകിയത്‌.

ഭർത്താവിന്റെ മരണശേഷം മധുരയിലെ പാർട്ടി ഓഫീസിലാണ്‌ അവർ മരണംവരെ താമസിച്ചത്‌.

ഇന്ത്യ ഗവൺമെന്റിന്റെ സ്വാതന്ത്ര്യസമര പെൻഷൻ സ്വീകരിക്കാൻ ജാനകിയമ്മാൾ തയ്യാറായില്ല.

1992 മാർച്ച്‌ ഒന്നിന്‌ ജാനകിയമ്മാൾ അന്ത്യശ്വാസം വലിച്ചു. l

Hot this week

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

Topics

മാറുന്ന മലയാള സിനിമയുടെ കാഴ്ച

മലയാള സിനിമയുടെ വിഷ്വൽ നരേറ്റീവിനെ റീഡിസൈൻ ചെയ്‌ത സംവിധായകനാണ്‌ ഖാലിദ്‌ റഹ്‌മാൻ....

ഉരുകുന്ന മഞ്ഞും ഉരുകാത്ത നൊമ്പരങ്ങളും

കൂട്ടുകുടുംബത്തിന്റെയും പരിചിതമായ ഭൂഭാഗങ്ങളുടെയും പരിധിവിട്ട്‌ ഒരു വടക്കേ ഇന്ത്യൻ സുഖവാസകേന്ദ്രത്തിന്റെ പശ്ചാത്തലം...

എൻ ശങ്കരയ്യ: സമരരംഗത്തെ നിറസാന്നിധ്യം

സിപിഐ എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി, അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ...

അടയുന്ന വാതിലുകൾ നൽകുന്ന സൂചനകൾ

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 84 സ്വന്തം രാജ്യത്തെ വ്യവസായത്തെയും തൊഴിലുകളെയും സംരക്ഷിക്കാൻ ഏതെങ്കിലും ഭരണാധികാരി...

കലാപരിണാമം ഗോഥിക്‌ കാലത്തിലൂടെ

യൂറോപ്പിലാകെ കലാസാംസ്‌കാരിക വിദ്യാഭ്യാസമേഖല മന്ദീഭവിച്ചിരുന്നത്‌ 5‐ാം നൂറ്റാണ്ടുകളിലെന്നാണ്‌ ചരിത്രം രേഖപ്പെടുത്തുന്നത്‌. യുദ്ധം,...

ഫാസിസം: ഉത്ഭവം,വളർച്ച

ഫാസിസവും നവഫാസിസവും -4 കമ്മ്യൂണിസം ഉണ്ടാക്കിയ  അനന്തരഫലങ്ങളിലൊന്നായി ചിലർ ഫാസിസത്തെ വിശേഷിപ്പിക്കാറുണ്ട്. 1933ൽ...
spot_img

Related Articles

Popular Categories

spot_imgspot_img