തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്ക് പോകുന്ന കേരള എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് ‘അപരസമുദ്ര’ വായിക്കുന്നത്. ഓരോ തീവണ്ടിയുടെയും രണ്ടറ്റങ്ങളിലെ ജനറൽ കമ്പാർട്ട്മെന്റുകളിൽ ജീവിതത്തിന്റെ ഭാണ്ഡക്കെട്ടുകളുമായി സഞ്ചരിക്കുന്ന അനേകം അതിഥി തൊഴിലാളികളുടെ നിൽക്കക്കള്ളിയില്ലാത്ത നെട്ടോട്ടത്തിന്റെ രാഷ്ട്രീയമാണ് ഒരു സ്ലീപ്പർ സീറ്റിലിരുന്ന് ഞാൻ വായിച്ചു കൊണ്ടിരുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന തൊഴിലാളികളെ അതിഥികളെന്ന് നാം വിളിച്ചുതുടങ്ങിയിട്ട് അധികമായിട്ടില്ല. ഒറ്റവാക്കിൽ ബംഗാളികൾ എന്ന് വിളിക്കപ്പെടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികൾ ഇന്ന് കേരളത്തിന്റെ അവിഭാജ്യ ഘടകമാണ്. കേരളത്തിന്റെ തൊഴിൽമേഖലയിലെ സുപ്രധാന സാന്നിധ്യമാണ് ഇപ്പോൾ അതിഥി തൊഴിലാളികൾ. ജീവിതനിലവാരത്തിന്റെ എല്ലാ സാമൂഹിക സൂചികകളിലും ഉയർന്നുനിൽക്കുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റം കൈവരിക്കുകയും, തദ്ദേശീയ യുവത മറ്റ് തൊഴിൽ മേഖലകളിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് അതിഥി തൊഴിലാളികൾ കേരളത്തിന്റെ കൃഷി-, നിർമ്മാണം, -വ്യവസായം എന്നീ മേഖലകളിൽ നിർണായകമായി മാറിയത്. കേരളത്തിലെ 14 ജില്ലകളിലായി വിവിധ തൊഴിൽമേഖലകളിൽ ഏകദേശം 35 ലക്ഷം അതിഥി തൊഴിലാളികളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അവരവരുടെ പ്രദേശങ്ങളിൽ ലഭിക്കുന്നതിനേക്കാൾ കൂടുതലും മലയാളികൾക്ക് ലഭിക്കുന്നതിനോടൊപ്പം നിൽക്കുന്നതുമായ ദിവസവേതനം ലഭിക്കുന്നതുമാണ് മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികൾക്ക് കേരളം ഒരു പ്രധാന ആകർഷണ കേന്ദ്രമാവുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം കേരളത്തിന്റെ ഉത്തരവാദിത്വമായി ഈ സർക്കാർ ഏറ്റെടുക്കുന്നത്. വിദ്യാഭ്യാസ അവകാശനിയമ പ്രകാരം ആറ് മുതൽ പതിനാല് വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസമുറപ്പാക്കുന്നതിൽ കേരളം നൂറുശതമാനം നേട്ടം കൈവരിച്ച സംസ്ഥാനമാണ്. നമ്മുടെ നാട്ടിലെത്തുന്ന അതിഥി തൊഴിലാളികളുടെ മക്കളുടെയും വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള സജീവ ശ്രമത്തിലാണ് ഇപ്പോൾ കേരളം. പലപ്പോഴും ഭയം നിറച്ച കണ്ണുകളുമായി തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന ഇവർക്ക് കേരളം നീട്ടുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും കൈകൾ എത്തിപ്പിടിക്കാനാവാതെ പോകുന്നതിന്റെ കാര്യവും കാരണവും അന്വേഷിക്കുന്ന ഒരു നോവലാണ് ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ മിഥുൻ കൃഷ്ണ എഴുതിയ അപരസമുദ്ര.
അതിഥി തൊഴിലാളികളെ ചേർത്തുനിർത്തുന്ന പുതിയ സംസ്കാരം രൂപപ്പെടുത്തുന്ന കേരളത്തിലെ സവിശേഷമായ സാഹചര്യത്തിലാണ് അപരസമുദ്ര എന്ന നോവൽ പ്രസക്തമാകുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള അതിഥി തൊഴിലാളികളുടെ കുടിയേറ്റത്തിന്റെ ചരിത്രവും, രാഷ്ട്രീയവും ഈ നോവൽ ചർച്ച ചെയ്യുന്നതു. ഒരു സ്കൂളിൽ നടക്കുന്ന അതിഥി തൊഴിലാളിയുടെ കുട്ടിയും, മലയാളി കുട്ടിയും തമ്മിലുള്ള സംഘർഷത്തിലൂടെ തുടങ്ങുന്ന നോവൽ, ഭരണകൂട ഭീകരതയും സാധാരണ ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളിലൂടെയാണ് കടന്നുപോകുന്നത്. ബംഗാളിലെ ഇടതുപക്ഷ ഗവൺമെന്റിനെ അട്ടിമറിക്കാനുള്ള കുതന്ത്രങ്ങളും, സിംഗൂരിലും നന്ദിഗ്രാമിലും നടന്ന വലതുപക്ഷ ഗൂഢാലോചനകളും തുറന്നുകാണിക്കുകയാണ് അപരസമുദ്ര ചെയ്യുന്നത്. ബംഗാളിന്റെ ചരിത്രവും, വർത്തമാനവും സംബന്ധിച്ച ആഴത്തിലുള്ള പഠനമാണ് മിഥുൻ കൃഷ്ണ എന്ന ചെറുകഥാകൃത്തിനെ അപരസമുദ്രയിലൂടെ ഒരു നോവലിസ്റ്റാക്കി മാറ്റുന്നത്. വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ പാക്കേജുകൾ പ്രഖ്യാപിക്കണമെന്ന് അമരാവതിയിൽ പ്രഖ്യാപിച്ചത് എ കെ ജിയാണ്. ഇടതുപക്ഷത്തിന് അധികാരം ലഭിച്ച എല്ലായിടത്തും ഇതേ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിൽ ഒരുഘട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട ദേശീയപാത വികസനം പോലും എൽഡിഎഫ് സർക്കാരിന്റെ ഈ സമീപനത്തിന്റെ ഭാഗമായാണ് നടപ്പിലായത്. ബംഗാളിന്റെ വികസനത്തിന് ഇനി ക്ഷേമപ്രവർത്തനങ്ങൾ മാത്രം മതിയാകില്ല, വൻകിട വികസന പദ്ധതികൾ കൂടി യാഥാർത്ഥ്യമാക്കേണ്ടതുണ്ട് എന്ന് തീരുമാനിച്ച ഇടതുപക്ഷ ഗവൺമെന്റിനെയാണ് മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ പിന്തിരിപ്പൻ സംഘം വമ്പിച്ച കള്ളപ്രചാരവേലയിലൂുടെ സൃഷ്ടിക്കപ്പെട്ട കലാപത്തിലൂടെ അട്ടിമറിച്ചത്. ഒരു ലക്ഷം രൂപയ്ക്ക് കാർ നിർമിക്കുന്ന ഒരു വൻകിട പദ്ധതിക്കായി സ്ഥലം കണ്ടെത്തുകയും, സ്ഥലം നഷ്ടപ്പെടുന്നവർക്ക് ഇതുവരെ ഒരു ഗവൺമെന്റും നൽകിയിട്ടില്ലാത്ത പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്ത സർക്കാരിനെതിരായി നുണക്കഥകൾ കെട്ടഴിച്ചുവിട്ടാണ് ബംഗാളിനെ കലാപകലുഷിതമാക്കിയത്. ബംഗാളിൽ അരങ്ങേറിയ അതിക്രമങ്ങളിലും, കടന്നാക്രമങ്ങളിലും ചിതറി ഓടിയ ഒരു കുടുംബത്തിന്റെ കഥയാണ് അപരസമുദ്ര. രബീന്ദ്രയുടേയും, കൃഷ്ണാദിയുടേയും, ബിനോബയുടേയും ചോട്ടുവിന്റേയും കുടുംബ കഥയാണെങ്കിലും ബംഗാൾ ജനതയുടെയാകെ നഷ്ടപ്പെട്ട ജീവിത കഥ കൂടിയാണ് അപരസമുദ്ര പറയുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനെതിരെയും, കൃഷിഭൂമി ഇല്ലാതാവുന്നതിനെതിരെയും കലാപം നടത്തി അധികാരത്തിലെത്തിയ മമത, ഇപ്പോൾ ബംഗാളിനെ കൽക്കരി ഖനികളിലൂടെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന വർത്തമാനകാല യാഥാർഥ്യങ്ങളും ഈ നോവൽ വിളിച്ചുപറയുന്നുണ്ട്. ബംഗാളിന്റെ ചരിത്രത്തെയും വർത്തമാനത്തെയും കുറിച്ച് നടത്തിയ ആഴത്തിലുള്ള പഠനവും ഗവേഷണവുമാണ് അപര സമുദ്രയെ ഒരു രാഷ്ട്രീയ ചരിത്ര നോവലാക്കി മാറ്റുന്നത്. പുറമേക്ക് വാർത്തകൾ ഒന്നും വരാത്ത മമത ഭരണത്തിന്റെ കീഴിലുള്ള ജനവിരുദ്ധതയെ തുറന്നു കാണിക്കുക കൂടിയാണ് ഇവിടെ ചെയ്യുന്നത്.
അതിഥി തൊഴിലാളികളെ ചേർത്തുപിടിക്കുന്ന കേരളത്തിന്റെ സംസ്കാരത്തെ പ്രതിഫലിപ്പിക്കാൻ അനീഷ് മാസ്റ്റർ എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ നോവലിനാവുന്നുണ്ട്. ആഴത്തിലുള്ള മുറിവുകളും, മാനസിക സംഘർഷങ്ങളും അതിഥി തൊഴിലാളികളെ നിർത്താതെയുള്ള ഓട്ടത്തിന് പ്രേരിപ്പിക്കുമ്പോൾ മെച്ചപ്പെട്ട ജീവിതവും വിദ്യാഭ്യാസവും നൽകിയാണ് ഭൂമിയിവരെ പിടിച്ചുനിർത്തേണ്ടത് എന്ന സന്ദേശമാണ് അപരസമുദ്ര നൽകുന്നത്. ബിനോബയെ പോലെ നിരവധി അതിഥി തൊഴിലാളികളുടെ മക്കളാണ് കേരളത്തിലെ സ്കൂളുകളിൽ ഇപ്പോൾ പഠിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെ സർക്കാർ‐ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെന്ന് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുകയാണ്. 2023‐24 അധ്യയന വർഷത്തിൽ 21,229 അതിഥി സംസ്ഥാന വിദ്യാർത്ഥികളാണ് കേരളത്തിൽ പഠിച്ചിരുന്നതെങ്കിൽ 2024‐-25 വർഷത്തിലേക്ക് എത്തുമ്പോൾ 24,525 ആയി വർദ്ധിച്ചിരിക്കുകയാണ്. മെച്ചപ്പെട്ട തൊഴിലും വേതനവും ലഭിക്കുന്നതിനോടൊപ്പം മക്കൾക്കും മികച്ച ജീവിത നിലവാരം ഉറപ്പുവരുത്താൻ കേരളത്തിൽ കഴിയുമെന്ന തിരിച്ചറിവിന്റെ ഭാഗമായായാണ് അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സ്കൂൾ പ്രവേശനത്തിൽ ഒരു വർഷം കൊണ്ട് പതിനഞ്ച് ശതമാനത്തിലധികം വർധനവുണ്ടായത്. സർക്കാർ സ്കൂളുകളിൽ 8,490 വിദ്യാർഥികളും, എയ്ഡഡ് സ്കൂളുകളിൽ 12,421 വിദ്യാർഥികളുമാണ് കഴിഞ്ഞ അധ്യയനവർഷമുണ്ടായിരുന്നത്. ഇത്തവണ അത് സർക്കാർ സ്കൂളുകളിൽ 10,018 വിദ്യാർഥികളും, എയ്ഡഡ് സ്കൂളുകളിൽ 13,619 വിദ്യാർഥികളുമായി വർധിച്ചു. ഈ കണക്കുകൾ നോക്കുമ്പോൾ 18 ശതമാനം വർധനയാണ് സർക്കാർ വിദ്യാലയങ്ങളിൽ മാത്രമുണ്ടായിട്ടുള്ളത്. എയ്ഡഡ് സ്‌കൂളുകളിൽ 9.65 ശതമാനത്തിന്റെ വർധനവുണ്ടായതായും കാണാം. അതിഥി തൊഴിലാളികൾ തങ്ങൾക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസവും, മെച്ചപ്പെട്ട ജീവിതവും മക്കൾക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാണ് തൊഴിലിനോടൊപ്പം പഠനത്തിനുമായി കുടുംബത്തോടെ കേരളത്തിലേക്ക് എത്തുന്നത്.
വംശത്തിന്റെയും, വർണ്ണത്തിന്റെയും പേരിൽ ലോകത്തെമ്പാടും കൂട്ടക്കുരുതികളും യുദ്ധങ്ങളും, പലായനങ്ങളും നടക്കുമ്പോൾ ഒരുമയുടെ ഒരു പുതിയ പാഠമാണ് കേരളം പകർന്നു നൽകുന്നത്. ഒരുമയെ തകർക്കാനുള്ള ജാതി‐മത ചിന്തകളും, ഭാഷയുടെ അടിസ്ഥാനത്തിലുള്ള വേർതിരിവുകളും കൂടുതൽ ശക്തമായി നടക്കുന്ന നമ്മുടെ രാജ്യത്തും കേരളം സൃഷ്ടിക്കുന്ന ഈ വിദ്യാഭ്യാസ മാതൃക ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ വളരെ വലുതാണ്. ലോകത്തെമ്പാടും ഇടതുപക്ഷം ഇതേ നയവും സമീപനവുമാണ് സ്വീകരിക്കുന്നത്. കള്ളപ്രചാരവേലയിലൂടെയും, കപട വലതുപക്ഷ രാഷ്ട്രീയത്തിലൂടെയും ഇടതുപക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമം ബംഗാളിൽ വിജയിച്ചതിന്റെ പ്രത്യാഘാതങ്ങൾ അപരസമുദ്ര ചൂണ്ടിക്കാണിക്കുമ്പോൾ, വികസനവും ക്ഷേമവും ഒരുപോലെ ഉറപ്പാക്കാൻ ശ്രമിക്കുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ തിരിച്ചറിയാനുള്ള അവസരം കൂടിയാണ് നമുക്ക് ലഭിക്കുന്നത്. ബംഗാളിൽ നിന്നും പലായനം ചെയ്യേണ്ടി വന്നവർക്ക് ജീവിതം കരുപ്പിടിപ്പിക്കാനും, സമാധാനമായി ശ്വാസം വിടാനും കേരളം ബാക്കിയുണ്ടായിരുന്നു. ബംഗാൾ സിനിമയും, സാഹിത്യവും മലയാള സംസ്കാരത്തിൽ സമന്വയിച്ചതുപോലെ എല്ലാവരെയും ഉൾക്കൊള്ളുന്ന കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരം സംരക്ഷിക്കേണ്ടത് ഈ രാജ്യത്തിന്റെയാകെ ആവശ്യമാണെന്ന് പ്രഖ്യാപിക്കുകകൂടിയാണ് ഈ നോവൽ ചെയ്യുന്നത്. ‘അപരസമുദ്ര’ വായിക്കുമ്പോൾ അപരനോടുള്ള കരുതലും, അവനവനോടുള്ള വിമർശനവുമുള്ളവരായി വായനക്കാർ കൂടുതൽ നവീകരിക്കപ്പെടുകയും, ചരിത്രബോധവും വർത്തമാന യാഥാർത്ഥ്യങ്ങളും തിരിച്ചറിയുന്ന ഒരു രാഷ്ട്രീയ, സാമൂഹിക ജീവിയായി നമ്മൾ മാറുകയും ചെയ്യും. l