ഡോ. ഭാഗ്‌ സിങ്‌

ഗിരീഷ്‌ ചേനപ്പാടി

സ്വാതന്ത്ര്യസമരസേനാനി, ഊർജസ്വലനായ വിപ്ലവകാരി, കർഷകപ്രസ്ഥാനത്തിന്റെ നേതാവ്‌, കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പഞ്ചാബിലെ നേതാക്കളിലൊരാൾ എന്നിങ്ങനെ സമുന്നത വ്യക്തിത്വത്തിനുടമയായിരുന്നു ഡോ. ഭാഗ്‌ സിങ്‌. സിപിഐ എം രൂപീകരിക്കപ്പെടുന്നതിന്‌ മുമ്പായി അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിവന്ന നേതാക്കളിലൊരാളാണ്‌ അദ്ദേഹം. 1

898 ആഗസ്‌ത്‌ 10നാണ്‌ ഡോ. ഭാഗ്‌ സിങ്‌ ജനിച്ചത്‌. കുട്ടിക്കാലം മുതൽ സ്വാതന്ത്ര്യസമരത്തോട്‌ ആഭിമുഖ്യം പുലർത്തിയ അദ്ദേഹം കറകളഞ്ഞ വിപ്ലവകാരിയായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ നിരവധി പ്രതിഷേധസമരങ്ങളിൽ അദ്ദേഹം പങ്കാളിയായി. കോൺഗ്രസിലും ദേശീയപ്രസ്ഥാനത്തിലും അദ്ദേഹം സജീവമായിരുന്നു. ലാഹോറിലെ നാഷണൽ കോളേജ്‌ ഓഫ്‌ ആർട്ട്‌സിൽ നിന്നാണ്‌ അദ്ദേഹം ബിരുദാനന്തരബിരുദം നേടിയത്‌. ദേശീയ പ്രസ്ഥാനമാണ്‌ നാഷണൽ കോളേജ്‌ സ്ഥാപിച്ചത്‌. കോൺഗ്രസ്‌ നേതാക്കളായിരുന്നു അവിടത്തെ അധ്യാപകരിലും വിദ്യാർഥികളിലും ഏറെ.

ഇപ്പോൾ പാകിസ്താന്റെ ഭാഗമായ ഝലം ജില്ലയിൽ അധ്യാപകനായി അദ്ദേഹം കുറേക്കാലം ജോലിചെയ്‌തു. അകാലി പ്രസ്ഥാനം യുവജനങ്ങളുടെ മനസ്സ്‌ കീഴടക്കിയ സമയമായിരുന്നു അത്‌. ഗുരുദ്വാരകൾ നിയന്ത്രിച്ചിരുന്ന മഹന്തുകൾക്കെതിരായ പ്രതിഷേധം അതിശക്തമായി. ബ്രിട്ടീഷ്‌ ഭരണാധികാരികളുടെ താളത്തിനു തുള്ളുന്നവരായിരുന്നു മഹന്തുക്കൾ. ഗുരുദ്വാരകളുടെ വരുമാനവും സമ്പത്തും തട്ടിയെടുത്ത്‌ ആഡംബര ജീവിതം നയിക്കുന്നവരായിരുന്നു മഹന്തുക്കൾ. അവർക്കെിരെ ഉയർന്നുവന്ന പ്രസ്ഥാനമാണ്‌ അകാലി പ്രസ്ഥാനം.

ഭാഗ്‌ സിങ്ങിനെയും അകാലി പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ആഴത്തിൽ സ്വാധീനിച്ചു. അനീതിക്കെതിരെയുുള്ള അകാലി പ്രസ്ഥാനത്തിന്റെ പോരാട്ടത്തിൽ ഭാഗ്‌ സിങ്ങും മുൻനിരയിൽ നിന്നു. സോഹൻസിങ്‌ ജോഷ്‌ ആയിരുന്നു അന്ന്‌ ശിരോമണി അകാലിദളിന്റെ ജനറൽ സെക്രട്ടറി. അദ്ദേഹത്തോടൊപ്പം തോളോടുതോൾ ചേർന്ന്‌ പ്രക്ഷോഭം നയിക്കാൻ ഡോ. ഭാഗ്‌ സിങ്‌ അഹോരാത്രം പ്രയത്‌നിച്ചു.

ബ്രിട്ടീഷ്‌ ഭരണാധികാരികളുടെ തണലിലാണ്‌ മഹന്തുക്കൾ, തങ്ങളുടെ സ്വാർഥതാൽപര്യം നിറവേറ്റിയത്‌. അതിനെതിരെ നടന്ന പ്രക്ഷോഭം ജനങ്ങളിൽ വലിയതോതിൽ അവബോധമുളവാക്കാൻ ഇടയായി. അകാലി പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ പ്രാധാന്യത്തെക്കുറിച്ച്‌ സോഹൻസിങ്‌ ജോഷ്‌ ഇങ്ങനെ എഴുതി: ‘‘ഈ പ്രക്ഷോഭം സിഖ്‌ സമുദായത്തിനുള്ളിൽ പരിവർത്തനം വരുത്തി. അകാലി പ്രക്ഷോഭങ്ങൾ സിഖുകാരെ ദേശാഭിമാനികളായ പോരാളികളാക്കി മാറ്റി. ബ്രിട്ടീഷുകാരോടുള്ള കൂറിന്റെ നുകം അവർ വലിച്ചെറിഞ്ഞു. തങ്ങളുടെ രാജ്യത്തിന്റെ മോചനത്തിനായി പോരാടുന്ന ദേശാഭിമാനികളുടെ പക്ഷത്ത്‌ അവർ നിലയുറപ്പിച്ചു’’.

ഇതിനിടയിൽ ഭാഗ്‌ സിങ്‌ അമേരിക്കയിലേക്ക്‌ പോയി. അവിടെ ഗദ്ദർ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. പിൽക്കാലത്ത്‌ കമ്യൂണിസ്റ്റുകാരായിത്തീർന്ന നിരവധി നേതാക്കളെ അവിടെവച്ച്‌ പരിചയപ്പെടാൻ ഭാഗ്‌ സിങ്ങിന്‌ അവസരം ലഭിച്ചു. വിപ്ലവത്തെക്കുറിച്ച്‌ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും അദ്ദേഹത്തിന്‌ സാധിച്ചു. ഗദ്ദർ പാർട്ടിയിൽ അംഗമായ അദ്ദേഹം പാർട്ടിയുടെ മുഖപത്രമായ ഹിന്ദുസ്ഥാൻ ഗദ്ദറിന്റെ എഡിറ്ററായി പ്രവർത്തിച്ചു. നിരവധി ലേഖനങ്ങൾ ഈ കാലയളവിൽ അദ്ദേഹം എഴുതി. മാർക്‌സിസം‐ലെനിനിസം മനസ്സിരുത്തി അദ്ദേഹം പഠിച്ചു.

കാലിഫോർണിയ സർവകലാശാലയിൽനിന്ന്‌ രാഷ്‌ട്രമീമാംസയിൽ ഡോക്ടറേറ്റ്‌ എടുക്കാനും ഈ കാലയളവിൽ അദ്ദേഹത്തിന്‌ സാധിച്ചു. ഔപചാരികവും അനൗപചാരികവുമായ പഠനവും മനനവും അദ്ദേഹത്തിന്‌ പുതിയ വെളിച്ചം പകർന്നു.

1930കളുടെ അനുഭവത്തിൽ അദ്ദേഹത്തിന്‌ ഗദ്ദർ പാർട്ടിയുടെ നേതാക്കളിൽനിന്ന്‌ ഒരു നിർദേശം ലഭിച്ചു.: ‘‘ഇന്ത്യയിലേക്ക്‌ മടങ്ങുക. അവിടെ കർഷകർക്കും തൊഴിലാളികൾക്കുമിടയിൽ പ്രവർത്തിക്കുക’’.

ഈ നിർദേശം അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു. അദ്ദേഹം ആഗ്രഹിച്ച കാര്യം തന്നെ പാർട്ടി നിർദേശിച്ചിരിക്കുന്നു. നിരവധി പ്രശ്‌നങ്ങൾ അലട്ടുന്ന കർഷകർക്കും തൊഴിലാളികൾക്കുമിടയിൽ തന്നെയാണ്‌ പ്രവർത്തിക്കേണ്ടത്‌.

കമ്യൂണിസ്റ്റ്‌ പാർട്ടി രൂപീകരിക്കപ്പെട്ടെങ്കിലും കമ്യൂണിസ്റ്റുകാരെ പരസ്യമായി പ്രവർത്തിക്കാൻ ബ്രിട്ടീഷ്‌ സർക്കാർ അനുവദിച്ചില്ല. കമ്യൂണിസ്റ്റുകാരെ തിരഞ്ഞുപിടിച്ച്‌ പൊലീസ്‌ വേട്ടയാടി. അതിൽനിന്ന്‌ തൽക്കാലം രക്ഷപ്പെടാനും അധികാരികളെ കബളിപ്പിക്കാനും കമ്യൂണിസ്റ്റുകാർ മറ്റൊരു മാർഗമാണ്‌ കണ്ടെത്തിയത്‌. കീർത്തി കിസാൻ പാർട്ടി എന്ന പേരിൽ ഒരു പാർട്ടി രൂപീകരിച്ചു.

ഇന്ത്യയിലെത്തിയ ഡോ. ഭാഗ്‌ സിങ്‌ കീർത്തി കിസാൻ പാർട്ടിയുടെ സജീവ പ്രവർത്തകനായി മാറി. തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ചു. അവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടി.

കീർത്തി കിസാൻ പാർട്ടിയുടെ പേര്‌ തൊഴിലാളി‐കർഷക പാർട്ടി എന്നാക്കി മാറ്റി. 1936ൽ അദ്ദേഹം കീർത്തി ലെഹാർ (തൊഴിലാളി പ്രസ്ഥാനം) എന്ന പാർട്ടി പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി പ്രവർത്തിച്ചു. 1939ൽ പഞ്ചാബ്‌ കിസാൻ സഭ സംഘടിപ്പിച്ച ലാഹോർ കിസാൻ മോർച്ച എന്ന പ്രക്ഷോഭത്തിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു ഭാഗ്‌ സിങ്‌. കാർഷികോൽപന്നങ്ങൾക്കുള്ള നികുതി വർധിപ്പിച്ച ബ്രിട്ടീഷ്‌ ഭരണാധികാരികളോടുള്ള പ്രതിഷേധമായിരുന്നു അത്‌. ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ച ആ പ്രസ്ഥാനം ലാഹോർ ജില്ലയിലെ കർഷകരുടെ മുന്നേറ്റത്തിന്‌ ഊർജം പകർന്നു. കർഷകർ വിലവർധന മൂലം നട്ടംതിരിയുമ്പോഴായിരുന്നു സർക്കാർ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട്‌ ടാക്‌സ്‌ വർധിപ്പിച്ചത്‌. അതുകൊണ്ടുതന്നെ ആ അനീതിക്കെതിരായ പ്രക്ഷോഭം കർഷകർക്കിടയിൽ വലിയ സ്വാധീനം ചെലുത്തി. നാലായിരത്തോളം കർഷകർ ജയിലിലടയ്‌ക്കപ്പെട്ടു. പ്രധാന നേതാക്കളായ സോഹൻസിങ്‌ ഭക്‌ന, ദിലീപ്‌സിങ്‌ ടപ്യാല തുടങ്ങിയവർ ജയിലിലടയ്‌ക്കപ്പെട്ടു.

നാലഞ്ചു മാസക്കാലം മോർച്ചയുടെ പ്രവർത്തനങ്ങൾ ശക്തിയായി നടന്നു. 1939 സെപ്‌തംബർ ആയപ്പോഴേക്കും രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം ഇന്ത്യയ്‌ക്കുമേൽ അടിച്ചേൽപിച്ച യുദ്ധമായിരുന്നു അത്‌. അതുകൊണ്ടുതന്നെ യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്താൻ കമ്യൂണിസ്റ്റ്‌ പാർട്ടി ആഹ്വാനംചെയ്‌തു.

ഭാഗ്‌ സിങ്ങും യുദ്ധവിരുദ്ധ പ്രചാരണപ്രവർത്തനങ്ങളിൽ അഹോരാത്രം മുഴുകി. അതോടെ ബ്രിട്ടീഷ്‌ സർക്കാർ കമ്യൂണിസ്റ്റ്‌ വേട്ട ശക്തമാക്കി. ഭാഗ്‌ സിങ്ങിനെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ദിയോളി തടങ്കൽപാളയത്തിലാണ്‌ അദ്ദേഹത്തെ പാർപ്പിച്ചത്‌. അവിടെ നിരവധി കമ്യൂണിസ്റ്റ്‌ നേതാക്കളെയും പ്രവർത്തകരെയും പാർപ്പിച്ചിരുന്നു. നിരവധി നേതാക്കളുമായി പരിചയപ്പെടാനും അടുത്തിടപഴകാനും ഭാഗ്‌ സിങ്ങിന്‌ സാധിച്ചു.

1945 ഏപ്രിൽ 5 മുതൽ 9 വരെ ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ നെട്രോകോണയിൽ നടന്ന എഐകെഎസിന്റെ അഖിലേന്ത്യാ സമ്മേളനത്തിൽ ഭാഗ്‌ സിങ്‌ പ്രതിനിധിയായിരുന്നു. ഇതിനകം തന്നെ പ്രമുഖ കർഷകനേതാവ്‌ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ഭാഗ്‌ സിങ്‌ എഐകെഎസിന്റെ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ഇ എം എസും പി സുന്ദരയ്യയുമായിരുന്നു മറ്റു രണ്ട്‌ ജോയിന്റ്‌ സെക്രട്ടറിമാർ.

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ച്‌ അധികം താമസിയാതെ ഭാഗ്‌ സിങ്ങിനെതിരെ കോൺഗ്രസ്‌ സർക്കാർ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചിരുന്നു. ഒളിവിൽ പ്രവർത്തിക്കുന്നതിനിടയിൽ അദ്ദേഹം പൊലീസിന്റെ പിടിയിലായി. 1952 വരെ അദ്ദേഹത്തെ ജയിലിലടച്ചു. 1952ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായാണ്‌ അദ്ദേഹത്തെ സർക്കാർ മോചിപ്പിച്ചത്‌.

1957ൽ പഞ്ചാബ്‌ നിയമസഭയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിൽ ഗർശങ്കർ മണഡലത്തിൽനിന്ന്‌ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്‌നങ്ങൾ സമർഥമായി അവതരിപ്പിക്കുന്നതിന്‌ അദ്ദേഹത്തിന്‌ സാധിച്ചു. ഉന്നയിച്ച പ്രശ്‌നങ്ങൾക്ക്‌ പരിഹാരമുണ്ടാക്കുന്നതിനും അദ്ദേഹം പരമാവധി പരിശ്രമിച്ചു.

1961ൽ നടന്ന കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ വിജയവാഡ കോൺഗ്രസ്‌ ഡോ. ഭാഗ്‌ സിങ്ങിനെ ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുത്തു. 1962ൽ ഇന്ത്യ‐ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിരവധി കമ്യൂണിസ്റ്റ്‌ നേതാക്കളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ‘ചൈനാ ചാരന്മാർ’ എന്നാക്ഷേപിച്ചായിരുന്നു അറസ്റ്റ്‌. ഡോ. ഭാഗ്‌ സിങ്ങിനെയും അറസ്റ്റ്‌ ചെയ്‌തു. പത്തുമാസത്തിലേറെക്കാലം അദ്ദേഹത്തിന്‌ ജയിലിൽ കഴിയേണ്ടി വന്നു.

കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ ആശയസംഘട്ടനം നടന്ന ഘട്ടത്തിലെല്ലാം അദ്ദേഹം ഇടതുപക്ഷ ചേരിയിലാണ്‌ നിലകൊണ്ടത്‌. റിവിഷനിസത്തിനെതിരെ ഭാഗ്‌ സിങ്‌ അതിശക്തമായ നിലപാടാണ്‌ എടുത്തത്‌.

1964ൽ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്ന്‌ ഇറങ്ങിവന്ന 32 പേരിൽ ഒരാൾ ഡോ. ഭാഗ്‌ സിങ്‌ ആയിരുന്നു.

തെനാലി കൺവെൻഷനിലും കൽക്കത്തയിൽ നടന്ന ഏഴാം പാർട്ടി കോൺഗ്രസിലും അദ്ദേഹം പങ്കെടുത്തു. ഏഴാം കോൺഗ്രസിലായിരുന്നല്ലോ സിപിഐ എം രൂപീകരിക്കപ്പെട്ടത്‌.

സിപിഐ എമ്മിന്റെ അച്ചടക്കസമിതിയായ കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗമായി ഭാഗ്‌ സിങ്‌ തിരഞ്ഞെടുക്കപ്പെട്ടു. എം ആർ വെങ്കിട്ടരാമനായിരുന്നു കൺട്രോൾ കമീഷൻ ചെയർമാൻ. അബ്ദുൾ ഹലീമായിരുന്നു കമ്മീഷനിലെ മറ്റൊരംഗം.

വർഷങ്ങളുടെ ജയിൽജീവിതവും വിശ്രമമില്ലാത്ത പ്രവർത്തനങ്ങളും ഡോ. ഭാഗ്‌ സിങ്ങിനെ രോഗിയാക്കി. 1966 ആഗസ്‌ത്‌ 10ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. l

Hot this week

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

Topics

വിശ്വാസി സമൂഹങ്ങളും മാർക്‌സിസ്റ്റുകളും

സെപ്തംബർ 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തെ ചൂണ്ടിക്കാട്ടി സി പി...

ഉമ്മച്ചിതെയ്യം

വടക്കേ മലബാറിൽ കെട്ടിയാടിയിരുന്ന തെയ്യങ്ങളിൽ ഒരു വിഭാഗം മുസ്ലിം തെയ്യങ്ങളുമുണ്ടായിരുന്നു. പയ്യന്നൂരിന്...

കുടുംബശ്രീ: നവയുഗത്തിനായി പുതുവഴിയേ…

ജനകീയാസൂത്രണം ഉഴുതിട്ട മണ്ണിൽ പടർന്നുപന്തലിച്ച "സ്‌ത്രീകൂട്ടായ്മ', കേരളത്തിലെ സാധാരണക്കാരായ സ്‌ത്രീകളെ അടുക്കളയിൽ...

തീപ്പൊരി ആക്ഷൻ നിറഞ്ഞ ബൾട്ടി

ആക്ഷന്‌ പ്രാധാന്യം നൽകി സ്ഥിരം മാസ്‌ മസാല ചേരുവകൾ കൃത്യമായി ചേർത്ത...

സ്‌ത്രീകൾ മാത്രം കെട്ടിയാടുന്ന തെയ്യം

മലബാറിലെ നാറൂറോളം കാവുകളിലായി നൂറിൽപരം തെയ്യങ്ങൾ ഇപ്പോൾ കെട്ടിയാടുന്നുണ്ട്. ഇതിൽ ഒരു...

ലെനിൻ: സെെദ്ധാന്തിക തെളിമകൾക്കായുള്ള 
പോരാട്ടങ്ങൾ- 2

‘‘ലെനിൻ തന്നെ വിപ്ലവം. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും മരിച്ചതും വിപ്ലവത്തിനുവേണ്ടിയായിരുന്നു.’’ ലൂയി...

ആർ ഉമാനാഥ്‌

അത്യുത്തര കേരളത്തിൽ ജനിച്ച്‌ കോഴിക്കോട്ട്‌ രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച്‌ തമിഴകത്തെ തലമുതിർന്ന കമ്യൂണിസ്റ്റ്‌...
spot_img

Related Articles

Popular Categories

spot_imgspot_img