‘വഴിക്കുരുക്കിൽപ്പെട്ട പൂവ്’ എന്ന പുസ്തകത്തെപ്പറ്റി.
ഹൈ സ്കൂൾ പഠനകാലത്തിനുശേഷം ആദ്യമായാണ് ഒരു പുസ്തകം വായിച്ച് അതിനെക്കുറിച്ചു സംസാരിക്കുന്നത്. എങ്കിലും, ശാസ്ത്രസാഹിത്യപരിഷത്തിന്റെ തിരുവനന്തപുരം മേഖലാക്കമ്മിറ്റി ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ രണ്ടും കൽപ്പിച്ച് അത് ഏറ്റെടുത്തു.
പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ‘ലൂക്ക’യിൽ ശാസ്ത്രപരമ്പരയായി വന്നതാണ് ‘വഴിക്കുരുക്കിൽപ്പെട്ട പൂവ്’. ആ പരമ്പരയുടെ സമാഹാരമാണ് ഈ പുസ്തകം. ലൂക്കയിൽ ഓഡിയോ രൂപവും ഉണ്ടായിരുന്നു. അന്ന് അതിൽ ആദ്യ അധ്യായങ്ങൾ മാത്രമാണു കേട്ടത്. പുസ്തകരൂപത്തിൽ വന്നപ്പോൾ പുസ്തകം വാങ്ങി.
പ്രധാനമായും ഹൈസ്കൂൾ തലത്തിലോ അതിനു മുകളിലേക്കോ ഉള്ള വിദ്യാർത്ഥികൾക്കു വായിക്കാൻ പാകത്തിലാണ് ഈ പുസ്തകം. അതുകൊണ്ടുതന്നെ പുസ്തകത്തിലെ ആദ്യ അധ്യായം വായിച്ചപ്പോൾ തോന്നിയത് എനിക്കിതു വളരെ എളുപ്പം വായിച്ചുതീർക്കാൻ കഴിയും എന്നാണ്. വായന മുന്നോട്ടു പോയപ്പോഴാണ് പുസ്തകത്തിന്റെ പേരുപോലെതന്നെ ഞാനും വഴിക്കുരുക്കിൽപ്പെടുന്നതായി തോന്നിയത്.
അത്ര എളുപ്പത്തിൽ വായിച്ചുതീർക്കാൻ കഴിയുന്ന ഒന്നല്ല ഈ പുസ്തകം. അതിനു കാരണം ഇതിൽ കടുകട്ടിയായി ശാസ്ത്രം പറയുന്നതല്ല; വായിക്കുന്നതിനൊപ്പം ചിന്തിക്കാനും ഭാവനയിൽ കണ്ടു മനസിലാക്കാനും ഒരുപാടു രസകരമായ കാര്യങ്ങൾ ഈ പുസ്തകത്തിൽ ഉള്ളതാണ്. ചിന്തിച്ചു മനസിൽ ചിത്രങ്ങൾ നിർമ്മിച്ചു മനസിലക്കുന്നതിന്റെ സുഖം ഈ പുസ്തകം വായിച്ചപ്പോൾ എനിക്കു കിട്ടി. മാത്രമല്ല ഉപരിതലത്തിലൂടെ മാത്രം ശാസ്ത്രം പറഞ്ഞു പോകാതെ കുട്ടികൾക്കു മനസിലാവുന്ന രീതിയിൽ ആഴത്തിലേക്കുകൂടി പറയാൻ പുസ്തകത്തിനു കഴിയുന്നുണ്ട്.
മലയാളത്തിൽ കുട്ടികൾക്കായി എഴുതപ്പെട്ടിട്ടുള്ള ജ്യോതിശാസ്ത്രപുസ്തകങ്ങൾ ധാരാളം ഉണ്ടെങ്കിലും അതിലൊന്നും അധികം ചർച്ച ചെയ്യപ്പെടാത്ത വിഷയമാണ് പ്രപഞ്ചവിജ്ഞാനീയം (Cosmology). ‘വഴിക്കുരുക്കിൽപ്പെട്ട പൂവി’ൽ കൂടുതൽ അധ്യായങ്ങളും ചർച്ച ചെയ്യുന്നത് പ്രപഞ്ചവിജ്ഞാനീയമാണ്.
ഷംസിയട്ടീച്ചറും പ്രഫുൽ എന്ന സ്കൂൾക്കുട്ടിയും തമ്മിലുള്ള സംഭാഷണങ്ങളായാണ് ഇതിലെ അധ്യായങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. പ്രഫുലിന്റെ വിളിപ്പേരാണു പൂവ്.
പ്രപഞ്ചവിജ്ഞാനീയം ചർച്ച ചെയ്യുന്ന ആദ്യഭാഗങ്ങളിൽ പ്രധാനമായും പ്രപഞ്ചത്തിന്റെ ഘടകങ്ങൾ, അതിന്റെ വലിപ്പം, അതിൽ സൂര്യന്റെ സ്ഥാനം ഇവയൊക്കെയാണ് പ്രധാനമായും വരുന്നത്. അതോടൊപ്പംതന്നെ ഭൂമി, സൂര്യൻ, നമ്മുടെ ഗ്യാലക്സി, ഗ്യാലക്സിയുടെ കൂട്ടങ്ങൾ എന്നിവയുടെയൊക്കെ നിയതമായ ചലനങ്ങളും ചലനവേഗങ്ങളും ചലിക്കുന്ന ദിശയും ചർച്ച ചെയ്യുന്നുണ്ട്. പ്രപഞ്ചത്തിന്റെ തുടക്കം, വികാസം, ഡാർക്ക് എനെർജി എന്നിവയെക്കുറിച്ചും പൂവിനു ടീച്ചർ പറഞ്ഞുകൊടുക്കുന്നുണ്ട്.
പ്രപഞ്ചത്തെക്കുറിച്ചു പഠിക്കുമ്പോൾ നമുക്കു പ്രധാനമായും ഉണ്ടകേണ്ട ഒരു കാഴച്ചപ്പാടുണ്ട്, പ്രപഞ്ചത്തിൽ നമുക്കുള്ള അപ്രാധാന്യത്തെപ്പറ്റി. ഇതെല്ലാം നമുക്കുവേണ്ടി ഉണ്ടാക്കിയതാണ് എന്ന ഇടുങ്ങിയ ചിന്താഗതി മാറ്റാൻ അതു സഹായിക്കും. ഇവിടെ പൂവിനും നമുക്കും അറിവിലൂടെ ഈ കാഴ്ചപ്പാട് പകർന്നുനൽകാൻ ഷംസിയ ടീച്ചർ ശ്രമിക്കുന്നുണ്ട്.
“ടീച്ചറേ, ഞാൻ മുൻപെല്ലാം വിചാരിച്ചിരുന്നത് ഭൂമിയും സൂര്യനും ചന്ദ്രനും പ്രകൃതിയുമെല്ലാം നമ്മൾക്കുവേണ്ടി ഉള്ളതാണെന്നാണ്.”
“ഇപ്പഴോ?”
“ഇപ്പോൾ എനിക്കറിയാം അങ്ങനെയല്ലെന്ന്. മനുഷ്യവംശം ഇല്ലാതായാലും പ്രപഞ്ചം തുടരുമെന്ന്.”
വലിപ്പവും വേഗങ്ങളും മനസിൽ ചിന്തിക്കാൻകഴിയുന്നതിനും അപ്പുറമാണ് എന്നുകൂടി നമുക്കു മനസിലാക്കിത്തരാനും പ്രപഞ്ചത്തിലെ നമ്മുടെ അപ്രാധാന്യത്തെക്കുറിച്ചു ചിന്തിപ്പിക്കാനും ടീച്ചർക്കു കഴിയുന്നുണ്ട്.
പ്രപഞ്ചത്തിന്റെ ഈ വിശാലത മനസിലാക്കിക്കാൻ ഷംസിയട്ടീച്ചർ പൂവിനെ ഒരു സങ്കൽപ്പറോക്കറ്റിൽ കയറ്റി പ്രപഞ്ചത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വിടുന്നുണ്ട്. അവിടൊക്കെ നിന്നുകൊണ്ടാണ് ഈ കറക്കങ്ങളും അകലലുകളുമെല്ലാം പൂവു മനസിലാക്കിയെടുക്കുന്നത്. ഈ മനസിലാക്കിയെടുക്കലുൾക്കിടയിൽ പൂവിനൊപ്പം നമ്മളും വല്ലാതെ കുരുക്കിൽപെട്ടുപോകും.
നാം ഉൾപ്പെടുന്ന വ്യൂഹങ്ങളെ അതിനു പുറത്തു പോയിനിന്നു നിരീക്ഷിക്കുമ്പോൾ കാണുക നമ്മുടെ അനുഭവബോധത്തിൽനിന്നു വേറിട്ട, പരിചിതമല്ലാത്ത കാഴ്ചകളാണ്. നമ്മുടെ സങ്കല്പങ്ങളെയും കാഴ്ചപ്പാടുകളെയും അതു മാറ്റിമറിക്കും. അത്തരത്തിൽ, അതിലളിതമാക്കാതെ, വായനക്കാർക്കു ചിന്തിക്കാനും ഭാവനയിൽ ഈ ചിന്തകൾ കൊണ്ടുവരാനും കഴിയുന്ന രീതിയിലുള്ള എഴുത്താണ് എന്നെ ഈ പുസ്തകത്തിൽ കൂടുതൽ ആകർഷിച്ചത്. മാത്രമല്ല, സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ സാഹായത്തിന് അനിമേഷനുകളുടെ ക്യുആർ കോഡുകൂടി ചേർത്താണു പുസ്തകം തയ്യറാക്കിയിട്ടുള്ളത്.
നിയതമായ ഈ ചലനങ്ങളെക്കുറിച്ചും പ്രപഞ്ചത്തിന്റെ വലുപ്പത്തെക്കുറിച്ചുമൊക്കെ പറഞ്ഞുപോകുന്ന ടീച്ചർ പിന്നീട്, നമ്മുടെ ഭൂമിയുടെയും ചന്ദ്രന്റെയും സൂര്യന്റെയുമൊക്കെ നിയതമല്ലാത്ത, പ്രവചിക്കാൻ കഴിയാത്ത, കയൊട്ടിക് ആയ, ചലനങ്ങളാണു പൂവിനു പരിചയപ്പെടുത്തുന്നത്. സൂര്യന്റെ സ്ഥാനത്തിനുണ്ടാകുന്ന മാറ്റവും ഭൂമിയുടെ അച്ചുതണ്ടിനും ഭൂമി കറങ്ങുന്ന പാതയ്ക്കുതന്നെയും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുമെല്ലാം ടീച്ചർ നമുക്കു പറഞ്ഞുതരുന്നുണ്ട്. അതിലളിതമാക്കാതെ ചെറിയ കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തു പറഞ്ഞിരിക്കുന്ന രീതി മികച്ചതാണ്.
എടുത്തുപറയേണ്ട മറ്റൊന്ന് ഇതിലെ ഷംസിയ ടീച്ചറെ അവതരിപ്പിച്ച രീതിയാണ്. “ഷംസിയട്ടീച്ചർ തനിച്ചാണു താമസം. ഇവിടെ പൊതുപ്രവർത്തനമൊക്കെ ഉള്ളതുകൊണ്ട് വേനലവധിയായിട്ടും നാട്ടിൽ പോകാതെ നിൽക്കുകയാണ്.” “അഞ്ചുമണി ആയതോടെ അവൻ ടീച്ചറുടെ വീട്ടിലെത്തി. ചാരുകസേരയിൽ പുസ്തകവും വായിച്ച് ചായയും കുടിച്ചു കിടക്കുകയായിരുന്നു ടീച്ചർ.”
എന്നെപ്പോലെ ഉള്ള ’90-സ് കിഡ്സിന് ഇങ്ങനെ ഒരു ടീച്ചറെ പരിചയമുണ്ടാകാൻ വഴിയില്ല. പരിചയമില്ലെന്നു മാത്രമല്ല, പണ്ടൊക്കെ സങ്കൽപ്പിക്കാനും ബുദ്ധിമുട്ടായിരുന്നു. മുൻപ് ഈ സ്ഥാനത്ത് മാഷുമാരെ മാത്രം സങ്കൽപ്പിച്ച് ഉണ്ടായ ആ ശീലം ഇല്ലാണ്ടാക്കാനുള്ള ശ്രമം പുരോഗമനകരമായി തോന്നി. ഇത്തരത്തിലുള്ള പല ഭാഗങ്ങളും പുസ്തകത്തിൽ പലയിടത്തായി കണ്ടെത്താം. മറ്റൊരുദാഹരണം ഇതാ: “ടീച്ചർക്ക് ഒരു ഫ്രണ്ട് ഉണ്ട്, നെവിൻ. അദ്ദേഹം വന്നാൽ ടീച്ചർക്കു സുഖമാണ്. വീട്ടിലെ ജോലി മുക്കാലും അദ്ദേഹമാണു ചെയ്യുക.”
ശാസ്ത്രബോധത്തിനൊപ്പംതന്നെ നമുക്കു വേണ്ടുന്ന ഒന്നാണ് സാമൂഹികബോധം. ശാസ്ത്രത്തെ സമൂഹത്തിൽനിന്ന് അടർത്തിയെടുത്ത് അവതരിപ്പിക്കുന്ന നല്ലതല്ലാത്ത രീതി ഇന്നു നമ്മുടെ സമൂഹത്തിൽ നിലനിൽക്കുമ്പോൾ പ്രത്യേകിച്ചും. ഒരു ശാസ്ത്രപുസ്തകം ആണെന്നിരിക്കെതന്നെ പൂവിലേക്കു സാമൂഹികബോധംകൂടി നൽകാൻ ഈ പുസ്തകം ശ്രമിക്കുന്നുണ്ട്.
“പൂവേ, സമൂഹത്തിലെ മാറ്റങ്ങൾ മിക്കതും മനുഷ്യർതന്നെ ഉണ്ടാക്കിയതാണ്. സമൂഹത്തെ കൂടുതൽ നന്നാക്കാനുള്ള മനുഷ്യരുടെ ശ്രമങ്ങളാണ് ലോകത്തെ ഇന്നത്തെപ്പോലെ ആക്കിയത്. ആ മാറ്റം മുന്നോട്ടു കൊണ്ടുപോവുക എന്നത് നമ്മുടെ ഒരോരുത്തരുടെയും ഉത്തരവാദിത്വം ആണ്.” ശാസ്ത്രം മാത്രം പഠിച്ചതുകൊണ്ടായില്ല; കൂടെ സാമൂഹികബോധം കൂടി ഉണ്ടാവണം എന്ന് പൂവിനെയും നമ്മളെയും ഷംസിയട്ടീച്ചർ പഠിപ്പിക്കുന്നു.
ഹൈസ്ക്കൂൾക്കുട്ടികൾക്കു മാത്രമല്ല, യുപി സ്കൂൾ കുട്ടികൾക്കും വായിച്ചാൽ കുറച്ചൊക്കെ മനസിലാക്കാൻ കഴിയുന്ന പുസ്തകമാണ് ‘വഴിക്കുരുക്കിൽപ്പെട്ട പൂവ്’. പരിഷത്തിന്റെ വായനാസായാഹ്നത്തിൽ പുസ്തകം പരിചയപ്പെടുത്തിയ എഴാംക്ലാസുകാരിയും നല്ല വായനക്കാരിയുമായ മിന്നയുടെ അഭിപ്രായത്തിൽ പുസ്തകം പൂർണ്ണമായും മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും അതുണ്ടാക്കുന്ന അത്ഭുതം ചെറുതല്ല. വലിയ ക്ലാസിൽ എത്തുമ്പോൾ കൂടുതൽ പഠിച്ച് ഈ പുസ്തകം പൂർണ്ണമായി വായിച്ചു മനസിലാക്കാൻ കാത്തിരിക്കുകയാണു മിന്ന.
മിന്നയെപ്പോലുള്ള കുട്ടികൾക്കു മാത്രമല്ല, എല്ലാവർക്കും വായിക്കാൻ കഴിയുന്ന, വായിക്കേണ്ട, ഒരു പുസ്തകമാണ് ‘വഴിക്കുരുക്കിൽപ്പെട്ട പൂവ്’. പൂവിനൊപ്പം നമുക്കെല്ലാവർക്കും സങ്കൽപ്പറോക്കറ്റിലേറി വഴിക്കുരുക്കുകളിലൂടെ പ്രപഞ്ചത്തെ അറിയാം.
-അമച്വർ അസ്ട്രോണമേഴ്സ് അസോസിയേഷൻ കേരള(AASTRO)യുടെ പ്രധാനപ്രവർത്തകനും ശാസ്ത്രപ്രചാരകനുമാണ് ലേഖകൻ.