ശങ്കർദയാൽ തിവാരി

ഗിരീഷ്‌ ചേനപ്പാടി

ത്തർപ്രദേശിലെ സമുന്നത കമ്യൂണിസ്റ്റ്‌ ‐ കർഷക നേതാക്കളിലൊരാളായിരുന്നു ശങ്കർദയാൽ തിവാരി. 1958ൽ അമൃത്‌സറിൽ ചേർന്ന അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ അഞ്ചാം പാർട്ടി കോൺഗ്രസിലും 1961ൽ വിജയവാഡയിൽ ചേർന്ന ആറാം പാർട്ടി കോൺഗ്രസിലും പാർട്ടിയുടെ ദോശീയ കൗൺസിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളിലൊരാളാണ്‌ അദ്ദേഹം. സിപിഐ എമ്മിന്റെ ആദ്യ കേന്ദ്രകമ്മിറ്റിയിൽ അംഗമായ അദ്ദേഹം 1992 വരെ തൽസ്ഥാനത്ത്‌ തുടർന്നു.

ഉത്തർപ്രദേശിലെ ഉന്നാവ്‌ ജില്ലയിലെ പഹലീകല ഗ്രാമത്തിൽ 1921 ഫെബ്രുവരി ഒന്നിനാണ്‌ ശങ്കർദയാൽ തിവാരി ജനിച്ചത്‌. പിതാവ്‌ ആനന്ദിദീൻ തിവാരി ഇംഗ്ലീഷ്‌ അധ്യാപകനായിരുന്നു. ശങ്കർദയാൽ കോളേജ്‌ വിദ്യാഭ്യാസത്തിനായി കൽക്കത്തയിലെത്തിയ വേളയിൽ ആനന്ദിദീനും മകനൊപ്പം കൽക്കത്തയിലെത്തി. അവിടെ വിദ്യാർഥികളെ പഠിപ്പിച്ച്‌ അദ്ദേഹം ഉപജീവനം തേടി.

കൽക്കത്തയിൽ കോളേജിൽ പഠിക്കവെ വിദ്യാർഥി ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ ശങ്കർദയാൽ ആകൃഷ്‌ടനായി. വിദ്യാർഥി ഫെഡറേഷനിൽ അംഗമായ ശങ്കർദയാൽ വളരെവേഗം അതിന്റെ സജീവ പ്രവർത്തകനായി മാറി. വിദ്യാർഥി ഫെഡറേഷന്റെ അഖിലേന്ത്യാ നേതാക്കളുമായി അദ്ദേഹം പരിചയപ്പെട്ടു. താമസിയാതെ ആ സംഘടനയുടെ അഖിലേന്ത്യാ നേതാക്കളിലൊരാളായി അദ്ദേഹം മാറി. ഈ കാലഘട്ടത്തിൽ മാർക്‌സിസ്റ്റ്‌‐ലെനിനിസ്റ്റ്‌ കൃതികൾ പലതും അദ്ദേഹം മനസ്സിരുത്തി പഠിച്ചു.

മാർക്‌സിസം‐ലെനിനിസത്തെക്കുറിച്ചും വിദ്യാർഥി ഫെഡറേഷനെക്കുറിച്ച്‌ അച്ഛനുമായി അദ്ദേഹം നിരന്തരം സംസാരിച്ചു. ചില കാര്യങ്ങളിൽ പരസ്‌പരം തർക്കിച്ചു. കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ ഇരുവരും സംസാരിച്ചു. ഇടതുപക്ഷ ചിന്താഗതികൾക്കും കമ്യൂണിസത്തിനുമൊക്കെ അനുകൂലമായ അന്തരീക്ഷമായിരുന്നു കൽക്കത്തയിൽ അന്നുണ്ടായിരുന്നത്‌.

വിദ്യാർഥി ഫെഡറേഷൻ പ്രവർത്തനങ്ങളോടൊപ്പം പഠനവും മുന്നോട്ടു കൊണ്ടുപോയി. 1940ൽ വിദ്യാഭ്യാസം പൂർത്തിയാക്കി. കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ ആ വർഷം തന്നെ അദ്ദേഹം അംഗമായി. പാർട്ടിയുടെയും ബഹുജനസംഘനകളുടെയും സംഘാടകനായി അദ്ദേഹം ഓടിനടന്നു പ്രവർത്തിച്ചു. 1940ൽ തന്നെ പിതാവ്‌ ആനന്ദിദീൻ തിവാരിയും കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ അംഗമായി അദ്ദേഹവും പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി വിശ്രമമില്ലാതെ പ്രവർത്തിച്ചു. എന്നാൽ കൽക്കത്തയിലെ കാലാവസ്ഥ ആനന്ദി ദീനിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. രോഗവും ക്ഷീണവും അതുമൂലമുള്ള അസ്വസ്ഥതകളും അദ്ദേഹത്തെ വേട്ടയാടി. കൽക്കത്ത നഗരം തനിക്ക്‌ പറ്റില്ലെന്ന തോന്നൽ അദ്ദേഹത്തിനുണ്ടായി. എങ്ങനെയും സ്വദേശത്തെത്തണമെന്ന മോഹം അദ്ദേഹം മകനുമായി പങ്കുവെച്ചു.

പാർട്ടി നേതൃത്വവുമായി ശങ്കർദയാൽ ഇക്കാാര്യം ചർച്ച ചെയ്‌തു. നാട്ടിൽ പോയി പാർട്ടിയിൽ പ്രവർത്തിക്കാനായിരുന്നു നേതൃത്വത്തിന്റെ നിർദേശം. രണ്ടാംലോക യുദ്ധത്തിന്റെ കെടുതികൾ ഇന്ത്യയിലെ ജനങ്ങൾ ഏറ്റുവാങ്ങുന്ന സമയമായിരുന്നു അത്‌. ആരുടെയും കൈയിൽ പണമില്ല. ഭക്ഷ്യവസ്‌തുക്കൾ കിട്ടാനില്ല. ഭക്ഷ്യവസ്‌തുക്കൾക്ക്‌ ക്ഷാമം നേരിട്ടതിനാൽ കച്ചവടക്കാർ സാധനങ്ങൾ പൂഴ്‌ത്തിവെച്ചു. കൊള്ളവിലയ്‌ക്കാണ്‌ പലരും വിറ്റത്‌. പട്ടിണി പടർന്നതോടെ പലതരത്തിലുള്ള പകർച്ചവ്യാധികളും വ്യാപകമായി.

കൽക്കത്തയിൽനിന്ന്‌ യുപിയിലെ ഉന്നാവയിലേക്ക്‌ അവർ യാത്ര തിരിച്ചു. കഷ്ടിച്ച്‌ ട്രെയിൻ ടിക്കറ്റെടുക്കാനുള്ള പണമേ കയ്യിലുണ്ടായിരുന്നുള്ളൂ. അതുമൂലം വളരെയേറെ ക്ലേശിച്ചാണ്‌ ആ അച്ഛനും മകനും സ്വദേശത്തെത്തിയത്‌.

ഉന്നാവിലും പരിസരപ്രദേശങ്ങളിലും കമ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഇരുവരും മുഴുകി. കർഷകരെ സംഘടിപ്പിക്കുകയും അവരുടെ പ്രശ്‌നങ്ങളുയർത്തി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തു.

യുദ്ധത്തിനെതിരെ പൊതുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുക എന്നതായിരുന്നു കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നിലപാട്‌; കാരണം യുദ്ധം ബ്രിട്ടീഷ്‌ സാമ്രാജ്യത്വം ഇന്ത്യയിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപിച്ചതാണ്‌; അതുകൊണ്ടുതന്നെ അത്‌ ജനവിരുദ്ധമാണ്‌.

പാർട്ടിയുടെ ഈ നിലപാട്‌ ബ്രിട്ടീഷ്‌ അധികാരികളെ അരിശംകൊള്ളിച്ചു. പൊലീസ്‌ കമ്യൂണിസ്റ്റ്‌ വേട്ട ശക്തമാക്കി. പാർട്ടി പ്രവർത്തകരും നേതാക്കളും കൂട്ടത്തോടെ അറസ്റ്റ്‌ ചെയ്യപ്പെട്ടു. രാജ്യരക്ഷാ നിയമത്തെ ദുരുപയോഗം ചെയ്‌ത്‌ നിരവധിപേരെ തടവിലാക്കി. ശങ്കർദയാലിനെയും ആനന്ദി ദീനിനെയും പൊലീസ്‌ താമസിയാതെ അറസ്റ്റ്‌ ചെയ്‌തു. പിതാവിന്റെ ആരോഗ്യസ്ഥിതിയും അധ്യാപകനാണെന്ന കാര്യവും പരിഗണിച്ചാവാം ആനന്ദി ദയാലിനെ 10 മാസമായപ്പോഴേക്കും ജയിലിൽനിന്ന്‌ വിട്ടയച്ചു. എന്നാൽ ശങ്കർദയാലിനോട്‌ സർക്കാർ ഒരു കാരുണ്യവും കാണിച്ചില്ല. നാലുവർഷം കഴിഞ്ഞ്‌ 1944ൽ മാത്രമാണ്‌ ശങ്കർദയാലിനെ വിട്ടയച്ചത്‌. 1942ൽ പല കമ്യൂണിസ്റ്റ്‌ തടവുകാരെയും ജയിലിൽനിന്ന്‌ വിട്ടയച്ചു. എന്നാൽ ശങ്കർദയാലിനെ തടവറയിൽനിന്ന്‌ മോചിപ്പിക്കാൻ അധികാരികൾ അന്നു തയ്യാറായില്ല.

രോഗപീഡകളാൽ നിരന്തരമായി വേട്ടയാടപ്പെട്ടതിനാൽ ആനന്ദിദയാൽ തിവാരി അന്തരിച്ചു.

ജയിലിൽനിന്ന്‌ മോചിപ്പിക്കപ്പെട്ട ശങ്കർദയാലിനോട്‌ പാർട്ടി നിർദേശിച്ചത്, ഉന്നാവിൽ പോയി കർഷകർക്കിടയിൽ പ്രവർത്തിക്കൂ എന്നാണ്‌. അതനുസരിച്ച്‌ ഉന്നാവിൽ കർഷകരെ സംഘടിപ്പിക്കുന്നതിന്‌ അദ്ദേഹം രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചു. പിൽക്കാലത്ത്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പ്രമുഖ നേതാക്കളിലൊരാളായി മാറിയ ശിവകുമാർ മിശ്ര സഹപ്രവർത്തകനായുണ്ടായിരുന്നു. കർഷകരുടെയിടയിൽ പ്രവർത്തിച്ച ശങ്കർദയാൽ തിവാരി വളരെവേഗം അവരുടെ നേതാവായി മാറി.

അഖിലേന്ത്യാ കിസാൻ സഭയുടെ ഉത്തർപ്രദേശ്‌ ഘടകം രൂപീകരിക്കപ്പെട്ടു. അതിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ശങ്കർദയാൽ തിവാരി തിരഞ്ഞെടുക്കപ്പെട്ടു. ശിവപൂജൻ ത്രിപാഠിയാണ്‌ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്‌.

രണ്ടാംലോക യുദ്ധത്തോടെയും അതിനുശേഷവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കർഷകപ്രക്ഷോഭങ്ങൾ സജീവമായി. ഉത്തർപ്രദേശിലെ അലിഗഢ്‌, ഉന്നാവ്‌, റായ്‌ബറേലി, ബസ്‌മതി, ബല്ലിയ, ഘാസിപ്പൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി കർഷകസമരങ്ങൾ നടന്നു. ഈ സമരങ്ങളുടെയെല്ലാം പിന്നിൽ ശങ്കർദയാലിന്റെ ധീരമായ നേതൃത്വമുണ്ടായിരുന്നു. ഈ സമരങ്ങൾ നയിച്ചതിന്റെ പേരിൽ പലതവണ അദ്ദേഹത്തെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മാസങ്ങളോളം ജയിലിൽ അദ്ദേഹത്തിന്‌ കിടക്കേണ്ടിവന്നു.

സെമീന്ദർമാരുടെ ചൂഷണത്തിനും പാവപ്പെട്ട കർഷകത്തൊഴിലാളികളെ അവർ താമസിക്കുന്ന കുടിലുകളിൽനിന്ന്‌ അന്യായമായി ഒഴിപ്പിക്കുന്നതിനുമെതിരെയായിരുന്നു പ്രക്ഷോഭങ്ങളിൽ ഏറെയും. ഭരണാധികാരികളാകട്ടെ സെമീന്ദാർമാർക്ക്‌ എല്ലാവിധ ഒത്താശകളും ചെയ്‌തു. സെമീന്ദാർമാരും അവരുടെ ഗുണ്ടകളും ചേർന്ന്‌ നടത്തുന്ന അതിക്രമങ്ങൾക്ക്‌ പൊലീസ്‌ കൂട്ടുനിന്നു; സെമീന്ദാരി ആക്രമണങ്ങളെ പൊലീസ്‌ വേട്ടയാടി. പൊലീസിന്റെ ഭീകര മർദനങ്ങൾക്ക്‌ തിവാരി പലപ്പോഴും ഇരയായി.

ഒന്നിലും കൂസാതെ അദ്ദേഹം ഒളിവിലും തെളിവിലും കിസാൻസഭയുടെയും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെയും പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. യുദ്ധകാലത്തുണ്ടായ ബാധ്യതകൾ തീർക്കാനായി ബ്രിട്ടീഷ്‌ സർക്കാർ നിരവധി നികുതികൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചു. അതിനെതിരെയും അതിശക്തമായ പ്രതിഷേധ പ്രകനങ്ങൾക്ക്‌ തിവാരി നേതൃത്വം നൽകി.

1948ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ രണ്ടാം കോൺഗ്രസ്‌ കൽക്കത്തയിൽ നടന്നു. ആ കോൺഗ്രസ്‌ അംഗീകരിച്ച തീസിസിന്റെ പേരിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയെ നെഹ്‌റു സർക്കാർ നിരോധിച്ചു. പാർട്ടി നേതാക്കളിൽ പലരെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. ചിലർ ഒളിവിലിരുന്ന്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

1952ലെ ഒന്നാം പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്‌ട്രീയ തടവുകാരെ ഗവൺമെന്റ്‌ വിട്ടയച്ചു. അതോടെ ദീർഘകാലം ജയിലിലായിരുന്ന കമ്യൂണിസ്റ്റ്‌ നേതാക്കൾ മോചിപ്പിക്കപ്പെട്ടു. ഒളിവിലായിരുന്നവർ പരസ്യമായി പ്രവർത്തനരംഗത്ത്‌ വന്നു. പാർട്ടിയെയും ബഹുജനസംഘടനകളെയും സജീവമാക്കാനുള്ള കഠിനശ്രമത്തിലേർപ്പട്ടു നേതാക്കൾ. കിസാൻസഭയുടെയും പാർട്ടിയുടെയും പ്രവർത്തനങ്ങൾക്ക്‌ സംസ്ഥാനാടിസ്ഥാനത്തിൽ നേതൃത്വം കൊടുക്കാൻ തിവാരിക്കു സാധിച്ചു. 1953ൽ നടന്ന യുപി സംസ്ഥാന സമ്മേളനത്തിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലേക്കും സെക്രട്ടറിയേറ്റിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1954ൽ പാർട്ടിയുടെ യുപി ഘടകത്തിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായി. കോൺഗ്രസുമായി സഹകരിക്കണമെന്ന്‌ ഒരുവിഭാഗം വാദിച്ചു. മറുവിഭാഗം അതിനെ നഖശിഖാന്തം എതിർത്തു. 21 അംഗ സംസ്ഥാന കമ്മിറ്റിയിൽ ശങ്കർദയാൽ തിവാരി ഉൾപ്പെടെ 11 പേർ കോൺഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടെടുത്തു. അതോടെ രണ്ടാമതു പറഞ്ഞ ആ നയത്തിന്‌ അംഗീകാരം ലഭിച്ചു.

1958ൽ അമൃത്‌സറിൽ ചേർന്ന അഞ്ചാം കോൺഗ്രസിൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗമായി തിവാരി തിരഞ്ഞെടുക്കപ്പെട്ടു. 1961ലെ വിജയവാഡ കോൺഗ്രസിലും അദ്ദേഹം ദേശീയ കൗൺസിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യ‐ചൈന അതിർത്തി സംഘട്ടനത്തിന്റെ പേരിൽ ചൈനാ ചാരന്മാരെന്ന്‌ ആക്ഷേപിച്ച്‌ നിരവധി നേതാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. 1962 ഒക്ടോബറിൽ ശങ്കർദയാൽ തിവാരിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

1964 ഏപ്രിൽ 14ന്‌ അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ കൗൺസിലിൽനിന്ന്‌ 32 പേർ ഇറങ്ങിവന്നു. ആ സമയത്ത്‌ ജയിലിലായിരുന്നതിനാൽ ആ ദേശീയ കൗൺസിൽ മീറ്റിങ്ങിൽ തിവാരിക്ക്‌ പങ്കെടുക്കാൻ കഴിഞ്ഞില്ല. 1964 ജൂണിൽ ജയിൽമോചിതനായ തിവാരി സിപിഐ എം കെട്ടിപ്പടുക്കുന്നതിന്‌ മുൻനിന്നു പ്രവർത്തിച്ചു. 1964ൽ കൽക്കത്തയിൽ ചേർന്ന ഏഴാം കോൺഗ്രസ്‌ ആണല്ലോ സിപിഐ എമ്മിന്റെ പ്രഥമ പാർട്ടി കോൺഗ്രസ്‌. ആ സമ്മേളനത്തിൽ അദ്ദേഹം പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മരണംവരെ അദ്ദേഹം കേന്ദ്രകമ്മിറ്റി അംഗമായി തുടർന്നു.

ഉത്തർപ്രദേശിൽ നിന്നുള്ള പാർട്ടി നേതാക്കളിൽ ഭൂരിപക്ഷവും സിപിഐക്കൊപ്പം നിന്നപ്പോഴും ശങ്കർദയാൽ കുലുങ്ങിയില്ല. അദ്ദേഹം സിപിഐ എം കെട്ടിപ്പടുക്കുന്നതിൽ വ്യാപൃതനായി. 1968ൽ അദ്ദേഹം സിപിഐ എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1960കളുടെ അവസാനം നക്‌സലിസം തലപൊക്കിയപ്പോൾ യുപിയിലെ പല നേതാക്കളെയും അത്‌ സ്വാധീനിച്ചു. അവരിൽ പലരും നക്‌സൽ പ്രസ്ഥാനത്തോടൊപ്പം നിലകൊണ്ടു.

പാർട്ടി ക്ലാസുകളിലെ പ്രധാന അധ്യാപകരിലൊരാളായിരുന്നു ശങ്കർദയാൽ തിവാരി. നിരവധി പുസ്‌തകങ്ങളും സമകാലിക വിഷയങ്ങളെക്കുറിച്ച്‌ ധാരാളം ലഘുലേഖകളും അദ്ദേഹം എഴുതി. കൂടാതെ നിരവധി മാർക്‌സിസ്റ്റ്‌‐ലെനിനിസ്റ്റ്‌ കൃതികൾ അദ്ദേഹം ഹിന്ദിയിലേക്ക്‌ മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്‌.

ഉത്തർപ്രദേശ്‌ നിയമസഭയിൽ അംഗമായിരുന്ന തിവാരി ജനകീയപ്രശ്‌നങ്ങൾ സഭയിൽ അവതരിപ്പിക്കുന്നതിൽ സവിശേഷമായ മികവാണ്‌ പ്രദർശിപ്പിച്ചത്‌.

യുപിയിലെ കമ്യൂണിസ്റ്റ്‌ ‐ കർഷക പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന ശങ്കർദയാൽ തിവാരി 1989 ജനുവരി 18ന്‌ അന്തരിച്ചു. l

Hot this week

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

Topics

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

സ്‌ത്രീകൾ മാത്രം കെട്ടിയാടുന്ന തെയ്യം

മലബാറിലെ നാറൂറോളം കാവുകളിലായി നൂറിൽപരം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്. ഇതിൽ ഒരു...

ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ- 2

‘‘ലെനിൻ തന്നെ വിപ്ലവം. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും മരിച്ചതും വിപ്ലവത്തിനുവേണ്ടിയായിരുന്നു.’’ ലൂയി...

ആർ ഉമാനാഥ്‌

അത്യുത്തര കേരളത്തിൽ ജനിച്ച്‌ കോഴിക്കോട്ട്‌ രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച്‌ തമിഴകത്തെ തലമുതിർന്ന കമ്യൂണിസ്റ്റ്‌...
spot_img

Related Articles

Popular Categories

spot_imgspot_img