ഫാസിസം: ഉത്ഭവം,വളർച്ച

കെ എ വേണുഗോപാലൻ 

ഫാസിസവും നവഫാസിസവും -4

കെ എ വേണുഗോപാലൻ

മ്മ്യൂണിസം ഉണ്ടാക്കിയ  അനന്തരഫലങ്ങളിലൊന്നായി ചിലർ ഫാസിസത്തെ വിശേഷിപ്പിക്കാറുണ്ട്. 1933ൽ ലേബർ പാർട്ടി പുറത്തിറക്കിയ ‘ജനാധിപത്യവും സ്വേച്ഛാധിപത്യവും’ എന്ന മാനിഫെസ്റ്റോയിൽ ‘ഇടതു’ണ്ടാക്കിയ പ്രത്യാഘാതം വലതിന്റെ വിജയകരമായ പ്രതിരോധം  കൊണ്ട് പുറന്തള്ളപ്പെട്ടു’ എന്ന് പ്രഖ്യാപിക്കുന്നുണ്ട്. ലേബർപാർട്ടിയുടെ ഈ കാഴ്ചപ്പാടിനോട് യോജിക്കുന്ന സമീപനമാണ് കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായിരുന്ന ബാൾഡ്വിനും സ്വീകരിച്ചത്. ‘കമ്മ്യൂണിസം പൊതുസമൂഹത്തിൽ ഉണ്ടാക്കിയ ഭിന്നത കൊണ്ടാണ് ഫാസിസം ജനിച്ചു വീണത് . നിങ്ങൾക്ക് എപ്പോഴാണോ കമ്മ്യൂണിസവും പൊതുസമൂഹത്തിൽ ഭിന്നതയും ലഭിച്ചത് അപ്പോഴാണ് നിങ്ങൾക്ക് ഫാസിസവും ലഭിച്ചത്’എന്നാണ് ഹൗസ് ഓഫ് കോമൺസിൽ 1933 ൽ നടത്തിയ പ്രസംഗത്തിൽ ബാൾഡ്വിൻ പറഞ്ഞത്.

ഇത് തെറ്റിദ്ധാരണ ജനിപ്പിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കമാണ്. മുതലാളിത്തത്തിന്റെ തകർച്ചയോടെ ഒരുഭാഗത്ത് വിപ്ലവശക്തികളും മറുഭാഗത്ത് പ്രതിവിപ്ലവശക്തികളും സമാന്തരമായി വളരാൻ ആരംഭിക്കുമെന്നത് ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകതയാണ് വ്യക്തമാക്കുന്നത്. ഇത് മുതലാളിത്തതകർച്ച എന്ന പ്രക്രിയയിലൂടെ വളർന്നുവരുന്ന രണ്ട് വ്യത്യസ്തശക്തികൾ തമ്മിലുള്ള പോരാട്ടമാണ്. മാർക്‌സ് തന്നെ ഇക്കാര്യം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ പ്രചാരവേലയിലൂടെ തൊഴിലാളിവർഗ്ഗം കമ്മ്യൂണിസത്തിനുവേണ്ടി പ്രവർത്തിക്കുന്നതു കൊണ്ടാണ് ഫാസിസം വിജയത്തിലേക്കെത്തുന്നത് എന്ന തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു. ഇതിന് ചരിത്രത്തിന്റെ അനുഭവങ്ങളുമായി യാതൊരു ബന്ധവുമില്ല. മറിച്ച് ചരിത്രം നമുക്ക് നൽകുന്ന അനുഭവം നേർവിപരീതവുമാണ്.

 ചില ഉദാഹരണങ്ങളിൽ നിന്ന്, യാതൊരു തർക്കവുമുൽഭവിക്കാത്ത വിധം പൊതുവത്കരണം നടത്താനാവും. സോവിയറ്റ്  യൂണിയനിൽ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളിവർഗ്ഗം കമ്മ്യൂണിസത്തിന്റെ പാത പിന്തുടർന്നതുകൊണ്ട് അവിടെ ഫാസിസത്തിന് യാതൊരു പ്രതികരണവും ഉണ്ടാക്കാനായില്ല. എന്നാൽ ജർമ്മനിയെയും ഇറ്റലിയെയും പോലുള്ള രാജ്യങ്ങളിൽ തൊഴിലാളിവർഗ്ഗം പരിഷ്‌കരണവാദത്തെ പിന്തുടർന്നപ്പോൾ ഒരു നിശ്ചിതഘട്ടത്തിൽ അവിടെ ഫാസിസത്തിന് വളരാനും അധികാരം വെട്ടിപ്പിടിക്കാനും കഴിഞ്ഞു.

ഫാസിസത്തിന് വളർന്നു വരാൻ അനുകൂലമായ സാഹചര്യമൊരുക്കിയ ഈ പ്രത്യേക ഘട്ടത്തിൽ എന്താണ് സംഭവിച്ചത്? പഴയ മുതലാളിത്തസ്ഥാപനങ്ങൾ ആകെ തകർച്ച നേരിടുകയും തൊഴിലാളിവർഗപ്രസ്ഥാനം അധികാരം പിടിച്ചെടുക്കുന്നതിന് തൊട്ടടുത്തെത്തുകയും എന്നാൽ തൊഴിലാളിവർഗ്ഗനേതൃത്വം പരിഷ്‌കരണ വാദികളായി മാറിയതിനാൽ അവർക്കതിന് കഴിയാതിരിക്കുകയും ചെയ്ത അവസ്ഥ ചില രാജ്യങ്ങളിൽ ഉണ്ടായി. അസംതൃപ്തരായ ജനവിഭാഗത്തെയാകെ അണിനിരത്തുന്നതിൽ തൊഴിലാളിവർഗനേതൃത്വത്തിന് സംഭവിച്ച നിർണായകമായ ഈ വീഴ്ച വിശ്വാസം നഷ്ടപ്പെട്ട പഴയ ഭരണകൂടത്തിന് വിപ്ലവകരം എന്ന് തോന്നിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ചാഞ്ചാടി നിൽക്കുന്ന ഘടകങ്ങളെ, പെറ്റിബൂർഷ്വാസിയെ, ലുമ്പൻ തൊഴിലാളി വിഭാഗത്തെ ഒക്കെ തങ്ങളോട് അടുപ്പിക്കുന്നതിന് സഹായകമായി മാറി. വിപ്ലവശക്തികൾക്ക് സഖ്യശക്തികളെ നൽകുന്ന മുതലാളിത്തപ്രതിസന്ധിയും ജനങ്ങളിൽ ഉയർന്നുവന്ന നിരാശയും ഒക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട് പിന്തിരിപ്പൻശക്തികൾക്ക് ജനപിന്തുണയാർജിക്കാൻ കഴിയുന്ന സ്ഥിതിവിശേഷമായി ഇത് മാറി. ഇത് ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഫാസിസം വളർന്നത്. നിർണായകമായ ഓരോ ഘട്ടത്തിലും പരിഷ്‌കരണവാദികളായ തൊഴിലാളിവർഗ്ഗനേതൃത്വം കാണിച്ച സംശയവും പിൻവലിയലും ഫാസിസത്തിന്റെ വളർച്ചയ്ക്ക് സഹായകമായി മാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമഘട്ടത്തിൽ രംഗത്തിറങ്ങാനും അധികാരം പിടിച്ചെടുക്കാനും ഫാസിസത്തിന് കഴിഞ്ഞത്. അത് സ്വന്തം ശക്തി കൊണ്ടായിരുന്നില്ല മറിച്ച് തൊഴിലാളിവർഗ്ഗ നേതൃത്വത്തിന് സംഭവിച്ച വീഴ്ച കൊണ്ടായിരുന്നു. ബൂർഷ്വാജനാധിപത്യത്തിന്റെ തകർച്ചയെ പിന്തുടർന്നു വന്നത് തൊഴിലാളിവർഗജനാധിപത്യത്തിന്റെ മുന്നേറ്റമായിരുന്നില്ല മറിച്ച് ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിലേക്കുള്ള പിൻവലിയലായിരുന്നു.

ഈ പശ്ചാത്തലത്തിൽ നിന്നുകൊണ്ടു വേണം ലോകകമ്യൂണിസ്റ്റ്പ്രസ്ഥാനം ഫാസിസത്തെ നിർവചിച്ചത് എങ്ങനെ എന്നു മനസ്സിലാക്കാൻ. 1928ൽ അംഗീകരിച്ച കമ്യൂണിസ്റ്റ് ഇന്റർനാഷണൽ പരിപാടിയിലാണ് തീർത്തും ശാസ്ത്രീയമായ ഈ നിർവചനം അടങ്ങിയിട്ടുള്ളത്. അതിപ്രകാരമാണ്:

‘സവിശേഷമായ ചില ചരിത്രപാശ്ചാത്തലങ്ങളിലാണ് ബൂർഷ്വാസിയുടെ പുരോഗതി,സാമ്രാജ്യത്വനീക്കങ്ങൾ, പിന്തിരിപ്പൻപ്രതിരോധങ്ങൾ എന്നിവയെല്ലാം ചേർന്ന് ഫാസിസത്തിന് രൂപം കൊടുക്കുന്നത്. അതിന്റെ ചരിത്രപാശ്ചാത്തലം ഇതാണ്. മുതലാളിത്തബന്ധങ്ങളിലെ അസ്ഥിരത, വർഗ്ഗപരതയിൽ ഒതുങ്ങി നിൽക്കാത്ത സാമൂഹ്യഘടകങ്ങളുടെ നിർണായകമായ നിലനിൽപ്പ്,നഗരങ്ങളിലെ പെറ്റിബൂർഷ്വാസിയുടെയും ബുദ്ധിജീവിവിഭാഗങ്ങളുടെയും വൻതോതിലുള്ള പാപ്പരീകണം,ഗ്രാമീണവിഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള അസംതൃപ്തി, അന്തിമമായി തൊഴിലാളിവർഗ്ഗത്തിന്റെ നേതൃത്വത്തിലുള്ള ബഹുജനപോരാട്ടത്തിന്റെ നിരന്തരമായ ഭീഷണി. സ്വന്തം ഭരണം സ്ഥിരീകരിക്കുന്നതിനും ശാശ്വതമാക്കുന്നതിനും വേണ്ടി വലിയതോതിൽ പാർലമെന്ററി വ്യവസ്ഥയെ ഉപേക്ഷിക്കാനും ഫാസിസ്റ്റ് സംവിധാനത്തിനൊപ്പം  നിൽക്കാനും ബൂർഷ്വാസി നിർബന്ധിതമാകുന്നു. കാരണം  പാർട്ടികൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിൽ നിന്നും കൂട്ടായ്മകളിൽ നിന്നും ഫാസിസം സ്വതന്ത്രമാണ്.

ഫാസിസ്റ്റ് വ്യവസ്ഥ എന്നത് നേരിട്ടുള്ള സ്വേഛാധിപത്യവ്യവസ്ഥയാണ്. അത് പ്രത്യയശാസ്ത്രപരമായി ദേശീയത കൊണ്ടുള്ള മുഖംമൂടി ധരിക്കുന്നു. വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രാതിനിധ്യമുള്ളതായി അവകാശപ്പെടുന്നു. പെറ്റി ബൂർഷ്വാസിക്കകത്തെ, ബുദ്ധിജീവികൾക്കകത്തെ, മറ്റു ജനവിഭാഗങ്ങളിലെ ഒക്കെ അസംതൃപ്തി ഉപയോഗിക്കുന്നതിനായി അവർ പ്രത്യേകതരത്തിലുള്ള ജനപ്രിയ വാചകമടികളെ ഉപയോഗപ്പെടുത്തുന്നു. ഫാസിസ്റ്റ് യൂണിറ്റുകളുടെ സംഘടിതമായ ശ്രേണീബന്ധങ്ങളെയും പാർട്ടിസംഘടനയെയും ഉദ്യോഗസ്ഥമേധാവിത്വത്തെയും ഉപയോഗപ്പെടുത്തിക്കൊണ്ട് വൻതോതിൽ അഴിമതി നടത്തുന്നു.അതേസമയം തന്നെ തൊഴിലാളിവർഗ്ഗത്തിനിടയിലേക്ക് തുളച്ചുകയറുന്നതിനു വേണ്ടി ഫാസിസം ശ്രമിക്കുന്നു. തൊഴിലാളിവർഗ്ഗത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ ഏറ്റെടുക്കുന്നതായി അഭിനയിച്ചുകൊണ്ട് അവരുടെ അസംതൃപ്തി മുതലെടുക്കാനും ഒപ്പം സോഷ്യൽ ഡെമോക്രെറ്റുകൾ ഈ രംഗത്ത് കാണിക്കുന്ന നിരുത്തരവാദിത്വത്തെ മുതലെടുക്കാനുമാണ് ഫാസിസം ശ്രമിക്കുന്നത്.

ഫാസിസത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം തൊഴിലാളിവർഗ്ഗത്തിന്റെ വിപ്ലവകരമായ മുന്നണിപ്പടയായ കമ്മ്യൂണിസ്റ്റ്പാർട്ടിയെയും തൊഴിലാളിവർഗ്ഗസംഘടനകളെയും ഇല്ലായ്മ ചെയ്യുക എന്നതാണ്. ജനപ്രിയ വാചകമടികൾ,അഴിമതി,വെള്ള ഭീകരവാദം,അന്തർദേശീയരാഷ്ട്രീയരംഗത്ത് സാമ്രാജ്യത്വ കടന്നുകയറ്റം എന്നിവയുടെയൊക്കെ ഒരു സമ്മിശ്രമാണ് മുഖ്യമായ ലക്ഷണങ്ങൾ. ബൂർഷ്വാസി തീക്ഷ്ണമായ പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിൽ ഫാസിസം മുതലാളിത്തവിരുദ്ധ പദപ്രയോഗങ്ങളിൽ അഭയം പ്രാപിക്കുകയും എന്നാൽ അതിനുശേഷം ഭരണകൂടത്തിന്റെ തലപ്പത്ത് അത് സ്ഥാപിക്കപ്പെട്ടാൽ മുതലാളിത്തവിരുദ്ധ മുദ്രാവാക്യങ്ങളെയൊക്കെ തള്ളിക്കളയുകയും വൻകിടമൂലധനശക്തികളുടെ ഭീകരവാദപരമായ സ്വേച്ഛാധിപത്യമായി ഫാസിസം മാറുകയും ചെയ്യുന്നു.

1928 ൽ ചേർന്ന കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ആറാം കോൺഗ്രസ് അംഗീകരിച്ച സാർവദേശീയ സ്ഥിതിഗതികളെ കുറിച്ചുള്ള പ്രമേയത്തിൽ ഫാസിസത്തെക്കുറിച്ച് സമാനമായ ഒരു വിശകലനം നടത്തിയിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം. ‘ഫാസിസത്തിന്റെ സവിശേഷമായ പ്രത്യേകത എന്ത് എന്ന് പരിശോധിക്കുമ്പോൾ, മുതലാളിത്തസാമ്പത്തികവ്യവസ്ഥ നേരിടേണ്ടിവരുന്ന ആഘാതത്തിന്റെ പ്രത്യാഘാതം എന്ന നിലയിൽ,ഒപ്പം സവിശേഷമായ ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ സാഹചര്യങ്ങളിൽ, വികസിച്ചു വരുന്ന വിപ്ലവ സാദ്ധ്യതകളെ തടയുന്നതിന് വേണ്ടി, പെറ്റിബൂർഷ്വാസിയുടെയും,മറ്റുമധ്യവർഗ്ഗ ജനവിഭാഗങ്ങളുടെയും,നഗരത്തിലെയും ഗ്രാമത്തിലെയും ബൂർഷ്വാസിയുടെയും, തൊഴിലാളിവർഗ്ഗത്തിലെ തന്നെ ഏറ്റവും താഴെത്തട്ടിൽ ഉള്ള വിഭാഗങ്ങളെയും അവരുടെ അസംതൃപ്തിയെ ഉപയോഗപ്പെടുത്തിക്കൊണ്ട് പിന്തിരിപ്പനായ ഒരു ബഹുജന പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിനുവേണ്ടി അവർ ശ്രമിക്കുന്നു. ഫാസിസം തൊഴിലാളിവർഗ്ഗത്തിന്റെയും ദരിദ്രകർഷകരുടെയും സംഘടനകളുടെ ശക്തി കുറയ്ക്കുന്നതിന് വേണ്ടി തുറന്ന അക്രമാസക്തരീതികളെ ഉപയോഗപ്പെടുത്തുകയും അതുവഴി അധികാരംപിടിക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നു.

അധികാരം പിടിച്ചെടുത്തതിനുശേഷം മുതലാളിത്തസമൂഹത്തിലെ ഭരിക്കുന്ന വിഭാഗങ്ങളുടെ (സ്വകാര്യ ബാങ്ക് ഉടമസ്ഥർ,വൻകിട വ്യവസായികൾ,ഭൂപ്രഭുക്കൾ)ഇടയിൽ രാഷ്ട്രീയവും സംഘടനാപരവുമായ ഐക്യം സൃഷ്ടിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നു. അങ്ങനെ ഐക്യം കെട്ടിപ്പടുക്കുന്നതോടൊപ്പം തന്നെ അവരുടെ അവിഭജിതവും തുറന്നതും സുസ്ഥിരവുമായ ഏകാധിപത്യം സ്ഥാപിക്കുന്നു. അതോടൊപ്പം തന്നെ ഭരണവർഗത്തിന് മാത്രമല്ല ബൂർഷ്വാവിഭാഗത്തിനും തൊഴിലാളിവർഗ്ഗത്തിൽ തന്നെ ചില ഘടകങ്ങൾക്കും (ഓഫീസ് ജീവനക്കാർ,സർക്കാർ ജീവനക്കാരായി മാറിയ, പരിഷ്‌കരണ വാദികളായ മുൻകാല നേതാക്കൾ,യൂണിയൻ ഭാരവാഹികൾ,ഫാസിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നേതാക്കൾ) ഉപയോഗപ്പെടുത്താവുന്ന വിധത്തിൽ സായുധ സേനകളെ അത് സജ്ജമാക്കി നിർത്തുകയും ആഭ്യന്തരയുദ്ധങ്ങൾ അടക്കം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അത് അക്രമത്തിലധിഷ്ഠിതവും ഭീഷണിപ്പെടുത്തുന്നതും അഴിമതി നടത്തുന്നതും ആയ ഒരു പുതിയ തരം ഭരണകൂടത്തെ സ്ഥാപിക്കുന്നു.

1928 ലെ ഈ നിർവചനങ്ങളെ കൂടുതൽ സമ്പുഷ്ടമാക്കിയാണ് 1933ലെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പതിമൂന്നാം പ്ലീനവും തുടർന്ന് 1935ൽ നടന്ന ഏഴാം കോൺഗ്രസ് പ്രമേയവും കൂടുതൽ ശാസ്ത്രീയമായി ഫാസിസത്തെ താഴെപ്പറയും പ്രകാരം നിർവചിച്ചത്.

‘ഫൈനാൻസ് മൂലധനക്കാരിൽ വച്ച് ഏറ്റവും പിന്തിരിപ്പനും അങ്ങേയറ്റത്തെ സങ്കുചിത ദേശീയവാദികളും കടുത്ത സാമ്രാജ്യ ത്വവാദികളുമായ ശക്തികളുടെ പരസ്യവും ഭീകരവുമായ സ്വേച്ഛാധിപത്യമാണ് ഫാസിസം’

Hot this week

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

Topics

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി
spot_img

Related Articles

Popular Categories

spot_imgspot_img